rafeek-ahammed

ഹെഡ് ഫോണിൽ കവിത കേൾക്കുമ്പോൾ

ആലപിക്കപ്പെടാനുള്ളതാണ് കവിതകൾ. നമ്മുടെ പ്രശസ്തരായ ചില കവികൾ ആലാപനത്തിലൂടെ വേറൊരു തലത്തിൽ കവിതകൾ ജനകീയമാക്കി. ഇപ്പോൾ വായിക്കാവുന്നതു പോലെ ഹെഡ് ഫോണിൽ കവിതകൾ കേൾക്കാം. ‘കാസെറ്റ് കവികൾ ‘ എന്ന വലിയൊരു ആക്ഷേപം നമ്മുടെ ചില കവികൾ ഒരു കാലത്ത് നേരിട്ടിരുന്നു.

ഒരു കവി വേറൊരു കവിയുടെ കവിതകൾ കേൾക്കുമ്പോഴുള്ള അനുഭവമെന്താണ്? ആലാപന മികവ് എത്രത്തോളം സ്വാധീനിക്കും? കർക്കടകത്തിൽ ആദ്ധ്യാത്മ രാമായണം പാരായണം ചെയ്യുന്ന പതിവുണ്ട്. എന്താണഭിപ്രായം?

പ്രശസ്ത കവി റഫീക്ക് അഹമ്മദ് അഭിപ്രായങ്ങൾ തുറന്നു പറയുന്നു. റഫീക്ക് അഹമ്മദിനോടുള്ള ചോദ്യങ്ങൾ ഇവയായിരുന്നു:

‘പ്രശസ്തരുടെ കവിതകളുടെ ആലാപനം മറ്റൊരു കവി കേൾക്കുമ്പോൾ ‘

ഒന്ന്: നമ്മുടെ ” ശ്രവ്യാനു’ ഭവങ്ങളിൽ വേറിട്ട തരംഗമായി തീർന്ന ഒരു കവിതയായിരുന്നു ‘നാറാണത്തു ഭ്രാന്തൻ ‘ഒരു കവി എന്ന നിലയിൽ അതിൻ്റെ ‘ കേട്ടനുഭവം ‘ പറയാമോ?

രണ്ട്: അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, ഡി.വിനയചന്ദ്രൻ, ചുള്ളിക്കാട്, കുരീപ്പുഴ, കുഞ്ഞുണ്ണി – ഇവരുടെ കവിത കേട്ട അനുഭവങ്ങൾ.

മൂന്ന്:മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ…

നാല് : കർക്കടകമാണ്. ഹിന്ദു വീടുകളിൽ ‘ അദ്ധ്യാത്മരാമായണം ‘വായിക്കുന്നുണ്ട്. മുസ്ലിം വീടുകളിൽ അദ്ധ്യാത്മരാമായണം വായിച്ചാലെന്താ? നമ്മുടെ ഭാഷയുടെ പിതാവിനുള്ള ആദരവായി അത് മാറില്ലേ?

 

ഹെഡ് ഫോണിൽ
കവിത കേൾക്കുമ്പോൾ

റഫീക്ക് അഹമ്മദ്

വി.മധുസൂദനൻ നായരുടെ ‘ നാറാണത്തു ഭ്രാന്തൻ’ എന്ന കവിത കനപ്പെട്ട ശ്രവ്യാനുഭവം ആയിരുന്നു. നാറാണത്തു ഭ്രാന്തൻ ജീവിതത്തിൻ്റെ മറുകര കണ്ട ഉന്മാദിയായ ദാർശനികനായിട്ടാണ് മിത്ത് അവതരിപ്പിക്കുന്നത്.എന്നാൽ കവിതയിൽ അനാഥനും ആലംബമറ്റവനുമായി പരിതപിക്കുന്ന ഒരാളെയാണ് കാണാനാവുക. അത് കവിയുടെ സ്വാതന്ത്ര്യമാണെങ്കിലും പ്രമേയപരമായി ഈ കവിത എൻ്റെ അഭിരുചിക്ക് തൃപ്തിയേകുന്നതല്ല. എന്നാൽ, കാവ്യാലാപനത്തിൻ്റെ ഒരു വേറിട്ട വഴി വെട്ടിത്തുറന്ന് കവി അച്ചടിയുടെയും പത്രത്താളുകളുടെയും തടവിൽ നിന്ന് കവിതയെ മോചിപ്പിക്കുകയും വാച്യ-ശ്രവ്യ സംസ്കാരത്തിൻ്റെ വലിയ ഒരു പാരമ്പര്യത്തെ പുതിയ കാലത്തോട് കണ്ണി ചേർക്കുകയും ചെയ്തു വികസിപ്പിച്ചത് ഒരു വലിയ കാര്യമായി വിചാരിക്കുന്നു.

അയ്യപ്പപ്പണിക്കർ

അയ്യപ്പപ്പണിക്കർ, കടമ്മനിട്ട മുതലായവരുടെ ആലാപനം കവിതയുടെ സംഗീതാത്മകതയിൽ മാത്രം ഊന്നിയത് ആയിരുന്നില്ല. കവിതയുടെ ആന്തരിക ചൈതന്യവും ഊർജ്ജവും ആ ശബ്ദങ്ങളിലൂടെ പ്രസരിച്ചു. കുഞ്ഞുണ്ണി മാഷിൻ്റെ കവിത വായിക്കുന്നതിനേക്കാൾ ശക്തിയുണ്ടായിരുന്നു കേൾക്കുമ്പോൾ . വിനയചന്ദ്രൻ കാവ്യാ ലാപനത്തെ ഒരു performance ൻ്റെ തലത്തിലേക്ക് ഉയർത്തി. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതാലാപനം അനുവാചകരെ ശരിക്കും ആവിഷ്ടരാക്കി. ഒരു തലമുറയെത്തന്നെ അഗാധമായി സ്വാധീനിച്ചു.

കടമ്മനിട്ട

ആലാപനീയത എന്ന സാദ്ധ്യത

കുരീപ്പുഴ ശ്രീകുമാർ ,മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ ഉൾപ്പെടെയുള്ള കവികൾ കവിതയുടെ ഗേയ പാരമ്പര്യത്തെ പുതുകാലവുമായി വിളക്കിച്ചേർത്തവരാണ്. ആലാപനീയത കവിതയുടെ ഒരു സാദ്ധ്യതയാണ്. കവിത perform ചെയ്യാവുന്നതും ആണ്. കഥകളിയും ഓട്ടൻതുള്ളലും മറ്റും ഒരർത്ഥത്തിൽ കവിതയുടെ performance കൂടിയാണ്. ഏതെങ്കിലും സാംസ്കാരിക മൗലികവാദത്തിൻ്റെ പേരിൽ ഈ സാധ്യത നഷ്ടപ്പെടുത്തേണ്ടതില്ല എന്നാണെൻ്റെ വിചാരം.

മധുസൂദനൻ നായർ

അദ്ധ്യാത്മരാമായണം ഉൾപ്പെടെ ഏതൊരു വിശിഷ്ട ഗ്രന്ഥവും ജാതി മത വ്യത്യാസമില്ലാതെ വായിക്കാവുന്നതും വായിക്കേണ്ടതുമാണ്. എന്നാൽ അനുഷ്ഠാനപരമായി ഒരു പ്രത്യേക കാലയളവിൽ പാരായണം ചെയ്യുന്നതിനെ സംബന്ധിച്ച് എനിക്ക് അഭിപ്രായമില്ല. മാത്രമല്ല ,അത്തരം കൃത്രിമ മാർഗങ്ങളിലൂടെ നിർമ്മിച്ചെടുക്കാവുന്നതല്ല ആധുനികമായ മതേതര സമൂഹം എന്നു കരുതുകയും ചെയ്യുന്നു. എല്ലാ മതഗ്രന്ഥങ്ങളും അടിസ്ഥാനപരമായി സാഹിത്യ കൃതികൾ മാത്രമാണെന്നും ചരിത്രാവബോധത്തോടെയും യുക്തിപൂർവ്വമായും സൗന്ദര്യാത്മകമായുമാണ് അവയെ സമീപിക്കേണ്ടത് എന്ന നിലവാരത്തിലേക്ക് സമൂഹത്തെ ഉയർത്തിക്കൊണ്ടുവരികയാണ് വേണ്ടത് എന്നും വിചാരിക്കുന്നു.

Comments are closed.