basila

ആണുങ്ങൾ ഭാരങ്ങൾ തരാതിരുന്നാൽ മതി, മഴയും കട്ടൻ ചായയും ഞങ്ങൾക്കുമുള്ളതാണ്

ഒന്ന്:
നഗ്നയായി അവസാനം മഴയത്ത് കുളിച്ച ഓർമ്മ പോയിട്ട് അർദ്ധനഗ്നയായി വീട്ടിൽ നടന്ന ഓർമ്മ പോലുമില്ല. പെണ്ണിൻ്റെ നഗ്നത പാപമാണല്ലോ. പുഴയിലോ കുളത്തിലോ എങ്കിലും പോയിട്ടുള്ളത്‌ നന്നേ ചെറുപ്പത്തിലാണ്. രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, പുഴയും അരുവിയുമൊക്കെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ പാലത്തിന്റെ ചുവട്ടിലൂടൊഴുകുന്ന കാഴ്ച മാത്രമാണിപ്പോൾ. രണ്ട്, നഗ്നത പാപമല്ലാത്ത പ്രായം കഴിഞ്ഞു പോയി. ആണുങ്ങൾ മഴ കൊണ്ട് ഗ്രൗണ്ടിൽ കളിക്കുന്നതും കുളത്തിൽ കുളിച്ചതുമൊക്കെ എല്ലാ കാലവും ആസ്വദിക്കുകയും overromantisize ചെയ്‌ത് സ്റ്റാറ്റസ് ഇടുകയും ചെയ്യുമ്പോൾ കൊതിയും അസൂയയും ചിരിയും കരച്ചിലുമെല്ലാം തോന്നാറുണ്ട്. സ്വന്തം നാട്ടിലെ പുഴയൊന്ന് കാണണമെങ്കിൽ പോലും മഴക്കാലത്തു വെള്ളം കേറി അതു റോഡിലൂടൊഴുകേണ്ട അവസ്ഥയാണ്. അപ്പോൾ ഇതൊക്കെ തോന്നുകയെങ്കിലും വേണ്ടേ.

രണ്ട്:
കോഴിക്കോട് താമസിച്ചു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഒരു ചായ കുടിക്കാൻ മഴയത്ത് പോയിട്ടുണ്ട്. പോകുമ്പോൾ മഴ ഇല്ലായിരുന്നു. പെട്ടിക്കടയിൽ നിന്ന് വലിയ രുചിയില്ലാത്ത ചായ പകുതി കുടിച്ച് തിരിച്ചു വരുമ്പോഴേക്ക്, വേദനിപ്പിക്കുന്നത്ര വലിയ തുള്ളികളായിട്ട് പെയ്തു. കൂടെയുള്ളയാളുടെ ഫോൺ നനയുന്നതൊക്കെ പേടി ഉണ്ടായിരുന്നെങ്കിൽ പോലും അതൊരു നല്ല യാത്രയായിരുന്നു. മറ്റുള്ളവർക്ക് എങ്ങനെയാണെന്ന് അറിയില്ല ; മനസ്സിൽ അത്ര സന്തോഷമുണ്ടാകുമ്പോഴല്ലാതെ എനിക്ക് മഴ ആസ്വദിക്കാൻ കഴിയില്ല. അന്ന് ഞാൻ ആവോളം ആസ്വദിച്ചിരുന്നു.

മൂന്ന്:
ഇപ്പോൾ മഴ നനയാറില്ല. വളർന്നു പോയത് കൊണ്ടാകാം. പലതിലുമുള്ള മടി മഴ നനയുന്നതിലുമുണ്ട്. എനിക്കെപ്പോഴും മഴ ഇഷ്ടവുമല്ല. മനസ്സ് മൂടിക്കെട്ടി ഇരിക്കുമ്പോൾ ആകാശം കൂടി കൂടെ കരഞ്ഞ് കാണുന്നത് നിരാശപ്പെടുത്താറാണ് പതിവ്. അങ്ങനല്ലാതിരുന്ന കാലത്തും സമയങ്ങളിലും നനഞ്ഞിട്ടുണ്ട്. കുറച്ചു കാലം മുൻപ്, മഴ നനഞ്ഞ് നേരെ പോയി കുളിക്കാമെന്ന് പ്ലാൻ ചെയ്‌ത് അനിയത്തിയും ഞാനും വലിയ മഴ പെയ്യുന്നതും കാത്തിരുന്നതും, കളർ A4 ഷീറ്റ് കൊണ്ട് കടലാസു തോണിയുണ്ടാക്കി ഫോട്ടോ എടുത്തതുമൊക്കെ ഓർക്കുന്നു. മഴ വെള്ളം തലയിൽ വീണാൽ പനിക്കുമെന്നുള്ള പാരമ്പര്യ വാദം കൊണ്ട് വഴക്ക് പറയുക എന്നത് മാതാപിതാക്കളുടെ അലിഖിത നിയമാവലിയിലുള്ള കടമയാണല്ലോ. അതു കൊണ്ട് വഴക്ക് കേട്ടിട്ടുണ്ട്. അടി കിട്ടിയിട്ടില്ല.

നാല്:
പെണ്ണ് വഴിയേ പോയാൽ വരെ തുറിച്ചു നോക്കപ്പെടുന്നിടത്ത് മഴ നനഞ്ഞാൽ ആളുകളുടെ അറ്റെൻഷന്റെ ഭാഗമാകാതിരിക്കില്ലല്ലോ. പിന്നെ ആൺ നോട്ടങ്ങൾ , especially തുറിച്ചു നോട്ടങ്ങൾ, ബുദ്ധിമുട്ടുണ്ടാക്കുന്നവ തന്നെയാണ്. ആണ് ചെയ്യുമ്പോൾ സ്വാഭാവികമായി തോന്നുന്ന കാര്യങ്ങൾ പെണ്ണ് ചെയ്യുമ്പോൾ അസ്വാഭാവികമാകുന്നത് ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എത്രത്തോളം ആളുകൾക്ക് മനസ്സിലാവുന്നുണ്ട് എന്നറിയില്ല. മനസ്സിലാവാത്ത ഒരു വലിയ സമൂഹം പുറത്തുള്ളത് കൊണ്ട് മഴയും ജോൺസൺ മാഷും കട്ടൻ ചായയുമൊക്കെ ആസ്വദിക്കാൻ ഞങ്ങൾ ആണുങ്ങളേക്കാൾ കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. മഴ പെയ്യുമ്പോൾ പരിപ്പ് വട കിട്ടിയാൽ നന്നായിരുന്നു എന്ന് വിക്സിന്റെ പരസ്യത്തിൽ തോന്നിയ തോന്നൽ മനുഷ്യ ജീവികൾക്കെല്ലാം തോന്നുന്ന വികാരമാണ്. പെണ്ണുങ്ങളാകുമ്പോൾ പരിപ്പ് വട മിക്കവാറും തന്നെ ഉണ്ടാക്കി കഴിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് കൂടെ ഉണ്ടാക്കി കൊടുക്കേണ്ടി വരും. എല്ലാവരെയും സംതൃപ്തിപ്പെടുത്തുമ്പോഴേക്ക് ആ മഴ കഴിഞ്ഞിട്ടുമുണ്ടാകും. മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ആവശ്യങ്ങളുടെയും ഭാരമില്ലാത്ത പെണ്ണുങ്ങൾക്ക് കുറച്ചു കൂടെ എളുപ്പമാണ്. അവർക്ക് വേണ്ട പരിപ്പ് വടയും ചായയും ഉണ്ടാക്കി അവർക്ക് വേണ്ട സ്ഥലത്തിരുന്ന് അവർക്ക് വേണ്ടത്‌ പോലെ മഴ കാണാം. അതൊരു liberation ആണ്. പക്ഷേ അത്തരത്തിൽ എത്ര “അവർ” മഴ കാണുന്നുണ്ടെന്നത് ഒരു ചോദ്യമാണ്. ഒരു സുഹൃത്ത്(ആൺ) ഒരിക്കൽ പറഞ്ഞിരുന്നു, ‘നിങ്ങൾ പെണ്ണുങ്ങൾക്ക് വേണമെങ്കിൽ കല്യാണം കഴിക്കാതെ ജീവിക്കാം. കാരണം നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ തന്നെ അല്ലേ നോക്കാറ്. ഞങ്ങൾ ആണുങ്ങൾ പക്ഷേ ആയ കാലം മുതൽ മറ്റുള്ളവരെ depend ചെയ്താണ് ‘എന്ന്. ഭാരങ്ങൾ തരാതിരുന്നാൽ മതി. സ്വന്തം ആവശ്യങ്ങളും കൊണ്ട് വരാതിരുന്നാൽ മതി. ഞങ്ങളിടങ്ങളിലേക്ക് കയറി വരാതിരുന്നാൽ മതി. ഞങ്ങൾക്ക് വേണ്ട പരിപ്പുവടയും ചായയും ജോൺസൺ മാഷും മഴയും ഒക്കെ , ഞങ്ങൾ വേണ്ടുവോളം ആസ്വദിച്ചോളാം.

(സ്കിൽ ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് , ASAP)

Add a Comment

Your email address will not be published. Required fields are marked *