അടി എന്ന് കേൾക്കുമ്പോൾ നാം ഉത്സാഹത്തിലാണ്. ഒരടി കലശലെങ്കിലുമില്ലാത്ത ഉത്സവങ്ങൾക്കെന്തോ പോരായ്മയുണ്ട്. തെരുവിലൊരടി നടക്കുമ്പോൾ ഓടിക്കൂടുന്ന കാലുകൾക്ക് മുകളിലുളളത് ആരുമാകാം,എന്തുമാകാം.അടിച്ചൊതുക്കാൻ ശേഷിയുള്ളവർക്ക് സിനിമയിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് കാഴ്ചക്കാർ, അനുയായികൾ.
അടി
കൽപ്പറ്റ നാരായണൻ
കേരള നിയമസഭയിൽ നടന്ന വീരോചിതമായ ആ കയ്യാംകളി പോലെ ഹൃദയസ്പർശിയായതൊന്നും സമീപകാലത്ത്കാണുവാൻ ഭാഗ്യമുണ്ടായിട്ടില്ല. ആ ദൃശ്യങ്ങൾ നിരന്തരം സംപ്രേഷണം ചെയ്താൽ കൂടുതൽ വലിയ ഭൂരിപക്ഷത്തോടെ ഭരണകക്ഷി വീണ്ടും വീണ്ടും അധികാരത്തിൽ വരും എന്ന് ഉറപ്പ്. പോളിറ്റ് ബ്യൂറോ അംഗമോ ഭാവിയിലെ മന്ത്രിയോ ജനപ്രിയനേതാവോ എന്ന ഒരു ഭാവവും ഇല്ലാതെ, ഉത്തരവാദിത്തത്തിന്റെ ഭയം ലവലേശമില്ലാതെ, കൂസലില്ലാതെ, അങ്ങേയറ്റം ആത്മാർത്ഥമായി അവർ കാട്ടിയ പ്രതിഷേധം കണ്ട് ഏതാൾക്കൂട്ടമാണ് പ്രചോദിതരാകാതിരിക്കുക? മൂല്യബോധത്തിൽ നിന്ന് മുക്തരായത് നിയമ നിർമ്മാതാക്കളാണെന്നത് എത്ര തന്നെ ആഹ്ലാദകരമല്ല!
കയ്യിലെടുത്താൽ നിലത്ത് വെക്കാൻ തോന്നാത്ത നിയമവുമായല്ലേ അവർ ആ അരങ്ങിൽ ഓടി നടന്നത്. ക്രമത്തേക്കാൾ എത്ര മനോഹരമാണ് അക്രമം എന്ന് കണ്ട് ഞാൻ ആനന്ദതുന്ദിലനായി.ഇ എം എസ്സോ സി അച്ചുതമേനോനോ വി ആർ കൃഷ്ണയ്യരോ മുണ്ട് മാടിക്കുത്തി മേശ മറിച്ചിട്ട് കമ്പ്യൂട്ടർ തകർത്ത് ആവേശഭരിതനായി മുന്നേറുന്നത് നിങ്ങൾക്ക് സങ്കല്പിക്കാനാവുമോ? ചെറുതാണോ ഈ പുരോഗതി? എത്ര ബലമുള്ള, നൂറ്റാണ്ടുകളുടെ പിൻബലമു
ള്ള ചങ്ങലയാണ് അവർ തകർത്തത്. ചാടിയെണീറ്റ് കൊടുക്കേണ്ട കൈ നിങ്ങൾ എവിടെക്കൊണ്ട് വെച്ചിരിക്കയാണ്? താഴെ കാണുന്ന ചിന്തകൾക്ക് പ്രേരകമായതിന്റെ നന്ദിയുമുണ്ട് ,എനിക്കാ കയ്യാങ്കളിയോട്.
ആദിയിൽ ഭാഷയുണ്ടായി എന്നും ആദിയിൽ കയ്യുണ്ടായി എന്നും രണ്ട്ചിന്താഗതികളുണ്ട്.
സൂക്ഷ്മാർത്ഥത്തിൽ രണ്ടും അഭിന്നങ്ങളാണെങ്കിലും ബുദ്ധിമാന്ദ്യമുള്ളവർക്ക് അത് രണ്ടായി ഭവിക്കാറുണ്ട്.കേട്ടാൽ പഠിക്കില്ല കൊണ്ടാലേ പഠിക്കു എന്ന് ചൂരലെടുത്ത് കൈ നീട്ടാൻ പറയുന്ന വാദ്ധ്യാർ ഈ രണ്ടാം ചിന്ത അക്ഷരാർത്ഥത്തിൽ പിന്തുടരുകയായിരുന്നു. ഒന്ന് പറഞ്ഞ് രണ്ടാമത് കൈ ഉയർത്തുന്നവരേയും കൈ ചൂണ്ടി സംസാരിക്കുന്നവരേയും കൊലയാളികളേയും കൈക്കൂലിക്കാരേയും കയ്യേറ്റക്കാരേയും കൈവശപ്പെടുത്തുന്നവരേയും നയിക്കുന്നതും അക്ഷരാർത്ഥത്തിൽ ഈ രണ്ടാം ചിന്ത തന്നെ. കാവ്യങ്ങൾ അക്ഷരാർത്ഥത്തിൽ വായിക്കുന്നവരും രാമന് അമ്പലം പണിയുന്നവരും
(ലിറ്ററലിസത്തിന് ക്ഷേത്രം പണിയുകയാണവർ) ‘ആദിയിൽ വചനമുണ്ടായി ‘എന്ന് വിചാരിക്കുന്നവരല്ല ‘ആദിയിൽ കയ്യുണ്ടായി ‘ എന്ന് അക്ഷരാർത്ഥ
ത്തിൽ വിചാരിക്കുന്നവരാണ്. നിരക്ഷരരായ സാക്ഷരർ എന്ന് സി. ജെ. വിളിക്കുന്നത് ഇവരെയാണ്. മണ്ടയില്ലാത്തവനേയല്ലല്ലോ ,കേവലമായ മണ്ട മാത്രമുള്ളവനേയല്ലേ നാം മണ്ടനെന്ന് പറയുന്നത്.
ശാരീരിക ശക്തിയാണ് മനുഷ്യശക്തി എന്നവർ കരുതുന്നു. ശക്തനായ നേതാവ് എന്നാൽ ‘കയ്യൂക്കുള്ള നേതാവ്’ എന്നാണർത്ഥമെന്ന് കരുതുന്നു. എതിരാളിയ അടിച്ച് മലർത്താം എന്നീ വിഡ്ഡികൾ കരുതുന്നു. അത് റസ്ലിങിലേ പറ്റു ,മനുഷ്യൻ വീണാലും വീഴുകയില്ല എന്നവർക്കറിയില്ല. ഇടത് കവിളത്തടിച്ചാൽ വലതു
കവിൾ കാട്ടിക്കൊടുത്തത് അടിയെ പ്രോത്സാഹിപ്പിക്കാനാണെന്ന് അവർ കരുതുന്നു. പല്ലു പോയ, വെടിത്തുളയുള്ള ഗാന്ധി ആരെ നയിക്കാനാണ് എന്നവർ ചിരിക്കുന്നു.
കയ്യാണ് ആദ്യമെന്ന് പറഞ്ഞപ്പോൾ ചിലരെങ്കിലും അക്ഷരാർത്ഥത്തിലുള്ള കയ്യിനെ കയ്യിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു .’ രണ്ടു കാലിൽ ഭൂമി കൈവിട്ടെഴുന്നേറ്റ മനുഷ്യൻ ‘ നിവർന്നു നിന്നപ്പോൾ കിട്ടിയ സ്വാതന്ത്ര്യം അതിലുണ്ട്. സ്വതന്ത്രമായ കൈ മനുഷ്യനേ ഉള്ളൂ. സ്വതന്ത്രമായ കയ്യാണ് ആയുധങ്ങളായി, ഉപകരണങ്ങളായി ,അക്ഷരങ്ങളായി, ചിന്തകളായി നീതിയായി സമാധാനമായി മാറുന്നത്. കൈ കൂപ്പുമ്പോഴും കൈ കൊടുക്കുമ്പോഴും അനുഗ്രഹിക്കുമ്പോഴും തലോടുമ്പോഴും ആ കൈയാണ് കയ്യിൽ നാം സാക്ഷാത്ക്കരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ പല്ലും നഖവുമുപയോഗിച്ചെതിർക്കുമ്പോൾ നാം മൃഗങ്ങളായി മാറുന്നു. കൈ അപ്പോൾ വെറും കൈ. മൂരിയുടേയോ നായയുടേ
യോ അതേ കൈ. അപരനെ അടിച്ചു എന്നത്പോലെ ജാള്യത തോന്നേണ്ട മറ്റൊരു പ്രവൃത്തിയില്ല. അതിന്റെ ഏറ്റവും അധമമായ ഉപയോഗത്തിലാണ് കൈ അപ്പോൾ എന്നിട്ടും അടി എന്ന് കേൾക്കുമ്പോൾ നാം ഉത്സാഹത്തിലാണ്. ഒരടി കലശലെങ്കിലുമില്ലാത്ത ഉത്സവങ്ങൾക്കെന്തോ പോരായ്മയുണ്ട്. തെരുവിലൊരടി നടക്കുമ്പോൾ ഓടിക്കൂടുന്ന കാലുകൾക്ക് മുകളിലുളളത് ആരുമാകാം,എന്തുമാകാം.അടിച്ചൊതുക്കാൻ ശേഷിയുള്ളവർക്ക്
സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ട് കാഴ്ചക്കാർ, അനുയായികൾ.
എല്ലാ കൊലകളും കുറ്റബോധമുണ്ടാക്കുന്നതിന് കാരണം എടുക്കാനേ കഴിയൂ ജീവൻ കൊടുക്കാൻ കഴിയില്ല എന്നതിനാൽ മാത്രമല്ല, ഇല്ലാതാക്കിയത്,
ഉടൽ മാത്രമായിരുന്നു എങ്കിൽ അത് മാത്രമായിരുന്നില്ല ഒരാൾ എന്നതിനാലുമല്ല, ലക്ഷ്യം വെക്കപ്പെട്ടയാൾ മാത്രമായിരുന്നില്ല അയാൾ, അച്ഛനോ അനിയനോ മകനോ ഭർത്താവോ കാമുകനോ സ്നേഹിതനോ ഗായകനോ ചിന്തകനോ അങ്ങനെ പ്രിയയപ്പെട്ടവർക്ക് പ്രിയതരനായിരുന്ന പലരുമായിരുന്നു അയാൾ എന്നതിനാലുമാണ്. രക്തസാക്ഷി മണ്ഡപത്തിൽ പല അർഥങ്ങളുമുള്ള ഒരാൾക്ക് ഒരർത്ഥമേയുള്ളു. ഞെരുങ്ങിയാണയാൾ അവിടെ കഴിയുന്നത്. ജീവിച്ചിരിക്കുന്ന മറ്റുള്ളവർ സമയം കിട്ടുമ്പോൾ വിളിക്കുന്ന മുദ്രാവാക്യങ്ങളിലൂടെ തുടരാവുന്ന ഒരു തുച്ഛ ജീവിതം. നിർമ്മാണത്തിനിടയിൽ കയ്യിൽ നിന്ന് ആവേശം സഹിക്കാതെ സ്വയം പൊട്ടിപ്പോയ ബോംബിൽ മരണപ്പെട്ടയാൾ അടുത്ത രക്തസാക്ഷി സ്ഥൂപത്തിൽ നിന്ന് ഇയാളെ അതോർമ്മപ്പെടുത്തു
കയും ചെയ്യും.
വിനാശത്തിന്റെ മാദ്ധ്യമമാണ് ലിറ്ററലിസം. ‘കൊല്ല്’ എന്ന് ഗാലറിയിൽ നിന്ന് ജനം അലറി വിളിക്കുമ്പോൾ പന്ത് ഒഴിവാക്കി എതിരാളിയുടെ കഴുത്തിൽക്കയറിപ്പിടിക്കുന്ന പ്രവണതയാണ് അത്. ആത്മ ബോധം തരിമ്പുള്ളൊരാൾ മറ്റൊരാളെ തല്ലില്ല. ജീവിതം ഒരു ഗെയിമാണ് സുഹൃത്തേ.
Add a Comment