arabikalude

‘അറബികളുടെ മറഡോണ ‘ മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ

‘അറബികളുടെ മറഡോണ’ മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ

ഖത്തർ ലോകകപ്പിന് ഒരു വർഷം. ലോക ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ കളിയെഴുത്തുകൾക്ക് കൂടി മരുഭൂമിയിലെ ലോകകപ്പ് തുടക്കം കുറിക്കും. റീഡ് വിഷനിൽ ടി. സാലിം എഴുതുന്ന ഫുട്ബോൾ കുറിപ്പുകൾ വായിക്കാം.

ടി. സാലിം

ലോകകപ്പ് ചരിത്രത്തില്‍ അറബ് ദേശത്തിന്റെ പാദമുദ്രയായിരുന്നു ആ ഗോള്‍. ആരാലുമറിയപ്പെടാത്ത ലോകകപ്പിനെത്തിയ സഈദ് അല്‍ ഉവൈറാന്‍ എന്ന സ്‌ട്രൈക്കര്‍ക്ക് 1994 ല്‍ ബെല്‍ജിയത്തിനെതിരായ ആ മത്സരം കഴിഞ്ഞതോടെ അറബികളുടെ മറഡോണ എന്ന പേരു വീണു. ലോകകപ്പ് അരങ്ങേറ്റത്തില്‍ സൗദി പ്രി ക്വാര്‍ട്ടറിലേക്കു മുന്നേറി. പിന്നീടൊരിക്കലും ആ ഉയരങ്ങളിലെത്താന്‍ സൗദിക്കു സാധിച്ചില്ല. പിന്നീട് മൂന്ന് ലോകകപ്പ് കളിച്ചെങ്കിലും ആദ്യ റൗണ്ട് കടന്നില്ല. ഉവൈറാന്റെ കരിയറിനും ആ ഹിമാലയത്തില്‍നിന്ന് പിന്നീട് ചെങ്കുത്തായ ഇറക്കമായിരുന്നു.

നെതര്‍ലാന്റ്‌സിനോട് അരങ്ങേറ്റ മത്സരത്തില്‍ 1-2 ന് തോറ്റ ശേഷം മൊറോക്കോയെ അട്ടിമറിച്ച സൗദിക്ക് രണ്ടാം റൗണ്ടിലെത്താന്‍ ബെല്‍ജിയത്തിനെതിരെ സമനില മതിയായിരുന്നു. പക്ഷേ 40 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുകയായിരുന്ന വാഷിംഗ്ടണിലെ ആര്‍.എഫ്.കെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഉവൈറാനിലൂടെ അവര്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു.

ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ അസാധാരണ ഗോള്‍ പോലെ അമ്പരപ്പിക്കുന്ന ഒറ്റയാന്‍ മുന്നേറ്റമായിരുന്നു അത്. സൗദി പെനാല്‍ട്ടി ബോക്‌സിനു മുന്നില്‍ നിന്നാണ് ഉവൈറാന്‍ കുതിപ്പ് തുടങ്ങിയത്. ആര്‍ക്കെങ്കിലും പാസ് ചെയ്യുമെന്നാണ് ബെല്‍ജിയംകാര്‍ പ്രതീക്ഷിച്ചത്. പക്ഷേ, മധ്യത്തിലൂടെ കൊടുങ്കാറ്റ് വേഗത്തില്‍ മിഡ്ഫീല്‍ഡര്‍ കുതിച്ചു. അഞ്ച് എതിരാളികളെ വെട്ടിച്ച് ബോക്‌സിലേക്കു കടന്ന ആ മുന്നേറ്റത്തില്‍ വിഖ്യാത ഗോളി മൈക്കിള്‍ പ്രൂഡ്‌ഹോമും നിസ്സഹായനായി. കളി തീരും മുമ്പേ ‘അറബികളുടെ മറഡോണ’ എന്ന് ഉവൈറാന് വിശേഷണം വീണു. ആ ഗോളില്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറിയ സൗദി പ്രി ക്വാര്‍ട്ടറില്‍ സ്വീഡനു മുന്നിലാണ് വീണത്.
ഗോള്‍ ഉവൈറാനെ വീരപുരുഷനാക്കി. സമ്മാനങ്ങള്‍ അയാളെ മൂടി. ഫഹദ് രാജാവ് ആഡംബര കാര്‍ സമ്മാനിച്ചു.
ഇരുതല മൂര്‍ച്ചയുണ്ടായിരുന്നു ആ ഗോളിന്. മഹത്തരം തന്നെയായിരുന്നു അത്. എന്നാല്‍ വലിയ ചതിക്കുഴിയും. കാരണം അതെന്നെ ശ്രദ്ധാകേന്ദ്രമാക്കി. എല്ലാ കണ്ണുകളും എന്നിലായിരുന്നു -ഉവൈറാന്‍ പിന്നീട് പറഞ്ഞു.

അച്ചടക്കമില്ലായ്മയിലേക്കാണ് അത് ഉവൈറൈനെ നയിച്ചത്. രാത്രി ജീവിതത്തിന്റെ ഉപാസകനായി ഉവൈറാന്‍. രണ്ട് സംഭവങ്ങള്‍ ഉവൈറാന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. അല്‍ ശബാബ് ക്ലബ്ബിന്റെ അനുമതിയില്ലാതെ മൊറോക്കോയിലെ കാസബ്ലാങ്കയില്‍ രണ്ടാഴ്ചത്തെ ഉല്ലാസത്തിന് അയാള്‍ പോയി. അതിന് പിഴയും മുന്നറിയിപ്പും ലഭിച്ചു. 1996 റമദാന്‍ പുണ്യകാലത്ത് വിദേശ സ്ത്രീകളും മദ്യവുമായി പിടിയിലായത് സൗദിയില്‍ പൊറുക്കാവുന്ന കുറ്റമായിരുന്നില്ല. അവര്‍ സുഹൃത്തുക്കളായിരുന്നുവെന്നും സംഭവം പൊലിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഉവൈറാന്‍ പറയുന്നു. ടീമില്‍നിന്ന് ഉവൈറാന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം കളിയില്‍ വിലക്കേര്‍പ്പെടുത്തി. ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ജയില്‍ എന്നു പറയുന്നതിനെക്കാള്‍ വീട്ടു തടങ്കല്‍ പോലെയായിരുന്നു അത്.

ആഴ്ചകളോളം ചോദ്യം ചെയ്യപ്പെട്ടു. പക്ഷെ , എല്ലാ സ്വാതന്ത്ര്യവുണ്ടായിരുന്നു. ആര്‍ക്കും ഉവൈറാനെ കാണാം. സ്വയം പരിശീലനം തുടര്‍ന്നു. ആറു മാസത്തിനു ശേഷം ശിക്ഷ അവസാനിപ്പിച്ചപ്പോള്‍ സുഹത്തുക്കള്‍ക്കൊപ്പം കളിച്ചു. സൗദി ടീം ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരാവുകയും 1998 ലെ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്യുന്നത് ഉവൈറാന് ടി.വിയില്‍ കാണേണ്ടി വന്നു. അക്കാലത്ത് താന്‍ ഇല്ലാതെ ദേശീയ ടീം കളിക്കുന്നതു കാണുന്നതായിരുന്നു ഏറ്റവും വലിയ ശിക്ഷയെന്ന് ഉവൈറാന്‍ പറഞ്ഞിട്ടുണ്ട്.

പക്ഷേ ഉവൈറാന്‍ ആ ദുരിത ഘട്ടം തരണം ചെയ്യുക തന്നെ ചെയ്തു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം മിഡ്ഫീല്‍ഡര്‍ ടീമില്‍ തിരിച്ചെത്തുകയും 1998 ലെ ലോകകപ്പ് സംഘത്തില്‍ പത്താം നമ്പര്‍ ജഴ്‌സി തിരിച്ചുപിടിക്കുകയും ചെയ്തു. പക്ഷെ പഴയ ഫോം അകന്നു നിന്നു. ഉവൈറാന്റെ നല്ല കാലം കഴിഞ്ഞിരുന്നു. 50 രാജ്യാന്തര മത്സരങ്ങളില്‍ ഉവൈറാന്‍ 24 ഗോളടിച്ചിട്ടുണ്ട്. ഫിഫയുടെ കണക്കില്‍ ലോകകപ്പ് ചരിത്രത്തിലെ മികച്ച ആറാമത്തെ ഗോളാണ് ഉവൈറാന്റേത്. ബി.ബി.സി അതിന് മൂന്നാം റാങ്ക് നല്‍കി. ലോകകപ്പ് കാലങ്ങളിലെല്ലാം ഉവൈറാന്‍ അനുസ്മരിക്കപ്പെടുന്നു. പക്ഷെ സ്വന്തം നാട് തന്നെ മറന്നുവെന്ന് ദുഃഖത്തോടെ ഉവൈറാന്‍ പറയുന്നു. വിടവാങ്ങല്‍ മത്സരം പോലും തനിക്കു വേണ്ടി സംഘടിപ്പിച്ചില്ലെന്ന് അദ്ദേഹം പിന്നീട് സങ്കടപ്പെട്ടു. ഫുട്‌ബോള്‍ കരിയര്‍ വിട്ട ശേഷം സ്വന്തം പെര്‍ഫ്യൂം ബിസിനസുമായി കഴിയുകയായിരുന്നു ഉവൈറാന്‍.

പ്രാദേശികവാദമാണ് സൗദി ഫുട്‌ബോളിന്റെ ശാപമെന്ന് ഉവൈറാന്‍ കരുതുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ പോലും സ്വന്തം പ്രദേശത്തുകാരല്ലാത്ത കളിക്കാരെ കൂവുന്ന സാഹചര്യം അസഹനീയമാണെന്ന് ഉവൈറാന്‍ പറയുന്നു. ഒരു ടൂര്‍ണമെന്റില്‍ ഉവൈറാന്‍ സ്വന്തം കാണികളുടെ കൂവലേറ്റു വാങ്ങിയതു കണ്ടപ്പോഴാണ് സാന്ത്വനവുമായി അല്‍ഇത്തിഹാദ് ക്ലബ് മേധാവിയായിരുന്ന മന്‍സൂര്‍ അല്‍ബുലൈവി സ്‌ട്രൈക്കറെ സമീപിക്കുന്നത്. 50,000 റിയാല്‍ സമ്മാനം നല്‍കി ഉവൈറാനെ അദ്ദേഹം ആശ്വസിപ്പിച്ചു. അവിടെ തുടങ്ങിയ ബന്ധം ഉറ്റ സൗഹൃദമായി വളര്‍ന്നു. വേള്‍ഡ് ഓള്‍ സ്റ്റാര്‍ ടീമിലെത്തിയ ആദ്യ അറബ് കളിക്കാരനായ ഉവൈറാന്‍ 1993 ലാണ് ഫോമിന്റെ പാരമ്യത്തിലെത്തിയത്. മികച്ച അറബ് കളിക്കാരനായും വേള്‍ഡ് ടോപ്‌സ്‌കോററായും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ക്ലബ്ബുകളില്‍നിന്ന് ക്ഷണം ലഭിച്ചെങ്കിലും സൗദി ഫെഡറേഷന്‍ അനുമതി നല്‍കിയില്ല. പാശ്ചാത്യ ജീവിതരീതിയുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന ഭയമായിരുന്നു കാരണം. പോയ നൂറ്റാണ്ടിലെ 30 മികച്ച ഏഷ്യന്‍ കളിക്കാരുടെ പട്ടികയില്‍ ഉവൈറാനുണ്ട്.

പക്ഷെ ആ ഗോളാണ് ഉവൈറാന് ലോകകപ്പ് ചരിത്രത്തില്‍ താര സിംഹാസനം നേടിക്കൊടുത്തത്. വേള്‍ഡ് സോക്കര്‍ മാഗസിന്‍ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഈ ഗോളിന്. മുന്നില്‍ മറഡോണയുടെ രണ്ടു ഗോളുകള്‍ മാത്രം.

Add a Comment

Your email address will not be published. Required fields are marked *