mkm

വിയോജിപ്പുകളുടെ  ജനാധിപത്യ രേഖകൾ

പ്രശസ്ത കർണാടിക് സംഗീതജ്ഞനായ ടി.എം.കൃഷ്ണയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ്, THE SPIRIT OF ENQUIRY:NOTES OF DISSENT. ഈ പുസ്തകത്തിന് പ്രതാപ് ഭാനു മേത്ത ആണ് ആമുഖം എഴുതിയിട്ടുള്ളത്.

ഒരു ശാസ്ത്രീയ സംഗീതജ്ഞൻ എന്നതിനപ്പുറം വളരെ കൃത്യമായി ലോകത്ത് നടക്കുന്ന ഓരോ സംഭവ വികാസത്തെക്കുറിച്ചും തികഞ്ഞ അവബോധമുള്ള വ്യക്തിയാണ് ടി എം.കൃഷ്ണ എന്ന് ഈ പുസ്തകത്തിലെ കുറിപ്പുകൾ തെളിയിക്കുന്നു. തത്വശാസ്ത്രപരമായും  സാമൂഹ്യമായും രാഷ്ട്രീയമായും വിവിധ വിഷയങ്ങൾ വിശകലനം ചെയ്യുന്ന ടി.എം. കൃഷ്ണയുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം ഈ പുസ്തകത്തിൻ്റെ സവിശേഷതയായി ഞാൻ കാണുകയാണ്. അദ്ദേഹം തൊടാത്ത മേഖലകളില്ല. ഈ പുസ്തകത്തെ വിവിധ മേഖലകളായി വേർതിരിച്ചിട്ടുണ്ട്.

ടി.എം. കൃഷ്ണ

അതിൽ ആദ്യ ഭാഗത്ത് കലാകാരന്മാരെക്കുറിച്ചും അവരുടെ വിവിധ സങ്കീർണ്ണതകളെക്കുറിച്ചും വ്യാകുലതകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. രണ്ടാം ഭാഗത്ത്, വളരെ കൃത്യമായി നമ്മുടെ സമൂഹത്തിലെ വേർതിരിവുകളെക്കുറിച്ചും  ധ്രുവീകരണങ്ങളെക്കുറിച്ചും വർഗീയതകളെക്കുറിച്ചും എടുത്തെടുത്തു തന്നെ പറയുന്നു.മൂന്നാം ഭാഗം, മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. വളരെ കൃത്യമായി എങ്ങനെയാണ് മതേതരത്വം വായിക്കപ്പെടേണ്ടത് എന്ന് ആ ഭാഗം വിശദീകരിക്കുന്നു. മാത്രവുമല്ല,നമ്മുടെ സമൂഹത്തിലെ ജാതി വ്യവസ്ഥയിൽ ഉണ്ടാകുന്ന സംഘർഷങ്ങളെയും വേർതിരിവുകളയും അകറ്റി നിർത്തലുകളെയും ഒക്കെ സൂചിപ്പിക്കുന്നു. മറ്റൊരു ഭാഗം, സ്മൃതി രേഖയാണ്.അതിൽ എം.എസ്.സുബ്ബലക്ഷ്മിയുണ്ട്, ബാലകൃഷ്ണ മുരളിയുണ്ട്, ഗാന്ധിയുണ്ട്, അശോകയുണ്ട്, ചോ രാമസ്വാമിയുണ്ട് – അങ്ങനെ തന്നെ അഗാധമായി സ്വാധീനിച്ച വ്യക്തികളെ ടി.എം.കൃഷ്ണ ഓർത്തെടുക്കുകയാണ്.ഈ ഭാഗങ്ങൾക്കെല്ലാം ടി.എം.കൃഷ്ണ പ്രത്യേക മുഖക്കുറിപ്പെഴുതിയിട്ടുണ്ട്. ആ ഭാഗത്തേക്ക് അവ വെളിച്ചം വീശുന്നു.

ഈ പുസ്തകം നിർബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്.ഇത് വായിക്കുന്ന ഓരോ ആൾക്കും തീർച്ചയായും ഓരോ വീക്ഷണമായിരിക്കാം. ഞാൻ വായിക്കുമ്പോഴുള്ള വീക്ഷണകോണിലൂടെയായിരിക്കില്ല മറ്റൊരാളുടെ വായന…

why Are India’s Dalith Thought Leaders Always Reduced to Their  caste Identity? എന്ന ലേഖനം വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒന്നാണ്.  ‘തിരുമാലവൻ” എന്നു പറയുന്ന ‘വിടുതലൈ ചിരുതൈകൾ കക്ഷി ‘ എന്ന സംഘടനയുടെ നേതാവ് എങ്ങനെ ഒരു ദലിത് നേതാവായി മാത്രം അറിയപ്പെടുന്നു എന്നതിൽ ടി.എം.കൃഷ്ണ വ്യാകുലപ്പെടുകയാണ്. തിരുമാലവനെ ദളിത് നേതാവ് എന്നു മാത്രമുള്ള ചട്ടക്കൂട്ടിൽ  തളച്ചിടപ്പെട്ടു എന്നത് വല്ലാതെ വേവലാതി ഉയർത്തുകയാണ്, ടി.എം.കൃഷ്ണയിൽ. അദ്ദേഹം പറയുന്നു, ചിലപ്പോൾ തമിഴ് മാത്രം സംസാരിക്കുന്ന ആളായതു കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്. അദ്ദേഹത്തിന് നന്നായി ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ചിലപ്പോൾ ഇതിനേക്കാൾ കൂടുതൽ അറിയപ്പെട്ടേനെ.ജിഗ്നേഷ് കുമാർ മേവാനിയേയും കനയ്യകുമാറിനെയും ടി.എം.കൃഷ്ണ അപ്പോൾ ഓർക്കുന്നു. അവർക്ക് കിട്ടിയിട്ടുള്ള ഒരിടം പോലും തിരമാലവന് കിട്ടിയിട്ടില്ല എന്ന് ടി.എം.കൃഷ്ണ എഴുതുന്നു. ഒരു ദലിത് നേതാവ് എത്ര തന്നെയായാലും ദലിത് നേതാവായി തന്നെ അറിയപ്പെടുന്നത് അദ്ദേഹം ഓർമിപ്പിക്കുന്നു. മായാവതി ഇനി നൂറ് തവണ മുഖ്യമന്ത്രിയായാലും മായാവതിയെ ദലിതുകൾക്ക് വേണ്ടി പൊരുതിയ ഒരു ആക്ടിവിസ്റ്റായോ അവസരവാദിയായിട്ടോ മാത്രമേ അവരെ ചിത്രീകരിക്കുകയുള്ളൂ ലോകം. എന്തിനധികം, ബാബാ സാഹെബ് അംബേദ്കറിന് പോലും പല സ്ഥലത്തും  അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്ന അതുല്യമായ പ്രാധാന്യം കൊടുക്കാതെ , ടെക്സ്റ്റ് ബുക്കിലെ റഫറൻസ് പോയൻ്റുകളായി മാത്രം മാറുകയാണ് എന്ന് ടി.എം.കൃഷ്ണ വേവലാതിപ്പെടുന്നുണ്ട്. മുസ്ലിംകൾക്കും ഇതേ അവസ്ഥയാണ്. മുസ്ലിം നേതാവ് ‘മുസ്ലിംകളുടെ നേതാവാ’യി മാത്രമാണ് അറിയപ്പെട്ടിരുന്നത്.എ.പി.ജെ അബ്ദുൽ കലാമിനെ ,കർണാടിക് സംഗീതാസ്വാദകനായ നമ്മുടെ മുൻ രാഷ്ട്രപതിയെ മുസ്ലിമും ഹിന്ദുവും ചേർന്ന വ്യക്തിയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. അത് പോലെ ‘സഫാരി കർമാചാരി ആന്ദോളൻ’ എന്ന  എന്ന സംഘടനയുടെ (liberal NGO എന്ന് ടി.എം.കൃഷ്ണ) യുടെ നേതാവ്, Bezwada Wilson വലിയ ഫിലോസഫറാണെങ്കിലും, ഓരോ കാര്യത്തിനും  എടുക്കുന്ന ശക്തമായ നിലപാടുകളുടെ കാര്യത്തിലാണെങ്കിലും ,സഫാരി കർമാചാരി ആന്ദോളൻ നേതാവ് എന്ന നിലയിൽ  മാത്രമാണ് അറിയപ്പെടുന്നത്. ഇതാണ് വളരെ വ്യക്തമായി ടി.എം.കൃഷ്ണ ചൂണ്ടിക്കാട്ടുന്നത്. ടി.എം.കൃഷ്ണ പറയുന്നത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് ,തെലങ്കാന, മണിപ്പൂർ – ഇവിടങ്ങളിൽ സ്‌റ്റേറ്റ് ഇലക്ഷൻ കഴിഞ്ഞാൽ അവിടെയുള്ള ചീഫ് മിനിസ്റ്റർമാരെ തിരഞ്ഞെടുക്കുന്നത് സത്യത്തിൽ അവരുടെ മണി, പവർ, കൺട്രോൾ കാസ്റ്റ് – ഇതെല്ലാം വെച്ചു കൊണ്ടാണ്. പണം, അധികാരം, ജാതി- ഇവയെല്ലാമാണ് അവിടെയുള്ള മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകമായി പരിഗണിക്കപ്പെടുന്ന ഘടകങ്ങൾ.

പെരുമാൾ മുരുകൻ

ടി.എം.കൃഷ്ണയുടെ മറ്റൊരു ലേഖനം,Two Voices.One Resonance : How Jinnah and Radhakrishnan Help Us Close Divides ,നമുക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ അടച്ചിടാൻ രാധാകൃഷ്ണനും ജിന്നയും എങ്ങനെയാണ് പ്രേരിപ്പിക്കുന്നതെന്ന്, ടി.എം.കൃഷ്ണ പരിശോധിക്കുന്നു. അവർക്ക് രണ്ട് സ്വരമാണെങ്കിലും ഒരേ പ്രതിദ്ധ്വനിയാണെന്നാണ് ടി.എം കൃഷ്ണ പറയാൻ ശ്രമിക്കുന്നത്. അതിന് തെളിവായി രാധാകൃഷ്ണൻ 1946 ഡിസംബർ 11 ന്   കോൺസ്റ്റ്യുൻ്റ് അസംബ്ലിയിൽ ചെയ്ത പ്രസംഗവും മുഹമ്മദലി ജിന്ന ,പാക്കിസ്ഥാനിലെ കോൺസ്റ്റുൻ്റ് അസംബ്ലിയിൽ ,എട്ടു മാസങ്ങൾക്കു ശേഷം, ഓഗസ്റ്റ് 11, 1947-ൽ നടത്തിയ പ്രസംഗത്തെയും താരതമ്യം ചെയ്ത് നടത്തുന്ന പഠനമാണ്. ഈ പ്രസംഗങ്ങൾ ,സമൂഹത്തിലെ വിള്ളലുകളെ എങ്ങനെയാണ് ഈ ഒപ്രസ്  ചെയ്യപ്പെടുന്നവരും ഒപ്രസ് ചെയ്യുന്നവരും എങ്ങനെ ഒരേ സമയം വേദന അനുഭവിക്കുന്ന സാഹചര്യത്തെ ഇല്ലാതാക്കാൻ കഴിയും എന്നുള്ളതാണ്. അതിന് ജിന്ന ഒരിക്കൽ, പാക്കിസ്ഥാൻ രൂപീകരണമായ ശേഷം ,രാജ്യം രണ്ടാകും എന്ന് ഉറപ്പായ ഘട്ടത്തിൽ, പാക്കിസ്ഥാൻ്റെ തന്നെ ഭാവിയെ മുന്നിൽ കണ്ട് ചെയ്യുന്ന ഒരു പ്രസംഗത്തിൽ പറയുന്നുണ്ട്, you will find that in course of time Hindu would cease to be Hindus and Muslims would cease to be Muslims. not in the religious sense, because that is the personal faith of each individual,but in the political sense as citizens of the state. ‘കുറച്ചു കഴിഞ്ഞാൽ പാക്കിസ്ഥാനിൽ ഹിന്ദു ഹിന്ദുവാകും, മുസ്ലിം മുസ്ലിമാകും -അത് അവരുടെ വ്യക്തിപരമായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാൽ, ഒരു സ്റ്റേറ്റ് എന്ന നിലയിൽ, അവരെല്ലാം ആ സ്റ്റേറ്റിലെ പൗരൻമാർ മാത്രമായിരിക്കും.’ സ്റ്റേറ്റിന് എല്ലാവരെയും ബന്ധിപ്പിക്കാനുള്ള ശക്തിയുണ്ട് എന്ന് പറയുന്നു.രാധാകൃഷ്ണൻ ഇത് പോലെ പറയുന്നത് , ഹിന്ദു / മുസ്ലിം പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ,ഏറ്റവും ചുരുങ്ങിയ രക്തച്ചൊരിച്ചിലുകളിലൂടെ നമുക്ക് ബ്രിട്ടീഷുകാരിൽ നിന്ന് അധികാരം പിടിച്ചെടുക്കണമെന്നാണ്. രാധാകൃഷ്ണൻ  പറയുന്നത്, ഒരു ഓർക്കസ്ട്ര പോലെയാണ് ഇന്ത്യ എന്നാണ്. അതൊരു സിംഫണിയാണ് (india is a symphony). വ്യത്യസ്തമായ ഉപകരണങ്ങൾ കൂടിച്ചേർന്ന് പുറത്തേക്ക് ശ്രവ്യ സുന്ദരമായി പ്രവഹിക്കുന്ന സംഗീതം. ഡോ.രാധാകൃഷ്ണൻ ഇന്ത്യയുടെ ഭാവി എങ്ങനെയായിരിക്കണമെന്നത് നിരീക്ഷിക്കുന്ന കാര്യങ്ങൾ വിശദമായി ടി.എം.കൃഷ്ണ വിലയിരുത്തുന്നു. എന്തായാലും, വിഭജനത്തിൻ്റെ നാളുകളിൽ ആ കാലത്തെ നേതാക്കന്മാർ ‘രക്തച്ചൊലിച്ചുകൾ ‘ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്നതായി ടി.എം.കൃഷ്ണ കൃത്യമായി വെളിപ്പെടുത്തുന്നു.എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ‘ ‘ഹ്യുമാനിറ്റി’യെക്കുറിച്ചുള്ള വികാരവും അവർക്കുണ്ടായിരുന്നു എന്നാണ് ടി.എം.കൃഷ്ണ പറയുന്നത്.

മുഹമ്മദലി ജിന്ന

കാശ്മീരിനെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട് ഈ പുസ്തകത്തിൽ. Death and Freedome:For Peace in the Land of Kashmir ,We must have Genuine Empathy with Its people എന്നാണ് ഈ അധ്യായത്തിൻ്റെ ശീർഷകം. അറബിയിൽ നിന്ന് ഉത്ഭവിച്ച ഉറുദുവിൽ മരണത്തിന് പറയുന്ന വാക്കാണ് ‘മൗത്ത് ‘. ഇതിൽ ‘ഔ ‘ എന്ന് കേൾക്കുമ്പോൾ സ്വന്തം മരണത്തെക്കുറിച്ച് ഓർമ വരുന്നു.എൻ്റെ മരണം എങ്ങനെയായിരിക്കും, അത് സ്വച്ഛന്ദ മൃത്യു ആയിരിക്കുമോ? അസ്വസ്ഥമാം വിധം വേദനിപ്പിക്കുന്നതായിരിക്കുമോ? അത് പോലെ തന്നെ ടി.എം.കൃഷ്ണ ഏറെ പരാമർശിക്കുന്ന ഒന്നാണ് ‘ആസാദി’ എന്ന വാക്ക് .ഏത് വ്യക്തിയുടെ ഉള്ളിലും കിടക്കുന്ന ഒന്നാണ് ‘ആസാദി’. ‘നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മരിക്കുന്നു, നമ്മൾ മരിക്കുന്നതിനിടയിൽ ജീവിക്കുന്നു ‘- ജീവിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ മരിച്ചു കൊണ്ടേയിരിക്കുന്നു എന്നു പറയുന്ന വലിയ ഫിലോസഫി ടി.എം.കൃഷ്ണ കാശ്മീരിനെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നു.ജോർജ് ബുഷിൻ്റെ പഴയ സ്‌റ്റേറ്റ്മെൻ്റ് ടി.എം.കൃഷ്ണ അസ്വസ്ഥതയോടെ ഉദ്ധരിക്കുന്നുണ്ട്: ‘ഒന്നുകിൽ നിങ്ങൾ ഞങ്ങൾക്കനുകൂലമാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് എതിരാണ്!

‘ഞങ്ങൾ ‘ ആരാണ്? ” നിങ്ങൾ ആരാണ്?’ ഈ വേർതിരിവിൻ്റെ രാഷ്ട്രീയത്തെ ഉറച്ച ശബ്ദത്തിൽ ചോദ്യം ചെയ്യുന്നുണ്ട് ,ടി.എം.കൃഷ്ണ

കശ്മീർ ജനതയോട് നമ്മൾ കാണിക്കേണ്ട മാനുഷികത നമ്മൾ കാണിക്കുന്നില്ല എന്ന ദു:ഖം ടി.എം.കൃഷ്ണയ്ക്കുണ്ട്. ” ഇന്ത്യയോട് ഒട്ടി നിൽക്കുന്ന കശ്മീരികൾക്ക് സ്നേഹവും അനുകമ്പയും ലഭിക്കണമെന്നും ആ മനോഹരമായ പ്രകൃതി മാത്രമല്ല, കശ്മീരികൾ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന മനുഷ്യത്വ പൂർണ്ണമായ സമീപനമാണ് വേണ്ടതെന്നും ടി.എം.കൃഷ്ണ എഴുതുന്നു.

ചില പ്രധാന വ്യക്തികളെ ഓർമ കൊണ്ട് ആദരിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ഗിരീഷ് കർണാടിനെക്കുറിച്ച് ടി.എം.കൃഷ്ണ എഴുതുന്നു.’ അതിശയങ്ങളുടെ രാജാവ്’  എന്ന രീതിയിലാണ് ഗിരീഷ് കർണാടിനെക്കുറിച്ചുള്ള ഓർമ്മകൾ ടി.എം.കൃഷ്ണ പങ്കു വെക്കുന്നത്. വളരെ സൂക്ഷ്മമായ അവതരമാണ് ഇതിൽ വരുന്നത്.നാടകങ്ങളും കഥാപാത്രങ്ങളും ഉൾവെളിച്ചത്തോടെ അവതരിപ്പിക്കുന്നു.

പെരുമാൾ മുരുഗനെക്കുറിച്ച് എഴുതിയ ലേഖനത്തിൽ, ‘ഞാൻ എഴുത്തു നിർത്തിയിരിക്കുന്നു ‘എന്ന് പെരുമാൾ മുരുഗൻ പറഞ്ഞത് ടി.എം.കൃഷ്ണയെ എത്രമാത്രം ഉലച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.’ എന്നിലെ എഴുത്തുകാരൻ മരിച്ചിരിക്കുന്നു ‘എന്ന് പല തരം സാമൂഹ്യവും വ്യക്തിപരവുമായ പീഡനങ്ങളുടെയും വെളിച്ചത്തിൽ പെരുമാൾ മുരുഗൻ പറഞ്ഞതിനെ നാനാവിധത്തിൽ വിശകലനം ചെയ്യുന്നു, ടി.എം.കൃഷ്ണ.’പെരുമാൾ മുരുഗൻ വ്യക്തിപരമായി ഒറ്റപ്പെട്ടപ്പോൾ നമ്മളിൽ എത്ര പേർ ഒന്നിച്ചു നിന്നു?” എന്ന ചോദ്യം ഇതിൽ ടി.എം.കൃഷ്ണ ഉന്നയിക്കുന്നു. നമ്മൾ സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കുന്നുവോ, മറ്റുള്ളവരുടെ മോചനത്തിന് വേണ്ടി നിൽക്കുന്നുവോ എന്ന ചോദ്യം ടി.എം.കൃഷ്ണ നമുക്ക് നേരെയെറിയുന്നു. പിന്നീട്, ചരിത്രത്തിൻ്റെ കടപ്പാട് തീർക്കുന്നത് പോലെ, ടി.എം.കൃഷ്ണ പെരുമാൾ മുരുകന് വേണ്ടി മാത്രം ഒരു കീർത്തനമാലപിച്ചു.

ഗിരീഷ് കർണ്ണാട്‌

ടി.എം.കൃഷ്ണ എഴുതിയ ‘സോങ്ങ് ഓഫ് ഫ്രീഡ’ത്തിൽ താരാഭാരതി എഴുതിയ നല്ലൊരു കവിത ചേർത്തിട്ടുണ്ട്. ആ കവിത ടി.എം.കൃഷ്ണയുടെ മനസ്സ് തന്നെയാണ് എന്ന് നമുക്ക് വായിക്കാം. വർഗത്തിൻ്റെയും മതത്തിൻ്റെയും പേരിൽ നടക്കുന്ന സംഘർഷങ്ങളിൽ അതീവ ദു:ഖിതനായ ഒരു സംഗീത മനസ്സാണ് ഈ ലേഖനത്തിൽ വെളിപ്പെടുന്നത്. കാര്യങ്ങൾ പച്ചയായി തന്നെ പറയുന്ന ആക്ടിവിസ്റ്റായ ടി.എം.കൃഷ്ണ ഈ പുസ്തകവുമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. ഒരു കലാകാരൻ്റെ മനസ്സ് കൂടിയാണത്. ‘തുറന്നു പറച്ചിലു’കളുടെ ശക്തി അതിലുണ്ട്. താരാഭാരതിയുടെ കവിത വായിച്ച് ഞാൻ ഈ പുസ്തകം വായിച്ചു നിർത്തുന്നു,അനേകം വായനകൾക്കായി ഇനിയും തുറക്കാൻ:

ഇവിടെ
പുഴകൾക്ക്
കാറ്റിന്
മഴയ്ക്ക്
മരത്തിന്
ഒക്കെ ലഭിക്കുന്ന സ്വാതന്ത്ര്യം …

ഒരു പുഴ
അതിർത്തി കടന്നു എന്ന
കാരണത്താൽ

പുഴയെ ആരെങ്കിലും
മോഷ്ടിക്കാറുണ്ടോ?

ഒരു കാറ്റ്
വീശുമ്പോൾ
അതിനെ വേലി കെട്ടി
തടഞ്ഞു നിർത്താൻ ആരെങ്കിലും ശ്രമിക്കുമോ?

മഴമേഘങ്ങൾ
നമ്മുടെ അതിർത്തിയിൽ
കെട്ടിയിട്ടുള്ള
വലിയ മതിലുകൾ കടന്നു വരുമ്പോൾ
അതിനെ നമ്മൾ തടയാൻ ശ്രമിക്കാറുണ്ടോ?
മഴ
ഏതെങ്കിലും
പട്ടണങ്ങളിൽ പെയ്തു വരുമ്പോൾ
നമുക്ക് തടയാൻ പറ്റുമോ?

ഒരു മരത്തിൻ്റെ
വേരുകൾ
മറ്റൊരു രാജ്യത്തേക്ക്
പടരുമ്പോൾ
ആ കാരണം കൊണ്ട്
ആ മരം
വെട്ടുമോ?

Add a Comment

Your email address will not be published. Required fields are marked *