അസഹിഷ്ണുതകളുടെ, പലായനങ്ങളുടെ, അടിച്ചമർത്തലുകളുടെ ഈ കാലത്ത് ബോർഹേസിന്റെ ഈ കവിതയ്ക്ക് വലിയ മുഴക്കമുണ്ട്. ‘അസഹിഷ്ണുതയുടെ കാലത്തെ ശബ്ദങ്ങൾ ‘എന്ന വിഷയത്തിൽ എൻ.ശശിധരൻ മൊഴിമാറ്റം ചെയ്യുന്ന കവിതകളുടെ ഒരു ഭാഗം. തുടർന്നുള്ളവ ഓരോ ആഴ്ചയും റീഡ് വിഷനിൽ വായിക്കാം.
കൊട്ടാരം
ഹോർഹേ ലൂയിസ് ബോർഹെസ്
മൊഴിമാറ്റം:
എൻ. ശശിധരൻ
കൊട്ടാരം അനന്തമല്ല.
ചുമരുകൾ,കൊത്തളങ്ങൾ, പൂന്തോട്ടങ്ങൾ, ദുർഘട മാർഗങ്ങൾ, ഗോവണിപ്പടികൾ, വാതിലുകൾ, ചിത്രശാലകൾ, വൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ഉള്ള നടുമുറ്റങ്ങൾ, കമാനങ്ങൾ., കവലകൾ, ജലസംഭരണികൾ, കാത്തിരിപ്പുമുറികൾ, ഉറക്കറകൾ, ഉള്ളറകൾ, ഗ്രന്ഥാലയങ്ങൾ, മച്ചുകൾ, ഇരുട്ടറകൾ, മുദ്ര വെച്ച അറകൾ, വീഞ്ഞറകൾ എന്നിവ ഗംഗാ നദിയിലെ മണൽത്തരികളേക്കാൾ എണ്ണത്തിൽ കുറവല്ല. പക്ഷെ, അവയുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. സൂര്യാസ്തമനത്തോടടുത്ത് കൊട്ടാരത്തിന്റെ മുകൾത്തട്ടിൽ നിന്ന് നോക്കിയാൽ കാണാനാവും, അടിമകളുടെ ആലകളും കടവുകളും കുടിലുകളും.
കൊട്ടാരത്തിലെ അതിസൂക്ഷ്മമായ ചില ഭാഗങ്ങൾ മുറിച്ചു കടക്കാൻ ആർക്കും അനുവാദമില്ല. ചിലർക്ക് നിലവറകൾ മാത്രമേ അറിയൂ. ചില മുഖങ്ങളെ നമ്മൾ കണ്ടെത്തി എന്നു വരാം. ചില ശബ്ദങ്ങൾ, ചില വാക്കുകൾ. പക്ഷെ, നമുക്ക് ഗ്രഹിക്കാൻ കഴിയുന്നത് ഏറ്റവും ദുർബ്ബലമായവ മാത്രം. അതോ, ഒരേ സമയം ദുർബ്ബലവും അമൂല്യവും. കല്ലുളി കൊണ്ട് ഫലകത്തിൽ കൊത്തി വെച്ചിരിക്കുന്ന തീയ്യതി. (ഇടവക പട്ടികയിൽ രേഖപ്പെടുത്തിയത്) നമ്മുടെ സ്വന്തം ചരമ ദിനത്തേക്കാൾ വൈകിയുള്ളതാണ്. ഒരു വാക്കോ ഒരു ഇച്ഛയോ ഒരു ഓർമ്മയോ നമ്മെ സ്പർശിക്കാതാവുമ്പോൾ നമ്മുടെ മരണം സംഭവിച്ചു കഴിഞ്ഞു. എനിക്കറിയാം, ഞാൻ മരിച്ചിട്ടില്ല എന്ന്.
Add a Comment