gulf

നിങ്ങളിൽ ആ നല്ല നിങ്ങൾ

നിങ്ങളിൽ ആ നല്ല നിങ്ങൾ

അജീഷ് മാത്യു കറുകയിൽ

 

എൻ്റെ വന്യമായ സ്വപ്നത്തിൽ പോലും ഇല്ലാത്തൊരു ഭൂമിക ആയിരുന്നു ഗൾഫ് . അയൽപക്കങ്ങളിൽ പരിചിതമായ ഗൾഫുകാരും അവരുടെ അത്തറിന്റെ മണമുള്ള കുപ്പായങ്ങളും റേ ബാൻ കണ്ണടയുമൊക്കെ അത്ഭുതത്തോടെ അടുത്തു കാണുമ്പോഴും ഒരിക്കലും ഗൾഫിൽ എത്തണമെന്നോ എത്തുമെന്നോ ഒരു മോഹവും എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം . പട്ടളക്കാരനോ വക്കീലോ ആകുക എന്നതായിരുന്നു അക്കാലത്തെ എന്റെ മോഹങ്ങളുടെ തീവ്രതയിൽ അന്നത്തെ പ്രഥമസ്ഥാനീയമായ തൊഴിലുകൾ .അവിചാരിതങ്ങളുടെ ആകെത്തുകയാണ് ജീവിതം എന്നതിനെ അടിവരയിടും പോലെ ആ മഹാ നദിയുടെ ഒഴുക്കിൽ ജീവിതമെന്നെ വരണ്ടുണങ്ങിയതെന്നു ഞാൻ അന്നേ വരെ കരുതിയിരുന്ന മതം ഭരിക്കുന്ന, എന്നാൽ മനസ്സു നന്നായ മനുഷ്യർ വസിക്കുന്ന മരുഭൂമിയുടെ ഊഷരതയിലേയ്ക്കു കൈ പിടിച്ചു. കേട്ടറിഞ്ഞ മരുഭൂമിയുടെ രാസതത്വങ്ങളൊന്നും എന്റെ യാത്രയിൽ ഞാൻ കണ്ട മരുഭൂമിക്കില്ലായിരുന്നു എന്നതെന്നെ പ്രവാസത്തിന്റെ പ്രിയപ്പെട്ടവനാക്കി . പരീക്ഷണം എന്നോണം ആരംഭിച്ച പ്രവാസ യാനം നടുക്കടലിലും വൻകരകൾ തേടി ആഞ്ഞടിക്കുന്ന തിരയിലും പ്രശാന്തതയുടെ നീലിമയിലും അനുസ്യുതം ഒഴുകി പരന്നു .

വിരഹവും വിയർപ്പും നഷ്ടസ്വപ്നങ്ങളുമൊക്കെ ഉരുകിപ്പടരുന്ന ഒരുപാടു മനുഷ്യരുടെ ജീവിതം തളിർക്കുന്നതിനും പൂവിടുന്നതിനും കൊഴിയുന്നതിനും ഞാൻ സാക്ഷിയായി . അറേബ്യൻ നാടോടിക്കഥയിൽ എന്നോണം അലാവുദീന്റെ അത്ഭുത വിളക്കൂതിയപ്പോൾ ഉയർന്നു പൊന്തിയ നഗരം പോലെ വിസ്‌മയം ആകാശം മുട്ടെ ഉയർന്നു പൊന്തുന്നതിനും അരികെ നിന്നു ഞാൻ അത്ഭുതം കൂറി . ലോകത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നല്ല ആതിഥേയരുടെ സന്മനസിനു വിളികേട്ട് സ്വപ്നങ്ങളുടെ ഭണ്ഡാരങ്ങളുമായി ഒഴുകിയെത്തിയ വിവിധ സംസ്ക്കാരങ്ങൾക്കിടയിൽ ആൾകൂട്ടത്തിൽ ഏകനായി എന്റെ ജീവിതവും ഞാൻ നട്ടു നനച്ചു. സൊമാലിയക്കാരൻ അഹമ്മദും ഉഗാണ്ടക്കാരൻ വിൽഫ്രഡും ഐർലൻഡ് കാരൻ ഗ്ലോത്തുമെല്ലാം വർണ്ണ വർഗ്ഗ വൈജാത്യങ്ങൾക്കപ്പുറം ഒരു ശ്വാസം അവസാനിച്ചാൽ പുഴുക്കൾക്കു ഭക്ഷണമാകേണ്ട വെറും മനുഷ്യർ മാത്രമാണെന്ന വലിയ തിരിച്ചറിവ് ഗൾഫ് സമ്മാനിച്ച ഏറ്റവും പ്രിയതരമായൊരു എളിമപ്പെടുത്തലായിരുന്നു .

ഇരട്ടകട്ടിലിന്റെ മുകൾത്തലപ്പിൽ ഉറങ്ങുന്നത് എനിക്കാരുമാല്ലാത്ത എന്റെ അതിർത്തികൾക്കൊരുപാടാപ്പുറത്തു വസിക്കുന്ന ബഹാദൂർ റാണയെന്ന നേപ്പാളി എന്നതിനപ്പുറം ഹൃദയ ഐക്യത്തിൽ ഒന്നായ എന്റെ സ്വന്തം സഹോദരനാണെന്ന വലിയ ബോധ്യം പ്രവാസമെന്റെ രക്തത്തിൽ ലയിപ്പിച്ചു തന്ന ലഹരിയാണ് . നേട്ടങ്ങളുടെ വലിയ കണക്കു പുസ്‍തകങ്ങളൊന്നും സൂക്ഷിക്കാനും പറയാനുമില്ലെങ്കിലും എന്റെ എല്ലാ സ്വപ്നങ്ങൾക്കും നേട്ടങ്ങൾക്കും ഒപ്പവും ഈ ചന്ദ്രികയും ഉണ്ടായിരുന്നു .സ്നേഹമെന്ന സാർവ്വ ലൗകീക നിയമം ആവനാഴി നിറച്ചു തന്നതീ ഊഷര മണ്ണാണ് . ജാതിയും മതവും നിറവും രാജ്യവും ചോദിച്ചു അകറ്റി നിർത്തുന്ന ഒരാളെ പോലും എനിക്കീ നീണ്ട പ്രവാസത്തിനിടയിൽ കാണാൻ കഴിഞ്ഞില്ലന്നതേ എട്ടാമത്തെ ലോകാത്ഭുതമായി ഞാൻ മനസ്സിൽ അടിവരയിടുന്നു .

പെട്രോളിന്റെ മണമുള്ള കാറ്റടിച്ചപ്പോൾ ഊഷരതയിൽ നിന്നും ഊർവ്വരതയിലേയ്ക്കു ഒരു പെനിൻസുല പൂവിട്ടതും ആ ആരാമത്തിലെ പൂക്കളിലെ തേൻ തേടിയെത്തിയ ഭ്രമരങ്ങൾക്കും പൂമ്പാറ്റകൾക്കും കിട്ടി വയറു നിറച്ച സംതൃപ്തി . എന്റെ നാടും വീടും ഞാൻ നട്ട സ്വപ്നങ്ങളുമൊക്കെ പ്രവാസത്തിന്റെ വൃഷ്ടിയിൽ പുഷ്കലമായി .കർമ്മം ചെയ്യുക എന്നതാണ് ധർമ്മമെന്ന വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്ന ഏവർക്കും പ്രവാസം കാനൻ ദേശം തന്നെയാകുമെന്നതാണ് എനിക്കു തരാൻ കഴിയുന്ന ഉറപ്പ് .

മുകളിൽ എഴുതിയതൊക്കെ എന്റെ ജീവിതാനുഭവങ്ങൾ മാത്രമാണ്. അത് വായിച്ചാരും പ്രവാസമെന്നാൽ തേനും പാലും ഒഴുകുന്ന പ്രദേശവാസമാണെന്നു ധരിച്ചു വശയാൽ ക്ഷമിക്കുക എല്ലാ മനുഷ്യരും വസിക്കുന്ന ഇടങ്ങളിലെ സകല പോരായ്മകളും കഷ്ടതകളും കണ്ണീരുപ്പും കൂടി കലർന്നതാണ് പ്രവാസം . എന്നാൽ ഒന്നെനിക്കുറപ്പിച്ചു പറയാൻ കഴിയും , നിങ്ങളിലെ നിങ്ങളെ നല്ല മനുഷ്യനാക്കി മാറ്റാനുള്ള ഏറ്റവും നല്ല പരീക്ഷണ ശാലകളാണ് പ്രവാസം വിശേഷിച്ചും ഗൾഫ് പ്രവാസം .

Add a Comment

Your email address will not be published. Required fields are marked *