sudani

സുഡാനി ഫ്രം സുഡാൻ

സുഡാനി ഫ്രം
സുഡാൻ

താഹ മാടായി

 

ഷാർജ ഇൻ്റർനാഷനൽ ബുക് ഫെയറിൽ വെച്ച് ‘യാദൃച്ഛികമായ ‘ രണ്ട് കൂടിക്കാഴ്ചകൾ ഇന്ന് നടന്നു.പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്ന മനുഷ്യർ.

‘ നടക്കുക ‘ എന്നൊരനുഭവം ‘വായന ‘ എന്നൊരു ‘ബോധന വ്യായാമ’വുമായി ചേർത്തു ചേർത്തു നിർത്തുന്ന ഒരു തലം ഇവിടെയുണ്ട്. അതുകൊണ്ട് പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്നവർ, തുറക്കാൻ വെമ്പുന്ന ,വായനയിലൂടെ സ്വതന്ത്രരാവാൻ ആഗ്രഹിക്കുന്ന പുസ്തക മനുഷ്യരാണ്. ഓരോ പുസ്തകങ്ങളുടെ പുറംചട്ടയും അതാതു കാലത്തെ ലോകത്തിൻ്റെ ‘അകം ചട്ടങ്ങളു’ടെ സമാഹാരങ്ങളാണ്.

ലേഖകനും സക്കറിയയും

ആദ്യത്തെ സംസാരം മുതവക്കൽ ഷെരീഫ് എന്ന സുഡാനിൽ നിന്നു വന്ന ‘ഷെരീഫ് ‘ ബുക്ക്സ്റ്റാൾ മാനേജറുമായിട്ടാണ്.’ മലബാറിലെ ഒരെഴുത്തുകാരനാണ് ‘ എന്ന് സ്വയം പരിചയപ്പെടുത്തി.’മലബാരി, മലബാരി ..’ എന്ന് ഹാർദ്ദമായി ചിരിച്ചു കൊണ്ട് അദ്ദേഹം ഹസ്തദാനം ചെയ്തു. ആ ബുക്സ്റ്റാൾ വൈകീട്ട് സന്ദർശിക്കാൻ പോകുമ്പോൾ ‘സുഡാൻ ഫ്രം നൈജീരിയ ‘ എന്ന ‘ ജൈവികതയുടെ യഥാർഥ ഉറവിടങ്ങൾ തേടുന്ന സിനിമ ‘ എന്നു വിശേഷിപ്പിക്കാവുന്ന സക്കരിയയുടെ പടം മനസ്സിലുണ്ടായിരുന്നു. “ആശയപരമായി ‘ തല്ലിപ്പൊളി ‘യായ (എന്നാൽ, സംവിധാനത്തിലും നിർമ്മിതിയിലും ഏറെ മുന്നിൽ നിൽക്കുന്ന) ‘ഹലാൽ ലൗ സ്‌റ്റോറി ‘ എന്ന സിനിമ സംവിധാനം ചെയ്ത സക്കരിയയുടെ ആദ്യ ചിത്രമായിരുന്നു, അത്.

‘എത്രയോ യൂണിവേഴ്സിറ്റികൾ ഉള്ള സുഡാനിൽ പുസ്തകത്തെ സ്നേഹിക്കുന്നവരുടെ എണ്ണം വളരെയധികമാണ് – ‘ മുതവക്കിൽ ഷെരിഫ് പറഞ്ഞു. ഒരു പുസ്തകം എടുത്തു തന്നു കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഇസ്ലാമിലെ സ്വതന്ത്ര മനുഷ്യർ ‘ എന്നാണ് ഈ പുസ്തകത്തിൻ്റെ പേര്.’

തീർച്ചയായും അത് ഏറെ പ്രചോദിപ്പിക്കുന്ന പേരാണ്. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്തും ഉജ്ജ്വലവും മനോഹരവുമാണ്. ഇസ്ലാമുമായി ‘സ്വാതന്ത്ര്യം ‘ എന്ന ആശയം ചേർന്നു നിൽക്കുമ്പോൾ ആ വാക്കിന് ഇരട്ടി വെളിച്ചം വരുന്നു.

തവക്കുൽ ഷെരീഫ്

അബ്ദുള്ള തയ്യിബ്, തയ്യിബ് സാലിഹ് ,മുഹമ്മദ് അൽ കാസിമ തുടങ്ങിയ സുഡാനിലെ പ്രഗത്ഭരായ എഴുത്തുകാരെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.മുഹമ്മദ് സിയാദ എഴുതിയ ‘മലകൾക്കിടയിലെ ഉറക്കം’ എന്ന സിനിമയുടെ അറബി തിരക്കഥയും അദ്ദേഹം എടുത്തു കാണിച്ചു.2019-ൽ ഗോൾഡൻ പ്രൈസ് കിട്ടിയ സിനിമയായിരുന്നു, അത്.1820 മുതൽ 1955 വരെയുള്ള സുഡാൻ്റെ ചരിത്രം പറയുന്ന പുസ്തകവും അവിടെയുണ്ടായിരുന്നു. എല്ലാം അറബിയിൽ എഴുതപ്പെട്ടവയാണ്. ബ്രിട്ടൻ അധിനിവേശ സുഡാൻ്റെ (1936- 1953) ചരിത്രം രേഖപ്പെടുത്തുന്ന ഡോ.അബ്ദു റഹ്മാൻ അൽ താഹയുടെ പുസ്തകവും അവിടെയുണ്ടായിരുന്നു.

പ്രസന്നമായിരുന്നു, വളരെ ഹ്രസ്വമായ ആ സംസാരം. പുസ്തകങ്ങളിലൂടെ ഓരോ ജനതയും അവരുടെ കഥ പറയുന്നു.

ആ കുഞ്ഞു വർത്തമാനം കഴിഞ്ഞ്, “ചുറ്റോടു ചുറ്റി’ നടക്കുന്നതിനിടയിൽ ‘സുഡാനി ഫ്രം നൈജീരിയ ‘ എന്ന സിനിമയുടെ സംവിധായകൻ സക്കരിയ മുന്നിൽ ! ചിലത്, ചില പുസ്തകങ്ങൾ പോലെ ,അപ്രതീക്ഷിതമായ തുറക്കലുകളാണ്.സുഹൃത്തും സഹപ്രവർത്തകനുമായ മുഹ്സിൻ സക്കരിയയെ പരിചയപ്പെടുത്തി. ‘ഹലാൽ ലൗ സ്‌റ്റോറി’യെക്കുറിച്ച് രൂക്ഷമായ ഒരു വിമർശനം ‘ട്രൂ കോപ്പി’യിൽ ഞാൻ എഴുതിയിരുന്നു. എന്നാൽ, ഒട്ടും അസഹിഷ്ണുതയില്ലാതെ സക്കരിയ ചിരിച്ചു കൊണ്ടു കൈ നീട്ടി.’ ട്രൂ കോപ്പി’യിൽ ഞാനെഴുതിയ ലേഖനം സക്കരിയയുടെ മനസ്സിലുണ്ടോ എന്ന് അറിയില്ല.

ഹലാൽ ലൗവ് സ്‌റ്റോറി

‘ഹലാൽ ലൗ സ്‌റ്റോറി’ അതിൻ്റെ content കൊണ്ട് വളരെ മോശമാണെന്ന് ഒന്നു കൂടി അപ്പോൾ ഞാനാവർത്തിച്ചു.’ അത് കൊടിയത്തൂരെ ഒരു വിഭാഗം മുസ്ലിംകളുടെ സിനിമ ‘യാണെന്ന് പറഞ്ഞപ്പോൾ ‘ കൊടിയത്തൂരെ മുസ്ലിംകളെന്താ മുസ്ലിംകളല്ലെ ‘ എന്ന് സക്കരിയ്യ തിരിച്ചു ചോദിച്ചു.

‘ഇന്ത്യക്ക് പുറത്തു വെച്ചു ആ സിനിമ കാണുമ്പോൾ ഇന്ത്യയിൽ കേരളം എന്ന ഒരു സ്റേററ്റ് ഉണ്ടെന്നും അവിടെയുള്ള മുസ്ലിംകൾക്കൾക്ക് ഇറാനിലൊക്കെ ഉണ്ടായിരുന്നതു പോലെ സിനിമ എടുക്കാൻ വിലക്കുണ്ടായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തുന്നതാണ് ആ സിനിമയുടെ പ്രമേയമെന്ന് ഒന്നു കൂടി ഉറപ്പിച്ചു തന്നെ സക്കരിയയോടു പറഞ്ഞു. എന്നാൽ, മലയാളത്തിൻ്റെ സിനിമയുടെ ചരിത്രം മറ്റൊന്നാണ് പറയുന്നത്, അത് ദീർഘവും വിസ്മയിപ്പിക്കുന്നതുമായ വിധത്തിൽ ‘മുസ്ലിം പ്രതിനിധാനങ്ങളുടെ ബല’ത്തിൽ വളർന്ന ഒരു ചരിത്രമാണ്. ഹലാൽ ലൗ സ്‌റ്റോറിയിൽ ‘ കൊക്കക്കോള വിരുദ്ധ സമരം ‘ പറയുന്നുണ്ടെങ്കിലും, ‘ മയിലമ്മ ‘ എന്ന ദലിത് സ്ത്രീ പ്രാതിനിധ്യത്തെ തുടച്ചു കളഞ്ഞു. വാസ്തവത്തിൽ സക്കരിയ ആ സിനിമയിൽ ഒരു ഇസ്ലാമിക യുവജനപ്രസ്ഥാനത്തിൻ്റെ സമര വഴികൾ ആണ് അടയാളപ്പെടുത്തുന്നത്.ആ പ്രസ്ഥാനത്തിന് ശ്രദ്ധേയമായ എല്ലാ സമരങ്ങളും ‘ അവരുടേതാക്കി’ അവതരിപ്പിച്ച ചരിത്രം കൂടി പറയാനുണ്ട്. അത് സക്കരിയയുടെ തെറ്റല്ല, ആ പ്രസ്ഥാനത്തിൻ്റെ രീതിയാണത്.

ഇതെല്ലാം സക്കരിയയോട്, പ്രതിഭ കൊണ്ടും കാഴ്ചയിലേക്ക് സവിശേഷമായ രീതിയിൽ സിനിമയെ രേഖപ്പെടുത്തുന്ന ഉൾക്കാഴ്ച കൊണ്ടും വേറിട്ടും ഉയർന്നും നിൽക്കുന്ന ആ സംവിധായകനോടു നേരിട്ടു തന്നെ പറഞ്ഞു.

‘ട്രൂ കോപ്പി’യിലെ ലേഖനത്തിനും ‘ഡൂൾ ‘ ന്യൂസിൽ സി.ദാവൂദ് ‘മാധ്യമ’ത്തിൽ എഴുതിയ ലേഖനത്തെ വിമർശിച്ചു കൊണ്ടെഴുതിയ കുറിപ്പിനും കിട്ടിയ ‘പൊങ്കാല ‘കളിൽ ചിലതെങ്കിലും മരിച്ചു പോയ സാത്വികനായ എൻ്റെ പിതാവിനെ കൂടി തെറി വിളിക്കുന്നതാണ്. ജമാഅത്തെ ഇസ്ലാമി വളരെ അരഗൻ്റാണ്. ഒരു സർഗാത്മക സംവാദത്തിലും അവർ എൻഗേജാവുന്നില്ല.അവർ വളരെ അസഹിഷ്ണുതയോടെ പ്രതികരിക്കുന്നു. ജനാധിപത്യ നാട്യമുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി’.

ഇത്രയൊക്കെ ഒറ്റ ശ്വാസത്തിൽ സക്കരിയയോടു പറഞ്ഞപ്പോൾ, കാലാവസ്ഥ വ്യതിയാനം കൊണ്ടാവാം തൊണ്ട വേദനിച്ചു.

സുഡാൻ പവലിയൻ സന്ദർശിച്ചു ചുറ്റി നടന്നു വരുമ്പോൾ ,മലയാളത്തിലെ ഏറ്റവും മനോഹരമായ ഒരു സിനിമയുടെ സംവിധായകനെ നേരിൽ കാണുമെന്നോ ഇങ്ങനെയൊക്കെ സംസാരിക്കുമെന്നോ കരുതിയില്ല. ആ ചെറുപ്പക്കാരൻ്റെ സൗമ്യവും ലാളിത്യം നിറഞ്ഞതും ‘ തന്നിൽ തന്നെ ഒളിച്ചു നിൽക്കാൻ ‘ ആഗ്രഹിക്കുന്നതുമായ ആ മുഖം കണ്ടപ്പോൾ തൊട്ടു മുമ്പേ കണ്ട സുഡാൻ പുസ്തകം മനസ്സിൽ വന്നു.
‘ഇസ്ലാമിലെ സ്വതന്ത്ര മനുഷ്യർ.’

Add a Comment

Your email address will not be published. Required fields are marked *