praveshanolsavam_1

ലാസ്റ്റ് ബെഞ്ചിലെ ജീവിതം

കവിയുടെ സ്കൂൾ

ലാസ്റ്റ് ബെഞ്ചിലെ ജീവിതം

സെബാസ്റ്റ്യൻ

ഒന്നാം ക്ലാസിലെ ആദ്യ ദിവസങ്ങളിൽ എന്നും രണ്ടുടുപ്പുകൾ ഉടുത്താണ് ഞാൻ സ്കൂളിൽ പോയിരുന്നത്. ഒരുടുപ്പ് ആകെ നനച്ച മഴയുടെ ഉടുപ്പ് , രണ്ടാമത്തേത്, അപ്പന്റെ കൈയിലെ നീരൂലി വടിയുടെ ചൂടിന്റെ ഉടുപ്പ്.

സ്ലെയിറ്റും അത് മൂടുന്ന കവടി പിഞ്ഞാണവും നെഞ്ചിൽ ചേർത്ത് പിടിച്ച് വലതു കൈ അപ്പന്റെ കൈകളിൽ പിടിച്ച് ,മഴയുടെ കാറ്റടിയിൽ തണുത്ത് അപ്പന്റെ അടി പേടിച്ച് എന്നും ഞാൻ സ്കൂളിൽ പോയി. സ്കൂളിൽ എത്തിയാൽ ഒന്നാം ക്ലാസിലെ ടീച്ചർ എന്നെയും മറ്റ് മടിയൻമാരേയും മടിച്ചികളേയും ഏറ്റെടുക്കും. പിന്നെ ടീച്ചറുടെ ചൂരലിൻ തുമ്പിലായിരുന്നു ഞങ്ങളുടെ തറയും പറയും. ആകെ ഒരാശ്വാസമുണ്ടായിരുന്നത് ഉച്ചക്ക് കിട്ടിയിരുന്ന ഉപ്പുമാവാണ്. അമേരിക്ക പൊടി കൊണ്ട് ഉണ്ടാക്കിയിരുന്ന അതിന്റെ മണം ഉച്ചയാകാറാകുമ്പോൾ ക്ലാസ് മുറിയിൽ പറന്നു നടന്ന് ഞങ്ങളുടെ വായിൽ വെള്ളം നിറക്കും. സ്ലയിറ്റിനൊപ്പം കൊണ്ടുപോയിരുന്ന കവടി പിഞ്ഞാണത്തിൽ ഉച്ചക്ക് ഒരു കയിൽ കിട്ടും. ഭയങ്കര രസമായിരുന്നു അതിന് .അത്രക്ക് രസമുള്ള മറ്റൊന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. വീണ്ടും ചോദിച്ചാൽ ഉപ്പുമാവ് വിളമ്പുന്ന കഞ്ഞിപ്പെരേല താത്തി വഴക്കു പറയും. ഞങ്ങൾക്കെല്ലാം അവരെ വലിയ ആരാധനയായിരുന്നു. ഞൊറിയിട്ട കള്ളിമുണ്ടും വെളുത്ത കരിപിടിച്ച ചട്ടയും ആയിരുന്നു വേഷം. “കഞ്ഞിപ്പെരല കാത്തി’ എന്നായിരുന്നു ഞങ്ങളെല്ലാം അവരെ വിളിച്ചിരുന്നത്.

ചൂടുള്ള ഉപ്പുമാവ്- അതാന്ന് പ്രൈമറി സ്കൂൾ കാലത്ത് മധുരതരമായ് ഓർക്കാന്നുള്ള ആകെ ഒന്ന്.
ഒന്നാം ക്ലാസ് മുതൽ ഏറ്റവും പുറകിലെ ബെഞ്ചിൽ ആയിരുന്നു താമസം. കൂട്ടായി ഒന്നും പഠിക്കാത്ത രണ്ടു പേർ ഹസനും ജോഷിയും . ഞങ്ങൾ എപ്പോഴും വർത്തമാനം പറയുകയും എപ്പോഴും അടിയും പതിവായിരുന്നു.

ഞങ്ങളുടെ സ്ക്കൂളിനെ ഞങ്ങൾ വിളിച്ചിരുന്നത് ‘പള്ളി സ്ക്കൂൾ ‘എന്നാണ്. തൊട്ടടുത്ത് മിഖേൽ മാലാഖയുടെ പള്ളിയുണ്ട്. വിശാലമായ പള്ളിപ്പറമ്പുണ്ട്. മഠമുണ്ട്. പെൺകുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ ഉണ്ട്.

വീട്ടിൽ നിന്ന് കുറച്ചു നടക്കണം സ്ക്കുളിലേക്ക്. എല്ലാ ഋുതുക്കളിലും സ്ക്കൂൾ വഴികളിൽ മാറ്റങ്ങൾ ഉണ്ടാകും. മഞ്ഞുകാലമായിരുന്നു ഏറ്റവും ഇഷ്ടം. പുല്ലുകളിൽ കുഞ്ഞു മഞ്ഞുകണങ്ങൾ മിന്നുന്നത് കാണും.

ഒന്നും പഠിക്കാതെ തല്ലു കൊണ്ടും മഴനനഞ്ഞു പള്ളിപ്പറമ്പിലെ കുഞ്ഞു പുല്ലുകളോട് മിണ്ടിയും കൊതിയോടെ ഉപ്പുമാവ് ഭക്ഷിച്ചും നാലാം ക്ലാസിലെത്തി.

സ്കൂളിനു മുന്നിൽ വലിയ രണ്ട് വാക മരങ്ങൾ ഉണ്ട്. അതിന്റെ പൊങ്ങി നിൽക്കുന്ന വലിയ വേരുകളും . അതിൽ ചിലപ്പോൾ ഒറ്റയ്ക്ക് പോയിരിക്കും വസന്തമാകുമ്പോൾ വാക മരത്തിൽ നിറയെ ചുവന്ന പൂക്കൾ നിറയും. അതെല്ലാം നോക്കി വെറുതെയിരിക്കും. വാകമരം കടും ചുവപ്പുകൾ മുഴുവൻ ചൂടിയ ഒരു ദിവസം വാകമര ചോട്ടിലെ വേരുകളിലിരുന്ന് സ്ലെയിറ്റിൽ എന്തൊക്ക യോ എഴുതി. വസന്തകാലം എന്ന് പേരിട്ട് നാലാം ക്ലാസിലെ സിബിലി ടീച്ചറെ കാണിച്ചു. ടീച്ചർ തലയിൽ തലോടി അഭിനന്ദിച്ചു. വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്ക് രണ്ട് മണിക്കൂർ ഇന്റർവെൽ ഉണ്ട്. ഞാനും ഹസനും ജോഷിയും കൂടി ‘കോട്ടയുടെ മോളിൽ’ പോയി വെള്ളി പച്ച പറിക്കും. സ്ലെയിറ്റ് മായിക്കാനാണ് അത്.
ഞങ്ങളത് ഉച്ചക്ക് സ്കൂൾ വരാന്തയിൽ നടന്ന്” ഒരു പെൻസിൽ പച്ച” ” ഒരു പെൻസിൽ പച്ച” എന്ന് വിളിച്ചു പറഞ്ഞ് വിൽക്കും. ഒരു കഷണം സ്ലെയിറ്റ് പെൻസിൽ തന്നാൽ ഒരു കഷ്ണം വെള്ളി പച്ച കൊടുക്കും. അങ്ങനെയായിരുന്നു അതിന്റെ വിൽപ്പന. പല കുട്ടികളും വാങ്ങും. ചില പെൺകുട്ടികൾ പെൻസിൽ നാളെ തരാം’ പച്ച’ കടം തരോ എന്ന് ചോദിക്കും. ഞങ്ങൾ കൊടുക്കില്ല. പക്ഷേ രണ്ടിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് അവൻ ന്മാരറിയാതെ’ പച്ച’ ഞാൻ കടം കൊടുത്തിരുന്നു. ഒരു ചുരുണ്ട മുടിക്കാരി. എന്തോ ഒരു ‘ഇത്’ അവളോട് എനിക്ക് തോന്നിയിരുന്നു.

അപ്പന്റെ അടിയും ഉപ്പുമാവും ഒരു പെൻസിൽ പച്ചയും ബഞ്ചിൽ കയറ്റി നിർത്തലും. വാകമരത്തണലിലിരുന്ന് സ്ലെയിറ്റിൽ കുത്തിക്കുറിയും ചുരുണ്ട മുടിക്കാരായും … ഇതായിരുന്നു ആദ്യകാല സ്കൂൾ ജീവിത സെറ്റപ്പ്.

ഒന്നു മുതൽ പത്തു വരെ ഏറ്റവും പുറകിലെ ബഞ്ചിലായിരുന്നു ഇരുപ്പ് എങ്കിലും .. ചില സാഹിത്യ സൂക്കേട് ഉള്ള ടീച്ചർമാർ എന്നിൽ എന്തോ കണ്ട്. ചില ദിവസങ്ങളിലെ അവസാന പിരീഡിൽ ഞാൻ എഴുതുന്നത് ക്ലാസിൽ വായിക്കാൻ നിർബന്ധിച്ചു. കൈയെഴുത്തു മാസികയുടെ ആളാക്കി. പക്ഷേ പുറകിലെ ബഞ്ചിൽ നിന്നും ഒരു കാരണവശാലും മുന്നിലെ ബഞ്ചിലേക്ക് സ്ഥാനകയറ്റം കിട്ടിയില്ല.
അഞ്ചിൽ പഠിക്കുമ്പോൾ സ്നേഹ സേന നടത്തിയ കവിത മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ അസംമ്പിളിയിൽ ഹെഡ്മാസ്റ്റർ സമ്മാനം തന്നു.

സ്ക്കൂൾ ജീവിതകാലം മുഴുവൻ പുറകിലെ ബഞ്ചിൽ ആയിരുന്നു ജീവിതം. ഒന്നും പഠിച്ചിരുന്നില്ല. ചോദ്യങ്ങൾ ഇല്ല. ഉത്തരങ്ങൾ ഇല്ല.
കവിതകൾ. കൈയെഴുത്തു മാസിക. പെൺകുട്ടികൾ … സ്കൂളിൽ പോകുവാനുള്ള മടി എല്ലാം ….എല്ലാം.”

പത്തിൽ ചന്ദ്രചൂഡൻ മാഷിന്റെ ക്ലാസിൽ ഏറ്റവു പുറകിലെ ബഞ്ചിൽ ഞങ്ങൾ നാലു പേർ.

ചന്ദ്രപ്പൻ, അനിൽകുമാർ, ഉണ്ണികൃഷ്ണൻ, ഞാൻ.

ഞങ്ങൾ വലിയ കൂട്ടുകാർ ആയിരുന്നു.

കൊല്ല പരീക്ഷ വന്നു.

എഴുതി.
റിസൽട്ടു വന്നു.
ഞങ്ങൾ നാലു പേരും തോറ്റു.

Add a Comment

Your email address will not be published. Required fields are marked *