നമ്മളിൽ എത്ര പേർ കുട്ടികളെ വിശേഷിച്ച് പെൺകുട്ടികളെ സ്വാതന്ത്ര്യബോധമുള്ളവരായി വളർത്തുന്നുണ്ട്? ഈ ചോദ്യം, വളരെ ‘നിസ്സംഗമായ ചില ഉത്തര’ങ്ങളിലേക്കാണ് നമ്മെ എത്തിക്കുക. സ്വാതന്ത്ര്യം/ബോധം – ഇവ രണ്ടും മലയാളീ കുടുംബങ്ങളിൽ ചേരുംപടി ചേർന്നു കിടക്കുന്ന സംഗതികളല്ല. വളരെ പരിമിതമായ രീതിയിലാണ് ഇവ കുടുംബങ്ങളിൽ വിതരണം ചെയ്യുന്നത്.’സ്നേഹത്തിന് കീഴടങ്ങുക ‘ എന്ന അർഥമാണ് കൂടുതലായും ഉത്പാദിപ്പിക്കുന്നത്. അടുക്കള മുതൽ കിടപ്പറ വരെ അതങ്ങനെയാണ്. വീടിൻ്റെ ഉള്ളടക്കത്തിലേക്ക് മനോഹരമായി ‘തുല്യത ‘ എന്ന ആശയം കടത്തിവിടാനാണ് നാം ആദ്യം പരിശീലിക്കേണ്ടത്.
നാം ആധുനികമായി സ്വാംശീകരിച്ച നൈതിക മൂല്യങ്ങളിൽ നിന്നുള്ള തിരിച്ച് പോക്കും ക്യാമ്പസിന്റെ അരാഷ്ടീയവൽക്കരണവും പെൺകുട്ടികളിലെ ‘അയ്യോ, പാവം വത്ക്കരണത്തിന് ‘ പ്രധാനപ്പെട്ട കാരണമാകുന്നു എന്ന് പറയാതെ വയ്യ.
അണുകുടുംബങ്ങളിൽ നിന്ന് വരുന്ന, അരാഷ്ട്രീയ കാമ്പസുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന, കുട്ടികൾക്ക് സമൂഹം കൽപ്പിച്ച് നൽകിയിട്ടുള്ള അടയാളപ്പെടുത്തലുകളെ മറികടക്കുക അത്ര എളുപ്പമല്ല.’ അടങ്ങിയൊതുങ്ങിയിരിക്കുന്ന പെൺകുട്ടി’യാണ് അമ്മയ്ക്കും അച്ഛനും പ്രിയപ്പെട്ട പെൺകുട്ടി.’ എന്തൊരു ശാലീനത, ഒതുക്കം – ‘ഇതാണ് മലയാളികൾ പെൺകുട്ടികൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രശസ്തമായ പ്രശംസ. നോക്കൂ, എത്രമാത്രം ലജ്ജാകരമായ പ്രശംസയാണത്.
നമ്മൾക്ക് ഇങ്ങനെയൊക്കെ ആവാമായിരുന്നു എന്ന് ചിന്തിക്കുന്നവർ പോലും കുട്ടികളുടെ കാര്യത്തിൽ വിശേഷിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ ഒരു കാണാച്ചരട് വലിച്ച് മുറുക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതായത്, എനിക്കാവുന്നത് നിങ്ങൾക്കാവരുത് എന്ന വിരുദ്ധോക്തി.
കേവലം കല്യാണം കഴിക്കുന്നതിന് മാത്രമല്ല പ്രായപൂർത്തിയാവുന്നതെന്നും വിദ്യാഭ്യാസം നേടുന്നത് ജോലി കിട്ടാൻ മാത്രമല്ലെന്നും സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് കരുത്തുപകരുമെന്നും ഇഷ്ടമല്ല എന്നത് ഉറക്കെ പറയണമെന്നും നാം മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്.
എന്നാൽ ഇതെല്ലാം, ഉച്ചത്തിൽ ആത്മധൈര്യത്തോടെ പറയാൻ ആരാണിവരെ പഠിപ്പിക്കുക?
നാം ഉൾപ്പെടുന്ന സമൂഹം ഇതേ കുറിച്ച് ഒട്ടും തന്നെ ബോധമുള്ളവരല്ല എന്നതാണ് തുടർച്ചയായുണ്ടാവുന്ന സ്ത്രീധന മരണങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
പൊന്നും പണവും കൊടുത്ത് നിങ്ങൾ നിങ്ങളുടെ മകളെ ഒരുവൻ്റെ കൂടെ അയക്കുമ്പോൾ “അവളെ ദേഹമായി ‘ മാത്രം കാണുന്ന ഒരുവനോടൊപ്പം ജീവിക്കാനാണ് പറഞ്ഞു വിടുന്നത് എന്ന് ഓർമിക്കുക.
(ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (കേരള) സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖിക)