surab

വീട് വിട്ട് പോകുമ്പോൾ

നേടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും ജീവിതമാണ് പ്രവാസം. എനിക്കു നഷ്ടപ്പെട്ടതു മുഴുവനും ഗ്രാമവും തറവാടും പച്ചയായ ജീവിതവുമാണ്.

കുറേ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ചേർന്നതാണ് എന്റെ തറവാട്. മാസത്തിലൊ ആഴ്ച്ചയിലൊ ഒരു മന്ത്രം, അല്ലെങ്കിൽ നേർച്ച കുടുംബത്തിൽ ഉണ്ടാകും. മന്ത്രിക്കാൻ മുല്ലാക്ക വരും. കോഴിമുട്ടയും ചെന്തെങ്ങിന്റെ കരിക്കും നിർബന്ധമാക്കപ്പെട്ട മന്ത്രം. അതിൽ എന്തൊക്കയോ കറുത്ത മഷിയുള്ള പേനകൊണ്ട് കുത്തിക്കുറിക്കും. എഴുത്തുകാരനായി ഞാനാദ്യം കണ്ടത് മുല്ലാക്കയെയാണ്. അതും കോഴിമുട്ടയിൽ എഴുതുന്ന അത്ഭുത എഴുത്തുകാരനെ. കോഴിമുട്ടയിൽ കുറേ നക്ഷത്രങ്ങൾ വരക്കും. അതിനു ചോട്ടിൽ ഹരണഗുണന ചിഹ്നങ്ങളും. കണ്ടാൽ ചൈനയുടെ ലിപികളായി തോന്നും. മൊത്തം ഒരു കമ്മ്യൂണിസ്റ്റ് മുട്ട. പടച്ചോനേ, ലീഗുകാരാണ് ഈ പുരയിൽ. ഇവിടെ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നത് തെറ്റാണ്. എല്ലാം കഴിഞ്ഞ് കുടുംബത്തിലെ ഓരോ തലയും ഉഴിഞ്ഞ്, കോഴിമുട്ടയും കരിക്കും പൊതിഞ്ഞുവെയ്ക്കും. പിന്നെ ആറു ബേറ്ററിയുള്ള ടോർച്ചെടുത്ത്, അതിന്റെ ഫോക്കസ് ശരിയാക്കി മന്ത്രസാധനങ്ങളുമെടുത്ത് മുല്ലാക്ക ഇരുട്ടിലേക്കിറങ്ങും. ഒട്ടും താമസിയാതെ മന്ത്രം കഴിഞ്ഞ അടുത്ത ആഴ്ച്ചതന്നെ മുക്രി വരും. നേർച്ചയാണ് അയാളുടെ ആയുധം. മൗലൂദൊ മൊഹിയുദ്ധീൻ മാലയൊ ചൊല്ലി വിഴുങ്ങേണ്ടതു വിഴുങ്ങി, വാങ്ങേണ്ടതു വാങ്ങി അയാളും പോകും.

തറവാട്ടിൽ പലതരം ആൾക്കാരുണ്ട്. പലതരം അറകളുണ്ട്. ഇരുട്ടും ഇടനാഴിയുമുണ്ട്. ഒളിച്ചുകളിയും തോണ്ടലുമുണ്ട്. നാടും വീടും വിട്ടവന്റെ ഏറ്റവും വലിയ ഗൃഹാതുരത്വം. പ്രവാസത്തിലെത്തിയിട്ടും, എത്രയോ വർഷം കഴിഞ്ഞിട്ടും, മണൽവാസത്തിൽ ഇങ്ങനെ ഒരു മന്ത്രമൊ മൗലൂദോ കേട്ടിട്ടില്ല. സമ്പൂർണ്ണ ഇസ്ലാം രാഷ്ടമാണ്. എന്നിട്ടും അറബികൾക്ക് ഇത്തരം ഒസുവാസുകൾ1 തീരെയില്ല.
വാസ്തവത്തിൽ ഈ ഒസുവാസാണ് എന്റെ എഴുത്ത്. മുത്തുപ്പേട്ട നാഗുർ അജ്മീരിൽനിന്നു വരുന്ന ഫക്കീറുകൾ. ചിലർ ദഫ് മുട്ടും. ബൈത്ത് ചൊല്ലും. മറ്റുചിലർ ചുരുട്ടിവെച്ച പള്ളിയുടെ ചിത്രമുള്ള തുണിശ്ശീല തുറക്കും. ദിക്ക്‌റ്2 ചൊല്ലും. കുട്ടിക്കാലത്ത് ഞാനേറ്റവും കേട്ടത്. അതൊക്കെ പിന്നീട് എനിക്കു കവിതകളായി. താളമായി. അതുപോലെ അത്തറു വിൽപ്പനക്കാരൻ. അയാളുടെ ചെറിയ ചില്ലുപെട്ടിയിൽ നിറയെ പൂത്ത മണങ്ങളാണ്. മുല്ലപ്പൂ റോസാപ്പൂ ചന്ദന മണങ്ങൾ. പുതിയാപ്ലയുടെ അറയിൽ കേറിയതുപോലെ, പുതുപെണ്ണിന്റെ മണം. അതുപോലെ ചന്തയിൽ യൂസഫ് നബിയുടെയും സുലേഖ ബീബിയുടെയും പ്രണയപുസ്തകം വിൽക്കുന്ന പാട്ടുകാരൻ. അതൊക്കെ എനിക്കു ഓരോ കഥകളാണ്. കേട്ടുകേൾവികളാണ്. കുടുംബത്തിൽ പ്രസവിക്കാത്ത പെങ്ങളുണ്ട്. പെട്ടിപ്പാട്ടുണ്ട്. കൈമുട്ടുണ്ട്. അവരുണ്ടാക്കുന്ന തുണിത്തൊട്ടിലും പാമ്പൂച്ചി3 കുഞ്ഞിന്റെ മങ്ങലവും എല്ലാം എഴുത്തിലെ എന്റെ ആവേശങ്ങളാണ്. ഉൾപ്രേരണകളാണ്. അതൊക്കെയാണ് പ്രവാസകാലം എന്നിൽനിന്നും അടർത്തി മാറ്റിയത്. നഷ്‌പ്പെടുത്തിയത്.

ഓരോ നഷ്ടവും ഓരോ വേദനയാണ്. മൗനമാണ്. അങ്ങനെ എല്ലാ മൗനങ്ങളും കൂട്ടിമുട്ടി എന്നിൽ ഇടിയായി. കവിതയായി. പേമാരിയായി. അതോടെ അക്ഷരങ്ങളുടെ മഴ ഞാൻ നനഞ്ഞു തുടങ്ങി.

ഒരുപാട് നാടകശാലകളും വായനശാലകളുമുള്ള നാട്. ബീഡിത്തൊഴിലാളികളും നെയ്ത്തു തൊഴിലാളികളുമാണ് ഏറെ. കലാകാരൻമാരെ വാർത്തെടുക്കുന്ന ഒരു തെരുവ് തന്നെയുണ്ട്. ഞങ്ങൾ കുറേ ചെറുപ്പക്കാർ കയ്യെഴുത്തു മാസികയും കലാപ നാടകങ്ങളും സൃഷ്ടിച്ചു. നടന്മാർ അരങ്ങത്തുനിന്നും അട്ടഹിസിച്ചു. കാലം അടിയന്തിരാവസ്ഥയാണ്. വസന്തത്തിന്റെ ഇടിമുഴക്കമാണ്. ഇടിമുഴക്കം കേട്ട് വീട്ടുകാർ ഞെട്ടി. നാടകവേഷം അഴിച്ചുവെക്കുംമുമ്പേ അവർ ഞങ്ങളെ ഓരോരുത്തരെയായി നാടുകടത്തി. ഞാൻ ഷാർജയിൽ. മറ്റൊരാൾ കുവൈത്തിൽ. മൂന്നാമനും നാലാമനും മസ്‌ക്കത്തിലും ബഹ്റൈനിലും. അക്കരെ കടക്കാൻ പറ്റാത്തവരെ ബോംബെയ്ക്കും പറഞ്ഞുവിട്ടു. പിന്നെ ഞങ്ങൾ ഒറ്റയ്ക്കായി. പല രാജ്യത്തായി. പല വേഷത്തിലായി.

ഇതിനിടയിൽ പിന്നേയും നഷ്ടങ്ങൾ സംഭവിച്ചു. ബന്ധങ്ങൾ അറ്റു. ചിലർ അക്ഷരങ്ങൾ മറികടന്ന് അക്കങ്ങൾക്ക് പിറകെയായി. അതോടെ അവരുടെ ഉള്ളിൽനിന്നും അക്ഷരങ്ങൾ കൊഴിഞ്ഞു. കലയും കഴിവും കെട്ടു. ഇതിനിടയിൽ അക്കങ്ങളൊന്നും കൂട്ടിനോക്കാത്ത എന്റെ ഏകാന്തതയിൽ പുസ്തകങ്ങൾ പെരുകി. അതൊക്കെ വായിച്ചു ഞാൻ നല്ലൊരു വായനക്കാരനായി. എഴുത്തുകാരനായി. തോപ്പിൽഭാസി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയതുപോലെ ഞാനെന്നെ പൊട്ടനാക്കി. എന്തു പൊട്ടനായാലും കുറേ പുസ്തകങ്ങളും മൂന്നു മക്കളുമുണ്ട് സാമ്പാദ്യമായിട്ട്. എനിക്കതു മതി. മരുഭൂമി കുറേ കണ്ടു. ഏറെ ഭാഷകൾ കേട്ടു. അവരോടൊപ്പം നടന്നു. ആദ്യമായി വിമാനമിറങ്ങി പുറത്തേക്കു വരുമ്പോൾ, ദൂരെ പൊള്ളുന്ന മരുഭൂമിയിൽ ഒട്ടകങ്ങൾ മേയുന്നു. നാടുവിട്ടുവരുന്ന ഒട്ടുമിക്ക പരദേശികളും ഇങ്ങനെ തന്നെ. മരുഭൂമിയിലെ കപ്പലുകൾ. തിരിച്ചുപോകുമ്പോൾ അത്രയും സ്വരൂപ്പിച്ച സ്വപ്നങ്ങൾപോലും കൂടെയുണ്ടാവില്ല. തിരിച്ചു വീട്ടിലെത്തുമ്പോൾ ചുമരിൽ പഴയ ചില്ലിട്ട ഫോട്ടോ ഇല്ല. പുസ്തകങ്ങൾ സൂക്ഷിച്ച അലമാര ഇല്ല. എന്നോ നിലച്ചുപോയ ക്ലോക്കിൽ വാലു മുറിച്ചിട്ട പല്ലിയും പഴുതാരയും കറങ്ങുന്നു.

എത്രയെത്ര ജീവിതങ്ങൾ. അഭിലാഷങ്ങൾ. എഴുതിയതൊക്കെ മാഞ്ഞുപോകുന്നു. വായിച്ചതൊക്കെ മറന്നുപോകുന്നു. വീണ്ടും എഴുതണമെങ്കിൽ, തെളിയണമെങ്കിൽ എല്ലാം ഓരോന്ന് തിരുത്തണം. എഴുത്ത് കഠിനാദ്ധ്വാനമാണ്. അവനവൻ കൊള്ളുന്ന വെയിലാണ്.

 

1. അന്ധവിശ്വാസം
2. മന്ത്രം
3. മനുഷ്യരൂപം

Comments are closed.