sali

കണ്ണൂർ പോയിവന്ന വഴികൾ

വരാന്തയെന്നു വിളിക്കാമോയെന്നറിയില്ല. പുറത്തെ ചായ്പ്പിന്റെ ജനാലക്കമ്പികൾ പിടിച്ച് ഇരുളിലേക്ക് നോക്കുന്ന ബാല്യമാണ് ഓർമ. പുറത്തെ സപ്പോട്ട മരത്തിന്റെ കീഴെയുള്ള പബ്ലിക് പൈപ്പിനടുത്ത് പൂച്ചയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടോ? ഇരുട്ടും കുത്തീ, ബെളക്കും കത്തീ… മുനിഞ്ഞു കത്തുന്ന ചിമ്മിണി വിളക്ക് നൽകുന്ന വെളിച്ചക്കീറിലൂടെ പുറത്തേക്കു നോക്കി നീട്ടിപ്പാടാറുണ്ടായിരുന്നു.

എഴുപതുകളുടെ തുടക്കത്തിൽ അരണ്ട വെളിച്ചത്തിലായിരുന്നു സിറ്റി. ഇരുട്ടുപിടിച്ച എടാറകൾ, ചാരം മൂടിക്കിടക്കുന്ന അടുപ്പുകൾ, അസുഖക്കിടക്കയിൽ കഷായം കുടിച്ച് അവസാനനാൾ കാത്തിരിക്കുന്ന ഉമ്മാമ്മമാർ, കോണിയ തൂക്കി മറച്ച അറകളിൽ ഒരുമിച്ച് അന്തിയുറങ്ങുന്ന വലിയ കുടുംബങ്ങൾ, കറുത്ത പാന്റും വെള്ളക്കുപ്പായവും വെള്ളത്തൊപ്പിയുമണിഞ്ഞ് നിരനിരയായി നീങ്ങുന്ന യത്തീം മക്കൾ…. എണ്ണപ്പണത്തിന്റെ മിനുമിനുപ്പ് അരിച്ചെത്തെന്നതേയുണ്ടായിരുന്നുള്ളൂ. മരുമക്കത്തായത്തിൽ പുരുഷന്മാർക്ക് ബാധ്യത കുറവായിരുന്നു. സ്ത്രീകളായിരുന്നു മിക്കവാറും വീട് നോക്കിയിരുന്നത്. മക്കളെ വളർത്തിയത്. തുർക്കിന്റവിടത്തെയും കൊടിവളപ്പിലെയും അടുക്കളകളിലാണ് പ്രഭാതം തുടങ്ങുന്നത്. അവിടങ്ങളിലെ ഇരുട്ടുപിടിച്ച അടുക്കളകളിൽ വെന്തുവരുന്ന മുട്ടാപ്പം കിട്ടിയിട്ടു വേണം മിക്ക വീടുകൾക്കും ജീവൻ വെക്കാൻ. തൂക്കിപ്പാത്രത്തിൽ ആട്ടും പാലും പശുവിൻ പാലും വാങ്ങാനായി കുഞ്ഞിമ്മക്കളെ രാവിലെ തന്നെ വിളിച്ചെഴുന്നേൽപിക്കും.

എഴുപതുകളുടെ മധ്യത്തിൽ കപ്പലിൽ കുവൈത്തിലെത്തി യ തമ്മിട്ടോ ൻ അഹമ്മദ്
കുവൈത്തിലെ പണിസ്ഥലത്ത്ആടിനെയോ പശുവിനെയോ വളർത്താത്ത വീടുകൾ വിരളമായിരുന്നു. യൂസൂക്കാന്റെ ഹോട്ടലിന്റെ മുന്നിലും ബേണ്ട് മുറിന്റെ അടുത്തുമൊക്കെ ആളുകൾ ഇരുന്ന് ആടിന്റെ ചപ്പ് വിറ്റു. പല വീടുകളുടെയും ഇടുങ്ങിയ അടുക്കളകളുടെ മൂലയിൽ മെഴുകുതിരി നിർമാണത്തിനുള്ള ടാങ്കുകളുണ്ടായിരുന്നു. മെഴുകുതിരികൾ പാക്ക് ചെയ്തും തീപ്പെട്ടിക്ക മ്പുകൾ നിർമിച്ചും കിട്ടിയ ചില്ലറകളിൽ നിന്നാണ് പല വീടുകളിലും അടുപ്പെരിഞ്ഞത്. കഷ്ടിച്ച് പത്താം ക്ലാസ്… അതും ആൺകുട്ടികൾക്ക്. ഏഴാം ക്ലാസ് കഴിയുമ്പോൾ അകത്തടങ്ങുന്ന പെൺമക്കൾ. യുവാക്കൾക്ക് വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. എവിടെ നിന്നെങ്കിലും വിസ റെഡിയാവുന്നതും കാത്ത് പാസ്പോർട്ടുമെടുത്ത് അവർ തെക്യാവിന്റടുത്തോ പാതാറയിലോ കുതിരച്ചാപ്പയുടെ അടുത്തോ കെജ്ജിന്റെ മുകളിലോ ചായിയടിച്ചും ചീത്ത വിളിച്ചും സമയം കൊല്ലി. അന്തീക്കാന്റെയും നെ ല്ലൂത്തിന്റെ മുകളിലെയും മ്യൂസിക് ക്ലബ്ബുകളിൽ സംഗീതമാസ്വദിച്ചു.

വീട് പോറ്റേണ്ടതും മക്കളെ വളർത്തേണ്ടതും പെണ്ണുങ്ങളാണ്. ആടും പശുവും മുട്ടാപ്പവും മെഴുകുതിരിയും മിഠായി നിർമാണവുമൊക്കെയായി കിട്ടിയ ചില്ലറകളിലാണ് മിക്ക വീടുകളിലും ദിവസത്തിൽ ഒന്നോ രണ്ടോ തവണ അടുപ്പെരിഞ്ഞത്. മക്കാടത്തെ മുമ്പിലെ മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് ദിവസവും നാല് കഷണം റൊട്ടിവീതം സൗജന്യമായി നൽകിയിരുന്നത് വലിയ ആശ്വാസമായിരുന്നു.

മീൻപിടുത്തവും നെയ്ത്തും ബീഡി, ചുരുട്ട് തെറുപ്പുമൊക്കെയായിരുന്നു സിറ്റിയിലെ ആണുങ്ങളുടെ കൈത്തൊഴിലുകൾ. മൂത്താപ്പാക്ക് പഴയ മാർക്കറ്റിനടുത്ത മുസ്ലിം വീവേ ഴ്സ് സൊസൈറ്റിയിൽ ചായം മുക്കുന്ന ജോലിയായിരുന്നു. മാർക്കറ്റിൽ നിന്ന് മീനും ചപ്പും മുളകും വാങ്ങിക്കഴിഞ്ഞാൽ, ബീഡിക്കമ്പനിയുടെ താഴെയുള്ള വഴിലിയൂടെ നെ യ്ത്തു കമ്പനിയിലെത്താം. പുറത്ത് വലിയ ബക്കറ്റിൽ കലക്കി വെച്ച ചായത്തിൽ തുണികൾ മുക്കിയെടുക്കുന്നതിനിടയിലാണ് മൂത്താപ്പ ഞങ്ങളോട് കുശലം പറയുക. ആപ്പാക്ക് നെയ്ത്തുപണിയായിരുന്നു. തൊട്ടടുത്താണ് ഉപ്പാന്റെ തറവാട് വീട്. അതിനു മുന്നിൽ ടിൻമേക്കറുടെ കൊച്ചുകടയിൽ മുട്ടും തട്ടും സജീവമാണ്. അതിനടുത്ത് ചുരുട്ടു കമ്പനി. സമീപത്തെ ബീഡിക്കമ്പനിയിൽ നിന്ന് ഉച്ചത്തിലുള്ള പത്രപാരായണം.

കണ്ണൂർ സിറ്റിയിൽ സ്കൂൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം.എസ്.എഫ് യോഗത്തിൽ പ്രമേയം തയാറാക്കിയ ഓർമയുണ്ട് കുവൈത്തിലെ ആദ്യകാല പ്രവാസിയായ തമ്മിട്ടോൻ അഹ്മദിന്. മത്സ്യത്തൊഴിലാളികളുടെയും നെയ്ത്ത് തൊഴിലാളികളുടെയും പ്രദേശം എന്നതായിരുന്നു സ്കൂൾ അനുവദിക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്. അറുപതുകളുടെ മധ്യത്തിലായിരുന്നു ഇത്. എഴുപതുകളുടെ തുടക്കത്തിൽ, അതായത് അര നൂറ്റാണ്ട് മുമ്പു വരെ കണ്ണൂർ സിറ്റിയിലെ തന്നെ വീടകങ്ങളിലും പണിശാലകളിലും വിളയുന്ന പണം കൊണ്ടാണ്
മിക്കവാറും കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. മിക്ക തറവാടുകളിലും ഒന്നോ രണ്ടോ ദുബായ്ക്കാരുണ്ടായിരുന്നു. അവർ അയക്കുന്ന ഡ്രാഫ്റ്റുകൾ വല്ലപ്പോഴും നാട്ടിലെത്തുന്ന അവരുടെ കൂട്ടുകാർ വീടുകളിലെത്തിച്ചിരുന്നു. എന്നാൽ അതായിരുന്നില്ല സിറ്റിയുടെ പ്രധാന വരുമാന മാർഗം. കടുംവർണത്തിലുള്ള ലുങ്കിയും ഗൾഫ് സ്ലിപ്പറും ധരിച്ച്, സ്പ്രേയും പൂശി, ട്രിപ്പിൾ ഫൈവും റോത്മാൻസും വലിച്ച് സിറ്റിയിൽ കറങ്ങി നടന്ന ദുബായ്ക്കാരനെ നാട്ടുകാർ അസൂയയോടെ നോക്കിയിരുന്നുവെങ്കിലും അയാളെ കറവപ്പശുവായി അങ്ങനെ കണ്ടു തുടങ്ങിയിരുന്നില്ല. ഇന്ന് പ്രധാനമായും മൂന്ന് ആവശ്യങ്ങൾക്കാണ് ഗൾഫിലേക്ക് സിറ്റിക്കാർ കൈനീട്ടുന്നത്. വൈദ്യസഹായത്തിനും വീട് നിർമാണത്തിനും മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനും. മൂന്നും അക്കാലത്ത് പ്രാമുഖ്യമുള്ള ഘടകങ്ങളായിരുന്നില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സ സൗജന്യമാണ്. വൈ ദ്യന്മാരുടെ ചികിത്സ വലിയ ചെലവുള്ളതായിരുന്നില്ല. എത്ര വലിയ രോഗത്തിനും ചികിത്സ തേടി അധികമാരും സിറ്റിക്കു പുറത്തേക്ക് പോയിരുന്നില്ല. തറവാട് വീടുകളിലെ അറകളിൽ കുടുംബങ്ങൾ ഒരുമിച്ചു കഴിഞ്ഞ കാലത്ത് അണു കുടുംബങ്ങളെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നില്ല. തറവാടുകളിൽ ജീവിതം ദുസ്സഹമായിരുന്നു. ഒരു വീട്ടിൽ പല അടുക്കളകൾ സർവസാധാരണമായിരുന്നു.

1967 ൽ ലോഞ്ചിൽ ഖർഫുക്കാനിലെത്തിയ കനീലകത്ത്
ഹാശിം

കലമ്പും തുണിപൊക്കിക്കാട്ടലും ഉമ്മാക്ക് വെട്ട് പറയലും പതിവായിരുന്നു. ഒപ്പം ആ ജീവിതം സന്തോഷകരവുമായിരുന്നു. ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും കൈകോർ ത്തിരുന്നു. അടുത്ത കലമ്പ് വരെ എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. വിദ്യാഭ്യാസം അന്ന് പ്രധാനപ്പെട്ട മേഖലയേ ആയിരുന്നില്ല. പഠിപ്പിനെ കാര്യമായി കാണുന്നവർക്കു പോലും പത്താം ക്ലാസ് വരെ മക്കളെ അയക്കാൻ വലിയ ചെലവൊന്നും ഉണ്ടായിരുന്നില്ല. സിറ്റിയിൽ നിന്ന് പത്താം ക്ലാസ് കടക്കുന്നതാവട്ടെ അന്ന് ഐ.എ.എസ് കിട്ടുന്നതു പോലെ പ്രയാസമുള്ള കാര്യവുമായിരുന്നു.

കാശി പണം കൊടുക്കാനാണ് പ്രധാനമായും ബുദ്ധിമുട്ട്. പക്ഷെ അതിനുള്ള അഭ്യർഥനക്കത്തുകൾ ദുബായിലെത്താനുള്ള കാലവിളംബവും അത് അവിടെക്കിട്ടിയോ ഇല്ലയോ എന്ന് ഉറപ്പുവരുത്താൻ ഒരു മാർഗവുമില്ലെന്നതും ദുബായ്ക്കാരന് അനുഗ്രഹമായി.
പിൽക്കാലത്ത് ഗൾഫിലേക്കുള്ള വിസയായി പ്രധാന സ്ത്രീധനം. വിസ വിൽപനക്കാരുടെ മുറ്റത്ത് ആളുകൾ തമ്പടിച്ചു. വിസ നൽകാമെന്നു പറ്റിച്ചവരുടെ വീട് മുറ്റത്ത് പന്തൽ കെട്ടി സമരങ്ങളുണ്ടായി.

രണ്ടു കാര്യങ്ങൾക്കാണ് ട്രങ്ക് കോൾ ബുക്ക് ചെയ്ത് ഗൾഫിലേക്ക് വിളിച്ചിരുന്നത്. പ്രസവിച്ചാലും മരിച്ചാലും. മൂന്നും നാലും വർഷം കൂടുമ്പോഴാണ് ദുബായ്ക്കാർ അവധിക്കു വന്നിരുന്നത്. വീടണയുമ്പോൾ സ്വന്തം മക്കളുടെ പേര് പോലും അവർക്ക് വ്യക്തമായി
ഓർമയുണ്ടാവില്ല. വരുന്ന ദിവസം അറിയിച്ച് എത്രയോ നാളുകൾ മുമ്പ് അയച്ച കത്ത് കൃത്യമായി കിട്ടിയെങ്കിൽ കൂട്ടാനായി ആളുകൾ പോവും. തായത്തെരു കുന്നിന്റെ മേലെ ചേമ്പർ ഹാളിനടുത്ത പള്ളിയിൽ അവർ ബോംബെ ബസ്സ് വരുന്നതും കാത്ത് രാവിലെ മുതൽ സൊറ പറഞ്ഞിരിക്കും. ഓരോ ബോംബെ ബസ് വന്ന് നിൽക്കുമ്പോഴും പിറകെ ഓടും. കാത്തിരിക്കാനും കാത്തു നിർത്താനും എല്ലാവർക്കും സമയം ഇഷ്ടം പോലെ ഉണ്ടായിരുന്നു എന്നതാണ് അക്കാലത്തെ ഒരു നേട്ടം.

സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ സൗഭാഗ്യം തേടി സിറ്റിക്കാർ നാടുവിട്ടിരുന്നു. സിറ്റിയിൽ നിന്നു പോയ പലരും ബോംബെയിൽ പ്രശസ്തരായി. വൻകിട റിക്രൂട്ടിംഗ് ഏജൻസികളായി. മൈസൂരിൽ കച്ചവടം ചെയ്തവർ ധാരാളമുണ്ടായിരുന്നു. ബർമയിലേക്കും സിലോണിലേക്കും സിംഗപ്പൂരിലേക്കുമായിരുന്നു പ്രധാനമായും കുടിയേറ്റം. അതൊരു പോക്ക് തന്നെയായിരുന്നു. പലരും കുടിയേറിയ പ്രദേശങ്ങളിൽ കല്യാണം കഴിച്ചു. അവർക്ക് അവിടെ മക്കളുണ്ടായി. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോ റിലേക്കും കറാച്ചിയിലേക്കും ആളുകൾ പോയി. ഇന്നും സിറ്റിയിലെ പല കുടുംബങ്ങൾക്കും പാക്കിസ്ഥാനിൽ ബന്ധുക്കളുണ്ട്. സിംഗപ്പൂരിൽ നിന്ന് മുലകുടി പ്രായത്തിൽ നാടുവിട്ടു വന്നവർ ഇപ്പോഴും സിറ്റിയിലുണ്ട്. ചിലർക്കെ ങ്കിലും ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുകയും തിരിച്ചു വന്നശേ ഷം ഇവിടെ സ്ഥിരമായി കഴിയാൻ ബുദ്ധി മുട്ടനുഭവപ്പെടുകയും ചെയ്തിരുന്നു. അറബിക്കല്യാണം കഴിഞ്ഞ് സൗദി പൗരത്വം കിട്ടിയ സ്ത്രീകൾ സിറ്റിയിലുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബർമ ആക്രമിക്കപ്പെട്ടപ്പോ ൾ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമെന്ന നിലയിൽ ഇന്ത്യക്കാർ ആട്ടിയോടിക്കപ്പെട്ടു. ബർമയിൽ വിവാഹം കഴിച്ചു താമസിച്ചവരിൽ പലർക്കും കുടുംബങ്ങളെ കൈയൊഴിയേണ്ടിവന്നു. വരാൻ തയാറായ മക്കളെയും ഭാര്യമാരെയും കൂട്ടിയാണ് പലരും സിറ്റിയിൽ തിരിച്ചെത്തിയത്. ഇവരൊക്കെ നടന്നാണ് വന്നത് എന്ന് വാമൊ ഴികളുണ്ട്. എവിടെയാണെന്ന് ഒരു വിവരവുമില്ലാതിരുന്ന തന്റെ ബാപ്പ ഒരു ദിവസം ബർമയിൽ നിന്ന് വീട്ടിൽ കയറി വന്നത് അബ്ദു റഹ്മാൻ മുൻഷി ഓർക്കുന്നു. നടന്നു വന്നതാണെന്ന് ആളുകൾ പറഞ്ഞു കേട്ടിരുന്നുവെന്നാണ് അദ്ദേഹം ഓർമിക്കുന്നത്. എന്നാൽ ബാപ്പ അതെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. പത്രപ്രവർത്തകനായ ഹനീഫ കുരിക്കളകത്തിന്റെ പിതാവും ബർമയിലായിരുന്നു. രണ്ടാം ലോക യുദ്ധത്തിനു ശേഷം അവിടെ നിന്ന് പിതാവ് ഇന്ത്യയിലേക്ക് നടന്നു വന്നുവെന്നാണ് അദ്ദേഹവും പറയുന്നത്.

ഗൾഫ് പ്രവാസം
അറുപതുകളുടെ തുടക്കം മുതലാണ് ഗൾഫിലേക്ക് സിറ്റിക്കാരുടെ കുടിയേറ്റം ആരംഭിക്കുന്നത്. 1976 ലാണ് ഞാലുവയലിലെ ദിരാർ കുവൈത്തിലെ അബുസാലിക്കയുടെ സബാ ബെയ്ക്കറിയിൽ ജോലിക്കാരനായി എത്തുന്നത്. അതിന് 20 വർഷം മുമ്പ് അവിടെ ബെയ്ക്കറി ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 1967 ൽ ലോഞ്ചിൽ ഖോർഫുക്കാനിലെത്തിയ ആളാണ് കനീലകത്ത് ഹാശിം. സ്കൂൾ പഠനം കഴിഞ്ഞ് എങ്ങനെയെങ്കിലും ഉത്താറകത്ത് അലി ഹാജിക്കാനോട് പറഞ്ഞ് കുവൈത്തിൽ പോകണം എന്നതായിരുന്നു അക്കാലത്ത് യുവാക്കളുടെ വലിയ സ്വപ്നമെന്ന് ഹാശിംക്ക ഓർമിക്കുന്നു. ദുബായ്, ബഹ്റൈൻ, കുവൈത്ത് ഇതായിരുന്നു സിറ്റിക്കാർ തുടക്കത്തിൽ പ്രധാനമായും കുടിയേറിയ സ്ഥലങ്ങളെന്ന് ഹാശിംക്ക പറയുന്നു. ദുബായിയുമായി ഇന്ത്യക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമുണ്ടെങ്കിലും കുടിയേറ്റം ശക്തമാവുന്നത് എഴുപതുകളിലാണ്. 1966 വരെ ഇന്ത്യൻ രൂപ ആയിരുന്നു അവിടെ ഔദ്യോഗിക കറൻസി. ഇന്ത്യയുടെ തപാൽ സ്റ്റാമ്പായിരുന്നു ഒരുപാട് കാലം യു.എ.ഇ ഉപയോഗിച്ചിരുന്നത്. ഇന്ന് യു.എ.ഇയിൽ പത്ത് ലക്ഷത്തിലേറെ മലയാളികളുണ്ട്.

1955 ലെ മലയ പാസ് പോർടിൽ നിന്ന്.
അന്ന് മലയ പാസ് പോർട്ടുള്ളവർക്ക്
സഞ്ചരിക്കാൻ സാധിച്ചിരുന്നത് ഇന്ത്യ,
പാക്കിസ്ഥാൻ, സിലോൺ, ബർമ,
ഇന്തോനേഷ്യ, ബോർണിയോ, മലയ
എന്നിവിടങ്ങളിലായിരുന്നു.

ഹജ്ജിനായി നൂറ്റാണ്ട് മുമ്പു തന്നെ ആളുകൾ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്. കണ്ണൂർ അറക്കൽ തറവാട്ടിലെ പുതിയാപ്പിള മായിൻകുട്ടി എളയക്ക് ഹജ്ജിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. 1870 കളിൽ മക്കയിൽ കേയി റുബാത്ത് സ്ഥാപിക്കുന്നത് മായിൻകുട്ടി എളയയാണ്. അന്ന് സൗദി ദരിദ്ര രാജ്യമായിരുന്നു. ഹജ്ജിന് എത്തിയ മായിൻകുട്ടി എളയ അവിടത്തെ പരിമിതികളും പ്രയാസങ്ങളും കണ്ട് സങ്കടപ്പെട്ടാണ് കേയി റുബാത്ത് സ്ഥാപിക്കുന്നത്. മലബാറിൽ നിന്നുള്ള ഹാജിമാർക്ക് താമസിക്കാനുള്ള സൗകര്യമായിരുന്നു ഇത്. ഇതിനായി മലബാറിൽ നിന്ന് കപ്പലിൽ മരങ്ങളും മറ്റും എത്തിക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഹറം വികസനത്തിനിടെ കേയി റുബാത്ത് തകർത്തപ്പോൾ സൗദി ഭരണകൂടം മറ്റൊരു സ്ഥലം അനുവദിച്ചു. എന്നാൽ 1960 കളിൽ ഈ സ്ഥലവും ഹറം വികസനത്തിനായി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. നഷ്ടപരിഹാരത്തുക സൗദി വഖഫ് മന്ത്രാലയത്തിൽ നിക്ഷേപിച്ചു. മായിൻകുട്ടി എളയക്ക് മക്കളുണ്ടായിരുന്നില്ല. ഈ തുകക്കു വേണ്ടി ഇപ്പോൾ അനന്തരാവകാശികൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

കേയി കുടുംബക്കാരനാണ് മായിൻകുട്ടി എളയ. കണ്ണൂരിലെ ചൊവ്വയിൽ നിന്ന് തലശ്ശേരിയിൽ കുടിയേറിയ കുടുംബമാണ് കേയിമാരുടേത്. അറക്കൽ കുടുംബവും കേ യി കുടുംബവും സ്വത്തിനായി അവകാശമുന്നയിച്ചതോടെ നാലു പതിറ്റാണ്ടോളം തുക
സൗദി മന്ത്രായലത്തിൽ കിടന്നു. യഥാർഥ അവകാശികളെ കണ്ടെത്തണമെന്നാവ ശ്യപ്പെട്ട് ഇപ്പോൾ സൗദി ഗവൺമെന്റ് ഇന്ത്യൻ ഗവൺമെന്റിന് എഴുതിയിരിക്കുകയാണ്. ഹജ്ജിനായി അക്കാലത്ത് വലിയ പ്രയാസങ്ങൾ സഹിച്ച് മക്കയിലെത്തിയ പലരും അവിടെത്തന്നെ താമസിക്കുകയായിരുന്നു. മക്കയുടെ വികസനത്തിൽ മലയാളികളുടെ പങ്ക് ഹുസൈൻ മടവൂരിനെ പോലെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. 1930കളിലാണ് സൗദി അറേബ്യ എന്ന രാജ്യം ഉണ്ടാവുന്നത്. എഴുപതുകളുടെ തുടക്കത്തിലാണ് അവിടേക്കും കുടിയേറ്റം ശക്തമായത്. 1975ൽ
സൗദിയിൽ മുപ്പത്തയ്യായിരത്തോളം ഇന്ത്യക്കാരുണ്ടായിരുന്നു എന്നാണ് കണക്ക് . ഇന്നത് 40 ലക്ഷം കവിഞ്ഞു.

പാസ്‌പോർട് വേണ്ടാത്ത യാത്ര

ഖോർഫുക്കാനിലേക്ക് കോഴിക്കോട് നിന്ന് 1967ൽ ലോഞ്ചിൽ പോയ ആളാണ് കനീലകത്ത് ഹാശിംക്ക. സിറ്റിയിൽ ബന്ധുവിന്റെ ഇലക്ട്രിക്കൽ കടയിൽ ജോലി ചെയ്യുമ്പോഴാണ് വിദേശയാത്ര തരപ്പെട്ടത്. ലോഞ്ചിൽ മുപ്പതോളം പേരുണ്ടായിരുന്നു. അതിലേറെയും കണ്ണൂർക്കാർ. അവിലായിരുന്നു പ്രധാനമായും കൂടെ കരുതിയത്. പാസ് പോർട്ടൊന്നുമില്ല. കടൽചൊരുക്കും ഡീസലിന്റെ മണവുമൊക്കെയായി ദുരിതയാത്രയായിരുന്നു. 21 ദിവസമെടുത്തു ഖോർഫുക്കാനിലെത്താൻ. ലോഞ്ച് യാത്രക്ക് 900 രൂപ കൊ ടുത്തുവെന്നാണ് അദ്ദേഹത്തിന്റെ അവ്യക്തമായ ഓർമ. ഹാശിംക്കയുടെ ലോഞ്ച് ഖോർഫുക്കാൻ തീരത്ത് അടുത്തിരുന്നു. എന്നാൽ പലപ്പോഴും ലോഞ്ചുകൾ കരയിലേക്കു വന്നി രുന്നില്ല. നീന്തിയാണ് ആളുകൾ കരക്കണഞ്ഞത്. നീണ്ട യാത്രക്കും സ്വപ്നതീരത്തി
നുമിടയിലുള്ള ആ ചെറിയ കടലിടുക്കിൽ പലരും മുങ്ങിമരിച്ചിട്ടുണ്ട്. സിറ്റിക്കാരായ എം.എസ് ബമ്പൻ, മുസ്തഫ തുടങ്ങിയവർ ലോഞ്ച് യാത്രയുടെ അവസാനം ഖോർഫുക്കാ ൻ തീരത്ത് മരണപ്പെട്ടതായി പള്ളിക്കണ്ടി ഫാറൂഖ് പറയുന്നു.

ബർമയിൽ നിന്ന് പുറത്താക്കപ്പെട്ടത് രേഖപ്പെടുത്തിയ 1946 ലെ സർടിഫിക്കറ്റ്

ഖോർഫുക്കാനിൽ ലോഞ്ചിലെത്തുന്നവരെ സ്വീകരിക്കാൻ സ്വദേശികൾ പോലും എത്താറുണ്ടായിരുന്നുവെന്ന് ഹാശിംക്ക പറയുന്നു. യു.എ.ഇ പുരോഗതിയുടെ പാതയിൽ നീങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെതായിരുന്നു മിക്ക ചായക്കടകളും. സ്വദേശികൾ പോലും കഴുതപ്പുറത്താണ് സാധനങ്ങൾ കടത്തിയിരുന്നത്. കറങ്ങുന്ന ഫാനിനു കീഴെ ചുട്ടുപൊള്ളുന്ന ചൂടിലായിരുന്നു ആളുകൾ  അന്തിയുറങ്ങിയിരുന്നത്. ഹാശിംക്ക ഇലക്ട്രിക്കൽ ജോലിയാണ് ആദ്യം ചെയ്തത്. കിട്ടിയ ശമ്പളം 150 ഇന്ത്യൻ രൂപ. രണ്ടാം തവണ കപ്പലിന് പോവുമ്പോഴാണ് ഹാശിംക്കാക്ക് പാസ്പോർട്ട് എടുക്കേണ്ടി വന്നത്. ലോഞ്ചിലെത്തുന്നവർക്ക് താമസിക്കാനായി ഖോർഫുക്കാനിൽ അന്ന് കണ്ണൂർ ഹൗസ് ഉണ്ടായിരുന്നു. പ്രധാനമായും സിറ്റിക്കാരായിരുന്നു അവിടെയുണ്ടായിരുന്നത്. പിന്നീട് ആളുകൾ പിരിവെടുത്ത് ഇവിടെ സൗജന്യ ഭക്ഷണവും ഏർപ്പെടുത്തി. ഖാദർ ഹോട്ടലിനും മാട്ടൂൽക്കാരന്റെ ഡീലക്സ് ഹോട്ടലിനും സമീപമായിരുന്നു വെള്ളിയാഴ്ചകളിൽ സിറ്റിക്കാർ ഒത്തുകൂടിയിരുന്നത്. അക്കാലത്തു തന്നെ ചില സിറ്റിക്കാരായ സ്ത്രീകൾ അവിടെയുണ്ടായിരുന്നു എന്ന് ഹാശിംക്ക ഓർമിക്കുന്നു. ലബ്ബ മുസ്തഫയുടെ കുടുംബമായിരുന്നു അതിലൊന്ന്. ശെയ്ഖ് റാഷിദിന്റെ സന്മനസ്സാണ് ദുബായ് ഇന്ത്യക്കാരുടെ സ്വപ്നഭൂമിയാവാൻ കാരണമെന്ന് ഹാശിംക്ക കരുതുന്നു. ലോഞ്ചിൽ എത്തുന്നവരെ തടയണമെന്ന് അറുപതുകളുടെ അവസാനം ആവശ്യം ഉയർന്നെങ്കിലും ശെയ്ഖ് റാഷിദ് അതിന് തയാറായില്ല.

എഴുപതുകളുടെ മധ്യത്തിൽ കുവൈത്തിലേക്ക് കപ്പലിൽ പോയവരാണ് ഞാലുവ യലിലെ ദിരാർ, തമ്മിട്ടോൻ അഹമ്മദ്, റഷീദ് തുടങ്ങിയവർ. സഫാത്തിൽ അലി ഹാജിക്കാന്റെ റഹ്മാനിയ ഹോട്ടലും ഫഹാഹീലിൽ സാലി ഹാജിക്കാന്റെ സബാബെയ്ക്കറിയും അതിനുമെത്രയോ മുമ്പെ ഉണ്ടായിരുന്നു. ലോഞ്ചിൽ വരുന്നവരെ പിക്കപ്പി ൽ റഹ്മാനിയ ഹോട്ടലിലായിരുന്നു എത്തിച്ചിരുന്നതെന്ന് ആദ്യകാല പ്രവാസിയായ
റഫീഖ് ഓർമിക്കുന്നു. ഫഹാഹീലിൽ സബ ബെയ്ക്കറിയും വെളുത്താണ്ടിക്കാരുടെ ഹാദി സൂപ്പർ മാർക്കറ്റുമായിരുന്നു സിറ്റിക്കാരുടെ കേന്ദ്രങ്ങൾ. സഫാത്തിലെ റഹ്മാനിയ ഹോട്ട ൽ പിന്നീട് ബെയ്ക്കറിയായി മാറി. സിറ്റിക്കാർക്കുള്ള കത്തുകൾ ഈ കേന്ദ്രങ്ങളിലാണ് എത്തിച്ചിരുന്നത്.

എഴുപതുകളുടെ ഉത്തരാർധത്തിൽ ബോംബെയിൽ നിന്ന് കുവൈത്തിലേക്കുള്ള കപ്പൽ യാത്രക്ക് 1400 രൂപയായിരുന്നു ടിക്കറ്റ് ചാർജെന്ന് തമ്മിട്ടോൻ റഷീദ് ഓർമിക്കുന്നു. ടിക്കറ്റിന് വലിയ ഡിമാന്റായിരുന്നു. വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു ഉണ്ടായിരുന്നത്. ആയിരത്തിയഞ്ഞൂറോളം പേർ കപ്പലിലുണ്ടായിരുന്നു. നിരവധി പോർട്ടുകളിൽ നിർത്തിയ ശേഷമാണ് കപ്പൽ കുവൈത്തിൽ അടുക്കുക. 1976ൽ കുവൈത്തിലേക്ക് കപ്പൽ യാത്ര ചെയ്ത അനുഭവമുണ്ട് അഹമ്മദ്ക്കാക്ക് . ജിദ്ദയിൽ മുസ്ലിംകളെ മാത്രമേ അന്ന് ഇറക്കിയിരുന്നുള്ളൂ. ഒരു മലയാളിപ്പേര് കണ്ട് സൗദി അധികൃതർക്ക് അമുസ്ലിമാണോയെന്ന് സംശയമായി. ഇയാളെ ഇറക്കാൻ സമ്മതിച്ചില്ല. കപ്പലിൽ ആകെ കരച്ചിലും ബഹളവുമായി.

ഗൾഫ് സ്വാ ധീനം ഗൾഫാണ് മലയാളികളുടെ പോറ്റുമ്മയെന്ന് ആറു വർഷം മുമ്പ് പ്രവാസം മതിയാക്കിയ അബ്ദുൽ ഖാദർ പറയും. ലോഞ്ചിൽ ദുബായിൽ പോയ പല സിറ്റിക്കാരും ഇന്നും ആയിക്കരയിൽ പാതാറയിലിരുന്ന് ഓർമകൾ അയവിറക്കാറുണ്ട്. എണ്ണപ്പണം കണ്ണൂർ സിറ്റിയുടെ ദാരിദ്ര്യമകറ്റിയെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല. സിറ്റിയിലെ അടുക്കളകളെ അത് വിഭവസമ്പന്നമാക്കി . വീടുകളുടെ മുഖം മിനുക്കി . തറവാടുകളുടെ തകർച്ചക്ക് ആക്കം കൂട്ടുകയും സിറ്റിയിൽ സ്ഥലം കിട്ടാത്തവണ്ണം അണുകുടുംബങ്ങളുടെ വ്യാപനത്തിന് കാരണമാവുകയും ചെയ്തു. നിശ്ശബ്ദമായ പല വിപ്ലവങ്ങൾക്കും അത് കളമൊരുക്കി. ബദൽ ചിന്തകളെയും പ്രസ്ഥാനങ്ങളെയും വളരാനനുവദിക്കാത്ത മണ്ണായിരുന്നു കണ്ണൂർ സിറ്റി. യോഗം മുടക്ക ലും കല്ലെറിയലും അടിയും തടയുമൊക്കെ പതിവായിരുന്നു. അഹമ്മദിയ ന്യൂനപക്ഷത്തിനെതിരെയും ശക്തമായ ഉപരോധം നിലനിന്നു. എന്നാൽ ഗൾഫ് പ്രവാ സം രാഷ്ട്രീയത്തിലും മതത്തിലും നവീകരണത്തിന്റെ കാറ്റ് വീശാൻ കാരണമായി. പുറംലോകം കണ്ടവരുടെ ചിന്ത വിശാലമായി. ഇന്ന് ഏതാണ്ടെല്ലാ വിഭാഗങ്ങൾക്കും കണ്ണൂർ സിറ്റിയിൽ പ്രാതിനിധ്യമുണ്ട്. താരതമ്യേന പ്രയാസങ്ങളില്ലാതെ ആർക്കും സിറ്റിയിൽ പ്രചാരണം നടത്താനുള്ള സാഹചര്യം ഉടലെടുത്തു. വിമത ശബ്ദങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാൻ അൽപാൽപമായി സിറ്റി പഠിച്ചു.

മാമൂലുകളാൽ കെട്ടിവരിയപ്പെട്ട സമൂഹമായിരുന്നു സിറ്റിയിലേത്. മരുമക്കത്തായ സമ്പ്രദായത്തിന് ഒരുപാട് ഗുണങ്ങളുണ്ടാവാം. എന്നാൽ അത് സൃഷ്ടിച്ച പുതിയാപ്പിള സംസ്കാരം പല കുടുംബങ്ങളെയും വീർപ്പുമുട്ടിച്ചു. മയ്യിത്ത് മറമാടാൻ എടുക്കുമ്പോൾ പോലും പുതിയാപ്പിളമാരുടെ സമ്മതം വാങ്ങേണ്ടിയിരുന്നു. ആളുകളെ ബുദ്ധി മുട്ടിക്കാനായി മാത്രം ആ സമയം നോക്കി മുങ്ങുന്ന വിരുതന്മാർ ഉണ്ടായിരുന്നു. ഇന്നും മാമൂലുകൾ പലരൂപത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും പഴയതു പോലെ അസഹ്യമല്ല. ഗൾഫുകാരായ ഭർത്താക്കന്മാർ പല കുടുംബങ്ങളുടെയും ഉന്നമനത്തിന് കാരണമായി. വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റമാണ് ഏറ്റവും പ്രധാനം. എൺപതുകൾ വരെ പത്താം ക്ലാസിനപ്പുറത്തേക്കുള്ള ലോകം കണ്ടവർ അപൂർവമായിരുന്നു. ഗൾഫ് യുദ്ധവും ഗൾഫിലെ സ്വദേ ശിവൽക്കരണവും എണ്ണപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞേക്കുമെന്ന വലിയ ഭീതി പരത്തി. ഇത് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാൻ പ്രേരണയായി. തൊ ണ്ണൂറുകളിൽ ദീനുൽ ഇസ്ലാം സഭയിൽ നൂറു ശതമാനം വിജയമുണ്ടായത് സിറ്റിയിലെ ഏറ്റവും വല ിയ നിശ്ശബ്ദ വിപ്ലവമായി. യതീം ഖാനയും മുസ്ലിം ജമാഅത്തുമായിരുന്നു കാലങ്ങളായി സിറ്റിയിലെ പ്രധാന പൊതുസ്ഥാപനങ്ങൾ. വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിച്ചതോടെയാണ് ഹംദർദ് യൂനിവേഴ്സിറ്റിയുടെ ഓഫ്കാമ്പസ് സിറ്റിയിലേക്കു വന്നത്. ഖിദ്മ ചാരിറ്റബ്ൾ ട്രസ്റ്റാണ് സിറ്റിയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെയുണ്ടായ മറ്റൊരു പ്രധാന കേന്ദ്രം. അതും നിലനിൽക്കുന്നത് സിറ്റിക്കാരായ പ്രവാസികളുടെ കാരുണ്യത്തിലാണ്.

1967 ൽ ലോഞ്ചിൽ ഖർഫുക്കാനിലെത്തിയ കുനീലകത്ത്
ഹാശിം

തീറ്റയും സംഗീതവും ദുരിതകാലത്തു പോലും സിറ്റിക്കാരുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ബർമ ഹോട്ടലിലെ പൊറോട്ടയും സാൽനയുമടിക്കാത്ത കുട്ടിക്കാലം ആർക്കുമുണ്ടാവില്ല. കൊട്ടും മുള്ളും ബോട്ടിയും മണി മസാലയുമൊക്കെ സിറ്റിയുടെ തനതു വിഭവങ്ങളാണ്. പ്രവാസത്തിന്റെ സ്വാധീനം പലയിടങ്ങളിലും ഭക്ഷണ രീതികളിൽ കാതലായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഷവർമയും കുഴിമന്തിയും മുതബക്കുമൊക്കെ സിറ്റിയിലുമെത്തിയിട്ടുണ്ട്. എങ്കിലും മാറ്റങ്ങൾക്കിടയിലും സ്വന്തം വിഭവങ്ങൾ ഇന്നും ചൂടോടെ ആസ്വദിക്കാൻ സിറ്റിക്കാർക്കു കഴിയുന്നുണ്ട്. സിറ്റിയുടെ ഭക്ഷണരീതികളെ കീഴ്മേൽ മറിക്കാൻ പ്രവാസ സംസ്കാരത്തിന് കഴിഞ്ഞിട്ടില്ല.
സിറ്റിയിൽ തഴച്ചുവളരുന്ന തട്ടുകടകളിലെല്ലാം പ്രധാനമായും വിൽപന നാടൻ വിഭവങ്ങളാണ്. കല്ലുമ്മക്കായി പൊരിച്ചതില്ലാതെ ഒരു പ്രവാസിയും ഗൾഫിലേക്ക് മടങ്ങാറില്ല. തിരിഞ്ഞുനോക്കുമ്പോൾ വിദ്യാഭ്യാസ രംഗത്ത് സിറ്റി വലിയ പുരോഗതി നേടി എന്ന് അഭിമാനിക്കുമ്പോഴും വിദ്യാഭ്യാസ സംസ്കാരം നാട്ടിൽ അടിയുറച്ചിട്ടില്ലയെന്നത് ന്യൂനതയായി നിലനിൽക്കുന്നു. ഡിഗ്രിയും കഴിഞ്ഞ് ഗൾഫിൽ പോകലാണ് ഇന്നും യുവതയുടെ പ്രധാന സ്വപ്നം. നല്ല രീതിയിൽ പത്താം ക്ലാസ് കഴിയുന്ന പെൺകുട്ടികളിൽ സിംഹഭാഗവും വീട്ടമ്മ
മാരായി ഒതുങ്ങിക്കഴിയുന്നു. പഠിച്ച് നാട്ടിൽ നല്ലൊരു നിലയിലെത്തണമെന്ന ചിന്ത ഇന്നും സിറ്റിയിൽ വേരോടിയിട്ടില്ല. പഠന, തൊഴിൽ രംഗങ്ങളിൽ വിദ്യാർഥികൾക്ക് വഴികാട്ടേണ്ട ഒരു കരിയർ കൗൺസലിംഗ് സെന്ററിന്റെ അഭാവം നാട്ടിൽ മുഴച്ചുനിൽക്കുന്നു. മക്കൾ നന്നായി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും എന്നതിൽ സംശയമില്ല. എന്നാൽ എങ്ങനെ, ഏതുവഴി എന്നറിയാത്തവരാണ് ബഹുഭൂരിഭാഗവും. സിജിയുടേതു പോലുള്ള ചെറുകിട കരിയർ സംരംഭങ്ങൾ സിറ്റിയിലുണ്ട്. എന്നാൽ പ്രൊഫഷനൽ നിലവാരത്തിൽ പ്രവർത്തിക്കുന്ന സംവിധാനം ഇല്ല. വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹകരിപ്പിച്ച് പഠന നിലവാരം ഉയർത്തുക, സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ വഴികാട്ടുക, പഠിക്കാൻ മിടുക്കരായ പാവപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങേകുക, പിന്നാക്കം പോവുന്നവരെ കൈപിടിച്ചുയർത്തുക, പഠനത്തിലും കൗമാരത്തിലുമുണ്ടാവുന്ന മാനസികസമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെയും രക്ഷിതാക്കളെയും സഹായിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യാൻ പ്രൊഫഷനൽ കരിയർ കൗൺസലിംഗ് സെന്ററിന് സാധിക്കും. പ്രവാസികൾ കൈകോ ർത്താൽ അത്തരമൊരു സെന്റർ സ്ഥാപിക്കാൻ വലുതായൊന്നും ബുദ്ധിമുട്ടേ ണ്ടതില്ല. പക്ഷെ ഇന്നും അത് സിറ്റിയുടെ മുൻഗണനാ പട്ടികയിൽ വന്നിട്ടില്ല. നന്നായി പ്രവർത്തിക്കുമെങ്കിൽ സിറ്റിയിൽ വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കാൻ അത്തരമൊരു സെന്ററിന് സാധിക്കും. മാമൂലുകളുടെ കെട്ടഴിഞ്ഞെങ്കിലും ദാമ്പത്യപ്രശ്നങ്ങൾക്ക് ഒട്ടും കുറവുണ്ടായിട്ടില്ല. പ്രവാസം അത്തരം പ്രശ്നങ്ങൾ വർധിപ്പി ക്കുകയേ ചെയ്തിട്ടുള്ളൂ. ജോലിയെന്തെന്ന് നോക്കാതെ ദുബായ്ക്കാരനെ പുതിയാപ്പി ളയാക്കുന്ന രീതിയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. എങ്കിലും സ്വപ്നങ്ങളിൽ നിന്ന് യാഥാർഥ്യങ്ങളിലേക്ക് വരുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ മിക്ക കുടുംബങ്ങളെയും അലട്ടുന്നു. മറിറ്റൽ, പ്രി മറിറ്റൽ കൗൺസലിംഗ് സെന്റർ സിറ്റിയുടെ മുൻഗണനാ ലിസ്റ്റിൽ വരേണ്ട പ്രധാനപ്പെട്ട വിഷയമാണ്.

ബീഡിക്കമ്പനികളും ചുരുട്ട് തെറുപ്പുകേന്ദ്രങ്ങളും നെയ്ത്തു കമ്പനികളുമൊക്കെയായി ഒരുപാട് കൈത്തൊഴിൽ കേന്ദ്രങ്ങളുണ്ടായിരുന്ന സ്ഥലമായിരുന്നു സിറ്റി. മുട്ടാപ്പം ചുടലും ആടിനെ പോറ്റലും ഒക്കെയായി സ്ത്രീകളും ജോലി ചെയ്തിരുന്നു. ഇന്ന് പഠിച്ച പെൺകുട്ടികൾ പോലും വീടുകളിൽ വെറുതെയിരിക്കുന്നു. പ്രവാസം മതിയാക്കി വരുന്നവർക്ക് അവരുടെ കഴിവ് ഉപയോഗപ്പെടുത്താൻ സിറ്റിയിൽ മാർഗങ്ങളില്ല. അവർക്ക് എന്തെങ്കിലും ആരംഭിക്കണമെങ്കിൽ വഴികാട്ടാനാരുമില്ല. ഇവർക്ക് മാർഗനിർദേശം നൽകാനും പഠിച്ച പെൺകുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനും സംവ ിധാനങ്ങൾ ഉണ്ടാവേ ണ്ടതുണ്ട്. തലശ്ശേരി പോലുള്ള മുസ്ലിം കേന്ദ്രങ്ങളിൽ ഇത്തരം സെന്ററുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ശക്തമായ മഹല്ല് സംവിധാനമില്ലെന്നത് സിറ്റിക്ക് പലതരത്തിലും അനുഗ്രഹമാണ്. മതകക്ഷി വക്കാ ണങ്ങൾ സിറ്റിയിൽ കുറവാണ്. പള്ളിക്ക് വരിസംഖ്യ അടക്കാത്തതിന്റെ പേരിൽ മയ്യിത്ത് മറമാടാൻ അനുവദിക്കാത്ത സംഭവങ്ങളൊന്നും കേട്ടുകേൾവിപോലുമില്ല. എന്നാൽ മഹല്ല് സംവിധാനമില്ലാത്തതിന്റെ ന്യൂനതകൾ പലതുമുണ്ട്. ഗൾഫിലെ സിറ്റിക്കാരുടെ ജീവകാരുണ്യ സംഘടനകൾ ഓരോവർഷവും കോടികൾ ചെലവഴിക്കുന്നുണ്ട്. പക്ഷെ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ പബ്ലിസിറ്റി കിട്ടുന്ന കാര്യങ്ങൾക്ക് ദിവസങ്ങൾ കൊണ്ട് കിട്ടുന്നത് ലക്ഷങ്ങളാണ്. സിറ്റിയിലെ സ്കൂളുകളിലെയും പൊ തുസ്ഥാപനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും സമൂഹത്തിന് മൊത്തം ഉപകാരപ്രദമാക്കാനും ഇന്ന് ചെലവഴിക്കുന്നതിന്റെ ചെറിയൊരംശം മതി. എന്നാൽ ഗൾഫ് കൂട്ടായ്മകളെ ഏകോപിപ്പിക്കാൻ സിറ്റിയിൽ സംവിധാനങ്ങളില്ല. ഇന്ന് വലിയ പ്രയാസം അനുഭവിക്കുന്ന വിഭാഗം പഴയ തറവാട്ടുകാരാണ്. പല തറവാടുകളും ജീർണതയുടെ വക്കിലാണ്. അവിടങ്ങളിൽ അവശേഷിക്കുന്നവർ ആരുടെ മുന്നിലും കൈനീട്ടാൻ മടിക്കുന്നവരാണ്. അർഹരായവരെ കണ്ടെത്തി പ്രവാസികളുട സഹായം അവരിലെത്തിക്കാനുള്ള സംഘടിതമായ സംവ ിധാനം ഉണ്ടാവേണ്ടതുണ്ട്.

ഗൾഫ് പണം അണുകുടുംബ സംസ്കാരത്തിന് ആക്കം കൂട്ടി. നിരവധി തറവാടുകൾ തകർന്നടിഞ്ഞു. അവകാശത്തർക്കം കാരണം ഈ തറവാടുകളിൽ മിക്കതും ജീർണിച്ച ഭാർഗവി നിലയങ്ങളായി. കോടതികളിൽ കേസ് കെട്ടിക്കിടന്നു. എ.പി.എം മൊയ്തു
സാഹിബിനെ പോലെയുള്ളവരായിരുന്നു പല കേസുകളിൽ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കിയിരുന്നത്. ഒത്തുതീർപ്പ് സമിതി സിറ്റിയിലുണ്ടായിരുന്നുവെങ്കിൽ പല തറവാടുകളുടെയും സ്വത്ത് അതിന്റെ യഥാർഥ അവകാശികൾക്ക് ലഭ്യമാക്കാമായിരുന്നു. അറബിക്കടലിൽ നിന്ന് വീശിയ അത്തറിന്റെ മണമുള്ള കാറ്റ് കണ്ണൂർ സിറ്റിയുടെ പശിയടക്കി, അവരിൽ മാറ്റത്തിന്റെ നറുമണം പരത്തി. കടലിനക്കരേക്ക് കൈനീട്ടേണ്ടി വരാത്ത ഒരു നാളെയെക്കുറിച്ചാണ് ഇനി കണ്ണൂർ സിറ്റി ചിന്തിക്കേണ്ടത്.

Add a Comment

Your email address will not be published. Required fields are marked *