worldcup-1

ലോകകപ്പ് രാവുകൾ – കണ്ണീരും കിനാവും

ഫൂട്ട്ബോൾ അതിലെ കളിക്കാരെ കൊണ്ട് തന്നെയാണ് ജനകീയവും പ്രസിദ്ധവും ആയത്. എന്നാൽ പ്രസിദ്ധരായ വേറെയും ചിലരുണ്ട്. അതിലൊരാൾ കോളിന (Pierluigi Collina) എന്ന ഇറ്റാലിയൻ റഫറിയാണ്.ആളുടെ കണ്ണുരുട്ടലിൽ ഫുട്ബോൾ തന്നെ കറങ്ങുന്നതായി തോന്നും. നീലക്കണ്ണ് ഏത് കളിക്കാരനെയും പേടിപ്പിച്ചു നിർത്താൻ പോന്നതായിരുന്നു

ലോകകപ്പ്
രാവുകൾ –
കണ്ണീരും കിനാവും

അബ്ദുൽ റഷീദ്.എ പി.കെ

 

‘ഫുട്ബോൾ കളിക്കുമ്പോൾ ബോള് നോക്കി ഓടരുത്, ആൾക്കാരെ നോക്കുക. അല്ലാതെ താഴെ നോക്കി ഓടിയാൽ കാലിൽ ബോളുണ്ടാവില്ല” – എന്നെ എങ്ങനെയെങ്കിലും ഫുട്ബോൾ കളി പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച നമ്മുടെ നാട്ടിലെ പേരു കേട്ട കളിക്കാരനായ അഷ്റഫ് എനിക്ക് പറഞ്ഞു തന്ന ആദ്യ ഫുട്ബോൾ പാഠമാണിത്. ഇപ്പോഴും എനിക്ക് ഫുട്ബോൾ കളിക്കാൻ അറിയില്ല! ബോള് തട്ടുമ്പോൾ ചൂണ്ടു വിരലിനോട് തന്നെയാ ബോള് തട്ടുക.ബോള് പൊങ്ങി ചെന്ന് വലയിൽ എത്തിക്കാൻ ഉള്ള സ്കിൽ അതൊന്ന് വേറെ തന്നെയാ. ഞാൻ അടിച്ച ബോളൊക്കെ ‘ഫോറ്’ മാത്രമായി ഒതുങ്ങി.

ലോക കപ്പ് വരുമ്പോൾ മാത്രം കളിയാവേശം വരുന്ന കാണികളുടെ കൂട്ടത്തിലാണ് ഞാൻ. മുമ്പ് മാടായി വീട്ടിനടുത്തുള്ള കണ്ടത്തിൽ എല്ലാ വൈകുന്നേരങ്ങളിലും ഫുട്ബോൾ കളിയുണ്ടായിരുന്നു. ടിപ്സ് യൂത്ത് മാടായി ആയിരുന്നു അവിടുത്തെ ഒരു പേരു കേട്ട ടീം. ടാർസൺ, ടൈറ്റസ്, കുട്ടാപ്പി എന്നിങ്ങനെ കുറെ കളിക്കാർ. വീട്ടില് കല്ല്, പെയിന്റ് പണിക്കൊക്കെ വരുന്ന ആൾക്കാർ കണ്ടത്തിൽ വേറെ തന്നെ ആൾക്കാരായി മാറും. പിന്നീട് അവരുടെ കളി മാടായി ആർ സി ചർച്ച് ഗ്രൗണ്ടിലായി. കണ്ടത്തിൽ ഫുട്ബോൾ തട്ടാൻ കാലുകൾ വരാതെയായി.അവരൊക്കെ മറ്റിടങ്ങളിൽ കളിയാരവങ്ങളിലെ താരങ്ങളായി. ഫുട്ബോൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കു(ട്ടി)റ്റികൾ പിറന്നു.

മാടായി , കോഴിബസാർ, റെയിൽവേ ഗ്രൗണ്ട് എന്നിവിടങ്ങിലൊക്കെ സെവൻസും ലെവൻസും ഉണ്ടാകാറുണ്ട്.ബൂട്സൊന്നും ഇല്ല. നല്ല വാശിയേറിയ പോരാട്ടങ്ങൾ. കൃത്യം അഞ്ചു മണി നേരത്ത് എല്ലാവരും കളിസ്ഥലത്തേക്ക് ഒഴുകും. ടിക്കറ്റ് ഒന്നും ഇല്ല. കമ്മറ്റിക്കാർ ബക്കറ്റുമായി വരും. ഇഷ്ടമുണ്ടങ്കിൽ അതിലേക്ക് സംഭാവന ഇടാം. കളിയോടൊപ്പം ചിലപ്പോൾ അടിയും കാണാം. ‘നല്ല തെറിയൊക്കെ’ ഞാൻ കേട്ടത് ഈ കളികൾക്കിടയിലാണ്.

പ്ലസ് ടു വിന് പഠിക്കുമ്പോൾ ഞങ്ങളുടെ ക്ലബ് ഫാസിനേഷൻ മാടായി ഫൈവ്സ് നൈറ്റ് നടത്തി. അന്നത്തെ കളി ദിവസം എന്റെ ഇക്കാക്ക ഷനൂജ് (ചെറിയുമ്മയുടെ മകൻ ) ഇത്തമാരെ കൊണ്ട് ആണപ്പത്തലും ബീഫും പത്തിരിയും ആക്കിപ്പിച്ചു . എന്നിട്ട് മൂപ്പര് ഗ്രൗണ്ടിൽ ഒരു കൗണ്ടറും വെച്ചു.
ഫുഡ് കൗണ്ടർ പെട്ടന്ന് കാലിയായി. ‘The Use of Maximum Available Resources’ എന്ന തത്വം പഠിച്ചത് അവിടെ നിന്നാണ്.

മിക്ക സെവൻസ് ഫൈവ്സ് ഫുട്ബോളിന് സൗന്ദര്യത്തേക്കാൾ പ്രാധാന്യം അക്രമണോൽസുതയ്ക്കാണ് . ആ ടൂർണമെന്റ് വളരെ ഭംഗിയായി അവസാനിച്ചു. അതിന് വന്ന ലാഭം കൊണ്ട് ടീം ഒന്നടങ്കം കൊച്ചി വീഗാലാന്റിൽ ടൂർ പോവുകയും ചെയ്തു. എന്നാൽ അതിന് ശേഷം നടത്തിയ ഫൈവ്സ് ടൂർണമെന്റിൽ ഇതായിരുന്നില്ല സ്ഥിതി. അന്ന് അനൗൺസ്മെന്റ് ഡെസ്കിൽ ഞാനായിരുന്നു ഇരുന്നത്. മാച്ച് ഫീ വാങ്ങി പൂൾ ഉണ്ടാക്കലും അനൗൺസ്മെന്റ് നടത്തലും. അതായിരുന്നു എനിക്ക് തന്ന ജോലി. ഏഴ് മണി മുതൽ ഞങ്ങൾ ആൾക്കാരെ കാത്തിരിക്കാൻ തുടങ്ങി. ആ ദിവസം ടിവിയിൽ 20 -20 മാച്ച് ഉണ്ടായതിനാൽ ആൾക്കാർ വൈകിയേ എത്തുകയുള്ളൂ എന്ന് നമ്മുടെ കമ്മിറ്റി അംഗം പറഞ്ഞു. എന്നാലും നമുക്കൊരു ബേജാർ! ടീമുകൾ വരില്ലേ? ക്രിക്കറ്റ് കളി തീർന്ന മുറയ്ക്ക് കുറച്ചു ടീമുകൾ വന്നു തുടങ്ങി. കളികൾ പുരോഗമിക്കവേ കൊക്കേഷ് കോഴിബസാറിന്റെ മുസമ്മിൽ അനൗൺസ്മെന്റ് ഡെസ്കിനടുത്ത് വന്നിരുന്നു. മുസമ്മിൽ ആളൊരു ആജാനുബാഹുവാണ്. ആളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു പന്തികേട് തോന്നി. എന്റെ തോന്നല് ശരിയായിരുന്നു. അവരുടെ കളി കഴിഞ്ഞപ്പോൾ ഗ്രൗണ്ടിൽ അടിയായി. മാട്ടൂൽ ടീമും കൊക്കെഷും. ജബ്ബാർ എന്ന് പറയുന്നയാൾ മുസമ്മിലിന്റെ മുഖത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞു. പോരെ പൂരം. ഗ്രൗണ്ടിൽ പിന്നെ നല്ലൊരു അടി നടന്നു. അതിന്റെ ബാക്കി അടികൾ ഇടയ്ക്കിടെ നാട്ടിൽ നടന്നു! കമ്മിറ്റിക്ക് ആ ടൂർണമെന്റ് നഷ്ടം വരുത്തി. പിന്നീട് ആ ഗ്രൗണ്ടിൽ ഒരു ഫുട്ബോൾ നൈറ്റ് ടൂർണമെന്റ് നടന്നതായി ഓർമയില്ല. ഇപ്പോൾ ആ പറമ്പിൽ രണ്ടാമത്തെ ഇത്തയുടെ വീടാണ്. കുറെയേറെ അടിക്കും തെറിക്കും സാക്ഷ്യം വഹിച്ച ഗ്രൗണ്ടിലൊരു വീട്!

റൊണാൾഡോ – എന്നെ മഞ്ഞപ്പടയുടെ ആരാധകൻ ആക്കിയത് ഈ കളിക്കാരനാണ്. റൊണാൾഡോ, റിവാൾഡോ, കാർലോസ്, റൊണാൾഡീഞ്ഞോ ഇവരൊക്കെയാണ് ഫേവറൈറ്. അല്ലെങ്കിൽ ഇവരെയൊക്കെ മാത്രമേ എനിക്ക് അറിയുള്ളു. ഇപ്പോഴത്തെ ടീമിൽ നെയ്മറിനെ മാത്രമേ അറിയുള്ളു.പക്ഷെ ഞാൻ ബ്രസീൽ ഫാനാണ് !

മലയാളത്തിൽ ഇറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ ” ഒരു തരം ഓളമുണ്ടാക്കിയ സിനിമയായിരുന്നു. ഫുട്ബോളിലൂടെ മനുഷ്യ ജീവിതങ്ങളെ പ്രത്യേകിച്ച് കുടിയേറ്റ ജനതയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച ഒരു സിനിമ. ആ സിനിമ വളരെ കൃത്യമായി നമ്മുടെ നാട്ടിലെ കളിയരങ്ങിനെ ഫ്രെയിമിലേക്ക് കൊണ്ട് വന്നു. നമ്മുടെ നാട്ടിലെ എല്ലാ സെവൻസിലും സുഡാനികൾ ഉണ്ടായിരുന്നു. ഈ സിനിമ കണ്ടതിന് ശേഷമാണ് അവരെ കുറിച്ചുള്ള ആവലാതികൾ മനസ്സിൽ നിറഞ്ഞത്. മജീദ് എന്ന മാനേജർ എല്ലാ ടീമിലെയും നിറസ്സാന്നിധ്യമാണ്.

ഫൂട്ട്ബോൾ അതിലെ കളിക്കാരെ കൊണ്ട് തന്നെയാണ് ജനകീയവും പ്രസിദ്ധവും ആയത്. എന്നാൽ പ്രസിദ്ധരായ വേറെയും ചിലരുണ്ട്. അതിലൊരാൾ കോളിന (Pierluigi Collina) എന്ന ഇറ്റാലിയൻ റഫറിയാണ്.ആളുടെ കണ്ണുരുട്ടലിൽ ഫുട്ബോൾ തന്നെ കറങ്ങുന്നതായി തോന്നും. നീലക്കണ്ണ് ഏത് കളിക്കാരനെയും പേടിപ്പിച്ചു നിർത്താൻ പോന്നതായിരുന്നു. 2002 ലോകകപ്പ് ബ്രസീൽ ജർമ്മനി ഫൈനൽ മത്സരം നിയന്ത്രിച്ചത് കോളിനയായിരുന്നു . ആ കളിയിൽ ബ്രസീൽ 2-0 ത്തിന് ജയിച്ചു. റൊണാൾഡോ ആയിരുന്നു മാൻ ഓഫ് ദി മാച്ച്. അതുപോലെയൊരു റഫറി മാടായിലും ഉണ്ട്. വിസിൽ മാത്രം അല്ല പല തരം അടവുകളും ആ റഫറിയുടെ കയ്യിലുണ്ട്. ഒരു ഡാൻസിങ് റഫറി. കാണികൾക്കും ചിലപ്പോൾ അദ്ദേഹം റെഡ് കാർഡ് കാണിക്കും! കാണികൾ അയാളുടെ കളി കാണാനാണ് മിക്കവാറും വരിക.
താളത്തിൽ തിരമാലയാകുന്ന കാണികളും ഫുട്ബോളിന്റെ ഹൈലൈറ്റാണ്. അങ്ങ് മെക്സിക്കൻ തിരമാല മുതൽ ഇങ്ങു കൊച്ചി ബ്ലാസ്റ്റേഴ്സ് തിരമാല വരെ അതൊഴുകിക്കൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ അർജന്റീന ഫ്രാൻസ് മത്സരം. അഗ്യൂറോയുടെ തൊണ്ണൂറ്റി മൂന്നാം മിനുട്ടിലെ ഗോളിനും അർജന്റീനയെ രക്ഷിക്കാനായില്ല. കളി ഫ്രാൻസ് 4 – 3 ന് ജയിച്ചു. മെസ്സിയും കൂട്ടരും ലോകകപ്പിൽ നിന്ന് പുറത്തേക്ക്. ഈ കളി ഞാനും ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത്. കളി കഴിഞ്ഞപ്പോൾ വീട്ടിൽ കൂട്ട കരച്ചിലായി. വേറെ ആരുമല്ല, മരുമക്കളായ ഒമറും മുഹമ്മദും അലമുറയിട്ടു കരയുകയാണ്. ഞങ്ങൾ വീട്ടിലെ ബ്രസീൽ ഫാൻസ് അവരെ നല്ലവണ്ണം കളിയാക്കി കരച്ചിലിന്റെ ആക്കം കൂട്ടി. ഉമ്മാമ അവരെ ആശ്വസിപ്പിച്ചു. അടുത്ത മത്സരത്തിൽ ബ്രസീൽ അർജന്റീനയോട് തോറ്റപ്പോൾ അവരതിന് പകരം വീട്ടി.

മറ്റരാസിയെ സിദാൻ തല കൊണ്ട് അടിച്ചപ്പോൾ കിട്ടിയ ചുവപ്പ് കാർഡ് ശരിക്കും ഉള്ളാലെ പിടയ്ക്കുന്നതായിരുന്നു. ഗോളി ബഫണിനെ മാത്രം അറിയാവുന്ന ഇറ്റലി ടീമിനോട് അതുകൊണ്ട് ഇപ്പോഴും ദേഷ്യമാണ്.

ഇതൊക്കെയാണ് ഫുട്ബാൾ. പല വികാരങ്ങളും ഉരുളുന്നൊരു പന്തിന് ചുറ്റുമുള്ള ലോകം. ഖത്തർ ലോകകപ്പിൽ മലയാളികൾ തന്നെയായിരിക്കും താരങ്ങൾ. നമ്മുടെ തൊട്ടടുത്തു നെയ്മർ മെസ്സി റൊണാൾഡോ ഒക്കെ പന്ത് തട്ടാൻ പോവുകയാണ്. ഖത്തറിലുള്ള റഹനാസ് ,അഷ്റഫ് നിഷാദ് എന്നിവരോട് അസൂയ തോന്നുന്നു. ഇത്രയും അടുത്ത് ലോകകപ്പ് വന്നിട്ടും പോവാൻ കഴിയുന്നില്ലല്ലോ എന്നൊരു നിരാശയും. എന്തൊക്കെയായിരിക്കും ഡിസംബർ 18 വരെ ഉണ്ടാവാൻ പോകുന്ന അത്ഭുതങ്ങൾ. എന്തായാലും ഈ ലോകകപ്പ് ചരിത്ര സംഭവം തന്നെയായിരിക്കും!

(ലേഖകൻ മംഗലാപുരം സെയിന്റ് അലോഷ്യസ് കോളേജിലെ അധ്യാപകനാണ്)

Add a Comment

Your email address will not be published. Required fields are marked *