വള്ളിത്തോട്ടിലെ
മഞ്ഞ് മനുഷ്യൻ
ഷുക്കൂർ പെടയങ്ങോട്
എൻ്റെ ബാല്യം മുതൽ യൗവ്വനത്തിൻ്റെ തീക്ഷ്ണമായ ചുടുകാറ്റിലും അയാൾ ഉണ്ടായിരുന്നു.
ഉന്മാദമെന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത നോവാനന്ദത്തിൽ ഞാൻ എന്നും കാണുന്ന മുഖം , മായിങ്ക എന്ന ആളുടേതായിരുന്നു. ഒരു നാൾ നിലവിട്ട് പോയാൽ ഞാനും അയാളെ പോലെ ..
ഹൊ!
പുര. സ്കൂൾ.റോഡ് – ഇവ മുന്നും അടുത്തടുത്തായതിനാൽ ഞാൻ എന്നും സുകൂളിന് മുന്നിലോ റോഡിലോ ആയിരിക്കും. ഏത് കൊടുംവേനലിലും കൊടും മഴയത്തും തണലിലയോ താളിൻ കുടയോ ഇല്ലാതെ രാവിലെ പത്ത് മണിയാവുമ്പോൾ ഇരിട്ടി ഭാഗത്തേക്കും വെെകൂന്നേരം തിരിച്ച് ഇരിക്കുറേക്കും നടക്കുന്ന അയാളെ കാണുമ്പോൾ ഞാൻ നടത്തങ്ങളുടെ ദൂരം അളക്കും
നടന്ന് തീർക്കുന്നത് ഓർമ്മയുടെ ചെതുമ്പലുകൾ നീക്കി കൊണ്ടായിരിക്കുമോ?
അല്ലെങ്കിൽ ആയുസ്സ് നടന്ന് തീർക്കുകയോ?
ഞാൻ പല വട്ടം ചോദിക്കാൻ ശ്രമിച്ചതായിരുന്നു.
അപ്പോഴെല്ലാം മററ് കുട്ടികളെ ചീത്ത പറയുന്നത് കേൾക്കുമ്പോൾ എൻ്റെ ചോദ്യവും സംശയവും കെട്ടടങ്ങും.
മായിങ്കയുടെ നടത്തങ്ങളുടെ ദീർഘവും വേഗതയും തളർച്ചായാൽ മൂക്ക് കുത്തുകയും എൻ്റെ സംശയങ്ങളും ചോദ്യങ്ങളും വളർച്ചയിലേക്കും ഉയർച്ചയിലേക്ക് ഏണി വെച്ച് കയറുകയും ചെയ്തപ്പോൾ പലരിൽ നിന്നായി കേട്ടത് മായിങ്ക വളളിത്തോട്ടിലെ വലിയ കച്ചവടക്കാരനാണെന്നും അയാൾ നശിക്കാൻ വേണ്ടി ആരോ കൂടോത്രം ചെയ്താണെന്നുമായിരുന്നു.
അതല്ല. ഭാര്യവീട്ടുകാർ കൈവിഷം കൊടുത്തത് കൊണ്ടാണെന്നും പറഞ്ഞ് പരത്തിയവരുണ്ട്.
എൻ്റെ ചെറുപ്പത്തിൽ കൈവിഷം കൊടുത്ത് താളം തെറ്റിച്ച ജീവിതങ്ങളെ കുറിച്ചുള്ള ചർച്ചകളുണ്ടാവാറുണ്ട്. കൈ വിഷം കൊടുക്കുന്നവരിലധികവും സ്ത്രീകളായിരിക്കും.
പണക്കാരായവരുടെ മക്കളെ കൊണ്ട് പ്രണയിപ്പിക്കാൻ വേണ്ടിയോ മകളുടെ ഭർത്താവിൻ്റെ പണം മററ് ബന്ധുക്കൾക്ക് പോവാതിരിക്കാനും മകളോടും കുടുംബത്തോടും കൂടുതൽ സ്നേഹം കിട്ടാനുമാണ് കൈവിഷം കൊടുക്കുന്നത്. പാലിലോ ചായയിലോ കഴിക്കുന്ന ഭക്ഷണത്തിലോ ചേർത്താണ് കൊടുക്കുക.അങ്ങിനെ മയക്കിയെടുക്കുന്നവരുടെ സമ്പാദ്യം എല്ലാം തീർന്നാൽ പിന്നെ അയാൾ ഭ്രാന്തനായി അലയും അല്ലെങ്കിൽ നാട് വിടും.
കഥ മെനയലിൽ പ്രശസ്തരായ പല കൂട്ടുകാരും പറഞ്ഞ് തരുന്ന കഥകളിലെ കഥാപാത്രങ്ങളിലെ ഒരു കഥാപാത്രമായിരുന്നു മായിങ്കയും
എൻ്റെ ചിന്തയും ബുദ്ധിയും വളർന്നപ്പോൾ ആ കഥകൾക്കെല്ലാം മറുകഥയുണ്ടാവുമെന്നും ബിസിനസ്സും മറ്റും തകർന്ന് കടം കയറിയപ്പോൾ മനസ്സ് തളർന്ന് ഉന്മാദം കയറിയവരാണെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു.
‘മായിങ്കാ ഈ വെയിലിലെങ്ങോട്ടാ?’
നട്ടുച്ച വെയിലിലൂടെ തിമിർത്ത് പെയ്യുന്ന മഴയിലൂടെയുo നടന്ന് നീങ്ങുന്ന മായിങ്കയോട് ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട്.
അതിനെല്ലാം ഒററ മറുപടി മാത്രം
‘എല്ലാം മഞ്ഞ് പോലെ മോനേ.
എല്ലാം മഞ്ഞ് പോലെ.’
മഞ്ഞിൻ ചിത്രം അന്നൊന്നും എൻ്റെ ഹൃദയം തുളച്ച് കയറിട്ടില്ലായിരുന്നു.
മഞ്ഞെന്നാൽ മകരത്തിലെ തണുപ്പായിരിക്കുമെന്ന് മാത്രമായിരുന്നു.എൻ്റെ ചിന്ത.
മായിങ്കയുടെ തല നിറയെ അഗ്നിയായിരിക്കാം. അതിനാലാവാം മഞ്ഞ് പോലെയെന്ന് പറയുന്നത് എന്നാണ് എൻ്റെ വിചാരം.
ചില ദിവസങ്ങളിൽ മായിങ്ക എന്നെ കണ്ടാൽ പോട്ടേ മോനേ ,എന്ന് ചോദിക്കും.
ഞാനപ്പോൾ ‘ഏട്ത്തേക്കാ’ എന്നും.
അപ്പോൾ അതിന് ഒരു വാക്ക് മാത്രം.
‘വള്ളിത്തോട്ടിൽ ‘.
തിരിച്ച് വരുമ്പോൾ എന്നെ കണ്ടാൽ അതേ വാക്ക് :
പോട്ടെ മോനേ.
ഞാനപ്പോൾ
‘ഏട്ന്നാ ബര്ന്ന്.’
അയാളപ്പോൾ
‘വള്ളിത്തോട്ടീന്ന്.’
മഴയത്ത് തണുത്ത് വിറച്ച് നടക്കുന്ന മായിങ്കയെ കണ്ടാൽ ഉസ്മാനിക്കാക്ക ചായപ്പീടികയിലേക്ക് വിളിക്കും.
ഉസ്മാനിക്കാക്ക കൊടുക്കുന്ന ചായ ഊതിയൂതി കുടിക്കുന്നത് കാണാൻ വേണ്ടി മാത്രം ഞങ്ങൾ മായിങ്കക്ക് അരികെ ചുറ്റിപ്പറ്റി നിൽക്കും.
ഒരു കൈയ്യിൽ തുണിപ്പൊതിയുണ്ടാവും. ആ തുണിക്കെട്ട് എവിടെയും വെക്കില്ല. രണ്ട് കൈയ്യിലെ വിരലുകളും നിവർത്തില്ല. ചായ ഗ്ലാസ് പിടിക്കുന്നതും ബീഡി വലിക്കുന്നതും ചുരുട്ടി വെച്ച വിരലുകൾ കൊണ്ടാണ്.
ആരെങ്കിലും തുണിക്കെട്ടിൽ തൊട്ടാൽ ആ നേരം അയാളുടെ ഹാല് മാറും.. പിന്നെ ചെവി പൊത്തുകയേ നിവൃത്തിയുള്ളു. അത്രക്ക് കഠോരമാണ് ചീത്ത വാക്ക് . ആ തെറി വാക്കിൽ ഉമ്മാക്കുള്ളതെല്ലാം തേഞ്ഞ് പോകും അത് കൊണ്ട് അധികം പേരും തുണിക്കെട്ടിൽ പിടിച്ചുള്ള കളിയില്ല.
തുണിക്കെട്ടിൽ എന്തായിരിക്കും
എന്തോ വില പിടിപ്പുള്ള വസ്തു ചുറ്റി പൊതിഞ്ഞു കൊണ്ടാണ് നടക്കുന്നതെന്നായിരിക്കാം അയാളുടെ ഉള്ളിൽ.
ഉറപ്പിച്ച് പറയാൻ എനിക്കാവില്ല. ഞാനോ നാട്ടിലുള്ള മറ്റുള്ളവരോ ആ തുണിക്കകം കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ അയാളെ പോലെ ഞാൻ ഇന്നും ചാരിക്കുന്നു.
ആ തൂണിക്കെട്ടിൽ അയാളുടെ സമ്പാദ്യമായിരിക്കാം.
അല്ലെങ്കിൽ അയാളുടെ സ്വപ്നങ്ങളോ?
ഒരുപക്ഷെ, ചിലരുടെ ഓർമകളുടെ കെട്ടുഭാണ്ഡങ്ങൾ ഈ ഭൂമിയിൽ വെച്ച് ഒരിക്കലും തുറക്കുകയില്ലായിരിക്കാം.
Add a Comment