raveendran'

അതിമിടുക്കർ, മിടുക്കർ, ശരാശരി എല്ലാവരും ഒപ്പമെത്തുമ്പോൾ സംഭവിക്കുന്നത്

44 വർഷം മുമ്പത്തെ ഒരു തണുത്ത പ്രഭാതം. എസ്എസ്എൽസി റിസൾട്ട് അന്നാണ് വരുന്നത്. സ്കൂൾ ചുവരിൽ ഉറപ്പിച്ച പഴയ കോളാമ്പിയിലൂടെ വരുന്ന അനൗൺസ്മെന്റിനായി എല്ലാവരും കാത്തു നിൽക്കുകയാണ്. പകുതിപ്പേരെ വിജയികളുടെ വിഭാഗത്തിലും മറ്റൊരു പകുതിയെ പരാജിത ഗണത്തിലും വേർതിരിച്ച ഉദ്വേഗ നിമിഷങ്ങൾ. മൂന്നുപേർ മാത്രം 60 ശതമാനത്തിലേറെ മാർക്ക് നേടി ഫസ്റ്റ് ക്ലാസ് എന്ന അന്നത്തെ എവറസ്റ്റിൽ തൊട്ടിരിക്കുന്നു എന്ന ഒടുവിലത്തെ പ്രഖ്യാപനം. എങ്ങോട്ടൊക്കെയോ ഉള്ള വഴിപിരിയലിന്റെ തിരിച്ചു നടത്തം.

കോവിഡ് കാലത്തെ എസ്എസ്എൽസി റിസൾട്ട് മന്ത്രി നേരിട്ട് പ്രഖ്യാപിക്കുന്ന ചടങ്ങിനും ഇന്നലെ ടി.വി.യിലൂടെ സാക്ഷിയായി. പഴയതൊക്കെ ഓർത്തത് എന്തിനാണാവോ?

ഇപ്രാവശ്യം പരീക്ഷയെഴുതിയ 4,21, 887 പേരിൽ 4,19,651 പേർ വിജയിച്ചിരിക്കുന്നു. വിജയക്കണക്ക് 99.47 ശതമാനത്തിലേക്ക്. അതിൽതന്നെ 1,21,318 പേർക്ക്, എന്നുവെച്ചാൽ പാസ്സായവരിൽ 29 ശതമാനം പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്.

ഞാൻ പഠിച്ച പഴയ സ്കൂളിൽ ഈ വർഷം പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചിട്ടുണ്ട്. അതിൽ പകുതി പേർക്ക് എ പ്ലസും ഉണ്ട്. എന്താണിത് സൂചിപ്പിക്കുന്നത് ? പൊതുവിദ്യാഭ്യാസം പണ്ടത്തേക്കാൾ ഏറെ മെച്ചപ്പെട്ടു എന്നാണോ ?

സ്കൂൾ വിദ്യാഭ്യാസരംഗത്ത് കേരളം ഏറെ മുന്നേറിയിട്ടുണ്ട് എന്നതിൽ സംശയമില്ല. സ്കൂളിലെ സൗകര്യങ്ങളും അധ്യാപകരുടെ അധ്വാനമികവും രക്ഷാകർത്താക്കളുടെ ഇടപെടലും കുട്ടികളുടെ ഗാർഹിക പശ്ചാത്തലവുമെല്ലാം അന്നത്തെക്കാളും ഉയർന്ന റിസൾട്ട് അർഹിക്കുന്നുണ്ട്. എങ്കിലും എസ്എസ്എൽസി റിസൾട്ടും കുട്ടികളുടെ പഠനനിലവാരവും തമ്മിലുള്ള വിടവ് കുറച്ചു കാലമായി വർധിച്ചുവരികയാണ്. സർക്കാരുകൾ ആകട്ടെ ഉയർന്ന റിസൾട്ട് അവരുടെ നേട്ടമായി കൊണ്ടാടുന്നു. സ്കൂളുകൾ ബാനറുകൾ ഉയർത്തുന്നു. രക്ഷിതാക്കൾ fb യിൽ അഭിമാനപ്പോസ്റ്റുകൾ പതിക്കുന്നു.

വിജയിച്ച കുട്ടികളെ അഭിനന്ദിക്കുന്നു. എന്നാൽ, ഉള്ളതിനെ പെരുപ്പിച്ചു കാട്ടുന്ന അഭ്യാസമാണ് നടക്കുന്നത് എന്ന് കാണാതെ വയ്യ. ഈ കോവിഡ് കാലത്തെ റിസൾട്ട് മേൽപ്പറഞ്ഞ വിടവിനെ ഒന്നുകൂടി അപഹാസ്യമാക്കിയിരിക്കുന്നു.

ഇളവിന്റെ പെരുമഴ

ജൂൺ ഒന്നിന് സ്കൂൾ തുറന്നെങ്കിലും മുഖാമുഖ പഠനം നടന്നത് 2021 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള ദിവസങ്ങളിൽ മാത്രം. അതുവരെ എല്ലാം ഓൺലൈനിൽ ആയിരുന്നു. ജനവരി തൊട്ടുള്ള മൂന്നുമാസം നടന്നത് പരീക്ഷ ലക്ഷ്യംവെച്ചുള്ള പഠിപ്പിക്കൽ. അതിനിടയിൽ എല്ലാ വിഷയങ്ങളിലും കഠിനമായ ഭാഗങ്ങൾ പരീക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. “ഫോക്കസ് ഏരിയ”യിൽ നിന്നുള്ള ചോദ്യങ്ങളേ വരൂ എന്ന് കുട്ടികളെ സമാശ്വസിപ്പിച്ചിരുന്നു. മാത്രമോ ? ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങളും നൽകി. നിശ്ചിത സമയത്തിനകം എത്ര ചോദ്യങ്ങൾക്ക് വേണമെങ്കിലും ഉത്തരമെഴുതാം. അതോടെ അതിമിടുക്കരും വെറും മിടുക്കനും ശരാശരിക്കാരുമെല്ലാം ഒപ്പം എത്തുന്ന നിലവന്നു. തുടർ മൂല്യനിർണയത്തിനുള്ള സ്കോർ കാലങ്ങളായി 20 ൽ 20 ആണല്ലോ. എല്ലാം ചേർന്നപ്പോൾ പാസ്സാകുന്നവരുടെയും മുഴുവൻ സ്കോറും നേടുന്നവരുടെയും എ പ്ലസ് കാരുടെയും എണ്ണം കുതിച്ചുയർന്നു.

ഈ കൊവിഡ് കാലത്ത് കുട്ടികളെ സഹായിക്കുന്ന ഉദാരസമീപനം സ്വീകരിച്ചതിൽ തെറ്റു കാണുന്നില്ല. പക്ഷേ ഇത് കുറേ കടന്നതായിപ്പോയി. സിബിഎസ്ഇ, ഐസിഎസ്ഇ കാർക്ക് പരീക്ഷകളേ നടന്നിട്ടില്ല. സ്കൂളുകൾ നൽകുന്ന വിലയിരുത്തൽ ഫലമാണ് അവിടെ റിസൾട്ട് നിർണയിക്കാൻ പോകുന്നത്. അവിടെയും വിജയശതമാനം നൂറിന് അടുത്തുതന്നെയായിരിക്കും! ഒരു ചോദ്യം ബാക്കി നിൽക്കുന്നു. എങ്കിൽ പിന്നെ എല്ലാവരെയുമങ്ങ് പാസ്സാക്കിയാൽ പോരായിരുന്നോ?

പഞ്ചായത്തിൽ നീന്തിയ ഭാഗ്യവാന്മാർ

നടക്കാനിരിക്കുന്ന പ്ലസ് വൺ പ്രവേശനത്തിൽ സംഭവിക്കാൻ പോകുന്നത് എന്താവും ? പരിചയമുള്ള ഒരു സ്കൂളിൽ കഴിഞ്ഞ വർഷം 25 എ പ്ലസ് കാർ ആണ് ഉണ്ടായിരുന്നത്. അവിടെ ഇക്കുറി 126 പേരാണ് എ പ്ലസ് നേടി വിജയിച്ചിരിക്കുന്നത്. അവിടെ പ്ലസ് വണ്ണിന് സയൻസ് വിഭാഗത്തിൽ 60 സീറ്റാണ് ഉള്ളത്. ഇവരെല്ലാം അവിടെ അപേക്ഷിച്ചു എന്ന് കരുതുക. സിബിഎസ്ഇ കാരും ഐസിഎസ്ഇ കാരും കൂടി മത്സരിക്കാനുണ്ടാവും. റിസർവേഷൻ സീറ്റിൽ ഉൾപ്പെടെ വൻതള്ള് ആയിരിക്കും ഫലം. അതേ സ്കൂളിൽ പഠിച്ചവരും സ്കൂൾ നിൽക്കുന്ന പഞ്ചായത്തിൽ നിന്നുള്ളവരും നീന്തൽ അറിയാവുന്നവരും വെയിറ്റേജ് വഴി മുന്നിലെത്തി സീറ്റുകൾ കരസ്ഥമാക്കും. ഒഴിവാക്കപ്പെടുന്നവരിൽ യഥാർത്ഥ മിടുക്കർ പെട്ടാൽ അത്ഭുതപ്പെടേണ്ട. ഇത് ഒഴിവാക്കണമെങ്കിൽ ഓരോ സ്കൂളും സ്വന്തമായി പ്രവേശനപരീക്ഷ നടത്തേണ്ട സ്ഥിതിയാവും.

വിദ്യ വിവരശേഖരണം മാത്രമാവുന്ന കാലം

കോവിഡ് വരുത്തിയ വിനകൾ ഇതുകൊണ്ട് തീരുന്നില്ല. വരാനിരിക്കുന്ന പ്ലസ് ടു റിസൽട്ടിലും മിക്കവാറും ഇങ്ങനെ തന്നെ സംഭവിച്ചേക്കാം. അതിനുമപ്പുറം, വിദ്യാഭ്യാസം എന്ന സാമൂഹ്യാനുഭവത്തിന്റെ അഭാവത്തിൽ പലവിധത്തിലുള്ള നഷ്ടങ്ങൾക്കാണ് നമ്മുടെ കുട്ടികൾ വിധേയരാകുന്നത്. ഇത് ആരുടെയെങ്കിലും കുറ്റം കൊണ്ട് സംഭവിക്കുന്ന ഒന്നാണ് എന്നല്ല. പക്ഷേ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ വലിയ വില തന്നെ കൊടുക്കേണ്ടി വരും.

സ്കൂൾ എന്നത് നമ്മുടെ വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായിരുന്നു. ‘സ്കൂൾ ജീവിതം’ എന്ന വിലമതിക്കാനാവാത്ത അനുഭവമാണ് ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. കുട്ടികളും അധ്യാപകരും ക്ലാസ് മുറികളും കളിയിടങ്ങളും ചേർന്നു നിർമിക്കുന്ന അനന്യമായ അനുഭവത്തിന്റെ വൻകരയാണ് കോവിഡിന്റെ കടലെടുക്കുന്നത്. ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പതിനൊന്നാം ക്ലാസിലും കഴിഞ്ഞവർഷം ചേർന്ന കുട്ടികളിൽ പലരും ഇനിയും തങ്ങളുടെ അധ്യാപകരെയും കൂട്ടുകാരെയും നേരിൽ കണ്ടിട്ടില്ല.

ഓൺലൈൻ കാലത്ത് ജീവിക്കുന്ന കുട്ടികൾക്ക് പലതരം സമ്മർദ്ദങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ‘പഠിക്കൂ പഠിക്കൂ’ എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്ന ചില രക്ഷിതാക്കളും വാട്സാപ്പിലൂടെ ടൺ കണക്കിന് ‘വർക്കു’കൾ കൊടുത്തുകൊണ്ടിരിക്കുന്ന ചില അധ്യാപകരും ചേർന്ന് ബാല്യത്തെ ഞെരിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ ഏകാകികളും അന്തർമുഖരുമാവുന്നത് ഗുണകരമല്ല. ഈ ഒറ്റപ്പെടലും സമ്മർദവും അവരും ഇഷ്ടപ്പെടുന്നില്ല ഒരുകാലത്ത് സ്കൂളിനെ വെറുത്തിരുന്ന കുട്ടികളിൽ പലരും സ്കൂൾ തുറക്കുന്ന ദിവസത്തിനായി പ്രാർത്ഥിക്കുകയാണ്. ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകുന്ന, സാമൂഹ്യ ശീലങ്ങൾ തഴച്ചുവളരുന്ന സ്കൂൾ കാലത്തിനായുള്ള കാത്തിരിപ്പ് എന്ന് അവസാനിക്കുമെന്ന് ആർക്കും പ്രവചിക്കാനാവുന്നില്ല. അതുവരെ ഓൺലൈൻ പഠനം തന്നെ ശരണം.

ഓൺലൈനിന് പഴി മാത്രമോ ?

ഓൺലൈനിനെ പഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഇന്ന് അത് മാത്രമേ നമുക്ക് മുമ്പിലുള്ളൂ. ഇതിനിടയിൽ പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഐടി @ സ്കൂളിന് കഴിഞ്ഞ അനവധി വർഷങ്ങൾകൊണ്ട് ചെയ്യാനാവാത്തത്, ഐ. ടി ഉപയോഗിച്ച് പഠിപ്പിക്കുന്ന വിധം അധ്യാപകരെ പഠിപ്പിക്കുകയെന്നത് കൊറോണ ഒറ്റവർഷം കൊണ്ട് നേടിയിരിക്കുന്നു! അധ്യാപകർ വാട്സ്ആപ്പിലും ഗൂഗിൾ മീറ്റിലും ക്ലാസെടുക്കാനും വീഡിയോ എഡിറ്റ് ചെയ്യാനും പോസ്റ്റർ തയ്യാറാക്കാനും ഓൺലൈൻ ഗ്രൂപ്പിൽ ചർച്ചകളിൽ പങ്കെടുക്കാനുമൊക്കെ പഠിച്ചിരിക്കുന്നു. നാളത്തെ ലോകത്ത് ഓൺലൈൻ വിദ്യാഭ്യാസം ഒരു യാഥാർഥ്യമായിരിക്കും എന്നതിൽ സംശയം വേണ്ട. അതിൽ പങ്കെടുക്കുവാനുള്ള പ്രാഥമികമായ കഴിവുകൾ നമ്മുടെ കുട്ടികളും നേടിക്കഴിഞ്ഞിരിക്കുന്നു. കേരളമാവും ഇതിലും മുമ്പിൽ.

അതുകൊണ്ട് ഇന്ന് നഷ്ടപ്പെടുന്നത് എന്തെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമങ്ങൾ വേണം. നല്ല കാലം വന്നാൽ ഓൺലൈനിനെ പ്രയോജനപ്പെടുത്തുന്ന ‘blended learning’ ലേക്ക് പോകാനുള്ള തയ്യാറെടുപ്പും ഇന്നു തന്നെ ആരംഭിക്കണം. കാലം കൊറോണയ്ക്ക് ഇരുവശത്തുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ന്യൂ നോർമലിന്റെ കാലത്ത് നോർമലാകാൻ കഴിയുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. എസ്.എസ്.എൽ.സി. റിസൽട്ടിലെ വൈരുധ്യം ഈ ഇരുണ്ട കാലത്തെ ഒരു ഫലിതം മാത്രമായിക്കണ്ട് മറന്നു കളയാം.

(റിട്ട. ഡയറ്റ് സീനിയർ ലക്ചറർ)

Comments are closed.