ഇതാണെന്റെ വീട്ടിലേക്ക് വരാനുള്ള ഗെയ്റ്റ്. ഗെയ്റ്റ് പകൽ മുഴുവൻ തുറന്നുകിടക്കും. ബോൾട്ട് ചെയ്യാറില്ല. ഒന്ന് മെല്ലെ തള്ളിയാൽ മതി. വീടിന്റെ മുറ്റം വരെ വെട്ടുകല്ലുകൾ പാകിയ നടവഴിയുണ്ട്.
വന്നോളൂ. ഞാൻ വീട്ടിൽ തന്നെയുണ്ട്.
ഇതാണെന്റെ വീട്. ഞാനീ വീടിന്റെ ചെറിയ വരാന്തയിലിരിക്കുന്നുണ്ട്. അടച്ചിടൽ കാലമായതിനാൽ അത്യാവശ്യങ്ങൾക്ക് മാത്രമേ ഞാൻ പുറത്ത് പോകാറുള്ളൂ. വീട്ടിൽ ഞാൻ മാസ്ക് ഉപയോഗിക്കാറില്ല. പക്ഷേ ഇരിപ്പിടത്തിനരികെ ഒരെണ്ണം കരുതിവെക്കും. ഗെയ്്റ്റ് കടന്ന് ആരെങ്കിലും വരുന്നത് കണ്ടാൽ ധരിക്കാനാണിത്.
*
ഇതാണ് ഞാൻ. എനിക്കൊരു തകരാറുണ്ട്. ഈ അടുത്തകാലത്ത് തുടങ്ങിയതാണ്. പലപ്പോഴും ഞാൻ, ഞാനല്ലാതായി മാറുന്നു. ചെറിയ കാര്യങ്ങളിൽ പോലും ക്ഷുഭിതനാവുന്നു. വിഷാദത്തിലേക്ക് വഴുതിവീഴുന്നു. വിഷാദത്തിന്റെ നനഞ്ഞ ആലോചനകളിൽ പലതും കടന്നുവരുന്നു. കോവിഡ് 19 ക്വാറന്റൈൻ. ആർടിപിസിആർ. അടച്ചുപൂട്ടലുകൾ. വകഭേദം വന്ന വൈറസ്സുകൾ, ബ്ലാക്ക് ഫംഗസ്സ്. മറ്റെന്തൊക്കെയോ….
ഇപ്പോൾ കഥകളൊന്നും എഴുതാറില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഗുരുവായൂരിൽ നിന്ന് ബഷീർ വിളിച്ചുചോദിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു. ഞങ്ങൾ ആദ്യമായാണ് പരിചയപ്പെടുന്നതും ഫോണിലൂടെ സംസാരിക്കുന്നതും. അദ്ദേഹത്തിന്റെ വാക്കുകളിലെ ഊഷ്മളത എന്നെ സന്തോഷവാനാക്കി എന്നു പറയട്ടെ. അടുത്ത ദിവസം കഥാകൃത്തും നോവലിസ്റ്റുമായ മനോഹരൻ വിളിച്ചപ്പോഴും എനിക്കേറെ സന്തോഷം തോന്നി. ഈ അടച്ചിടൽ കാലത്ത് എന്ത് ചെയ്യുന്നു എന്ന് രണ്ടുപേരും അന്വേഷിച്ചിരുന്നു.
ഞാൻ പറഞ്ഞു- വായിക്കാറുണ്ട്. പഴയതുപോലെ ദീർഘനേരമിരുന്ന് വായിക്കാറില്ലെന്ന് മാത്രം. പലതും ഞാൻ കാണുന്നുണ്ട്. ആരൊക്കെയോ നമ്മെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നില്ലേ എന്നൊരു തോന്നൽ എനിയ്ക്കുണ്ട്. അവരുടെ നിലപാടുകൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നില്ലേ എന്ന തോന്നലുമുണ്ട്. ഉൾ പരിവർത്തനം വന്ന പലതരം വൈറസ്സുകൾ നമുക്ക് ചുറ്റുമുണ്ടെന്ന ഭീതി എന്നെ അസ്വസ്ഥനാക്കുന്നുണ്ട്.
ഏകാന്തത തോ്ന്നാറുണ്ടോ? ഇല്ലെന്ന് ഞാൻ പറഞ്ഞാൽ ഏകാന്തത ഇടയ്ക്ക് കേറിവരും. ഒഴിഞ്ഞുപോകാൻ ശഠിച്ചാലും പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. ഈ കക്ഷിയെ ഒഴിവാക്കാൻ ഞാൻ വീടിനുചുറ്റുമുള്ള പറമ്പിലാകെ ഒന്ന് ചുറ്റിനടക്കും. പൂച്ചെടികളെ നോവിക്കാതെ തലോടും. വാഴത്തൈകളുടെയും ചെറുവൃക്ഷങ്ങളുടെയും ഇടയിൽ നടന്ന് കുശലങ്ങൾ ചോദിക്കും. സുഖവിവരങ്ങളന്വേഷിക്കും.
ഇങ്ങനെയാണ് ഞാൻ. ഞാനീ പ്രായത്തിലും ആകാശത്തേക്ക് നോക്കി കൗതുകം കൊള്ളാറുണ്ട്. മേഘച്ചീറുകളെ നോക്കി, തരുമോ നിങ്ങൾക്കിടയിൽ വസിക്കാനൊരിടം എന്ന് ചോദിക്കാറുണ്ട്. ഭൂമിയെ പ്രതി സങ്കടപ്പെടാറുണ്ട്. ചുറ്റുപാടുമൊന്ന് നോക്കി, ആരും എന്നെ കാണുന്നില്ലെന്നുറപ്പാക്കി ഞാൻ കുമ്പിട്ട് കാതുകൾ മണ്ണോട് ചേർത്ത് ഭൂമിയുടെ തേങ്ങലുകളും സ്പന്ദനങ്ങളും കേൾക്കാറുണ്ട്.
**
രാവിലെ, സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ സുറ്റൃത്ത് വിളിച്ചു. അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഒരു കഥ അയച്ചുതരാമോ? ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ ചേർക്കാനാണ്്. ഞാൻ പറഞ്ഞു, എഴുതിയ കഥകളൊന്നുമില്ല. നീണ്ടൊരിടവേളയ്ക്ക് ശേഷം, ഞാനെന്തെഴുതാൻ? സുഹൃത്ത് നിർബന്ധിക്കുന്നു. ഞാൻ പറഞ്ഞു- കഥയെഴുതുമ്പോൾ പുതുതായി എന്തെങ്കിലും പറയാനുണ്ടായിരിക്കണം. ചുരുങ്ങിയപക്ഷം പുതിയ രീതിയിലോ, വേറിട്ട രീതിയിലോ അവതരിപ്പിക്കാൻ കഴിയണം. പുതിയതായി പറയാൻ ഒന്നുമില്ലെന്ന തോന്നലാണ് എനിക്കിപ്പോൾ. ഭാവനകൾ വഴിതെറ്റി മേയുന്നു. ഉദാരമല്ലാത്ത ഭാവനകൾക്ക് ചടുലതയുടെ ചോരയോട്ടം കുറയും.
ഞാൻ എന്നോട് തന്നെ ചോദിച്ചു: ഭാവനയിൽ കടുംപിടുത്തമെന്തിന്? പ്രതീക്ഷകളുടെ ചങ്കൂറ്റമുള്ള ഭാവനകളിൽ നിന്ന് കഥകൾ ശിരസ്സുകളുയർത്തി വരുമോ?
ഇങ്ങനെയാണ് ഞാൻ. ചിന്തകളിൽ വിഷാദം ഇറ്റിറ്റ് വീഴുന്നു. പഴയതുപോലെ, ചിന്തകളിൽ ധിക്കാരങ്ങൾ മുഷ്ടിചുരുട്ടുന്നത് മിക്കവാറും നിലച്ചിരിക്കുന്നു.
**
ഗെയ്റ്റിന് മുമ്പിൽ രണ്ടുപേർ വന്നുനിന്നു. സന്ദർശകരായിരിക്കാം. ഔദ്യോഗിക പരിവേഷമുണ്ട്. പരിശീലനം വേണ്ടുവോളം ലഭിച്ച ഭടന്മാരെപ്പോലെ ഗൗരവത്തിൽ, വീട്ടുമുറ്റത്തേക്ക് നടന്നുവന്നു. സന്ദർശകർക്ക് ഏതാണ്ട് ഒരേ പൊക്കവും ശരീരഘടനയുമാണ്. 45നും 50നും ഇടയിൽ പ്രായമുണ്ടാവണം. രണ്ടുപേരും എനിക്ക് മുൻപരിചയമില്ലാത്തവരാണെന്ന് തോന്നുന്നു. ആകർഷകമായ, അച്ചടക്കമുള്ള വസ്്ത്രധാരണം. എന്റെ ആലോചനകളിൽ ചില സംശയങ്ങൾ ക്ലിക് ചെയ്തു. ഇവരായിരുന്നോ എന്റെ വീടിന്റെ മുമ്പിലെ റോഡിലൂടെ ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടോ മൂന്നോ തവണ കടന്നുപോയത്? അപ്പോഴും, ഇപ്പോഴും മാസ്ക് ധരിച്ചതിനാൽ, മുഖപരിചയം മനസ്സിലായില്ല.
ഞാനെഴുന്നേറ്റു.
ഔപചാരികത കാട്ടി അവർ വീട്ടുമുറ്റത്ത് അകലം പാലിച്ച് നിന്നു. സന്ദർശകർ അപരിചിതരായതിനാൽ ഞാൻ മാസ്കെടുത്ത് ധരിച്ചു. ഞാൻ പറഞ്ഞു: നിങ്ങൾ രണ്ടുപേരും ആരാണെന്ന് എനിക്ക് മനസ്സിലായില്ല.
അവർ രണ്ടുപേരും, ധരിച്ചിരുന്ന മാസ്ക് താഴ്ത്തിയിട്ടു. പകുതി ഗൗരവത്തിലും, പകുതി വച്ചുകെട്ടിയ സൗഹൃദത്തിലും അരമിനിറ്റോളം നിന്നു. വീണ്ടും മാസ്ക് കേറ്റിയിട്ടു.
ഞാൻ പറഞ്ഞു. മുമ്പ് കണ്ട് പരിചയമില്ലെന്നുറപ്പ്്. എവിടെ നിന്നാണ് വരുന്നത്? എന്തിനാണ് വന്നതെന്ന് പറഞ്ഞുകൂടെ? വല്ലാത്തൊരു കാലമായതിനാൽ, സ്വീകരണമുറിയിലേക്ക് ക്ഷണിച്ചിരുത്താൻ മടിയുണ്ട്.
ഇവരാണ് സന്ദർശകർ. അവർ പറഞ്ഞു. ഞങ്ങൾ കേന്ദ്രീകൃത ഡാറ്റാ സമാഹരണവകുപ്പിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് രണ്ട് പേരും അവരുടെ തിരിച്ചറിയൽ കാർഡുകൾ പുറത്തെടുത്തു. ഇക്കൊല്ലം നടത്തേണ്ടുന്ന സെൻസസ് കണക്കെടുപ്പുമായി വന്നതാണോ എന്ന് ഞാൻ ചോദിച്ചു. അല്ല, രണ്ടുപേരും ഒരുമിച്ച് പറഞ്ഞു. മറ്റു ചില വിവരങ്ങൾ ശേഖരിക്കുവാൻ വന്നതാണ്. നിങ്ങൾക്ക് ഒരുവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളല്ല ഞങ്ങൾ ചോദിക്കുക. നിങ്ങളുടെ ആധാർ നമ്പരുമായി ബന്ധപ്പെട്ട, നിരുപദ്രവങ്ങളായ ചില കാര്യങ്ങൾ. നിങ്ങൾക്ക് എതിർപ്പൊന്നുമില്ലെന്ന് വിശ്വസിക്കട്ടെ, സഹകരിച്ചുകൂടേ?
എതിർപ്പൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. സഹകരിക്കാമെന്ന് കൂട്ടിച്ഛേർത്തു. സന്ദർശകരുടെ ജോലി എളുപ്പമാക്കിയതിന് അവർ നന്ദിപറഞ്ഞു. ബേഗിൽ നിന്ന് സ്മാർട്ട് ഫോണും വേറെ ഒന്നുരണ്ട് ഇകലക്ട്രോണിക് യന്ത്രോപകരണങ്ങളും പുറത്തെടുത്തു. പിന്നെ ചോദ്യങ്ങളായി. ഉത്തരങ്ങൾ ഉണ്ട് എന്നോ ഇല്ല എന്നോ പറഞ്ഞാൽ സൗകര്യമായിരിക്കുമെന്ന് അവർ സൂചിപ്പിച്ചു.
1. നിങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ?
ഉണ്ട്.
2. മൊബൈൽ നമ്പരുകളുമായി?
ഉണ്ട്
3. ബാങ്ക് അക്കൗണ്ടുകളുമായി?
ഉണ്ട്.
4. ഇലക്്ഷൻ ഐഡി കാർഡുമായി
ഉണ്ട്.
5. പാൻ കാർഡുമായി
ഉണ്ട്.
6. എൽ.പി.ജി കൺസ്യൂമർ നമ്പരുമായി?
ഉണ്ട്.
7. പാസ്പോർട്ട് ഉണ്ടെങ്കിൽ അതുമായി?
ഉണ്ട്.
8. നിങ്ങളുടെ പേരിലുള്ള ഭൂമി, കെട്ടിടം മുതലായവയുടെ രേഖകളുമായി?
ഉണ്ട്.
9. മോട്ടോർ വാഹനങ്ങളുണ്ടെങ്കിൽ അതുമായി?
10. ഇൻഷൂറൻസ് പോളിസികളുണ്ടെങ്കിൽ അതുമായി?
ഉണ്ട്.
രണ്ട് പേരും മാസ്കുകൾ ഒരേ സമയം താഴ്ത്തിയിട്ടു. വൃത്തിയായി ചിരി പൊഴിച്ചു. പെട്ടെന്ന് തന്നെ മാസ്ക് കയറ്റിവെച്ചു. അവരുടെ ചിരി എന്നെ കാണിക്കാനായിരുന്നു മാസ്ക് താഴത്തിയിട്ടത്. പക്ഷേ അവരുടെ ചിരിയിലൊരു ശരികേടുണ്ടെന്ന് എനിക്ക് തോന്നി. അവർ ചോദിച്ചതിനെല്ലാം എന്റെ ഉത്തരങ്ങൾ സ്പഷ്ടമായിരുന്നു. ഞാനൊരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവർ സ്മാർട്ട് ഫോണിൽ എന്റെ ഉത്തരങ്ങൾ രേഖപ്പെടുത്തുകയും, ശബ്ദം റിക്കോർഡാക്കുകയും ചെയ്തിരുന്നു.
ഒന്നാലോചിച്ച്, ഞാൻ അവരോട് ചോദിച്ചു- നിങ്ങൾ വിട്ടുപോയ ഒരു ചോദ്യം കൂടിയില്ലേ?
ഏത് ചോദ്യം?
രണ്ടുപേരും ഒരേ സമയം എന്നെ തറച്ചുനോക്കി. ഞാൻ പറഞ്ഞു – എന്റെ ആധാർ എന്റെ ജാതകവുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? എന്നാൽ കേട്ടോളൂ എനിക്ക ്ജാതകമേയില്ല. അക്കാരണത്താൽ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്നവുമില്ല!
എന്റെ വാക്കുകളിലെ പരിഹാസം അവർ മനസ്സിലാക്കിയോ ആവോ? യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവർ പറഞ്ഞു – ഇനി ഞങ്ങള നിങ്ങളുടെ ആധാറുമായി ലങ്ക്് ചെയ്യാൻ പോകുന്നത് നിങ്ങളുടെ മസ്തിഷ്കത്തിലെ ഒരു സുപ്രധാന ഭാഗവുമായാണ്.
രണ്ടു കൈകളും ശിരസ്സിൽ വെച്ച് ഞാൻ അമ്പരപ്പോടെ സന്ദർശകരെ തുറിച്ചുനോക്കി.
ചോദ്യോത്തരങ്ങളിലുടനീളം സന്ദർശകരിലൊരാൾ പറഞ്ഞതിനുശേഷം, രണ്ടാമൻ ഏറ്റെടുത്ത് പറയുന്ന രീതിയാണ് അവർ പിന്തുടർന്നത്. ഏതാണ്ട് ഒരു ടെലിവിഷൻ ഷോ പോലെ.
**
ഇതൊക്കെയാണ് അവർ തുടർന്നു പറഞ്ഞ കാര്യങ്ങൾ. വമ്പൻ പദ്ധതികളാണ് നമ്മുടെ രാജ്യത്ത് നടപ്പിലാക്കാൻ പോകുന്നത്. ഈ മാറ്റങ്ങളും തുടർന്നുള്ള ഗുണങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഞങ്ങളുടെ ഡേറ്റാ വകുപ്പിനുള്ളത്- നിർമിതബുദ്ധി (Artificial intelligence) എന്ന് കേട്ടിരിക്കുമല്ലോ. മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും അനുകരിക്കുകയും ചെയ്യുന്ന യന്ത്രങ്ങളുടെ കാലമാണ് വരുന്നത്. അതിസൂക്ഷ്മങ്ങളായ ചിപ്പുകളിൽ നിർമിതബുദ്ധി സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങളുടെ അന്തർഗതങ്ങൾ പിടിച്ചെടുക്കാനും അവ ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരത്തിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് പ്രേഷണം ചെയ്യാനും പറ്റിയ ഉപകരണങ്ങൾ. റേഡിയോ ഫ്രീക്വൻസി ഐഡി, ബ്ലൂടൂത്ത് എന്നിവയെപ്പറ്റിയൊക്കെ നിങ്ങൾക്കറിയാമോ എന്തോ? നിങ്ങളൊന്നും അറിയേണ്ടതില്ല. അനുസരിച്ചാൽ മതി. അറിവ് അപകടകരമാണ്. ഞങ്ങളുടെ നിർമിതബുദ്ധിയും കാര്യങ്ങൾ അറിഞ്ഞാൽ മതി, ധാരാളം!
അതെങ്ങനെ, ഞാൻ ചോദിച്ചു. ഈ ചിപ്പ് ചിന്തകളെ, അന്തർധാരകളെ ന്യായവിചാരണാധികാരങ്ങളെ ഉത്തേജിപ്പിക്കുന്ന നിങ്ങളുടെ തലച്ചോറിന്റെ ഭാഗത്ത് മുറിവോ ക്ഷതമോ അലർജിയോ ഉണ്ടാക്കാത്തവിധം കടത്തിവിടും. വാക്സിനേഷനോ ഇഞ്ചക്ഷനോ എടുക്കുമ്പോൾ നിങ്ങൾക്കനുഭവപ്പെടുന്ന ഒരു സൂചിക്കുത്ത് നോവ് മാത്രമേ നിങ്ങൾക്കുണ്ടാവുകയുള്ളൂ. അത് എപ്പോ വേണമെങ്കിലും അല്ലെങ്കിൽ സദാ നേരവും ആക്റ്റീവ് ആയിരിക്കാൻ ഞങ്ങളുടെ സെന്ററിൽ റിമോട്ട് സംവിധാനമുണ്ട്. അത് നിങ്ങളുടെ ചിന്തകളെയും ധാരണകളെയും ഞങ്ങളിലേക്ക് എത്തിക്കുന്നു!
നിങ്ങളും നിങ്ങളുടെ ചിന്തകളും ഇപ്പോൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്!
സന്ദർശകർ രണ്ടുപേരും കരഘോഷം മുഴക്കി.
തോട്ട് പോലീസ്! എനിയ്ക്ക് ഉറക്കെ പറയണമെന്ന് തോന്നി. പറഞ്ഞില്ല. പേടിതോന്നി. രോഷം പേടിയ്ക്ക് വഴിമാറിക്കൊടുത്തു കുറച്ച് നേരത്തേക്ക് ഞാൻ നിശ്ശബ്ദനായി. ദീർഘശ്വാസമെടുത്തു. സമചിത്തത വീണ്ടെടുത്ത് ഞാൻ ചോദിച്ചു-
ഇത് അതിക്രമമല്ലേ? വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലേ?
ഒരു മണ്ണാങ്കട്ടയുമല്ല, അവർ ഉറപ്പിച്ച് പറഞ്ഞു. എന്റെ ഭാഗം കേൾക്കാനുള്ള ക്ഷമയോ മര്യാദയോ അവർ കാട്ടിയില്ല.
**
സന്ദർശകർ ഒരു ചെറിയ ഉപകരണം പുറത്തെടുത്തു. ഏതാണ്ട് തെർമൽ ഗണ്ണിന്റെ സൈസിലുള്ള ഒരെണ്ണം. പക്ഷേ തെർമൽ ഗണ്ണല്ല, അതെനിക്ക് ഉറപ്പാണ്. സന്ദർശകരിലൊരാൾ എന്റെ ശ്രദ്ധ ഉപകരണത്തിൽ നിന്ന് മാറ്റാനായി എന്നോട് പലതും ചോദിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ രണ്ടാമൻ ഉപകരണം എന്റെ തലയുടെ പല ഭാഗങ്ങളിലേക്കും ചൂണ്ടി സ്കാൻ ചെയ്തുകൊണ്ടിരുന്നു. ഏതോ ഒരു സ്ഥലത്തെത്തിയപ്പോൾ…. ഷ്ഷ്ഷ്ഷ്…. ബീപ്!
സ്പോട്ടഡ്! അവർ ഉറക്കെ പറഞ്ഞു.
കഴിഞ്ഞു. ചെറിയൊരു തളർച്ച എനിക്ക് തോന്നിയോ? ഒന്നുമില്ല, ഭയം കാരണമാണ്. ഞാൻ സാധാരണ നിലയിലായി. എന്റെ കഷണ്ടിത്തലയിൽ ഞാൻ തടവിനോക്കി. മുറിവോ പൊടിച്ചോരയോ? ഒന്നുമില്ല.
**
സന്ദർശകർ, അവരുടെ ജോലി പൂർത്തിയാക്കി മടങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ, ഞാൻ കണിശമായി പറഞ്ഞു- ഒന്നു നിൽക്കണേ!
അവർ നോക്കി നിൽക്കേ, ഞാൻ വീട്ടുമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും വേഗം വേഗം നടന്നുകൊണ്ടിരുന്നു. എനിയ്ക്ക് കിതക്കുന്നുണ്ടായിരുന്നു. എന്റെ ശരീരഭാഷ തന്നെ ഒന്നു മാറിയപോലെ അവർക്ക് തോന്നിക്കാണണം. എന്റെ ഈ പ്രതികരണം ഇപ്പോൾ പിരിമുറുക്കത്തിലാക്കിയത് സന്ദർശകരെയാണ്്. ക്ഷോഭമടങ്ങിയപ്പോൾ ഞാനവരോടായി പറഞ്ഞു-
രഹസ്യനിരീക്ഷണത്തിന്റെ തച്ച് ശാസ്ത്രമൊന്നും എനിക്ക് വശമില്ല. പരന്ന വായനകൾക്കിടയിൽ കിട്ടിയ ശകലങ്ങളല്ലാതെ, നിർമിതബുദ്ധി, റേഡിയോ ഫ്രീക്വൻസി ഐഡി, ബ്ലൂടൂത്ത്, മറ്റ് ഡിജിറ്റൽ ഉലക്കപ്പിണ്ണാക്ക് എന്നീ കാര്യങ്ങളിലൊന്നു് എനിയ്ക്ക് അറിവില്ലെന്ന് പറയട്ടെ. ഇവിടെ എന്റെ അനുവാദമില്ലാതെയാണ് എന്റെ മസ്തിഷ്കത്തിലക്ക്
നിങ്ങൾ അധികാരത്തിന്റെ മുഷ്ക് കടത്തിവിട്ടത്. അധികാരവും ഒരു തെമ്മാടി വൈറസ്സാണ്. പക്ഷേ ഒന്നോർക്കുക. ഈ വൈറസും ഇനിയുമിനിയും ഉൾപരിവർത്തനത്തിലൂടെ വകഭേദം ആർജ്ജിക്കില്ലെന്ന് നിങ്ങൾക്കുറപ്പുണ്ടോ? ഇത് എന്റെ മസ്തിഷ്കത്തിൽ നിന്ന് താഴോട്ടിറങ്ങി എന്റെ ആന്ത്രങ്ങളിലേക്കും ഉദരകോശങ്ങളിലേക്കും എത്തി നിർഗമിക്കില്ലെന്നതിന് എന്താണുറപ്പ്? അതിനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യയും വന്നുകൂടെന്നുണ്ടോ?
സന്ദർശകർ ഒന്നും പറയാതെ സ്ഥലംവിട്ടു
ഇതാണ് ഞാൻ. ഒരിടവേളയ്ക്ക് ശേഷം ഒന്നും പുതുതായി പറയാനില്ലെന്ന എന്റെ തോന്നൽ ഞാൻ തിരുത്തണോ?.