editorial

ആ വായനയൊന്നുമല്ല ഇ വായന

യുക്തിക്കും സർഗാത്മതയ്ക്കുമിടയിൽ പുതിയൊരു ലോകക്രമം രൂപപ്പെട്ടിരിക്കുകയാണ്. പഴയ ലോകത്തെയും ദർശനങ്ങളെയും പുതിയ വെളിച്ചത്തിലാണ് ഈ കാലം പുനർവായിക്കുന്നത്. സ്വാതന്ത്ര്യവും പൗരന്മാരുടെ മൗലികമായ ആവിഷ്കാരങ്ങളും ആഗോളതലത്തിൽ തന്നെ വലിയ ഭീഷണികളിലൂടെയും സമ്മർദ്ദങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്.ഈ കാലഘട്ടത്തിൽ, സർഗാത്മകമായ ആവിഷ്കാരങ്ങൾ  പുതിയ ‘അനിവാര്യതകൾ ‘ ( Necessity) തേടുകയാണ്. സർഗാത്മക യൗവ്വനം പ്രതീക്ഷകൾ നിറഞ്ഞ പുതിയ പ്രതിവിധികൾ തേടുകയാണ്.ഈ പ്രതീക്ഷകളുടെ മുനമ്പിലേക്ക് ‘ഒലിവ് ‘ പബ്ലിക്കേഷനും അതിൻ്റെ വിപുലമായ വായനാസമൂഹത്തെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുകയാണ്. ‘ഒലിവി ‘ന് ഇരുപത് വർഷം പൂർത്തിയാവുന്ന ഘട്ടത്തിൽ, വായനയുടെ ‘കാഴ്ചയിലേക്കും  കേൾവി ‘യിലേക്കും കൂടി ഞങ്ങൾ പ്രവേശിക്കുകയാണ്.പുതിയ ഇടത്തേക്ക് കൂടി ,അനുഭൂതികളുടെയും ചിന്തകളുടെയും പുതിയ തലങ്ങളിലേക്ക് ഞങ്ങൾ പ്രവേശിക്കുന്നു. പുതിയ സർഗാത്മക വിനിമയങ്ങളുടെ പ്രചോദനം നിറഞ്ഞ പ്ലാറ്റ് ഫോമുകളിൽ ഇനി ഞങ്ങളുമുണ്ട് ,നിങ്ങളോടൊപ്പം. അഭിമാനത്തോടെ ആ പേര് ഞങ്ങൾ സഹൃദയർക്ക് മുന്നിൽ അവതരിപ്പിക്കുന്നു:

www.readvision.in

ഇന്ത്യൻ ജനാധിപത്യത്തെ ആഴത്തിൽ അപഗ്രഥിക്കുന്ന യോഗേന്ദ്ര യാദവിൻ്റെ പുസ്തകത്തിൽ, ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ജനാധിപത്യത്തിന് പല മുഖ(faces)ങ്ങളുണ്ടെന്ന് പറയുന്നുണ്ട്.പല രാജ്യങ്ങളുടെ ജനാധിപത്യ സങ്കൽപങ്ങളുടെ സത്തകൾ സ്വാംശീകരിച്ചാണ് ഇന്ത്യൻ ജനാധിപത്യം രൂപപ്പെടുന്നത്.ഏറെ മെച്ചപ്പെട്ട ,മിശ്രിതമായ മൂല്യങ്ങളുടെ സമാഹരണമാണ് ,ഇന്ത്യൻ ജനാധിപത്യം. പല കാലങ്ങളിൽ ഇന്ത്യൻ ജനാധിപത്യം വലിയ പരീക്ഷണങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ആ പരീക്ഷണ ഘട്ടങ്ങളെ സ്വാതന്ത്ര്യബോധം കൊണ്ട് മറികടന്ന ആന്തരികമായ കരുത്ത് ഇന്ത്യൻ ജനതയ്ക്കുണ്ട്.
വിവേചനത്തിൻ്റെ അധികാരങ്ങൾ ഉപയോഗിച്ചത് ഭരണകൂടങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് കൂടി ഈ സന്ദർഭത്തിൽ ആലോചനയിൽ വരേണ്ടതാണ്. ഞാൻ ഒരു ‘ എഡിറ്ററാ’ണ്.ഒരു ദിവസം എൻ്റെ മുന്നിലേക്ക് വരുന്ന ‘ഇരുപത്തഞ്ചു ‘ വാർത്തകളിൽ നിന്ന് പത്തെണ്ണമാണ് ‘ ‘തിരഞ്ഞെടു ‘ക്കുന്നത്. ഒഴിവാക്കുന്ന ആ ‘പത്തു വാർത്തകൾ ‘ ഏതാണ്? ഒഴിവാക്കപ്പെടുന്നത് ‘എൻ്റെ വിവേചനധികാരം’ ഉപയോഗിച്ചാണ്.’ എഡിറ്ററുടെ ഈ വിവേചനം ഒരു അധികാര രൂപം തന്നെയാണ്. നമ്മുടെ കാലഘഘട്ടത്തെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നിർവ്വചിക്കാനും ബഹുസ്വരമായ ജനാധിപത്യ ഉള്ളടക്കത്തെ പരിപോഷിപ്പിക്കാനും തുല്യതയിൽ നിർത്താനും ഈ വിവേചനാധികാരം മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നത് വലിയ ചോദ്യമാണ്. സൈബർ സ്പെയ്സുകളിൽ ഈ ചോദ്യം പല തലങ്ങളിൽ ഉയർന്നു വരുന്നുണ്ട്.ഒരു കാലത്ത് മാധ്യമങ്ങളുടെ എണ്ണം വളരെ പരിമിതമായിരുന്നെങ്കിൽ, ഇന്നത് ബാഹുല്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവേചനാധികാരം കൂടുതൽ സർഗാത്മകമായും സാംസ്കാരികമായ ബഹുസ്വരതയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ മെച്ചപ്പെട്ടതാക്കുക എന്നതാണ് റീഡ് വിഷൻ്റെ നയം. കുട്ടികൾ, പുതിയ പ്രതിഭകൾ ഒപ്പം തീർച്ചയായും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാർ, സംഗീതജ്ഞർ, പാട്ടുകാർ, ചിത്രകാർ, പല തൊഴിൽ മേഖലയിൽ പെട്ട പ്രതിഭകൾ, അടിത്തട്ടനുഭവങ്ങൾ, തെരുവോര ജീവിതങ്ങൾ, വിദ്യാഭ്യാസ രംഗം, യാത്രകൾ – ഇങ്ങനെ ഏതു മേഖലയിലെയും സൂക്ഷ്മമായ അടയാളങ്ങൾ റീഡ് വിഷൻ അതിൻ്റെ ആസ്വാദകരുടെ മുന്നിലെത്തിക്കും. പഴയതിൻ്റെയൊന്നും തുടർച്ചയല്ല , റീഡ് വിഷൻ. പുതിയ തുടക്കമാണ്.
 ‘കൊറോണ ‘ ഭൂമിയിൽ പുതുതായിട്ടുള്ള ദു:ഖങ്ങളും വിയോഗങ്ങളും ഏകാന്തതകളും വമ്പിച്ച ,വീണ്ടെടുക്കാനാവാത്ത നഷ്ടങ്ങളും ബാക്കി വെക്കുമ്പോഴും അതിജീവനം എന്ന മനുഷ്യരുടെ ഇച്ഛയുടെ പ്രകാശനങ്ങൾ എവിടെയും കാണാം. ദു:ഖത്തിലും അതിജീവനത്തിലും ഒപ്പം നിന്നു കൊണ്ട്, റീഡ് വിഷൻ യാത്ര തുടങ്ങുകയാണ്.’ ആ വായനയൊന്നുമല്ല ഇ വായന”.
ഒപ്പം ചേരുമല്ലൊ.
സ്നേഹപൂർവ്വം,
ഡോ.എം.കെ.മുനീർ
മാനേജിങ്ങ് എഡിറ്റർ/ മാനേജിങ്ങ് ഡയറക്ടര്‍
റീഡ് വിഷൻ

Comments are closed.