കേരളത്തിലെ സ്ത്രീ ശക്തീകരണത്തിന്റെ പാതയിലാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ അതിൻ്റെ ഗുണപരമായ വളർച്ച എവിടെ വരെയെത്തി എന്ന് അവലോകനം ചെയ്യാനൊന്നും ആയിട്ടില്ല. ‘തുടങ്ങിയിട്ടേയുള്ളു’. ‘പ്രശ്നമുണ്ട് ‘എന്ന് മനസ്സിലാക്കലാണല്ലോ ഏത് പ്രശ്നത്തിന്റെയും പരിഹാരത്തിന്റെ ആദ്യ പടി. അത് സംഭവിക്കുന്നുണ്ട്. കേരളം ഭയങ്കര സംഭവമാണെന്ന് ചുമ്മാ പറയുന്നത് വിട്ട് ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ട് എന്ന് നമ്മൾ അംഗീകരിച്ചു തുടങ്ങി. ഇനി മാറാതിരിക്കാൻ പറ്റില്ല. പ്രതീക്ഷയുണ്ട്.
രണ്ട്:
അങ്ങനെ ഒരു സപ്പോർട്ട് സിസ്റ്റം ഇല്ല എന്നത് തന്നെ കാരണം. വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് പെൺകുട്ടിയുടെ വീട് എന്നാണ് നമ്മളെ കണ്ടിഷൻ ചെയ്തു വെച്ചിരിക്കുന്നു. ജോലിയുടെ ആവശ്യത്തിനോ മറ്റൊ അല്ലാതെ ആ വീട്ടിൽ നിന്ന് മാറി ഭാര്യയും ഭർത്താവും തനിച്ചു ജീവിക്കുന്നത് പോലും പ്രശ്നമാണിവിടെ. ഒരു പെൺകുട്ടിയും ഭർത്താവിന്റെയോ അവരുടെ വീട്ടുകാരുടെയോ കുറ്റം പറഞ്ഞുകൊണ്ട് സ്വന്തം വീട്ടിലേക്ക് വരുന്നത് മാതാപിതാക്കൾ ഇഷ്ടപ്പെടുന്നില്ല. പെൺകുട്ടിയുടെ പക്വതകുറവും നോക്കിയും കണ്ടും നിൽക്കാനുള്ള കഴിവില്ലായ്മയുമായി വ്യാഖ്യാനിക്കപ്പെടു ന്നതോടൊപ്പം വളർത്തു ദോഷം എന്ന ചീത്തപ്പേരു മാതാപിതാക്കൾക്കും ലഭിക്കും. ബന്ധുക്കളുടെയും സമൂഹത്തിന്റെയും ഉപരോധങ്ങൾ ഉണ്ടാകും. എത്ര കുടുംബങ്ങൾക്ക് പറ്റും ഇതിനെയൊക്കെ അതിജീവിച്ചു മകളെ ചേർത്തു നിർത്താൻ??? ഇതൊക്കെ അറിയാവുന്ന പെൺകുട്ടികൾ പറ്റുന്നത്രയും മൂടി വെക്കും.
മൂന്ന്:
പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അച്ചനും അമ്മയും ബന്ധുക്കളും നാട്ടുകാരും ഒക്കെ കുറ്റക്കാർ തന്നെ. അടിച്ചാൽ തിരിച്ചടിക്കണം എന്ന് പഠിപ്പിക്കുന്നതിനേക്കാൾ എളുപ്പമല്ലേ അടിക്കരുത് എന്ന് പഠിപ്പിക്കാൻ??? സ്ത്രീയാണ് ധനം എന്ന് കേൾക്കുന്നു. എന്തിനാണ് അങ്ങനെ?? മനുഷ്യനായി, വ്യക്തിയായി കണ്ടാൽ പോരെ? അങ്ങനെ equal ആയി ഒരു ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നവരുമായി അല്ലെ വിവാഹവും നടത്തേണ്ടത്?
നാല്:
എന്റെ ഒരു ആണ് സുഹൃത്ത് അഭിമാനത്തോടെ എന്നോട് പറഞ്ഞ ഒരു കാര്യം ഇവിടെ സൂചിപ്പിക്കാം:
“എന്റെ ഭാര്യ എന്നോട് പിണങ്ങിയിട്ട് അവളുടെ വീട്ടിൽ ചെന്നു. കാര്യങ്ങൾ പന്തിയെല്ല എന്ന് തോന്നി പെണ്കുട്ടിയുടെ അച്ഛൻ അവളെയിരുത്തി സംസാരിച്ചു. ഭർത്താവുമായി പ്രശ്‌നമാണ്, വഴക്കിനിടയിൽ അടിച്ചു അതുകൊണ്ടാണ് ഇറങ്ങിപ്പോന്നത് എന്ന് അവൾ മറുപടി പറഞ്ഞു. ഇതു കേട്ട ഉടൻ പെണ്കുട്ടിയുടെ അച്ഛൻ അവളെ തിരിച്ചു ഭർത്താവിന്റെ വീട്ടിലെക്ക് തിരികെ കൂട്ടിക്കൊണ്ട് പോയി. ഇതാണ് നിന്റെ വീട്, ഇവിടെ എന്ത് കുടുംബ പ്രശ്നം ഉണ്ടായാലും സഹിക്കണം. എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് തിരികെ വരാം, provided ഭർത്താവും കൂടെയുണ്ടായിരിക്കണം. അല്ലാതെ ഒറ്റയ്ക്ക് വന്നാൽ ഞാൻ (അച്ഛൻ) ഇനി സ്വീകരിക്കില്ല. അത്രയും supportive ആയ പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാൻ അറിയുന്ന അമ്മായി അച്ചൻ ആണ് എനിക്ക് കിട്ടിയതെന്ന് സുഹൃത്ത് പറഞ്ഞു. ”
ആ ദിവസങ്ങളിൽ പെണ്കുട്ടി അനുഭവിച്ച നിരാശയും അരക്ഷിതാവസ്ഥയും എത്ര മാത്രമായിരിക്കും. ബുദ്ധിമുട്ട് ഉണ്ടായിട്ട് വീട്ടിൽ പോയിട്ടും അവിടെയും ആശ്രയമില്ലാത്ത അവസ്ഥ. ഇത് ഒരുമാതിരി എല്ലാ വീടുകളിലും നടക്കുന്നുണ്ട്. ഒരു പടി കൂടി കടന്ന് വേണമെങ്കിൽ ഒരു ദിവസം കഴിഞ്ഞ് അച്ഛനും അമ്മയും ആങ്ങളമാരൊക്കെ കൂട്ടിയിട്ട് പെണ്ണിനെ കൊണ്ടു ചെന്നു വിടും. പെണ്കുട്ടി ചെയ്‌ത തെറ്റിന് ‘ഞങ്ങൾ’ മാപ്പ് ചോദിക്കുന്നു എന്നും പറഞ്ഞിട്ടായിരിക്കും കൊണ്ടു പോയി വിടുന്നത്.
ഇതൊക്കെ കണ്ടു വളർന്ന പെണ്കുട്ടികൾ വിശദീകരിക്കാൻ പോവുകയില്ല.പരമാവധി സഹിച്ചു ജീവിക്കും. വീട്ടുകാരെ കൂടി ബാധിക്കുന്ന പ്രശ്നം ആയത് കൊണ്ട്, സാമ്പത്തികം മാത്രമല്ല, ഇവർ വളർത്തി വലുതാക്കി വഷളാക്കി, അനാവശ്യമായി കൊഞ്ചിച്ചും, കെട്ടും പൊട്ടിച്ചു വരാൻ പെണ്കുട്ടിയെ സപ്പോർട്ട് ചെയ്‌തെന്ന് ഈ അപ്പനും അമ്മയും കേൾക്കും. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ്, (conditioned) പെണ്‍കുട്ടികൾ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും വീട്ടിൽ പറയാത്തത്.
(ASAP സീനിയർ പ്രോഗ്രാം മാനേജറാണ് ലേഖിക)