tribute-ibrahimhaji

പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ദൈവം നിങ്ങളെ വിജയത്തിലെത്തിക്കും

പി.എ. ഇബ്രാഹിം ഹാജി
ജീവിതം പറയുന്നു

ഇന്ന് അന്തരിച്ച പ്രവാസി വ്യവസായ പ്രമുഖൻ പി.എ.ഇബ്രാഹിം ഹാജി ‘ഒലിവ് ‘ ബുക്സിൻ്റെയും വ്യക്തിപരമായി എൻ്റെയും ആത്മബന്ധുവായിരുന്നു. ജീവിതത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുകൾ വെച്ചു പുലർത്തിയ ധിഷണാശാലിയായ ഒരു വ്യവസായിയായിരുന്നു, പി.എ.ഇബ്രാഹിം ഹാജി.വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകിയ അദ്ദേഹം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പലർക്കും ആശ്രയവുമായിരുന്നു. വടക്കേ മലബാറിൽ നിന്ന് തുടങ്ങിയ ആ ജീവിതയാത്ര ശ്രദ്ധേയമായ പല സംരംഭങ്ങൾക്കും തുടക്കമിട്ടു. എത്രയോ പേർക്ക് അന്നവും അഭയവും നൽകി.

പി. എ. ഇബ്രാഹിം ഹാജിയുടെ ജീവിത കഥ ‘ഒലിവിനെ ‘യാണ് പ്രസി ദ്ധീകരിക്കാനേൽപിച്ചത്.മലയാളത്തിലും ഇംഗ്ലീഷിലുമായി ഉടൻ പുറത്തിറങ്ങുന്ന പുസ്തകത്തിലെ ഒരു ഭാഗം ,പി. എ. ഇബ്രാഹിം ഹാജിയുടെ സ്നേഹം നിറഞ്ഞ ഓർമകൾക്കു മുന്നിൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.

ഡോ.എം.കെ.മുനീർ
മാനേജിങ്ങ് എഡിറ്റർ


പ്രവർത്തിക്കാൻ തീരുമാനിച്ചാൽ
ദൈവം നിങ്ങളെ
വിജയത്തിലെത്തിക്കും

പി.എ.ഇബ്രാഹിം ഹാജി

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഓർമ്മയെക്കുറിച്ചു പറഞ്ഞു തുടങ്ങാം. എല്ലാവരുടെയും ഓർമകളിൽ കുട്ടിക്കാലത്തേക്ക് മനസ്സിനെ പിടിച്ചു കൊണ്ടു പോകുന്ന ഹൃദയസ്പർശിയായ ചില പ്രകൃതി ചിത്രങ്ങളുണ്ടാവും.വടക്കും തെക്കും ഒഴുകുന്ന പുഴകൾക്കും പടിഞ്ഞാറ് അറബിക്കടലിനുമിടയിലാണ് എൻ്റെ ജന്മഗ്രാമമായ, പള്ളിക്കര. ഞങ്ങളുടെ നാട്ടിൽ ധാരാളമായി പുകയില കൃഷി ചെയ്യുമായിരുന്നു.പല നാടുകളിലേക്കും അവ കയറ്റുമതി ചെയ്തു. പിന്നെ സ്രാവു വാൽ. ജപ്പാൻകാർ സ്രാവ് വാൽ കൊണ്ട് സൂപ്പുണ്ടാക്കും.

ഒരു പുഴയുടെ ഓർമ്മയാണ് എന്നാൽ കൂടുതൽ ദൃഢമായി എൻ്റെ മനസ്സിലുള്ളത്.. ബേക്കൽ പുഴയിൽ പുലരിയിലും സന്ധ്യകളിലും തോണിക്കാർ തോണിയിൽ തുഴഞ്ഞു പോകുന്നത് കാണാം. വെള്ളത്തിൽ പങ്കായം വീശുമ്പോഴുള്ള ഒച്ചയും വെള്ളത്തെ വകഞ്ഞു മാറ്റി തോണി മുന്നോട്ടു പോകുന്നതും രസമുള്ള കാഴ്ചയാണ്.

ജീവിതത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാക്കുന്നതാണ് ,അത്തരം ഓർമകൾ.

ജീവിതം ഒരു പുഴയാണ്.അത് നമുക്ക് ജീവിച്ചു കൊണ്ടു തന്നെ മറുകരയിൽ എത്തിക്കേണ്ടതുണ്ട്. ഒരു കരയിൽ തന്നെ ഒരു തോണിയും ശാശ്വതമായി കെട്ടിയിടുന്നില്ല.അവ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു ലക്ഷ്യസ്ഥാനമുണ്ട്.അവിടെ എത്തുക എന്നത് പ്രധാനമാണ്.

ആലോചിച്ചിരുന്നാൽ മാത്രം അവിടെ എത്തുകയില്ല. തോണിക്കാരനെ പോലെ നാം തുഴയുക തന്നെ വേണം. മരുഭൂമിയിൽ എത്തിയപ്പോൾ, ഒട്ടകത്തെ കണ്ടപ്പോൾ, ബാല്യത്തിലെ ആ തോണി യാത്ര ഓർമ വന്നു.ഓരോ ദേശത്തിനും ജീവിതത്തിൻ്റെ മറുകര താണ്ടാൻ ദൈവം ഓരോ വഴികൾ തുറന്നു കൊടുക്കുന്നു. നാം പ്രവർത്തിക്കാൻ തീരുമാനിച്ചാൽ മതി. അതായത്, മടി പിടിച്ച്, വെറുതെയിരുന്നാൽ ഒന്നും നടക്കില്ല.
ഗൾഫ്, മലയാളികളുടെ ജീവിതത്തിൽ പല തരം പുതുക്കങ്ങൾ കൊണ്ടുവന്ന നാടാണ്. അത് എല്ലാ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.പുതിയ മാനങ്ങളും വലിയ വലിയ എടുപ്പുകളും കേരളത്തിലുണ്ടായി. കുടുംബങ്ങളിൽ ആത്മവിശ്വാസവും ജീവിതത്തിൽ വലിയ സന്തോഷങ്ങളും വന്നു.അങ്ങനെ എണ്ണ പ്പണം മലയാളികളെ സമ്പാദിക്കുന്ന ജനതയാക്കി മാറ്റി. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റനേകം സ്ഥാപനങ്ങളിലും കേരളത്തിൽ വന്നത് ഗൾഫ് പ്രവാസികളുടെ നിരന്തരമായ പ്രയത്നം കൊണ്ടാണ്.
ഇതെല്ലാം സംഭവിക്കുന്നത്, നാടുവിട്ട് ഇവിടേക്കു വന്ന നല്ലവരായ പ്രവാസികളുടെ ആത്മാർഥമായ അദ്ധ്വാനം കൊണ്ടാണ്.


വെറുതെയിരുന്നാൽ ഒന്നും നടക്കില്ല എന്ന് ഞാൻ ശരിക്കും പഠിച്ചത് എൻ്റെ ഉപ്പയിൽ നിന്നാണ്. ഉപ്പ കഠിനാദ്ധ്വാനിയായിരുന്നു. ജീവിതത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുള്ള ആളായിരുന്നു. അദ്ദേഹം ഒരു പെർഫക്ഷനിസ്റ്റായിരുന്നു.എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയിലും വൃത്തിയിലും ചെയ്യണണമെന്ന നിർബന്ധ ചിന്ത പുലർത്തിയിരുന്നു. വൃത്തിയുടെ കാര്യത്തിൽ വലിയ ശ്രദ്ധാലുവായിരുന്നു. ഉദാസീനമായി ഒന്നും ചെയ്തില്ല. ഉദാസീനത ഉപ്പയുടെ അരികിലെ കൂടി പോയിരുന്നില്ല. അളവിലും തൂക്കത്തിലും ഏറെ സത്യസന്ധനായ മനുഷ്യനായിരുന്നു, ഉപ്പ.ആരെയും പറ്റിക്കുന്നത് ഉപ്പാക്ക് ഇഷ്ടമായിരുന്നില്ല. അളവിലും തൂക്കത്തിലും കുറച്ചു ജനങ്ങളെ പറ്റിക്കുന്നവരെ ദൈവം ശപിച്ചിട്ടുണ്ട്. അത് എപ്പോഴും ഉപ്പ പറയുമായിരുന്നു. സത്യസന്ധനാവുക എന്നത് നാം നമ്മുടെ സ്വന്തത്തോട് കാണിക്കേണ്ട പ്രാഥമികമായ ബാദ്ധ്യതയാണ്. എല്ലാം സർവ്വ ശക്തനായ ദൈവം കണ്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന ഉത്തമ ബോധ്യത്തോടെ നാം ഓരോ കാര്യവും ചെയ്യുക. അപ്പോൾ നമുക്ക് കളവ് ചെയ്യാൻ തോന്നുകയില്ല.

ഉപ്പാക്ക് നാട്ടിൽ പലചരക്കു കടയായിരുന്നു.എന്നാൽ, അതിനു മുമ്പേ അദ്ദേഹം പ്രവാസ ജീവിതം നയിച്ചിരുന്നു. സിംഗപ്പൂരിലും റങ്കൂണിലും ശ്രീലങ്കയിലും പോയിരുന്നു. ഞങ്ങളുടെ തറവാട്ടിൽ പലരും പ്രവാസികളായിരുന്നു. അതൊക്കെ വിശദമായി ഞാൻ ആത്മകഥയിൽ എഴുതുന്നുണ്ട്. എൻ്റെ ഓർമയിലെ പ്രചോദിപ്പിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ്ഞാനിവിടെ പറയുന്നത്.

എൻറെ ഓർമയിൽ നിഷ്കളങ്കമായ ഒരു ചിരി ഇപ്പോഴുമുണ്ട്.അത് എന്റെ വലിയുമ്മയുടെ ചിരിയാണ് .വളരെയധികം സമാധാനം പകരുന്ന ഒരു ചിരിയായിരുന്നു ,അത്.എന്റെ ഉപ്പയ്ക്ക് രണ്ടര വയസ്സുള്ളപ്പോൾ വലിയുപ്പ മരണപ്പെട്ടിരുന്നു.അത് ഏറെ ദുഃഖമുണ്ടാക്കുന്ന സംഭവമാണ്.അത്തരം പരീക്ഷണങ്ങൾ കൊണ്ട് വലിയുമ്മ തളർന്നു പോകാതെ,ദൈവ വിശ്വാസം മുറുകെ പിടിച്ചു കൊണ്ട് ,മക്കളെ ആത്മവിശ്വാസത്തോടെ വളർത്തി.വലിയുമ്മ നൽകിയ വാത്സല്യത്തിന്റെ തണലിൽ ആയിരുന്നു ഞങ്ങളുടെ ബാല്യം. എന്റെ കുട്ടിക്കാലത്തെ പ്രധാനപ്പെട്ട ഒരു ഓർമ.1901 ൽ തളങ്കരയിലൂടെയുള്ള റയിൽവേ പാലത്തിൻറെ നിർമ്മാണമാണ്.ആ പാലം കടന്നു പോയത് വലിയുപ്പ പണിത പുരയുടെ മുകളിലൂടെ ആയിരുന്നു.അത് വലിയ ഒരു ധർമ്മ സങ്കടം ഞങ്ങളിൽ ഉണ്ടാക്കി.എങ്കിലും പുതിയ കാലത്തിനും വേഗത്തിനും ഞങ്ങൾ വഴിമാറി.അന്നത്തെ 3500 രൂപ ബ്രിട്ടീഷ് ഗവണ്മെന്റ് ഞങ്ങൾക്ക് നഷ്ട പരിഹാരം തന്നു.അത് ആ കാലത്തു ഏറെ മെച്ചപ്പെട്ട തുകയായിരുന്നു.ആ നിലയിൽ ബ്രിട്ടീഷ് ഗവണ്മെന്റ് ഞങ്ങളോട് നീതി കാണിച്ചു.ആ തുകയും വലിയുപ്പയുടെ തന്നെ മറ്റൊരു ഭൂമിയും വിറ്റു കിട്ടിയ തുക കൊണ്ട് ഞങ്ങൾ പള്ളിക്കരയിലേക്കു യാത്ര തിരിച്ചു.ജീവിതത്തിനു പുതിയൊരു തുടക്കം അവിടെ നിന്നുണ്ടായി എന്ന് പറയാം.

ഞാൻ വലിയുമ്മയെ ഒരു മാതൃകാ വനിതയായി കാണുന്നു.എന്നെ ഏറെ സ്വാധീനിച്ച സ്ത്രീ രത്നമാണ് അവർ എന്ന് ഉറപ്പിച്ചു തന്നെ പറയാം.വലിയുപ്പയുടെ ജീവിതത്തിനു ശേഷം അവർ ധീരമായാണ് ജീവിതത്തെ നേരിട്ടത്.ദുഖിച്ചിരുന്നു സമയം കളയാതെ വലിയുപ്പ ജീവിച്ചിരുന്നെങ്കിൽ പൂർത്തിയാക്കുമായിരുന്ന കാര്യങ്ങൾ അവർ ചെയ്തു.ആ കർമശേഷി അവർക്കു കിട്ടിയത് അവരുടെ ഉമ്മയിൽ നിന്നാണ്.1850 കളിൽ വൻ തോതിൽ പുകയില കൃഷി വലിയുമ്മയുടെ ഉമ്മ ചെയ്തിരുന്നു.സ്വന്തം നിലയിൽ അഭിമാനത്തോടെ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തിയ സ്ത്രീയായിരുന്നു അവർ.അവർ നല്ല നിലയിൽ അയൽ ബന്ധങ്ങൾ സൂക്ഷിച്ചിരുന്നു.അഭിമാനത്തോടെ ജീവിക്കുക എന്നത് വലിയുമ്മ പകർന്ന പാഠമാണ്.

വലിയുമ്മ എന്റെ ഉപ്പയുടെ ജീവിതത്തെ നന്നായി തന്നെ സ്വാധീനിച്ചു എന്ന് പറയാം.അത് കൊണ്ട് തന്നെ വലിയുമ്മയെ പറ്റി ഉപ്പ എപ്പോഴും വാചാലനായി.ഏതു സന്ദർഭത്തിലും ഉപ്പ വലിയുമ്മയെ ഓർമിച്ചു. എന്റെ ഉപ്പ ഒന്നാന്തരം തൊപ്പികൾ നിർമിക്കുമായിരുന്നു.ഏറെ പ്രശസ്തമായ തളങ്കര തൊപ്പി.കാസറഗോഡ് ലോകത്തിനു നൽകിയ വിശിഷ്ടമായ സമ്മാനമാണ് തളങ്കര തൊപ്പി .നൂല് കൊണ്ട് മനോഹരമായി അലങ്കരിക്കുന്നതാണ് ആ തൊപ്പികൾ.പണ്ട് കാലത്തു അതിനു ഏറെ ആവശ്യക്കാരുണ്ടായിരുന്നു.ഞങ്ങളുടെ പുരയുടെ ഇറയത്തു തളങ്കര തൊപ്പി തൈച്ചെടുക്കൻ മെഷീനുകൾ ഉണ്ടായിരുന്നു.കുറേ ജോലിക്കാരുമുണ്ടായിരുന്നു.അത് വിശേഷമായ ഒരു ജോലി തന്നെയായിരുന്നു.കണ്ണൂരിൽ പോയി ,ഒരു തൊപ്പി നിർമ്മാണ ശാലയിൽ മാസങ്ങളോളം താമസിച്ചു കൊണ്ടാണ് ഉപ്പയും മൂത്താപ്പയും തൊപ്പി നിർമ്മാണം പഠിച്ചത്.

1921 ൽ എന്റെ ഉപ്പ വലിയുമ്മയുടെ ഉപദേശം കേട്ട് കോലാലംപൂരിലേക്കു പോയി.ഞങ്ങൾ കപ്പൽ യാത്രയുടെ അത്ഭുത കഥകൾ കേൾക്കുന്നത് പിൽക്കാലത്തു ഉപ്പയിൽ നിന്നാണ്.ഉപ്പ പിന്നീട് കോലാലംപൂരിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയി.അവിടെ ധാരാളം മലയാളികൾ ഉണ്ടായിരുന്നു.ചില സ്ഥലങ്ങൾ മലയാളികളുടെ ഒരു കോളനി പോലെയായിരുന്നു.ഉപ്പയുടെ അന്നത്തെ തൊഴിൽ,മധുരമുള്ള ഐസ് ഉന്തുവണ്ടിയിൽ കൊണ്ടുപോയി വിൽക്കലായിരുന്നു.അത് ചെറിയ ഒരു വരുമാനമുണ്ടാക്കി.എന്നാൽ ,ഉപ്പ ആ തൊഴിലിൽ സന്തോഷം കണ്ടെത്തിയില്ല.കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ തേടി ഉപ്പ മറ്റൊരു നാട്ടിലേക്കു പോയി.മ്യാന്മർ എന്ന് ഇന്ന് അറിയപ്പെടുന്ന ബർമയിലെ റങ്കൂൺ ആയിരിന്നു ഉപ്പ കപ്പൽ കയറി പോയ മറ്റൊരു ഇടം.വലിയൊരു നെല്ലറയായിരുന്നു,റങ്കൂൺ. എന്നാൽ ,ഇന്ന് മ്യാന്മർ അറിയപ്പെടുന്നത് ജനാധിപത്യ ധ്വംസനങ്ങളുടെ പേരിലാണ്,റോഹിങ്ക്യൻ മുസ്ലിമുകളെ നിർദ്ദയമായി പീഡിപ്പിക്കുകയാണ് മ്യാന്മർ ഭരണകൂടം.മ്യാൻമറിലെ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി പൊരുതി ദീർഘകാലത്തെ ജയിൽ ജീവിതം അനുഭവിച്ച സാൻ സൂകി പോലും ഈ നീതി നിഷേധം കണ്ടില്ലെന് നടിക്കുന്നു.മാനവികതയുടെ വെളിച്ചവും സ്നേഹവും ആ നാട്ടിൽ തിരിച്ചു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം ,യാത്രക്കിടയിൽ റോഹിങ്ക്യൻ അഭയാർത്ഥികളെ കാണുമ്പോൾ ഞാൻ ഉപ്പയെ ഓർമിക്കും.ഉപ്പ ഒരിക്കൽ ഉപജീവനത്തിന് കപ്പൽ കയറി പോയ നാട്ടിലെ ജനങ്ങൾ…..അവർ തോണികളിൽ ജീവനും കൊണ്ട് രക്ഷപ്പെടുന്നു…ഉപ്പ റങ്കൂണിൽ നിന്ന് ശ്രീലങ്കയിൽ പോവുകയും ,അവിടെ അധികകാലം നിൽക്കാതെ ,മദിരാശിയിലെക്കു മടങ്ങുകയും ,പിന്നീട് സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുകയും ചെയ്തു.ഉപ്പ വാസ്തവത്തിൽ ഒരു ലോക സഞ്ചാരിയായിരുന്നു,പല കരകൾ,പല കടലുകൾ,പല മനുഷ്യർ -ഉപ്പയുടെ ഓർമ്മകൾ വളരെ വൈവിധ്യം നിറഞ്ഞതാണ്.ആ കാലത്തെ ആളുകളെ അപേക്ഷിച്ചു ഉപ്പ സാക്ഷരനായിരുന്നു.നന്നായി മലയാളം എഴുതാനും വായിക്കാനും അറിയുമായിരുന്നു.

കട തുറക്കാൻ പ്രഭാതത്തിൽ ,സുബഹ് നിസ്കാരത്തിന് എണീറ്റ് ഉപ്പ പോകും.പ്രഭാതത്തിലെ ഉണർച്ചകൾ എൻ്റെ ശീലമായത് ഉപ്പയെ കണ്ടാണ്. രാവിലെ എണീക്കുമ്പോൾ, പ്രകൃതി അതിൻ്റെ ഏറ്റവും ശുദ്ധമായ വെളിച്ചത്തിലും വായുവിലും നാം അനുഭവിക്കുകയാണ്. രാവിലെ എണീറ്റ് ,ദൈവ സ്തുതികളോടെ ആ ദിവസം ആരംഭിക്കുമ്പോൾ മുഴുവൻ ദിവസത്തേക്കുമുള്ള ഊർജ്ജം ശരീരത്തിനും മനസ്സിനും കിട്ടും. പ്രാർഥന ,ഊർജമാണ്. അതെപ്പോഴും മനസ്സിനെ നേർവഴിയിൽ നില നിർത്താനുപകരിക്കുന്നു. മനസ്സിന് ശാന്തി നൽകുന്നു. ശരിയായ തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്നു. നാമെപ്പോഴും സ്തുതിക്കേണ്ടത് ദൈവത്തെയാണ്.പരമകാരുണികനായ ദൈവത്തെ മാത്രം.മനുഷ്യർ പരസ്പരം സ്തുതിച്ചതു കൊണ്ടു ഒരു പ്രയോജനവുമില്ല .മനുഷ്യർ നശ്വരരാണ്, വൃദ്ധിക്ഷയങ്ങൾ വരുന്നവരാണ്.ഇവിടെ നടന്നു കടന്നു പോകേണ്ട സഞ്ചാരികൾ. മനുഷ്യർക്ക് പരസ്പരം നന്മ വരാൻ നമുക്ക് പ്രാർഥിക്കാം, ആശംസകൾ കൈമാറാം. വേദനയിലും സന്തോഷങ്ങളിലും നമുക്ക് പങ്കു ചേരാം.എന്നാൽ, നാം എല്ലാ സ്തുതികളും അർപ്പിക്കേണ്ടത് ,ദൈവത്തിന് മാത്രമാണ്. രാവിലെ ഉപ്പ എണീറ്റ് സുബഹ് നിസ്കരിച്ച് ജോലിക്കു പോകുന്നത് എൻ്റെ ജീവിതത്തെ സ്വാധീനിച്ചു. ദൈവ സ്തുതികളോടെ തുടങ്ങുമ്പോൾ ഏത് ദിവസവും മനോഹരമാണെന്ന് ഞാൻ പഠിച്ചു.

നാം ഓരോ പുതിയ കാര്യത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോഴും, ഉറപ്പുള്ള അടിത്തറ നിർമ്മിക്കാൻ ആദ്യം ശ്രമിക്കണം. ഉറപ്പില്ലാത്ത, ഒരു കാറ്റു വീശിയാൽ ഇളകി വീഴുന്ന അടിത്തറയിൽ നമുക്ക് വലിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരിക്കലും സാധിക്കില്ല. ഭാവിയിൽ വരാവുന്ന പദ്ധതികൾ കണ്ടു കൂടിയാവണം, അടിത്തറകൾ പണിയേണ്ടത്.

ഒരു ചെറിയ കാര്യം ഓർക്കുകയാണ്. എന്നാൽ, അത് അത്ര ചെറുതുമല്ല. ഞങ്ങളുടെ പള്ളിക്കരയിലെ ആദ്യ പുരയ്ക്ക് തറ കെട്ടുമ്പോൾ ,വളരെ ആഴത്തിൽ മണ്ണു നീക്കി, പാറ കാണുന്നതു വരെ കുഴിച്ചു. ആഴത്തിൽ കല്ലുകളിട്ടാണ് വീട് പൊക്കിയത്. 1948-ൽ എടുത്ത ആ വീട് പഴയ ഉറപ്പോടെ ഇന്നും നിലനിൽക്കുന്നു.

ജീവിത കാലത്ത് പുതിയ എത്രയോ എടുപ്പുകൾ ഞങ്ങൾ പണിതു. പക്ഷെ, ആദ്യത്തെ വീട് ഒരു വിള്ളൽ പോലും വീഴാതെ നിലനിൽക്കുന്നു.
ജീവിതത്തിലായാലും ബന്ധങ്ങളിലായാലും വിള്ളൽ വീഴാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അവ ആഴത്തിലുള്ളതായിരിക്കണം. ഉറപ്പോടെ നിൽക്കണം.

(ഒലിവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പി.എ.ഇബ്രാഹിം ഹാജിയുടെ പുസ്തകത്തിൽ നിന്ന്)

Add a Comment

Your email address will not be published. Required fields are marked *