kadal_cafe

കടൽകഫെ (നോവൽ)

ടലിനു അടുത്തായി പുതുതായി പണിയുന്ന നക്ഷത്ര ഹോട്ടലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കാനായിരിന്നു ബർണശ്ശേരിയിലേക്ക് പോയത് .

ഇറക്കം കഴിഞ്ഞതും പിന്നെ കയറ്റം എന്നു പറഞ്ഞത് പോലെ ആയിരിന്നു അവിടെ കടൽ.

കര കഴിഞ്ഞതും കടൽ.

കരയോട് ചേർന്നു കിടക്കുന്ന കടലിൽ കാട്ടാനകൾ കുളിക്കുന്നത് പോലെ അനേകം വലിയ കരിമ്പാറകൾ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു .

പുതിയ ഹോട്ടലിൽ ആദ്യം വരച്ചതും കടലിൽ കുളിക്കാനിറങ്ങിയ ആ ആനകളെ ആയിരിന്നു… ചിത്രം അതിന്റെ ഉടമസ്ഥർക്ക് ബോധിച്ചതിനാൽ ബാക്കി കൂടി വരക്കാനുള്ള അനുമതികിട്ടി.

നീണ്ട കാലത്തിനു ശേഷം കിട്ടിയ ഒരു വലിയ വർക്ക്‌ ആയതിനാൽ പരമാവധി നന്നായി ചെയ്യുവാൻ ആഗ്രഹം ഉണ്ടായിരിന്നു .അതുകൊണ്ട് തന്നെ അതുവരെ തുടർന്നിരുന്ന മദ്യപാനം പോലുള്ള ചില സ്ഥിരം ശീലങ്ങൾ തല്ക്കാലം മരവിപ്പിച്ചു നിർത്തി.

ബർണശ്ശേരിയുടെ നീളൻ കടൽക്കരയിൽ വലിയ ഹോട്ടലുകളും അനേകം റിസോർട്ടുകളും പുതുതായി പണിയുന്നണ്ടായിരുന്നു .ഞാൻ ഇവിടെ വരക്കുന്ന ചിത്രങ്ങൾ കണ്ടോ ആരെങ്കിലും പറഞ്ഞോ അതിൽ എവിടെയെങ്കിലും ഒന്നോ രണ്ടോ പുതിയ വർക്ക്‌ കിട്ടിയാൽ ജീവിതത്തിലെ കുറെ കടങ്ങളും പ്രശനങ്ങളും തീർന്നു കിട്ടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

നാല്പ്പത് വയസ്സ് കഴിയുമ്പോൾ ഏതൊരാണിനും ഉണ്ടാകാറുള്ള ‘നമ്മളിതുവരെയും ഒന്നും ആയിട്ടില്ലല്ലോ ‘ എന്ന ആ ഒടുക്കത്തെ കുറ്റബോധങ്ങൾ മാത്രം നിറഞ്ഞു വരുന്നൊരു ഭീകരമായ ആധി ഈയിടെയായി എന്നെയും വിടാതെ പിടികൂടിതുടങ്ങിയിരിന്നു .

ഇതിൽ നിന്നൊക്കെ രക്ഷപെടാൻ മുൻപൊരിക്കലും ഇല്ലാത്ത വിധം ഒരു പണി കഴിഞ്ഞു ഉടനെ അടുത്തൊരു ജോലിയിലേക്ക് കയറുക എന്നത് എന്നെ സംബന്ധിച്ച് അത്യാവശ്യവും ആണ് .

രണ്ടാമത്തെ പ്രധാന കാര്യം ഇരുപത്തിനാലു മണിക്കൂറും നിർത്താതെ നിന്നു പെയ്യുന്ന മഴ ക്കാലം അനുഭവിപ്പിക്കുന്ന ബർണശ്ശേരിയിലെ കടലിനെ വിട്ടു പോകുന്നതിലുള്ള കടുത്ത വിഷമവും.

വരയും പെയിന്റിംഗ് ഉം ഒക്കെ കഴിഞ്ഞു രാത്രിയിൽ ഇവിടുത്തെ നീളൻ കടൽത്തീരറോഡിലൂടെ വെറുതെ നടക്കുക എന്നത് ഈയിടെയായി ജീവിതത്തിൽ മറ്റൊന്നിനും പകരം വെക്കാനില്ലാത്ത വലിയ ലഹരിയും ആയി മാറി.

മനുഷ്യരെ പോലെ പല വിഭ്രാന്തികൾ നിറഞ്ഞതായിരുന്നു ബർണശ്ശേരിയിലെ കടൽ .

ഓരോ നേരത്തും അത് പലതായി രൂപം മാറും

വൈകുന്നേരങ്ങളിൽ ജാലകത്തിലൂടെ നോക്കുമ്പോൾ

രതിമൂർച്ഛയിൽ പെട്ട പെണ്ണുങ്ങളെ പോലെ വല്ലാതെ ഇരമ്പുന്ന ശബ്ദം കേൾക്കാം

രാത്രിയിൽ

ആരും കേൾക്കുന്നില്ല എന്നുറപ്പ് വരുത്തിയതിനു ശേഷം എവിടുന്നോ ഒരു പെണ്ണ് ഉള്ളുതുറന്നു പാട്ടു പാടുന്നതു പോലെ ആകും .

എന്നാൽ പുലർച്ചെ

അതുവരെയും കൂടെ ഉണ്ടായിരുന്ന സകലരും നഷ്ടപെട്ട വിധവകളുടേതിനു സമാനമായ ഒടുക്കത്തെ നിശബ്ദ ഞരക്കങ്ങൾ ..

ശേഷം

ആരെയോ പിടികൂടാൻ എന്ന പോലെയുള്ള കടലിന്റെ ആ ഒടുക്കത്തെ പതുങ്ങിയിരിപ്പ് !

ജോലി കഴിഞ്ഞുള്ള രാത്രികളിൽ

കടലിൽ താഴ്ന്ന ഏതെങ്കിലും പാറയിൽ കയറി പുലരുവരെയും ഇരിക്കും ..

ഭൂമിയിൽ എല്ലാവരും ഉറങ്ങിയ നേരം വല്ല ജലകന്യകയും കടൽ നീന്തി പാറയിലേക്ക് കയറി വരുന്നതായി സ്വപ്നം കാണും .

ഭൂമിയിൽ കടൽ പോലെ

ശരീരത്തിൽ അവസാനമില്ലാതെ ഒഴുകുന്ന ഒന്നിന്റെ പേരാകുന്നു രതി !

ഒരിക്കലും ശമിക്കാത്ത ശരീരത്തിലെ ചൂടു രക്തങ്ങളുടെ തിര ..

രാത്രിയിൽ ആരുമില്ലാത്ത കടലിൽ നിന്നും ആരുമില്ലാത്ത കരയിലേക്ക് നോക്കിയിരിക്കുമ്പോൾ മറ്റൊന്ന് കൂടി തിരിച്ചറിഞ്ഞു

നമ്മളെ പോലെ തന്നെ നമ്മൾ ജീവിക്കുന്ന കരയുടെയും പരാധീനതകൾ…

കടലിൽ കപ്പലുകളെ ഉറപ്പിച്ച നങ്കൂരങ്ങൾ പോലെയാണ് ഭൂമിയിൽ ആഴത്തിൽ തറച്ചു നിൽക്കുന്ന മരങ്ങൾ …

ഈ മരങ്ങൾ ഇങ്ങനെ ഇല്ലായിയുന്നെങ്കിൽ ഭൂമി എന്നോ കടൽ ഇറങ്ങി എങ്ങോട്ടെങ്കിലും പോയേനെ !

ബർണശ്ശേരിയുടെ കര നിറയെ തിങ്ങി നിറഞ്ഞു മരങ്ങൾ ഉണ്ടായിരുന്നു ..

മാവും പ്ലാവും അതിനേക്കാൾ ഇരുണ്ട പച്ചയിൽ ബദാം മരങ്ങളും .

 

കരയിലെ മനുഷ്യരാകട്ടെ കടൽവഴി യൂറോപ്പിൽ നിന്നോ മറ്റോ ഇന്നലെ വന്നവരെപോലുള്ളവരും .

അവരിലെ ആണുങ്ങളേക്കാൾ പെണ്ണുങ്ങൾ ബോഗൻ വില്ലയുടെ കടും നിറങ്ങളിലെ പൂക്കൾ പോലെ തിളങ്ങി .

നിത്യവും കടൽത്തീര റോഡ് വഴി രാവിലെയും വൈകുന്നേരവും അവരുടെ ഓട്ടവും നടത്തവും ഉണ്ടാകും

ഉള്ളത് പറയാമല്ലോ വിയർത്തു കുളിച്ച ആ പെണ്ണുങ്ങളെ കാണുമ്പോൾ നമ്മൾ കടൽപ്പക്ഷികളെ പോലെ ഭൂമി വിട്ട് ഉയരത്തിലേക്ക് പറക്കുന്ന ഒരു അവസ്ഥയിൽ ആകും .

ഇവിടെ വന്നത് മുതൽ വരയ്ക്കാനുള്ള ചിത്രങ്ങൾക്ക് യാതൊരു ക്ഷാമവും ഉണ്ടായില്ല .

ഹോട്ടലിന്റെ ഓരോ ചുമരിലും ഇങ്ങനെ പലതായി കാണുന്ന ബർണശ്ശേരിരിയെ വരച്ചു .

വരച്ച എല്ലാ ചിത്രങ്ങളിലും കടൽ ഉണ്ടായിരിന്നു .

അതിൽ ഒന്നിൽ ,

കാട് പോലെ വളർന്നു കയറിയ ചുവന്ന ബോഗൻ വില്ലയിൽ നിന്നും കടലിലേക്ക് ചോര തെറിക്കുന്നു .

 

ഗ്രേസൺ ഒരു നരച്ച കടലിന്റെ പേര്

ഹോട്ടലിലെ ചിത്രങ്ങൾ പാതിയും വരച്ചു തീരാറായപ്പോൾ ആണ് ബർണച്ചേരിയിലെ ഗ്രേസൺ ഡാനിയെ പരിചയപ്പെടുന്നത് .പണിയുന്ന ഹോട്ടലിലെ രണ്ടു സെക്യൂരിറ്റികളുടെയും ചുമതല ഗ്രേസൺ ഡാനിക്ക് ആയിരിന്നു .

പട്ടാളക്കാരെ പോലെ ഉറച്ച ശരീരം ഉള്ള അയാൾ ഇടയ്ക്കിടെ ഹോട്ടലിൽ വരികയും പോവുകയും ചെയ്യുന്നത് കാണാറുണ്ട് .

ബർണശ്ശേരിയിലെ എല്ലാവരെയും പോലെ അയാൾക്കും പ്രായം വളരെ കുറവേ തോന്നിക്കുന്നുവെങ്കിലും ശരിക്കും ഒരു അറുപത് അറുപത്തിരണ്ടു വയസ്സ് ഉണ്ടാകണം .

നാല്പത് വയസ്സ് കഴിഞ്ഞതിൽ പിന്നെ ആരെ കാണുമ്പോഴും അവരുടെ പ്രായം കൂടി ഊഹിക്കുക എന്നതും എന്റെ ഒരു സ്വഭാവം ആയി മാറി .

പുറം തുറന്ന ഒരു നീല മാരുതി ജിപ്സിയിൽ ആയിരിന്നു അയാൾ നിത്യവും വന്നത് .

തൊട്ട് അടുത്തുള്ള സൈനിക ക്യാമ്പിലെ പ്രധാന മിലിറ്ററി ഓഫീസർ ആണ് ഗ്രേസൺ എന്നാണ് പരിചയപെടുന്നതിനും മുന്നേ കരുതിയത് .

ദിനവും ഹോട്ടലിൽ മാറി മാറി വന്നു നിൽക്കാറുള്ള അയാളുടെ സെക്യൂരിറ്റി ജീവനക്കാർക്ക് എല്ലാവർക്കും അയാളേക്കാൾ വയസ്സ് ഒരു പാട് കൂടുതൽ ഉണ്ടായിരിന്നു .

എങ്കിലും അവർ എല്ലാവരും ഗ്രസോണിനെ പോലെതന്നെ മികച്ച ആരോഗ്യ ഉള്ളവർ ആണ് .

ഏതു പാതി രാത്രിയിലും ഒരുമിച്ച് ഒന്നോരണ്ടോ പേർ വന്നാലും നേരിടാനുള്ള ശേഷി ഉള്ളവർ .

മറ്റൊരു സെക്യൂരിറ്റി ജീവനക്കാരിലും കാണാത്തത്രയും വൃത്തിയുള്ള കടൽ നീല യൂണിഫോം. ബെൽറ്റിൽ നിന്നും താഴേക്കുള്ള പുറം കീശയിൽ കത്തിയോ അതോ തോക്കോ അവർ മുഴുവൻ സമയവും കരുതിയിരുന്നു .

ഗ്രേസൺ അങ്ങനെ അന്ന് ആദ്യമായിട്ടായിരുന്നു ഹോട്ടലിനു ഉള്ളിലേക്ക് കയറിയത് .അയാൾ ഞാൻ വരച്ച ചിത്രങ്ങൾ മുഴുവൻ നോക്കി നടന്നു .

കടലിനു നമ്മള് കാണുന്നതിനേക്കാളും ഭംഗി ഉണ്ടല്ലോ..!

ഗ്രേസൺ ചിത്രങ്ങൾ നോക്കി ചിരിച്ചു

ഈ പെണ്ണുങ്ങൾക്കും ..?

അയാൾ ആ ചിത്രത്തിലേക്ക് കുനിഞ്ഞു . എന്നിട്ട് ഒന്നും അറിയാത്തപോലെ അതിലെ പെണ്ണുങ്ങളുടെ മാറിടങ്ങളിലും ചന്തി കളിലേക്കും കൈകൾ ആഴത്തിൽ താഴ്ത്തി തടവി…

നിങ്ങളെ പോലെ വരയ്ക്കാൻ കഴിവുള്ളവർ ഭാഗ്യവാൻ മാർ

അവർക്ക് എന്തും എത്രയും കൂട്ടി വരയ്ക്കാം ..!

നിങ്ങൾ എന്നെയും ഒന്നു വരയ്ക്കണം …

വലിയ തോക്കുമായി ഉന്നം പിടിച്ചു നിൽക്കുന്ന ഗ്രേസൺ ഡാനിയെ ..

ഇതും പറഞ്ഞു അയാൾ

സെക്യൂരിറ്റിക്ക് കൊടുക്കാൻ കൊണ്ട് വന്ന ചായയിൽ നിന്നും ചിക്കൻ കട്ലറ്റിൽ നിന്നും എനിക്കായി കൂട് തുറന്നു

വേണ്ട എന്നു പറഞ്ഞിട്ടും കഴിക്കാൻ നിർബന്ധിച്ചു

ഇങ്ങനെ ഒരാൾ എത്രയോ ദിവസം ആയി ഇവിടെ ഉള്ളിലിരിന്നു വരയ്ക്കുന്നതൊന്നും ഞാൻ ഓർത്തില്ല .എങ്കിൽ എല്ലാ ദിവസവും നിങ്ങൾക്ക് കൂടി ഞാൻ ചായയും ഊണും കൊണ്ടു വരുമായിരിന്നു ..

ഇവിടെ അടുത്തൊന്നും ഒരു ചായക്ക് പോലും വകുപ്പിലല്ലല്ലോ ..?

സെക്യൂരിറ്റികൾക്ക് രണ്ടുനേരവും ചായയും ഉച്ചയ്ക്ക് ഊണും ഗ്രേസൺ നിത്യവും കൊണ്ട് വരും .

അർദ്ധ രാത്രിയിൽ പോലും ഗ്രെസോണിന്റെ ജിപ്സി ബർണശ്ശേരിയിലൂടെ ഉറക്കമില്ലാതെ തലങ്ങും വിലങ്ങും പായും .

ഒട്ടുമിക്ക സെക്യൂരിറ്റി കളെയും പോലെ പകലുറങ്ങി രാത്രിയിൽ ആകും അതിന്റെ മുതലാളി ആയ ഗ്രേസൺ ന്റെയും പതിവ് .

ഉള്ളത് പറയാമല്ലോ ഇങ്ങനെ ഒരു മുതലാളിയെ ആദ്യമായിട്ടായിരുന്നു ഞാൻ കാണുന്നത് ..

കട്ലറ്റ് എങ്ങനെ ഉണ്ട് ഗ്രേസൺ ചോദിച്ചു

നന്നായിട്ടുണ്ട് –

വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടായിരുന്നു രുചിയോടെ ഒരു കട്ലറ്റ് കഴിക്കുന്നത് . ഈയിടെയായി കഴിച്ച കട്ലറ്റ് ഒക്കെ ആരോക്കെയോ കുഴച്ചിട്ട കളിമണ്ണ് പോലെയുള്ളവയായിരുന്നു .

ശരിക്കും ഇതു നന്നായിരിക്കുന്നു ഞാൻ വീണ്ടും പറഞ്ഞു .

ആഹാ അതെ ഇതിവിടുത്തെ ഞങ്ങളുടെ സ്വന്തം കഫെയിൽ നിന്നാണ്

രണ്ടു പെണ്ണുങ്ങൾ മാത്രം നടത്തുന്നത് .

ഒരു ദിവസം നിങ്ങളെയും ഞാൻ അവിടേക്ക് കൊണ്ട് പോകാം ..

നിങ്ങൾ എന്റെ നല്ല ചിത്രങ്ങൾ ഞാൻ പറയുന്നത് പോലെ വരച്ചു തരണം …

നിങ്ങളുടെ ഇവിടുത്തെ വരയൊക്കെ ഒന്നു കഴിഞ്ഞിട്ട് .

ഒരു റോഡോ ,മര്യാദയ്ക്ക് വഴി പോലും ഇല്ലാത്തിടത് ആണ് നമ്മുടെ കഫെ എന്നത് മാത്രം ആണ് പ്രധാന പ്രശ്നം …

ഞങ്ങൾ കുറച്ചു സ്ഥിരം പരിചയക്കാർക്ക് മാത്രം വേണ്ടി തുറക്കുന്ന ഷോപ്പ് .

‘കടൽ ‘എന്നാണ് അതിന്റെയും പേര്

രണ്ടു പെണ്ണുങ്ങളുടെ കടൽ …

ഗ്രേസൺ പറഞ്ഞു പാതിയിൽ എന്ന പോലെ നിർത്തി .

 

അന്നയുടെയും ജെനിയുടെയും കടലിലേക്കുള്ള യാത്രകൾ

വരയ്‌ക്കൊക്കെ അവധി കൊടുത്ത

ഒരു വൈകുനേരം ഗ്രേസൺ തന്റെ നീല ജിപ്സിയിലേക്ക് എന്നെയും പിടിച്ചു വലിച്ചു കയറ്റി .

ഹോട്ടലിലെ അവസാനത്തെ നീന്തൽ കുളത്തിന്റെ ചുമരിൽ ഇനി എന്തു വരക്കും എന്നു ഞാൻ തല പുകയ്ക്കുന്ന നേരം ആയിരിന്നു .

ഒരുപാട് നേരം തല കുത്തി മറിഞ്ഞിട്ടും ഒന്നും പുറത്തേക്ക് വരാത്തതിനാൽ ബ്രഷും പെയിന്റും ഒക്കെ മാറ്റി വെച്ചു ഞാൻ പുറത്തേക്കിറങ്ങി .

നമുക്കൊന്നു കറങ്ങിവരാം അപ്പോഴേക്കും എല്ലാം റെഡി ആകും ഗ്രെസോൺ ആത്മവിശ്വാസം നൽകി.

ബദാം മരങ്ങളും ബോഗൻ വില്ലകളും ഇരു ഭാഗവും നിറഞ്ഞ റോഡിലൂടെ ജിപ്സി നീങ്ങി .

ജിപ്സി മിലിറ്ററി ക്കാരുടെ വാഹനം അല്ലേ …

വണ്ടിയുടെ ഡൽഹി രജിസ്‌ട്രേഷൻ നമ്പർ നോക്കി ഞാൻ ചോദിച്ചു

അതെ

ഞാൻ പട്ടാളത്തിൽ സുബേദാർ മേജർ ആയിരിന്നു .

സുബേദാർ മേജർ ഗ്രേസൺ ഡാനി .

പട്ടാളത്തിലെ അക്കാലത്തിലെ ഏറ്റവും മികച്ച ഷാർപ് ഷൂട്ടർ !

ഇപ്പോൾ മേജർ എന്ന സെക്യൂരിറ്റി സ്ഥാപനം നടത്തുന്നു. നൂറ്റി തൊണ്ണൂറ് കാലാൾ പടയുള്ള ഒരു വലിയ ബറ്റാലിയന്റെ മേധാവി ! ബർണശ്ശേരിയിൽ മാത്രം അറുപതിൽ അധികം ആൾക്കാർ ജോലി ചെയ്യുന്നുണ്ട് .

അറിയാം – നിങ്ങളുടെ സെക്യൂരിറ്റി എന്നോട് പറഞ്ഞിട്ടുണ്ട് .

വേറെ എന്തെങ്കിലും അയാൾ പറഞ്ഞോ ഗ്രേസൺ ചുണ്ടുകൾ കോട്ടി ആകാംക്ഷയോടെ എന്നെ നോക്കി

അവർക്കൊക്കെ എപ്പോഴും വലിയ സ്നേഹവും ആദരവും ആണ് നിങ്ങളെ പറയുമ്പോൾ .

ഗ്രേസൺ ഒരിക്കലും വാടാത്ത മുറിവ് പോലുള്ള ചുവന്ന കടലാസ് പൂക്കളിലേക്ക് നോക്കി വീണ്ടും പറഞ്ഞു തുടങ്ങി –

എന്റെ സ്ഥാപനത്തിലെ എല്ലാവർക്കും എപ്പോഴും എന്നേക്കാൾ വയസുണ്ടാകും .

ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചെറുപ്പം എനിക്ക് മാത്രം ആണ്

ഗ്രേസൺ ചിരിച്ചു.

നിങ്ങൾക്ക് നാല്പത്തി നാലോ നാല്പത്തി അഞ്ചോ ..?

നാല്പത്തി ഒന്ന് ഞാൻ പറഞ്ഞു .

പ്രായ കുറവ് അല്ല കൂടുതൽ ആണ് എന്റെ കമ്പനിയിലേക്കുള്ള അധിക യോഗ്യത .

ഗ്രേസൺ വീണ്ടും ചിരിച്ചു

ഞാൻ വിരൽ ഞൊടിച്ചാൽ എന്റെ ജീവനക്കാർ എനിക്ക് വേണ്ടി എന്തും ചെയ്യും ..എന്തും ..!

അതാണെന്റെയും സ്ഥാപനത്തിന്റെയും ഏറ്റവും വലിയ കരുത്ത് !

ഗ്രേസൺ നിറയെ കായകൾ നിറഞ്ഞ വലിയൊരു ബദാം മരത്തിന്റെ അരികിലേക്ക് ജിപ്സിയെ നിർത്തി .

ഗ്രെസൺ പുറത്തേക്കിറങ്ങിയതും

മൂപ്പെത്തിയ ബദാം കായകൾ തിന്നാനായി പല ദേശങ്ങളിൽ നിന്നും വന്ന പക്ഷികൾ വലിയ ശബ്ദത്തോടെ കടലിലേക്ക് പറന്നു .

ഗ്രേസൺ റോഡിൽ നിന്നും സ്കൂട്ടറുകൾക്ക് പോകാൻ പാകത്തിലുള്ള ഒരു ഇടവഴിയിലേക്കിറങ്ങി.

ഞാൻ പറഞ്ഞിരുന്നില്ലേ കഫേയിലേക്കുള്ള വഴിയാണ് വലിയ പ്രശ്നം …

ഇടവഴിയിലൂടെ കുറെ ദൂരം നടന്നപ്പോൾ

മഴയും വെയിലും കടൽ കാറ്റും ഏറ്റ് പൊളിയാറായ പഴയൊരു പള്ളി കണ്ടു .

തീ പിടിച്ചത് പോലെ അതിന്റെ ചുമരുകൾ മുഴുവനും കറുത്ത് വിണ്ടു കീറിയിരിന്നു .

പള്ളിക്ക് തൊട്ട് അരികിൽ കാടും പടലും കയറിയ സെമിത്തേരി …

മരിച്ചവർ എഴുന്നേറ്റ് ഓടാതിരിക്കാൻ ഉറപ്പിച്ചതു പോലുള്ള അതിലെ മര കുരിശുകൾ കടൽകാറ്റിൽ ഇളകി ആടുന്നു .

ഇപ്പോൾ ഈ പള്ളിയിൽ യാതൊരു വിധ പ്രാത്ഥനകളും ചടങ്ങുകളും ഇല്ല ..

നമ്മള് കാണുന്ന ആ സെമിത്തേരി ചുറ്റുപാടും നടക്കുന്ന ദുർമരണങ്ങളെ അടക്കാൻ മാത്രം ഉപയോഗിക്കുന്നു .

പുതുക്കിയ മനോഹരമായ വലിയ പള്ളി കടലിനോട് ചേർന്നുള്ള മൈതാനിയിൽ പണി പൂർത്തിയാക്കി .

ഇതിപ്പോൾ കള്ളന്മാരുടെയും കഞ്ചാവ് വില്പന കാരുടേയും മദ്യപാനികളുടെയും ദുർ മാർഗികളുടെയും മാത്രം കേന്ദ്രം ആയിരിക്കുന്നു .

കർത്താവ് അവിടെയാണോ അതോ ഇവിടെ തന്നെ ആണോ ഉള്ളതെന്ന് എനിക്ക് വലിയ ഉറപ്പൊന്നും ഇല്ല ..ഇവരുടെ ചില സമയത്തെ കളികൾ കാണുമ്പോൾ …

ഇതും പറഞ്ഞു ഗ്രേസൺ ഉച്ചത്തിൽ ചിരിച്ചു .

ആ ചിരി പെട്ടന്ന് മാറി ഗൗരവത്തിൽ പറഞ്ഞു -എന്താണെന്ന് അറിയില്ല പെണ്ണുങ്ങളെയും കൂട്ടി മറ്റേ പരിപാടിക്ക് ഈ പള്ളിയിൽ വന്നവർ ഒന്നും പിന്നെ രണ്ടാമത് ഒരിക്കൽ വന്നിട്ടില്ല ..!

ഗ്രെസോൺ ഒരു മഹാ രഹസ്യം പോലെ പിറുപിറുത്തു-

ആരും അറിയാതെ മരിക്കാൻ ആഗ്രഹിക്കുന്നവരൊക്കെ ഇവിടെ എങ്ങിനെയെങ്കിലും എത്തും ..

 

അങ്ങനെയുള്ള ഒന്നോ രണ്ടോ എണ്ണം നിത്യവും പള്ളി വളപ്പിൽ മരിച്ചു കിടക്കുന്നുണ്ടാകും

മറുഭാഗം ഇപ്പോൾ അവർക്ക് മാത്രം ആയതോണ്ട് ആർക്കും വലിയ ടെൻഷൻ ഇല്ല !

ഒരു കുഴി കുത്തി വെറുതെ അങ്ങോട്ട് എടുത്തിട്ടാൽ മാത്രം മതി .

ഗ്രേസൺ ഇതും പറഞ്ഞ് സെമിത്തിരിയിലേക്ക് നോക്കി വീണ്ടും ഉച്ചത്തിൽ ചിരിച്ചു .

ഞാൻ ആ വഴിയും സ്ഥലവും ഒന്നു തീർന്നാൽ മതിയെന്ന അവസ്ഥയിൽ എത്തിയിരുന്നു ..

കടൽ കാറ്റിന് ഇപ്പോൾ സൂചി കയറ്റുന്ന വേദന .

ഗ്രേസൺ നടക്കുന്നതിടയിൽ വീണ്ടും –

ഉള്ളത് പറയാമല്ലോ

ഞാൻ ഒഴിച്ച് ആരും ഇതുവഴി പോകാൻ ധൈര്യപെടാറില്ല .

ഇതും പറഞ്ഞു ഗ്രേസൺ ഒരാൾക്ക് മാത്രം നടന്ന് പോകാവുന്ന മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു .

വഴിയിൽ നിറയെ ചാരം പുരണ്ടത് പോലുള്ള നിറം കെട്ട പൂക്കൾ ..

കെട്ട പൂക്കളുടെ മണം മൂക്കിൽ കയറിയപ്പോൾ എനിക്ക് ശ്വാസം മുട്ടി .

കുറച്ചു ദൂരം കൂടി നടന്നതിന് ശേഷം

ഞങ്ങൾ ആ പഴയ കെട്ടിടത്തിന് അരികിലെത്തി

‘കടൽ കഫെ ‘

ചുമരിൽ ആരോ കരി കൊണ്ട് എഴുതിയിരുന്നു .

പടിഞ്ഞാറു ഭാഗത്തൂടെ കടൽകഫെ യിലേക്ക് ഭേദപെട്ടൊരു റോഡ് കിടക്കുന്നത് ഞാൻ കണ്ടു .

റോഡിന്റെ രണ്ടു വശത്തേക്കും മഴവില്ല് ഉദിച്ചു താഴ്ന്നത് പോലെ പലവർണങ്ങൾ നിറഞ്ഞ ബോഗൻ വില്ലകളും പലതരം ചെടി മരങ്ങളും .

റോഡ് ഉണ്ടായിട്ടും ഗ്രേസൺ ഇങ്ങനെ വന്നതിൽ എനിക്ക് അത്ഭുതം തോന്നി .

അടുക്കളയിൽ നിന്നും എന്തോ മൊരിഞ്ഞു പാ കമാകുന്നതിന്റെ ഉഗ്രൻ മണം ആ മുറ്റമാകെ നിറഞ്ഞു ഒപ്പം കടൽ ഇളകി കളിക്കുന്നത് പോലുള്ള ശബ്ദവും .

ആരും വിശ്വസിക്കില്ല തൊട്ട് പിറകിൽ കടൽ ആണ് …!

കടൽ ശരിക്കും ഇളകിയാൽ തിര ഈ മുറ്റത്തേക്ക് തെറിക്കും

ഭയങ്കരമായ ഒരു സുഖം ആകും നിങ്ങളെ പോലുള്ളവർക്ക് ഇവിടെ ഇരിക്കുമ്പോൾ ..

ഈ റോഡ് വഴിയും വരാം പക്ഷേ ഇടയ്ക്കിടെ വളവും തിരിവും ആണ് പോരാത്തതിന് റോഡ് മുട്ടി കുറെ വീടുകൾ ..

അതിൽ നിന്നും കുരുത്തം കെട്ട പിള്ളേർ ഏതു സമയവും റോഡിലേക്ക് തെറിക്കും .

ഗ്രേസൺ ഇങ്ങനെ ഒക്കെ പറഞ്ഞു എന്നെയും കൂട്ടി വാഷ് ബേസിനു അരികിലേക്ക് നടന്നു

ഇവിടെ വളരെ കുറച്ചു വിഭവങ്ങൾ മാത്രമേ ഉണ്ടാകൂ ..

പക്ഷേ ഉള്ളത് ഇഷ്ടം പോലെ ഉണ്ടാകും .

ഞാൻ കടൽകഫേയുടെ ഹാളിലേക്ക് നോക്കി

രണ്ട് മൂന്നു ടേബിളിൽ മാത്രം ആണ് ആളുകൾ

എന്നിട്ടും ഗ്രേസൺ പറഞ്ഞു

ഇന്നു തിരക്ക് ആണ് !

ഞാൻ കൈ കഴുകുന്ന നേരം ഗ്രേസൺ

പുറത്ത് കസേരയിൽ കൂനി കൂടി ഇരുന്ന വൃദ്ധനായ സെക്യൂരിറ്റിയുടെ അരികിലേക്ക് നടന്നു

ഗ്രേസൺ അയാളോട് എന്തോ കുശു കുശുക്കുന്നു .

സംസാരിക്കുന്നതിനിടയിൽ ആ വൃദ്ധൻ ബീഫും ചൂടാക്കിയ ബ്രെഡും തിന്നുന്ന രണ്ടു ചെറുപ്പക്കാർ ഇരിക്കുന്ന കസേരയിലേക്ക് നോക്കി .

അവർ ഇപ്പോൾ ഒന്ന് രണ്ട് ദിവസം ആയി ഇവിടെ പതിവാണ്

സെക്യൂരിറ്റി ഗ്രസോണിന്റെ ചെവിയിൽ പറയുന്നു .

ഇതിനിടയിൽ ഗ്രേസൺ വന്നതറിഞ്ഞു അടുക്കളയിൽ നിന്നും രണ്ടു സ്ത്രീകൾ പുറത്തേക്ക് വന്നു .

ഗ്രെസൺ അവരെ കണ്ടതും സെക്യൂരിറ്റിയുടെ അരികിൽ നിന്നും എന്റെ അരികിലേക്ക് വന്നു .

ഇവർ അന്ന ,ജെനി…ഈ കഫെ നടത്തുന്നവർ .

അന്ന അമ്പത്തഞ്ച് വയസിനടുത്ത പ്രായം തോന്നുന്ന സുന്ദരിയായ ഒരു വൃദ്ധ ആയിരിന്നു …പ്രായം അവർ പറയുന്നില്ലെങ്കിൽ 45 മാത്രമേ തോന്നൂ എന്നു ഞാൻ ഊഹിച്ചു .

ജെനി ശരിക്കും സുന്ദരി ആയിരിന്നു ചിലപ്പോൾ അന്നയുടെ ചെറുപ്പം അതായിരിക്കണം ഇപ്പോൾ ജെനി.

മുപ്പത്തി ഒന്നോ ,രണ്ടോ മാത്രം .കണ്ടാൽ 25ൽ കൂടുതൽ തോന്നുകയും ഇല്ല .

ജെനി പുറത്തേക്ക് പൂർണമായും വരാതെ അന്നയെ മറഞ്ഞു നിന്നു

ഇനി ഇടയ്ക്ക് ഇവിടെ ഇവനും എന്റെ കൂടെ ഉണ്ടാകും

ഗ്രേസൻ എന്നെ പരിചയപെടുത്തി .

അവർ ഒന്നു ചിരിച്ചതു പോലെ നിന്നു .അന്ന പെട്ടെന്ന് അകത്തേക്ക് നടന്നു .

പിറകെ നിഴൽ പോലെ ജെനിയും .

ഞാൻ അവർ രണ്ട് പേരും നടന്നു പോകുന്നത് നോക്കി നിന്നു .

കടലിലേക്ക് ഒരു മത്സ്യ കന്യക ഇറങ്ങി പോകുന്നു .

ഗ്രേസൺ ഒരു ചെറിയ മുറി തുറന്നു പറഞ്ഞു

ഇതു എന്റെ സ്ഥിരം റൂം ആണ്

ഇവിടെ വേറെ ആരും ഇരിക്കില്ല .

ഈ ജാലകത്തിലൂടെ നോക്കിയാൽ നിനക്ക് കടൽ കാണാം

ഗ്രേസൺ ജാലകത്തിന്റെ പഴയ വാതിൽ അനക്കിയപ്പോൾ മരപ്പാളികൾ അസ്വസ്ഥത പ്രകടിപ്പിച്ചു .

ഈ മുറി മാത്രം അല്ല കെട്ടിടവും എന്റേതാണ് ..

ഞാൻ ഇതിനു ഇവരോട് വാടക മേടിക്കാറില്ല ..

അന്നയും ജെനിയും രണ്ടു പേരും ഭർത്താവ് മരിച്ചവർ

അന്നയ്ക്ക് ഒരു മകൾ ഉണ്ട് . പുറത്താണ് അവിടെ തന്നെ കല്യാണവും കുടുംബവും കഴിഞ്ഞു ജീവിക്കുന്നു .

ജെനിക്ക് ആരും ഇല്ല

ജെനിയുടെ ഭർത്താവ് ഭയങ്കര മദ്യപാനി ആയിരിന്നു കുടിച്ചു കുടിച്ചു ഏതോ കക്കൂസ് കുഴിയിൽ വീണു ആരുകാണാതെ ആരെയും ബുദ്ധിമുട്ടിക്കാതെ അവനങ്ങനെ തീർന്നു .

പുറത്തെ കസേരയിൽ ഇരിക്കുന്ന ചെറുപ്പക്കാർ ഒച്ചത്തിൽ വർത്തമാനം പറയുന്നതിലേക്ക് ഗ്രെസൺ നോക്കി .

ചെറുപ്പക്കാർ അധികം കഫെയിൽ വരരുത് അതു മാത്രം ആണ് എനിക്ക് ആകെയൊരു നിബന്ധന …

ചെറുപ്പക്കാർ വന്നു തുടങ്ങിയാൽ ഈ കഫെയുടെ ശാന്തത ഇല്ലാതാകും .

ഇതു വളരെ കുറച്ചു പേർക്ക് മാത്രം വന്നിരിക്കാനുള്ള ഇടം ആണ്

ഒന്നാമത് രണ്ടു വിധവകൾ, അവരുടെ ജീവിതം .

ഗ്രേസൺ ഇങ്ങനെ എന്തൊക്കെയോ പറയുന്നതിടയിൽ അന്ന കാപ്പിയും ചിക്കൻ നിറച്ച ചൂട് ബ്രെഡുമായി വന്നു

മറുഭാഗത്തു ഇരിക്കുന്ന ചെറുപ്പക്കാർ അന്നയെ വിളിച്ചു വീണ്ടും എന്തോ ഓർഡർ ചെയ്യാൻ ഒരുങ്ങി

ഇതിനിടയിൽ അവർ അവിടുത്തെ ഫോൺ നമ്പർ ചോദിക്കുന്നു .

ഞാൻ പറഞ്ഞില്ലേ ഇപ്പോഴത്തെ ചെറുപ്പക്കാർ കൂടുതൽ വന്നു തുടങ്ങിയാൽ ഇവിടം ഭയങ്കര ബോർ ആകുമെന്ന് .

അന്ന ഇവിടെ ആർക്കും ഫോൺ ഇല്ല എന്നു പറഞ്ഞു പെട്ടന്ന് അകത്തേക്ക് കയറി .

അയ്യോ വളരെ മോശം ചെറുപ്പക്കാരൻ പറഞ്ഞു

ഞാൻ നിങ്ങൾക്ക് രണ്ട് പേർക്കും അടുത്ത വരവിൽ ഫോൺ കൊണ്ട് വരും .

ചെറുപ്പക്കാരൻ തീരെ വിടാൻ ഭാവം ഇല്ലായിരുന്നു

ചേച്ചി മറ്റേ ആ ചേച്ചിയോട് പറഞ്ഞു ഞങ്ങൾക്ക്

രണ്ട് കട്ലെറ്റ് കൂടി ഉണ്ടാക്കൂ …

ഗ്രേസൺ എന്തോ വല്ലാതെ അസ്വസ്ഥൻ ആകുന്നുണ്ടായിരുന്നു ..

അയാൾ എഴുന്നേറ്റ് കടലിലേക്ക് തുറന്ന ജാലകത്തിലൂടെ പുറത്തേക്ക് നോക്കി .

നിങ്ങളുടെ മൂഡ് മൊത്തം പോയി അല്ലേ …

ആരും ഉണ്ടാകില്ല നമ്മൾ തനിച്ചു ആകും എന്നൊക്കെ പറഞ്ഞിട്ട് …ഇതിപ്പോൾ

ഗ്രേസൺ എന്നെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു .

എനിക്ക് എന്തോ അവിടെ ഒട്ടും തിരക്കോ ബുദ്ധിമുട്ടോ തോന്നിയില്ല ..എന്നു

മാത്രം

കടലിനു നടുവിലെ ഒരു പാറയിൽ ഇരിക്കുന്നത്രയും വളരെ സുന്ദരമായ ഒരു നിശബ്ദത ലഭിക്കുകയും ചെയ്യുന്നു .

വെറുതെ വന്നിരിക്കാൻ പറ്റിയ മനോഹരമായ ഒരു കഫെ ..

അതും രണ്ടു സുന്ദരികളായ സ്ത്രീകൾ നടത്തുന്നത്

ചുറ്റോടു ചുറ്റും പൂക്കൾ നിറഞ്ഞ മരങ്ങൾ ..പിറകിൽ കയ്യെത്തും ദൂരെ കടൽ !

എല്ലാം ദിവസവും വൈകുന്നേരം വന്നു വെറുതെ കാപ്പി കുടിക്കണം .

പിന്നെ ഇവിടെ വരുന്നവർ മുഴുവൻ ആഗ്രഹിക്കുന്നത് പോലെ ആ അന്നയെയും ജെനിയെയും പരിചയപ്പെടണം കുറച്ചു നേരം അവരോട് മിണ്ടിയും പറഞ്ഞും ഇരിക്കണം .

ഞാൻ ഇങ്ങനെയൊക്കെ ആലോചിക്കവേ ഗ്രേസൺ വീണ്ടും പറഞ്ഞു തുടങ്ങി

പരസ്പരം അറിയുന്നവർ അല്ലാതെ പുറമെ നിന്നുള്ള ആരെയും ഞങ്ങൾ ഈ കഫെയിൽ അധിക നേരം ഇരുത്താറില്ല

ഗ്രേസൺ എന്റെ ചെവിക്ക് അരികിലേക്ക് വന്നു മെല്ലെ പറഞ്ഞു

പറഞ്ഞാൽ കേൾക്കാതെ പിന്നെയും പിന്നെയും ഇവിടെ വന്നിരുന്നു കഫെ കച്ചറ ആക്കിയ അഞ്ചു പത്തു എണ്ണത്തിനെയോളം ഞങ്ങൾക്ക് ഇതിനിടയിൽ പച്ചയ്ക്ക് തീർക്കേണ്ടി വന്നിട്ടുണ്ട് !

ബ്രെഡിലെ ചിക്കൻ ചവയ്ക്കുമ്പോൾ പെട്ടെന്ന് എന്തോ എന്റെ നാവിൽ ഒരു പച്ച രുചി നിറഞ്ഞു .

ഞാൻ ആ അരുചി മാറ്റാനായി തിടുക്കത്തോടെ കാപ്പി കുടിച്ചു .

എന്റെ മുഖം കണ്ടിട്ട് ആകണം

ഗ്രേസൺ സംസാര വിഷയം മാറ്റി .

കഫെയുടെ ഈ ചുമരുകളിൽ നീ എന്റെ ചിത്രങ്ങൾ വരയ്ക്കണം ഒപ്പം പലതരം ഇറച്ചി കട്ലറ്റ്കൾ പിന്നെ മുഴുത്ത കാളയുടെയും കോഴിയുടെയും ചിത്രങ്ങൾ ..

ഇതിനിടയിൽ പുറം തിരിഞ്ഞു അടുക്കളയിൽ ജോലി ചെയ്യുന്ന അന്നയും ജെനിയും

ഞാൻ മനസ്സിൽ ഓർത്തു .

പിന്നെ പിറകിൽ നിനക്ക് ഏറ്റവും ഇഷ്ടപെട്ട ഇളകുന്ന കടൽ .

ഗ്രേസൺ ഇതു പറഞ്ഞു കഴിഞ്ഞതും ഏറെ നേരം എന്റെ മുഖത്തേക്ക് മാത്രം ഉറ്റു നോക്കി .

അയാൾ ഒരേ നോട്ടം തുടർന്നപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി .അത് മാറ്റാനായി

ഞാൻ പുറത്തുള്ള ചെറുപ്പക്കാരനെയും കൂടെയുള്ള ആളെയും നോക്കി

അവർ പോകാൻ നേരം വീണ്ടും പാർസലിന് പറയുന്നു .

പാർസൽ പറഞ്ഞു അയാൾ ഒരിക്കലും പുറത്തു നിന്നും കാണാത്ത കിച്ചണിലേക്ക് ഏന്തി വലിഞ്ഞു നോക്കി.

ഗ്രെസൺ സെക്യൂരിറ്റിയെ വിളിച്ചു .

സെക്യൂരിറ്റി അടുക്കളയിലേക്ക് നടന്നു

അവർക്ക് വേണ്ടുന്ന പാർസൽ പൊതിഞ്ഞു കൊടുത്തു .

ജെനിയെ ഒന്ന് കൂടി കാണണം എന്നു എനിക്കും ഇതിനിടയിൽ ആഗ്രഹം തോന്നിയെങ്കിലും ഞാൻ മിണ്ടാതെ ഇരുന്നു .

 

ഇടയ്ക്കിടെ ഉള്ളിൽ നിന്നും വെളിച്ചണ്ണയും കറിവേപ്പിലയും മറ്റു മസാലകളും കായുന്നതിന്റെ മണം പുറത്തേക്ക് വരുന്നു.

ഒപ്പം

മുഴുത്ത മാംസം വെണ്ണയിൽ മൊരിയുന്നതിന്റെയും .

കഫെയിൽ എല്ലാവരും ഒഴിഞ്ഞിരിന്നു .

കുറച്ചു നേരത്തിനു ശേഷം ഞങ്ങളുടെ മേശയിലേക്ക് ചപ്പാത്തിയും ബീഫും എത്തി . അതോടൊപ്പം ഉള്ള കട്ടൻ കാപ്പിയിൽ സൂര്യൻ അസ്തമിച്ചതു പോലെ ചുകന്നു കിടക്കുന്നുണ്ടായിരുന്നു .

പോകാൻ നേരം ഞങ്ങൾ കഴിച്ച പാത്രം എടുക്കാൻ ജെനി പുറത്തേക്ക് വന്നു

അവൾ തിരിഞ്ഞു നടക്കുന്നതുവരെയും ഞാൻ വാഷ്‌ബേസിനിൽ കൈ കഴുകി വെളുപ്പിച്ചു

കണ്ണാടിയിൽ അവളുടെ രൂപം മറയുന്നത് വരെയും പിന്നെയും പിന്നെയും നോക്കി നിന്നു

അപ്പോഴേക്കും ഗ്രേസൺ എന്നെ വിളിച്ചു .

ഞങ്ങൾ ഇറങ്ങിയതോടെ ആ വയസ്സൻ സെക്യൂരിറ്റി കഫെയുടെ മുൻവശത്തെ ഇരുമ്പ് ഗേറ്റ് പൂട്ടി

ഇടവഴിയിലൂടെ തിരിച്ചു നടക്കുമ്പോൾ ഞാൻ ഗ്രേസണിനോട് ചോദിച്ചു ..

അപ്പോൾ ആ സ്ത്രീകൾ ..?

അവർ ഇവിടെ തന്നെ ആണ് താമസിക്കുക .ഉള്ളിൽ ഇഷ്ടം പോലെ ഇനിയും മുറികൾ ഉണ്ട് .

ടൗണിൽ നിന്നും സാധനങ്ങൾ മേടിച്ചു കൊണ്ട് വരുന്നതും മറ്റു കാര്യങ്ങളും സെക്യൂരിറ്റികൾ നോക്കും .

ഇരുട്ടിൽ ചാര നിറമുള്ള പൂക്കൾ കൂടുതൽ ദുഷിച്ചിരിന്നു .

നടക്കുമ്പോൾ അതിന്റെ ഇലകളും പൂവുകളും മുട്ടുന്ന ഇടങ്ങൾ ചൊറിയുന്നതായി എനിക്ക് തോന്നി .

പള്ളി സെമിത്തേരിയുടെ അടുത്ത് എത്തുമ്പോഴേക്കും എനിക്ക് കടുത്ത ഭയം തോന്നി തുടങ്ങിയിരിന്നു .

എന്റെ ഭയത്തെ ഇരട്ടിപ്പിക്കാൻ എന്ന പോലെ കടൽ ആരോ മരിച്ചത് പോലെ അലറി നിലവിളിക്കുന്നു

അകെ മൊത്തം നോക്കുമ്പോൾ ഈ ഗ്രേസൺ ഒരു വിചിത്ര മൃഗം ആണെന്ന് ഞാൻ ഉറപ്പിച്ചു .

ഒരു ഭീകര സൈക്കോ …

തിരിച്ചു നടക്കുമ്പോൾ അയാൾ ഒന്നും മിണ്ടാത്തത് എന്റെ സംശയം ഭയവും വർധിപ്പിച്ചു .

പള്ളിയും സെമിത്തേരിയും എത്താറായപ്പോൾ അയാൾ നടത്തം നിർത്തി .

ഈ പള്ളിയും ശ്മാശാനവും ഇപ്പോൾ എന്റെ പേരിൽ ആണ് !

പുതിയ പള്ളി എടുക്കാനുള്ള ഫണ്ടിനായി അവർ കുറച്ചു സ്ഥലം വിൽക്കാൻ തീരുമാനിച്ചു ..ഞാൻ ഇതു മുഴുവനും വിലകൊടുത്തു എടുത്തു !

ശരിക്കും എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി .

തൊണ്ട വരണ്ടു …നാവിൽ നിറയെ പച്ച മാംസത്തിന്റെ രുചി പോലെ എന്തോ ഒന്നു വീണ്ടും വീണ്ടും തികട്ടി വരുന്നു

പള്ളിയിൽ നിന്നും ശ്മാശാനത്തിലേക്ക് വലിയ യുദ്ധ വിമാനങ്ങൾ പോലെ ഭീമൻ പക്ഷികളും വവ്വാലുകളും കൂട്ടത്തോടെ മുരണ്ടു നീങ്ങുന്നതു ഇരുട്ടിലും ഞാൻ കണ്ടു .

ഇപ്പോഴും ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ …?

 

അയാൾ ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കുന്നു .

ഞാൻ നടത്തം മെല്ലെ ആക്കി

അയാൾ ഇപ്പോൾ എന്നെ എന്തെങ്കിലും ചെയ്താൽ ഓടി രക്ഷപെടാനുള്ള വഴി പോലും എനിക്ക് അറിയില്ല .

കുറെ ദൂരം പിന്നെയും തപ്പിയും തടഞ്ഞും നടന്നപ്പോൾ ഒരു ചെറിയ വെളിച്ചം തെളിഞ്ഞു .

റോഡ് എത്തിയിരിക്കുന്നു

ഇലകളും കായ്കളും വീണു കിടക്കുന്ന ജിപ്സി യുടെ മുകളിൽ നിന്നും പരുന്തുകളെ പോലെ തോന്നിപ്പിച്ച ഒന്നു രണ്ട് പക്ഷികൾ വലിയ ശബ്ദത്തോടെ ആകാശത്തിലേക്ക് പറന്നു ..

ദൂരെ നിന്നും കാണുമ്പോൾ അയാളുടെ ജിപ്സി ഒരു ശവപെട്ടി പോലെ !

സന്ധ്യ തുടങ്ങിയാൽ എനിക്ക് കടുത്ത വിഷാദം നിറയും …

കടൽ ഇളകുന്ന ദിവസം അതു പാരമ്യത്തിൽ കയറും ..മൂഡ് കംപ്ലീറ്റ് മാറും .

ഇന്നു അങ്ങനെ ഒരു ദിവസം ആയിരിന്നു കടൽ വല്ലാതെ ഇളകുന്നുണ്ട് ..

അതാണ് ഞാൻ പെട്ടെന്ന് തണുത്തു ഇങ്ങനെ മരവിപ്പിലായി പോയത് സോറി !

അയാൾ എന്റെ മുഖത്ത് നോക്കാതെ എവിടേക്കോ നോക്കി പറഞ്ഞു

ഗ്രേസൺ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ നോക്കിയെങ്കിലും പെട്ടെന്ന് ഒന്നും ചെയ്യാതെ സ്റ്റീയറിങ്ങിലേക്ക് തല ചായ്‌ച്ചു .

 

രാത്രിയിൽ മഴയിലും മഞ്ഞിലും മരവിച്ച ഒരു ജിപ്സി ..

ഗ്രേസൺ ഇപ്പോൾ ഉണരും എന്നു കണക്ക് കൂട്ടി ഞാൻ ജിപ്സിയിൽ ഇരിന്നു

രാത്രി ഏറെ കഴിഞ്ഞതും ഞാനും നേരിയ ഉറക്കത്തിന്റെ പാടയിൽ കുടുങ്ങി .

കടുത്ത മഞ്ഞും തണുപ്പും …

നീന്തൽ കുളത്തിന്റെ ചുമരുകളിൽ ജെനിയുടെ രൂപവും ഭംഗിയും ഉള്ള ഒരു മത്സ്യ കന്യകയെ വരയ്ക്കാൻ എനിക്ക് ഉത്സാഹം തോന്നി

നിറയെ ചുവന്ന പൂക്കൾ നിറഞ്ഞൊരു കടൽ അവയ്ക്കിടയിൽ നിന്നും നീന്തൽ വസ്ത്രത്തിൽ കയറി വരുന്ന ജെനി എന്ന മത്സ്യ കന്യക ..

ഹോ !എന്തൊരു സൗന്ദര്യം ..

ഞാൻ ഇങ്ങനെയൊക്കെ ആലോചിക്കവേ ഗ്രസോണിന്റെ നിലവിളി .

അയാൾ കാർ സ്റ്റെയീയറിങ് സീറ്റിൽ നിന്നും കയ്യെടുത്തു പാന്റിന്റെ സിബ്ബ് മുറുകെ പിടിച്ചു ഉറക്കെ കരയുന്നു ‘ഇനിയും മുറിച്ചെടുക്കല്ലേ ദൈവമേ ‘

ഞാൻ ഗ്രസോണി നെ കുലുക്കി ഉണർത്തി

രാത്രിയിൽ എപ്പോഴും എന്തെങ്കിലും ദു സ്വപ്‌നങ്ങൾ കാണും ….

രാത്രി കടന്നു പോകുക എന്നത് വലിയ പ്രയാസം ആയിരിക്കുന്നു .

അപ്പോൾ നിങ്ങൾ ഒറ്റയ്ക്കാണോ .?ഞാൻ ചോദിച്ചു

ഗ്രേസൺ ഉറക്കച്ചടവോടെ പറഞ്ഞു

ആണ് ..പക്ഷേ ആയിരുന്നില്ല ..

കല്യാണം …?

കല്യാണം ഒക്കെ കഴിച്ചിരുന്നു

അവൾ വീട്ടു ജോലിക്കായി നിര്ത്തിയ ഒരു ശിപായി പട്ടാളക്കാരന്റെ കൂടെ ഒളിച്ചോടി …

എന്റെ കീഴിലുള്ള ആ ബറ്റാലിയനിലെ ഏറ്റവും താണവന്റെ കൂടെ

അവൾക്ക് അന്ന് മുപ്പത് വയസ്സായിരുന്നു .. ചെക്കന് ഇരുപതിനാലും

അവൻ പട്ടാളത്തിൽ ജോലിക്ക് വന്നതേ ഉള്ളൂ .ഞാൻ സുബേദാർ പദവിയുള്ള ഓഫിസറും

ഇതൊക്കെ പത്തിരുപതു വർഷം മുന്നേയുള്ള കഥയാണ്

എന്നിട്ട് ..

നാലഞ്ചു മാസങ്ങൾക്ക് ശേഷം ഞാൻ ആ സ്ഥലത്തുനിന്നും മറ്റൊരു സൈനിക ആസ്ഥാനത്തിലേക്ക് മാറി പോയി ..

അവിടെ വെച്ച്

ഒരു ദിവസം പുലർച്ചെ അവന്റെ മരണ വാർത്ത അറിഞ്ഞു .

ആരോ വെടിവെച്ചു കൊന്നതായിരിന്നു .

അപ്പോഴേക്കും അവരുടെ കല്യാണം കഴിഞ്ഞു പത്തു മാസം .

അവൻ മരിക്കുമ്പോൾ അവൾ ഒൻപത് മാസം ഗർഭിണിയും ആയിരിന്നു !ഗ്രേസൺ ചിരിച്ചു

അവളുടെ മകന് ഇപ്പോൾ ഇരുപതോ ഇരുപ്പതിനാലോ വയസ്സ് ഉണ്ടാകും !

അയാൾ കാർ സ്റ്റാർട്ട്‌ ചെയ്തു

എനിക്ക് ഇറങ്ങാനുള്ള

ഹോട്ടലിനു മുന്നിൽ എത്തിയപ്പോൾ അയാൾ ജിപ്സിയെ നിർത്തി മെല്ലെ പറഞ്ഞു

കഫെയിൽ ചിത്രങ്ങൾ ഒന്നും ഇപ്പോൾ വേണ്ട ..

പിന്നെ പ്രധാന കാര്യം

ഇന്ന് നടന്നതും കണ്ടതുമായ ഒരു കാര്യവും ഇനി ഓർക്കരുത്

കൂടെ കൂടെ കടലിലേക്ക് പോകാൻ മിനക്കെടുകയും വേണ്ട …

എത്ര ദൂരത്തുള്ളതിനേയും തോക്ക്‌ ഉണ്ടെങ്കിൽ വെടിവെച്ചിടാൻ ഇപ്പോഴും എനിക്ക് വലിയ ബുദ്ധിമുട്ട് ഇല്ല !

പുലർച്ചെ ആരെയോ പിടികൂടാൻ എന്ന പോലെ പതുങ്ങിയിരിക്കുന്ന കടൽ

ഞാൻ കടലിലേക്ക് നോക്കാതെ റോഡിലേക്ക് തിരിച്ചു നടന്നു .

മഞ്ഞു വീണു നനഞ്ഞ ബോഗൻ വില്ലയുടെ പൂക്കളിൽ നിന്നും ചോര പോലെ എന്തോ റോഡിലേക്ക് ഉറ്റിവീഴുന്നുണ്ടായിരുന്നു

(തുടരും )

വി സുരേഷ്‌കുമാർ
9895922809

Comments are closed.