priya

ചിലപ്പോൾ ഏകാധിപതിയായ പുരുഷന്മാരുടെ ‘ഒളിയിടമാണ് ‘ കുടുംബം

സ്ത്രീധന മരണങ്ങളും കൊലപാതകങ്ങളും വീണ്ടും കേരളത്തിൽ ചർച്ചയാകുമ്പോൾ പ്രശ്നത്തിന്റെ വേര് വെറും ധനാർത്തിയിൽ മാത്രമാണെന്ന് കരുതുന്നത് കാര്യങ്ങളെ ലളിതവൽക്കരിക്കലാവും. വിവാഹം കുടുംബം, ആണത്തം, പെണ്ണത്തം എന്നിങ്ങനെയുള്ള നമ്മുടെ സങ്കല്പങ്ങളിൽ തന്നെയാണ് പ്രശ്നം. പെണ്ണിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും വിവാഹമാണ് ജീവിതത്തിലെ പരമപ്രധാനമായ സംഗതി. പഠനവും തൊഴിലും താൻപോരിമയും ഒക്കെ അതിനു താഴയേ വരുന്നുള്ളൂ. ഡിഗ്രി പഠനത്തിനിടയിൽ ‘നല്ല ‘ആലോചന വന്നു പെട്ടതിന്റെ പേരിൽ ഭാവി പഠന സാധ്യതകൾ ഇരുളടഞ്ഞു പോയ നിരവധി വിദ്യാർഥിനികളെ അധ്യാപന ജീവിതത്തിൽ കാണേണ്ടി വന്നിട്ടുണ്ട്. ഭർത്താവിന്റെ ‘കടുത്ത സ്നേഹം’ മുതൽ ‘സംശയരോഗം’ വരെ. അമ്മായിയമ്മയുടെ ചട്ടം പഠിപ്പിക്കൽ മുതൽ ഗർഭം വരെ പലതും ആകാം പഠനം മുടങ്ങാൻ കാരണമാവുന്നത്.

എന്നിട്ടും അത്തരം പ്രവണതകളെ ശക്തിപ്പെടുത്തും വിധം വിദ്യാർത്ഥിനി അമ്മമാർക്ക് പ്രേത്യേക പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുന്ന യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. ഒരു കാല് പുറകിൽ എവിടെയോ കെട്ടിയിട്ടിട്ടാണ് നമ്മൾ ആധുനികതയിലേക്കും നവോത്ഥാനത്തിലേക്കും ഒക്കെ മറുകാലെടുത്തു വെക്കാൻ നോക്കിയത്.അത് യഥാർഥത്തിൽ, സ്ത്രീകളെ ശാക്തീകരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ എന്ന നിലയിലല്ല. പൊതുവായ അന്നത്തെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്താനുള്ള ഒരു സാമൂഹ്യ ശ്രമമായിരുന്നു.’ ‘സ്ത്രീ ശാക്തീകര’ണത്തിനായുള്ള ശരിയായ ചുവടുവെപ്പുകൾക്ക് ഏറെ സാമുഹികവും രാഷ്ട്രീയവും കുടുംബ പരവുമായ ഉണർവുകൾ അനിവാര്യമാണ്.

ഭാവിവിവാഹ ചിലവുകൾ കൂടി മുന്നിൽ കണ്ട് മാത്രമേ പെൺകുട്ടികളുടെ പഠനത്തിന് ഏത് സമ്പന്ന കുടുംബങ്ങളും പണം വകയിരുത്താറുള്ളൂ. വിവാഹമാണ് പരമപ്രധാനം എന്ന് കരുതുന്നത് കൊണ്ടാണ് വിവാഹം കഴിഞ്ഞു പോയ പെണ്ണ് പിന്നീട് സ്വന്തം കുടുംബത്തിന്റെയും ഉത്തരവാദിത്തം അല്ലാതെയാവുന്നത്. വിവാഹത്തിലൂടെ രൂപം കൊടുക്കുന്ന കുടുംബമാകട്ടെ എല്ലാ പിന്തിരിപ്പൻ ആശയങ്ങളുടെയും ഒളിയിടമാണ്. ജനാധിപത്യത്തിന്റെ ചെരുപ്പ് വീടിന്റെ ഏഴയലത്തഴിച്ചുവെച്ചിട്ടേ നമ്മൾ വീട്ടിൽ കയറൂ. വീടിനകത്ത്‌ “അച്ഛൻ ‘ അല്ലെങ്കിൽ ‘ഭർത്താവിന്റെ ” ഏകാധിപത്യത്തിന് കീഴിലെ അനുസരണയുള്ള പ്രജകളാണ് ബാക്കി സർവ്വരും. സ്വന്തമായ അഭിപ്രായങ്ങളെ കുഴിച്ചുമൂടി എങ്ങിനെ സർവ്വാധിപത്യത്തിന് മുൻപിൽ വഴങ്ങികൊടുക്കാം എന്ന പരിശീലനമാണ് കുടുംബത്തിനകത്തു നടക്കുന്നതത്രയും. ഈ വഴങ്ങികൊടുക്കലിൽ പതം വന്നവരാണ് കുടുംബത്തിൽ പിറന്നവർ. സുഹൃത്താക്കാനോ കാമുകി ആക്കാൻ പോലുമോ കുലസ്ത്രീകൾ വേണ്ടെന്നു പറയുന്നവരും കല്യാണം കഴിക്കാൻ കുടുംബത്തു പിറന്നവർ തന്നെ വേണമെന്ന് ശഠിക്കും.

ഗാർഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകൾ എന്ത് കൊണ്ടാണ് തിരിച്ചടിക്കാൻ പോയിട്ട് ഒരു ചെറുവിരലനക്കാൻ പോലും തയ്യാറാവാത്തത്! അത്തരം പീഡനവിവരങ്ങൾ പുറത്ത് വീട്ടുകാരോട് പോലും പറയാൻ മടിക്കുന്നത്. തല്ലിയാലും എന്നോട് വലിയ ‘സ്നേഹമാ ‘ എന്നാശ്വസിക്കുന്നത്. സ്നേഹം എന്താണാണെന്നറിയാത്ത, അതനുഭവിച്ചിട്ടില്ലാത്തവർ എങ്ങിനെയാണ് വരും തലമുറകളെ സ്നേഹിക്കാൻ പഠിപ്പിക്കുക? അടിച്ചാൽ തിരിച്ചടിച്ചു പോവുക എന്ന ഏതു ജീവിയുടെയും സ്വാഭാവികപ്രതികരണം സോകോൾഡ് വരേണ്യ വിഭാഗങ്ങളിലെ സ്ത്രീകളിൽ തീർത്തും കാണാത്തതും അത്തരം സംസ്‍കാരിക വിഷങ്ങൾ മോന്താത്ത ജനവിഭാഗങ്ങളിൽ അല്പമെങ്കിലും കാണുന്നതും എന്തുകൊണ്ടാണെന്ന് നമ്മൾ ആലോചിക്കണം.

ചിലവിനു കൊടുക്കുന്നവർക്ക് തല്ലാനും അവകാശമുണ്ടെന്ന ബോധം ഇപ്പോഴും ശക്തമാണ്. ഇത് രാജാധിപത്യ കാലത്തെ മൂല്യബോധമാണ്. ഭർത്താവിനെ ‘ജീവിതപങ്കാളി’ ആയിട്ടല്ല രക്ഷാകർത്താവായിട്ടാണ് വിവാഹസ്ഥാപനം അവതരിപ്പിക്കുന്നത്. ഈ രക്ഷാകർത്താക്കളുടെ തനി നിറം ബൈബിളും മഹാഭാരതവും ഒക്കെ കാണിച്ചു തന്നാലും നമ്മൾ മനസ്സിലാക്കില്ല എന്ന് വാശി പിടിച്ചാൽ എന്ത് ചെയ്യും!പാഞ്ചാലിയുടെ വസ്ത്രം ദുശ്ശാസനൻ വലിച്ചഴിക്കുമ്പോൾ അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിട്ടും ആരും ഒരക്ഷരം മിണ്ടിയില്ല. ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ജൂതൻമാരുടെയും ആദിപിതാവായ എബ്രഹാം തന്റെ ഭാര്യ സാറയോട് ഈജിപ്ഷ്യൻ ഫറവോക്ക് താല്പര്യം തോന്നിയിട്ടുണ്ടെന്നു മനസ്സിലാക്കിയപ്പോൾ സാറ തന്റെ സഹോദരി ആണെന്ന് നുണ പറഞ്ഞു സ്വന്തം തടി രക്ഷിക്കുകയായിരുന്നു. അനുസരണയും വഴങ്ങികൊടുക്കലും പെണ്ണത്തത്തിന്റെ മഹത്തായ ഗുണങ്ങളാണെന്നാണ് നമ്മൾ പെണ്മക്കളെ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് സഹിക്കാനാവാത്ത നിന്ദകളും പീഡകളും പോലും അവർ മരണം വരെ സഹിച്ചു പിടിച്ചുനിൽക്കുന്നത്. ആ സഹനം ഇല്ലാതെ വന്നാൽ അവൾക്ക് പോകാൻ മറ്റൊരിടമില്ല എന്നതാണ് അവസ്ഥ.

വിവാഹത്തിലൂടെ സ്വന്തഗൃഹം അവൾക്ക് വല്ലപ്പോഴും വിരുന്ന് പോകാനുള്ള ഇടം മാത്രമാവുകയാണ്.മാതാപിതാക്കളുടെ സാമ്പത്തിക നിലയും ഇതിൽ ഒരു ഘടകമാവുന്നുണ്ട് എന്നിടത്താണ് സർക്കാർതലത്തിലുള്ള ഇടപെടലുകൾ ഉണ്ടാവേണ്ടത്. സാമ്പത്തിക ഉച്ചനീചത്വങ്ങൾ ഇല്ലാതെ ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് അഭയമാവുന്ന പൊതു സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. സ്ത്രീകളുടെ ഗാർഹികാധ്വാനവും മൂലധനത്തിലേക്ക് സ്വരൂപിക്കപ്പെടുന്ന അടയാളപ്പെടുത്തപ്പെടാതെ പോകുന്ന അധ്വാനമാണെന്ന പ്രത്യയശാസ്ത്രബോധം മാത്രം പോരാ. ഭക്ഷണമുണ്ടാക്കുന്നതും തുണി അലക്കുന്നതുമുൾപ്പടെയുള്ള ജോലികൾക്ക് ആശ്രയിക്കാൻ പറ്റുന്ന പൊതുസംവിധാനങ്ങൾ ഉണ്ടാവണം. ഇപ്പോൾ ഇക്കാര്യങ്ങൾ എല്ലാം സ്ത്രീ മറ്റേത് തൊഴിൽ എടുക്കുമ്പോഴും  സമയപരിമിതി ഉണ്ടെങ്കിൽ ഉറക്കം കളഞ്ഞും സൗജന്യമായി ചെയ്തു കൊടുക്കേണ്ടുന്ന തൊഴിലുകൾ ആണ്

“നല്ല ഏകാധിപതി ആവലാണ് ആണത്തത്തിന്റെ പ്രധാന ലക്ഷണം ‘എന്നാണ് നമ്മൾ ഇപ്പോഴും കരുതുന്നത്. അത് നാട്ടിൽ സാധിച്ചില്ലെങ്കിൽ വീട്ടിൽ എങ്കിലും സാധിച്ചു നിർവൃതി അടയണം ഓരോ പുരുഷനും. സ്വയം വില്പനക്ക് വെക്കുന്ന സ്ത്രീധന സമ്പ്രദായത്തെ ചൊല്ലി ഒരു അവമതിപ്പും ആണിന് തോന്നാത്തതും നിലനിൽക്കുന്ന ആണത്തവ്യവഹാരങ്ങൾ കാരണമാണ്. സ്ത്രീധന സമ്പ്രദായത്തിൽ ചില രീതിഭേദങ്ങൾ ഉള്ള വടക്കൻ ജില്ലകളിലും വിവാഹവ്യവസ്ഥയിൽ ആണിന്റെ റോൾ പെണ്ണിനെ പോറ്റൽ (വളർത്തൽ ) ആണ്. പൂച്ചയെ പോറ്റുന്നു, പശുവിനെ പോറ്റുന്നു എന്നൊക്കെ പറയുന്നത് പോലെ ഒരു ഏർപ്പാട് തന്നെ. തിരിച്ചു പെണ്ണ് പോറ്റുന്ന അവസ്ഥ ഇപ്പോഴും അപമാനം തന്നെ. അടുത്ത കാലത്ത് ഭാര്യയെ പഠിക്കാൻ അയച്ച മരുമകനോട് എന്റെ മകൾ പഠിച്ച് ഉദ്യോഗം ഭരിച്ചിട്ടു വേണോ നിനക്കു ചിലവിനു കഴിയാൻ എന്ന് ചോദിച്ച ഭാര്യാ പിതാവിനെക്കുറിച്ച് ഒരു സുഹൃത്ത് പറയുകയുണ്ടായി. സ്ത്രീധനം എന്ന ‘ആൺവില ‘കൊടുത്തു കല്യാണം നടത്തുന്ന ഇടങ്ങളിൽ നിന്ന് കാര്യമായ വ്യത്യാസം ഒന്നും വടക്കൻ ജില്ലകളിലും ഉണ്ടെന്നുപറയാൻ വയ്യ. ആണും പെണ്ണും തമ്മിലുള്ള പരസ്പര ആകർഷണം മാത്രം ഉപാധിയായിട്ടുള്ള പ്രണയവിവാഹങ്ങൾ ഇന്നും പരക്കെ സ്വീകരിക്കപ്പെടുന്ന ഒന്നല്ല. പ്രണയിച്ച കാമുകനെ കല്യാണം കഴിക്കാൻ, കടമെടുത്തും ഇരവ് വാങ്ങിയുമൊക്കെയുള്ള ആഭരണചുമടുമായി വിവാഹപന്തലിൽ എത്തുന്ന ‘വിദ്യാസമ്പന്നരായ’സ്ത്രീകളും ഉണ്ടെന്നത് തന്നെയാണ് ആൺപെൺ വ്യവഹാരങ്ങളും മാനാഭിമാനങ്ങളെക്കുറിച്ചുള്ള മിഥ്യാ ധാരണകളുമൊക്കെയാണ് പ്രശ്നം എന്നതിന്റെ മികച്ച ഉദാഹരണം. വിവാഹത്തിന് വധു അണിയുന്ന തരത്തിലുള്ള ആഭരണങ്ങൾ നിത്യജീവിതത്തിൽ പിന്നീട് ഒരു ദിവസം പോലും ഇടാൻ സാധിക്കാത്ത വിധത്തിൽ നമ്മുടെ സൗന്ദര്യസങ്കല്പങ്ങൾ മാറിയിട്ടും വിവാഹ നാടകം നമ്മൾ കളിച്ചുകൊണ്ടേ ഇരിക്കുന്നത് നാടകമേത് ജീവിതമേത് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടത്കൊണ്ട് തന്നെയാണ്. അടിച്ചാൽ തിരിച്ചടിക്കാനുള്ള വകതിരിവുള്ള പെണ്ണുങ്ങളും ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവുമുള്ള കുടുംബങ്ങളും ഉണ്ടാവുന്നത് വരെ വിസ്മയമാരുടെ വാർത്തകൾ നമ്മൾ ഇനിയും കേൾക്കേണ്ടി വരും.

Comments are closed.