praveshanaolsavam---shukkoor

കാക്ക കൂടുകെട്ടിയ തറ

സ്കൂൾ/ ജീവിതം

കാക്ക കൂടുകെട്ടിയ തറ

ഷുക്കൂർ പെടയങ്ങോട്

 

അരക്ക് താഴെ ചൊറി പിടിച്ച കാലത്തിൽ നിന്ന് സ്കൂൾ ദിനങ്ങളെ ഓർത്തെടുക്കുമ്പോൾ ഓർമ്മകൾ രണ്ടാം ക്ലാസിൽ നിന്ന് ഒന്നിലേക്ക് ഒളിഞ്ഞ് നോക്കിയ കാഴ്ചകളായിരിക്കും എന്നിൽ നിറയുക.

ഒന്നാം ക്ലാസിലെ ഓർമ്മയെന്ന് പറയുന്നത്, കാർത്ത്യായനി ടീച്ചറുടെ മണവും അവരെ ഞങ്ങൾ കുട്ടികൾക്ക് പിറകെ ഓടിച്ചതും
ആ എന്ന അക്ഷരത്തിൻ്റെ ആന വലിപ്പവുമാണ്.

കുട്ടികളായ ഞങ്ങൾ എന്നും കളിവീട് കെട്ടിക്കളിച്ചതിനാൽ തറ എന്ന അക്ഷരത്തോടൊപ്പം പുരയുടെ ആദ്യ ഘട്ടമായ തറയുടെ ചിത്രം എൻ്റെ ഉള്ളിൽ ഇന്നും നിറയുന്നു.

സ്കൂൾകാല ഓർമ്മകൾ തുടങ്ങുന്നതും ഇന്നും തങ്ങിനിൽക്കുന്നതും രണ്ടാം ക്ലാസ് മുതലാണ്. രണ്ടിൽ നിന്ന് ഒന്നിലേക്ക് കാത് ചേർത്ത് വെക്കുമ്പോൾ കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് ഹൃദയത്തിൽ തറഞ്ഞ് നിൽക്കും.

കേട്ടതും പഠിച്ചതുമായ ചില പാട്ടുകൾ ജീവിതകാലം മുഴുവൻ നമ്മെ സ്വാധീനിച്ചെന്നുമിരിക്കും.
രണ്ടാം ക്ലാസ് വരേയുള്ള സ്കൂൾ ഓർമ്മ നോവുകളുടെ മുറിവുകളാണ്.
രണ്ടും കാലിനും ചൊറി പിടിച്ച് നടക്കാൻ പോലും ശേഷിയില്ലാതെ വടികുത്തിയുള്ള നടത്തവും ചെവികളിൽ നിന്ന് ദുർഗന്ധമൊലിപ്പിച്ചുള്ള ഇരിപ്പും…

അങ്ങിനെയുള്ള ഓർമ്മയെ കൊരുത്തെടുക്കുമ്പോൾ കേൾക്കാനോ, വായിക്കാനോ,വലിയ സുഗന്ധമുണ്ടാവില്ല.
അപ്പോൾ ഓർമ്മകളെ ഒരു അനുഭവത്തിലേക്ക് കോർത്തിടേണ്ടതുണ്ട്.

അതിനാൽ ഞാൻ ഞാനാവാൻ കാരണമായ ആ ധന്യ മുഹൂർത്തത്തെ കുറിച്ച് പറയാം:

ഞാൻ രണ്ടാം ക്ലാസിലേക്ക് ജയിച്ച് കയറിയ ആദ്യ ആഴ്ച.
രണ്ടാം ക്ലാസിൽ തിരുവനന്തപുരത്ത് നിന്ന് വന്ന മോഹനകുമാരൻ എന്ന് പേരുള്ള മാഷായിരുന്നു. ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട് വരുന്നതേയുണ്ടായിരുന്നുള്ളു.

അന്നൊരു ദിവസം,
സ്കൂൾ ക്ലാസ് തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഇടവേളയായ മൂത്രമൊഴിക്കാൻ വിടുക എന്ന ഒഴിവ് നേരവും കഴിഞ്ഞ് കുട്ടികൾ ക്ലാസിൽ എത്തിക്കൊണ്ടിരിക്കുന്ന സമയം .

ക്ലാസിൽ എന്നെ പോലുള്ള ചുരുക്കം കുട്ടികൾ…

നിങ്ങളുടെ കാഴ്ചയെ ഞാൻ രണ്ടാം ക്ലാസിൽ നിന്ന് ഒന്നാം ക്ലാസിലെ സരസ്വതിയെന്ന പെൺകുട്ടിയിലേക്ക് തിരിക്കുന്നു.
ഞങ്ങൾ കുട്ടികൾക്ക് ചിരിക്കാനും ബഹളം വെക്കാനും നിസ്സാര കാര്യം മതി.

ചിരിക്കും ബഹളത്തിനുമുള്ള കാരണം സരസ്വതിയുടെ കോണകവാൽ നീണ്ട് നിലത്ത് മുട്ടി ഇഴയുന്നത് കണ്ടാണ്.
എനിക്ക് മുന്നിൽ ഉള്ളത് ‘രവി ‘യെന്നവനാണ്. ആള് മഹാവികൃതിയും ഭരണിപ്പാട്ട് ഹൃദിസ്ഥമാക്കിയവനുമാണ്.
സത്യമായും അവനാണ് നടന്ന് കൊണ്ടിരുന്ന സരസ്വതിയുടെ അഴിഞ്ഞ കോണകവാലിൽ ചവിട്ടിയത്.കുട്ടി പെട്ടെന്ന് ഒരു ബെഞ്ചിനു മുകളിലൂടെ മറിഞ്ഞ് വീണു പോയി. സരസ്വതി പേടിച്ച് കരയാൻ തുടങ്ങി.
കുട്ടി വീഴുന്നതും കരയുന്നതും കണ്ടാണ് ഞാൻ അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത് –
ആ കാര്യമാണ് മാഷും കുട്ടിയും കണ്ട കാര്യം.

കുട്ടിയുടെ കരച്ചിൽ കേട്ട്മോഹനകുമാരൻ മാഷ് ഓടി വന്നു.
കയ്യിൽ ചൂരൽ വടി ! കണ്ണ് ചുവന്ന് തുറിച്ചിരിക്കുന്നു.

സരസ്വതി എന്നെ കാട്ടികൊടുത്തതിനാലോ ,മാഷ് തെറ്റിദ്ധരിച്ചതിനാലോ മോഹനകുമാരൻ മാഷ് എന്നെയായിരുന്നു ചുരൽ വടികൊണ്ട് അടിച്ചത്.

അടിയേറ്റ് ഞാൻ കരഞ്ഞതല്ലാതെ എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. അന്നെനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അക്ഷരങ്ങൾ നാവിൽ വഴങ്ങില്ല. കല്ലിന് കന്ന് എന്നായിരുന്നു പറയുക എന്ന് ഇന്നും എന്നെ ഓർമ്മിപ്പിക്കുന്ന ചില എന്നെക്കാൾ മുതിർന്നവരുണ്ട്.

അടിച്ച് കൊണ്ട് മാഷും അടിയേറ്റവേദനയിൽ ഞാനും തളർന്നപ്പോൾ മോഹന കുമാരൻ മാഷ് കണ്ടത് എന്നിലെ ഇരുകാലുകളിലൂടെയും ഒഴുകുന്ന ചോരയാണ്.
ഞാൻ ഉടുത്ത വെള്ളത്തുണി ചോരയാൽ ചുവന്നിരിക്കുന്നു .
ഞാനന്ന് ട്രൗസറായിരുന്നില്ല ഇടാറുണ്ടായിരുന്നത്.
കാലിൽ നിറയെ ചൊറിയായിരുന്നതിനാൽ മുണ്ടായിരുന്നു വേഷം. തുണി പിറകിലേക്ക് വലിച്ച് കെട്ടും. ചില ദിവസങ്ങളിൽ ഉടുതുണി ചൊറിയുടെ ചലത്തിലും ചോരയിലും പറ്റി പിടിച്ചിരിക്കും.
രാവിലേയും വൈകുന്നേരവും വേത് വെച്ചുള്ള വെള്ളത്തിൽ കുളിയും കഷായം കുടിയുമുണ്ട്. എന്നിട്ടും ചൊറി ചൊറിയായി തന്നെ കുറേക്കാലം കൊണ്ട് നടന്നു.

ചോര കണ്ട് മോഹനകുമാരൻ മാഷ് ആകെ ഭയന്നു.
മാഷെ ഭയപ്പാടിൽ നിന്ന് ഞാൻ സ്കുളിൽ നിന്ന് പുരയിലേക്ക് ഓടി.

അതിന് ശേഷംരണ്ട് മൂന്ന് ദിവസത്തേക്ക് ഞാൻ സ്കൂളിലേക്ക് പോയില്ല.

ഒരു ദിവസം വൈകുന്നേരം മോഹനകുമാരൻ മാഷ് എന്നെ കാണാനായി പുരയിലേക്ക് വന്നു.ഞാൻ മാഷെ മുഖം കാണിക്കാതെ പുരയുടെ പിറകിൽ പോയി ഒളിച്ചു.
മാഷും ഉപ്പയുമായി എന്തൊക്കെ പറയുന്നതായി ഞാൻ കേട്ടിരുന്നു.
ഉപ്പ ഗാന്ധിജിയെ പോലുള്ള ഒരാളായത് കൊണ്ട് മാഷ് പറയുന്നതെല്ലാം തലയാട്ടി കേട്ടിട്ടുണ്ടാവും.

പിറ്റേന്ന് രാവിലെ തന്നെ ഞാൻ സ്കൂളിലെത്തി.
എൻ്റെ വരവും നോക്കി കാത്തിരിന്ന പോലെ മാഷും സ്‌കൂളിൽ തന്നെയുണ്ടായിരുന്നു.
സ്കൂളിൽ ഞങ്ങളെ കൂടാതെ ഒന്നോ രണ്ടോ പേർ മാത്രം.
മാഷ് എന്നെ കണ്ടപാടെ കെട്ടിപ്പുണർന്നു.
എനിക്കാണ് തെറ്റ് പറ്റിയത് മോനെ. അത് കൊണ്ട് മോനെന്നെ ശപിക്കരുത്.
ഞാൻ ഇന്ന് ഈ സ്കൂളിൽ നിന്ന് പോകുകയാ. ഇനി നമ്മൾ കണ്ടെന്ന് വരില്ല…അത് കൊണ്ട് മോൻ നന്നായി പഠിക്കണം ,നല്ലവനായി വളരണം, എൻ്റെ എല്ലാ അനുഗ്രഹവുമുണ്ടാവും….

ഇത്രയും പറയുമ്പോൾ മാഷ് കരയുന്നതായി എനിക്ക് തോന്നി.
ഞാൻ മാഷെ ദേഹത്തോട് ഒട്ടിച്ചേർന്നിൽപ്പാണ്.

മാഷ് എൻ്റെ തലയിലേക്ക് മുഖം ചേർത്ത് വെച്ചു.

എൻ്റെ തലപ്പതപ്പിൽ ഒരു തീപ്പൊള്ളൽ
മാഷുടെ കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണീരിൻ തീ തുള്ളിയാണ് ഇന്നും അഞ്ചാം ക്ലാസിൽ വെച്ച് പഠിത്തം നിർത്തേണ്ടി വന്ന എന്നിൽ അക്ഷരമായി, കവിതയായി, നോവലായി വന്ന് എന്നെപൊതിയുന്നത്.

Add a Comment

Your email address will not be published. Required fields are marked *