chaya

ചായ – വാറ്റ്

മുൻ മന്ത്രിയും പിന്നീട് സഖാവുമായ ലോനപ്പൻ നമ്പാടനുമായി എൻ്റെ ചായപ്പീടികക്ക് വലിയ ബന്ധമുണ്ട്. ആരോടും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ആ കാര്യം ഞാൻ പിന്നെ പറയാം. ജീവിതം പഴയ സമോവർ പോലെയാണ്, ചായക്കുള്ള വെള്ളം എടുത്തു കഴിഞ്ഞാലും ബാക്കിയുള്ള വെള്ളം തിളച്ചു കൊണ്ടിരിക്കും.

പടിയൂർ മാങ്കുഴിയിൽ ഞങ്ങൾക്ക് ചെറിയെ കച്ചവടമുള്ള കാലം. ഡയറി എഴുതുന്ന ശീലമില്ലാത്തതിനാൽ നാളും തിയതിയും കൃത്യമായി ഓർമ്മയില്ല. എന്നാലും ചില അടയാളപ്പെടുത്തലിൽ ആ കാലം നിങ്ങളിൽ തെളിയുമെന്ന് ഞാൻ കരുതുന്നു.

ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും ‘കുഞ്ഞേട്ടൻ ‘എന്ന് വിളിക്കുന്ന പി.സി രാമചന്ദ്രനും.

കുഞ്ഞേട്ടനെ കുറിച്ച് പറയാതെ ഈ കുറിപ്പ് എഴുതാൻ കഴിയില്ല
മൂവായിരത്തി നാനൂറ് രൂപയാണ് ഞങ്ങളുടെ മുതൽമുടക്ക്. അണ്ടി പെറുക്കി കിട്ടിയ കാശും കുടുംബത്തിൽ നിന്ന് തന്നതുമെല്ലാം ചേർത്ത് വെച്ചാണ് എൻ്റെ വിഹിതം ഒപ്പിച്ചെടുത്തത്.

ഒരു വർഷത്തോളം കച്ചവടം ഗംഭീരമായിരുന്നു. ആ സമയത്ത് കുഞ്ഞേട്ടനായിരുന്നു ഇരിട്ടിയിൽ നിന്ന് ആഴ്ചതോറും പലചരക്ക് സാധനകൾ വാങ്ങാൻ പോകാറ്. പോയി വരുമ്പോൾ കലാകൗമുദി, മാതൃഭൂമി , മനോരമ എന്നീ ആഴ്ചപ്പതിപ്പുകളും ‘കഥ’ മാസികയും വാങ്ങും. ആ കാലത്താണ് ഞാൻ എം. കൃഷ്ണൻ നായരുടെ ‘സാഹിത്യ വാരഫല’വും എം.ടിയുടെ ‘രണ്ടാമൂഴ’വും മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്മരണക’ളും ലീലാമേനോൻ്റെ ‘ ചേട്ടൻ്റെ നിഴലിലും ‘ കലാകൗമുദിയിലൂടെ വായിക്കുന്നത്.

കുഞ്ഞേട്ടൻ ഒരു ഘടികാരമാണ്. വാച്ച് കെട്ടാറില്ല . എന്നാലും എവിടെ പോകുമ്പോഴും ഞാൻ ഇത്ര മണിക്ക് വരുമെന്ന് പറഞ്ഞാൽ കിറുകൃത്യമായിരിക്കും നല്ല ഓർമ്മ ശക്തിയും. സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ എന്നൊക്കെ പറയാം. അത് കൊണ്ടാണ് മന്ദബുദ്ധിയായി തീരേണ്ട ഞാൻ മറ്റൊരു തലത്തിലേക്ക് എത്തിയത്.

ചായപ്പീടികയെ കുറിച്ച് പറയേണ്ട ഞാൻ എവിടെയോ എത്തി.
ഉൾനാടൻ ഗ്രാമത്തിലെ ഞങ്ങളുടെ ചായപ്പീടിക എന്ന് പറഞ്ഞാൽ ഒരു തറവാട് വീടാണ്.
ഉത്തരാവാദിത്വമുള്ള കാരണവർ മുതൽ അനുസരണയുള്ള മക്കൾ വരെ കൂടുന്ന ഇടം.കട്ടു തിന്നുന്നവർ, അടിപിടി കുടുന്നവർ ,ദയക്ക് വേണ്ടി കാല് പിടിക്കുന്നവർ, കണ്ണ് ഇറുക്കി കാണിച്ച് കാര്യം സാധിക്കുന്നവർ, കഥ പറയുന്നവർ ,കള്ള് കുടിയന്മാർ എന്ന് വേണ്ട പല സ്വഭാവമുള്ളവരടങ്ങുന്ന, തമ്മിൽ നന്നായറിയാവുന്ന ഒരേ കുടുoബം.
കഥകൾ’ പാട്ടുകൾ ഏഷണികൾ ,പ്രണയങ്ങൾ, രാത്രി ആഘോഷങ്ങൾ …..
എപ്രിൽ ഒന്നിൻ്റെ തലേ രാത്രിയിൽ വർക്കിച്ചേട്ടൻ മരിച്ച വിവരം രാവിലെ ചായ കുടിക്കാൻ വന്നവരോട് പറഞ്ഞപ്പോൾ ‘ഏപ്രിൽ ഫൂൾ ‘ എന്ന് പറഞ്ഞ് ചിരിച്ച നേരം എൻ്റെ കണ്ണിൽ കണ്ണുനീർ വന്ന് നിറഞ്ഞു. പ്രിയപ്പെട്ട ഒരാളുടെ മരണം തമാശയായി പറയാൻ കഴിയുമോ?

ഞാൻ പീടികയിൽ ഒറ്റക്കായ നേരത്ത് പുരയിലെ പട്ടിണിയെ കുറിച്ച് പറഞ്ഞ് അരി വാങ്ങി കൊണ്ട് പോയി പിന്നെ ആ വഴിയേ തിരിഞ്ഞ് നോക്കാത്ത ആണുങ്ങളും പെണ്ണുങ്ങളും.
അരി വാങ്ങിയ പൈസക്ക് ചോദിച്ചപ്പോൾ മുല കാണിച്ച് തന്ന പേര് അറിയാത്ത (പറയാത്ത) സ്ത്രീ .
ഒക്കത്ത് കുഞ്ഞിനെ ഇരുത്തി മങ്കുറുണിമോന്തി ബാക്കി വന്നത് കുഞ്ഞിൻ്റെ ചുണ്ടിലേക്ക് ഇററിച്ച് കൊടുക്കുന്ന ആദിവാസി സ്ത്രീകൾ ….
അവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന പലതരം ജന്മങ്ങൾ നിറഞ്ഞാടുന്ന ഇടത്തിൽ കച്ചവടം ചെയ്യുമ്പോൾ ചെറിയൊരു താളപ്പിഴ മതി ജീവിതം നശിച്ച് പോകാൻ.
എൻ്റെ പ്രായവും അത്തരത്തിലുള്ളതാണ്.
എനിക്കന്ന് പത്തൊൻപതോ ഇരുപതോ.

പീടികയിൽ ആഴ്ച്ചയിൽ രണ്ടും മുന്നും ക്വിൻറൽ വെല്ലം തീരും.റാക്ക് വാറ്റാനുള്ള കറുത്ത പലക വെല്ലം. അന്ന് അവിടെ കുടിൽ വ്യവസായമാണ് മങ്കുറുണിവാറ്റ്.
അത് കൊണ്ട് തന്നെ കച്ചവടം പച്ച പിടിച്ച് വരികയായിരുന്നു. ആദിവാസിക്കൾക്കുള്ള
കയ്യാല പദ്ധതി പണി തകർക്കുന്ന കാലം.
കയ്യാല പണി ചെയ്യുന്ന കരിമ്പാലർ, പണിയ വിഭാഗങ്ങളും ഞങ്ങളുടെ പീടികയിലാണ് പററ് .
അവർക്ക് വേണ്ടുന്ന സാധങ്ങൾ ഞങ്ങൾ കടം കൊടുത്തുകൊണ്ടേയിരുന്നു. ഇതിനിടയിൽ ഒന്ന് രണ്ട് ഘട്ടത്തിൽ ബില്ല് പാസായി ഞങ്ങളുടെ പടികയിലെ പറ്റ് തീർത്തിരുന്നു.
അത് കൊണ്ട് തന്നെ ഞങ്ങൾകച്ചവടം ഉഷാറാക്കി.ഒപ്പം കടം കൊടുക്കുന്നതും കൂട്ടി.
ഇപ്പോൾ പീടികയിൽ നല്ല തിരക്കാണ്.

ഇതിനിടയിലേയ്ക്കാണ് നമ്മുടെ കഥാപാത്രമായ ലോനപ്പൻ നമ്പാടൻ്റെ രംഗപ്രവേശം.
നമ്പാടൻ എന്ന M .L.A. മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു .മന്ത്രിസഭ ഡിം! ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിരിക്കാം ഒറ്റയ്ക്കൊരാൾ മന്ത്രി സഭയെ താഴേ ഇറക്കുന്നത്.
അതോടെ ആദിവാസികൾക്ക് കിട്ടേണ്ട പൈസയുടെ കഥ പരുങ്ങലിലായി. ബില്ല് നിലച്ചു. ഉദ്യോഗസ്ഥന്മാർ അത്തും പിത്തും പറഞ്ഞു ,ഒഴിഞ്ഞു മാറി.
കയ്യാലയുടെ മീററർ കണക്കാക്കി ബില്ലെഴുതി ചെക്ക് കൊടുക്കേണ്ട ഉദ്യോഗസ്ഥന്മാരെയാവട്ടെ, പാവം ആദിവാസികൾക്ക് കണ്ട് കിട്ടിയേയില്ല.
കയ്യാല വെച്ച പണo തട്ടാനുള്ള ഉദ്യോഗസ്ഥരുടെ പരിപാടിയാണെന്ന് ചിലർ പറഞ്ഞുണ്ടാക്കി.
ഞങ്ങളോട് കടം വാങ്ങിയവർ ബില്ല് ഇന്നു മാറികിട്ടും നാളെ കിട്ടുമെന്ന് പറഞ്ഞ് ഞങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി.
ഭരണസ്ഥിരതയില്ലാതെ എന്ത് ബില്ല്. എന്ത് പണം എന്ത് ആദിവാസി .
കടം കൊടുത്ത് മുടിഞ്ഞ
ഞങ്ങളുടെ പീടികയുടെ കാര്യവും മറ്റൊരു കഥയായി.

ദിവസം കഴിയുന്തോറും പീടിക മെലിഞ്ഞു.ഇപ്പോൾ പീടികയിലുള്ളത് ഒഴിഞ്ഞ ചാക്കും ചാക്കിൽ പറ്റിപ്പിടിച്ച കറുത്ത വെല്ലത്തിൻ്റെ പൊടിയും. എന്നിട്ടും ഞാനും കുഞ്ഞേട്ടനും ചായപ്പീടിക തുറന്ന് ഇരുന്നു.
രാവിലെ കുറച്ച് ചായ പാർന്നു.
പിന്നെ പിന്നെ ചായക്കുള്ള പഞ്ചസാര തീർന്നു.
ചിലർ മധുരത്തിന് വേണ്ടി കറുത്ത വെല്ലത്തിൻ്റെ ചാക്കിൽ കൈയ്യിട്ടു.
ദിവസങ്ങൾ കഴിയുന്തോറും ചായയും വററാൻ തുടങ്ങി . ഇപ്പോൾ വെറും കടും ചായ മാത്രം.
ചായ പാർന്ന് പറെറഴുതി എഴുതി എൻ്റെ കൈയക്ഷരം തെളിഞ്ഞു.
പലരുടെയും പേര് എഴുതിയെഴുതി തെളിഞ്ഞാണ് കവിതയിലും നോവലിലും ഉറച്ചത്.
കഥയോ കവിതയോ നോവലോ എഴുതണമെങ്കിൽ മനുഷ്യരെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും അറിയണം’ഓരോ കരിമ്പാലനും ഓരോ കവിതയാണ്. അവരുടെ വില്ലിൽ നിന്ന് പായുന്ന കല്ല് മറ്റൊരു ജീവിയുടെ ജീവിതം പറഞ്ഞു തരും. പത്തും ഇരുന്നൂറും മീറ്റർ ദൂരത്തുള്ള പക്ഷിയോ അണ്ണാനോ ഒരൊറ്റ ഉന്നത്തിൽ അവരുടെ ചട്ടിയിലാവും.
അവരുടെ വില്ലിനെകുറിച്ച് പറയുമ്പോൾ എൻ്റെ ഇടത്തേ ചുണ്ട് വിരലിലെ വേദന വന്നെന്നെ നുള്ളുന്നു. ഒരിക്കൽ ചായപ്പീടികയിൽ ചായ കുടിക്കാൻ വന്ന മുള്ളൻ നാരായണൻ്റെ വില്ലേ എടുത്ത് കല്ല് കൊണ്ട് എയ്തതാണ് ആ ഓർമ്മ.
മുള്ളൻ നാരായണൻ പറഞ്ഞത് പോലെ കല്ലൊതുക്കിപ്പിടിച്ച് ഉന്നം പിടിച്ച് വലിച്ച് വിട്ടു. കല്ല് എവിടെയും പോയില്ല.
എൻ്റെ ഇടത്തെ ചുണ്ടുവിരൽ ചളുങ്ങിപ്പോയ്.
കരിമ്പാലന്മാരിൽ അധികവും സത്യസന്ധമാരാണ്.
അവരിൽ എനിക്കേറേ ഇഷ്ടം കേളു മൂസേറേയും
അമ്പൂട്ടി മൂസേറുമായിരുന്നു.
ഒരു പൊടിക്ക് അയിത്തം സൂക്ഷിക്കുന്നവരായിരുന്നു അവർ. പക്ഷെ.
എന്നോട് എന്തോ അവർ അയിത്തം കാണിച്ചിട്ടില്ല. എൻ്റെ ചായ വാങ്ങിക്കുടിക്കാറുമുണ്ട്. എന്നാലും
അവരിൽ ചിലരിൽ നിന്ന് ‘മാപ്ല ‘ എന്ന ചോദ്യമുണ്ടാവും
എന്നോട് അയിത്തം കാണിക്കാത്തത് എൻ്റെ ഉപ്പയുടെ ഗുണമാണെന്ന് ഞാൻ അവരിൽ നിന്ന് തന്നെയാണ്. മനസ്സിലാക്കിയതും.
ഉപ്പ ഒരു സൂഫിയേ പോലുള്ള മനുഷ്യനായിരുന്നു.
കേളു മുസേറും അമ്പൂട്ടി മുസേറും ഉപ്പയുടെ സ്വഭാവമുള്ളവരാണ്. മിതഭാഷികൾ.
അമ്പൂട്ടി മൂസേറായിരുന്നു.എന്നിൽ ആദ്യ കഥ നിറച്ച ആൾ. ഞാൻ എഴുതി ആദ്യ കഥയും അവരെ കഥാപാത്രമാക്കി തന്നെ
അമ്പൂട്ടി മൂസേർ വലിയ ഒരു നോവൽ തന്നെയാണ്. അദ്ദേഹം ചായപ്പീടികയിൽ വന്നാൽ ഏറ്റവും നന്നാക്കിയാണ് ചായകൊടുക്കുക. പാല് തിളപ്പിച്ച് ,ചായപ്പെടി നന്നായി വെന്തിട്ടേ ഞാൻ ചായ എടുക്കൂ. ചായക്ക് നല്ല ചൂട് വേണം മൂസേറ്ക്ക്.
കല്യാണം എത്ര കഴിച്ച് കാണാം. അഞ്ചോ ആറോ?
കുട്ടികൾ അമ്പതിനടുത്ത് കാണും!
100 ഏക്രക്ക് മുകളിൽ കാണും ഭൂമി.
അദ്ദേഹം നായാട്ടിന് പോയപ്പോൾ കൊടംപുളിമരത്തിലെ അനക്കം കണ്ട് മൊച്ചൻ കുരങ്ങനാണെന്ന് കരുതി ഒരാളെ വെടിവെച്ചിട്ടതും
സത്യം കോടതിയിൽ പറഞ്ഞ് കൊല്ലപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്തതും അമ്പൂട്ടി മുസേറുടെ ജീവിതംകഥയാക്കി നാട്ടുകാരിൽ ചിലർ പറയുന്നത് കേൾക്കുമ്പോൾ ഞാൻ വായിച്ച പുസ്തകങ്ങളെ ദൂരത്തേക്ക് എറിയും.
ഓരോ ചായപ്പീടകയും
പലതരം കഥകളെ മുട്ടയിടുന്ന ആമകളാണ്.
അത് കൊണ്ട് തന്നെ ചായപ്പീടികകളെ ശ്രദ്ധിച്ചാൽ
ഇടക്ക് കഥ തല നീട്ടുന്നതായി കാണാം.
ചില നേരത്ത്
ഒന്നും മിണ്ടാതെ അനങ്ങാതെ നിൽക്കുന്ന പുറംതോടും.

ആരോടെങ്കിലും പണം കടം വാങ്ങി സാധനമിറക്കിയാൽ അതും നഷ്ടത്തിലാവുമെന്ന തിരിച്ചറിവിൽ ഞങ്ങൾ പുതിയ മന്ത്രിസഭ വരുന്നതും കൈയ്യാല പദ്ധതിയുടെ ബില്ല് മാറുന്നതും കാത്തിരുന്നു.
മാസം എത്ര കഴിഞ്ഞ് കാണും ,ബില്ല് മാറി ചെക്ക് കിട്ടാൻ ,എട്ടോ ഓൻതോ.
ഇതിനിടയിൽ ഞങ്ങൾ പിടിക എന്നെന്നേക്കുമായി അടച്ച് സ്ഥലം വിട്ടിരുന്നു.

Comments are closed.