eid2

വായന കൊണ്ട് വായിൽപ്പോകില്ല!

അക്ഷരം പഠിപ്പിച്ചത് പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപികയാണെന്ന് ആദരവോടെ ഓർക്കുന്നുവെങ്കിലും , എന്നെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചതിൽ ഒരധ്യാപകർക്കും പങ്കില്ല. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ‘കഥകളും ജീവിതങ്ങളും ‘നിറഞ്ഞ പുസ്തകങ്ങളോട് താൽപര്യം തോന്നിത്തുടങ്ങിയ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലൈബ്രറിയുടെ ചാർജ് ഉള്ള അദ്ധ്യാപകൻ ‘നിധി കാക്കുന്ന ഭൂത’മായി പുസ്തകങ്ങൾ പരമാവധി വിദ്യാർത്ഥികളെക്കൊണ്ട് തൊടീക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്കൂൾലൈബ്രറി ഞങ്ങൾക്ക് പുസ്തകങ്ങളുടെ ഒരു മോർച്ചറിയായിത്തോന്നി.

എന്റെ നാടായ പുന്നച്ചേരിയിൽ ഭാസ്ക്കരേട്ടനെന്നും തമ്പാനെട്ടാണെന്നും ഞങ്ങൾ വിളിക്കുന്ന സഹോദരങ്ങൾ നടത്തുന്ന പീടികയായിരുന്നു ഞങ്ങളുടെ ആദ്യ വായനശാല.റേഡിയോ പരിപാടികൾ കേട്ടിരുന്നതും അവിടെനിന്ന് തന്നെ. ഒരേ കെട്ടിടത്തിലെ രണ്ടര മുറിയിൽ ഭാസ്ക്കരേട്ടന്റെ ചായപ്പീടികയും തമ്പാനേട്ടന്റെ തയ്യൽക്കടയും ഞങ്ങളുടെ നാട്ടിലെ സൗഹൃദത്തിന്റെയും കൂടിച്ചേരലിന്റെയും കേന്ദ്രമായി. മലയാളമനോരമ ,മാതൃഭൂമി ദിനപത്രങ്ങളും വാരികകളും അവിടെ വരുത്തിയിരുന്നു. അക്കാലത്തു ഇന്നത്തെപ്പോലെ എല്ലാ വീടുകളിലും പത്രങ്ങൾ വരുത്തിയിരുന്നില്ല. ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. വയറുനിറഞ്ഞിട്ടുവേണ്ടേ മനസ്സ് നിറയ്ക്കാൻ. മനോരമ വാരിക വായിക്കാൻ പ്രത്യേകിച്ചും അതിലെ നോവലുകൾ വായിക്കാൻ ധാരാളം പേരുണ്ടായിരുന്നു. മാതൃഭൂമി വാരിക വായിക്കുന്നവർ അപൂർവം ചിലർ മാത്രം. അതിന് കാശ് മുടക്കുന്ന തമ്പാനേട്ടനോ ഭാസ്ക്കരേട്ടനോപോലും അത് വായിക്കാറില്ല. അതുകൊണ്ടുതന്നെ മാതൃഭൂമി വാരിക എപ്പോഴും വായിക്കാൻ ലഭ്യമായിരുന്നു. സി. രാധാകൃഷ്ണന്റെ ‘ഒറ്റയടിപ്പാതകൾ ‘ പോലുള്ള നോവലുകൾ ഖണ്ഡശഃ വായിച്ചതോർക്കുന്നു. എ എസ്സിന്റെ വരയും ശ്രദ്ധിച്ചിരുന്നു.

നാട്ടിൽ ‘ ജയ് ഭാരത് ‘എന്ന പേരിൽ ഒരു ക്ലബ്ബ് ഉണ്ടായിരുന്നു. അതിന്റെ വാർഷികത്തിന് ഒരു നാടകം കളിക്കുമെന്നതൊഴിച്ചാൽ സാഹിത്യത്തിലോ വായനയിലോ ആർക്കും താല്പര്യമൊന്നുമുണ്ടായിരുന്നില്ല.എന്റെ കൗമാരമാകുമ്പോഴേക്കും ‘ജയ് ഭാരത് ‘ ക്ലബ്ബ് സായ്‌പിന്റെ കോട്ടിട്ട് ‘ഷൈനിങ് സ്റ്റാർ ‘ആയി മാറിയിരുന്നു. ആ ക്ലബ്ബ് വാർഷിക നാടക വഴിപാടിന് പുറമെ ജില്ലാ തല ഏകാങ്ക നാടക മത്സരവും നടത്തിയിരുന്നു. അപ്പോഴും സാഹിത്യവും വായനയുമൊക്കെ പടിക്കുപുറത്തു തന്നെ.

ആനുകാലികങ്ങളിൽനിന്ന് എന്റെ വായന മറ്റ് പുസ്തകങ്ങളിലേക്ക് തിരിഞ്ഞത് നാട്ടിലെ ഉന്മാദിയായ എഴുത്തുകാരൻ വർഗീസ് വഴിയാണ്. അദ്ദേഹം ക്ലബ്ബിനുവേണ്ടി നാടകങ്ങളും അതിലെ ഗാനങ്ങളും എഴുതിയിരുന്നു. വർഗീസ് എവിടെ നിന്നെല്ലാമോ പുസ്തകങ്ങൾ സംഘടിപ്പിച്ചു വായിച്ചും ചിന്തിച്ചും എഴുതിയും ഇടയ്ക്ക് മാനസികനില തെറ്റിയും അലഞ്ഞിരുന്നു. വർഗീസ് കൂട്ടായതോടെ എനിക്കും ചില പുസ്തകങ്ങൾ വായിക്കാൻ കിട്ടിയിരുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചു വർഗീസ് ഏറെ ഹൃദ്യമായി വിവരിക്കുമായിരുന്നു. ഖണ്ഡശ :യല്ലാതെ ആദ്യമായി ഞാൻ വായിച്ച നോവൽ പി. അയ്യനേത്തിന്റെ ‘കൊടുങ്കാറ്റും കൊച്ചുവള്ളവും ‘ആണ്.

‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ ‘ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ ‘കാലം ‘ ‘ആൾക്കൂട്ടം’ എന്നിവ വർഗീസ് കാലത്തെ വായനയാണ്. രണ്ടുമൂന്നുവട്ടം ആത്മഹത്യക്ക് ശ്രമിച്ച വർഗീസ് മൂന്നാം ശ്രമം ‘വിജയിച്ച് ‘ ഈ ഭൂമി വിട്ടുപോയി. അത് ഉള്ളുലച്ച അനുഭവമായിരുന്നു. ജീവിതം പോലെ കിടിലം കൊള്ളിക്കുന്ന മറ്റൊരു പുസ്തകമില്ലെന്ന് എനിക്കന്ന് ബോദ്ധ്യമായി.

വർഗ്ഗീസിൻ്റെ ആത്മഹത്യയോടെ എന്റെ വായന തൽക്കാലത്തേക്ക് നിന്നുപോയെങ്കിലും, യൗവനമായപ്പോഴേക്കും എന്നിലെ വായനക്കാരൻ ശക്തമായി തിരിച്ചുവന്നു. അപ്പോഴേക്കും മലയാളത്തിലെ മികച്ച ആനുകാലികങ്ങളെല്ലാം ഞാൻ സ്വന്തമായി വാങ്ങിത്തുടങ്ങിയിരുന്നു.
കണ്ണൂർ എസ്. എൻ. കോളേജിൽ പഠിച്ചിരുന്ന ബാബൂട്ടി എന്ന സുഹൃത്ത് എനിക്ക് വായിക്കാനായി മാത്രം പുസ്തകങ്ങൾ കൊണ്ടുവന്നു. അങ്ങനെ വായിച്ച പുസ്തകങ്ങളിൽ എം. സുകുമാരന്റെ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ ബഷീറിന്റെ ‘പാത്തുമ്മയുടെ ആട് ‘ എന്നിവ ഓർക്കുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തും സാംസ്ക്കാരിക വേദിയുമായുള്ള ബന്ധം എന്റെ വായനയെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോയി. ഫിക്ഷനപ്പുറത്തെ വായനയിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചത് പരിഷത്തും സാംസ്ക്കാരിക വേദിയുമായിരുന്നു. ‘പാവങ്ങൾ ‘കാരമസോവ് സഹോദരന്മാർ ‘ പിന്നെ ചില നാടകങ്ങളും കെ. വേണുവിന്റെ ‘പ്രപഞ്ചവും മനുഷ്യനും ‘ ഒക്കെ അതിതീവ്ര കാലത്തെ വായനയോർമയാണ്.

“വായനകൊണ്ട് വായിൽപ്പോകില്ല ” എന്ന് ഉപ്പ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. എന്റെ ഇക്കയും അനുജനും ജോലിതേടി കടൽ കടന്നിരുന്നു. ഞാനപ്പോഴും ‘ഉത്തരവാദിത്തമില്ലാതെ തെക്കോട്ട് വടക്കോട്ട് നടക്കുക'(ചില നാട്ടുകാരുടെയും ഉപ്പാന്റെയും ഭാഷ്യം )യും വായന തുടരുകയും സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ചില കേസുകളിൽ പെടുകയും ചെയ്തിരുന്നു. അതിനിടയിൽ പുന്നച്ചേരിയിൽ ഞങ്ങളൊരു വായനശാല തുടങ്ങിയിരുന്നു. നാടകം കളി മാത്രമല്ല വായനയും സമൂഹത്തിന് ആവശ്യമാണ് എന്ന് ബോധ്യം വന്ന ചില സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് 1984ൽ വായനശാല തുടങ്ങിയത്.

ദിനപത്രങ്ങൾക്ക് പുറമെ അന്ന് മലയാളത്തിലിറങ്ങുന്ന എല്ലാ ആനുകാലികങ്ങളും ഞങ്ങളവിടെ ലഭ്യമാക്കിയിരുന്നു. ഒരു വർഷംകൊണ്ട് ആ വായനശാല ഒരു ലൈബ്രറിയാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു. സ്ത്രീകളായിരുന്നു ലൈബ്രറി കൂടുതലും ഉപയോഗപ്പെടുത്തിയിരുന്നത്.
അങ്ങനെയിരിക്കെ എന്റെ സാഹിത്യ -സാംസ്ക്കാരിക പ്രവർത്തനത്തിനും, സ്വതന്ത്ര സഞ്ചാരത്തിനും തടയിടാനായി ബഹ്‌റൈനിൽനിന്നൊരു വിസയെത്തി. പ്രവാസം എന്റെ വായനയെ ഇല്ലാതാക്കുമോ എന്ന ആശങ്കയോടെ 1987ലെ ഓണക്കാലത്തു ഞാൻ ബഹ്റൈനിലേക്ക് വിമാനം കയറി. Pearl of the Gulf എന്നറിയപ്പെടുന്ന കൊച്ചു രാജ്യമാണ് ബഹ്‌റൈൻ.അന്ന് മലയാള ദിനപത്രങ്ങൾ ഒന്നോ രണ്ടോ ദിവസം വൈകിയാണ് ബഹ്‌റൈനിൽ ലഭിച്ചിരുന്നത്. ആനുകാലികങ്ങളും അതിനനുസരിച്ചു വൈകിയിരുന്നു. വൈകിയാലും അവ ലഭിക്കുന്നു എന്നതോരാശ്വാസമായിരുന്നു.

പ്രവാസികളിൽ ഭൂരിപക്ഷവും നല്ല വായനക്കാരൊന്നുമല്ലെങ്കിലും നല്ല എഴുത്തുകാരായിരുന്നു അക്കാലത്തു -നല്ല കത്തെഴുത്തുകാർ !അവരുടെ കത്തുകളിൽ പ്രണയവും വിരഹവും ചിലപ്പോൾ ദൈന്യവും മുന്തി നിന്നിരുന്നു. ബഹ്‌റൈനിലെ മനാമയിൽ അപ്പോൾ കേരള സമാജം ഉണ്ടായിരുന്നു. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനൊക്കെ എത്തുന്നതിന് മുൻപുള്ള ബഹ്‌റൈൻ ആയിരുന്നു. ഞാൻ താമസിച്ചിരുന്ന വെസ്റ്റ് റിഫയിൽനിന്ന് മനാമയിലേക്ക് ദൂരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വായനക്കും മറ്റുമായി എനിക്ക് കേരള സമാജത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ജോലി സമയത്തും അല്ലാതെയും എനിക്ക് വായിക്കാൻ സമയം കിട്ടിയിരുന്നു. തൃശൂർക്കാരായ ചാക്കോയും അക്ബറും സാഹിത്യ തല്പരരും വായനക്കാരുമായിരുന്നു. ഞങ്ങൾ പരസ്പരം പുസ്തകങ്ങൾ കൈമാറി വായിച്ചു. ‘പ്രകൃതി നിയമം’ ‘കണ്ണീരും കിനാവും ‘എന്നിവ അക്കാലത്തെ വായനയിൽനിന്ന് ഓർമ്മിച്ചെടുക്കാവുന്നതാണ്.

1995ൽ ബഹ്‌റൈൻ കാലത്തുതന്നെ ഷെൽവിയുടെ ‘മൾബറി’ ബുക്സിൽ ഞാനൊരു എമ്പറർ മെമ്പർഷിപ്പ് എടുത്തിരുന്നു. ആ മൾബറികാലത്താണ് ഖലീൽ ജിബ്രാനെയും ജിദ്ദു കൃഷ്ണമൂർത്തിയെയും വായിക്കുന്നത്. ഒരു അവധിക്കാലത്തു ഷെൽവിയോടൊപ്പം എം. ടിയെ കാണാൻ പോയതും ഓർക്കുന്നു. വർഗീസിന്റെ ആത്മഹത്യ എന്നപോലെ ഷെൽവിയുടെ ആത്മഹത്യയും എന്റെ വേദനയായി. വായനക്കാർക്ക് ഇങ്ങനെയും ഒരു വിധിയോ? പകുതിയിൽ അടച്ചു വെക്കുന്ന പുസ്തകങ്ങളാണ് ചില ജീവിതങ്ങൾ.

ബഹ്‌റൈൻ വിട്ട് ദുബായിൽ എത്തിയപ്പോൾ വായന മന്ദീഭവിച്ചുവെങ്കിലും ദുബായ് ശൈഖ് കോളനിയിൽ ഷോപ്പുള്ള കാരശ്ശേരിക്കാരൻ കാസിമിനെ പരിചയപ്പെട്ടതോടെ വായന പിന്നെയും തുടർന്നു. കാസിമിന്റെ കടയ്ക്കടുത്തു മലയാള പ്രസിദ്ധീകരണങ്ങൾ വിൽക്കുന്ന അച്ചായനിൽനിന്നും പുസ്തകങ്ങൾ ലഭ്യമായി.

പ്രവാസ ജീവിതത്തിനിടയിൽ നാട്ടിൽ അവധിക്കുവന്നു തിരിച്ചു പോകുമ്പോൾ കൊണ്ടുപോയിരുന്നത് അച്ചാറും കായ വറുത്തതുമല്ല, പുസ്തകങ്ങളാണ്. ഒരു ഖേദം മാത്രം കൊണ്ടുപോയത്രയും പുസ്തകങ്ങൾ തിരിച്ചു കൊണ്ടുവരാനായില്ല. എയർപോർട്ടിൽ കൊടുക്കേണ്ട ലഗേജ് ചാർജ് താങ്ങാനാവുമായിരുന്നില്ല.

ഫഹദ് ബിൻ അബ്ദുള്ള എന്ന റാസ് അൽഖൈമക്കാരൻ സഹൃദയനായ അറബിയാണ്. അദ്ദേഹം ദുബായിൽ ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഇടക്കൊക്കെ വന്നു താമസിക്കുമായിരുന്നു. അദ്ദേഹത്തിന് സാഹിത്യത്തിലും സംഗീതത്തിലും താല്പര്യമുണ്ടായിരുന്നു.അദ്ദേഹം കോഴിക്കോടും കൊച്ചിയിലുമൊക്കെ വന്നിട്ടുണ്ട്. നമ്മുടെ സുൽത്താൻ ബഷീറിനേക്കുറിച്ചു കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു. സൗഹൃദം വളർന്നപ്പോൾ അദ്ദേഹമെന്നെ റാസ് അൽ ഖൈമയിലെ വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിൽ വലിയൊരു ലൈബ്രറി തന്നെയുണ്ടായിരുന്നു. അമൃതാപ്രീതം ,ആർ. കെ. നാരായൺ തുടങ്ങിയ ഇന്ത്യൻ എഴുത്തുകാരുടേതടക്കം വിദേശ എഴുത്തുകാരുടെ പുസ്തകങ്ങൾ അറബി പുസ്തകത്തോടൊപ്പം ഞാൻ കണ്ടു. അദ്ദേഹം നല്ലൊരു വായനക്കാരൻ മാത്രമല്ല ഇന്ത്യൻ അറബ് ബന്ധത്തെ ആദരവോടെ കാണുന്നയാൾ കൂടിയായിരുന്നു.

ഞാൻ പ്രവാസത്തിനിടയിൽ പരിചയപ്പെട്ട പല നാട്ടുകാർക്കും അവരുടെ നാട്ടിലെ എഴുത്തുകാരെക്കുറിച്ചുപോലും അറിയില്ലായിരുന്നു.
ഈജിപ്ത്കാരോട് നജീബ് (നഗീബ് എന്നാണ് അവർ ഉച്ചരിക്കുക)മെഹ്‌ഫുസിനെക്കുറിച്ചും, തുർക്കിക്കാരോട് ഓർഹൻ പാമുക്കിനെയും കുറിച്ചു ചോദിക്കരുത്. ഭൂരിപക്ഷവും അവരെക്കുറിച്ചു സംസാരിക്കാനേ താല്പര്യം കാണിക്കില്ല എന്നുള്ളതാണ് എന്റെ അനുഭവം.
പക്ഷെ റഷ്യക്കാർ അവരുടെ നാട്ടിലെ എഴുത്തുകാരെക്കുറിച്ചു താല്പര്യത്തോടെ സംസാരിക്കും. പുതിയ തലമുറ പോലും ടോൾസ്റ്റോയിയെയും പുഷ്കിനെയും ആദരവോടെ കാണുന്നു. ലബനാൻകാരും ഖലീൽ ജിബ്രാനെക്കുറിച്ചും മറ്റും ആദരവോടെ ആരാധനയോടെ ഇപ്പോഴും സംസാരിക്കുന്നു.

മലയാളികളായ പ്രവാസി എഴുത്തുകാരെയൊന്നും ഗൾഫിൽവെച്ച് എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. മലയാളികളുടെ അക്ഷരോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽവെച്ചു പലരെയും കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും.
U A E കാരനായ അറബ് കവി ശിഹാബ് ഗാനത്തെ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. മലയാളത്തെയും മലയാളിയെയും ഹൃദയത്തോട് ചേർത്തുവെക്കുന്ന അദ്ദേഹത്തിന് സച്ചിദാനന്ദനടക്കം പല മലയാളം എഴുത്തുകാരും സുഹൃത്തുക്കളാണ്. ശ്രീ നാരായണ ഗുരുവിന്റെ ‘ദൈവദശകം ‘അദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

ഇപ്പോൾ വായനയുടെ ആഹ്ലാദങ്ങൾക്ക് ലോക് ഡൗൺ ഒരു അതിർത്തി രേഖ വെച്ചിട്ടുണ്ട്. ആനുകാലിക വായനകൾ കുറഞ്ഞു. പുതിയ കഥകൾ വായിക്കാൻ ന്യൂസ് സ്റ്റാൻറുകളിലേക്കു നടത്തുന്ന ആഴ്ച യാത്രകൾ ഇല്ല. വായനക്കാർ പുതിയ കരകൾ കണ്ടെത്തുകയാണ്.’ഒരടി പോലും നീങ്ങാതെ ലോകസഞ്ചാരം നടത്താനാവുന്ന ‘വായന ഇപ്പോഴും തുടരാൻ കഴിയുന്നു എന്നതാണ് ജീവിതത്തിലെ സന്തോഷവും സംതൃപ്തിയും !

Add a Comment

Your email address will not be published. Required fields are marked *