ragesh

ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ

ഒരിക്കല്‍ ഭട്ട് എന്നെ ഫോണില്‍ വിളിച്ചു.ചോദിച്ചു.
‘അരേ രാഗേഷ് ഭായ്. ആജ് സിര്‍ഫ് ദോ തീന്‍ ലോക് ഹേ.
ആവോഗേ തോ ഏക് അഛാ ഫിലിം ദേക് സക്തേ ഹോ. (ഇന്ന് രണ്ടുമൂന്ന് പേരേ ഉള്ളൂ. വന്നാല്‍ നല്ലൊരു സിനിമ കാണാം

പാക്കിസ്ഥാൻ സ്വദേശി
വിളിച്ചു പറഞ്ഞു:

‘ജെല്‍ദി ആവോ ഭായ്.
ലാലേട്ടന്‍ ആഗയ’

രാഗേഷ് വെങ്കിലാട്ട്

യു.എ.യിലെ വടക്കു കിഴക്കന്‍ എമിറേറ്റാണ് ഉമ്മുല്‍ഖുവൈന്‍. വളരെ പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്ന അനേകം നാട്ടുഗ്രാമങ്ങളുള്ള ഒരിടം. ഉമ്മുല്‍ ഖുവൈനില്‍ എത്തിച്ചേരുന്നവരിലും അവിടെ വര്‍ഷങ്ങളായി ജീവിച്ചുപോരുന്നവരിലും അറബ് ഗ്രാമീണസംസ്കാരത്തിന്‍റെ അനേകം മുദ്രകൾ കാണാം. വളരെ സ്വച്ഛമായ വഴികൾ, ഹൃദയത്തിൽ തണുപ്പ് നിറക്കുന്ന ചെറിയ ചെറിയ തടാകങ്ങൾ.

എന്‍റെ പ്രവാസജീവിതത്തിന്‍റെ ഒരു പകുതി ഗൾഫിലെ മഹാനഗരങ്ങളിലായിരുന്നു. യാത്രകളുടെ തുടക്കം മഹാനഗരങ്ങളുടെ ഇരമ്പലുകൾക്കിടയിൽ നിന്നായിരുന്നു. മറുപകുതിയാവട്ടെ ഗ്രാമജീവിതത്തിന്‍റെ ഓര്‍മ്മകളത്രയും പകരം തരുന്ന ഉമ്മുല്‍ഖുവൈനിലും.

ഉമ്മുല്‍ഖുവൈല്‍ എപ്പോഴും സ്വന്തം നാടിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ആ ഓര്‍മ്മകളില്‍ അന്നുമിന്നും തെളിഞ്ഞുനില്‍ക്കുന്ന ഒന്നാണ് ‘ഗ്രനാഡ ‘ തീയേറ്റര്‍.

മലയാളം സിനിമകള്‍ ധാരാളമായി പ്രദര്‍ശിപ്പിച്ചിരുന്ന ഈ തീയേറ്ററിന്‍റെ ഉടമ ഒരു പാക്കിസ്ഥാനിയായിരുന്നു.

ബാച്ചിലേഴ്സ് ജീവിതത്തിന്‍റെ വിരസതകള്‍ക്കിടയിലാണ് ആദ്യമായി ഞാന്‍ ഈ തീയേറ്ററിലെത്തിയത്. ഇടയ്ക്കിടെ തുറന്നും അടച്ചും കൊണ്ടിരിക്കുന്ന ബാല്‍ക്കണിയുടെ പ്രവേശന കവാടത്തിന്‍റെ അരികില്‍നിന്ന് പാക്കിസ്ഥാന്‍ സ്വദേശിയായ ഭട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.

“ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ’.
സിനിമ ശുരൂ ഹുവാ. ആവോ, ആവോ
(സിനിമ തുടങ്ങി. ലാലേട്ടന്‍ വന്നു. വരൂ. വരൂ)
തീയേറ്ററിന്‍റെ ഉടമയുടെ പേര് ജാവേദ് ഭട്ട് എന്നായിരുന്നു. നീളന്‍ പൈജാമയ്ക്കുള്ളില്‍ നരമൂടിയ താടിയുമായി നില്‍ക്കുന്ന ഒരു ദീര്‍ഘകായന്‍. ഗ്രനാഡയിലേക്കുള്ള യാത്രകള്‍ക്കിടയിലാണ് ഭട്ടുമായി അടുക്കാനിടയായത്. മലയാളികളോട് എന്നും അടുപ്പം കാണിക്കാറുള്ള ഭട്ട് നല്ല സിനിമകള്‍ വരുമ്പോഴൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു.
‘രാഗേഷ് ഭായ് നയാ ഫിലിം. യേ മമ്മൂട്ടി കാ ഫിലിം ഹേ.
ആജ് ആപ് ആവോഗേ ക്യാ ?’
ഞാന്‍ പറഞ്ഞു : ‘ആജ് നഹി ഭായ്. കല്‍ ഹം ആയേംഗേ ‘.

ഭട്ടിന്‍റെ ക്ഷണത്തോടെയും അല്ലാതെ ഞാനും കുടുംബവും ഗ്രനാഡയില്‍ നിന്ന് ഇക്കാലത്തിനിടയില്‍ എത്രയോ സിനിമകള്‍ കണ്ടു. ഉമ്മുല്‍ഖുവൈനിന്‍റെ ചുറ്റുവട്ടത്തുള്ള മലയാളികള്‍ എന്നെപ്പോലെ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഗ്രനാഡയില്‍ എത്തിച്ചേരുന്നു. സിനിമ കാണാനെത്തുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ പോയകാലത്തിന്‍റെ ഗൃഹാതുരസ്മര ണകളാണ് ഈ തീയേറ്റര്‍ ഉണര്‍ത്തിവിടുന്നത്.
ദിവസേന മൂന്ന് പ്രദര്‍ശനങ്ങളാണ് ഗ്രനാഡയിലുള്ളത്.

 

ആസ്ബസ്റ്റോസ് ഷീറ്റിനിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിന്‍റെ വെള്ളിനൂലുകള്‍, ഇരിക്കുമ്പോള്‍ കറകറ ശബ്ദമുണ്ടാക്കുന്ന ഇരിപ്പിടങ്ങള്‍, സിനിമാക്കാഴ്ചകള്‍ക്കിടയില്‍ ജീവിത യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പിക്കാനെന്നോളം കുത്തിനീറ്റുന്ന മൂട്ടകള്‍. ഇത്തരത്തില്‍ പഴയകാലത്ത് നമ്മുടെ നാട്ടിന്‍പുറത്തെ തീയേറ്ററുകള്‍ തന്നിരുന്ന പല ഭൂതകാലാനുഭവങ്ങളും ഗ്രനാഡ തീയേറ്ററിലേക്കുള്ള യാത്രകളിലൊക്കെയും പുതുക്കപ്പെടുന്നു.

സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന പയ്യന്‍ പഠാണിയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ സൈക്കിളില്‍ ഉമ്മുല്‍ഖുവൈനിലൂടെ പോസ്റ്ററും പശയുമായി അവന്‍ പാഞ്ഞുപോയി. കവലകളില്‍ ഒരുക്കിവെച്ച സിനിമാബോര്‍ഡില്‍ പശ തേച്ചുപിടിപ്പിച്ച് അവന്‍ പോസ്റ്ററൊട്ടിച്ചു. ബോര്‍ഡ് ശ്രദ്ധിക്കുന്ന മലയാളികളെ ആരെയെങ്കിലും കണ്ടാല്‍ അവന്‍ ഉറക്കെ വിളിച്ചു പറയും.

‘ദോസ്ത്. യെ മമ്മൂക്ക ഫിലിം ഹേ.
ദെഖോ, യെ അച്ഛാ ഫിലിം ഹേ’.

1980 കാലത്താണ് ഭട്ട് ഈ സിനിമാ കൊട്ടകയ്ക്ക് തുടക്കം കുറിച്ചത്. ആദ്യകാലത്ത് തീയേറ്ററിന്‍റെ തിരശ്ശീലയ്ക്കുമുന്നില്‍ ഒരു സ്റ്റേജ് കൂടി ഉണ്ടായിരുന്നു. ഉമ്മുല്‍ഖുവൈനില്‍ മലയാളികളടക്കമുള്ളവരുടെ സാംസ്കാരിക പരിപാടികള്‍ പലതും നടന്നിരുന്നത് ഇവിടെ വെച്ചായിരുന്നു. എന്‍.എന്‍.പിള്ളയുടെ നാടകങ്ങളടക്കം എത്രയോ പരിപാടികള്‍ക്ക് ഒരു കാലത്ത് ഈ തീയേറ്റര്‍ രംഗവേദിയായി. മമ്മൂട്ടിയും മോഹന്‍ലാലും ഗായിക ചിത്രയുമൊക്കെ ഗ്രനാഡ തീയേറ്ററിനുള്ള സ്റ്റേജില്‍ നിന്നുകൊണ്ട് ഉമ്മുല്‍ഖുവൈന്‍ മലയാളികളികളെ അഭിസംബോധന ചെയ്തു.

 

ഇപ്പോള്‍ ഉമ്മുല്‍ഖുവൈനില്‍ പരിപാടികള്‍ നടത്താന്‍ പലയിടങ്ങളിലായി ഹാളുകളും സൗകര്യവും ഏറിയതോടെ തീയേറ്ററിലെ പുരാതനമായ സ്റ്റേജ് ഇല്ലാതായി.

വെള്ളി, ശനി ദിവസങ്ങളിലാണ് തീയേറ്ററില്‍ ആള്‍ത്തിരക്കേറുന്നത്. മറ്റു ദിവസങ്ങളില്‍ സിനിമ കാണാനെത്തുന്നത് വിരലിലെ ണ്ണാവുന്നവര്‍ മാത്രമായിരുന്നു.

ആള്‍ക്കാര്‍ വളരെ കുറവായ ചില ദിവസങ്ങളിലും ഭട്ട് എന്നെ വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഭട്ട് എന്നെ ഫോണില്‍ വിളിച്ചു.ചോദിച്ചു.
‘അരേ രാഗേഷ് ഭായ്. ആജ് സിര്‍ഫ് ദോ തീന്‍ ലോക് ഹേ.

ആവോഗേ തോ ഏക് അഛാ ഫിലിം ദേക് സക്തേ ഹോ. (ഇന്ന് രണ്ടുമൂന്ന് പേരേ ഉള്ളൂ. വന്നാല്‍ നല്ലൊരു സിനിമ കാണാം.)
സിനിമ തുടങ്ങാനുള്ള സമയം ഏതാണ്ട് ആയിരുന്നു.

ഞാന്‍ പറഞ്ഞു.
‘സാബ്, അവിടെ എത്തുന്നതിന് പതിനഞ്ച് മിനിട്ടെങ്കിലും
എടുക്കും. എന്തുചെയ്യും ?”
ഭട്ട് പറഞ്ഞു:
‘കോയി ബാത്ത് നഹി. ജല്‍ദി ആവോ ഭായ്. മേ ഇന്‍ത്സാര്‍
കരൂംഗാ ‘.
(ഓ. അതു സാരമില്ല. ഞാന്‍ നിങ്ങളെ കാത്തിരിക്കാം)
ഭട്ട് എന്നെയും കാത്ത് തീയേറ്ററിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. വന്നയുടനെ ടിക്കറ്റ് കയ്യില്‍ തന്നു. പണം കൊടുത്ത് ടിക്കറ്റുമായി ഞങ്ങള്‍ ബാല്‍ക്കണിയിലേക്ക് നടന്നു.

ഭട്ട് പലപ്പോഴും ഇത്തരത്തില്‍ എന്നെ വിളിക്കുകയും ഞാന്‍ സിനിമാ കൊട്ടകയിലേക്ക് പോവുകയും ചെയ്തു. ചിലപ്പോള്‍ തീയേറ്ററിലെത്തിയാല്‍ ഭട്ട് എന്നോട് പറയും. കൂട്ടുകാരെ വിളിച്ചുനോക്കൂ. വരുന്നുണ്ടെങ്കില്‍ കുറച്ച് നേരം കാത്തിരിക്കാം.

ഭട്ടിനുവേണ്ടി പലപ്പോഴും കൂട്ടുകാരെ വിളിക്കുകയും അദ്ദേഹം വരാനുള്ളവര്‍ക്കുവേണ്ടി കാത്തിരിക്കുകയും ചെയ്തു. ആ സമയത്തൊക്കെ ഞാന്‍ കൂട്ടുകാരെ കാത്ത് അക്ഷമയോടെ നിമിഷങ്ങള്‍ തള്ളിനീക്കുമ്പോള്‍ ഭട്ടിന്‍റെ മുഖം ആശങ്കകളൊന്നുമില്ലാതെ വെള്ളിത്തിരപോലെ വെളുക്കെനെ ചിരിച്ചുനില്‍ക്കുക മാത്രം ചെയ്തു.

ഗ്രനാഡ തീയേറ്റര്‍ തുടങ്ങുന്നതിന് മുമ്പ് ഉമ്മുല്‍ ഖുവൈനില്‍ സിനിമകാണാന്‍ ഒരു ഓപ്പണ്‍ തീയേറ്റര്‍ മാത്രമേ ഉണ്ടായി രുന്നുള്ളൂ. ഇവിടെയുള്ള പഴമക്കാര്‍ ഓര്‍മ്മകളില്‍ അതുണ്ട്. ദിവസവും ഒരു ഷോ മാത്രം. രാത്രികാലത്ത് വെളുത്ത തിരശ്ശീലയുടെമേല്‍ പതിയുന്ന പല ഭാഷകള്‍ മൊഴിയുന്ന സിനിമകള്‍ മണലിലിരുന്നാണ് അക്കാലത്തുള്ളവര്‍ കണ്ടിരുന്നത്.

യു.എ.ഇയിലെ മറ്റെല്ലാ തീയേറ്ററുകളും മാറിയപ്പോള്‍ ഗ്രനാഡ തീയേറ്റര്‍ മാത്രം അതിന്‍റെ പഴമയില്‍ നിന്ന് ഒട്ടും മുന്നോട്ടു പോകാതെ ഗ്രാമീണനിഷ്കളങ്കതയുമായി നിലകൊള്ളുന്നു. വര്‍ഷംതോറും തീയേറ്ററുകള്‍ നിരക്കു വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ മുപ്പതും നാല്‍പ്പതും ദിര്‍ഹം ഈടാക്കുമ്പോള്‍ ഗ്രനാഡ തീയേറ്റര്‍ ഇരുപത് ദിര്‍ഹമാണ് ടിക്കറ്റിന് ഈടാക്കുന്നത്.

സി.ഡിയും ടി.വി.ചാനലുകളും ഒ.ടി.ടിയും മത്സരിച്ച് സിനിമ കാണിച്ചു തുടങ്ങിയപ്പോള്‍ കേരളത്തിലെ സെക്കന്‍ഡ് ക്ലാസ് തീയേറ്ററുകള്‍ക്ക് സംഭവിച്ച പതനം ഗ്രനാഡ തീയേറ്ററിനെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും ഒരാളെങ്കിലും വന്നാല്‍ നഷ്ടമാണെങ്കിലും ഒരിക്കല്‍പോലും ഇവിടെ പ്രദര്‍ശനം മുടക്കിയിട്ടില്ല.
ഇപ്പോഴും ഇടയ്ക്കിടെ ഭട്ട് എന്നെ വിളിക്കുന്നു.

‘വരൂ സുഹൃത്തേ. നല്ല സിനിമ വന്നിട്ടുണ്ട്”
ശുഭാപ്തി വിശ്വാസിയായ ആ മനുഷ്യൻ, ഇരുട്ടിലും വെളിച്ചത്തിലും നിറയുന്ന കഥകളിലേക്കാണ് വിളിക്കുന്നത്.വരൂ,നാം “ജീവിക്കാത്ത ജീവിതം ” കാണൂ. ചിരിക്കൂ,അല്ലെങ്കിൽ കയ്യടിക്കുകയോ കരയുകയോ ചെയ്യൂ…

40 വര്‍ഷത്തെ സിനിമകാണിക്കലിന്‍റെ കണക്കെടുപ്പില്‍ പലപ്പോഴും നഷ്ടം ഏറ്റുവാങ്ങുമ്പോഴും ഉമ്മുല്‍ഖുവൈനിലെ സിനിമാ പ്രേമികള്‍ക്കാകെയും ഈ തീയേറ്റര്‍ പുതിയ പുതിയ മലയാള സിനിമകള്‍ കാണിച്ചുകൊടുക്കുന്നു. അതോടൊപ്പം അവരുടെ മനസ്സില്‍നിന്ന് മാഞ്ഞുതുടങ്ങിയ ഗൃഹാതുരസ്മരണകളെ ഉണര്‍ത്തുന്ന സാന്നിധ്യമായി എന്നും ഇവിടെ ഗ്രനാഡ തീയേറ്റര്‍ നിലകൊള്ളുകയും ചെയ്യുന്നു.

Add a Comment

Your email address will not be published. Required fields are marked *