abdussalam

യമഹ ആർ എക്സ്  ബ്രൂട്ട് – കാമ്പസിലെ ഗൾഫ്  ആൺമണങ്ങൾ

മോഡേണിറ്റിയുടെ ഒരുതരം നൊസ്റ്റാള്‍ജിയ അക്കാലത്തെ കാമ്പസുകളില്‍ അവശേഷിച്ചിരുന്നു എന്നു പറയാം. ഇന്നത്തെ ലിക്വിഡ് മോഡേണിറ്റിയുടെ (ദ്രവ്യാധുനികത) കാലത്ത് കാമ്പസുകള്‍ക്ക് ഇത്തരം ഭ്രമങ്ങളോട് ആരാധന തീരെയില്ല. അതുകൊണ്ടുതന്നെ അപകര്‍ഷതയ്ക്കും സ്പെയ്സ് കുറവാണ്.

യമഹ ആർ എക്സ്
ബ്രൂട്ട്
കാമ്പസിലെ ഗൾഫ്
ആൺമണങ്ങൾ

ഡോ. അബ്ദുസ്സലാം എ കെ

കൊടുവള്ളിയിൽ നിന്ന് മൂത്ത അളിയൻ അസൈൻകുട്ടിക്ക ഉംറക്ക് പോയപ്പോൾ കൊണ്ടു വന്ന അത്തറ് പുരട്ടിയും, മൊയ്‌തീനളിയൻ റിയാദിൽ നിന്ന് കൊണ്ട് തന്ന ഹീറോ പെന്നും കൊണ്ട്  കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ  എത്തുമ്പോൾ സുഹൃത്ത് ജെറോം സകറിയയുടെ അപ്പച്ചൻ അവന് ബർത്ത് ഡേയ്ക്ക് കൊടുത്ത ഫോറിൻ പേനകളും മറ്റു കണ്ടു ഞാൻ അശ്ചര്യപ്പെട്ടിരുന്നു… ‘അപ്പച്ചൻ ‘ തന്നെ നൽകിയ ഗിഫ്റ്റാണ് ജെറോം സക്കറിയയുടെ പേനകൾ. ബർത്ത്ഡേ ആഘോഷം എൻ്റെ വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല.

പിന്നീട് കൊടുങ്ങല്ലൂർ എം ഇ എസ് കോളേജിൽ പഠിക്കുമ്പോഴാണ് യൂണിയൻ എഡിറ്റർ ഹസ്‌ലിൻ എന്ന കൂട്ടുകാരൻ ‘ഗുൽശാൻബി ‘ ഹോസ്റ്റലിൽ, അവന്റെ ഉപ്പ വീട്ടിലേക്കു ഒമാനിൽ നിന്ന് കൊടുത്തയക്കുന്ന സ്വീറ്റ്സും കൂടെ ബ്രൂട്ട് സ്പ്രേയും തന്ന് എന്നെയും അഫ്താബിനെയും ‘സൃഷ്ടി ‘എന്ന കോളേജ് മാഗസിന് സഹായം ചെയ്യിപ്പിച്ചത്. അസൈൻകുട്ടിക്ക ‘ഹദ് യ’യായി തന്ന അത്തർ മണം,ബ്രൂട്ടിൻ്റെ മറ്റൊരു മണത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അതിർത്തികൾ കടന്ന് യൗവ്വനങ്ങളിലേക്ക് ആദ്യം പരാഗണം ചെയ്യപ്പെട്ടവയിൽ പലതരം ഗന്ധങ്ങളുണ്ട്.

ആഗ്രഹങ്ങളുടെ  തിരമാലകള്‍ അലയടിക്കുന്ന മനസ്സാവും പൊതുവെ യുവത്വത്തിന്. ‍ഞങ്ങളുടെ ക്യാമ്പസ് തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അത്തറിന്‍റെ മണമുണ്ടായിരുന്നു. ബന്ധുക്കളും അയല്‍വാസികളും ഉറ്റസുഹ‍ൃത്തുക്കളുടെ രക്ഷിതാക്കളും ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ സമ്മാനമായി കൊണ്ടുവരുമായിരുന്ന പേന, സ്പ്രേകുപ്പി, വാച്ച്, റേഡിയോ, ടോര്‍ച്ച്, ചോക്ലേറ്റ്, കുപ്പായത്തുണി, ടീ-ഷര്‍ട്ട് തുടങ്ങിയവ കിട്ടാത്തവരോ കൊതിക്കാത്തവരോ ആപൂര്‍വ്വമായിരിക്കും. അതായിരുന്നു ആ കാലം. ഞങ്ങളുടെ മുമ്പുള്ള കൊടുംപട്ടിണിയുടെ കാലമൊക്കെ പിന്നിട്ടിരുന്നെങ്കിലും ആര്‍ഭാട ങ്ങളിലേക്ക് സ്വയം ഒരു പട്ടമായി വികസിക്കാനുള്ള സാഹചര്യങ്ങളൊന്നും ‍ഞങ്ങളുടെ കാലത്തിനില്ലായിരുന്നു.

പണമുണ്ടായാലും നാട്ടില്‍നിന്നും വാങ്ങാന്‍കിട്ടാത്ത ക്വാളിറ്റിയും വൈവിധ്യവുമുള്ള സാധനങ്ങള്‍ ഗള്‍ഫില്‍നിന്നും ആളുകള്‍ കൊണ്ടുവരുന്ന കാലമായിരുന്നു അത്. “ലസ്സ് ലഗേജ് ഈസി ട്രാവല്‍ ” എന്ന സങ്കല്‍പ്പം അലങ്കാരമാക്കിയവരായിരുന്നില്ല ആ തലമുറയിലെ മനുഷ്യര്‍. പരമാവധി ലഗേജുമായി വിമാനമിറങ്ങുന്നതിലും സ്വന്തക്കാരെയും ബന്ധുക്കളേയും സന്തോഷിപ്പിക്കുന്നതിലും അനുഭൂതി കണ്ടെത്തുന്നവരായിരുന്നു അവര്‍. ലോകത്തിലിറങ്ങുന്ന ഏതു ഉല്‍പ്പന്നവും അതേ വിലക്കോ അതിലും വിലകുറഞ്ഞോ സ്വന്തമാക്കാനുള്ള സാധ്യതകള്‍ ഇന്നത്തെ തലമുറയുടെ മുന്നിലുണ്ട്. ഞങ്ങളുടെ കാലത്ത് ആഗ്രഹങ്ങളായി ഒരുപാടുകാലം മനസ്സില്‍ കൊണ്ടുനടന്നതിനുശേഷം മാത്രമേ അതുപോലൊരെണ്ണം സ്വന്തമാക്കാനുള്ള സാധ്യത തെളിഞ്ഞുവരുമായിരുന്നുള്ളൂ.

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ യൂണിയൻ ചെയർമാൻ ആയിരുന്ന കാലത്ത്  വിദേശസാമ്രാജ്യത്വ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ സമരങ്ങള്‍ ഒരുവശത്തു നടക്കുന്നു.അതേസമയം തന്നെ അത്തരം ഉല്‍പ്പന്നങ്ങള്‍ക്കായുള്ള മോഹങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രലോഭനങ്ങള്‍ തീര്‍ക്കുന്ന ചുറ്റുപാടും… ഇതിനു രണ്ടിനുമിടയില്‍ ഭരണവും സമരവുമെന്നൊക്കെ പറയുന്നപോലെ സമരവും ഉപഭോഗവും എന്ന ഒരവസ്ഥയിലേക്ക് ക്യാമ്പസിലെ ക്ഷുഭിതയൗവ്വനം പോലും രൂപാന്തരപ്പെട്ടുവരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ഇന്നു സാമ്രാജ്യത്വ വിരുദ്ധസമരം എന്നത് ക്യാമ്പസിനു സുപരിചിതമല്ല, ആശയപരമായിപോലും അതിൻ്റെ അവശിഷ്ട ശബ്ദങ്ങൾ  ഇല്ല.  ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന വിമര്‍ശനം ഉന്നയിക്കുകയല്ല ഈ കുറിപ്പിന്‍റെ ഉദ്ദേശം, മറിച്ച് രണ്ടു കാലഘട്ടത്തിലെ ക്യാമ്പസ് യുവത അവരുടെ ആഗ്രഹാഭിലാഷങ്ങളുടെ സാക്ഷാത്കാര സാധ്യതകളെ എങ്ങനെ നോക്കിക്കാണുന്നു എന്നു ചെറുതായി ചികഞ്ഞുനോക്കുക മാത്രമാണ്..

ഗള്‍ഫിന്‍റെ സ്വാധീനം അക്കാലത്തു ക്യാമ്പസുകളില്‍ വളരെ പ്രകടമായിരുന്നു. ഒരു ഗള്‍ഫുകാരന്‍റെ വീട്ടിലെ കുട്ടി മറ്റു തൊഴില്‍ മേഖലയുടമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വീട്ടില്‍ നിന്നു വരുന്ന കുട്ടിയില്‍ നിന്നും വേറിട്ടു തന്നെ കാണപ്പെട്ടു. അക്കാലത്ത് ഫാഷന്‍ വസ്ത്ര സങ്കല്പത്തെ നിര്‍ണ്ണയിച്ചിരുന്നത് ഗള്‍ഫ് വസ്ത്രങ്ങളായിരുന്നു. യൂണിഫോമുകളില്ലാത്ത കലാലയ ജീവിതത്തില്‍ ഗള്‍ഫുകാരുടെ കുട്ടികള്‍ നിറങ്ങളുടെ രാജകുമാരന്‍മാരും രാജകുമാരികളുമായി വലസിയിരുന്ന കാലം. അങ്ങനെ മനസ്സിൽ അസൂയോടും ബഹുമാനത്തോടും നോക്കിയിരുന്നു പലരെയും. ആകര്‍ഷണീയമായ സുഗന്ധലേപനങ്ങള്‍ കൊണ്ടും അവരുടെ സാന്നിധ്യം വൈവിധ്യം തീര്‍ത്തു. മറ്റുള്ളവരേക്കാള്‍ പോക്കറ്റ് മണിയുമായിട്ടാണ് ഗള്‍ഫുകാരുടെ മക്കള്‍ കാമ്പസിലെത്തുക, അന്നൊക്കെ ബൈക്കും കാറും അവര്‍ക്കുമാത്രം കാമ്പസില്‍ കറങ്ങിനടക്കാനുള്ള ആര്‍ഭാടങ്ങളായിരുന്നു. പലപ്പോഴും അത്തരം ആളുകളെ സുഹൃത്തുക്കളാക്കിയും ജീവിച്ചു തീർത്തു ഒരു പതിറ്റാണ്ടു കാലം.അതിന്‍റെ പിന്‍സീറ്റിലൊരിടം കിട്ടാന്‍ മോഹിച്ചു നടക്കുന്നവരായിരുന്നു ഏറെ പേരും. യമഹ ആർ എക്സ് എന്ന ബൈക്ക് കൊണ്ട് കോളേജിൽ വരുന്നവരുടെ കൂടെ പിറകിലിരുന്നു പോകാനും ആഗ്രച്ചിരുന്ന കാലം..

ഗള്‍ഫിതര കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കു ഗള്‍ഫുകുട്ടുകളുടെ ഈ ആര്‍ഭാടം പലപ്പോഴും അപകര്‍ഷതയ്ക്കു പോലും കാരണമാവാറുണ്ട്. കലാമത്സരങ്ങളിലൊക്കെ പല ഇനങ്ങളിലും അവര്‍ പണക്കൊഴുപ്പുകൊണ്ട് വിസ്മയം തീര്‍ക്കും. അതിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന പൂര്‍ണ്ണബോധ്യമുള്ളവര്‍ കാഴ്ചക്കാരായി മാറിനിന്നു കയ്യടിച്ച കാലം. ഏറെ രസകരമായ ഒരുകാര്യം,  ഗൾഫ് മണിയുടെ  വലിയ സ്വാധീനത്തിനിടയിലും പഠനത്തിൽ മികവുകാട്ടിയവരെയും ആ ക്യാമ്പസ് കാല ഓര്‍മ്മകളില്‍ കണ്ടെടുക്കാനാവും എന്നതാണ്. മോഡേണിറ്റിയുടെ ഒരുതരം നൊസ്റ്റാള്‍ജിയ അക്കാലത്തെ കാമ്പസുകളില്‍ അവശേഷിച്ചിരുന്നു എന്നു പറയാം. ഇന്നത്തെ ലിക്വിഡ് മോഡേണിറ്റിയുടെ (ദ്രവ്യാധുനികത) കാലത്ത് കാമ്പസുകള്‍ക്ക് ഇത്തരം ഭ്രമങ്ങളോട് ആരാധന തീരെയില്ല. അതുകൊണ്ടുതന്നെ അപകര്‍ഷതയ്ക്കും സ്പെയ്സ് കുറവാണ്.

പഠനം കഴിഞ്ഞു ക്യാമ്പസ്സിൽ നിന്ന് ജീവിതത്തിന്റെ യഥാർഥ്യത്തിൽ എത്തിയപ്പോഴാണ് ജോലിയില്ലാതെ അലച്ചിൽ തുടങ്ങിയത്.. ഒടുവിൽ റാഫിക്കന്റെ കൂടെ ദുബായിൽ  ജീവിച്ചപ്പോഴാണ് അത് വരെ കാണാതെ പോയ ക്രോസ്സ് പെന്നുകളുടെ വലിയ ബോക്സ്‌ കണ്ടു കണ്ണ് തള്ളിയത്..

ഒടുവിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ അധ്യാപകനായെത്തിയപ്പോൾ ക്ലാസ്സിലെ പല കുട്ടികളും എഴുതുന്ന പേന ദുബായിൽ അമൂല്യമായ സമ്മാനങ്ങളയി കൊടുത്തിരുന്ന ക്രോസ്സ് പെന്ന് കണ്ടും ഞാൻ അതിശയിച്ചിരുന്നു.  2012ൽ 1100 എന്ന നോക്കിയ ഫോണിൽ വന്ന ഞാനടക്കമുള്ള കലാലയ തലമുറ കുറച്ച് കാലം കൊണ്ട് തന്നെ നവ സാമൂഹിക മാധ്യമങ്ങളോടപ്പം വളരാൻ തുടങ്ങി…

തടിച്ച മൊബൈലിൽ നിന്ന് മെലിഞ്ഞ പരന്ന ടച്ച്‌ സ്ക്രീനിൽ മിന്നിത്തെളിയുന്ന മൊബൈൽ ഫോണിന്റെ പറുദീസയിൽ ആണ് പിന്നീടുള്ള കാലം. റിയാലിറ്റികളുടെ പുതിയ ശബ്ദങ്ങൾ, കാഴ്ചകൾ. വിരൽ കൊണ്ട് ഒന്നു തൊട്ടാൽ പ്രത്യക്ഷപ്പെടുകയും അടുത്ത നിമിഷം തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരു അത്ഭുത ലോകം. ക്ലാസ്സ്‌ റൂമിൽ എന്റെ ഫോൺ പുറത്തെടുക്കാൻ മടിയായിരുന്നു.. കാരണം അതിലും വലിയ ഐ ഫോൺ കൊണ്ട് വരുന്ന കുട്ടികളാണ് മുന്നിലുണ്ടായിരുന്നത്.

സർ സയ്യിദ് ക്യാമ്പസിലും ഗൾഫിന്റെ സ്വാധീനം പല സന്ദർഭങ്ങളിലും അനുഭവിക്കാറുണ്ട്. അതിന്റെ മൂർത്തി ഭാവങ്ങൾ കാണുന്നത് കോളേജ് ഡേ, ഫൈൻ ആർട്സ് ഡേ എന്നീ വിശിഷ്ട ദിനങ്ങളിലാണ്. ഓണാഘോഷങ്ങൾ പലപ്പോഴും നിയന്ത്രിക്കുന്നതും സ്പോൺസർ ചെയ്യന്നതും പല ഗൾഫിൽ നല്ല ജോലിയുള്ള രക്ഷിതാക്കളുടെ കുട്ടികളാണ്. പുതിയ കാലത്തെ ഡ്രസ്സ്‌ കോഡിൽ പണമില്ലാത്ത പല പാവപ്പെട്ട കുട്ടികൾക്കും സഹായമായി എത്തുന്നതും ഇവർ തന്നെ..

അഡ്മിഷൻ സമയത്ത് ഫീസ് അടക്കാൻ ബുദ്ധിമുട്ടുന്ന പല രക്ഷിതാക്കൾക്കും തണലായി മാറുന്ന ഹെല്പ് ഡെസ്കിൽ വിദ്യാർത്ഥി നേതാക്കൾക്ക് പണം സഹായിക്കുന്നത് പോലും ഗൾഫിലെ രക്ഷിതാക്കൾ തന്നെ എന്നത് അഭിമാനിക്കാൻ വക നൽകുന്ന ഒന്ന് കൂടിയാണ്.

യൂണിഫേം കോളേജിൽ നിർബന്ധമാക്കിയതിനു മുൻപേ ക്ലാസ്സിൽ പലപ്പോഴും പോകുവാൻ മനസ്സ് വരാതിരുന്ന സമയം ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായി മുന്തിയ നിലയിലുള്ള വിദ്യാർത്ഥികളുടെ  കൂട്ടങ്ങൾ ഓരോ ബെഞ്ചിലും വലിയ മൊബൈലും മറ്റു പത്രാസും കാട്ടിയിരിക്കുമ്പോൾ അപകർശതയിൽ ഒരു കൂട്ടം വിഷമതയിൽ ഓരം ചേർന്നിരിക്കുന്നതും കാണാൻ  കഴിഞ്ഞിട്ടുണ്ട്. എല്ലാവരും സമന്മാരായി തോന്നിയത് അസീസ് സറെന്ന സാമൂഹിക മനസ്സ് വായിച്ച പ്രിൻസിപ്പലിന്റെ ധീരമായ യൂണിഫോം എന്ന തീരുമാനമായിരുന്നു…

ഗൾഫ് കുടുംബങ്ങളിൽ നിന്ന് വരുന്ന പല കുട്ടികളും അവരുടെ സുഹൃത്തുക്കളെ അടുത്തറിഞ്ഞു സഹായിച്ച ഒരു പാട് അനുഭവങ്ങൾ ഓർമ്മയിലുണ്ട്..

പഠനത്തിനും, കലാലയ സർഗ്ഗത്മകതക്കു പുതിയ മാനം നൽകിയതും ഗൾഫ് കുട്ടികൾ തന്നെയാണ്. മുന്തിയ ഫോണിലുള്ള സൗകര്യം ഉപയോഗിച്ഛ് നോട്സ് ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നതും ഇത്തരം ഫോണിൽ തന്നെ…

കലാ ബോധമുള്ള പല കുട്ടികളും ക്യാമ്പസ്സിൽ വീഡിയോ ഫിലിം ഉണ്ടാക്കിയതും ഇത്തരം ഫോണുകളുപയോഗിച്ചാണ്..
വർത്തമാന കലാലയത്തിൽ മൂല്യവത്തായ ക്യാമ്പസ്‌ ഫിലിം വരെ എടുത്തതും

ഇന്നു ഏറ്റവും മുന്തിയ ഐ-ഫോണ്‍ കയ്യിലുള്ള ഒരു ഗള്‍ഫുകുട്ടിയേക്കാള്‍ മികച്ച രീതിയില്‍ തന്‍റെ കയ്യിലുള്ള സാധാ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സിനിമയെടുക്കാനും, മൊബൈല്‍ ജേണലിസം നടത്താനും കഴിവുള്ള ധാരാളം പേരെ ക്യാമ്പസില്‍ കാണാം. അവരാണ് യഥാര്‍ത്ഥ താരങ്ങള്‍. കാലം മാറുമ്പോള്‍ തീര്‍ച്ചയായും കഥ മാറുന്നുണ്ട്,

‘പോക്കറ്റിലിറ്റിട്ടു കൊണ്ടു നടക്കാവുന്ന പ്രപഞ്ചം’ ഓരോ കുട്ടിയുടെ കയ്യിലുമുണ്ട്. അപ്പോഴും, കൊറോണ എന്ന സൂക്ഷ്മ വൈറസ് ലോകത്തെ നിശ്ചലമാക്കുകയും ചെയ്തു. മനുഷ്യരുടെ മാത്രം ഒരു ആവാസ വ്യവസ്ഥയല്ല ഇവിടം എന്നും , മനുഷ്യർക്ക് പുറമെ ‘സൂക്ഷ്മ ജീവികളുടെ കാമ്പസാണ് ‘ ഭൂമി എന്നും  കാലം നമ്മോടു പറയുന്നു.

(അസിസ്റ്റന്റ് പ്രൊഫസർ സർ സയ്യിദ് കോളേജ്, തളിപ്പറമ്പ)

Add a Comment

Your email address will not be published. Required fields are marked *