നോട്ടങ്ങൾ എല്ലായിടത്തുമുണ്ട്. ക്യൂവിലും. നോക്കണ്ട എന്നു പറയാൻ കഴിയില്ലല്ലോ. ആദ്യമായി മാത്രമല്ല, പിന്നീടും ഒറ്റക്കുള്ളപ്പോൾ, അടുത്തിരിക്കുന്നത് ഒരു ആണാണെങ്കിൽ, സിനിമക്കിടയിലുള്ള ഇരുട്ടിൽ പേടി തോന്നാതിരുന്നിട്ടില്ല. സന്തോഷങ്ങൾ സുരക്ഷ ഓർത്ത് മാറ്റിവെക്കാറില്ലെങ്കിലും, സുരക്ഷിതമല്ലാത്ത ഇടങ്ങൾ അൽപം പേടിയോടെ തന്നെയേ ആസ്വദിക്കാൻ കഴിയാറുള്ളു
‘വെറും പെണ്ണായത്
കൊണ്ട് ആണിനെ തല്ലരുത്.
വേണേൽ പെണ്ണിനെ
തല്ലിക്കോ!’
ബാസില ഫാത്തിമ
പിജി പഠന കാലം തൊട്ടാണ് സിനിമയെന്ന മാധ്യമം എത്ര അത്ഭുതം നിറഞ്ഞതാണെന്ന് മനസ്സിലാക്കി തുടങ്ങിയത്. പുസ്തകം വായിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതവും മനോഹരമായ സ്ഥലങ്ങളും മനസ്സിൽ ഉണ്ടാക്കിയെടുക്കാറാണല്ലോ. സിനിമയിലേക്ക് വരുമ്പോൾ ചിന്തകൾ കടിഞ്ഞാൺ പിടിക്കപ്പെട്ടത് പോലെ ഒറ്റ നിൽപ്പാണ്. പിന്നെ രണ്ടോ മൂന്നോ മണിക്കൂർ ‘സിനിമ കാണിച്ചതിനെ ‘ മാത്രം കാണുന്നു. രണ്ടും മൂന്നും സിനിമകൾ അടുപ്പിച്ചു കണ്ട ദിവസങ്ങളുണ്ട്. സീക്വലിലെ അടുത്ത സിനിമ കാണാൻ കഴിയാതെ ശ്വാസം മുട്ടി, ക്ലാസ്സില്ലാഞ്ഞിട്ടും അതു കാണാൻ വേണ്ടി ലാപ്ടോപ്പ് വെച്ച താമസസ്ഥലത്തേക്ക് വീട്ടിൽ നിന്നും ഓടിയിട്ടുണ്ട്. സിനിമ അത്രയധികം ആകർഷിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീയേറ്ററിൽ പോയി കാണാൻ തുടങ്ങിയത് മുതൽ ആസ്വാദനത്തിന്റെ ഗ്രാഫ് കുത്തനെ മേലോട്ട് പോയി. തീയേറ്റർ ഒരു ലോകമാണ്. ഒരു ഫാന്റസി ലോകം.
സിനിമ കൊട്ടകകൾ, ചായക്കടയും നിരത്തു വക്കിലെ പാലങ്ങളും പോലെ ആൺകുട്ടികളുടേതാണ് എന്ന് വിശ്വസിച്ചിരുന്ന കാലത്താണ് ആദ്യമായി സിനിമക്ക് പോകുന്നത്. Application കൊടുത്ത്, കസിൻസിന്റെ വാപ്പമാരോട് ചർച്ച നടത്തി ബില്ല് പാസ് ആകുന്നത് വരെ കാത്തിരുന്ന്, ആഗ്രഹിച്ച് പോയ ഒരു പത്താം ക്ലാസ് veega land ടൂർ സമയത്തായിരുന്നു അത്. “ഇത് നിങ്ങൾ മുസ്ലിം പെൺകുട്ടികളുടെ ഇടമല്ല ‘എന്ന് വീട്ടുകാർ പറഞ്ഞ് തന്നത് ഉള്ളിൽ കിടന്ന് കുത്തലുണ്ടാക്കുന്നത് കൊണ്ട് ഞങ്ങൾ കുറച്ച് ‘അടക്കവും ഒതുക്കവും’ ഉള്ള പെൺകുട്ടികൾ ടാക്കീസിലേക്ക് വരുന്നില്ല എന്ന് പറഞ്ഞു. 15 വയസ്സുള്ള പെൺകുട്ടികളെ ബസ്സിലൊറ്റക്കിട്ട് പോകാൻ കഴിയാത്തത് കൊണ്ട് ടീച്ചർമാർ നിർബന്ധിച്ച് കൂട്ടികൊണ്ടു പോയി. വളരെയധികം കുറ്റബോധത്തോടെ അന്നങ്ങനെ ഇരുന്ന് യെന്തിരൻ കണ്ടു. സിനിമ കാണാതിരിക്കാൻ കേറിയിട്ട് കിടന്നുറങ്ങി എന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ ഞാൻ പിന്നേം കുറ്റബോധത്തിലായി. എന്നാലും വലിയ സ്ക്രീനും വലിയ ഒച്ചയും വല്ലാത്തൊരു കൗതുകമായിരുന്നു.
പേര് ഓർക്കുന്നില്ല. കാരണം അടക്കവും ഒതുക്കവും ഇല്ലാതായതിന് ശേഷം പല സിനിമകളും ഒറ്റക്ക് ആണ് കണ്ടിട്ടുള്ളത്. ‘ജോക്കർ’ കാണുമ്പോഴാണ് ഇപ്പുറത്ത് ആരെങ്കിലും ഉണ്ടായിരുന്നേൽ ഒന്ന് കൈ പിടിക്കായിരുന്നല്ലോ എന്ന് തോന്നിയിട്ടുള്ളത്. അല്ലാതെ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന പല സ്ഥലങ്ങളിൽ ഒന്ന് തീയേറ്ററാണ്. ‘ആദ്യത്തെ’ എന്നത് എപ്പോഴും കുറച്ച് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. അതു പോലെ തന്നെ ആയിരുന്നു ആദ്യത്തെ ഒറ്റയ്ക്ക് പോക്കും. ക്യൂവിലെ ആൺകുട്ടികളേക്കാൾ ക്യൂവിലില്ലാത്ത പെൺകുട്ടികളെ പറ്റിയായിരുന്നു ഓർത്തിരുന്നത്. പ്രത്യേകിച്ചും, ഒറ്റയ്ക്ക് വരാത്ത പെൺകുട്ടികളെ പറ്റി. കൂട്ടുകാരോടൊപ്പം വരുന്നതിലെ പ്രശ്നം കൊണ്ടല്ല. ഒറ്റയ്ക്ക് വരാൻ എന്നെ പോലെ ആഗ്രഹമുണ്ടായിട്ട് കഴിയാതായിപോകുന്നതായിരിക്കുമല്ലോ എന്ന ഒരു ചിന്ത. നോട്ടങ്ങൾ എല്ലായിടത്തുമുണ്ട്. ക്യൂവിലും. നോക്കണ്ട എന്നു പറയാൻ കഴിയില്ലല്ലോ. ആദ്യമായി മാത്രമല്ല, പിന്നീടും ഒറ്റക്കുള്ളപ്പോൾ, അടുത്തിരിക്കുന്നത് ഒരു ആണാണെങ്കിൽ, സിനിമക്കിടയിലുള്ള ഇരുട്ടിൽ പേടി തോന്നാതിരുന്നിട്ടില്ല. സന്തോഷങ്ങൾ സുരക്ഷ ഓർത്ത് മാറ്റിവെക്കാറില്ലെങ്കിലും, സുരക്ഷിതമല്ലാത്ത ഇടങ്ങൾ അൽപം പേടിയോടെ തന്നെയേ ആസ്വദിക്കാൻ കഴിയാറുള്ളു. അനുഭവങ്ങൾ കൊണ്ട് അങ്ങനെയേ സാധിക്കൂ.
എത്ര മാരകമാകാമോ, അത്രയും മാരകമാണ് ഇന്ത്യൻ/ മലയാള സിനിമകൾ.
സിനിമാ പ്രണയങ്ങൾ സ്വാധീനിച്ചിട്ടില്ല. ചെറുപ്പത്തിൽ തോന്നിയിട്ടുണ്ടാകണം. കാലു മടക്കി തൊഴിക്കാൻ പെണ്ണിനെ വേണം ന്ന് പറയുന്നത് ‘ഔ, ആണത്തം’ എന്ന് വിചാരിച്ചിരുന്ന ഒരു മണ്ടൻ ചെറുപ്പകാലം എനിക്കുമുണ്ടായിരുന്നു. പിന്നീട് മലയാള സിനിമകളിലെ പ്രണയങ്ങളും കുടുംബജീവിതങ്ങളും സ്വാധീനിക്കപ്പെടാൻ മാത്രം എനിക്കൊന്നും തന്നിട്ടില്ല. കീ and കാ എന്ന ഒരു ഹിന്ദി സിനിമ കണ്ടിരുന്നു. അതിൽ ഹോം maker ആകാൻ ഇഷ്ടപെടുന്ന ഭർത്താവും CEO ആകാൻ ആഗ്രഹിക്കുന്ന ഭാര്യയുമാണ്. ആ കാര്യത്തെ normalise ചെയ്യേണ്ടതിന് പകരം സമ്പാദിക്കുന്ന ആൾക്ക് സ്വഭാവത്തിൽ അപാകതകൾ വരുന്നതും, ഭാര്യ ഭർത്താവ് ഉയർച്ചയിലെത്തുന്നത് കാണുമ്പോൾ അസൂയപ്പെടുന്നത് പൊലെയുമൊക്കെ തോന്നിപ്പിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഇംഗ്ലീഷ് സിനിമകളിൽ പലതിലെയും തുല്യമായി ആയി വീട്ടിൽ പെരുമാറുന്ന ഭാര്യയും ഭർത്താവും, റിയലിസ്റ്റിക് ആയിട്ടുള്ള സ്നേഹപ്രകടനങ്ങളും കൗതുകമുണർത്തിയിട്ടുണ്ട്. വീടുകൾ അങ്ങനെ ആയിരിക്കണം എന്ന് തോന്നിയിട്ടുണ്ട്.
എത്ര മാരകമാകാമോ, അത്രയും മാരകമാണ് ഇന്ത്യൻ/ മലയാള സിനിമകൾ. ഇന്നലെ ഉമ്മ കാണുന്ന ഏതോ സിനിമയിൽ മോഹൻലാൽ വ്യസനത്തോടെ പറയുന്നത് കേട്ടു, “സാർ ഞങ്ങളെ ആണും പെണ്ണും കെട്ടവരാക്കരുത് എന്ന്.” സ്ത്രീ വിരുദ്ധവും കുടുംബ വിരുദ്ധവും മാത്രമല്ല, Queer, അവർണ്ണർ, മുസ്ലിം തുടങ്ങി എല്ലാവരോടും എല്ലാത്തിനോടും അനീതി കാട്ടിയിട്ടുണ്ട് സിനിമകൾ.
മീശമാധവൻ: “കിടക്കുന്ന കിടപ്പിലൊരു rape അങ്ങട് വെച്ചു തന്നാലുണ്ടല്ലോ”
(So funny that rape joke is, isn’t it?)
ചോക്ലേറ്റ് :”ഞാനൊന്ന് അറിഞ്ഞു വിളയാടിയാ പത്തു മാസം കഴിഞ്ഞേ നീയൊക്കെ ഫ്രീ ആകൂ”
(പുറകിലുള്ള പെൺകുട്ടികൾ ചിരിച്ച് കൊടുത്ത് നായകന്റെ നായകത്തം രക്ഷിച്ചു)
കല്യാണരാമൻ :”എടി പെൺകുട്ടികളായാൽ കുറച്ചു അടക്കവും ഒതുക്കവും ഒക്കെ വേണം”
(അത് നിർബന്ധല്ലേ)
ദി കിംഗ് :”ഇനി ഒരു ആണിന്റെ നേരെയും ഉയരരുത് നിന്റെ കൈ. നീ പെണ്ണാ, വെറും പെണ്ണ്”
(note the point , വെറും പെണ്ണായത് കൊണ്ട് ആണിനെ തല്ലരുത്. വേണേൽ പെണ്ണിനെ തല്ലിക്കോ)
വേഷം :”മോളെ, താലി കെട്ടിയ പുരുഷന്റെ കാൽചുവട്ടിലാ നമ്മുടെ സ്വർഗ്ഗം”
(കുലസ്ത്രീ അലെർട്ട്. പുരുഷന്റെ സ്വർഗം എവിടെയാണാവോ)
Student of the year :”ഏക് ഹാത് മേം girlfriend ഔർ ഏക് ഹാത് മേം ട്രോഫി”
(Objectification ഭംഗിയായി ചെയ്തിട്ടുണ്ടല്ലോ. congratulations)
ജാദു തേരി നസർ :” തൂ ഹാ കർ യാ നാ കർ , തൂഹി മേരി കരൺ”
(consent എന്ന context താങ്കൾ കേട്ടിട്ടുണ്ടോ മിസ്ടെർ)
കബീർ സിങ് :”വോ മേരി ബന്ദി ഹേയ്”
(തടവുകാരി ആയിരിക്കുന്നത് എത്ര റൊമാന്റിക് ആണല്ലേ!)
അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. വളരുന്ന പ്രായത്തിൽ ഇതൊക്കെ കേട്ട് വളർന്ന ഒരു കൂട്ടം ആളുകളുടെ ഉള്ളിലെ ടോക്സിക് musculanity യും സ്ത്രീവിരുദ്ധതയുമൊക്കെ വളർത്തുന്നതിൽ സിനിമകളുടെ പങ്ക് വളരെ വലുതാണ്.
മമ്മൂട്ടിയേക്കാൾ or മോഹൻലാലിനേക്കാൾ നന്നായി സ്റ്റണ്ട് ചെയ്യുന്ന സ്ത്രീകളെ സങ്കൽപ്പിക്കാൻ യാതൊരു പ്രയാസവുമില്ല. ഇംഗ്ലീഷ് സിനിമകൾ കാണിച്ചു തന്നിട്ടുള്ളത് കൊണ്ട് കുറച്ചു എളുപ്പവുമാണ്. പക്ഷേ നമ്മുടെ സിനിമകളിൽ അത് പറ്റില്ലല്ലോ. “ഉണ്ണിയേട്ടാ രക്ഷിക്കൂ” എന്ന് പറഞ്ഞ് നായകന്റെ പുറകിൽ ഒളിക്കുന്ന നായിക സ്ത്രീത്വം കാത്തു രക്ഷിക്കുമ്പോൾ മുമ്പ് തല്ലി യാതൊരു പരിചയവുമില്ലാത്ത നായകൻ വില്ലനെ ഗ്രാവിറ്റിക്ക് എതിരെ പറപ്പിക്കും. ഒരു സുഹൃത്ത് പറഞ്ഞിരുന്നു, കുഞ്ഞുകുട്ടികളെയും എടുത്ത് പാറമടയിൽ പോയി പണിയെടുക്കുന്ന പെണ്ണുങ്ങളുള്ള നാട്ടിലാണ് സ്ത്രീകൾക്ക് ആരോഗ്യം പോരാ എന്ന് പറഞ്ഞ് പുരുഷന്മാരെ ഭയങ്കരന്മാരാക്കുന്നത് എന്ന്. പെണ്ണുങ്ങൾ ആക്ഷൻ ചെയ്യുന്നത് അപൂർവ്വമാക്കാതെ normalise ചെയ്യണം. ആൺകുട്ടികൾ വയലിൽ ഫുട്ബോൾ കളിച്ച് ശരീരം പുഷ്ടിപ്പെടുത്തുന്നതിന്റെ ഇടയിൽ, ഇല പറിച്ച് കറി ഉണ്ടാക്കി കളിക്കുന്നതിനൊപ്പം അതു കൂടെ പഠിക്കണമെന്ന് പെൺകുട്ടികൾക്കു തോന്നിത്തുടങ്ങട്ടെ.
സ്ത്രീവിരുദ്ധതയുടെ ഒപ്പം പുരുഷവിരുദ്ധത കൂടെ വരുന്ന ഒരു കാര്യമാണ് പരാജയപ്പെടാനും ദുഃഖിക്കാനും ഉള്ള പ്രിവിലേജ് പെണ്ണുങ്ങൾക്ക് മാത്രം കൊടുക്കുന്നത്. വിങ്ങിപ്പൊട്ടൽ എല്ലാവരും ചെയ്യുന്ന അല്ലെങ്കിൽ ചെയ്യേണ്ട കാര്യമാണ്. ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ കരയുന്നതും തളർന്ന് പോകുന്നതും ആണിനും സ്വാഭാവികമാണ് എന്ന് സിനിമകൾ കാണിച്ചു കൊടുക്കേണ്ടതുണ്ട്. പെൺ കഥാപാത്രങ്ങൾ പരാജയപ്പെടുത്തുന്നതിന്റെ കൂടെ പരാജയപ്പെടാനുള്ള എല്ലാ അർഹതയും ആണിനുമുണ്ട് എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
പിന്നെ ദുഖിക്കുവാൻ വേണ്ടി മാത്രമുള്ള ജീവിതമായി പെണ്ണുങ്ങളെ കാണിക്കുന്നത് കണ്ടിരിക്കുന്ന പെണ്ണുങ്ങളോട് ചെയ്യുന്ന അക്രമമാണ്. അവരുടെ self esteem ഉം confidence ഉം കുറക്കുന്ന ചെയ്തിയാണ്.
തീയേറ്ററിൽ നിന്ന് കിട്ടുന്ന സുഖം ഫോണിലോ ലാപ്പിലോ ഉണ്ടാകാറില്ല. യാത്രയുടെയും ചിലവിന്റെയും എളുപ്പമുണ്ട് എന്നല്ലാതെ സിനിമയിലേക്ക് കേറിയിരുന്ന് സിനിമ കാണുന്നത് പോലെയുള്ള ഫീൽ തരാൻ OTT ക്ക് കഴിയാറില്ല. സാഹചര്യങ്ങളെയും സിനിമയുടെ പിന്നിലുള്ളവരെയും ബഹുമാനിക്കുന്നു. അതു കൊണ്ട് തന്നെ സിനിമ എന്ന മാധ്യമത്തിൻറെ ആസ്വാദനത്തെ ഈ limitations ബാധിക്കുന്നുമില്ല.
സമൂഹത്തിലെ നല്ലതും ചീത്തയുമായ പല കാര്യങ്ങളെയും സിനിമ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് ആളുകൾക്ക് വന്നു തുടങ്ങിയത് കൊണ്ട് തന്നെ സിനിമയെ സിനിമ ആയി മാത്രം കാണുന്ന സമയമൊക്കെ കഴിഞ്ഞു പോയി. സിനിമകൾ പൊളിറ്റിക്കലി കറക്റ്റ് ആയിരിക്കേണ്ടത് വളർന്നു വരുന്ന തലമുറയോട് ചെയ്യേണ്ട ഉത്തരവാദിത്വമാണെന്ന് എനിക്ക് തോന്നുന്നു. rape ജോക്കിലും, body shaming ലും, racist jokes ലും തമാശ ഇല്ലെന്നത് മനസ്സിലാക്കി സിനിമകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. സിനിമകൾ സമൂഹത്തെ മുന്നോട്ടേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കണം. പിന്നോട്ടല്ലല്ലോ.
Add a Comment