vadakkan2

ഒരു വടക്കന്‍ ഓര്‍മ

സോമന്‍ കടലൂര്‍

2003 വരെ വടക്കേ വടക്കൻ കേരളം എന്നെസംബന്ധിച്ച് വിദൂരതയിലുള്ള, കേവലവിവരങ്ങളിലൂടെ മാത്രം അനുഭവിച്ചറിഞ്ഞ ദേശമായിരുന്നു. പൂരക്കളിയെക്കുറിച്ചും വയനാട്ടുകുലവനെക്കുറിച്ചും യക്ഷഗാനത്തെക്കുറിച്ചും കോഴിപ്പോരിനെക്കുറിച്ചും ചന്ദ്രഗിരിക്കോട്ടയെക്കുറിച്ചുമൊക്കെ പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞുപോരുന്നതിനിടയിലാണ് തികച്ചും യാദൃച്ഛികമായി സാംസ്കാരിക ബഹുത്വം നിറഞ്ഞ മണ്ണിലേക്ക്ഞാൻ എത്തപ്പെടുന്നത്. 2003 മുതൽ 2005 വരെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗത്തിൽ ഗസ്റ്റ് ലക്ചററായി, കാഞ്ഞങ്ങാട്ടുള്ള പി സ്മാരകത്തിൽ പ്രവർത്തിച്ച മൂന്നുവർഷക്കാലം മലബാറിന്റെ വടക്കേദിശയിലെ പാരമ്പര്യമുദ്രകളെയും സാമൂഹ്യമനസ്സിനെയും കു റച്ചൊക്കെ അടുത്തറിയാൻ കഴിഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്നകാലത്ത്എന്റെ അദ്ധ്യാപകൻ  എം.എ. റഹ്മാൻ മാഷ് ഉദുമ എന്ന തന്റെ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ മൗലികമായി വ്യത്യസ്തമായ ജീവിതത്തെക്കുറിച്ചും പലവട്ടം ക്ലാസ്സിന്റെ ഔപചാരിക സന്ദർഭത്തിലും അല്ലാതെയും പറഞ്ഞ കാര്യങ്ങൾ കൈയെത്തും ദൂരത്തിൽ തിരിച്ചറിഞ്ഞനുഭവിച്ച കാലമായിരുന്നു അത്. മലബാറിന്റെ മണവും ഗുണവും ജീവിതവും സംസ്കരാവുമായി കെട്ടുപി ണഞ്ഞുകിടക്കുന്ന അനുഭൂതിമണ്ഡലം സത്യസന്ധതയും ആത്മാർത്ഥതയും അതിലുപരി നിഷ്കളങ്ക വൈകാരികതയുമുള്ള ഒരു ജനതയെയും വെളിപ്പെടുത്തി. സ്നേഹിച്ചാൽ ഹൃദയംകൊടുത്ത്സ്നേഹിക്കുന്ന, വെറുത്താൽ വെട്ടിക്കൊല്ലുന്ന വടക്കൻ കേരളത്തിന്റെ സാമൂഹ്യമനസ്സിനെക്കുറിച്ച് പൊതുമണ്ഡലത്തിൽ സ്വരൂപിക്കപ്പെട്ട ആശയത്തിലെ ആദ്യഭാഗം ആവോളം അനുഭവിച്ചറിയാൻ ഇക്കാലയളവിൽ എനിക്ക്കഴിഞ്ഞിട്ടുണ്ട്.

കണ്ണൂർ – കാസർഗോഡ് ജില്ലകളിലായി പടർന്നുകിടക്കുന്ന ജനജീവിത ത്തിന്റെ പ്രാദേശിക പ്രകാശനങ്ങളിൽ എപ്പോഴും വൈകാരികതയുടേതായ കടുത്ത നിറം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. മറ്റേതൊരു കേരളീയ കലാവിഷ്കാര പ്രകാരങ്ങൾക്കുമില്ലാത്ത വന്യതയും വേഗതയും രൂക്ഷതയും ഉത്തരകേരളത്തിലെ തെയ്യാവതരണങ്ങളിൽ കാണാവുന്നതാണ്. കാഞ്ഞങ്ങാട് ജീവിതകാലത്ത്മാടായി അതിയടം മുച്ചിലോട്ട്കാവ്, കമ്പല്ലൂർ കാവ്, മടിയൻ കൂലോം, കാക്കാട്ട്കൂലോം തുടങ്ങിഅനേകം സുപ്രസിദ്ധ ആരാധനാസ്ഥാനങ്ങളിൽ പോയി തെയ്യാവതരണങ്ങളെ നേരിൽ സ്വാംശീകരിക്കാൻ കഴിഞ്ഞു. അപ്പോഴെല്ലാം എന്റെ നാട്ടിലെ ‘തിറ’ എന്ന തെയ്യത്തിന്റെ അയഞ്ഞ പാഠഭേദവുമായി ചേർത്ത് വായിച്ചിരുന്നു. ഇക്കാലത്ത്ഡോ. അംബികാസുതൻ മാങ്ങാട് എഡിറ്റുചെയ്ത ‘വരവിളി’  എന്ന തെയ്യംകഥകളുടെ (തെയ്യം ആധാരമാക്കി വടക്കൻ കേരളത്തിലെ കഥാകൃത്തുക്കളുടെ ചെറുകഥകൾ) ആമുഖപഠനത്തിൽ ഞാൻ ഇങ്ങനെഎഴുതി: ”ജാതിയുടെയും ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും രക്തചിഹ്നങ്ങളാണ് തെയ്യങ്ങളൊക്കെയും. എന്തുകൊണ്ടാണ് ഉത്തരകേര ളത്തിൽ ഇത്രയേറെ വർണ്ണപ്പൊലിമയുള്ള തെയ്യങ്ങൾ എന്നചോദ്യത്തിന് ഏറ്റവുമധികം പീഡനമേറ്റുവാങ്ങിയത് ഉത്തര കേരളത്തിലെ ജനതയാണ് എന്നാണുത്തരം. ജാതിവ്യവസ്ഥയിൽ നിന്ന്ജനാധിപത്യവ്യവസ്ഥയിലേക്ക്എത്തിയപ്പോഴും സമൂഹത്തിന്റെ അനുഷ്ഠാന കലാലാവണ്യത്തെ വെളിപ്പെടുത്തി പാവനസാന്നിദ്ധ്യമായി, ഉൾക്കരുത്തായി തെയ്യംദേശ കൂട്ടായ്മയുടെകൂടെയുണ്ട്. തെയ്യത്തിന്റെ ആധുനികമായ വ്യവഹാരമണ്ഡലത്തിന് പീഡനത്തിന്റെ മാനമല്ല, പ്രതിരോധത്തിന്റെ അഭിമാനമാണുള്ളത്.” ആദിമ ജീവിതബോധത്തിന് പരിഹരിക്കാനാവാത്ത സമസ്യകൾ പ്രാക്തന ഭാവനകൾ അഴിച്ചെടുത്തതിന്റെ പുരാരേഖകളായി അടയാളപ്പെടുത്താവുന്ന തെയ്യാനുഷ്ഠാനങ്ങളും അവയ്ക്കാധാരമായ കഥകളും അതിന്റെ വൈകാരികവിക്ഷുബ്ധതകളും ഉത്തരകേരളത്തിലെ ജനതയുടെ അവ്വിധമുള്ള മനസ്സിന്റെ പ്രത്യക്ഷീകരണങ്ങൾ തന്നെ.

മാത്രമല്ല, കോഴിയങ്കത്തിലും പോത്തോട്ടകമ്പളത്തിലും യക്ഷഗാനത്തിലുമെല്ലാം ഈ അതിവൈകാരികതയുടെ നിറങ്ങൾ ദൃശ്യമാണ്. ചന്ദ്രഗിരിപ്പുഴയുടെ പരിസരങ്ങളിലെ ഉത്സവസന്ദർഭങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്ന കോഴിയങ്കം പോയ കാലത്തിന്റെ അങ്കവീര്യത്തെ ഓർമപ്പെടുത്തുന്നു. നാടിന്റെ അധീശത്വവും നാടുവാഴുന്ന രാജാവിനെതോൽപിക്കാനോ അതുവഴി സാമൂഹ്യവ്യവസ്ഥയെ തീരുമാനിക്കാനോ ആണ് പഴയകാലത്ത്അങ്കവും പൊയ്ത്തും കോഴിയങ്കവും നടത്തിയിരുന്നതെന്ന് ചരിത്രംപറയും. സകലനാട്ടുകലകളും സൗത്ത്കാനറയെന്നറിയപ്പെടുന്ന തുളുനാട്ടിലും സജീവമാണ്. കർണ്ണാകടത്തിലെ യക്ഷഗാനം തെക്കുതിട്ടു, വടഗുതിട്ടു എന്ന് വിഭജിക്കപ്പെട്ടതിന്റെ ആധാരം ഒന്നിൽ കാസർഗോഡിന്റെ സ്വാധീനഫലമായി വൈകാരികത കലർന്നതുകൊണ്ടാണ്. വേഗതയും ചടുലതയും ചെണ്ടയുടെ പെരുക്കലും വർണ്ണങ്ങളിലെ കടുപ്പവും സംഭാഷണത്തിലെ മുഴക്കവുമെല്ലാം ചേർന്ന് കേരള അതിർത്തിയിലെ യക്ഷഗാനം മൗലികമായി വേറിട്ടുനിൽക്കുന്നു. ഞങ്ങൾ വടകരക്കാരുടെ തച്ചോളി ഒതേനൻ തുളുനാട്ടിലെ തുളുഗുരിക്കളു ടെ അടുത്ത്പോകുന്നതും കളരിയിലെ ചടുലനീക്കങ്ങൾ പഠിച്ചെടുക്കാനാണ്. മുപ്പത്തീരടിക്കളരി മാത്രം പരിചയമുള്ള നാട്ടിൽ നിന്ന് അറുപത്തീരടിക്കളരിയിലേക്ക് ഒതേനൻ മുതിരുന്നത് ഇവിടെവെച്ചാണ്. ഒരാൾക്ക് വേണ്ടിമരിക്കാൻ വരെ തയ്യാറാവുന്ന ആത്മാർത്ഥതയുടെ സൗന്ദര്യശാസ്ത്രമാണ് വടക്കൻ കേരളത്തിന്റെ സാമൂഹ്യമനസ്സിനെ നിർണ്ണയിക്കുന്നത്.  മതേതരപാരമ്പര്യത്തിന്റെ സമാനതകളില്ലാത്ത മാതൃകകളാണ് വടക്കൻ കേരളത്തിലെ പലകാവുകളിലും അരങ്ങേറുന്ന മാപ്പിളത്തെയ്യങ്ങൾ. പച്ചബെൽട്ട്ധരിച്ച് കള്ളിമുണ്ടും വെള്ള ബനിയനുമണിഞ്ഞ് തലയിൽ ഉറുമാൽ കെട്ടി കാവിന്റെ മുന്നിലിട്ട കട്ടിലിൽ നിസ്കരിക്കുന്ന തെയ്യത്തെ ആദ്യമായി കമ്പല്ലൂർക്കാവിൽ വെച്ച്കണ്ടപ്പോൾ, അടിമുടി നവീകരിക്കപ്പെട്ട അനുഭവമാണ് എനിക്കുണ്ടായത്. ബപ്പിരിയൻ, ആലിത്തെയ്യം, ബീവിത്തെയ്യം, ഉമ്മച്ചിത്തെയ്യം എന്നിങ്ങനെ എത്രയോ തെയ്യങ്ങൾ സവിശേഷവും സക്രിയവുമായ നമ്മുടെ കൂട്ടായ്മാന്തര വിനിമയത്തിന് (Inter folk Communication) സജീവ ഉദാഹരണങ്ങളായി നിൽക്കുന്നു. കല്ല്യാൽ മുച്ചിലോട്ട്പെരുങ്കളിയാട്ടം നടക്കണമെങ്കിൽ കല്ല്യാൽ അലി എന്ന മുസ്ലീമിന്റെ തറവാട്ടിൽ നിന്ന്കപ്പീംകയറും കൊണ്ടുവരണം. അല്ലെങ്കിൽ തെയ്യം പൂർണ്ണമാവില്ല. അരങ്ങേറ്റം സഫലമാകില്ല. കക്കാട്ട്കൂലോത്തെ ഉമ്മച്ചിതെയ്യത്തിന്റെ പുരാവൃത്തം വിസ്മയത്തോടെയാണ് ഞാൻ അറിഞ്ഞനുഭവിച്ചത്. കക്കാട്ട്കോവിലകത്ത്പണിക്ക് വന്നിരുന്നഉമ്മച്ചി, നെല്ല് കുത്തി അവിലാക്കിയപ്പോൾ അവിൽ കുറഞ്ഞു എന്ന്തെറ്റിദ്ധരിച്ച് അധികാരി ചവിട്ടിക്കൊല്ലുന്നു. ഉമ്മച്ചിയുടെ സത്യസന്ധതയും ആത്മാർത്ഥതയും മനസ്സിലാക്കിയ ദൈവം അവളെ ഉടലോടെ കയ്യേറ്റു. ഉമ്മച്ചിത്തെയ്യമായി. മുസ്ലീം സ്ത്രീയെ ദൈവമായി ആരാധിക്കുന്ന ഒരു കാവിന്റെ മതേതരപദവി മൂല്യം, വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കരുതുന്ന, അപരൻമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുകൾക്ക് മനസ്സിലാകണമെങ്കിൽ എത്ര ജന്മം ജനിക്കേണ്ടിവരും! മുസ്ലീം സമുദായത്തെ തെയ്യം ഹൃദയത്തോട് ചേർത്തുവെക്കുന്നത് ‘മാടായിനഗരം’ എന്ന അഭിസംബോധനയോടെയാണ്. ബപ്പിരിയൻ എന്ന മാപ്പിളത്തെയ്യത്തെ ആര്യപ്പൂങ്കന്നിഎന്ന ദേവത എഴുന്നള്ളിയ മരക്കലത്തിലെ കപ്പിത്താനായിരുന്നു എന്ന പുരാവൃത്ത ഭാവന എത്രമേൽ ഉദാത്തവും സാമുദായിക മൈത്രിപ്രദാനം ചെയ്യുന്നതുമാണ്. ചിലകാവുകളിൽ പുതിയ ഭഗവ തിയോടൊപ്പം പ്രത്യക്ഷപ്പെടുന്ന ദേവതയാണ് ആലിത്തെയ്യംഎന്നതും ശ്രദ്ധേയമാണ്. വടക്കൻ ദേശത്തെ അലാമിപ്പള്ളികൾ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഒരുപോലെ സന്ദർശിക്കാവുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്. അവിടെ അരങ്ങേറുന്ന അലാമിക്കളിയിൽ അമുസ്ലീങ്ങളും പങ്കെടുക്കുന്നു എന്നത് എന്നെ വിസ്മയ യാഥാർത്ഥ്യമാണ്. സാഹോദര്യത്തിന്റെ ചടുലനടനം ആ നാടോടി അനുഷ്ഠാനാവത രണത്തിൽ ദൃശ്യമാണ്. ഡോ. എം.വി. വിഷ്ണുനമ്പൂതിരി അലാമിക്കളിയെ ഇപ്രകാരം വിലയിരുത്തിയിട്ടുണ്ട്. ”ദേഹമാസകലം കരിതേച്ച്നിറയെ വെളുത്ത വട്ടപ്പുള്ളികളിട്ട്, കഴുത്തിൽ ഇലകളും പഴങ്ങളും കൊണ്ടുള്ള മാലകളും തലയിൽ കൂമ്പൻ പാളത്തൊപ്പിയും ധരിച്ച്, മുണ്ടച്ചെടിയുടെ നാരുകൊണ്ടുള്ള താടിമീശകൾ വെച്ചുകെട്ടി, മുട്ടുമറയാത്ത വഴുക്കുമുണ്ടുടുത്താണ് അലാമികൾ പുറപ്പെ ടുന്നത്. തലയിലെതൊപ്പിയിൽ ചുവന്നപൂക്കളുമണിയും. കോലടിച്ച്മണി കിലുക്കിയാണ് അവരുടെവരവ്. രോഗശമനത്തിനും ആത്മസാക്ഷാത്കാരത്തിനും വേണ്ടിയാണ് ഭക്തന്മാർ അനുഷ്ഠാനപരമായ ഈ കളിയിൽ ഏർപ്പെടുന്നത്. പള്ളിയിൽ മാത്രമല്ല, അവർ നൃത്തംചവിട്ടുന്നത്. സംഘം സംഘമായി അവർ നാട്ടിൻ പുറങ്ങളിലും സഞ്ചരിക്കും. തോളിൽ തുണിസഞ്ചിമാറാപ്പും കയ്യിൽ ഒരു മുരുടയുമെടുത്തിരിക്കും. ഗൃഹങ്ങൾ തോറും ചെന്ന്അലാമികൾ കോലടിച്ച്നൃത്തംചെയ്യും”

ഭാഷയുടെ വൈവിധ്യമാണ് വടക്കൻ ദേശത്തിന്റെ വലിയ സവിശേഷതകളിലൊന്ന്. മലയാള ഭാഷയുടെ പ്രാദേശികഭാഷാഭേദം തന്നെ ഏറെ വ്യത്യസ്തമാണ്. കാഞ്ഞങ്ങാട് നെഹ് റുകോളേജിലെ സാഹിത്യവേദിയിലെ വിദ്യാർത്ഥികൾ ‘പൊഞ്ഞാറ്’ എന്നപേരിൽ ഒരു നാട്ടുഭാഷാ നിഘണ്ടു തന്നെ നിര്മിച്ചിട്ടുണ്ട്. കാഞ്ഞങ്ങാടും കാസർഗോഡും നിലവിലുള്ള തനത് പദങ്ങൾ ക്രോഡീകരിച്ച് മികച്ച ഭാഷാപഠന/ശേഖരണ സംരംഭമാണത്. അം ബികാസുതൻ മാങ്ങാടിന്റെ ‘മരക്കാപ്പിലെതെയ്യങ്ങളി’ൽ വടക്കൻകേരളത്തിലെ ഭാഷാപ്രയോഗങ്ങൾ സമൃദ്ധമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഞാൻ ജോലിചെയ്തിരുന്ന മലയാള വിഭാഗത്തിലെ 13 വിദ്യാർത്ഥികൾ കൂട്ടുചേർന്നെഴുതിയ ആദ്യകാമ്പസ് നോവലായ ‘ജീവിതത്തിന്റെ ഉപമ’യിലും നാട്ടുഭാഷയെ വിപുലമായി സ്വാംശീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിർത്തി പ്രദേശമായതിനാൽ മലയാളത്തിന് പുറമേ ഏഴോളം ഭാഷകൾ വീട്ടിലും പുറത്തുമായി ആളുകൾ വിനിമയത്തിനായി ഉപയോഗിക്കുന്നുണ്ട്. കന്നട, തുളു, കൊങ്കണി, ബ്യാരി, മറാത്തി, കൊറ ഗഭാഷ, തമിഴ്, ഹിന്ദി എന്നീഭാഷകൾ ഏറിയും കുറഞ്ഞും പലയിടങ്ങളിൽ ഒറ്റയായും കൂടിക്കലർന്നും നിലനിൽക്കുന്നു. കാസർഗോടിന്റെ പ്രത്യേകഭാഷാഭേദമായ മലയാളം മേൽപറഞ്ഞ ഭാഷകളുടെയെല്ലാം സമ്മർദ്ദത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്. കാഞ്ഞങ്ങാട് കഴിഞ്ഞുകൂടിയ മൂന്നുവർഷക്കാലം എനിക്ക്സാംസ്കാരികാന്വേഷണത്തിന്റെ കാലം കൂടിയായിരുന്നു. ഭാഷയുടെ വൈജാത്യത്തിലേക്കും അതിന്റെ ഭാവരാശിയിലേക്കും ഊളിയിട്ടിറങ്ങിയത് അത്തരമൊരു ലക്ഷ്യം മുൻനിർത്തിയായിരുന്നു.

‘കേരള സംസ്കാരം’ എന്നപേരിൽ മലയാളം എം.എ.യ്ക്ക് പഠിക്കുമ്പോൾ അറിഞ്ഞ ചരിത്രപ്രസിദ്ധമായ പലസ്ഥലങ്ങളും നേരിൽ തിരിച്ചറിഞ്ഞതിന്റെ വിസ്മയം ഒരു കാലത്തും മനസ്സിൽ നിന്ന്മായില്ല. അപ്പോൾ മേലെ നിന്ന്താഴോട്ട് വന്ന ചരിത്രത്തെ താഴേനിന്ന് മേലോട്ട്തിരുത്തി വായിക്കാൻ സാധിച്ചത് ഇവിടെ വെച്ചാണ്. പാരമ്പര്യം കൊണ്ടും പ്രാക്തനത കൊണ്ടും സംസ്കാരം കൊണ്ടും രാഷ്ട്രീയം കൊണ്ടും ഇത്രമേൽ വൈവിധ്യസങ്കുലമായ ദേശം കേരളത്തിൽ കുറവാണെന്നും ഈ അനൗപചാരിക ചരിത്രാന്വേഷണത്തിൽ എനിക്ക്ബോധ്യപ്പെട്ടു. കേരളത്തിലെ വലിയ കോട്ടകളിലൊന്നായ ബേക്കൽ കോട്ട എത്രവട്ടമാണ് ഞാൻ സന്ദർശിച്ചതെന്നറിയില്ല. മുപ്പത്തഞ്ചിലധികം ഏക്കറിൽ പരന്നു കിടക്കുന്ന ആ കോട്ടസമുച്ചയം പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതാണെന്ന്ചരിത്രപണ്ഡിതർ പറയുന്നു. ചെങ്കല്ലുകൊണ്ട്നിർമിച്ചിരിക്കുന്ന കോട്ട സമുദ്രത്താൽ വലയം ചെയ്യപ്പെട്ടതിനാൽ അതിന്റെ പൗരാണിക സൗന്ദര്യം അപാരമാണ്. കൊത്തളങ്ങളും നിരീക്ഷണ ഗോപുരങ്ങളും ഭൂമിക്കടിയിലെ തുരങ്കങ്ങളും എന്നും വിസ്മയിപ്പിക്കുന്നതാണ്. പള്ളിക്കര ബീച്ച്, കാപ്പിൽ ബീച്ച്, ആനന്ദാശ്രമം, വലിയപറമ്പ്കായൽ, കസബബീച്ച് തുടങ്ങിയ സ്ഥലങ്ങള് സഞ്ചാരികളില്‍ അനുഭൂതികളുണ്ടാക്കുന്നു.

1997ൽ എൻഡോസൾഫാൻ എന്ന കീടനാശിനിക്കെതിരെ ലീലാകുമാരിയമ്മ കോടതിയെ സമീപിച്ച്ആരംഭിച്ച എൻഡോസൾഫാൻ വിരുദ്ധസമരം രൂക്ഷത കൈക്കൊണ്ടു തുടങ്ങിയ ഘട്ടത്തിലാണ് കാഞ്ഞങ്ങാട് ഞാൻ എത്തുന്നത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിലാണ് കശുമാവ് പൂക്കുമ്പോൾ മാരകമായ മരുന്ന്ഹെലികോപ്റ്റർ വഴി തളിച്ചത്. വർഷങ്ങളായി തുടരുന്ന ഈ മരുന്നു തളിയാണ് ഒരു ജനതയെ നരകതുല്യമായ ജീവിതത്തിലേക്ക്തള്ളിയിട്ടതെന്ന്പിന്നീട് തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് നാനാവിധത്തിലുള്ള പ്രതിരോധം ഇവിടെ ഉയർന്നുവന്നത്. എൻഡോസൾഫാൻ വിരുദ്ധമുന്നണിയിൽ പിന്നീട് ജ്വലിച്ചുനിന്ന മുനീസ എന്റെ വിദ്യാർത്ഥിനിയായിരുന്നു. അവളുടെ ജ്യേഷ്ഠനും അവൾക്കും ജന്മനാ കാഴ്ചശക്തിയില്ലായിരുന്നു. അതിന്റെ കാരണം ജീവനാശിനിയായ എൻഡോസൾഫാന്റെ പ്രയോഗം മൂലമാണെന്നാണ് കണ്ടെത്തിയത്. എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും പൊതുപ്രവർത്തകരും സാധാരണക്കാരുടെ ജീവിതവും പ്രതിരോധവുമായി സമരോത്സുകമായ നാളുകളായിരുന്നു അത്. വി.എസ്. അച്യുതാനന്ദൻ, സുകുമാർ അഴീക്കോട് തുടങ്ങിയവർ പലഘട്ടങ്ങളിലായി ഈ സമരങ്ങൾക്ക് പിന്തുണ നൽകി എത്തിയപ്പോൾ പതിനായിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. അധിനിവേശ സൈന്യം ശത്രുരാജ്യങ്ങൾക്ക്മേൽ രാസായുധം പ്രയോഗിക്കും പോലെ കുത്തക കമ്പനി, അധികാരികളുടെ പിന്തുണയോടെ എൻഡോസൾഫാൻ തളിച്ചതിന്റെ ദുരന്തങ്ങളിലൂടെയാണ് ഈ ദേശം പതുക്കെ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. സത്യസന്ധതയും നിഷ്കളങ്കരുമായ ഒരു ജനത ഏത് ദുരിതത്തിലും പ്രത്യാശകൈവിടില്ല എന്നതിന് മികച്ച ഉദാഹരണമാണ് വടക്കർ. വടക്കരിൽ വെടക്കരില്ലെന്ന്മൂന്നുവർഷം കൊണ്ട്കാഞ്ഞങ്ങാട് പഠിപ്പിച്ചു. കവിയുടെ കാൽപാട് തേടിവന്ന എനിക്ക്ഈ പ്രിയദേശം അറിയപ്പെടാത്ത അനേകം മനുഷ്യരുമായും അവിസ്മരണീയ അനുഭവങ്ങളുമായും സാഹോദര്യംനൽകി. കടത്തനാടിനോട് തുളുനാട് കാട്ടിയ ഉജ്ജ്വല സാംസ് രികസൗഹൃദം വടക്കൻ കേരളത്തിന്റെ ഉണ്മയും മേന്മയുമാണ്.

Comments are closed.