പെട്ടെന്ന് വെളുത്ത തിരശ്ശീലയിൽ വേലക്കാരൻ കഥാപാത്രം സ്വയംഭോഗം ആരംഭിച്ചു. അരനിമിഷം കഴിഞ്ഞപ്പോൾ എന്റെ തൊട്ടപ്പുറത്തെ സീറ്റിൽ വല്ലാത്ത അനക്കമായി. സിനിമയിലെ അതേ ചലനങ്ങൾ പയ്യൻ ആരംഭിച്ചിരിക്കയാണ് എന്ന് ഞെട്ടലോടെ മനസ്സിലായി.
സിനിമ കാണാൻ വരുന്ന
A
പുരുഷന്മാർ
ഡോ. സുമി ജോയി ഓലിയപ്പുറം
എന്റെ ചാച്ചൻ അതീവ കുതുകിയായ സിനിമാ പ്രേമിയായിരുന്നെങ്കിലും ഞങ്ങൾ കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ സിനിമാശാലകൾ അഭിലഷണീയമായ സന്ദർശനയിടങ്ങളായി കരുതപ്പെട്ടല്ല വളർത്തപ്പെട്ടത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാന പകുതിയും എൺപതുകളും അത്തരം യാഥാസ്ഥിതിക മനോഭാവങ്ങൾ ധാരാളം വച്ചുപുലർത്തിയിരുന്ന കാലമായിരുന്നുവെന്നു കാണാം. ജനകീയാസൂത്രണം അന്നു വന്നു കഴിഞ്ഞിരുന്നില്ലല്ലോ. സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങണമെങ്കിൽ അന്ന് വ്യക്തമായ കാരണങ്ങൾ കൂടിയേ തീരൂ എന്നായിരുന്നു കേരളത്തിലെ കീഴ് വഴക്കരീതി.
കന്യാസ്ത്രീകൾ കാണിച്ച ചിത്രം
എൺപതുകളിൽ ടെലിവിഷനും വി.സി.ആറുകളും പ്രചാരത്തിൽ വന്നുതുടങ്ങിയതോടെ തിയേറ്ററുകൾ വിട്ട് സമ്പന്നവീടുകളിലെ സ്വീകരണ മുറിയിലേക്ക് സിനിമ പതുക്കെ പതുക്കെ ഇടം നേടിത്തുടങ്ങിയിരുന്നു. അതോടെ ചാന്തുപൊട്ട് സിനിമയിലൊക്കെ കാണുന്നതുപോലെ ടിവിയുള്ള വീടുകളിലേക്ക്, സിനിമാ പ്രക്ഷേപണസമയങ്ങളിൽ കൂട്ടത്തോടെ സാധാരണക്കാരായ അയൽപ്പക്കക്കാർ കാഴ്ചക്കാരായി എത്തിത്തുടങ്ങി . ഗൾഫ് തരംഗമാണ് കേരളത്തിലെ ഉൾഗ്രാമങ്ങളിലേക്ക് വി.സി.ആർ സിനിമാക്കാഴ്ചകൾ പ്രചാരത്തിൽ കൊണ്ടുവന്നത്. പക്ഷേ, ഞങ്ങളുടെ നാട്ടിൽ ഗൾഫുകാരനല്ലാത്ത ഒരാളുടെ വീട്ടിൽ ടി.വിയും വി.സി.ആറും അക്കാലത്ത് വന്നതോർക്കുന്നു. ആ കാലത്ത് സാധാരണ നിലയിൽ കവിഞ്ഞ സമ്പാദ്യമുണ്ടായിരുന്ന മധ്യ വർഗ്ഗ വീടുകളിൽ പോലും അത്യപൂർവസംഭവമായിരുന്ന വി.സി.ആർ. അയാൾ മേടിച്ചതിനു പിന്നിൽ വാസ്തവത്തിൽ കച്ചവടക്കണ്ണുമുണ്ടായിരുന്നു.
ഓലമറകൊണ്ടയാൾ ഒരു ചെറിയ ഷെഡ്‌ഡു കെട്ടി. തറ രണ്ടു മൂന്നു തട്ടാക്കി മണ്ണിട്ടു പൊക്കി. തറ പൊടിയും ചെളിയുമൊക്കെ നീക്കി മിനുസപ്പെടുത്തി. എന്നിട്ട് മുന്നിൽ ഒരു മേശയിൽ ടെലിവിഷനും വി.സി. ആറും സ്ഥാപിച്ചു. ദിവസം മൂന്നു ഷോ വീതം സിനിമ നടത്താനായിരുന്നു ഈ ക്രമീകരണങ്ങൾ. തറയിലിരുന്ന് കാണുന്നവരോട് ഒന്നോ രണ്ടോ രൂപയാണ് (ചിലപ്പോൾ അമ്പതു പൈസയായും കുറച്ചിരുന്നു). തൊട്ടടുത്തുള്ള പള്ളിസ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി പഠിച്ചിരുന്ന ഞങ്ങളെയെല്ലാം വരിവരിയായി അവിടെ കാസറ്റുസിനിമ കാണാൻ കന്യാസ്ത്രീകൾ ഒരിക്കൽ കൊണ്ടുപോയത് ഓർക്കുന്നു. ‘ആലിബാബയും നാല്പത്തൊന്ന് കള്ളന്മാരും ‘എന്ന സിനിമയാണ് അന്ന് കുട്ടികളായ ഞങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കപ്പെട്ടത്. തറയിലും ബഞ്ചിലുമായി ഇരുന്നു കൊണ്ട് ആകാംക്ഷാഭരിതമായി ഞങ്ങളാ സിനിമ കണ്ടു തീർത്തു. ഭരണിയിൽ നിന്നും എണ്ണയെടുക്കാൻ അലാവുദ്ദീന്റെ ഭാര്യ വരുമ്പോൾ ഉളളുകൾ കിടുങ്ങി ഞങ്ങൾ ഉൽകണ്ഠയുടെ കൊടുമുടി കയറി.പിന്നീടും ചില സിനിമകൾക്കായി കൊണ്ടുപോകാമെന്ന് സ്കൂളുകാർ തീരുമാനിച്ചിരിക്കേ നഗരത്തിലെ തിയറ്റർ ഉടമകളുടെ പരാതിയിന്മേൽ പോലീസ് അവിടം റെയ്ഡു ചെയ്തു. ഓല സിനിമാശാല താൽക്കാലികമായി (പിന്നീട് പൂർണമായും ) അടച്ചുപൂട്ടപ്പെട്ടു. ഞങ്ങൾ കുട്ടികൾ മോഹഭംഗം വന്ന് ദുഃഖിതരായി. അമ്പതു പൈസയേ കയ്യിലുള്ളെങ്കിൽപ്പോലും സിനിമ കാണാൻ സമ്മതിച്ചിരുന്ന ഇങ്ങനെയുള്ള സിനിമാദൈവങ്ങളെ ഇനി എവിടെ കിട്ടും ?
അത്യപൂർവമായിമാത്രം സ്കൂളിൽ പൈസ വച്ച് സിനിമാ പ്രദർശനം നടത്തുമ്പോഴോ എല്ലാ നാട്ടുകാർക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സൗജന്യമായി പള്ളിപ്പെരുന്നാളിന് പടം ഓടിക്കുമ്പോഴോ കുടുംബത്തോടൊപ്പമോ ബന്ധുക്കൾക്കൊപ്പമോ വല്ലപ്പോഴും തിയേറ്ററിൽ പോയി കാണുമ്പോഴോ ഇങ്ങനെയൊക്കെ കണ്ട അഞ്ചാറു സിനിമകളിൽ ഒതുങ്ങുന്നതാണ് വാസ്തവം പറഞ്ഞാൽ സ്കൂൾകാലം തീരും വരെയുള്ള എന്റെ സിനിമാക്കാഴ്ചകൾ.
സ്ത്രീകൾ ഒറ്റയ്ക്ക് സിനിമയ്ക്ക്
പോകാമോ?
സ്ത്രീകൾ ഒറ്റയ്ക്ക് സിനിമ കാണാൻ തിയേറ്ററുകളിൽ പോകാമോ? അതും (അഡൽറ്റ്സ് ഓൺലി )എ സർട്ടിഫിക്കറ്റു ലഭിച്ച സിനിമകൾക്ക് ? സ്ത്രീകൾ തനിച്ച് യാത്ര ചെയ്യുന്നതുപോലും അമ്പരക്കാഴ്ചയായിരുന്ന തൊണ്ണൂറുകളിൽ ഈ ചോദ്യത്തിന് ആദ്യം കിട്ടുന്ന മറുപടി മറ്റൊരു ചോദ്യമായിരുന്നു. സിനിമാശാലകളിൽ ഒറ്റയ്ക്ക് സ്ത്രീകൾ എന്തിന് പോകണം എന്നതായിരുന്നു അത്. സാധാരണ സിനിമകളുടെ കാഴ്ച തന്നെ അപൂർവമായിരുന്ന ആ കാലത്ത് എ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ സ്ത്രീകളുടെ കാഴ്ചപരിധിയിൽ തീരെയുണ്ടായിരുന്നില്ല. അതിനാൽ അത്തരം ഒരു ചോദ്യം പോലും അനുവദനീയമായിരുന്നില്ല. ഇന്നും അക്കാര്യത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടാകാൻ വഴിയില്ല. അത്തരം സിനിമാക്കാഴ്ചകൾ തികച്ചും തന്റേടം കലർന്ന അഴിഞ്ഞാട്ടങ്ങളായി മാത്രം ഇന്നും വിലയിരുത്തപ്പെടുന്നു (സാധാരണ A സിനിമകളുടെ പ്രമേയവും സ്ത്രീവിരുദ്ധം തന്നെ).സ്ത്രീകളുടെ ഒറ്റയ്ക്കുള്ള തിയേറ്റർക്കാഴ്ചകൾ അത്ര അഭിലഷണീയമായി പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും (മൾട്ടിപ്ലസ് തിയേറ്ററുകൾ വന്നപ്പോൾ നല്ല മാറ്റമുണ്ട്) കരുതപ്പെടുന്നില്ലല്ലോ. അപ്പോൾ തൊണ്ണൂറുകളിൽ സിനിമാസംബന്ധമായ ഇത്തരം ഉദ്യമങ്ങളെ തികഞ്ഞ അധിക പ്രസംഗങ്ങളായോ അഴിഞ്ഞാട്ടങ്ങളായോ കണ്ടുപോന്നതിൽ എന്താണൽഭുതം. അപ്പോൾ ഒരു “A “പടം കാണാൻ പോയാലോ. അത്തരമൊരു സിനിമ കാണാൻ പോയ അനുഭവമാണ് ആദ്യം എഴുതാനുള്ളത്.
ഇഷ്മത്ത് ചുഗ്ത്തായിയുടെ (sh math chugthai ) ലിഹാഫ് എന്ന കഥയെ ആസ്പദമാക്കി ഇന്ത്യൻ കനേഡിയൻ സംവിധായകയായ ദീപ മേത്ത സംവിധാനം ചെയ്ത “ഫയർ ” എന്ന സിനിമ ഇന്ത്യ മുഴുവൻ കോളിളക്കം സൃഷ്ടിച്ച കാലമായിരുന്നു ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് ഒടുവിലെ മാസങ്ങൾ. ഇന്ത്യൻ സദാചാര ബോധത്തിനേറ്റ കനത്ത ആഘാതമായി ആ ചിത്രം വിലയിരുത്തപ്പെട്ടു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വ്യക്തിജീവിതത്തിൽ ഭർത്താക്കന്മാരാൽ അവഗണിക്കപ്പെട്ടു ഒറ്റപ്പെട്ടുപോയ രണ്ടു സ്ത്രീകൾ തമ്മിൽ സാഹചര്യത്തിന്റെ പ്രത്യേകതകൾ മൂലം ഉടലെടുക്കുന്ന ഊഷ്മളവും ത്രസിപ്പിക്കുന്നതുമായ വ്യക്തിബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ശബാന ആസ്മിയും നന്ദിതാ ദാസും രാധയും സീതയുമായെത്തുന്നു. രാധയുടെ ഭർത്താവ് ഭക്തിമാർഗത്തിലായതിനാൽ ഭാര്യയെ നിർബന്ധിത ബ്രഹ്മചര്യത്തിലേക്ക് തള്ളിയിടുന്നു. സീതയുടെ ഭർത്താവിന് ചൈനീസുകാരി കാമുകിയോടാണ് പ്രിയം. നാട്ടുനടപ്പനുസരിച്ചുള്ള പരമ്പരാഗതരീതികൾക്ക് മുടക്കം വരാതിരിക്കാൻ അയാൾ നടത്തുന്ന കടമ നിർവഹിക്കൽ കൃത്യം മാത്രമാണ് സീതയുമായുള്ള വിവാഹം. കുടുംബകാര്യങ്ങൾ മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോകാൻ വീട്ടിൽ ഒരു ഇളയ മരുമകൾ കൂടി വേണം. അതാണയാളുടെ ലക്ഷ്യം. വ്യത്യസ്തമായ രണ്ടു കാരണങ്ങളാൽ പ്രണയവും രതിയും നഷ്ടപെട്ട് ഒറ്റപ്പെടലിന്റെയും അവഗണനയുടെയും കയ്പു നുണഞ്ഞ് പരമ്പരാഗത കുടുംബ ഘടനകൾക്കുള്ളിൽ നിത്യതടവുമൃഗങ്ങളായി കുടുങ്ങിപ്പോയ അവർ രണ്ടു പേരും ആകസ്മികമായി പരസ്പരം താങ്ങാകുകയും തുടർന്ന് ഊഷ്മളമായ പ്രണയരതിയിലേക്ക് എത്തിച്ചേരുകയുമാണ് .പരമ്പരാഗത ഇന്ത്യൻകുടുംബ കഥകളിൽനിന്നു വ്യത്യസ്തമായ ഈ സിനിമ ഇന്ത്യൻസെൻസർ ബോർഡിന്റെ കടമ്പകൾ പിന്നിടുമോ എന്ന് ദീപമേത്തപോലും ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നതായിക്കാണാം.. പക്ഷേ, ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യയിൽ പ്രദർശനാനുമതി ഫയറിന് ലഭിച്ചു. പക്ഷേ .ചില നിബന്ധനകൾ സെൻസർബോർഡ് വയ്ക്കാതിരുന്നില്ല. സിനിമ എ സർട്ടിഫിക്കറ്റോടെയാകണം ദർശനത്തിനെത്തിച്ചേരേണ്ടതെന്നതായിരുന്നു അതിലൊരു നിബന്ധന. മറ്റൊന്ന് സീതയെന്ന പേര് ‘നീത’യെന്നാക്കി മാറ്റണമെന്നുള്ളതായിരുന്നു. ഇന്ത്യൻ ലെസ്ബിയൻ പ്രണയബന്ധത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് A സർട്ടിഫിക്കറ്റു ലഭിച്ചതോടെ പ്രതീക്ഷയിൽ നിന്നു വിരുദ്ധമായി പ്രേക്ഷകശ്രദ്ധ ഇരട്ടിയാകുകയാണുണ്ടായത്. ചെറുപ്പക്കാരും മധ്യവയസ്കരുമായ ആൺപ്രേക്ഷകർ വൻതോതിൽ ഇന്ത്യയെമ്പാടും സിനിമ കാണാനെത്തി. വൻനഗരങ്ങളിൽ സ്ത്രീകളും എത്തി.പല പല ദൃശ്യങ്ങൾ വഴി പരിചിതമായിട്ടുണ്ടെങ്കിലും ലെസ്ബിയൻ പ്രണയബന്ധം ഒരു ഇന്ത്യൻസിനിമയ്ക്കുള്ളിൽ – അതും ഒരു വനിതാ സംവിധായിക എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്ന് അറിയാനുള്ള ആകാംക്ഷയാണ് പലരെയും സിനിമയിലേക്ക് എത്തിച്ചത്.
ഞാനന്ന് ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ മലയാള വിഭാഗത്തിൽ ഡോ. സ്കറിയാ സക്കറിയാ എന്ന പ്രശസ്ത അധ്യാപകന്റെ മാർഗനിർദ്ദേശകത്വത്തിൽ ഗവേഷണം ആരംഭിച്ച കാലം. സാറിനൊപ്പം ചേരുമ്പോൾ മുഴുവൻ സമയ ഗവേഷകയായി ജയ സുകുമാരനുണ്ട്. ബംഗാളി നോവലുകളുടെ വിവർത്തനമാണ് ജയയുടെ വിഷയം. മലയാളത്തിൽ ഇറങ്ങിയ എല്ലാ ബംഗാളി നോവലുകളും ജയ അന്നേക്ക് വായിച്ചു കഴിഞ്ഞിരുന്നു. പ്രശസ്ത വിവർത്തകൻ എം.കെ.എൻ. പോറ്റി സാറിനൊപ്പം മാസങ്ങൾ പിന്നാലെ നടന്ന് ഗവേഷണപൂർണതയ്ക്കു വേണ്ടി ജയ ബംഗാളി ഭാഷയുംപഠിച്ചു കഴിഞ്ഞിരുന്നു. ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഗവേഷണത്തിന്റെ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞ ജയയാണ് ഉത്തരേന്ത്യൻ പശ്ചാത്തലമുള്ള ഫയർ എന്ന സിനിമയെക്കുറിച്ച് എന്നോട് ആദ്യം സംസാരിക്കുകയും കാണാൻ പോകാമെന്ന കാര്യം പറയുകയും ചെയ്തത്. ചങ്ങനാശ്ശേരിയിൽ സിനിമ പ്രദർശനത്തിന് എത്തുമോ എന്നുവരെ സംശയമായിരുന്നു. അപ്പോഴാണ് പെരുന്ന ബസ്‌സ്റ്റാന്റിനടുത്തുള്ള തിയേറ്ററിൽ ഫയർ ഒരു വെള്ളിയാഴ്ച എത്തുന്നുണ്ടെന്നറിഞ്ഞത്. “ആദ്യ ഷേയ്ക്കു തന്നെ പോകണം . പതിനൊന്നു മണിക്കാണ്. ഉച്ച കഴിഞ്ഞാവുമ്പോൾ പതിവു മാറ്റിനിക്കാരുടെ ശല്യമുണ്ടായേക്കും’. ഇതാകുമ്പോൾ അത്തരം പ്രശ്നമുണ്ടാകില്ല. ഈ കണക്കുകൂട്ടലിലാണ് ഞങ്ങൾ ഫയർ കാണാൻ രാവിലെ പത്തരയോടെ ന്യൂ തിയേറ്ററിലെത്തുന്നത്. തൊട്ടടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ പോയി കാപ്പി കുടിക്കാൻ പോകുമ്പോൾ തിയേറ്റർ പരിസരം വിജനമായിരുന്നു. ‘അധികമാരുമില്ല. സ്വസ്ഥമായി കാണാം ‘ ഞങ്ങൾ തീർച്ചപ്പെടുത്തി. പക്ഷേ പത്തരയോടെ ഞങ്ങൾ തിയറ്ററിനടുത്തെത്തുമ്പോഴേക്ക് കഥ മാറി. സിനിമാപ്രേമികളുടെ ഒരു ജനസമുദ്രമാണ് അടഞ്ഞ ഗേറ്റിനുമുന്നിൽ ഇരമ്പുന്നത്. എല്ലാം പയ്യൻസ് .തൊട്ടടുത്തുള്ള കോളേജുകളിൽ പഠിക്കുന്നവരാകണം. എസ്.ബി. കോളേജിൽ നിന്നും എൻ.എസ്.എസ് പെരുന്ന കോളേജിൽ നിന്നും മാത്രമല്ല പരിസരത്തെ പാരലൽ കോളേജിൽനിന്നുമുള്ള വിദ്യാർഥികളുമുണ്ടാകണം. ഇടിച്ചുതിരക്കുകൂട്ടുന്നവരുടെ ആവേശം നിയന്ത്രിക്കാൻ ലാത്തിയുമായി പോലീസുകാരും നിൽപ്പുണ്ട്.
ദേണ്ടടാ അവർ
ന്യൂ തിയേറ്ററിനു മുന്നിലെ ജനസമുദ്രം .. | അതിൽ രണ്ടു പെണ്ണുങ്ങൾ മാത്രം. ഇത് തീർത്തും അപരിചിതാനുഭവമായിരുന്നു. ഇന്നുവരെ ആദ്യഷോയ്ക്ക് പോയിട്ട് സിനിമയ്ക്കുതന്നെ തിയേറ്ററിൽ അധികം പോയിട്ടില്ല. കോതമംഗലം എം.എ. കോളേജിൽ ഡിഗ്രിക്ക്പഠിച്ചു കൊണ്ടിരുന്നകാലത്ത് സമരദിനങ്ങളിൽ വളയം, വെങ്കലം എന്നീ രണ്ടു സിനിമകൾ കാണാൻ പോയ കഥ തന്നെ സംഭവബഹുലമായിരുന്നു . അന്ന് അതിനു ധൈര്യം തന്നത് കൂട്ടുകാരി ഷിബിയാണ്. എൻ.എസ്. എസ്. വോളന്റിയർ കൂടിയായ ഷിബി വീട്ടിൽനിന്നും കൂട്ടുകാർക്കൊപ്പവും സിനിമയ്ക്ക് ധാരാളം പോയി പരിചയമുള്ളയാളാണ്. അന്ന് ഞങ്ങൾ തിയേറ്ററിൽ ചെന്നപ്പോഴേക്ക് സമയം വൈകിയിരുന്നു. പ്രദർശനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ബാൽക്കണിയിൽ സീറ്റില്ല; മുൻബഞ്ചുകളിലേ സീറ്റുകളുമുള്ളൂ. അങ്ങനെ തിയേറ്ററിനുള്ളിലേക്ക് സിനിമകണ്ടുകൊണ്ടിരിക്കുന്ന സമസ്ത കാണികളേയും സാക്ഷികളാക്കി ഞങ്ങൾ മുന്നിലൂടെ കയറുമ്പോൾ പിന്നിൽ നിന്നും അട്ടഹസിച്ചുകൊണ്ട് ആർപ്പുവിളികൾ ഉയർന്നത് ഇപ്പോഴും ഓർമ്മയുണ്ട്. . “ദേണ്ടടാ അവർ “: പല ശബ്ദങ്ങൾ പിന്നിൽ നിന്നും വിളിച്ചുകൂവി. അന്ന് വളയം എന്ന സിനിമയുടെ ആദ്യഷോയുമായിരുന്നു. കാണാൻ വന്നവരിൽ ഭൂരിഭാഗവും എം.എ കോളേജിലെ ആൺകുട്ടികളുമായിരുന്നു. എന്റെ ഉള്ളംകൈ വിയർത്ത് ടിക്കറ്റ് നനഞ്ഞു പിഞ്ഞിപ്പോയി. മൂക്കിന്റെ പുറത്ത് കുടം കണക്കിന് വിയർപ്പുതുള്ളികൾ തൂങ്ങി ആകെ വിവശമായി. കാലുകൾ വിറച്ചു വേച്ചു വീഴുമെന്നായപ്പോൾ ഷിബി പെട്ടെന്ന് കയ്യിൽ പിടിച്ചതോർക്കുന്നു. അവൾ അന്ന് എൻ.എസ്.എസ്. വോളന്റിയറായി ആണാധിപത്യകോളേജിൽ തലയെടുപ്പോടെ നിൽക്കുന്ന കാലമാണല്ലോ.
കുറുപ്പംപടി ടൗണിലെ വീട്ടിൽനിന്ന് പലവട്ടം വീട്ടുകാർക്കൊപ്പവും കൂട്ടുകാർക്കൊപ്പവും സിനിമയ്ക്ക് പോകുന്ന രീതി നിലനിന്നിരുന്നതിനാൽ അവൾക്കിതൊന്നും പുതുമയല്ല. അവളുടെ അച്ഛനാകട്ടെ സുഹൃത്തിനെപ്പോലെ ഇതെല്ലാം പ്രോൽസാഹിപ്പിക്കുന്നയാളുമായിരുന്നു. എന്റെ അവസ്ഥ അതല്ല. വീട്ടിൽ നിന്നിറങ്ങിയാൽ കോളേജിൽ ചെന്നേ നിൽക്കാനാവൂ. ആരോടും വഴിയിൽ വർത്തമാനം പറഞ്ഞു നിൽക്കാൻ പാടില്ല. അവിടേം ഇവിടേം നോക്കി യാത്ര ചെയ്യാൻ പാടില്ല. നന്നായി അറിയാവുന്ന പലർക്കുമിടയിലൂടെയുള്ള കാൽനടയാത്രയായതിനാൽ ശ്രദ്ധിച്ചില്ലേൽ വീട്ടിലപ്പോഴറിയും. അതിനാൽ നടുറോട്ടിലൂടെ പോലും പമ്മി നടന്നാണ് കോളേജിൽ എത്തിക്കൊണ്ടിരിക്കുന്നതുതന്നെ. പക്ഷേ, കോളേജ് ലൈബ്രറിയിൽ അംഗത്വമെടുത്ത് പതിയെ വായന ആരംഭിച്ചതോടെ അതുവരെ പോകാത്തയിടങ്ങൾ സന്ദർശിക്കണമെന്നും ചെറിയ ഇഷ്ടങ്ങൾ പിന്തുടരണമെന്നും ചെറിയ ചെറിയ സാഹസങ്ങൾ ചെയ്ത് ധൈര്യം പതിയെപ്പതിയെ വലുതാക്കണമെന്നും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹം തുടങ്ങിക്കഴിഞ്ഞിരുന്നു. അരുതാത്തത് ചെയ്യുന്നതിൽ നിഗൂഢമായൊരു ആഹ്ളാദമുണ്ടെന്ന് മാർക്വിസിന്റെ കോളറക്കാലത്തെ പ്രണയത്തിൽ ഒരു കഥാപാത്രം പറഞ്ഞത് ശരിയായിരിക്കണം. ആ സുഖമനുഭവിക്കാൻ വേണ്ടിമാത്രമായി മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിലും കാമുകിയെ കാണാൻ അയാൾ രാത്രി അതിനിഗൂഢമായാണ് പോകുന്നത്. അത്യന്തം രഹസ്യാത്മകത അവർ രണ്ടു പേരും – കാമുകീകാമുകന്മാർ – ഇക്കാര്യത്തിൽ കർശനമായി നിലനിർത്തുന്നതും കാണാം. അത്തരം നിഗൂഢമായ സന്തോഷം ചില വിലക്കുകൾ ലംഘിക്കുമ്പോൾ ലഭിക്കുന്നുണ്ടെന്ന ചിന്ത എന്നിലും അക്കാലത്ത് പതിയെ രൂപപ്പെട്ടുവന്നിരിക്കണം എന്നു തോന്നുന്നു. അങ്ങനെയാണ് ഷിബി വിളിച്ചപ്പോൾത്തന്നെ ഇറങ്ങിപ്പുറപ്പെട്ടത്. അന്ന് ഞങ്ങൾ മൂന്നു പെൺകുട്ടികളെയാണ് അവൾ ധൈര്യപ്പെടുത്തി തിയേറ്റർ വരെ എത്തിച്ചത് എന്നോർക്കുന്നു. പക്ഷേ, തിയേറ്ററിന്റെ വാതിക്കൽ ഒന്നുരണ്ട് അപരിചിതരെ കണ്ടതേ അവർ രണ്ടാളും നേരെ ബസ് സ്റ്റാന്റിലേക്ക് ഒന്നും പറയാതെ ഒറ്റനടത്തം വച്ചു കൊടുത്തു. ഞാനും അവർക്കു പിന്നാലേ മുന്നോട്ട് കാലു വച്ചതാണ്. ‘ഞാനൊറ്റയ്ക്കാവും നീ പറഞ്ഞ വാക്ക് തെറ്റിക്കരുത് ‘എന്ന് പറഞ്ഞ് എന്റെ കയ്യിൽ കേറിപ്പിടിച്ചതോടെ ഞാൻ ആ കൂട്ടത്തിൽനിന്നും പയ്യെ മുറിഞ്ഞ് അവൾക്കൊപ്പം നടുക്കത്തോടെ ജവഹർ തിയേറ്ററിലേക്ക് കേറുകയായിരുന്നു. ടിക്കറ്റെടുത്തതും അകത്തു കയറ്റിയതുമൊക്കെ ഷിബി തന്നെ. തിയേറ്റർ ബോയി കാണിച്ചു തന്ന ഇരിപ്പിടം വല്ലാതെ മുന്നിലായിപ്പോയി. നല്ല വെളിച്ചമുള്ള ദൃശ്യമാണ് ഞങ്ങൾ പ്രവേശിക്കുമ്പോൾ തിയേറ്ററിൽ ഉണ്ടായിരുന്നത് . വലിയ ലോറിയുമായി നടൻ എത്തുന്നു. മനോജ് കെ ജയനും ഉണ്ട് . അവർക്കുള്ള ആർപ്പുവിളികൾ ആരാധകവൃന്ദം ഉയർത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ തിയേറ്ററിനുള്ളിലെ ഇരുട്ടിലേക്ക് വീഴുന്നത്.തിരശീലയിൽ വീണ വെളിച്ചം ഞങ്ങളെ തിയേറ്ററിലെ മൊത്തം പ്രേക്ഷകർക്കുമായി ഒറ്റുകൊടുത്തു. അതോടെ ദാടാ അവർ – എന്ന് പുറകിൽ നിന്നും ആർപ്പു പൊങ്ങുകയായിരുന്നു.ഒരു വിധത്തിൽ തല തിരിക്കാതെ സിനിമ തീരും വരെ തിയേറ്ററിൽ ഇരുന്നുതീർക്കുകയായിരുന്നു. ഇടവേള വന്നപ്പോൾ വീണ്ടും കൂകൽ കേട്ടു. : ഐസ് ക്രീം വേണോ. ചോദിക്കടാ. ഒറ്റയ്ക്കിരിക്കയല്ലേ കമ്പനി കൊടുക്കടാ. ” പുറകിൽനിന്നും പുരുഷശബ്ദങ്ങൾ ആർത്തു . “ആരെങ്കിലും മുന്നിലേക്ക് വന്നാൽ വാതിൽ തുറന്ന് ഞാനിറങ്ങിയോടിപ്പോകും ” ഞാൻ കട്ടായം പറഞ്ഞു. ഷിബി ചിരിച്ചു കൊണ്ടേയിരുന്നു. അവൾ ഇതൊക്കെ എത്ര കണ്ടിട്ടുണ്ട് എന്ന ഭാവത്തിൽ അങ്ങിരുന്നുകളഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ. എന്റെ ഉരുകൽ കണ്ട് തരിമ്പും അവൾ ദയ കാണിച്ചില്ല . ഒന്നും സംഭവിച്ചതുമില്ല. ആരും മുന്നിലേക്ക് വരുകയോ ഐസ്ക്രീം തരികയോ ഉണ്ടായില്ല. പരിചയക്കുറവുകൾ മൂലം അജ്ഞരായും അവകാശ ബോധമില്ലാതെയും കഴിയുന്ന പെണ്ണുങ്ങളെ ഇങ്ങനെ വെറുതെ ഇടയ്ക്കിടെ പേടിപ്പിക്കാൻ ആണുങ്ങൾക്ക് സഹായകമാകുന്ന , കേട്ടാലുടനെ പെണ്ണുങ്ങൾ ഇങ്ങനെ പേടിക്കാൻ നിന്നു കൊടുക്കുന്ന അന്നത്തെ സാമൂഹ്യരീതിയെപ്പറഞ്ഞാൽ മതിയല്ലോ. എന്തായാലും ഞാൻ പേടിച്ചു ചത്തു. ഇതു വീട്ടിലറിഞ്ഞാലുള്ള പ്രതികരണവും ഭയപ്പെടുത്തിയിരുന്നു.ഭാഗ്യം ഒന്നുമുണ്ടായില്ല. പക്ഷേ പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ കഥ മാറി.പലയിടത്തുനിന്നും ഞങ്ങൾക്ക് ചില വിളികൾ കേൾക്കേണ്ടിവന്നു. “വളയം, വളയം,” . നോക്കുമ്പോൾ ഒരാളെയും കാണില്ല .പിന്നെ കുറച്ചു ദിവസങ്ങൾ കഴിവതും പുറത്തിറങ്ങാതെ ക്ലാസ് മുറിക്കുള്ളിൽ ഇരുന്നു തീർത്തു. ഈ വിളി ശാശ്വതമായിപ്പോയാലോ. അതായിരുന്നു പേടി. ഞങ്ങൾ നടുക്കത്തോടെ മനസ്സിലാക്കി:-ഒന്നുരണ്ടു മാസമായപ്പോഴും വളയം വിളി തുടരുകയാണ്. ഷിബി ഒരു ദിവസം ഉറപ്പിച്ചു പറഞ്ഞു. “ഇതിങ്ങനെ വിട്ടാൽപ്പോര . നമുക്ക് അടുത്ത പടത്തിന് പോണം. മാത്രമല്ല നമ്മളിനി പുറത്തിറങ്ങാൻ പോകുന്ന എല്ലാ പടവും കാണും. നിന്റെ കാര്യം എനിക്കറിയില്ല. ഞാനെന്തായാലും കാണും . ഇനി ഏതു പടത്തിന്റെ പേരു പറഞ്ഞ് വിളിക്കുമെന്ന് നോക്കട്ടെ. ലോകത്തിലെ എല്ലാ പടത്തിന്റെയും പേര് ഇവന്മാർ നമുക്കിടുമോ? ” അങ്ങനെ അടുത്ത സമരദിനത്തിൽ അടുത്ത പടത്തിനും ഞങ്ങൾ പോയി. അതു വെങ്കലം എന്ന സിനിമയായിരുന്നു .അതിലും മുരളിയും മനോജ് കെ ജയനും തന്നെ നായകർ. അന്നു കയറിയപ്പോഴും പുറകിൽ നിന്ന് ആരവമുയർന്നു . “വളയം വളയം..” പിറ്റേദിവസം കോളേജിൽ വച്ചു കണ്ടപ്പോൾ അലമ്പുസെറ്റ് വിളി ഒന്നു മാറ്റിപ്പിടിച്ചു “വെങ്കലം ,വെങ്കലം “എന്നാക്കി. വിളി നേരിട്ടുമായി.ഷിബി വിളിക്കുന്നവർക്കിടയിലെ നേതാവെന്നു തോന്നിച്ചയാളെഒന്നു രൂക്ഷമായി നോക്കി : എല്ലാവരും കേൾക്കേ വിളിച്ചു പറഞ്ഞു. “ഒന്നു പോടാർക്കാ . ഇനി വരാൻ പോകുന്ന എല്ലാ പടവും ഞങ്ങള് കാണാൻ പോകുവാ. നീ ഏതേലും ഒരു പേരൊന്ന് ഉറപ്പിക്ക് . അല്ലേലും ഇതൊക്കെ ചെർക്കൻമാർക്ക് മാത്രം കാണാനുള്ളതാണോ .? അല്ല പിന്നെ” : അതോടെ അലമ്പുനേതാവിന്റെ പത്തി താണു. ആ യുക്തി ശരിയാണെന്നു തോന്നിയിട്ടോ എന്തോ സിനിമാപ്പേരുവിളി അതോടെ അവർ പൂർണമായി വിട്ടു. ഞങ്ങൾ സിനിമാക്കാഴ്ച സ്ഥിരമായല്ലെങ്കിലും ചില സമര ദിനങ്ങളിൽ പിന്നെയും തുടർന്നു പോന്നു. വളരെ സെലക്ടീവായ ചിത്രങ്ങളാണ് അക്കാലത്ത് കണ്ടതെന്ന് ഓർക്കുന്നു.
ഒരിക്കൽ കാണാൻ പോയത് അടൂരിന്റെ വിധേയനായിരുന്നു. അന്ന് തിയേറ്ററിലെത്തിയപ്പോൾ ഗൗരവമായ സിനിമയെ സമീപിക്കുന്ന കോളേജിലെ ആൺ സുഹൃത്തുക്കളെയും കൗണ്ടറിനു മുന്നിൽ കണ്ടതോർക്കുന്നു. അപ്പോഴേക്ക് ആൺ സൗഹ്യദങ്ങൾ നേടാൻ വിധം ഞങ്ങൾ രണ്ടാളുടെയും സാമൂഹ്യപദവി കോളേജിൽ ഉയർന്നിരുന്നു. അവരിൽ പലരും ഇന്ന് ഇന്ത്യൻ /മലയാളസിനിമാരംഗത്തുതന്നെ പ്രശസ്തരാണ്. അവരിൽ പട സിനിമ എടുത്ത കമൽ ഞങ്ങളോട് അന്ന് അടൂരിന്റെ സിനിമകളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു കൊണ്ട് ടിക്കറ്റ് കിട്ടും വരെ ഞങ്ങൾക്കൊപ്പം തിയേറ്ററിനു മുന്നിൽ നിന്നതോർക്കുന്നു. അപ്പോഴേക്ക് സിനിമ കാണാനുള്ള ധൈര്യം ഞാൻ ആർജ്ജിച്ചു കഴിഞ്ഞിരുന്നു.
എങ്കിലും തിയേറ്റർ അത്ര സ്ത്രീ സൗഹാർദ്ദപരമായ ഒന്നായി എനിക്ക് തോന്നിയിരുന്നില്ല. എന്റേതല്ലാത്ത – സ്ത്രീയുടേതല്ലാത്ത – ഒരിടത്ത് കടന്നു കയറുന്ന ഒരാളെപ്പോലെ തിടുക്കത്തോടെയും പരിഭ്രമത്തോടെയും മാത്രമാണ് പിന്നീടും സിനിമ കാണാൻ വല്ലപ്പോഴുമാണേലും തിയേറ്ററിൽ എത്തിയിട്ടുള്ളത്. എങ്കിലും ഹോസ്റ്റൽ കാലത്ത് സിസ്റ്റർമാരുടെ അനുവാദത്തോടെ കണ്ട
ദുൽവാലേ ദുൽഹനിയ ലേ ജായേങ്കേ അടക്കമുള്ള ഹിന്ദി പടങ്ങൾ, ഇഷ്ടവാക്ക് എന്ന് പ്രശസ്ത ചിന്തകൻ എം.ഗോവിന്ദൻ വിശേഷിപ്പിച്ച എസ്.ബി. കോളേജിലെ മലയാളവിഭാഗം അധ്യാപകൻ ഐ.ഇസ്താക്ക് സാറിന്റെ നേതൃത്വത്തിൽ മറ്റ് എം .എ. വിദ്യാർഥികൾക്കൊപ്പം കണ്ട ദേശാടനം തുടങ്ങിയവയുടെ സിനിമാക്കാഴ്ചകൾ അങ്ങനെയുള്ള തോന്നലുകളെ ചെറുതായെങ്കിലും ലഘൂകരിക്കാൻ സഹായിച്ചിരുന്നു.
ഫയർ സിനിമ
ഫയർ സിനിമ കാണാൻ ചെന്നപ്പോൾ ഇതെല്ലാം വാസ്തവത്തിൽ ഓർത്തു പോയിരുന്നു. അടഞ്ഞ ഗേറ്റിനു മുന്നിലെ ഈ ആൺ സൈന്യം കണ്ടപ്പോൾ വാസ്തവത്തിൽ ഭയമല്ല,ഗേറ്റുതുറക്കുംവരെ നാട്ടുകാരൊക്കെ കാണുംവിധം പൊതുവഴിയിൽ കമന്റടിയും നോട്ടവും അറിഞ്ഞങ്ങനെ നിൽക്കണമല്ലോ എന്ന ചിന്തയാണ് വാസ്തവം പറഞ്ഞാൽ ഞങ്ങളെ അലട്ടിയത്. മുതിർന്ന റിസേർച്ചുകാരെന്ന നിലയിലുള്ള വില ഈ പ്രീഡിഗ്രി ഡിഗ്രിവിദ്യാർഥികൾക്കു മുന്നിൽ വിട്ടുകളയരുതെന്ന ചിന്ത വന്നതോടെ ഞങ്ങൾ ആകാവുന്നത്ര ഗൗരവത്തോടെ നേരെനോക്കി ഒലിപ്പിക്കുന്ന ആൺകുഞ്ഞുങ്ങളെ പുച്ഛത്തോടെ അവഗണിക്കാൻ തന്നെ തീരുമാനിച്ചു. എങ്കിലും ഈ പുറത്തുനില്പ് ഒട്ടും സുഖകരമായി തോന്നിയതുമില്ല. ഞങ്ങൾ മാത്രമാണ് ഏക സ്ത്രീ കാണികളെന്ന് ഓർക്കണം. ചുറ്റും നൂറുകണക്കിന് ആൺകുട്ടികൾ ചിരിച്ചാർത്തു നിൽക്കുകയാണങ്ങനെ . അപ്പോഴാണ് ഞങ്ങളെ അൽഭുതപ്പെടുത്തിക്കൊണ്ട് ഒരു പോലീസുകാരൻ ഞങ്ങൾക്കടുത്തേക്ക് വന്നത്. സിനിമ കാണണ്ട നിങ്ങൾ തിരിച്ചു പോകണം എന്നു പറയാനാകുമെന്ന് ഞാൻ മെല്ലെ ജയയുടെ ചെവിയിൽ പറഞ്ഞു. നമ്മൾ കാണുക തന്നെ ചെയ്യുമെന്ന് അപ്പോൾ ജയ എന്നോടും തിരിച്ചു പറഞ്ഞു. പരിഭ്രമം പെട്ടെന്ന് മുഖത്തണിയുന്ന ശീലക്കാരിയാണ് ഞാൻ. പക്ഷേ കട്ടിക്കണ്ണടയണിഞ്ഞ ജയയുടെ മുഖത്തു നോക്കിയാൽ ആർക്കും ഒരു വികാരവും പിടികിട്ടില്ല .എന്നു മാത്രമല്ലസ്വതവേ വലുതായ കണ്ണൂ കൊണ്ടൊരു ഉരുട്ടൽ കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതുമില്ല; തർക്കിക്കാൻ വരുന്നയാൾ പിന്നെ വരാമെന്ന ഭാവത്തിൽ തിരിഞ്ഞു പോയിക്കളയും . ആ അടവുതന്നെ ജയ പുറത്തെടുത്തു . അടുത്തേക്കുവന്ന പോലീസുകാരനോട് പോലീസ് മട്ടിൽ ജയ ഒരു ചോദ്യം അങ്ങോട്ട് ആധികാരികമായി ചോദിച്ചു: “എപ്പോഴാണ് തിയേറ്ററിന്റെ ഗേറ്റ് തുറക്കുക “. ചോദ്യത്തിന്റെ മുറുക്കം ശ്രദ്ധിച്ച പോലീസുകാരൻ ബഹളക്കാർക്കിടയിൽ ലാത്തി നീട്ടി വഴിയുണ്ടാക്കി നേരേ ഗേറ്റ് തുറന്ന് ഞങ്ങളെ രണ്ടാളെയും അകത്തു കയറ്റി. “ഇയാള് ഇതിനാണപ്പാ വന്നതെന്ന് ആരറിഞ്ഞു ” ജയ പറഞ്ഞു. ഒരു ആൺ സമുദ്രത്തെ പിന്നിലടച്ചു കൊണ്ട് ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ മാത്രം ഇപ്പോൾ തിയേറ്ററിനുള്ളിൽ.
തിയേറ്ററിനുള്ളിൽ കണ്ട ഫയറിന്റെ പോസ്റ്ററുകൾ ഒരേ സമയം മോഹിപ്പിക്കുന്നതും വിഭ്രമിപ്പിക്കുന്നതുമായിരുന്നു. മഞ്ഞടോപ്പിൽ നിറചിരിയുമായി നിൽക്കുന്ന നന്ദിതയുടെ വലത്തു നെഞ്ചിനോരത്ത് കൈ ചേർത്തുപിടിച്ചു നിൽക്കുന്ന ഷബാന ആസ്മിയും ഏതോ നിഗൂഢമായ ആനന്ദത്തിൽ ചിരിച്ചു മറിയുന്നു. ഷബാനയുടെ ചില പോസ്റ്ററുകളിൽ ഗാഢ വിഷാദത്തിന്റെ നേർത്ത നിഴലുകൾ വീണു കിടക്കുന്നുണ്ട്. Bold sumptuous Taboo breaking എന്ന വിധ്വംസകവാക്കുകളുടെ അർഥം ഏതു രീതിയിലാകും അനുഭവപ്പെടുക എന്ന കടുത്ത തോന്നലിൽ ഞാൻ ചുഴറ്റിയെറിയപ്പെട്ടു. ഞങ്ങൾക്ക് ടിക്കറ്റ് തന്നതിനുശേഷമാണ് അന്ന് ഗേറ്റ് തുറക്കപ്പെട്ടത്. ഇരമ്പിയാർത്തു ഓടിയടുക്കുന്ന ആൺസൈന്യത്തെ കണ്ടതിപ്പോഴും ഓർക്കുന്നു. തടയണ തകർന്ന് വെള്ളം കുത്തിയൊലിച്ചടുക്കുന്നതുപോലെ ആ ഇരമ്പുന്ന ആൺ കൂട്ടം ഒരേ സമയം ഭയവും അസൂയയും പകർന്നതോർക്കുന്നു. സാമൂഹ്യ നിയമങ്ങൾ കൂസാത്ത അവരുടെ ചെയ്തികളുടെ /കാഴ്ചകളുടെ ഇര സ്ഥാനത്തുമാത്രം സ്ത്രീകൾ പെട്ടുപോകുന്നതിലെ അസ്വസ്ഥതയാണ് ഭയമായി നിറഞ്ഞതെങ്കിൽ അസൂയ മറ്റൊരു കാരണം മൂലമാണ് ഉണ്ടായത്. എത്ര സ്വതന്ത്രമായാണവർ പൊതു ഇടങ്ങളിൽ ഇടപെടുന്നത്. എത്ര സ്വാഭാവികമായാണ് ഇത് തന്റെ ഇടമാണെന്ന് സൂക്ഷ്മചലനങ്ങളാൽ ഓരോ നിമിഷവുംതെളിയിച്ചും സ്ഥാപിച്ചും മുന്നേറുന്നത്. (സത്യം പറഞ്ഞാൽ ഇപ്പോഴുമെന്നിൽ അസൂയ ഉണർത്തുന്ന ഒരു സംഗതിയാണത് ). ബാൽക്കണി ടിക്കറ്റാണ് ഞങ്ങളെടുത്തത്. അധികം വൈകാതെ അകത്തു ഞങ്ങൾ കയറി. ഇടയ്ക്ക് പലവട്ടം പോലീസുകാരൻ വന്നു. ‘എന്തേലും പ്രശ്നമുണ്ടോ ? ഞാൻ പുറത്തുണ്ടായിരിക്കും.’അയാൾ ഓർമ്മിപ്പിച്ചു. ബാൽക്കണിയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. പോലീസ് ഇടയ്ക്കിടയ്ക്ക് രംഗപ്രവേശം ചെയ്യുന്നതിനാൽ വന്ന അപൂർവം ചിലർക്ക് ഞങ്ങൾക്കരികിൽ – എന്തിന് ആ റോയിൽ തന്നെ ഇരിക്കാൻ ധൈര്യം വന്നിരിക്കുകയുമില്ല. അങ്ങനെ വിശാലമായ അവസാനത്തെ റോയിൽ പോലീസ്കാവലിന്റെ ആദ്യശ്യസാന്നിധ്യത്തിന്റെ കരുതലിലായിരുന്നു ഞങ്ങളുടെ ആദ്യത്തെ എ സർട്ടിഫിക്കറ്റ് പടത്തിന്റെ കാഴ്ച .
സിനിമാക്കാഴ്ച സുരക്ഷിതമായിരുന്നെങ്കിലും മുമ്പ് വളയം സിനിമ കണ്ട അനുഭവത്തിലെന്നപോലെ കാണികൾ ഞങ്ങളെ , സിനിമയിൽ പ്രത്യേകതയുള്ള സീനുകൾ നിറയുന്ന നിമിഷങ്ങളിലെല്ലാം ആവശ്യമില്ലാതെ ഓർത്തുകൊണ്ടിരുന്നു. അവരൊന്നടങ്കം ബാൽക്കണിയിലേക്ക് നോക്കിയാണ് കൂവുന്നതുതന്നെ. വേലക്കാരൻ ചെറുക്കൻ സ്വയംഭോഗം ചെയ്യുന്ന സീൻ വന്നപ്പോൾ തിയേറ്റർ മുഴുവൻ അലമ്പാക്കും വിധം കൂവലും വിസിലൂത്തും ഇരട്ടിയായി. അവരു പോയോടാ, അവരു കാണുന്നുണ്ടോടാ, ചേച്ചീമാരേ കൂയ് എന്നൊക്കെ സർവത്ര ബഹളം’. ഇതൊക്കെ സഹിച്ച് രണ്ടു പെണ്ണുങ്ങൾ എങ്ങനെ സിനിമ കണ്ടുതീർക്കുമെന്ന വ്യഥയിൽ പലരും പലപ്പോഴും ഞങ്ങളെ അനാവശ്യമായി ഓർത്തു കൊണ്ടിരുന്നു. ഒരു സീനിൽ സിനിമയിലെ രണ്ടു പെണ്ണുങ്ങൾ ഒരു മുറിയിൽ കയറി പരസ്പരം താല്പര്യത്തോടെ പുണരുന്നു. ചുംബിക്കുന്നു. ചുണ്ടുകൾ കൂട്ടിമുട്ടുന്ന ദൃശ്യത്തിൽ നിന്നും നേരെ അടഞ്ഞ വാതിലിലേക്കാണ് പൊടുന്നനെ സിനിമയിൽ സീൻ മാറുന്നത്. തുണ്ട് പ്രതീക്ഷിച്ച കാണികൾ അതോടെ തെറിയോട് തെറിയായി. നല്ല ചങ്ങനാശ്ശേരിസ്ലാങ്ങിൽ തിയേറ്ററിനുള്ളിൽനിന്നും തെറിയും പുലഭ്യവും പരാതിപറച്ചിലും. സർവത്ര ബഹളമയം. “എന്തോന്നാ അച്ചായാ ഈ കാണിക്കുന്നത്. പൈസ തന്ന് കേറുന്നതല്ലേ ” – ഒരാൾ ഉറക്കെ പ്രൊജക്ടർ റൂം ലക്ഷ്യമാക്കി സങ്കടം വിളിച്ചു പറഞ്ഞു. പ്രൊജക്ടർ കൈകാര്യം ചെയ്യുന്ന അച്ചായൻ വെട്ടിമാറ്റിയതാകുമോ എന്ന ശങ്കയാകണം. മറ്റൊരു സീനിൽ ചില സൂക്ഷ്മശാരീരികാടുപ്പങ്ങളുടെ ദൃശ്യങ്ങൾ മിന്നിനിറഞ്ഞപ്പോൾ – എന്റച്ചായോ പത്തുരൂപ മുതലായി. എന്നായി പ്രോജക്ടർ റൂം നോക്കിയുള്ള ആർപ്പ്. മഞ്ഞക്കടൽ പോലെ ഇരമ്പുന്ന കടുകുപാടങ്ങൾ നിറയുന്ന ദൃശ്യത്തിലാണ് സിനിമ മിഴി തുറക്കുന്നതെന്നോർക്കുന്നു. കടലു കാണാൻ ആഗ്രഹിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് സിനിമ ഉടനീളം സംസാരിക്കുന്നു. സ്വാതന്ത്ര്യമുള്ള, പ്രണയത്തിന്റെ നീലിമ പടർന്ന ജീവിതക്കടലുകൾക്കായി ത്രസിച്ചുലയുന്ന പെണ്ണുങ്ങൾ തിരശ്ശീലയിൽ നിറഞ്ഞപ്പോൾ കൗതുകവും അമ്പരപ്പും നിറഞ്ഞ ആൺകാഴ്ചക്കാർ ഉടലിളക്കും വിധം ഇരമ്പിയാർത്തു. അങ്ങനെ നിരന്തരം തങ്ങളുടെ കാഴ്ചയുടെ പ്രതലത്തിൽ ഞങ്ങളെക്കൂടി കുത്തിക്കോർത്തുക്കൊണ്ടാണവർ – അന്നത്തെ ആൺപ്രേക്ഷകർ – ഫയർ സിനിമ കണ്ടു തീർത്തത്. നീലച്ചിത്രത്തിൽ അഭിനയിക്കുന്ന പെണ്ണുങ്ങൾ മാത്രമല്ല നീലച്ചിത്രം കാണുന്ന പെണ്ണുങ്ങളും അന്നത്തെ പ്രേക്ഷകർക്ക് ഒരു കാഴ്ച വിരുന്നായി മാറിയിരിക്കണം. സിനിമ തീർന്നതും പോലീസുകാരൻ ഞങ്ങൾക്കരികിൽ വീണ്ടുമെത്തി. ഞങ്ങളാണന്ന് തിയേറ്ററിൽ നിന്ന് ആദ്യം പുറത്തു പോയത്. നീലച്ചിത്രം കണ്ട പെണ്ണുങ്ങളെ വീണ്ടും അർഥം വച്ച് നോക്കി കമന്റടിച്ച് രസിക്കാമെന്നു വിചാരിച്ചവരെ ഒന്നടങ്കം നിരാശപ്പെടുത്തിക്കൊണ്ട് ഞങ്ങൾ ആ ഭൂമിയിൽനിന്നേ പൊടുന്നനെ അപ്രത്യക്ഷരായി.
വീണ്ടും ഫയർ
ഫയറിന്റെ തിയേറ്റർ സിനിമാനുഭവം ഒരിക്കൽക്കൂടി എനിക്ക് എറണാകുളത്ത് ആവർത്തിക്കേണ്ടി വന്നു. 1998-ൽ ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിലായി ഞാൻ സെന്റ്. തെരേസാസ് കോളേജിൽ മലയാളം ഗസ്റ്റ് അധ്യാപികയായി പഠിപ്പിച്ചിരുന്നു. എറണാകുളം ഭാരതീയവിദ്യാഭവനിൽ അക്കാലത്ത് ഞാൻ ജേർണലിസം വിദ്യാർഥിനിയായിരുന്നു. സഹപാഠിയായി അന്ന് സുധ ബാലചന്ദ്രൻ ടീച്ചറും ഉണ്ടായിരുന്നു. അവർ സെന്റ് തെരേസാസിലെ മലയാളം അധ്യാപികയാണ്. അപ്പോഴാണ് എന്റെ എം.എ മലയാളം പരീക്ഷയുടെ റിസൾട്ട് വരുന്നത്. ഒന്നാം റാങ്കുണ്ടെന്ന് മനസ്സിലാക്കിവച്ച ടീച്ചർ, രണ്ടോ മൂന്നോ മാസം നീണ്ട മെഡിക്കൽ ലീവിൽ പോകാൻനേരം എന്നെതന്നെ പകരം അധ്യാപികയായി വിദഗ്ധമായി കാര്യം പറഞ്ഞ് സമ്മതിപ്പിച്ച് കോളേജിൽ പ്രിൻസിപ്പാളിന്റെ മുമ്പിലെത്തിച്ചു. പ്രസന്നവദനയും ആജ്ഞാഭാവമുള്ള മുഖത്ത് എപ്പോഴും പുഞ്ചിരിയുമുള്ള തലയെടുപ്പുള്ള പ്രിൻസിപ്പാൾ സിസ്റ്റർ എമിലിന്റെ മുമ്പിലിരുന്നപ്പോൾ മറുത്തു പറയാനും കഴിയാതെ പോയി. സെന്റ്. തെരേസാസിന്റെ ഇടുങ്ങിയ കോൺഗ്രീറ്റ് മുറ്റത്തും വിശാലമായ ലൈബ്രറിയിലും കായൽക്കാറ്റിലേക്ക് വരാന്തകൾ തുറന്നിടുന്ന മലയാളം ഡിപ്പാർട്ടുമെന്റിലുമായി കഴിഞ്ഞ ആ രണ്ടോ മൂന്നോ മാസക്കാലം ഞാൻ അനുഭവിച്ചത് വിശാലവും വിപുലവുമായ ഒരു പെൺ ലോകമായിരുന്നു. ആർത്തുചിരിച്ചും ഉൽസാഹത്തോടെ ഉറക്കെ സംസാരിച്ചും ഉറച്ച കാൽവെപ്പും ഉയർന്ന ശിരസുകളിൽ നിശ്ചയദാർഢ്യവുമായിക്കണ്ട ആ പെൺമുഖങ്ങൾ, ഞാനതുവരെ പരിചയപ്പെട്ട ആൺ കോളേജുകളിലെ പെൺകുട്ടികളിൽനിന്ന് ഏറെ വിഭിന്നമായിരുന്നു. പക്ഷേ,ക്ലാസ് മുറികളിൽ തികഞ്ഞ അച്ചടക്കം അവരന്ന് നിലനിർത്തിയിരുന്നു. നൂറു വിദ്യാർഥിനികൾ നിറഞ്ഞ പ്രീഡിഗ്രി ക്ലാസുപോലും ശാന്തസുന്ദരമായി കൈകാര്യം ചെയ്യാനാകുംവിധം പ്രസന്നവും സൗമ്യവും ആയിരുന്നു. പ്രശസ്ത സിനിമാ നടി ദിവ്യാ ഉണ്ണിയൊക്കെ അന്ന് ശാന്തമായി ക്ലാസിൽ ഉണ്ടായിരുന്ന തോർക്കുന്നു.എന്നാൽ ആഘോഷവേളകൾ വരട്ടെ, കുത്തിയൊലിക്കുന്ന മഴക്കാലത്തിന്റെ ഉത്സവപ്രതീതി കാമ്പസിൽ എമ്പാടും നുരഞ്ഞു കുത്തും. അവിടെ വച്ച് അക്കാലത്ത് പരിചയപ്പെടുകയും പിൽക്കാലത്ത് പ്രിയപ്പെട്ട സുഹൃത്തായി മാറുകയും ചെയ്ത ഒരു ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപികയുണ്ടായിരുന്നു. ലേഖ എന്നായിരുന്നു പേര്. അവർ ചിത്രകാരിയായിരുന്നു. സ്കൂൾ ഓഫ് ബറോഡയിൽ നിന്നും പഠനം കഴിഞ്ഞ ഒരാൾ. അവരുടെ ജീവിത പങ്കാളി അക്കാലത്ത് നിരന്തര കപ്പൽ യാത്രകളിലായിരുന്നു. ഇനി എന്ന് തീരത്ത് എത്തുമെന്ന് തീർച്ച പറയാതെ ,പരസ്പരം അനന്തമായി അകന്നു കൊണ്ടിരിക്കുന്ന രണ്ടു ജീവിതക്കപ്പലുകളിൽ സഞ്ചരിക്കുന്ന രണ്ടുപേരെക്കുറിച്ച് ഞാനാദ്യമായി കേൾക്കുകയായിരുന്നു. സ്വതന്ത്രമായ ജീവിതം അതാണ് പ്രധാനമെന്നു കരുതുന്ന ഒരു പെൺകൂട്ടത്തെ അക്കാലത്ത് അവർ വഴി എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞിരുന്നു. മീനയും ലേഖയും മറ്റു ചില പെൺ സുഹ്യത്തുക്കളുമൊക്കെയുള്ള ആ ദിവസങ്ങൾ തീർത്തും പെൺമണം നിറഞ്ഞവയായിരുന്നു. കലൂർ സ്റ്റേഡിയത്തിന്റെ ഇരുവശങ്ങളിലായിട്ടായിരുന്നു ലേഖയുടെ ഫ്ലാറ്റും അച്ഛന്റെയും അമ്മയുടെയും ഫ്ലാറ്റും. രാത്രിയിൽ ഒരു വശത്തു നിന്നും മറുവശത്തേക്ക് ഞങ്ങൾ നടക്കും. മുകളിൽ ഇരുണ്ട ആകാശം നക്ഷത്രക്കണ്ണുകളുമായി തരിച്ചുനിൽക്കുന്ന ആ അൽഭുതക്കാഴ്ചയേക്കാൾ എന്നെ ആനന്ദിപ്പിച്ചത് തിരക്കേറിയ നഗരത്തിലൂടെ രാത്രിയിൽ പെൺ സുഹൃത്തുക്കൾക്കൊപ്പം സമ്മർദ്ദങ്ങളില്ലാതെ നടന്നുപോകുന്നതു തന്നെയായിരുന്നു. അപ്പം പോലെ സ്വാതന്ത്ര്യവും പെൺജീവിതത്തിൽ അത്യാവശ്യമാണെന്നും അതിന്റെ സ്വച്ഛത നൽകുന്ന ആനന്ദം അമൂല്യമാണെന്നുമുള്ള തോന്നലുകൾ എന്നിൽ ആഴത്തിൽ ഉറപ്പിച്ചതായിരുന്നു അവരുമായുള്ള ചങ്ങാത്തം. മുപ്പതുകളിലെത്തിയ അവർക്ക് ഇരുപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന ഞാൻ വെറും ശിശുവായിരുന്നു. കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമാകാനായി ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് ചിത്രം വരച്ചു കൊണ്ടും കലയെ സംസാരിച്ചുകൊണ്ടും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ലേഖയുടെ ഭർത്താവ് എനിക്ക്
അൽഭുതമായി. ഒട്ടും ആവേശമോ സങ്കടമോ ഇല്ലാതെ ലേഖ അതേക്കുറിച്ച് അംഗീകാരമനോഭാവത്തോടെ സംസാരിക്കുന്നത് അതിലും അൽഭുതമായി. ബന്ധങ്ങളുടെ തുറവിയെക്കുറിച്ച് ഞാനാദ്യമായി അറിയുകയായിരുന്നു. ലേഖ അതീവസുന്ദരിയായിരുന്നു. നീലക്കടൽ പോലെ അഗാധമായിരുന്നു അവരുടെ മിഴികൾ. വരകളിൽ കാടുകളുടെ വന്യചാരുത പടർത്തുന്ന വർണക്കൂട്ടുകൾ അവർ കോരിനിറച്ചിരുന്നു .നിറങ്ങളുടെ ആധിക്യമല്ല ചേർമ്മയിലെ സമ്യദ്ധിയാണവരുടെ ചിത്രങ്ങൾക്ക് ചാരുത പകർന്നത്. ആ രാത്രികാല സഞ്ചാരങ്ങൾക്കിടയിൽ പലതും ചർച്ചാ വിഷയമായിവരും. അങ്ങനെ ഫയറും വന്നു. ഫയർ ഞങ്ങളെല്ലാം കണ്ടുകഴിഞ്ഞിരുന്നു. ലേഖയുടെ പറവൂർ സ്വദേശിയായ ഒരു പ്രശസ്ത ചിത്രകാരി നാളെ ഫയർ കാണാനാഗ്രഹിച്ച് എറണാകുളത്തെത്തുന്നുണ്ട്. മറ്റെല്ലാവർക്കും തിരക്കായതിനാൽ ഞാൻ അവർക്കൊപ്പം ഉണ്ടാകണമെന്ന് ലേഖ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ എറണാകുളത്തെ ആ തിയേറ്ററിലക്ക് ചെല്ലുന്നത്. ഏകദേശം ഒരു സമയം ഞാൻ ചിത്രകാരിയുമായി പറഞ്ഞു വച്ചിരുന്നു. അതനുസരിച്ച് എത്തുമ്പോൾ അവരുമായി കാണാം.(നേരത്തെ കണ്ടിട്ടില്ല) അതായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ സിനിമ തുടങ്ങാൻ പത്തുമിനിട്ട് ഉള്ളപ്പോഴും അവർക്കെത്താനായില്ല. ടിക്കറ്റ് കൗണ്ടറിൽ വെറുതെ എത്ര നേരം നിൽക്കും. രണ്ടോ മൂന്നോ സ്ത്രീകളെക്കൂടി ഞാനവിടെ കണ്ടു. എല്ലാവരും ആൺ സുഹ്യത്തുക്കൾക്കൊപ്പമാണ് എത്തിയിരിക്കുന്നത്. എങ്കിലും എറണാകുളം നഗരമായതിനാലാകും ചങ്ങനാശ്ശേരിയിലേതുപോലെ വെപ്രാളം ദൃശ്യമല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്ക് തന്നെ അകത്തു കയറാൻ തീരുമാനിച്ചു. അങ്ങനെ ബാൽക്കണിയിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ നിരയിലായി ഇരുന്നു .ഒറ്റയ്ക്ക് ഒരു സ്ത്രീ കടന്നു വന്നാൽ അവരെ വിളിച്ച് അടുത്തിരുത്തണം എന്നതായിരുന്നു ഉദ്ദേശ്യം. സിനിമ തുടങ്ങി അധികം കഴിഞ്ഞില്ല ഒരു സ്ത്രീ മിന്നായം പോലെ അകത്തേക്ക് പോയി എവിടെയോ അപ്രത്യക്ഷമായത് കണ്ടു. കടുകുപാടങ്ങളുടെ മഞ്ഞപ്പരപ്പിൽ പെട്ടുപോയ ഞാൻ കണ്ടതു തന്നെ വൈകിയാണ്. ഇനി ഒറ്റയ്ക്കു തന്നെ സിനിമ കാണേണ്ടിവരും. അതോടെ ചുറ്റും ഇടക്കണ്ണിട്ട് നോക്കി പരിസരനിരീക്ഷണം നടത്താമെന്നു കരുതി. അപ്പോൾ അൽപ്പം പന്തികേടു തോന്നാതിരുന്നില്ല. തൊട്ടടുത്തതിനടുത്ത സീറ്റിൽ ഒരു പയ്യൻ വളിഞ്ഞ നോട്ടവുമായി ഇരിപ്പുണ്ട്. പുറകിലും ചില വഷളൻമാർ ഞാനിരിക്കുന്ന കസേലയിൽ അനാവശ്യമായി തൊടുംവിധം കാലുകൾ ചലിപ്പിക്കുന്നുണ്ട്. ഇതൊന്നും അത്ര നന്നായി എനിക്ക് തോന്നിയില്ല. എന്തായാലും സിനിമ കാണുക തന്നെ. ജേർണലിസത്തിന് പഠിക്കുമ്പോൾ പകൽ ഒറ്റയ്ക്ക് നടത്തിയ നിരവധി യാത്രകൾ ഓർമ്മ വന്നു. അതെല്ലാം ഓർത്ത് ധൈര്യം സ്വയം ആർജ്ജിച്ചെടുത്തു. സിനിമ , കഥയിലേക്ക് പ്രവേശിച്ചതോടെ തിയേറ്ററിൽ കനത്ത നിശബ്ദത വന്നു. ആ സ്വയംഭോഗസീൻ സ്ക്രീനിൽ അപരിചിതരായ ആണുങ്ങൾക്കൊപ്പം തനിച്ചിരുന്നു കാണുന്നത് കുഴപ്പമുണ്ടാക്കുമോ ? സംശയം ഇല്ലാതില്ല. പെട്ടെന്ന് വെളുത്ത തിരശീലയിൽ വേലക്കാരൻ കഥാപാത്രം സ്വയംഭോഗം ആരംഭിച്ചു. അരനിമിഷം കഴിഞ്ഞപ്പോൾ എന്റെ തൊട്ടപ്പുറത്തെ സീറ്റിൽ വല്ലാത്ത അനക്കമായി. സിനിമയിലെ അതേ ചലനങ്ങൾ പയ്യൻ ആരംഭിച്ചിരിക്കയാണ് എന്ന് ഞെട്ടലോടെ മനസ്സിലായി. അയാൾ ചെയ്യുന്നതിനൊപ്പം എന്നെ മാത്രം നോക്കുകയും ചെയ്യുന്നുണ്ടോന്ന് സംശയമായി. അതു സംശയമായിരുന്നില്ല .കുറേ നേരം ഒന്നും ശ്രദ്ധിക്കാത്ത രീതിയിൽ ഇരുന്നു നോക്കി. അതോടെ അവൻ പെട്ടെന്ന് സീറ്റുമാറി തൊട്ടടുത്തേക്ക് മാറിയിരുന്നു. ഞാൻ ഞെട്ടി അയാളുടെ കയ്യുടെ ചലനത്തിന്റെ വേഗം എന്റെ ശരീരത്തിൽ തട്ടുന്നുണ്ട്. സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ പൊടുന്നനെ അറിയാതെതന്നെ എഴുന്നേറ്റു പോയി. അയാളെത്തന്നെ രൂക്ഷതയോടെ നോക്കി. എഴുന്നേറു പോകാതെ ഞാനിരിക്കില്ല എന്നു മനസ്സിലായതോടെ എന്റെ ഭാഗ്യമോ എന്തോ പെട്ടെന്ന് പയ്യൻ കൊടുങ്കാറ്റു പോലെ പുറത്തേക്ക് പോയിക്കളഞ്ഞു. ആശ്വാസത്തോടെ ഇരുന്നപ്പോൾ പുറകിൽ സീറ്റിനടിയിലൂടെ കൈകടത്തി എന്നെ തൊടാനാകുമോ എന്ന പരീക്ഷണങ്ങൾ ആരംഭിച്ചിരിക്കുന്നു. പയ്യെ ഒരു സെപ്റ്റിപിൻ ഷാളിൽ നിന്നും ഊരിയെടുത്തു. മുന്നിലേക്ക് ഞാൻ അല്പം ഒതുങ്ങിയിരുന്നു. പുറകിലത്തെ പരീക്ഷകന് സീറ്റിനിടയിലൂടെ വിരൽ കയറ്റാൻ കഴിയുന്നില്ല.അപ്പോൾ സീറ്റിനു മുകളിൽ പിടിച്ച് അനക്കാനുള്ള ശ്രമമായി. പിന്നെ മടിച്ചില്ല.. നല്ല ആഴത്തിൽ തന്നെ സെപ്റ്റിപിൻ ഒന്നിറക്കി തിരിച്ചു വലിച്ചു. പെട്ടെന്ന് ശബ്ദമില്ലാതെ കൈ പിൻവലിയുന്നതു കണ്ടു. പുറകിൽ കടുത്ത നിശ്ശബ്ദത പരന്നു. പിന്നെ ശല്യമൊന്നുമുണ്ടായില്ല. എന്നാൽ സിനിമ കണ്ടു തീരുംവരെ പുറകിൽ ദൂരെയായി പലയിടത്തും ചില ബഹളങ്ങൾ / പിടിവലികൾ നടക്കുന്നുണ്ടെന്ന് തോന്നിയിരുന്നു. സ്വയംഭോഗമാണോ അതോ മറ്റെന്തെങ്കിലുമാണോ. ആർക്കറിയാം ?എല്ലാ ശല്യത്തിൽ നിന്നും മനസ്സുമാറ്റി സിനിമമാത്രം കണ്ടു തീർത്തു. അപ്പോഴും കൊടുങ്കാറ്റുപോലെ ഇനിയുമാരേലും തുറന്നിട്ട ലിംഗവുമായി അരികത്ത് വന്നിരിക്കുമോ എന്ന ഭീതി മാത്രമല്ല വല്ല കൈയേറ്റത്തിനും മുതിരുമോ എന്ന ചിന്ത ഉള്ളിൽ പടർന്നിരുന്നു. നേരിടുക തന്നെ. എന്നാൽ പുറത്ത് യാതൊരു സംശയവും കൊടുക്കാതെ പാതി സീറ്റിൽ മുന്നോട്ട് അല്പം ഇറങ്ങിയിരുന്ന് സ്ക്രീനിലേക്ക് മാത്രം നോക്കിയിരുന്ന് സിനിമ കണ്ടുതീർത്തു. സിനിമയിൽനിന്നും തുണ്ടു സീനുകൾ പ്രതീക്ഷിച്ച നിലയിൽ കിട്ടാത്തതിന്റെ നിരാശ തറ ടിക്കറ്റുകാർക്കിടയിൽ നിന്നും പൊങ്ങുന്നുണ്ടായിരുന്നു. നിരാശയാൽ കുഴഞ്ഞ ലൈംഗിക ദാഹത്തിന്റെ മുറുമുറുപ്പുകളാണ് അത്തരം വേളകളിൽ മുഴങ്ങുന്നതെന്നു തോന്നി.
പിന്നെയും ചില സാഹസികതിയേറ്റർ കാഴ്ചകൾ നടത്തിയിട്ടുണ്ട്. അനുഭവങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷിതമെന്ന് സ്വയം കണ്ടെത്തിയ കൊച്ചിയിലെ തിയേറ്ററുകളിലാണ് പിന്നെയും ഒറ്റയ്ക്ക് കയറിയിട്ടുള്ളത്. കാമസൂത്രയൊക്കെ അങ്ങനെ കണ്ട ചിത്രമാണ്.
പെരുമ്പാവൂർ അനുഭവം
ഫയർ കാണുന്നതിനും ഒരു വർഷം മുമ്പ് തിയേറ്ററിൽ ഒറ്റയ്ക്കു പോയി കണ്ട ഒരു സിനിമയായിരുന്നു ഭൂതക്കണ്ണാടി. നല്ല സിനിമയാണെന്ന് ആദ്യമായി എന്നോടു പറയുന്നത് പ്രിയപ്പെട്ട ഒരാളെന്ന് മനസ്സിൽ ആദ്യമായി തോന്നിയ ഒരാളായിരുന്നു. അതുകൊണ്ട് കാണണമെന്ന ആഗ്രഹം ശക്തമായിരുന്നു. അറിഞ്ഞു വന്നപ്പോഴേക്ക് ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയത്തുനിന്നും സിനിമ പോയിക്കഴിഞ്ഞിരുന്നു. പിന്നെ പത്രം വിശദമായി പരിശോധിച്ചു നോക്കിയപ്പോൾ പെരുമ്പാവൂരിൽ ഒരു തിയേറ്ററിൽ ഉണ്ടെന്ന് കണ്ടെത്തി. സ്വന്തം നാടായ കോതമംഗലത്തിന് പോകും വഴിക്ക് പെരുമ്പാവൂരിൽ കയറി സിനിമ കാണുകതന്നെ. ചങ്ങനാശ്ശേരിയിൽ നിന്ന് നേരേ പെരുമ്പാവൂർക്ക് വിട്ടു. വീട്ടിലേക്കുള്ള യാത്രയായതിനാൽ വലിയൊരു ബാഗും കയ്യിലുണ്ട്. അതുമായി ഓട്ടായിൽ കയറി ദീപാ തിയേറ്റർ എവിടാണെന്ന് ചോദിച്ചു. അപ്പോഴേ ഓട്ടോക്കാരൻ സംശയത്തിന്റെ വിത്തുകൾ മുഖത്ത് പാറ്റാൻ തുടങ്ങി. ഞാൻ കൂസൽ തെല്ലുമില്ലാതെ അവിടല്ലേ ഭൂതക്കണ്ണാടി സിനിമ ഓടുന്നത് എന്നായി. അവിടെ ഇറങ്ങിയപ്പോൾ വൃത്തികെട്ട പരിസരം . മാർക്കറ്റിന്റെ ഒഴിഞ്ഞ പരിസരത്ത് ആളൊഴിഞ്ഞ പൂരപ്പറമ്പിന്റെ മൂകതയിൽ നിൽക്കുന്ന ഒരു തിയേറ്റർ . പെയിന്റ് അടിക്കാൻ മെനക്കെടാത്തതിനാൽ അവിടമെല്ലാം പഴംകാലത്തിന്റെ വൃത്തിയില്ലാത്ത മുഖവുമണിഞ്ഞാണ് നിൽപ്പ്. ഗേറ്റ് സമയമാകാത്തതിനാൽ പതിവു പോലെ അടഞ്ഞുകിടക്കുന്നു. പരിസരത്ത് മറ്റൊരു കടയും കയറാവുന്നതായി കാണുന്നില്ല. പച്ചക്കറികൾ കുത്തിനിറച്ച ഓട്ടോകളും ടെമ്പോകളും ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നുണ്ട്. ചീഞ്ഞ കാബേജിന്റെ മണം ഉയരുന്ന പരിസരം ഒട്ടും സുഖമായി തോന്നിയതുമില്ല. അരമണിക്കൂർ നിൽക്കണം. നിന്നേ പറ്റൂ. മുഖം താഴ്ത്തി നിൽക്കാനും പറ്റില്ല. അധികം ആരെയും ശ്രദ്ധിച്ചു പോകാനും പാടില്ല. ഇത്തരം അപരിചിത സാഹചര്യങ്ങളിൽ പെട്ടു പോയാൽ കഴിവതും അജ്ഞാത പുരുഷന്മാരുടെ മുഖത്ത് രണ്ടുവട്ടം നോക്കരുതെന്ന നിയമമാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതും; സ്വീകരിച്ചിട്ടുള്ളതും . അതിനാൽ മറ്റൊരു മുഖഭാവവുമായി ഞാനൊരു അരമണിക്കൂർ നില്പ് നിൽക്കാൻതന്നെ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞ് മുന്നിലൂടെ കടന്നുപോയ ഒരു ഓട്ടോയിൽ നിന്നും എന്തോ വലിയ ശബ്ദത്തോടെ തെറിച്ചു വീഴുന്നു. തേങ്ങയാണ്. തേങ്ങ നിറച്ച ഓട്ടോ ഒരു കുഴിയിൽ കയറിയിറങ്ങിയതിന്റെ മേളമാണ് കേട്ടത്. എല്ലാവരുടെയും ശ്രദ്ധ ഉരുണ്ടു പോകുന്ന തേങ്ങകളിലായി. ഞാനും. ആ നോട്ടം പിൻവലിക്കും മുമ്പ് ഞാനൊരു കാര്യം ഞെട്ടലോടെ മനസ്സിലാക്കി. എന്നെ ലക്ഷ്യം വച്ച് കുറഞ്ഞത് നാലഞ്ചു തടിമാടൻമാർ അവിടവിടെയായി നിൽപ്പുണ്ട്. എന്റെ ഉദ്ദേശ്യമെന്താണെന്നാണവർ ഉറ്റുനോക്കുന്നത്. ഞാൻ മുഖം കൊടുക്കാത്തതിനാൽ അവർക്ക് ഒന്നും അന്തിമമായി തീരുമാനിക്കാനും ആകുന്നില്ല. തിയേറ്ററിനു മുമ്പിൽ ബാഗും പിടിച്ച് ഒരു പെൺകുട്ടി നിന്നാൽ മറ്റു ചില അർഥങ്ങൾ കൂടി ഉണ്ടാകുമെന്ന് അറിയാൻ ഉള്ള ലോകബോധമൊന്നും സത്യത്തിൽ അപ്പോൾ ഇല്ലായിരുന്നു. തേങ്ങ ഉരുണ്ട ബഹളത്തിൽ എന്റെ കണ്ണുകൾ അവരെയും കണ്ടുവെന്ന് മനസ്സിലാക്കിയതോടെ ചിലർ അവിഞ്ഞചിരിക്കായി ചുണ്ടുകൾ കോട്ടാൻ ആരംഭിച്ചിരിക്കുന്നു എന്നും ഞാൻ തരിപ്പോടെ തിരിച്ചറിഞ്ഞു. എല്ലാവരും എന്റെയരികിലേക്ക് നിരങ്ങി നീങ്ങാൻ തക്കം പാർത്തു നിൽക്കുന്ന പോലൊരു ശരീര ഭാഷ എടുത്തണിയുന്നതും ഞാൻ വെമ്പലോടെ തിരിച്ചറിഞ്ഞു. വീണ്ടും അവഗണനയുടെ ഭാഷ പുറത്തെടുക്കാം എന്ന് ചിന്തിച്ച് മുഖം കേറ്റിപ്പിടിച്ചു നിൽക്കാൻ തുനിഞ്ഞതും പെട്ടെന്ന് അതിലൊരു അതിസാമർഥ്യക്കാരൻ എന്റെ അരികിലേക്ക് നേരെ വന്ന് മുഖത്തേക്ക് നോക്കി വൃത്തികെട്ട ഒരു വഷളൻ ചിരി ചിരിച്ചു . ഉള്ളിൽ വിയർക്കാൻ തുടങ്ങിയ ഞാൻ പെടുന്നനെ തിയേറ്റർ ഗേറ്റ് തുറക്കുന്നതു കണ്ടതും അതിലൂടെ പാഞ്ഞുകയറി ഉള്ളിൽമറഞ്ഞു. ആരുമെത്തുംമുമ്പേ ബാൽക്കണി ടിക്കറ്റുമെടുത്ത് സ്ഥലത്തു നിന്നേ മാറിക്കളഞ്ഞു. ആദ്യ പ്രദർശനമായതിനാൽ ബാൽക്കണിയടക്കം തിയേറ്റർ തുറന്നു കിടന്നിരുന്നു. വാതിലിനടുത്ത് വഴിയുടെ അരികിൽ അടുത്ത സീറ്റിൽ ബാഗും വച്ച് അടുത്താരും ഇരിക്കുകയില്ലെന്ന് ഉറപ്പിച്ചാണന്ന് പടം കണ്ടുതീർത്തത്. വന്നവരെ യോ പോയവരെയോ നോക്കിയതേയില്ല. ഒരു അണു പോലും പിടി കൊടുക്കാത്ത നോട്ടവുമായി ഇരുന്ന് സിനിമ നല്ലതുപോലെ ആസ്വദിച്ച് കണ്ടു തീർത്തു. കഴിഞ്ഞതും കാറ്റുപോലെ പുറത്ത് പോയി മറഞ്ഞു.
ഒറ്റയ്ക്ക് നടത്തിയ ഇത്തരം സിനിമാക്കാഴ്ചകളെല്ലാം കേരളത്തിലെ പൊതുവിടങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നു മാത്രമല്ല പുരുഷകേന്ദ്രിതമാണെന്നു കൂടിയുള്ള യാഥാർഥ്യം തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട്. സഹയാത്രികരായി സ്ത്രീകളെ അന്ന് ഒരിക്കൽപ്പോലും ഒരിടത്തും കണ്ടിട്ടില്ല.അത്തരം പരീക്ഷണം നടത്തുന്നവർ ധാരാളം ഉണ്ടാകണം. അവർ മറ്റൊരിടത്ത് മറ്റു ചില ഇടങ്ങളിൽ, മറ്റു ചില താല്പര്യങ്ങളോടെയാകാം സഞ്ചരിച്ചുകൊണ്ടിരുന്നിരുന്നത്; അതാകും കണ്ടുമുട്ടാതിരുന്നത്. സുനിൽ ഗാംഗോപാധ്യായയുടെ ദീപ്തിമയി എന്ന നോവലിലെ നായികയുടെ ജീവിതം എന്നേക്കുമായി മാറിപ്പോയത് വീട്ടിൽനിന്നും ഒരു പുറത്തു പോകൽ അവൾ സ്വയം നടത്തുന്നതോടെയാണ്. മിടുക്കിയായ അവൾക്ക് കൂടുതൽ പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പത്താം ക്ലാസ് ജയിച്ചു കഴിഞ്ഞപ്പോൾ അവളുടെ വിവാഹം നടത്താനുള്ള ഏർപ്പാടാണ് ബന്ധുക്കൾ നടത്തുന്നത്. അവൾ അതോടെ ഗ്രാമത്തിലെ വീട്ടിൽനിന്ന് ഒളിച്ചോടാൻ തീരുമാനിക്കുകയാണ്. എങ്ങനെയെങ്കിലും നഗരത്തിലെത്തിയാൽ പഠിക്കാൻ കഴിയും. അതാണവളുടെ പ്രതീക്ഷ.ഗ്രാമത്തിൽ നിന്നും ഒറ്റയ്ക്കവൾ ചെറുനഗരത്തിലെ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരുന്നു. ട്രെയിൻ കാത്തു നിൽക്കുകയാണ്. അവൾ വീട് വിട്ട് അധികം വൈകാതെ തന്നെ ഗ്രാമം അവളുടെ ഒളിച്ചോട്ടവാർത്തയാൽ പുകഞ്ഞു തുടങ്ങിയിരുന്നു. നഗരത്തിൽ വച്ച് അന്നു തന്നെ അവൾ ട്രെയിൻ കാത്തു നിൽക്കുന്നതിനിടയിൽ പിടിക്കപ്പെടുകയും ചെയ്തു. അതോടെ പലപലകഥകൾ അവിശുദ്ധ കഥകൾ അവളുടെ ഒളിച്ചോട്ടം സംബന്ധിച്ച് അവൾക്കു ചുറ്റും നെയ്തെടുക്കപ്പെടുന്നു. വീട്ടിൽ നിന്ന് പുറത്തു പോയത് വലിയൊരു കുറ്റം പോലെ അവൾക്കും തോന്നിത്തുടങ്ങി.ഫലമോ, ഒരു ചെറുത്തുനില്പു പോലുമില്ലാതെ അവൾക്ക് അനിഷ്ടകരമായ ഒരു വിവാഹത്തിന് വഴങ്ങേണ്ടിവന്നു. അതോടെ അവൾ വല്ലാതെ വെറുത്തിരുന്ന പരമ്പരാഗതസ്ത്രീ ജീവിതത്തിന്റെ തടവുമറയ്ക്കുള്ളിലേക്ക് അവൾക്ക് എന്നന്നേക്കുമായി പതിക്കേണ്ടിയുംവന്നു. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയ്ക്കൊരാമുഖം എന്ന ആത്മകഥയിൽ ആങ്ങളയോട് പിണങ്ങി പടിപ്പുരവിട്ട് ഒറ്റയ്ക്ക് സന്ധ്യയ്ക്ക് പുറത്തു പോയതിനാൽ മാത്രം എന്നന്നേയ്ക്കുമായി സമുദായഭ്രഷ്ടയാക്കപ്പെട്ട് പടിയടിച്ചു പിണ്ഡം വയ്ക്കപ്പെട്ട ഒരു അന്തർജനത്തെക്കുറിച്ച് വായിച്ചതോർക്കുന്നു. പിന്നെ അവർക്ക് ഒരിക്കലും വീട്ടിൽ തിരിച്ചു കയറാൻ പറ്റിയില്ല. ഒറ്റയ്ക്ക് ഘോഷയില്ലാതെ പോയ പെണ്ണിനെ വീട്ടിൽ കയറ്റിയാൽ വീട്ടിലുള്ള ബാക്കിയുള്ളവരും ഭ്രഷ്ടരാക്കപ്പെടുമല്ലോ! അവർ വഴിയിൽ കിടന്ന് പുഴുത്തു ചാവുകയായിരുന്നുവെന്ന് അന്തർജനം എഴുതുന്നു. അക്കിത്തത്തിന്റെ ഒരു കവിതയിൽ സ്വന്തം അച്ഛൻ വിവാഹ പ്രായം കഴിഞ്ഞ മകളെ ചലിച്ചു തുടങ്ങുന്ന തീവണ്ടിയിൽ ഒറ്റയ്ക്കിരുത്തി ഇപ്പോൾ വരാമെന്നു പറഞ്ഞ് എന്നേക്കുമായി മുങ്ങിയ ഒരു സംഭവം വിവരിക്കുന്നുണ്ട്. ( കരിഞ്ചന്ത എന്ന കവിത നമ്പൂതിരി സമുദായത്തിൽ നടന്ന സംഭവം കഥയാക്കിയതാണ്.) അവളെ വിലകൊടുത്തു
വാങ്ങിയയാൾ ആ തീവണ്ടിയിൽ അവളറിയാതെ അവളെ ശ്രദ്ധിച്ചു കൊണ്ട് യാത്ര ചെയ്യുന്നുണ്ട്. ഇക്കാര്യം അച്‌ഛനറിയാം. വിലപേശി വാങ്ങിയ പണം അയാളുടെ കയ്യിലുണ്ട്. അവളുടെ യാത്ര വേശ്യാത്തെരുവിലേക്കാണ്. പുറം ലോകമറിയാത്തവരായി നിലകൊണ്ടാലേ മാന്യത നിലനിർത്താനാകൂ എന്ന നിബന്ധന പാലിക്കുന്നതിനാൽത്തന്നെ എന്നന്നേക്കുമായി സ്വന്തം ഇടങ്ങളിൽ നിന്നും യാതൊരുവിധ തിരിച്ചു വരവും സാധ്യമാകാതെ വേരുപറിഞ്ഞുമാഞ്ഞുപോകുന്ന എത്രയോ സ്ത്രീകൾ പണ്ട് പല പല സമുദായങ്ങളിൽ നിലനിന്നിരുന്നിരിക്കണം. അക്കിത്തം തന്നെ ഇക്കാര്യത്തിൽ രോഷം കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നതു കാണാം ” “മാർദ്ദവം കോലും മർത്ത്യ മാനസം മരമാക്കാൻ മാമൂലിന്നെഴും കഴിവതിശയംതാൻ.. ” (കരിഞ്ചന്ത ) ലോകം കാണാൻ ആഗ്രഹിച്ച സ്ത്രീകളെ കളിയാക്കി ധാരാളം നാടൻ പാട്ടുകളുമുണ്ട്. അത്തരം ആൺപാട്ടുകളിൽ ഒന്നായി മാത്രമേ ‘കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ ” എന്നു തുടങ്ങുന്നതുപോലുള്ള പാട്ടുകളെ കാണാനാവൂ. തിമിലയും മദ്ദളവുമൊക്കെ കാണണമെന്നും അവയിൽ കൊട്ടണം എന്നും മാത്രമല്ല വെടിക്കെട്ട് കാണണമെന്നും വെടിക്കുറ്റി അതിലൊന്ന് കൊളുത്തണമെന്നുമാണല്ലോ പെണ്ണ് പറയുന്നതായി ആണു പാടുന്നത്. വീട്ടിനകത്ത് ഇരിക്കേണ്ട പെണ്ണുങ്ങൾ തൃശൂർ പൂരം കാണാൻ കൂട്ടുചോദിക്കുകയാണല്ലോ. വെടിക്കുറ്റിക്ക് തീ ,സ്ത്രീ കൊളുത്തുന്ന സീനൊക്കെ മനസ്സിൽ സങ്കല്പിച്ച് നല്ല ആവേശത്തിൽ കള്ളു കൂടുതൽ ചെലുത്താൻ ആണുങ്ങൾക്കുപകരിച്ച , ഉപകരിക്കുന്ന പാട്ടായിരിക്കണം ഇതൊക്കെ.എങ്കിലും വീട്ടകങ്ങൾ വിട്ട് ഉൽസവയിടങ്ങളിലേക്ക് ഇറങ്ങി നടക്കാനുള്ള പെൺ നിനവുകൾ ഈ പാട്ടിലും ചിറകുവിരിക്കുന്നതു കാണാതിരുന്നുകൂടാ. സ്ത്രീകൾക്ക് പൂർണപൗരജീവിതം കൈവരണമെങ്കിൽ പൊതുവിടങ്ങളിൽ സ്വതന്ത്രവും സ്വച്ഛവുമായി എന്നും എപ്പോഴും സ്ത്രീകൾക്ക് പെരുമാറാനാകണം : സ്വന്തമാക്കാനാകണം.
ഈ ലേഖനം മറ്റൊരു സിനിമാക്കാഴ്ചയെക്കുറിച്ച് കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം’ അത് ഒറ്റയ്ക്കായിരുന്നില്ല ;ഇഷ്ടപ്പെട്ട ഒരാൾക്കൊപ്പമായിരുന്നു. കണ്ട സിനിമ വാനപ്രസ്ഥമായിരുന്നു. ഷാജി എൻ കരുണിന്റെ പ്രശസ്തമായ സിനിമ . എറണാകുളം ഷേണായിസിൽ ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ ആശ്വാസം. കുറച്ചു സ്ത്രീകളുമുണ്ട്. ചുരുക്കം ഒന്നോ രണ്ടോ പ്രായം ചെന്ന ദമ്പതികളെയും കണ്ടു.
ടോയ്ലറ്റിൽ പോയി തിരിച്ചിറങ്ങിയപ്പോൾ നേരത്തേ കണ്ട സ്ത്രീകളിൽ മുതിർന്ന ഒരാളുമായി ഒരാൾ മാറി നിന്ന് എന്തോ വിലപേശുന്നു. ക്യൂവിൽ നേരത്തേ കണ്ട മറ്റ് മൂന്ന് സ്ത്രീകളും മാറി നിൽക്കുന്നുണ്ട്. അവിടവിടായി ചില പുരുഷന്മാരും ഇവരെ നോട്ടമിട്ടിട്ടുണ്ട്. വിലപേശുന്ന ആളുടെ കയ്യിൽ പണവുമുണ്ട്. ഒരമ്പതു രൂപ നോട്ടാണ് ഞാൻ കണ്ടത്. ഏറെ തർക്കങ്ങൾക്കു ശേഷം ആ സ്ത്രീ മാറി നിന്നിരുന്നവരിൽ പതിനെട്ടു വയസ്സുമാത്രം തോന്നിക്കുന്ന ഒരു കുട്ടിയുടെ അടുത്ത് ആ രൂപയുമായി വന്നു. അവൾ എന്തോ പറഞ്ഞതോടെ വന്ന സ്ത്രീ ആ പണവുമായിതിരികെ പോകുന്നതു കണ്ടു. അപ്പോൾ ഞാൻ മാറി നിൽക്കുന്ന മൂന്നാലു സ്ത്രീകളെയും അവരെ നോക്കി അവിടവിടായി നിൽക്കുന്ന ചില പുരുഷന്മാരെയും നന്നായി ശ്രദ്ധിച്ചു. എന്തോ ലൈംഗികമായ കൈമാറ്റം നടക്കുന്നു എന്നു തോന്നിയതോടെ വാസ്തവത്തിൽ സിനിമ കാണാനുള്ള താൽപര്യമേ ഉരുകിത്തീർന്നു. അധികം കാണികളില്ലാത്ത പടം എന്ന നിലയിൽ അവാർഡു സിനിമ തെരഞ്ഞെടുത്തതായിരിക്കണം എന്നു തോന്നി. ബാൽക്കണിയിൽ ഏതാണ്ട് മുൻഭാഗത്ത് വഴിയോട് ചേർന്നാണ് അന്ന് ഞങ്ങൾ സിനിമ കാണാൻ ഇരുന്നത്. കൂടെയുള്ളയാൾ ഷാജി എൻ കരുൺ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു. ക്യൂ നിന്ന സ്ത്രീകളെല്ലാം ചിതറി ചിതറി പലയിടങ്ങളിലായി ഇരിക്കുന്നതും ഓരോരോ ആണുങ്ങൾ അവർക്കൊപ്പം മെല്ലെ ചേരുന്നതും മനസ്സിലാക്കാൻ അധിക സമയം വേണ്ടിയിരുന്നില്ല. ഞാനും അവരിൽ ഒരാളായി ഇരിക്കുകയാണെന്നു വരുമോ എന്ന ചിന്ത എന്നെ ലജ്ജിപ്പിച്ചു കൊണ്ട് ഉയർന്നതോടെ എങ്ങനേലും എനിക്ക് ഇറങ്ങിപ്പോകണമെന്ന തോന്നൽ ശക്തമായിക്കൊണ്ടിരുന്നു. പെട്ടെന്ന് മുന്നിൽ ലൈറ്റുകൾ അണഞ്ഞു. തിരശ്ശീലയിൽ വെളിച്ചം മിന്നി . കൂടെയിരുന്നയാൾ മുന്നോട്ട് ആഞ്ഞിരുന്നുകൊണ്ട് ഗൗരവത്തോടെ പറഞ്ഞു. “ഈ സിനിമ ശ്രദ്ധിച്ചു കേൾക്കുകകൂടി ചെയ്യേണ്ടതാണ്. കഥകളിസംഗീത മടക്കം പശ്ചാത്തലസംഗീതം അത്ര സൂക്ഷ്മതയോടെയാണ് എടുത്തിരിക്കുന്നത് എന്നാണറിയുന്നത് “. എന്റെ ഭയം ഓടിയൊളിച്ചു. നല്ല സിനിമാ പ്രേമികളായി മാത്രമാണ് ഞങ്ങൾ ഇരുവരും തിയേറ്ററിൽ ഇരിക്കുന്നതെന്ന കാര്യം പൂർണ ബോധ്യമായി.പിന്നെ സിനിമ കഴിയും വരെ ഞങ്ങൾ സിനിമ കാണുക മാത്രം- കേൾക്കുക മാത്രം- ചെയ്തു. അന്ന് കണ്ട സിനിമ വാനപ്രസ്ഥമായിരുന്നുവെങ്കിലും, എന്നെങ്കിലും ഗാർഹസ്ഥ്യം ഞാൻ ഭൂമിയിൽ ആരംഭിക്കുമെങ്കിൽ ഇയാൾക്കൊപ്പം മാത്രമായിരിക്കുമെന്ന് അന്തിമമായി അന്ന് ഞാൻ ഉറപ്പിക്കുകയും ചെയ്തു.
Add a Comment