അന്നു ഞങ്ങൾ ടോട്ടോചാൻ വായിച്ചിട്ടില്ല. ഞങ്ങളുടെപഴയ അദ്ധ്യാപകർ അവരുടെ ജീവിത കാലത്തിനുള്ളിൽ ഒരുതവണ ആ പുസ്തകം വായിക്കട്ടെ എന്ന്പിന്നീട് കൊബായാഷി മാസ്റ്ററെയും ടോമോ തീവണ്ടി സ്കൂളിലെ കുട്ടികളുടെ സന്തോഷത്തെയും കുറിച്ച്ഓർക്കുമ്പോൾ ആഗ്രഹിക്കാറുണ്ട്. ആഗ്രഹങ്ങൾ മനസ്സിലടക്കി ദിവാസ്വപ്നങ്ങൾ കണ്ട്ക്ലാസിലിരിക്കുന്ന കുട്ടികളായിരുന്നു ഞങ്ങൾ. വേപ്പുകായകൾ വീണു കിടക്കുന്ന സ്കൂൾ മുറ്റത്തിരുത്തി മൈസൂർ സാൻഡൽ മണമുള്ള ടീച്ചർ ഞങ്ങൾക്ക്പാഠങ്ങൾ ചൊല്ലിത്തന്നു. ഓർക്കുമ്പോൾ രസമുണ്ട്. കുഞ്ഞുങ്ങളായ ഞങ്ങൾ. വീട്ടുവഴിയിലെ തോടുകളിലെല്ലാം കാലുനനച്ച്ഓടുന്ന, ഒരു മാങ്ങകിട്ടിയാൽ അതിന്റെ ഓരോ ഭാഗവും ഊഴം വച്ച്‘ഒരു കടി’എന്ന്പങ്കിടുന്ന നമ്മൾ. പക്ഷേ ഇന്നോർക്കുമ്പോൾ അങ്ങനെയല്ല പലപാഠങ്ങളും തെറ്റായിരുന്നു എന്നു തോന്നുന്നു. ‘പഠിപ്പുകഴിഞ്ഞ്പള്ളിക്കൂടം വിട്ടുകഴിഞ്ഞെന്നാൽ’ എന്ന പാട്ടോർമ്മവരുന്നു. അച്ഛനെപ്പോലെ ഡോക്ടറും എഞ്ചിനിയറും അദ്ധ്യാപകനും കൃഷിക്കാരനുമൊക്കെ ആകാൻ കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പാഠം. അത് പഠിപ്പിച്ച സുഗന്ധവാഹിനിയായ ടീച്ചർ തന്ന ആദ്യത്തെ അടി ഓർമ്മയുണ്ട്. ക്ലാസിലെ ഒരു കുട്ടിക്ക്അറിയാതെ വയറ്റിൽ നിന്നും പോയതും രഹസ്യമായി അവനെ ടീച്ചർ വീട്ടിലാക്കിയതും അറിഞ്ഞു എന്നതിനായിരുന്നു നടുപ്പുറം കലങ്ങിയത്. ദിവസങ്ങൾക്ക്മുൻപ് അതേ അവസ്ഥ അനുഭവിച്ച പെൺകുട്ടിയെ ഞങ്ങളെക്കൊണ്ട്കൂവി വിളിപ്പിച്ചതും നിലം വൃത്തിയാക്കിച്ചതും അതേടീച്ചറായിരുന്നു! അത് എന്താണെന്ന സംശയം ഒന്നാംക്ലാസിൽ നിന്നും ലോകം തിരിയാനാകും വരെ കൊണ്ടുനടന്നു. മാനഹാനിയുണ്ടാകാതെ വീട്ടിലെത്തിയ ആൾ തലേന്ന് വയറു നിറയെ തിന്നതിന്റെ ഫലമാണ് അനുഭവിച്ചതെന്നും അപമാനിതയും പീഡിതയുമായ പെൺകുട്ടി രാത്രിയിൽ നല്ല ആഹാരമില്ലാഞ്ഞിട്ടോ തലേന്ന് രാത്രി അവളുടെ അച്ഛൻ കുടിച്ചു വന്ന്കുഴപ്പമുണ്ടാക്കിയതിനാൽ ഉറങ്ങിയെഴുന്നേൽക്കാൻ വൈകിപ്പോയതിനാലോ പറ്റിപ്പോയ അബദ്ധമായിരിക്കാമെന്നും
ഇന്നതിനെ കാണാൻ കഴിയുന്നുണ്ട്. പക്ഷേ അന്ന്അവർ അനുഭവിച്ച അന്തരം ജാതിയുടേയും ദാരിദ്ര്യത്തിന്റേതുമായിരുന്നു എന്നു തിരിച്ചറിയു മ്പോഴുണ്ടാകുന്ന വിഷമവും സങ്കടവും ദേഷ്യവും എന്നും ഞങ്ങൾ കൊണ്ടുനടന്നു. ഞങ്ങളെന്നും ഒതുങ്ങിനിന്നു. നല്ല കുപ്പായമിടുന്നവരും സുന്ദരൻമാരും, ഇടവേളകളിൽ സ്റ്റാഫ് റൂമുകളിൽ താരങ്ങളായി തിളങ്ങുന്ന അദ്ധ്യാപകരുടെ മക്കളുടേയും ഇടയിൽപെടാതെ, കൈപ്പാട്ടിലെ ജീവജാലങ്ങളുടെ കണക്കെടുത്തും ടാക്കീസിൽ കളിക്കുന്ന സിനിമാക്കഥ പറഞ്ഞും ഞങ്ങൾ ക്ലാസുകളുടെ ചവിട്ടുപടികൾ കയറി.
ഞങ്ങൾക്ക്ഇരട്ടപ്പേരുകളുണ്ടായിരുന്നു. ഞങ്ങളെന്നും പിൻബഞ്ചുകളിൽ ഇരുന്നു. ഞങ്ങളിൽ പലരും ഒരേ ബഞ്ചിൽ ഒന്നോ രണ്ടോവർഷങ്ങൾ ഇരുന്നു. ‘കുളിക്കാതെ വന്നവൻമാരെഴുന്നേൽക്കെടാ’ എന്ന കവിതകേട്ട്‘കുളിക്കാതെ വന്നവൻ നിന്റച്ഛനെടാ’എന്ന്മനസ്സിൽ പാടി സ്കൂൾ വിട്ടു. പിന്നെ, ഞങ്ങളെ, സ്കൂളിലേക്ക് വരും വഴിയിൽ പണിസ്ഥലത്തുനിന്നും സങ്കടത്തോടെ അവർ ഉച്ചത്തിൽ പേരുകൾ വിളിച്ചു. ആ വിളികൾ എത്ര ദു:ഖപൂർണ്ണമായിരുന്നു എന്ന്ഇന്നു മനസ്സിലാകുന്നു. അവരെ കൈവീശിക്കാട്ടി ഞങ്ങൾ സ്കൂളിലേക്ക്കുതിച്ചു. എല്ലാവരോടും വഴക്കിട്ടു. ഉച്ചയിടവേളകളിൽ എല്ലാവർക്കും നടുവിൽ നിന്ന്കാൽവണ്ണകളിലെചൂരൽ വരകളിൽ ചോരപൊടിയും വരെ തല്ലുവാങ്ങി. കൊഴിഞ്ഞു പോയവർ ഞങ്ങളെ ശക്തരാക്കി. പുല്ലരിയുന്ന കത്തികൊണ്ട്ചൂരൽധാരിയെ കൊന്നുകളയാൻ വരെ പദ്ധതിയുണ്ടാക്കി. ‘നമ്മക്കാരെയും കൊല്ലണ്ടപ്പാ’ എന്ന്കൂട്ടത്തിലൊരുത്തന്റെ കരച്ചിൽ കേട്ട്തലകുനിച്ചുനിന്നു. മുകളിലോട്ട്കയറും തോറും ഞങ്ങൾ കുറഞ്ഞുവന്നു.
ഒറ്റയ്ക്കാവുന്നവനെ താങ്ങിനിർത്താൻ പുസ്തകങ്ങൾക്കേകഴിയൂ. പക്ഷേ സ്കൂൾ ലൈബ്രറികൾ ക്ലെപ്ടോഫോബിയ കാരണം ഞങ്ങള് ക്ക്മുന്നിൽ അടഞ്ഞുകിടന്നു. പഞ്ചായത്തു വായനശാലയിലെ റഷ്യൻ പുസ്തകങ്ങളിലെ ബലൂണിൽ പറക്കുന്ന കുട്ടികളായി ഞങ്ങൾ പുസ്തകത്തിലൂടെ പറന്നു. സിനിമാക്കഥകൾ ഞങ്ങളെ ക്ലാസുകളിലിരുത്തി. എത്ര നിപുണനായ അദ്ധ്യാപകനെയും നിഷ്പ്രഭനാക്കാൻ അതിനു കഴിവുണ്ടായിരുന്നു. ക്ലാസിലിരുന്നു മിണ്ടിയതിന് ഏറ്റവുമധികം തല്ലുകൊണ്ടവർ ചിലപ്പോൾ നമ്മളായിരിക്കും. എഴുത്തു മത്സരങ്ങൾക്ക്നമ്മളെ കണ്ട്മാഷമ്മാരും ടീച്ചർമാരും പരസ്പരം നോക്കിച്ചിരിച്ചു. യോഗ്യതയില്ലായ്മ ഞങ്ങളെ എല്ലായിടത്തു നിന്നും തുരത്തി. പക്ഷേ എന്താണ് യോഗ്യത എന്ന്എത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക്പിടികിട്ടിയതേ ഇല്ല. സ്കൂൾ മാസികയ്ക്കായി ഞങ്ങൾ എഴുതിയ കഥകൾ ‘എവിടെനോക്കിയെഴുതിയതാ?’ എന്നചോദ്യത്തോടെ നിരസിക്കപ്പെട്ടു. ഞങ്ങളിലെ ഡാൻസുകാർ വസ്ത്രവാടക കൊടുക്കാനില്ലാതെ കൂട്ടുകാരികളുടെ ചുവടുകൾക്ക്നിറകണ്ണുകളോടെകയ്യടിച്ചു. ശാസ്ത്രീയ വടിവുകളില്ലാത്ത ഞങ്ങളുടെപാട്ടുകൾ സ്കൂൾതലത്തിൽ കൊഴിഞ്ഞുവീണു. പക്ഷേ ഞങ്ങളുടെ ജീവിതതാളം അവർക്കില്ല. അത് ഞങ്ങളെവിട്ട്പോകുന്നുമില്ല. ഞങ്ങൾ മൈക്കിൾ ജാക്സ് ഡാൻസ് ട്രൂപ്പും ബോബ്മാർലി ഗായക സംഘവും ഉണ്ടാക്കി. ഞങ്ങൾക്കു വേണ്ടി ആടുകയും പാടുകയും ചെയ്തു. പുരസ്കാരങ്ങളെക്കാൾ തിരസ്കാരങ്ങളും അവഗണനകളും ഞങ്ങളെ ശക്തരാക്കി. തോറ്റവരുടേത് കൂടിയാണ് ലോകം എന്നതിരിച്ചറിവ് ഞങ്ങളെ ജീവി ക്കാൻ പഠിപ്പിച്ചു. പാഠങ്ങളിലല്ല പാഠം എന്ന്ജീവിതം വിടരുന്ന പൂവുകൾ കാട്ടി ഞങ്ങളെ നോക്കിച്ചിരിക്കുന്നു. തോൽക്കാതിരിക്കാൻ ഞങ്ങൾ ഓടിക്കൊണ്ടേയിരിക്കുന്നു.