footbal2

ഫുട്ബോൾ പോൺ

മരുഭൂമിയിലെ
കാൽപ്പന്തു മാന്ത്രികർ
രണ്ട്:

‘ഫുട്ബോൾ പോൺ’

ടി. സാലിം

റബാഹ് മാജിറിനെയും ലഖ്ദര്‍ ബലൂമിയെയും ലോകകപ്പിന് എങ്ങനെയാണ് മറക്കാനാവുക? 1982 ലെ സ്‌പെയിന്‍ ലോകകപ്പില്‍ ലോക ഫുട്‌ബോളിന്റെ അധികാരശ്രേണിയെ പിടിച്ചുലച്ച ടീമായിരുന്നു മാജിറിന്റെയും ബലൂമിയുടെയും അള്‍ജീരിയ. ആ ലോകകപ്പിന്റെ പ്രിയ ടീമായിരുന്നു അവര്‍.

കാള്‍ ഹയ്ന്‍സ് റൂമനിഗ്ഗെയുടെയും ഹോര്‍സ്റ്റ് ഹ്രൂബേഷിന്റെയും പശ്ചിമ ജര്‍മന്‍ നെടുങ്കോട്ടയുടെ നെഞ്ചു പിളര്‍ത്തി അവര്‍. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ചിലെയെ 3-2 ന് ഞെട്ടിച്ചു. യൂറോപ്യന്‍ വമ്പന്മാരുടെ കള്ളക്കളി വേണ്ടി വന്നു അള്‍ജീരിയന്‍ ഗ്രീന്‍സിന്റെ കുതിപ്പ് തടയാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു കളി ജയിച്ചിട്ടും നോക്കൗട്ടിലേക്ക് മുന്നേറാതിരുന്ന ആദ്യ ടീമായി അള്‍ജീരിയ.

എണ്‍പതുകളിലെ അള്‍ജീരിയന്‍ ഫുട്‌ബോള്‍ തലമുറ ഏത് വമ്പന്മാരോടും കിടപിടിക്കാന്‍ കെല്‍പുള്ളവരായിരുന്നു. 1982 ല്‍ അള്‍ജീരിയയുടെ താരസമ്പന്നമായ ടീമിനെ ജര്‍മനി പുറത്താക്കിയത് പരസ്യമായി കള്ളക്കളി കളിച്ചാണ്. റബാഹ് മാജിറും ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായിരുന്ന ലഖ്ദര്‍ ബലൂമിയുമടങ്ങുന്ന അള്‍ജീരിയന്‍ നിര 1982 ലെ മികച്ച ടീമുകളിലൊന്നായിരുന്നു.
പശ്ചിമ ജര്‍മനിയെ അവര്‍ ആദ്യ മത്സരത്തില്‍ 2-1 ന് അട്ടിമറിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാരായിരുന്നു ജര്‍മനി. യോഗ്യതാ റൗണ്ടിലെ എട്ടു കളികളും ജയിച്ചു വന്ന ടീമാണ്. ആ അഹങ്കാരത്തോടെയാണ് അവര്‍ അള്‍ജീരിയയെ നേരിട്ടത്.

അള്‍ജീരിയക്കെതിരായ ഏഴാമത്തെ ഗോള്‍ ഭാര്യമാര്‍ക്കും എട്ടാമത്തെ ഗോള്‍ തങ്ങളുടെ പട്ടികള്‍ക്കും സമര്‍പ്പിക്കുമെന്നാണ് മത്സരത്തലേന്ന് ഒരു ജര്‍മന്‍ താരം പ്രഖ്യാപിച്ചത്. സിഗരറ്റ് വലിച്ചു കൊണ്ട് കളിക്കാന്‍ സാധിക്കുമോയെന്നാണ് മറ്റൊരു കളിക്കാരന്‍ ചോദിച്ചത്. പശ്ചിമ ജര്‍മനി ഈ കളി തോല്‍ക്കുകയാണെങ്കില്‍ അടുത്ത ട്രെയിനിൽ തിരിച്ചുപോവുമെന്ന് കോച്ച് ജെപ് ദര്‍വാള്‍ പ്രഖ്യാപിച്ചു.

അതിന് ഐതിഹാസികമായ തിരിച്ചടി കിട്ടി. മാജിറും ബലൂമിയുമാണ് ഗോളടിച്ചത്. അടുത്ത മത്സരത്തില്‍ ഓസ്ട്രിയയോട് 0-2 ന് തോറ്റു. എങ്കിലും അവസാന മത്സരത്തില്‍ ചിലെയെയും അവര്‍ വീഴ്ത്തി. ചിലെക്കെതിരെ ആദ്യ പകുതിയില്‍ 3-0 ന് അള്‍ജീരിയ മുന്നിലെത്തിയിരുന്നു. ആദ്യത്തെ ഗോള്‍ അതിമനോഹരമായ ടീം ഗോളായിരുന്നു. പക്ഷേ ജര്‍മനി അടുത്ത കളിയില്‍ 4-1 ന് ചിലെയെ തകര്‍ത്തു. അതോടെ അള്‍ജീരിയ, ജര്‍മനി, ഓസ്ട്രിയ ടീമുകളില്‍ ഒന്ന് പുറത്താവുമെന്നുറപ്പായി. രണ്ടാം റൗണ്ടിലേക്ക് മുന്നേറുന്ന ടീമുകളെ നിശ്ചയിക്കുന്നത് ഓസ്ട്രിയയും ജര്‍മനിയും തമ്മിലുള്ള ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു. പശ്ചിമ ജര്‍മനിക്കെതിരെ ഓസ്ട്രിയ തോല്‍വി ഒഴിവാക്കിയാല്‍ മതിയായിരുന്നു അള്‍ജീരിയക്ക് രണ്ടാം റൗണ്ടിലെത്താന്‍. പശ്ചിമ ജര്‍മനി 1-0 ന് ജയിച്ചാല്‍ ഓസ്ട്രിയയും പശ്ചിമ ജര്‍മനിയും മുന്നേറും, അള്‍ജീരിയ പുറത്താവുകയും ചെയ്യും.

ജര്‍മനിയെ നാലു വര്‍ഷം മുമ്പ് ലോകകപ്പില്‍ ഓസ്ട്രിയ തോല്‍പിച്ചിട്ടുണ്ട്. ജര്‍മനിക്കെതിരെ കളിക്കുമ്പോള്‍ ഓസ്ട്രിയക്ക് എന്നും ഇരട്ടി ആവേശമാണെന്ന് കോച്ച് ജോര്‍ജ് ഷ്മിറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സ്പാനിഷ് നഗരമായ ഗിഹോണ്‍ കണ്ടത് അള്‍ജീരിയയെ പുറത്താക്കാന്‍ രണ്ട് യൂറോപ്യന്‍ ടീമുകള്‍ നഗ്നമായി ഒത്തുകളിക്കുന്നതാണ്.

തുടക്കത്തില്‍ പശ്ചിമ ജര്‍മനി നിരന്തരമായി ആക്രമിച്ചു. പത്താം മിനിറ്റില്‍ ഹോസ്റ്റ് ഹ്രൂബേഷിലൂടെ അവര്‍ ലീഡ് നേടി. അതോടെ കളി അവസാനിച്ചു. പിന്നീടുള്ള 80 മിനിറ്റ് കളിക്കാര്‍ നിര്‍ലജ്ജം പന്തു തട്ടി നിന്നു. കളിയില്ലാക്കളി കണ്ട് കാണികള്‍ ഞെട്ടി. ഇടവേളക്ക് പിരിഞ്ഞപ്പോള്‍ ജര്‍മന്‍ കളിക്കാരന്‍ ഓസ്ട്രിയന്‍ കളിക്കാരന്റെ ചുമലില്‍ കൈയിട്ട് കുശലം പറഞ്ഞു.

അമ്പത്തിരണ്ടാം മിനിറ്റില്‍ റൂമനിഗ്ഗെ ഹാഫ് ലൈനില്‍ നിന്ന് പിന്‍നിരയിലേക്ക് നീട്ടി പന്ത് പാസ് ചെയ്തു. തൊട്ടുപിന്നാലെ ഓസ്ട്രിയയുടെ ഹാന്‍സ് ക്രാന്‍കലും അതു തന്നെ ചെയ്തു. അതോടെ അള്‍ജീരിയന്‍ കാണികള്‍ ഇളകി. കളിക്കാര്‍ക്കു നേരെ കറന്‍സി നോട്ടുകളും വെളുത്ത തൂവാലകളും വീശി, പണം വാങ്ങിയാണ് കളിക്കുന്നതെന്നും തങ്ങള്‍ കീഴടങ്ങിയെന്നും സൂചന നല്‍കാന്‍. ആതിഥേയരായ സ്‌പെയിന്‍കാര്‍ ‘ഫ്യുയേറ, ഫ്യുയേറ’ (പുറത്ത് പോ, പുറത്ത് പോ) എന്ന് ആര്‍ത്തുവിളിച്ചു. നിരാശനായ ഒരു ജര്‍മന്‍കാരന്‍ സ്വന്തം ദേശീയ പതാക കത്തിച്ചു. ടി.വി ഓഫ് ചെയ്യാന്‍ ഓസ്ട്രിയന്‍ കമന്റേറ്റര്‍ എബര്‍ഹാഡ് സ്റ്റാന്യേക് കാണികളെ ഉപദേശിച്ചു. ഇവിടെ നടക്കുന്നത് ഫുട്‌ബോളല്ലെന്ന് തുറന്നു പ്രഖ്യാപിച്ചു. കളി തീര്‍ന്നു കിട്ടിയത് എന്തൊരു ആശ്വാസമാണെന്ന് ഐ.ടി.വിയുടെ ഹ്യൂ ജോണ്‍സ് പറഞ്ഞു. പിറ്റേന്ന് പശ്ചിമ ജര്‍മന്‍ പത്രങ്ങള്‍ സ്വന്തം ടീമിനെ നിര്‍ത്തിപ്പൊരിച്ചു. ഷെയിം ഓണ്‍ യൂ എന്നാണ് ഒരു പത്രം തലക്കെട്ടെഴുതിയത്. ഇത് ഫുട്‌ബോള്‍ പോണ്‍ ആണെന്ന് ഒരു ഡച്ച് പത്രം അഭിപ്രായപ്പെട്ടു.

പക്ഷെ ഇരു ടീമുകളും തരിമ്പ് പോലും കുറ്റബോധം കാണിച്ചില്ല. ഫുട്‌ബോള്‍ കളിക്കുകയല്ല, അടുത്ത റൗണ്ട് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജര്‍മന്‍ കോച്ച് ദെര്‍വാള്‍ പറഞ്ഞു. ഞങ്ങള്‍ മുന്നേറി, അതാണ് കാര്യമെന്ന് ജര്‍മന്‍ താരം ലോതര്‍ മത്തായൂസ് ന്യായീകരിച്ചു. ഓ്‌
ഓസ്ട്രിയന്‍ സംഘത്തിലെ ഹാന്‍സ് ഷാക്കാണ് ഞെട്ടിച്ചത്. അദ്ദേഹം പറഞ്ഞു: പതിനായിരത്തോളം മരുഭൂമിയുടെ മക്കള്‍ സ്‌റ്റേഡിയത്തില്‍ വന്ന് ബഹളമുണ്ടാക്കുന്നുവെങ്കില്‍ അവിടെ പാഠശാലകള്‍ കുറവാണെന്നേ അര്‍ഥമുള്ളൂ… ചില ഷെയ്ഖുമാര്‍ക്ക് ലോകകപ്പില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടുമ്പോഴേക്കും അലറി വിളിക്കാമെന്നാണ് വിചാരം”.

ഒത്തുകളിക്കെതിരെ അള്‍ജീരിയ ഫിഫക്ക് പരാതി നല്‍കി. മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷം പരാതി തിരസ്‌കരിക്കപ്പെട്ടു. രണ്ട് വന്‍ശക്തികള്‍ ഒത്തുകളിച്ചിട്ടാണ് തങ്ങള്‍ പുറത്തുപോവുന്നതെന്നത് അള്‍ജീരിയന്‍ ഫുട്‌ബോളിന് ലഭിക്കുന്ന അംഗീകാരമാണെന്ന് റൈറ്റ്ബാക്ക് ശഅബാന്‍ മെര്‍സികാന്‍ പറഞ്ഞു.
എങ്കിലും ഫുട്‌ബോളില്‍ കാതലായ മാറ്റത്തിന് ആ മത്സരം വഴിയൊരുക്കി. 1984 ലെ യൂറോ കപ്പ് മുതല്‍ ഒരു ഗ്രൂപ്പിലെ അവസാന മത്സരങ്ങളെല്ലാം ഒരേ സമയമാക്കി. എത്ര ഗോളിന് ജയിച്ചാല്‍ മുന്നേറാമെന്ന് ടീമുകള്‍ നേരത്തെ അറിയുന്നത് ഒഴിവാക്കാനും ഒത്തുകളി തടയാനുമായിരുന്നു ഇത്. വിജയത്തെക്കാള്‍ വലുതാണ് അള്‍ജീരിയ കാരണം വന്ന ഈ മാറ്റമെന്ന് ലഖ്ദര്‍ ബലൂമി അഭിപ്രായപ്പെട്ടു. അള്‍ജീരിയ ലോകകപ്പ് ചരിത്രത്തില്‍ മായ്ക്കാനാവാത്ത മാറ്റത്തിന് കാരണമായി.

മൂന്നു തവണ കൂടി അള്‍ജീരിയ ലോകകപ്പ് കളിച്ചു. 1986 ലും 2010 ലും 2014 ലും. 2014 ല്‍ അവര്‍ പ്രി ക്വാര്‍ട്ടറിലേക്ക് അവസാനം മുന്നേറുക തന്നെ ചെയ്തു. അവിടെ ജര്‍മനിയോട് പകരം വീട്ടാന്‍ അവസരം കിട്ടുകയും ചെയ്തു. പക്ഷെ ഇത്തവണ ജര്‍മനി ജയിച്ചു. ബ്രസീലില്‍ അവര്‍ ലോകകപ്പുയര്‍ത്തുകയും ചെയ്തു.

അറിയാമോ? മിഷേല്‍ പ്ലാറ്റീനിക്കൊപ്പം കളിക്കാന്‍ യുവന്റസും ബാഴ്സലോണയും വരെ ക്ഷണിച്ചിട്ടും ലഖ്ദര്‍ ബലൂമി ഒരിക്കലും അള്‍ജീരിയ വിട്ടില്ല. കരിയറിലെ അവസാന ഒരു വര്‍ഷം ഖത്തറില്‍ കളിച്ചു.

Add a Comment

Your email address will not be published. Required fields are marked *