punathil_memoirs

കാസാബ്ലാങ്കയിലെ ഉന്മാദി

ഇല്യൂഷൻ, ഇമാജിനേഷൻ, ഡ്രീം എന്തെല്ലാം സുന്ദരമായ പദങ്ങൾ!
ഡോക്ടർ സ്വയം ചോദിക്കുന്നുണ്ട്: എന്നെ എന്തിനാണ് ഈ മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നത്? എത്ര തന്നെ ആലോചിച്ചിട്ടും എനിക്കത് മനസ്സിലാവുന്നില്ല.

കാസാബ്ലാങ്കയിലെ
ഉന്മാദി

നൗഷാദ്

‘കാസാബ്ലാൻക’യിൽ നിന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള വിളിക്കുന്നു.
പെട്ടെന്നു ചെല്ലണം. അഞ്ചാംനിലയിലേക്കു കയറി പോകുന്ന ലിഫ്റ്റിൽ നിൽക്കുമ്പോഴും ആലോചിക്കുകയായിരുന്നു: ‘എന്തിനായിരിക്കും?’
ജോൺപോൾ വാതിൽ തുറക്കുന്നു. മുഖത്ത് പതിവ് ചിരിയില്ല.
അകത്തേക്ക് നടന്നുകൊണ്ട് കുഞ്ഞിക്ക പറഞ്ഞു: ‘ഞാൻ മൂന്നു ദിവസം ഇവിടെ ഉണ്ടായിരുന്നില്ല… തിരുവനന്തപുരത്തായിരുന്നു. ഇന്നാണ് വന്നത്.’..
പുസ്തകങ്ങളുടെ അലമാരയുള്ള ബാൽക്കണിയിലേക്ക് തുറക്കുന്ന മുറിയുടെ ബാത്ത്റൂം മൂപ്പർ തുറന്നു.
‘ഇതുകണ്ടോ?’
ബാത്ത്റൂമിനുള്ളിലെ ഹാങ്ങറിൽ  തൂക്കിയിട്ട വെള്ളതോർത്ത് ചൂണ്ടിക്കാണിച്ച് കുഞ്ഞിക്ക പറഞ്ഞു: ‘ഇവിടെ ആരോ വന്നിട്ടുണ്ട്. ആ തോർത്ത് എൻ്റേതല്ല.’
ഞാൻ തോർത്ത് നോക്കാൻ  ആഞ്ഞപ്പോൾ കുഞ്ഞിക്ക തടഞ്ഞു.
‘അതിൽ തൊടരുത്.അതൊരു തെളിവാണ് .വിരലടയാളം നശിപ്പിക്കരുത് ‘.
ബാത്ത്റൂമിൻ്റെ വാതിൽ വലിച്ചടച്ചു കൊണ്ടു കുഞ്ഞിക്ക പറഞ്ഞു:
‘ഞാൻ ഈ ബാത്ത്റൂമിൽ നിന്ന് കുളിക്കാറില്ല.അത് എൻ്റെ തോർത്തല്ല. എനിക്ക് മുൻപേ സംശയമുണ്ടായിരുന്നു… ഞാൻ ഇല്ലാത്ത ദിവസങ്ങളിൽ ഇവിടെ ആരോ വരുന്നുണ്ട്”.
ഞാൻ പറഞ്ഞു :’അതിനൊരു സാധ്യതയുമില്ലല്ലോ.. സിസിടിവി യും വാച്ച്മാനുമുള്ള ഈ ഫ്ലാറ്റിലേക്ക്  എങ്ങനെ ഒരാൾക്ക് കയറിവരാനാവും ?’

നൗഷാദ്‌

അപ്പോൾ കുഞ്ഞിക്ക ഒരു രഹസ്യത്തിൻ്റ ശരീരഭാഷയിലേക്ക് കുനിഞ്ഞുകൊണ്ടു പറഞ്ഞു: ‘വാച്ച്മാൻ  കൂടി അറിഞ്ഞു കൊണ്ടാണ് ഈ പരിപാടി… ..അവൻ്റെ കണ്ണുകളിൽ ഞാൻ അസൂയ കണ്ടിട്ടുണ്ട്. എൻ്റെ ബെഡിലും ആരോ കിടന്നിട്ടുണ്ട് …’
കുഞ്ഞിക്കയുടെ ഒരു കഥ ഞാനോർത്തു;
ഒരു ഭ്രാന്തൻ ഡോക്ടറുടെ ആത്മകഥ.
ഭ്രാന്താശുപത്രിയിൽ വെച്ച് ആത്മകഥ എ ഴുതാൻ ആഗ്രഹിക്കുന്ന ഡോക്ടർ ദയാൽ. അതൊരു പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന് അയാൾ ആഗ്രഹിക്കുന്നു. ചികിത്സിക്കുന്ന ഡോക്ടർ യാദവിനോട് ഒരു നോട്ടു പുസ്തകം ആവശ്യപ്പെടുന്നു.
നോട്ടുപുസ്തകത്തെക്കാൾ നല്ലത് ഡയറിയാണെന്ന് പറഞ്ഞ് പിറ്റേദിവസം ഡോക്ടർ യാദവ് ഒരു ഡയറി നൽകുന്നു. സ്വന്തം ജീവചരിത്രം ഡോക്ടർ ദയാൽ എഴുതുകയാണ്. ഒരിടത്ത് ഡോക്ടർ എഴുതുന്നു: ഇല്യൂഷൻ, ഇമാജിനേഷൻ, ഡ്രീം എന്തെല്ലാം സുന്ദരമായ പദങ്ങൾ!
ഡോക്ടർ സ്വയം ചോദിക്കുന്നുണ്ട്: എന്നെ എന്തിനാണ് ഈ മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നത്? എത്ര തന്നെ ആലോചിച്ചിട്ടും എനിക്കത് മനസ്സിലാവുന്നില്ല.
അടുത്ത മുറിയിൽ താമസിക്കുന്ന ബോസ് എന്ന കൽക്കത്തക്കാരാനായ പ്രസിദ്ധ ചിത്രകാരൻ കഥയിലേക്ക് കടന്നുവരുന്നു. ഭ്രാന്തൻ ചിത്രകാരൻ എന്നാണ് ഡോ. ദയാൽ അയാളെ വിശേഷിപ്പിക്കുന്നത്.ബോസിനോട് സ്വന്തം മുറിയുടെ ചുമരിൽ ഒരു ചിത്രം വരച്ചു തരണം എന്ന് ഡോ. ദയാൽ ആവശ്യപ്പെടുന്നു.
ബോസിൻ്റെ കയ്യിൽ ചായച്ചോക്കുകൾ ഉണ്ടായിരുന്നു. ഡോ. ദയാലിൻ്റെ  നിർദേശപ്രകാരം ബോസ് ചുമരിൽ  ഒരു റെയിൽപ്പാളത്തിൻ്റെയും പുകവിട്ട് കുതിച്ചു വരുന്ന ഒരു വണ്ടിയുടെയും ചിത്രം വരച്ചു കൊടുക്കുന്നു.
പുനത്തിൽ കഥ അവസാനിപ്പിക്കുകയാണ്: ഞാൻ ബോസ് വരച്ച റെയിൽപ്പാളത്തിൽ തല വെച്ച് വണ്ടിയുടെ വരവും കാത്തിരുന്നു. വണ്ടി ഇതാ പുക തുപ്പിക്കൊണ് എത്തിക്കഴിഞ്ഞു.
‘പോലീസിനോട് പറഞ്ഞാ വലിയ പുലിവാലാകും കുഞ്ഞിക്ക.’
പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും കഴിയുന്നതും പോകരുത് എന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു ലേഖനത്തിലെ വരികൾ  ഞാൻ ഓർമിച്ചു.
എല്ലാം കുഞ്ഞിക്കയുടെ തോന്നലുകൾ ആണെന്ന എൻ്റെ വാദങ്ങളെ അംഗീകരിക്കാതെ കുഞ്ഞിക്ക ഇരുന്നു.പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതാനിരിക്കുന്ന  ഒരു കഥയിലെ സന്ദർഭത്തിൽ കുടുങ്ങിയ കഥാപാത്രം പോലെ ഞാനും.
‘നീ ഷാനവാസിനെയൊന്ന് വിളിക്ക്.. എനിക്ക് ഈ ഫ്ലാറ്റ് മാറണം’
കുഞ്ഞിക്ക പറഞ്ഞു. ഫ്ലാറ്റിൻ്റെ ഉടമസ്ഥനായ ഷാനവാസ് കൊനാരത്തിനെയാണ് മൂപ്പർ ഉദ്ദേശിക്കുന്നത്.
ആറുമാസത്തോളം നീണ്ട അളകാപുരിയിലെ ഒൻപതാം നമ്പർ മുറിയിലെ താമസത്തിനു ശേഷമാണ് കുഞ്ഞിക്ക കാസാബ്ലാൻകയിൽ ചേക്കേറുന്നത്. ഫ്ലാറ്റിലെ ജീവിതം എഴുത്തും സൗഹൃദങ്ങളും യാത്രകളുമായി കുഞ്ഞിക്ക ആലോഷമാക്കിയ കാലമായിരുന്നു അത്.
പിറ്റേന്നുതന്നെ ഷാനവാസ് ഒരു ആശാരിയെ അയച്ച് ഫ്ലാറ്റിൻ്റെ ലോക്ക് മാറ്റിക്കൊടുത്ത് കുഞ്ഞിക്കയുടെ ആധികളെ കുത്തിക്കെടുത്തി.
കാസാബ്ലാൻക എന്ന തുറമുഖത്തിൽ  ഖലീൽ ജിബ്രാൻ്റ പ്രവാചകനിലെ അൽ മുസ്തഫയെ പോലെ പുനത്തിൽ കുഞ്ഞബ്ദുള്ള പിന്നെയും പന്ത്രണ്ടു മാസങ്ങൾ തിരിച്ചു പോകാനുള്ള  കപ്പലും കാത്തിരുന്നു.അതു വരെ ബാത്ത് റൂമിലെ ആ തോർത്ത് പുനത്തിൽ സ്വന്തം കൈ കൊണ്ട് തൊട്ടിരുന്നില്ല.

Add a Comment

Your email address will not be published. Required fields are marked *