ചില മനുഷ്യരുണ്ട്., മഹാസമുദ്രങ്ങളിലെ കപ്പലോട്ടക്കാരനാണെങ്കിലും താനൊരു വെറും വഞ്ചിക്കാരനാണെന്നു് മനസ്സിൽ നിരന്തരം പറഞ്ഞുറപ്പിക്കുന്നവർ.ഒന്നു നിരീക്ഷിച്ചാൽ എല്ലാ നാട്ടിലും കാണാം അത്തരം മനുഷ്യരെ.
ഒരു പുസ്തകവില്പനക്കാരന്റെ
തലശ്ശേരി ജീവിതം
ബിജു പുതുപ്പണം
പുസ്തകശാലകൾ വില്പന കേന്ദ്രങ്ങൾ എന്നതിലുപരി വിസ്മയകരമായ വിവരവിനിമയശാലകളാണ്. വിനയത്തിലും സ്നേഹത്തിലും പൊതിഞ്ഞ വിവരാന്വേഷണങ്ങളുടെ വിനിമയ ശാല.അവിടെ അഹന്തയ്ക്കോ അഹങ്കാരത്തിനോ അധികാരത്തിനോ യാതൊരു സ്ഥാനവും തോന്നിയിട്ടില്ല. അവിടെ വരുന്നവർ ആരുമാവട്ടെ അവരെല്ലാം ബന്ധുക്കളും പ്രിയപ്പെട്ടവരും.
അനന്തവും ആനന്ദം നിറഞ്ഞതുമായ അറിവുകൾ അടച്ചു വെച്ച ആയിരക്കണക്കിന് പുസ്തകങ്ങളുടെ സംഭരണ കേന്ദ്രത്തിൽ സ്വാഭാവികമായും മറ്റെല്ലാം നിഷ്പ്രഭമാണ്.അന്ധതയെ തകർക്കാനുള്ള വെളിച്ചത്തിന്റെ വെടി മരുന്നുശാലയിൽ ഇരുട്ട് വെറും മണ്ണാംകട്ടയാണ്.
ചരിത്രം തല ഉയർത്തി നിൽക്കുന്ന തലശ്ശേരി കോട്ടയ്ക്കു മുന്നിൽ വിദേശമുത്തശ്ശി ബോവ ബാബ് മഹാവൃക്ഷത്തിനു പിന്നിലായി തിരക്കിൽ നിന്നും മാറിനിൽക്കുന്ന ഈ പുസ്തകാലയമാണ് തലശ്ശേരിയുടെ സാംസ്കാരിക തുരുത്തെന്ന് തോന്നിയിട്ടുണ്ട്. പല നിറങ്ങളിൽ ഒഴികിക്കൊണ്ടിരിക്കുന്ന നഗര നദിയിലെ ആശ്വാസ നൗക.
ശക്തമായ മതബോധവും ജാതി ചിന്തയും അമിതവും അപകടകരവുമായ രാഷ്‌ട്രിയ അവബോധവും തലശ്ശേരിക്കാരുടെ രക്തത്തിലുണ്ടെങ്കിലും സ്നേഹം വിളമ്പി അവർ സർവരേയും സന്തോഷിപ്പിക്കും. തലശ്ശേരിയിൽ വന്ന് ജോലി ചെയ്ത് ജീവിക്കുമ്പോൾ തോന്നിയ വ്യത്യസ്തമായ അനുഭവങ്ങളെ ഓർക്കുകയാണ് ഇവിടെ.
ഒന്ന്:
നിസ്സഹായതകളുടെ രാത്രികൾ
വർഷങ്ങൾക്കുമുമ്പ് മറ്റൊരു ജില്ലയിൽ നിന്ന് തലശ്ശേരിയെ കണ്ടിരുന്നത് വളരെ ഭീതി നിറഞ്ഞ ഒരു ഭീകര നഗരമായിട്ടായിരുന്നു.
കുട്ടിക്കാലത്തു ജീപ്പ് കാണുമ്പോൾ വല്ലാത്തൊരു ഭീതിയായിരുന്നു. ജീപ്പിന്റെ ബോണറ്റിനുമുകളിൽ ഒരു പിക്കാസ്സിന്റെ ചെറിയ മാതൃകയുണ്ടായിരുന്നു. പിക്കാസ്സുകൊണ്ടു തലയ്ക്കടിച്ചു കൊല്ലുന്ന റിപ്പർച്ചന്ദ്രൻ പത്രങ്ങളിൽ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. അതുപോലെയായിരുന്നു വടകരയിൽ നിന്നും തലശ്ശേരി എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ബസ്സ് കാണുമ്പോഴും. രക്തത്തിൽ കുളിച്ചുകിടക്കുന്ന മനുഷ്യരുടെ ചിത്രമുള്ള പത്രത്താൾ ഓർമവരും.
തലശ്ശേരി നഗരം പലതരം സാംസ്കാരിക പരിപാടികളാൽ ശബദമുഖരിതമായിരിക്കും .പെട്ടന്ന് നഗരത്തിനുമകലെ എവിടെയോ ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നു. തല വേർപെട്ട ഒരുടലുപോലെ നഗരം ജനത്തിരക്കാൽ പിടയുന്നു. എത്രയും പെട്ടന്ന് വീട് പിടിക്കാനുള്ള മത്സരയോട്ടം. സന്ധ്യ ആവുന്നതോടെ നഗരം നിശ്ചലം. പെട്ടന്ന് വെള്ളം ഉൾവലിഞ്ഞതുപോലെ ഈ പുസ്തകശാലയും ശൂന്യമാവും.അകലെ റോഡിലൂടെ ദീർഘദൂര ബസ്സുകൾ മാത്രം പോകുന്നതുകാണാം. പതിവായി സന്ധ്യയ്ക് വന്നുകൊണ്ടിരുന്ന അലവിമാഷ് ആ സമയത്തും വരവ് മുടക്കാറില്ല. “സംഗതി ആകെ മോശായി വരുന്നുണ്ട്. കട വേഗം പൂട്ടിക്കോ…ഒരാളെ കൂടി വെട്ടീറ്റുണ്ട്”.
തലശ്ശേരിക്കാർക്ക് അതൊരു പുതുമയുള്ള വാർത്തയായിരുന്നില്ല.
പണ്ട് പല സന്ധ്യകളിലും കേട്ടുകൊണ്ടിരുന്ന ഇതുപോലെയുള്ള വാർത്തകൾ മനസ്സിനെ വല്ലാതെ തളർത്തിക്കളഞ്ഞിട്ടുണ്ട്.
അനുനിമിഷം ലോകം ഹൈടെക് പുരോഗതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്തു സാംസ്കാരികമായി വളരെ വലിയൊരു പാരമ്പര്യമുള്ള നാട്ടിൽ..സ്നേഹസമ്പന്നരായ മനുഷ്യർ മറ്റെവിടു ത്തെക്കാളും പരിചയപ്പെടാനായ ഒരു നാട്ടിൽ സാധുവായ മനുഷ്യനെ പച്ചക്ക് വെട്ടികൊല്ലുന്നത് ആരാണ്… ആർക്കുവേണ്ടിയാണ്.. എന്നിങ്ങനെ വൃഥാ വേവലാതിപ്പെട്ടും അവിശ്വനീയമായ ആ കാ ടത്തത്തെ ഭയന്നും കരഞ്ഞും കടപൂട്ടി കോഴിക്കോടൻ ബസ്സുകയറിപ്പോയ എത്രയെത്ര രാത്രികൾ..
രണ്ട്:
നന്മയുള്ള പകലുകൾ
ചില മനുഷ്യരുണ്ട്., മഹാസമുദ്രങ്ങളിലെ കപ്പലോട്ടക്കാരനാണെങ്കിലും താനൊരു വെറും വഞ്ചിക്കാരനാണെന്നു് മനസ്സിൽ നിരന്തരം പറഞ്ഞുറപ്പിക്കുന്നവർ.ഒന്നു നിരീക്ഷിച്ചാൽ എല്ലാ നാട്ടിലും കാണാം അത്തരം മനുഷ്യരെ. തലശ്ശേരി നഗരത്തിനും ഈ പുസ്തക ശാലയ്ക്കും മോടികൂട്ടുന്ന അത്തരം നിരവധി മനുഷ്യരെ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും പെട്ടന്ന് ഓർമയിലേക്ക് വരുന്ന ചിലരുണ്ട്.
തലശ്ശേരി ജനറൽ ഹോസ്പിറ്റൽ സുപ്രണ്ടായിരുന്ന Dr. രാജാറാം… എൻ ശശിധരൻ എന്ന ശശി മാഷ്…..എന്നിവർ അതിൽ ചിലർ മാത്രം
അരി ,പച്ചക്കറി, മീൻ ,ആവലാതി,വേവലാതി, ബേജാറ്, അസ്വസ്ഥത.::എന്നിങ്ങനെ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രത്തിൽ.. വിശ്വസർഗാത്മകതയുടെ കപ്പലിറക്കി കാഫ്ക, ദറിദ. മാർക്യേസ്, യോസ ,ബൊലാനൊ, നെരൂദ…. തുടങ്ങിയവരുടെ നിതാന്തമായ സർഗോന്മാദതിരയിൽ നിന്ന് രക്ഷപ്പെടുത്താൻ ആരുമെത്തെരുതേ എന്ന് നിരന്തരം പ്രാർത്ഥിക്കുന്ന കപ്പൽ ഛേദം വന്ന നാവികൻ പല പ്രഭാതങ്ങളിലും ശുഭപ്രതീക്ഷ പുലർത്തുന്ന തു കാണാം. മറ്റൊന്നിനും വേണ്ടിയായിരുന്നില്ല അത്. ലോകത്തിന്റെ ഏതോ ഒരു കോണിൽ നിന്ന് ഏറ്റവും പുതിയ ഒരു പുസ്തകവെള്ളിമീൻ തന്നെയും തേടി പുറപ്പെട്ടു എന്നതിനാൽ .എൻ ശശിധരനാണ് ആ നാവികൻ.
വിശ്വ സാഹിത്യം ശശിമാഷിൽ പാകപ്പെടുത്തിയ ലാളിത്യം തലശ്ശേരിയെ കൂടിയാണ് തിളക്കമുള്ളതാക്കുന്നത് .
പതിവായി ഈ പുസ്തകശാലയിൽ അതിരാവിലെ വരുന്ന ഒരേ ഒരു മനുഷ്യൻ ശശി മാഷെന്നതിനാൽ തലശ്ശേരി നഗരത്തിന്റെ അതിരാവിലത്തെ മുഖം കാണാൻ മാഷുടെ കൂടെ പോകുന്നതാവാം ഉചിതമെന്ന് തോന്നുന്നു.
ഇച്ചുക്കയുടെ പീടികയിൽ നിന്ന് ഒരു ചായ കുടിച്ചു മാഷ് തന്റെ വിവർത്തന കവിത വന്ന ആഴ്ചപ്പതിപ്പ് വാങ്ങുവാനായി ശാന്ത സ്റ്റോർസിലേക്ക് നടക്കുമ്പോൾ വഴിയോര വില്പനക്കാരുടെ സാധനങ്ങൾ കൈവണ്ടിയിലാക്കി വലിച്ചു കൊണ്ടുപോകുന്നുണ്ടാവും മറ്റൊരു ശശിയേട്ടൻ(അയാൾ 40 വർഷമായി തലശ്ശേരി നഗരത്തിലൂടെ കൈവണ്ടി വലിക്കുന്നു)
വിയർപ്പു തുടച്ചുകൊണ്ട് ശശി മാഷ്‌ക്ക് അയാൾ ഒരു ചിരി സമ്മാനിക്കും . ഒരു ഭാഷയും കൃത്യമായി അറിയാത്ത റോഡരുകിൽ ചെരുപ്പ് തുന്നുന്ന മണി (മണിയും 40 വർഷമെങ്കിലുമായിക്കാണും നഗരത്തിൽ ചെരുപ്പ് തുന്നുന്നു)അവർ രണ്ടുപേരുമറിയാതെ അവരുടെ സൗഹൃദത്തെ സ്വന്തം ഹൃദയത്തിലേക്കെടുത്തു മറ്റൊരു ചിരി രാവിലത്തെ വെയിലിലേക്ക് വിവർത്തനം ചെയ്യും
ആ വെയിൽ നഗരത്തിരക്കിലേക്ക് പടരുന്നത് കാണുമ്പോൾ സന്തോഷം തോന്നും…ലോട്ടറി വിൽക്കുന്ന പെണ്ണുങ്ങളിലും..സ്കൂൾ കുട്ടികളിലും… മുൻ സിപാലിറ്റി ജീവനക്കാരിലും…ബ്രണ്ണൻ ബി എഡ് കോളേജിലും..ജയഭാരതി ബെയ്ക്കറിയിലും…പൂക്കടയിലും മോഡേൻ ഹോട്ടലിലും അതേ പുഞ്ചിരിയുടെ വെളിച്ചം പടരും . നഗരത്തിനു മുകളിൽ വെയിൽ ഒരു പന്തല് കെട്ടും…
മൂന്ന്:
പാട്ടിലാക്കിയ നാട്ടുകാരൻ
സംഗീത പ്രേമികളെ മുഴുവനും പാട്ടിലാക്കി തലശ്ശേയിലെ തന്റെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്ന ഒരു മനുഷ്യനെ ഓർക്കാതെ എങ്ങിനെ തലശ്ശേരിയെക്കുറിച്ച് എഴുതും. അനശ്വര പ്രതിഭകളായ കുഞ്ഞു മുഹമ്മദ്, എരഞ്ഞോളി മൂസ,പീർ മുഹമ്മദ്…..എന്നി വരുമായി നേരിട്ടിടപഴക്കാനുള്ള ഭാഗ്യ മില്ലാത്തതിനാൽ അവരെക്കുറിച്ച് കൂടുതൽ എഴുതാനുള്ള അർഹത ഈയുള്ളവന് ഇല്ലാതെ പോയതിനാൽ മൂന്നു തവണ അടുത്തറിയാനായ കെ രാഘവൻ മാഷിലേക്ക് പോവുന്നു.
തലശ്ശേരിയിലെ ആ മുറ്റത്ത് പലതവണ വന്നു പോയിട്ടുണ്ട് ഗാന ഗന്ധർവൻ യേശുദാസ്, ദേവരാജൻ മാഷ്, എസ്. ജാനകി, ജയചന്ദ്രന്മാർ കെ.സ്.ചിത്ര… കെ.പി ഉദയഭാനു…… തുടങ്ങിയ നിരവധി സംഗീത പ്രതിഭകൾ, പി.ഭാസ്ക്കരൻ ഉൾപ്പെടെ അനേകം കാവ്യ ഹൃദയർ, ചലച്ചിത്ര പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകർ……. നൂറു കണക്കിന് സാധാരണ മനുഷ്യർ.
സംഗീതസാഗരത്തിൽ നിന്നും മധുരിക്കുന്ന ഒരു കവിൾ കടലിനെ നാടാകെ വിളമ്പിയ ഹൃദയവിശുദ്ധി തന്നെയാണെല്ലോ അനുഗ്രഹീത പ്രതിഭകളെ രാഘവൻ മാഷുടെ ഈ ഹൃദയാങ്കണത്തിലേക്ക് എത്തിച്ചത്. സംഗീതമല്ലാതെ മറ്റെന്താണ് മനസ്സിനെ അത്രയേറെ ആഴത്തിൽ സ്പർശിക്കുന്ന സർഗ സൃഷ്ടി. അഗാധ പാണ്ഡിത്യമോ വിദ്യാഭ്യാസമോ ഒന്നും തന്നെ അതിന്റെ ആസ്വാദനത്തിന് ആവശ്യമില്ലല്ലോ.തുറന്നു വെച്ച കാതും മനസ്സുമുള്ള ഏതൊരു മനുഷ്യനേയും അത് ശ്രദ്ധാലുവാക്കും.ഏതു ദൃഢമാനസവും അത് അലിവിനാൽ ആർദ്രമാക്കുമെന്നതു തന്നെയല്ലേ അതിന്റെ മഹത്വം..
6o വർഷങ്ങൾക്ക് മുമ്പ് ‘പുള്ളിമാൻ’ – എന്ന ചലച്ചിത്രത്തിൽ പി.ഭാസ്ക്കരന്റെ വരികളെ മധുരം ചേർത്ത് കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ശബദത്തിലൂടെ തന്റെ പാട്ടിന്റെ ആത്മാവിനെ വെളിച്ചത്തു കൊണ്ടുവന്നതുമുതൽ ഏറ്റവുമൊടുവിൽ വി.ടി മുരളിയുടേയും ഷഹബാസ് അമന്റേയും ശബ്ദത്തിലൂടെയുo ,100 വയസ്സ് തികയാനിരിക്കുന്ന സമയത്തും കെ.രാഘവനെന്ന ആ രാഗവിസ്മയം അമരത്വം കൈവരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഈ വീട്ടുമുറ്റത്തു നിന്നുള്ള വ്യത്യസ്ത അനുഭവങ്ങളെ വെറുതേ ഓർത്തു പോവുന്നു.
ബ്രണ്ണൻ ബി എഡ് കോളേജ് ലൈബ്രേറിയനായിരുന്ന സീതേട്ടനു [സീതാ നാഥ് ] മൊന്നിച്ച് രാത്രിയായിരുന്നു രാഘവന്മാഷുടെ വീട്ടിലേക്കുള്ള ആദ്യ യാത്ര. അന്ന് സംഗീത കേരളം മാഷിനെ ആദരിക്കാൻ വീട്ടിൽ ഒത്തുചേർന്ന ദിവസം. പ്രശസ്തരായ പാട്ടുകാരെല്ലാരുമെത്തിയിട്ടുണ്ട്. മുറ്റത്ത് അവരൊരുക്കിയ രാഗ വിരുന്ന് കോലായിലെ കസേരയിലിരുന്ന് ആസ്വദിക്കുകയാണ് മാഷ്. അതായിരുന്നു ആദ്യ ദർശനം. അന്നീ കൊച്ചുമുറ്റത്ത് തിങ്ങിനിറഞ്ഞ ഐഡിയാ സ്റ്റാർ സിംഗറിലെ യുവഗായകരുൾപടെയുള്ള ആരാധകവൃന്ദം കണ്ട് അത്ഭുതപ്പെട്ട രാത്രി.
സുഹൃത്തായ ശാന്തിസ്വരൂപിന്റെ കൂടെ മാഷുടെ ഈ മുറ്റത്തേക്ക് കയറി വന്ന വെയിലുതാണ ഒരു വൈകുന്നേരമായിരുന്നു രണ്ടാമത്തെ കണ്ടു മുട്ടൽ.മുറ്റത്തേക്ക് ചാഞ്ഞു വളർന്ന കൊച്ചു ചെടികൾ രാഗസൗകുമാരപുഷ്പങ്ങൾ നീട്ടി താണു വണങ്ങുന്നു. മുറ്റത്തെ മൺതിട്ടയ്ക്ക് താഴെ കൊച്ചു പ്രാണികൾ പൂമ്പാറ്റകൾ….. അന്തരീക്ഷത്തിലെ ഈർപംപോലും സംഗീത തന്മാത്രകൾ… ഓരോ ജീവകണത്തിലും ശബ്ദമുകുള പ്രകമ്പനം. മുറ്റത്ത് വീശിയ കാറ്റിനു പോലും മുരളീരവം.. ഞങ്ങൾ അകത്തേക്ക് കയറി.അധികം വെളിച്ചമില്ലാത്ത മുറിയിൽ മരക്കട്ടിലിൽ മലർന്ന് കിടക്കുന്ന ആ ഗാനസാഗരത്തിൽ ബാലസൂര്യനെപ്പോലെ പുഞ്ചിരി പ്രകാശിക്കുന്നുണ്ടായിരുന്നു..ചുമരിൽ സായാഹ്നസൂര്യൻ ജാലകത്തെ ഒരു ശ്രുതിപ്പെട്ടി പോലെ നിഴലാൽ വരച്ചുവെച്ചിട്ടുണ്ട്. മെലിഞ്ഞുണങ്ങിയ ചങ്കിൽ നിന്നുള്ള ശ്വാസത്തിന്റെ കുറുകലിൽ പോലും ഒരു ഈണത്തിന്റെ മൂളലുണ്ടോയെന്ന് ആരായാലും സംശയിച്ചുN പോകും.ചുവന്ന വരയുള്ള പച്ചകരിമ്പടo പുതച്ചു കിടക്കുന്ന ചൂടുള്ള ആ മേനിയിൽ ഒന്നു തൊടാൻ തോന്നി.എന്റെ ചങ്കിലൊരു പാട്ടുറവ പൊട്ടി ” എങ്ങിനെ നീ മറക്കും കുയിലേ എങ്ങിനെ നീ മറക്കും……….. എന്തൊരു മോഹം ,എന്തൊരു തീരാത്ത ശോകം.”
ഞങ്ങളെഴുന്നേറ്റു മുറ്റത്തേക്കിറങ്ങി സ്വരൂപ് വണ്ടി സ്റ്റാർട്ട് ചെയ്തു.അപ്പോൾ പുറത്ത് കാത്തു നിന്നതു പോലെ ഒരു തുമ്പി മാഷുടെ മുറിയിലേക്ക് പറന്നു.
പിന്നെ കുറച്ചു മാസങ്ങൾ…. .. പ്രശാന്ത് ഒളവിലമാണ് അത് വിളിച്ചറിയിച്ചത്. ഈ പുസ്തക ശാലയുടെ പേരിലുള്ള പുഷ്പചക്രവുമായിട്ടായിരുന്നു മൂന്നാം യാത്ര. അന്ന് കണ്ട മരക്കട്ടിൽ അനാഥയായി തെക്കേ മുറ്റത്ത് കമിഴ്ന്ന് കിടന്ന് ഞരങ്ങുന്നു. ആ പച്ചക്കരിമ്പടം ചത്ത്മുഷിഞ്ഞ് ചുരുണ്ടു കിടക്കുന്നു.ചുരുട്ടി വെച്ച ഒരു കൈതോലപായ ചിതകാത്ത് കിടക്കുന്നു..
ചൂടുള്ള ആ ചിരി മാഞ്ഞ മുഖത്തൊന്ന് നോക്കി. സ്നേഹം ആ കാൽക്കൽ വെച്ച് തിരക്കിനിടയിലൂടെ വീടിറങ്ങി. അന്നു രാത്രി നേരത്തെ ഉറങ്ങാൻ കിടന്നു. ഒരു സ്വപ്നം കണ്ണിൽ വന്നു മൂടുന്നു.പാതിരകഴിഞ്ഞ ഏതോ ഒരു ഘട്ടത്തിൽ അഭൗമമായ ഒരു ആനന്ദത്തിന്റെ അകമ്പടിയോടെ ഞാനൊരു പൂച്ചക്കുട്ടിയായി മാറുന്നു. സന്തോഷത്താൽ പുതപ്പിൽ ചുരുണ്ട് മലർന്ന് ഇടയ്ക്ക് ” മ്യാവൂ”- എന്ന് ശബ്ദമുണ്ടാക്കികൊണ്ട് മാനം നോക്കി കിടക്കുന്നു. പെട്ടന്ന് അസഹ്യമായ ഒരു ഗന്ധത്താൽ ഒരു ഭീതി എന്നെ വന്നു മൂടി. ഞാനൊരു പൂച്ചക്കുട്ടിയല്ലെന്നും ഞാനാനന്ദത്താൽ മുഖമുരസി ആസ്വദിച്ച പുതപ്പ് രാഘവന്മാഷുടെ ജീവനൊഴിഞ്ഞ ശരീരത്തിൽ നിന്നും എടുത്തുമാറ്റിയ പച്ചക്കരിമ്പടമാണെന്നും തെക്കേ മുറ്റത്ത് കമിഴ്ന്ന് കിടന്ന കട്ടിലിലാണ് താനുറങ്ങിയതെന്നും ഉപബോധമനസ്സിലെ വിടെയോ വന്ന് തെളിയുകയായിരുന്നു.ഭയത്താൽ വിയർത്ത് വിതുമ്പിപോയ എനിക്ക് പിന്നെ ഉറങ്ങാനായില്ല. സമയം പുലർച്ചെ മൂന്നര കഴിയുന്നു .തുറന്നിട്ട ജാലകത്തിലൂടെ ഒലിച്ചിറങ്ങിയ നിലാവ് പെട്ടന്ന് വറ്റി.ഉറക്കം വരാതെ ഞാൻ തിരിഞ്ഞു മറിഞ്ഞ് അസ്വസ്ഥനായി. അപ്പോൾ അകലെയെവിടെയോ നിന്ന് ഒഴുകി വരുന്ന തണുത്ത പുലർക്കാറ്റിന് രാഘവൻ മാഷുടെ ശബ്ദമായിരുന്നു.
“വാനിലെ മണിദീപ മുറങ്ങി
താരമുറങ്ങീ അമ്പിളി മങ്ങീ
താഴേ ലോക മുറങ്ങി.
നീലക്കടലേ നീലക്കടലേ നീയെന്തിനിയുമുറങ്ങീലാ
എന്തിന് കടലേ ചുടു നെടുവീർപ്പുകൾ … എന്തിന് മണ്ണിതിലുരുളുന്നു..
സംഗീതവുമയി ഒരു ബന്ധവുമില്ലാത്ത എന്നെപോലുള്ളവരെപോലും പാട്ടിലാക്കിക്കളഞ്ഞ അനശ്വര പ്രതിഭ.
പാട്ടിൽ ,എഴുത്തിൽ, ഒഴുകിപ്പരക്കലുകളിൽ തലശ്ശേരി ഏതിടത്തേക്കും ഒരു വഴി തുറന്നിടുന്നുണ്ട്.
( തലശ്ശേരി കറൻ്റ് ബുക്സ് മാനേജറാണ് ,എഴുത്തുകാരൻ കൂടിയായ ലേഖകൻ)
Add a Comment