സ്വസ്ഥതകൾക്ക് മേലെ പാഞ്ഞുകയറുന്ന വണ്ടും ഒച്ചും നിറഞ്ഞ ചെറു ജീവി ലോകം എല്ലാ നാട്ടിലുമുണ്ട്. അതു പോലെ ഉണ്ണാനും ഉറങ്ങാനും വിടാതെ ഞങ്ങളെ അസ്വസ്ഥമാക്കുന്നത് കമ്പിളിപ്പുഴുക്കളാണ്. ഓർമ്മയിൽ പുഴുക്കളുടെ ചൊറിച്ചിലനുഭവിക്കാത്ത കാലമില്ല.
വിജയൻ്റെ ഭൂതങ്ങളില്ലാത്ത
പാലക്കാട്
(ഒരു എഡിറ്ററുടെ പാലക്കാട് ദേശവായന)
രാമദാസ് രാജൻ
മയിലുകൾ ഇര പെറുക്കാനിറങ്ങുന്ന ഉച്ചയ്ക്ക് മുമ്പുളള തണുത്ത വിശ്രമ മൗനങ്ങളെ ഉലച്ചു കൊണ്ട് വലിയ കാറ്റ് നവംബർ – ജനുവരി മാസങ്ങളിൽ പാലക്കാട് ചുറ്റിക്കറങ്ങി നടക്കാറുണ്ട്. അപ്രതീക്ഷിതമാണ് അതിന്റെ വരവും പോക്കും. മഴയിരമ്പുന്നതു പോലെയാണ് ചിലപ്പോഴതിന്റെ വരവ്. രാവും പകലും അത് വീശും. ഒരിലയിൽ തൊട്ട് മരമാകെ പുളയുന്നൊരു മൂർഛയിലേക്ക് ചിലപ്പോൾ കാറ്റ് പടരും. കാറ്റു പോകുന്ന വഴിയിലെ മരങ്ങളെല്ലാം ആ ഉന്മാദത്തിൽ ഉലഞ്ഞ് ഒച്ചയിട്ടു കൊണ്ടിരിക്കും. മൂക്കാത്ത തണുപ്പായിരിക്കും അപ്പോൾ കാറ്റിന് . ചുറ്റിലും പല മരങ്ങൾ നിറഞ്ഞൊരിടത്താണ് വീടുള്ളത്. കാറ്റു കാലങ്ങളിൽ വീട്ടിലെത്തുമ്പോൾ ലഹരി പോലെ ഉള്ളിലേക്ക് അത് വീശും. പാലക്കാടൻ കാറ്റു പിടിക്കുന്നത് കരിമ്പനകളിലല്ല. അവിടുത്തെ പ്രകൃതിയെ ഒന്നാകെയാണ്.
വൃശ്ചികക്കാറ്റെന്ന് ഞങ്ങൾ വിളിക്കുന്ന ആ കാറ്റിന്റെ കുഴമറിയലുകളാണ് എന്റെ അകം നിറയുന്ന പാലക്കാട് . അത് ഒ.വി. വിജയനോ ഖസാക്കിന്റെ ഇതിഹാസമോ അല്ല.
രണ്ട്:
വീട്ടിലൂണിന്റെ അതേ സ്വാദ് മറ്റൊരു ദേശത്തുനിന്ന് ലഭിക്കുമ്പോൾ ആ വിഭവത്തിനോടും അതുണ്ടാക്കിയവരോടും തോന്നുന്ന അഞ്‌ജാതമായ ഏതോ ബന്ധത്തിന്റെ വിസ്മയമാണ് പാലക്കാട്ടുകാരനെന്ന നിലയിൽ ആദ്യകാലത്ത് ഖസാക്കിന്റെ ഇതിഹാസം.
മുത്തിയും അച്ഛനും അമ്മയും കരിമാണ്ടിയേട്ടനും പറു അച്ചിയും മേമമാരും ചെറിയച്ഛന്മാരും ചാമിയാരപ്പനും മുരുകേഷും കുട്ടപ്പനും കോരിയും മലമ്പുഴ കനാലും കാറ്റും പനകളും മിണ്ടുന്ന മൊഴി താളങ്ങളെ ലിപികളിൽ അറിഞ്ഞ കാലം ഒരു ഹോം മെയ്ഡ് ഓർമ്മയാണ്.
പാലക്കാട്ടെ ഗ്രാമീണരുടെ സാധാരണ വർത്തമാനങ്ങൾ തന്നെ ജീവിതപ്പൊരുളറിഞ്ഞവരുടെതു പോലെയാണ്. ജീവിതത്തെയും മരണത്തെക്കുറിച്ച് ദാർശനികരെപ്പൊലെ അവർ സംസാരിക്കും. (ഈ ജീവിതത്തനിമ നോവലിനകത്തെന്ന പോലെ നേരിട്ടനുഭവിക്കുന്നതു കൊണ്ടാണ് ഖസാക്കിന്റെ മൂല ഗ്രാമമായ തസ്രാക്ക് സന്ദർശിക്കുന്നവർക്ക് അതൊരു മന്ത്രിക ദേശമായിത്തീരുന്നത്.)
ഖസാക്കിൽ വിജയനുപയോഗിച്ച ഭാഷ പാലക്കാടിന്റെ പൊതുവായ മലയാളമല്ല. ജില്ലയിലെ 88 പഞ്ചായത്തുകളിൽ തസ്രാക്കിനു ചുറ്റും കിടക്കുന്ന ഏതാനും പഞ്ചായത്തുകളിൽ മാത്രമാണ് അപ്പു ക്കിളിയും ശിവരാമന്നായരും കുപ്പുവച്ഛനും മൊല്ലാക്കയും സംസാരിച്ച മലയാളമുള്ളത്. അതിർത്തികളിൽ നിന്നകലുന്തോറും ഖസാക്ക് മലയാളം അഴിഞ്ഞു പോവും. വ്യത്യസ്ത മൊഴി ഭേദങ്ങളുണ്ടെങ്കിലും ഖസാക്കിലൂടെ പ്രചരിതമായ ഭാഷയാണ് പാലക്കാട്ടിലെതെന്നാണ് പൊതു ധാരണ.
പില്ക്കാലത്ത് പാലക്കാട്ടെ മലയാളത്തിൽ വലിയ തോതിലുളള ഖനനം നടക്കാത്തതല്ല അതിനു കാരണം. മുണ്ടൂർ കൃഷ്ണൻ കുട്ടിയും മുണ്ടുർ സേതുമാധവനും ടി കെ ശങ്കരനാരായണനും ടി ശ്രീവത്സനുമൊക്കെ പാലക്കാടൻ മലയാളത്തിന്റെ ധ്വനികൾ തിരിച്ചറിഞ്ഞവരാണ്. ഖസാക്കിന്റെ അതിപ്രകാശത്തിൽ, നിർഭാഗ്യവശാൽ ഇവയൊന്നും രേഖപ്പെടുത്തപ്പെട്ടില്ല.
സാഹിത്യത്തിൽ മാത്രമല്ല, ചലച്ചിത്രങ്ങളിലെ ശ്രമവും കോമാളി വത്കരിക്കപ്പെട്ടു.
മൂന്ന്:
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാടനുഭവങ്ങൾക്ക് സമാനതകളില്ല. ജനിച്ചു വളർന്ന നാടിന്റെ അകത്തും പുറത്തുമായി ജീവിക്കുന്നതിനാൽ ആ ദേശാനുഭൂതികളെ ഒട്ടും ഗൃഹാതുരതകളില്ലാതെ വേറിട്ടറിയാം.
വെന്തും ദാഹിച്ചും മൃഗങ്ങളും മനുഷ്യരും സൂര്യതാപമേറ്റ് വീഴുന്ന വേനലിനെ മഴക്കാലം പോലെയോ, വ്യശ്ചികക്കാറ്റു പോലെയോ വെയിലിന്റെ കാഠിന്യങ്ങൾ ഇപ്പോൾ പാലക്കാടിന്റെ ശീലങ്ങളിലൊന്നായിക്കഴിഞ്ഞിരിക്കുകയാണ്. കത്തുന്ന ചിതയ്ക്കരികെ വീശുന്ന കാറ്റിന്റെ വേവാണ് പാലക്കാട്ടെ വേനൽക്കാറ്റിന് . വൃശ്ചികക്കാറ്റു പോലെയല്ലത്. വെന്തു പോവും. വെള്ളത്തിനു വേണ്ടിയുള്ള ദാഹമാണ് അക്കാലത്തെ പ്രധാന വിശപ്പ്.മുറിച്ചു വെച്ച തണ്ണിമത്തന്റെ നിറമാണ് വേനൽക്കാലത്തെ പാലക്കാടിന്. ഒന്നര പതിറ്റാണ്ടുമുമ്പ് പാലക്കാട് വിടുമ്പോൾ വെയിലിന് ഇത്രയും വേവുണ്ടായിരുന്നില്ല. പ്രകൃതിയിലും കാലാവസ്ഥയിലുമുണ്ടായ ദ്രുത മാറ്റങ്ങൾ അതിവേഗമാണ് പാലക്കാടിനെ ഗ്രസിച്ചത്. സങ്കടങ്ങൾ അധികം പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കുന്നവർ വെയിലു നൽകിയ ദുഃഖവും സഹിച്ചു. വേവു നിറഞ്ഞ ഈ സഹനങ്ങളെ ആഴത്തിൽ ചിത്രീകരിച്ചൊരാൾ മനോരമയിലെ ഫോട്ടോഗ്രാഫർ സിബു ഭുവനേന്ദ്രനാണ്. ദീർഘ വർഷങ്ങളിലെ വേനലിന്റെ പല മുഖങ്ങൾ ഒരു ചിത്രപരമ്പരയായി അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. 2020 ൽ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ പാലക്കാടിന്റെ മരുദൃശ്യങ്ങളാണ് ഓരോന്നും. ആ ചിത്രങ്ങൾ കാണുമ്പോൾ ഭാവനാതീത മായ ഭാവിയുടെ പൊള്ളലാണ് അനുഭവിക്കുന്നത്.
നാല്:
സ്വസ്ഥതകൾക്ക് മേലെ പാഞ്ഞുകയറുന്ന വണ്ടും ഒച്ചും നിറഞ്ഞ ചെറു ജീവി ലോകം എല്ലാ നാട്ടിലുമുണ്ട്. അതു പോലെ ഉണ്ണാനും ഉറങ്ങാനും വിടാതെ ഞങ്ങളെ അസ്വസ്ഥമാക്കുന്നത് കമ്പിളിപ്പുഴുക്കളാണ്. ഓർമ്മയിൽ പുഴുക്കളുടെ ചൊറിച്ചിലനുഭവിക്കാത്ത കാലമില്ല. ചുമരിലും ഓടിലും നിറഞ്ഞ പായലുകൾ തിന്നാണ് എവിടെ നിന്നെന്നറിയാത്ത കമ്പിളിപ്പുഴുക്കളെത്തുന്നത്. മേൽക്കൂരയുടെ യഥാർത്ഥ നിറം പൂർണ്ണമായും മറച്ചു കൊണ്ടാണ് കമ്പിളിപ്പുഴുക്കൾ പായലുകളിൽ മേയുന്നത്. ലക്ഷക്കണക്കിനുണ്ടാവും. അത് എത്ര വൃത്തിയാക്കിയാലും വിട്ടു പോവാതെ, മൂലകളിൽ അത് പറ്റി പ്പിടിച്ചിരിക്കും. അത് ദേഹത്തു തട്ടിയാൽ കടുത്തുവ തട്ടിയ പോലെ ചൊറിയും. മണ്ണു കോരുന്നതു പോലെയാണ് കൂട്ടിയെടുത്താണ് നിലത്തുവീണ കമ്പിളിപ്പുഴുക്കളെ അമ്മ കളയുക. തീയിട്ടും മണ്ണെണ്ണയൊഴിച്ചും മരുന്നു തളിച്ചും നശിപ്പിക്കാൻ ശ്രമിച്ചാലും പെട്ടെന്നൊന്നും അതൊഴിഞ്ഞു പോവുന്നതു കണ്ടിട്ടില്ല. മഴ മാറി വെയില് സ്ഥിരമാവുമ്പോൾ പതുക്കെ അവ വന്ന പോലെ തന്നെ മറയും . ഫ്ലയിങ് ട്രപ്പീസുകളിക്കാരായ കമ്പിളിപ്പുഴുക്കളുണ്ട്. നാട്ടുകുമ്പളത്തിന്റെ വെൺമയാണ് അവയെക്കാണാൻ. മരങ്ങളിലും ഇലകളിലും ജീവിക്കുന്ന ഇവ വീടിനു പുറത്താണ് ശല്യക്കാരനായി വന്നുപെടുന്നത്. കൊടുവായൂരിൽ നിന്ന് വീടുവരെയുള്ള മൂന്നു കിലോമീറ്ററിൽ പകുതിയിലേറെ ദൂരം ചെറിയ കാടിന്റെ നിഴൽ നിറഞ്ഞതാണ്. സൈക്കിളിലോ നടന്നോ ആ നിഴൽ മുറിച്ചു കടക്കൽ വലിയ സാഹസമാണിപ്പോഴും. ഏതു നിമിഷവും കമ്പിളിപ്പുഴുക്കൾ നമ്മുടെ ദേഹത്തു വീഴാം . അസഹ്യമായ ചൊറിച്ചിലാണ് പിന്നെ. ഉപ്പും വെളിച്ചെണ്ണയും ചേർത്തുള്ള മിശ്രിതമാണ് അറിയാവുന്ന ഏക ഒറ്റമൂലി. പക്ഷേ, കാലങ്ങളായി ഇത് ശീലമാണ്, കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പോലെ.
വിട്ടുപോവാത്ത ഈ ശീലങ്ങളിലാണ് നമ്മുടെ ദേശ സ്മൃതികളുടെ ഏറിയ പങ്കുമുള്ളത്. അവയിൽ സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ ശതമാനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കാണാമെന്നേയുള്ളൂ. കാറ്റിന്റെയും വെയിലിന്റെയും ചൊറിച്ചിലിന്റെയും വ്യത്യസ്ത കാലങ്ങളുടെ തീവ്ര സ്പർശനങ്ങളാണ് ചിലപ്പോൾ എനിക്ക് പാലക്കാട്.
(ഡി.സി.ബുക്സിൽ സീനിയർ എഡിറ്ററാണ് ലേഖകൻ)
Add a Comment