class5

അടിച്ചിടുന്ന ക്ലാസ്സ് മുറികള്‍

എൺപതുകളുടെഅവസാനം ആണ് ഈ കഥ തുടങ്ങുന്നത്. അപ്പോഴേയ്ക്കുംനല്ല നല്ല അദ്ധ്യാപകരും നല്ല നല്ല കുട്ടികളും സ്കൂൾ വിട്ട്തുടങ്ങിയിരുന്നു. പിന്നെ വന്നുകയറിയ എന്നെപ്പോലുള്ള കുട്ടികൾ, നല്ലതും ചീത്തയും ആക്കിയെടുക്കാൻ പറ്റുന്നകൃത്യമായി തീർച്ചയില്ലാത്തവർ ആയിരുന്നു. അതൊരു ഗവൺമെന്‍റ് സ്കൂള്‍ ആണ്. മാഷമ്മാർ ആരും കൃത്യമായി വരാറില്ലെങ്കിലും കഞ്ഞിവെക്കുന്ന ലളിതേച്ചി ഒരു അവധിയുമെടുക്കാതെ എല്ലാദിവസവും വന്ന്തന്റെ ജോലി ചെയ്യുന്നതിനാൽ വിശപ്പറിയാതെ നാലുമ ണിവരെ വലിയ ബഹളത്തോടെ തന്നെ ഞങ്ങൾ പൂർത്തിയാക്കി. തിരുവിതാം കൂറിൽ നിന്നുംവന്ന മാഷന്മാർക്കും ടീച്ചർമാർക്കും ഒരു സൈക്കിളുപോലും ഓടാത്ത ആ നാട് എത്രയും പെട്ടെന്ന്ഓടി രക്ഷപ്പെടാനുള്ള ഒരിടം ആയിരുന്നു. ഞങ്ങൾ ഒന്നാംക്ലാസ്സിൽ നിന്നും നാലാം ക്ലാസ്സിലേക്കും നാലാം ക്ലാസ്സിലുള്ളവർ ഭൂരിഭാഗം സമയവും സ്കൂളിൽ നിന്നു പുറത്തിറങ്ങി കള്ളനും പോലീസും കളിയിലും ഉത്സാഹിച്ചു. ലളിതേച്ചി പോയിക്കഴിഞ്ഞാൽ സ്കൂളിൽ ഒറ്റയ്ക്കായി പോകുന്ന ഗോപാലൻമാഷ് വല്ലപ്പോഴും മാത്രം ഓഫീസ് മുറിയിൽ നിന്നും തലപുറത്തേക്കിട്ട് ‘ക്ലാസ്സിൽ കേറെടാ.. സ്കൂൾ വിടാറായി’ എന്ന് വലിയ ശബ്ദത്തിൽ ഒച്ചയിട്ടു.

അങ്ങനെ അക്ഷരം ഏതാണ്, അക്കം ഏതാണ് എന്നൊന്നും തീർച്ചയി ല്ലാതെ ഞങ്ങൾ കുറേ പേർ കുറച്ചധികം ദൂരെയുള്ള അഞ്ചാം ക്ലാസ്സിലെത്തുകയും ചെയ്തു. ഓരോ പിരീഡ്, അതു കഴിഞ്ഞാൽ ബെല്ല്, അങ്ങനെ കാലങ്ങളാൽ സങ്കീർണ്ണമായിരുന്നു അവിടെ. ആദ്യത്തെ പിരീഡ് കഴിഞ്ഞുള്ള ആദ്യത്തെ ബെല്ലിൽ സ്കൂൾ വിട്ടെന്ന്കരുതി സഞ്ചിയും തൂക്കിപ്പിടിച്ച്ഞങ്ങൾ മറ്റേസ് ളിൽ നിന്നുംവന്നവർ പുറത്തേക്ക്ഓടിയതായിരുന്നു. അതുകണ്ട് ഞങ്ങളി ല്ലാത്ത ക്ലാസ്സിലെ മറ്റുകുട്ടികൾ മുഴുവൻ അസൂയയോടെ നോക്കിയത് ഇപ്പോഴും കൃത്യമായ ഓർമയുണ്ട്. ഞങ്ങളുടെ സ്കൂളിൽ രാവിലെ ബെല്ലടിച്ചാല് പിന്നെ എപ്പോഴെങ്കിലും ഒരു ബെല്ല് മുട്ടുന്നുണ്ടെങ്കിൽ അത് സ്കൂൾ വിടാനു ള്ളതായിരുന്നു.

അഞ്ചാറ് ടീച്ചർമാർ മാറിമാറിവന്ന് പലതരം കാര്യങ്ങൾ പറഞ്ഞപ്പോഴേയ്ക്കുംവൈകുന്നേരം സ്കൂൾ വിടാറായപ്പോൾ ഞങ്ങൾ എടുക്കാനും വെക്കാനുമില്ലാത്ത തലവേദനയിലും ശാരീരിക അസ്വസ്ഥതകളിലും പെട്ടു. ഇതൊന്നും ഞങ്ങൾക്ക്ശീലമില്ലാത്ത കാര്യങ്ങളായിരുന്നു. ഒരു സംഗതിയും തലയിലേക്ക്കയറാത്തതിനാൽ ടീച്ചർമാരുടെ തല്ല് വേ റെയും. ഇതും പോരാഞ്ഞ് സ്കൂളിന്റെ മാനേജറുടെ മകളുടെ (സ്കൂളിൽ ആർക്കും ഇഷ്ടമില്ലാത്ത മലയാളം ടീച്ചർ) മകന്റെയും കൂട്ടാളികളുടെയും (അവർ ഏഴാം ക്ലാസ്സിലായിരുന്നു) ഉപദ്രവം മറ്റൊരു വഴിക്കും. നന്നായി ഗോട്ടികളിക്കുന്ന ഞാൻ ഓരോ ദിനവും പലരെയും തോൽപിച്ച്നിറയെ ഗോട്ടികളുമായി വീട്ടിലേക്ക്മടങ്ങുകയും പലവർണ്ണങ്ങളിലുള്ള ആ ഗോട്ടികളൊക്കെ വലിയ ഒരു ഡപ്പിയിൽ നിധിപോലെ സൂക്ഷിച്ച് വെക്കുകയും ചെയ്തു. എന്നാൽ ഒരു ദിനം ഏഴാം ക്ലാസ്സിലെ പിള്ളേരെയും ഗോട്ടികളിയിൽ തോൽപിച്ചപ്പോൾ അന്ന്കിട്ടിയ ഗോട്ടി മുഴുവൻ ഈ വിരുതൻമാർ വന്ന്എടുത്തുകൊണ്ടുപോവുകയും ഇനി മേലാൽ ഇവിടെ ഗോട്ടികളിച്ച്ആരെയെങ്കിലും പരാജയപ്പെടുത്തിയാൽ അവന്റെ അമ്മയോട് (ടീച്ചറോട്) പറഞ്ഞ്എന്നെപരീക്ഷയിൽ തോൽപിച്ച്അതേ ക്ലാസ്സിൽ തന്നെ ഇരുത്തും എന്ന്പറഞ്ഞ്ഭീകര ഭീഷണി തരികയും ചെയ്തു. സത്യത്തിൽ എനിക്ക്അതോടെ ആകെ മൊത്തം മടുത്തിരുന്നു. എന്തെങ്കിലും കഥാപുസ്തകങ്ങൾ വായിച്ചിരിക്കാൻ ആയിരുന്നു പിന്നെ മൂഡുണ്ടായത്. ഒരു ബന്ധുവീട്ടിൽ കല്യാണത്തിനോ മറ്റോ പോയപ്പോൾ അവിടെ അവിടുത്തെ കുട്ടിക്ക് വായിക്കാൻ മേടിച്ച ‘പൂമ്പാറ്റ’ വായിച്ചതായിരു ന്നു ഇങ്ങനെയൊരു പ്രശ്നത്തിന് കാരണമായത്. അങ്ങിനെ പിന്നീട് എപ്പോഴെങ്കിലും വല്ല ആശുപത്രിയിലോ മറ്റോ പോകാൻ ടൗണിൽ പോകേണ്ടിവന്നാൽ അമ്മയോട് കരഞ്ഞ്പൂമ്പാറ്റയും യുറീക്കയും മേടിക്കുന്നത് ഒരു ശീലമാക്കി. ആത്യന്തികമായി എന്റെ അമ്മഒരു വായനക്കാരി കൂടി ആയതു കൊണ്ട്ഇങ്ങനെയൊരു സംഗതിയെ എളുപ്പമാക്കി. സ്കൂളിൽ ലൈബ്രറി എന്ന സംഗതി ഉണ്ടാകുമെന്നും ലൈബ്രറിയിൽ നിന്നുംവായിക്കാൻ പുസ്തകങ്ങൾ തരുമെന്നും നമുക്കിങ്ങനെ എപ്പോഴും പൈസ കൊടുത്തു വാങ്ങിക്കാൻ പറ്റില്ലല്ലോ എന്നും അമ്മ എന്നോട് പറഞ്ഞു. അഞ്ചിലും ആറിലും പഠിച്ച ആ സ്കൂളിലെ രണ്ടുകൊല്ലവും ഞാൻ സ്കൂൾ ലൈബ്രറി തുറക്കുന്നതും നോക്കിയിരുന്നു. അത് പലപ്പോഴും തുറക്കാറുണ്ടെന്നും ക്ലാസ്സിലെ ചിലർക്കൊക്കെ പുസ്തകം കിട്ടാറുണ്ടെന്നും ഞാൻ പിന്നീട് അറിഞ്ഞു. അന്നുമുതൽ ഞാൻ ആ ക്ലാസ്സിലും, സ്കൂളിലും തനിച്ചായി. അപകർഷതാബാധം ഒരു ഉറുമ്പിൻവരി പോലെ എന്നിലേക്ക്നീണ്ടു നീണ്ടു കയറി. ചെരിപ്പില്ല. മാറ്റിമാറ്റി ഇടാൻ ട്രൗസറും കുപ്പായവുമില്ല. പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുന്ന കുട്ടികളെപ്പോലെചുമലിൽ ഇടാനുള്ള ബേഗില്ല. വായിച്ചപൂമ്പാറ്റയിലേക്ക്, യുറീക്കയിലേക്ക് വീണ്ടുംവീണ്ടും അടയിരുന്ന്ചോട്ടുമുയലിന് പുറത്തേക്ക്പോകുവാൻ വഴി വീണ്ടുംവീണ്ടും വരച്ച്കാണിച്ചു കൊടുത്തു.

ആറാംക്ലാസ് കഴിഞ്ഞ്ഏഴാം ക്ലാസ്സിൽ എന്റെ ഭാഗ്യത്തിന് വീട്ടിൽ ചിലസംഗതികൾ ഉണ്ടായതിനാൽ മറ്റൊരു സ്കൂളിൽ അച്ഛന്റെ നാടിനടുത്ത് (കൊട്ടാരം യു.പി. സ്കൂൾ) ചേർത്തു. ഒന്നുമുതൽ പത്തുവരെയുള്ള സ്കൂൾ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ഒരു സ്കൂൾ ജീവിതം ഓർമയിൽ തങ്ങിനിൽക്കുന്നത് ആ ഒരു വർഷം മാത്രമാണ്. അവിടെവെച്ചായിരുന്നു ബുദ്ധന്റെ കഥകൾ, തെന്നാലി രാമൻ കഥകൾ, കുഞ്ഞിക്കൂനൻ തുടങ്ങിയ പുസ്തകങ്ങൾ വായിച്ചത്. സ്കൂളിൽ നിന്നും പഠിച്ചതിനേക്കാൾ കുറേക്കൂടി വലിയ പാഠങ്ങൾ പഠിപ്പിച്ചതും സ്നേഹിച്ചതും ‘നീ മോശക്കാരൻ അല്ല’, ‘ആരും മോശക്കാരൻ അല്ല’ എന്നു പഠിപ്പിച്ചതും ഈ പുസ്തകങ്ങൾ മാത്രമായിരുന്നു. അതെ രണ്ടായിരം വരെയുള്ള ആ പത്തുപന്ത്രണ്ട് വർഷക്കാലം നമ്മുടെ സ്കൂളുകൾ ഒരു ജീവപര്യന്തം തടവിലായിരുന്നു. അന്ന്പഠിച്ച കുട്ടികളിൽ ഭൂരിഭാഗവും കുറ്റവാളികളും. എന്നാൽ 2010 കഴിയുന്നതോടെ നമ്മുടെ സ്കൂളുകളാകെ ശരിക്കും പലതരം പൂവുകൾ വിരിഞ്ഞ മനോഹരമായ പൂന്തോട്ടമായി മാറിയിരുന്നു. ചെറുപ്പക്കാരായ പുതിയ അധ്യാപകർ, മികച്ച ക്ലാസ് മുറികൾ, മികച്ച ചുറ്റുപാടുകൾ – ഏറ്റവും മികച്ചകുട്ടികൾ.

2020ൽ എന്റെ മോൻ ഒന്നാം ക്ലാസ്സിൽ ആകും. അവൻ ഒരിക്കലും
ക്ലാസ് മുറിയിൽ ഒറ്റപ്പെട്ടു പോകില്ല എന്ന്എനിക്കുറപ്പുണ്ട്. കാരണം ഇപ്പോഴത്തെനമ്മുടെ സ്കൂൾ ആരെയും ഒറ്റപ്പെടുത്തുന്നില്ല. ഇപ്പോൾ ഏറ്റവും ജീവനുള്ള, ശുദ്ധമായ കാറ്റുംവെളിച്ചവും കടക്കുന്ന കെട്ടിടങ്ങൾ നമ്മുടെ ക്ലാസ് മുറികളുടേത് തന്നെയാണ്.

അടി, നിരന്തരമായ അടി – ഇതായിരുന്നു പലർക്കും പഴയ സ്കൂൾ ഓർമ എന്നാണ് എനിക്ക്തോന്നുന്നത്. ചൂരലിൽ നിന്നുള്ള വിമോചനം എന്നനിലയിലാണ് ‘കഥാപുസ്തകം’ കടന്നുവരുന്നത്. ‘അടി’ച്ചിടുന്ന ക്ലാസ് റൂമുകളിൽ നിന്നും വാക്കുകളുടെ തുറന്ന ലോകം ലൈബ്രറികൾ തുറന്നുതന്നു. വാക്കിൽ പിടിച്ച്കയറി. പുതിയ ലോകവീക്ഷണമുണ്ടാക്കാൻ, മനുഷ്യൻ എന്നനിലയിൽ ചിലരസകരമായ ബോധ്യങ്ങളുണ്ടാക്കാനും ക്ലാസ്മുറിക്കു പുറത്തുള്ള വായനയാണ് സഹായിച്ചത് എന്ന്ഉറപ്പിച്ചു തന്നെ പറയാം.

Comments are closed.