class3

ക്ലാസ്സ് മുറിയില്‍ കുറുക്കന്‍

മനസ്സിലെ കുന്നിൻ ചെരിവിൽ തലനരച്ച ആ സ്കൂൾ ഷെഡ്ഡുണ്ട്ഇപ്പോഴും. തെങ്ങോല കൊണ്ട്മേഞ്ഞത്. എല്ലാഅവധിക്കാലങ്ങളിലും മേയുന്ന സ്കൂളിന്റെ ഉള്ളിൽ മണ്ണിന്റെയും ചാണകപ്പശയുടെയും മണം വരും. ആ ഓലഷെഡ്ഡിലെ അറ്റത്തെക്ലാസ്സ്മുറിയിൽ ഞങ്ങളിൽ ചിലർ മഴ വന്നാൽ ബെഞ്ചിൽ കയറി കോലു കൊണ്ട്കുത്തി മഴത്തുള്ളികളുടെ ടാപ്പ്തുറക്കും. ഒരു വെള്ളിയാഴ്ച മഴ നനഞ്ഞ്കാക്കകളെ പോലെ ചിറകു കുടഞ്ഞ്ബെഞ്ചിലിരിക്കുമ്പോൾ വെള്ളമുണ്ടും വെള്ളക്കുപ്പായവുമിട്ട മാധവൻ മാഷ് ക്ലാസ്സിലേക്കുവന്നു.. “മഴയെക്ലാസ്സിലേക്കു കുത്തിവിട്ട്കുളമാക്കിയ ഭഗീരഥനാര് “എന്ന്കൊമ്പൻ മീശയിൽ തടവി ചോദിച്ചു.. പെയ്തു തീർന്നമരം പോലെ ഞങ്ങൾ മിണ്ടാതിരിന്നു. പക്ഷേ പഠിപ്പിസ്റ്റുകളായ പെൺകുട്ടികളിൽ ചിലർ ഞങ്ങളുടെ പേരു പറഞ്ഞു. പ്രകാശനും രാജനും കൃഷ്ണനുമാണ് ഓല കുത്തിത്തുളച്ചത്. കെണിഞ്ഞല്ലോ ഈശ്വരാ എന്നു മനസ്സിൽ പറയുമ്പോഴേക്കും മാധവൻ മാഷ് കൊടുങ്കാറ്റുപോലെ ഞങ്ങളുടെ അടുത്തെത്തി. തഴമ്പിച്ച വലം കൈകൊണ്ട്മൂന്നുപേരുടെയും മുഖത്ത്അടി വീണു. ഒന്നല്ല രണ്ടല്ല മൂന്നുവട്ടം. തലയിലൂടെ പൊന്നീച്ച പാഞ്ഞ ഞങ്ങളോടു മാധവൻ മാഷ് പറഞ്ഞു. “ഉച്ചക്ക്മഴ പോയാൽ നിങ്ങൾ കുന്നിൻ പുറത്തേക്ക്പോകണം. ക്ലാസ് മുറിയിൽ തേക്കാൻ ചാണകം വാരിവരണം.” കസേരയിൽ ചവിട്ടി മേശപ്പുറത്തുകയറി മാധവൻ മാഷ് അകത്തേക്ക്എത്തിനോക്കുന്ന ആകാശത്തെ ഓലവലിച്ചു മുറുക്കി മറച്ചുവെച്ചു. ഞാൻ കുണ്ടുകുഴിഞ്ഞ ബെഞ്ചിലിരുന്ന്നനഞ്ഞ കണ്ണുമായി തെക്കോട്ടു നോക്കി. അവിടെ ഓടിട്ട ഒരു സ്കൂൾ കെട്ടിടത്തിന്റെ ചുമരു ചാരി കുഞ്ഞിരാമൻ മാഷ് ബീഡി വലിക്കുന്നുണ്ടായിരുന്നു.പുകയുടെ നൂലുകൾ ആകാശത്തിലേക്കു പറത്തിവിടുന്ന കുഞ്ഞിരാമൻ മാഷിന്റെ കാൽച്ചുവട്ടിലൂടെ മഴവെള്ളം ഒഴുകുന്നുണ്ടായിരുന്നു.മരം കൊണ്ടുണ്ടാക്കിയ ബ്ലാക്ക്ബോർഡിൽ ചെമ്പരത്തി വരച്ച്ഭാഗങ്ങൾ അടയാളപ്പെടുത്തി പെട്ടന്നുവന്നു തിരിച്ചുപോയ മഴപോലെ മാധവൻ മാഷ് ഓടിട്ട സ്കൂൾ കെട്ടിടത്തിന്റെ പിന്നിലേക്കു പോയി. അവിടെ ആകാശത്ത് വെള്ള നൂലുകളുടെ എണ്ണം കൂടുമ്പോൾ ഞങ്ങൾ ചെമ്പരത്തിവരച്ചു.റെയ്നോൾഡ് പേനയിലെ നീലമഷിയോട് ഒന്നു ചുവന്നു കൂടേ എന്നുചോദിച്ചു. വര കഴിഞ്ഞ് വിശ്യംപറഞ്ഞ്ഞങ്ങൾ കണക്ക്ബുക്കിന്റെ പേജ് പറിച്ച്പൂജ്യമിട്ടുകളിക്കും. അപ്പോഴേക്കും ഉച്ചയായി. വെയിലിന്റെ വെള്ള തെളിഞ്ഞുതുടങ്ങി.

ഉച്ചക്ക്പയറും കഞ്ഞിയും കുടിച്ച്ഞാനും കൃഷ്ണനും രാജനും മേക്കാട്ടെ കുന്നുകയറി. കുറുക്കൂട്ടിയുടെ ഇലപറിച്ച്കിഴക്കോട്ടു നടന്നു. ഇടയ്ക്കുതിരിഞ്ഞുനോക്കുമ്പോൾ ദൂരെ സ്ക്കൂൾ കെട്ടിടങ്ങൾ പക്ഷിക്കൂടു പോലെ കണ്ടു. ഒരു മെതിഞ്ഞ വഴി മാത്രം ആ കുന്നിൻ മുകളിലുണ്ടായിരുന്നു. എരിക്കുളത്തെ മൺപാത്രക്കാർ ചട്ടികൾ വിറ്റ് വൈകുന്നേരം ഒഴിഞ്ഞ തലയുമായി വീട്ടിലേക്ക് മടങ്ങുന്ന എളുപ്പവഴി. ആ വഴിയിൽ അധികമാരും പോകാറില്ലായിരുന്നു. കാലിമേയ്ക്കുന്നവർ ആ വഴി പിടിച്ച്കുന്നുമുഴുവൻ തെണ്ടും. ഞാനും കൃഷ്ണനും രാജനും ഉച്ചക്ക്കാലിയെ മേയ്ക്കുന്നവരെ പോലെ കുന്നിൽ തെണ്ടിനടന്നു. പശുക്കളെ കെട്ടിയിട്ട ഇടങ്ങളിൽ ചാണകം തേടിയുള്ള ആ യാത്രയിൽ കാലിൽ കാരമുള്ളും തൊട്ടാവാടിയും തറച്ചു. അതെല്ലാം വലിച്ചൂരി ഞങ്ങൾ അജയ്യരായി നടക്കുമ്പോൾ കാറ്റുവീശി. ദൂരെ കുളിയന്റെ ഒരു മരവും തറയും കണ്ടു. കാറ്റ്അതിനടുത്തുള്ള എരിക്കിൻ കൂട്ടങ്ങളിലേക്ക്ഞങ്ങളെ വലിച്ചു കൊണ്ടുപോയി. അവിടെ ചാണകക്കൂമ്പാരം കണ്ടു. കുറുക്കൂട്ടിയിലയിൽ ചാണകം വാരി കീശയിലുണ്ടായിരുന്ന ജോഗര മുട്ടായി കൃഷ്ണൻ അതിനിടയിൽ കടിച്ചുതുപ്പി. ഞാൻ ദൂരേക്ക്നോക്കി. പടിഞ്ഞാറ് കൊരുവാനം കുന്ന്, വടക്ക്മഞ്ഞം പൊതികുന്ന്, തെക്കോട്ട്നോക്കിയപ്പോൾ നീണ്ടുകിടക്കുന്ന സമതലം, കിഴക്ക്പുളിക്കാലെ കുന്ന്കാണാം. കുറുക്കന്റെ വെള്ളരിക്ക പറിച്ച്ഞാൻ ഒരു പാറപ്പുറത്തിരുന്നു. “ഞാനീടെ ഇരുന്ന്കാറ്റുകൊണ്ടിട്ട് വരാം. നിങ്ങൾ നടന്നോ.” ഞാൻ രവിയോടും രാജനോടും പറഞ്ഞു. അവർ ചാണകപൊതുക്കയുമായി വേഗം നടന്നു. ഞാൻ കുറുക്കന്റെ വെള്ളരിക്ക കടിച്ചു. പടിഞ്ഞാറു നിന്നും തണുത്ത കാറ്റുവീശി. കാറ്റേറ്റ്ഞാനൽപ്പംമയങ്ങി. രാജനും കൃഷ്ണനും അതിനിടയിൽ സ്കൂളിലെത്തിയിരുന്നു. എപ്പോഴോ ഉണർന്ന്ഉറക്കത്തിന്റെ മത്തുമായി ഞാൻ കുന്നിറങ്ങാൻ തുടങ്ങി. സ്കൂളിലെത്തിയപ്പോൾ എന്റെ ക്ലാസിൽ കണക്കിന്റെ കുഞ്ഞിരാമൻ മാഷിനെകണ്ടു. ബോർഡിൽ വൃത്തം വരക്കുന്ന മാഷ് എന്നെ കണ്ട് വാതിൽക്കലേക്ക് വന്നു. “നേരം എത്രയായി. ഏട പോയി നീ? “മാഷ് ചോദിച്ചു. “ക്ലാസുമുറിയിൽ തേക്കാൻ ചാണകം വാരാൻ “ഞാൻ പറഞ്ഞു. ചാണകവുമായി നേരത്തെ എത്തിയ കൃഷ്ണനും രാജനും ഒന്നുംമിണ്ടാതെ ബേക്ക്ബെഞ്ചിലിരിക്കുന്നുണ്ട്.

ഞാൻ ക്ലാസ്സിലെത്താൻ വൈകുന്നേരം മൂന്നുമണി കഴിഞ്ഞിരുന്നു. വാച്ചിൽ സമയം നോക്കി എന്റെ തലയിലേക്ക്സൂക്ഷിച്ചു നോക്കി കുഞ്ഞിരാമൻ മാഷ് സ്വർണ മോതിരമിട്ട കൈയുയർത്തി.നാലഞ്ചുമേട്ടം എന്റെ തലയിൽ പൊടുന്നനെ വീണു. “ചാണകം നേരത്തെ എത്തി. നീ എന്തേ വൈകി? “കുഞ്ഞിരാമൻ മാഷ് അലറി ചോദിച്ചു. “ഞാൻ കുറുക്കന്റെ വെള്ളരിക്ക തിന്ന്പാറമ്മേൽ ഉറങ്ങിപ്പോയി. “ “നീയെന്നാൽ കുറുക്കനെ പോലെ മൂന്നുവട്ടം ഉറക്കെ കൂക്ക്” കുഞ്ഞിരാമൻ മാഷ് പറഞ്ഞു. മോതിരത്തിന്റെ മേട്ടം കിട്ടുമെന്നു ഭയന്ന്ഞാൻ മൂന്നുവട്ടം കൂക്കി.സാധാരണ കുഞ്ഞിരാമൻ മാഷിനെ രഹസ്യമായി കുറുക്കനെന്നു കുറ്റപ്പേരു വിളിക്കാറുള്ള കുട്ടികൾ മറ്റൊരു കുറുക്കനായി എന്നെകണ്ടപ്പോൾ അമർത്തിചിരിക്കാൻ തുടങ്ങി. കൂക്കുവിളി കഴിഞ്ഞപ്പോൾ എന്റെ തലയിൽ മോതിരവിരൽ കൊണ്ട്മൃദംഗം വായിച്ച്കുഞ്ഞിരാമൻ മാഷ് പറഞ്ഞു. “ബാഗെടുത്തോ. നീയിനി അച്ഛനെ വിളിച്ചുകൊണ്ടുവന്ന്ക്ലാസ്സിൽ കയറിയാൽ മതി.” ഇലാസ്റ്റിക് കൊണ്ടുവരിഞ്ഞുകെട്ടിയ ബുക്കുംകെട്ട്എന്റെ കയ്യിൽ പിടിപ്പിച്ച്കുഞ്ഞിരാമൻ മാഷ് എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കി. മറ്റുള്ള കുട്ടികളോട് ക്ലാസ്സുമുറിയിൽ ചാണകം തേച്ച് വൃത്തിയാക്കാൻ പറഞ്ഞ്മാഷ് ഓഫീസിലേക്ക് വേഗത്തിൽ നടന്നു. ഞാൻ ഉറക്കം മതിയാകാത്ത കണ്ണുകളുമായി പതുക്കെ വീട്ടിലേക്കു മടങ്ങി.

ശനിയും ഞായറുമായതിനാൽ പിന്നീടുള്ള രണ്ടു ദിവസം സ്കൂളിൽ പോകേണ്ടിവന്നില്ല. ആ ദിവസങ്ങളിൽ വീട്ടിലിരുന്ന്ഉരുകി. ഉറക്കപ്പിച്ചിൽ എന്തൊക്കയോ പറഞ്ഞു. പകലിൽ പഠിക്കാൻ പറഞ്ഞ അമ്മയോട് ചൂടായി. “നിനക്കെന്താ കുളിയൻ കൂടിനോ? “ വല്യമ്മ അരിശപ്പെട്ടു.
തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക്അച്ഛനെ കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞ കാര്യം അമ്മയോടു പറഞ്ഞു. അപ്പോഴേക്കും അച്ഛൻ പണിക്ക്പോയിട്ടുണ്ടായിരുന്നു. “ഇന്നിനി അച്ഛൻ വരില്ല. നാളെ വരാമെന്നുപറഞ്ഞാൽ മതി. നീ പോയ്ക്കോ.’’ അമ്മപറഞ്ഞു. അച്ഛനെ കൂട്ടാതെ വന്നാൽ സ്കൂളിൽ കയറ്റില്ലെന്ന്പറഞ്ഞ്ഞാൻ കരഞ്ഞു. ആ കരച്ചിലിന് ഒരു ഫലവുമുണ്ടായില്ല. “വേഗം ഉസ്ക്കൂളിൽ പോയിറ്റില്ലെങ്കിൽ നിനക്ക്ഈടന്ന്തായ്ച്ച വെള്ളം തരില്ല.” അമ്മപറഞ്ഞു. ഞാൻ കരച്ചിലടക്കി സ്കൂളിലേക്കു പോയി.

സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട എന്നെ അച്ഛനെ കൂട്ടിക്കൊണ്ടുവന്നില്ല എന്ന കാരണത്താൽ വീണ്ടും പുറത്താക്കുമെന്നു ഞാൻ ഭയന്നു. ഭാഗ്യത്തിന് അന്ന്കുഞ്ഞിരാമൻ മാഷ് വന്നില്ല. “മാഷക്ക്ബയറ് കടിപ്പാണ്. ഇന്ന് വരില്ല. നാളെയും വരില്ല. രാവിലെ വരുമ്പോൾ ഞാൻ മാഷെ കണ്ടിന് “ മാഷിന്റെ വീടിനടുത്തുകൂടി സ്കൂളിലേക്കു വന്ന രാജൻ പറഞ്ഞു. എനിക്ക്ആശ്വാസമായി.തിങ്കളും ചൊവ്വയും കുഞ്ഞിരാമൻ മാഷ് വന്നില്ല. ആ ദിവസങ്ങളിൽ ആർക്കും സ്വർണ മോതിരത്തിന്റെ മേട്ടം കൊണ്ടില്ല. അമ്മ അച്ഛനോട് സ്കൂളിലേക്ക്പോകാൻ പറഞ്ഞിരുന്നില്ല. എനിക്ക്അച്ഛന്റെ വക അടി കിട്ടുമെന്ന്അമ്മ ഭയന്നു. ഏതായാലും അത് ഭാഗ്യമായി. അല്ലെങ്കിൽ അടി കൊണ്ട്ഞാൻ മൊടച്ചേനെ. വരുംപോലെ വരെട്ടെന്ന്എനിക്കുതോന്നി. ബുധനാഴ്ച കുഞ്ഞിരാമൻ മാഷ് വന്നു. അച്ഛനെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞ കാര്യം മാഷക്ക്ഓർമ്മയുണ്ടായിരുന്നില്ല. അഥവാ ഓർമ്മ വന്നാൽ തന്നെ അച്ഛൻ വന്നിരുന്നു പക്ഷേ മാഷ് ലീവായതിനാൽ കണ്ടില്ലെന്ന്കളവു പറയാൻ ഞാൻ ഒരുങ്ങിനിന്നിരുന്നു. പക്ഷേ മാഷൊന്നും ചോദിച്ചില്ല. അസുഖം പൂർണമായും മാറിയിട്ടുണ്ടായിരുന്നില്ല മാഷിന്. അന്ന്മാഷ് മോതിരവിരൽ ഉയർത്തിയില്ല. ഓടിട്ടസ്കൂൾ കെട്ടിടത്തിന്റെചുമര് ചാരി പുകയുടെവെള്ള നൂലുകൾ പറത്തിയില്ല. കൂട്ടലും കിഴിക്കലുമായി ക്ലാസ് മുറികളിലൂടെ നടന്നു. ചാണകം തേച്ച് വൃത്തിയാക്കിയ കണ്ണാടി പോലെ തിളങ്ങുന്ന ക്ലാസ്സ്മുറിയിൽ നിന്നും വൈകുന്നേരം നാലു മണിക്ക്പുറത്തിറങ്ങുമ്പോൾ എന്റെ ഉള്ളിൽ ആശ്വാസത്തിന്റെ ഈച്ചപറന്നു. വെള്ളരിക്ക തിന്ന കുറുക്കനെപോലെ കൂക്കിക്കൊണ്ട്ആഹ്ലാദത്തോടെ ഞാൻ വീട്ടിലേക്കു വേഗത്തിൽ പാഞ്ഞു.

Comments are closed.