ഒന്ന്:
പ്രണയ പൂർത്തി
പ്രണയ പൂർത്തി
യഹ്യാ നാഇബി
(ഒമാനി കവി )
(ഒമാനി കവി )
അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു കൊണ്ട്
എന്നെ അയാൾ വുളു * ചെയ്യുന്നു.
അവളുടെ തൂമന്ദഹാസത്തിൻ്റെ മണലിൽ
സുജൂദ് * ചെയ്യുന്നു.
അപ്പോൾ അവളുടെ ഹൃദയ ജലം
അലിവോടെ അയാൾക്ക് താക്കോൽ
നൽകുന്നു.
ആദ്യത്തെ
പ്രണയ നിസ്കാരത്തിനായി.
* അംഗശുദ്ധി
* സാഷ്ടാംഗം
കൃത്രിമ സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
അസാധ്യമായതിൻ്റെ ജന്മം
സുഷിരങ്ങളില്ലാത്ത മൺചുവർ
സാധാരണക്കാരുടെ പാട്ട്
രാഷ്ട്രീയക്കാരുടെ കളിക്കളം
അങ്ങനെയാണ് ദൈവം
അതിനെ സൃഷ്ടിച്ചത്.
ആത്മാവില്ലാതെ
മഴയോടൊപ്പം വസിക്കുന്നു
മനുഷ്യമക്കൾക്കിടയിൽ
ഒളിക്കുന്നു.
അവശേഷിക്കുന്നത്
ആ വികല ഭാവന.
അവരുടെ മസ്തിഷ്ക മ്യൂസിയങ്ങളിലെ
മരാമത്ത് പണിക്കാരനും.
രണ്ട്:
ബുദ്ധിയുള്ള പിരാന്തൻ
അബ്ദുൽ കരീം ത്വബ്ബാൽ
( മൊറോക്കൻ കവി)
പാതിരാവിൽ
കല്ലിൽ ഞാൻ നീരെഴുതുന്നു
നീരിൽ
ഞാൻ മരം വരക്കുന്നു.
നിഴലിൽ
ഞാൻ മീൻ കൊത്തുന്നു.
ഞാൻ പറയുന്നു:
എനിക്കൊരു പൂങ്കാവനമുണ്ട്
എനിക്കൊരു കടലുണ്ട്
പൂങ്കാവനം പറയുന്നു:
കടലും പറയുന്നു:
എനിക്കൊരു പിരാന്തനുണ്ട്
ബുദ്ധിയുള്ള പിരാന്തൻ.
നിഗൂഡ വചനം
വാതിലിൻ്റെ കര കര ശബ്ദം
ചിലപ്പോൾ
കടൽകാക്കയുടെ കരച്ചിൽ
അതിൻ്റെ ഇണയെ തേടുന്നു.
മഴയുടെ വിലാപം
ചിലപ്പോൾ
കാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന്
താഴെ വീഴുന്നു
പെണ്ണിൻ്റെ രോദനം
അവളുടെ അലയുന്ന മോനെ
ഓർമിപ്പിക്കുന്നു.
ചിലപ്പോൾ
ആർക്കോ വേണ്ടിയുള്ള
ശോകഗാനം
വാതിൽ തുറന്നിടുന്നു.
മൂന്ന്:
സൂഫികളെ പോലെ
ഭാരരഹിതൻ
ഉമർ അബുൽ ഹെയ്ജാ
(ജോർഡൻ കവി)
സൂഫികളെപ്പോലെ
ഭാരരഹിതൻ ഞാൻ
എൻ്റെ ആത്മാവ്
ഒരു പൂമ്പാറ്റ
വെളിപാടിൻ്റെ കിളിവാതിലിൽ
അത് ദീർഘ ദീർഘം
പാറിക്കൊണ്ടിരിക്കുന്നു
കവിതകളുടെ
പനിനീർപൂവിൽ നിസ്കരിക്കുന്നു.
ജ്ഞാനികളുടെ
സുജൂദ് പോലെ
എൻ്റെ ഹൃദയം
രക്തത്തിൻ്റെ മിഹ്റാബിൽ*
സുജൂദ് ചെയ്യുന്നു.
* നിസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാം നിൽക്കുന്ന പ്രത്യേക സ്ഥലം
നാല്:
ആരാധന
ഹാശിം യൂസുഫ്
(സുഡാനി കവി )
ഞാൻ അല്ലാഹുവിനെ
ആരാധിക്കും.
സത്യം മരിക്കും വരെ
ദീപങ്ങൾ ഉറങ്ങും വരെ
എണ്ണയുടെ കണ്ണുകൾ
വറ്റും വരെ
സന്ദേഹത്തിൻ്റെ
ഉത്സവങ്ങൾ
എൻ്റെ മേൽ കേറി മറിയും
എൻ്റെ തോളിൽ നിന്ന്
അഗ്നി പർവ്വതങ്ങളും
ജലധാരകളും
കുത്തി ഒഴുകും
വിവർത്തനം:
വി.എ.കബീർ