kanjan

കാഞ്ഞൻ-കാട്

പി.വി.കെ. പനയാൽ

ഞങ്ങൾ, കാസറഗോഡൻ ‘ഗ്രാമീണരുടെ, ജീവനോപാധികളെ നിയന്ത്രിച്ചിരുന്നത് രണ്ട് ചന്തകളാ യിരുന്നു. ഒന്ന്: കണ്യാളംകര ചന്ത. കണ്ണികുളങ്ങരയുടെ തദ്ഭവമാണ് കണ്യാളംകര. ഉദുമ ടൗണിന്റെ മറുഭാഗത്ത് റെയിൽവേ ട്രാക്കിനപ്പുറം അങ്ങിങ്ങായി ശാഖകൾ വിടർത്തിനിൽക്കുന്ന മരത്തണലിൽ, ചാപ്പകളുടെ മുറ്റത്ത്, പരന്നുകിടക്കുന്ന കണ്യാളംകര ചന്ത കൂടുന്നത് ഞായറാഴ്ചയാണ്. എന്റെ വീട്ടിൽ നിന്ന് കുറുക്കുവഴിയിലൂടെ അഞ്ചാറു കിലോമീറ്റർ നടന്നാൽ ചന്തയിലെത്താം. കുട്ടിക്കാലത്ത് ‘ദാ ഇപ്പോ ബരാം’ എന്ന് പറഞ്ഞ് ഓട്ടം തുടങ്ങിയാൽ എത്രവേഗമാണ് ചന്തയിലെത്തുക! ഇന്ന് രണ്ടു ബസ്സുപിടി ക്കണം. പാലക്കുന്നിലേക്കും അവിടെ നിന്ന് ഉദുമയ്ക്കും. ബസ്സിറങ്ങിയാൽ വീട്ടിലേയ്ക്ക് ഓട്ടോറിക്ഷയും വേണ്ടി വരും. ഇതെല്ലാമുണ്ടെങ്കിലും പണ്ട് ഓടിയെത്തിയിരുന്ന സമയം കൊണ്ട് ചന്തയിലെത്താനാവില്ല.

ഞായർ വെളുപ്പിനുതന്നെ ഞങ്ങളുടെ വീട്ടുപറമ്പിനരികിലൂടെ പോകുന്ന ചരൽപാതയിൽ നിന്ന് ചന്തയിലേക്ക് പോകുന്നവരുടെ ബഹളം കേൾക്കാം. “പാറ്റേമ്മേ…” എന്ന് നീട്ടിയുള്ളാരു വി ളിയുണ്ട്. ശബ്ദം കൊണ്ട് അവർ ആരൊക്കെയാണെന്ന് അമ്മ തിരിച്ചറിയും. നാലുകാതുള്ള വലിയ ചൂരൽ വട്ടിയിൽ മൺകലവുമായി വരുന്നവർ കായക്കുളത്തുനിന്നാണ്. അരിക്കൂരിയ, പൂക്കുരിയ, തടുപ്പ, ബരു തുടങ്ങി ഊയിയും (മുളയുടെ വകഭേദം) പുല്ലാനിവള്ളികളും – കൊണ്ടുണ്ടാക്കുന്ന സാധനങ്ങളുമായി പിന്നാലെയുണ്ടാവും നാർക്കുളത്തു നിന്നും വരുന്നവർ. അവിൽ, പോള, വറുത്ത നിലക്കടല തുടങ്ങി വൈ വിധ്യമാർന്ന തീറ്റസാധനങ്ങളുമായി കോട്ടപ്പാറയിൽ നിന്നുള്ള ഉമ്മമാർ അതിനുപിന്നാലെയുണ്ടാവും. ചുമലിൽ കുരങ്ങും തോൾസഞ്ചിയിലെ കൂടയിൽ പല്ലുകൊഴിച്ച മൂർഖൻപാമ്പുമായി ആട്ടക്കാരൻ കണ്ണൻ നാടൻപാട്ടുപാടി നാടുണർത്തിക്കൊണ്ട് തൊട്ടുപിന്നാലെയുണ്ട്. എല്ലാവരും പോകുകയാണ്, കണ്യാളംകര ചന്തയിലേക്ക്. സന്ധ്യ നിലംതൊടുന്നേരം പോയവരെല്ലാം തിരിച്ചുവരും. ബാക്കിയുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. പിറ്റേന്ന് വന്ന് അവർ അതെടുത്ത് വില്പനയ്ക്കായി നാട്ടിൻ പുറത്തേക്കിറങ്ങും.

രണ്ട് – പുതിയകോട്ട ചന്ത

പുതിയോട്ട എന്നാണ് ജനഭാഷ. പുതിയ കോട്ടയും കോട്ടച്ചേരിയും ഉൾപ്പെടുന്ന പ്രദേശത്തെ ഇന്ന് കാഞ്ഞങ്ങാട് എന്നാണ് പൊതുവിൽ പറയുന്നത്. അന്ന് കാഞ്ഞങ്ങാട് എന്ന വാക്ക് ഞങ്ങൾക്ക് അപരിചിതമായിരുന്നു. “ എങ്ങോട്ട് പോകുന്നു” എന്ന് ചോദിച്ചാൽ പുതിയോട്ടക്ക് എന്നേ ആളുകൾ പറഞ്ഞിരുന്നുള്ളൂ. മറവിയുടെ തിരശ്ശീല മാറ്റി ‘കാഞ്ഞങ്ങാട്’ എന്ന സംജ്ഞ ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായത് ശരിക്കു പറഞ്ഞാൽ ഒരു സംസ്കാരത്തിന്റെ വീണ്ടെടുപ്പായിരുന്നു. AD 1714 മുതൽ 1739 വരെ കാഞ്ഞൻ എന്ന ദളിത് നാടുവാഴി അടക്കിഭരിച്ചിരുന്ന പ്രദേശമായിരുന്നത്രെ ഇത്. കോലത്തിരിയുടെ കീഴിലുള്ള ഒരു ഇടപ്രഭു ആയിരുന്നു കാഞ്ഞൻ എന്ന് ചരിത്രകാരന്മാർ പറയുന്നു. കാഞ്ഞങ്ങാട്ടുള്ള പുതിയ കോട്ട (ഹൊസൂർഗ്) മൺകോട്ടയായിരുന്നെന്നും അത് – കോലത്തിരിയാണ് നിർമ്മിച്ചതെന്നും സൗത്ത് കാനറ ഡിസ്ട്രിക്ട് മാന്വലിൽ കാണാം. എന്തായാലും ഈ പ്രദേശം ശൈവ വിശ്വാസികളുടേതായിരുന്നെന്ന് ഉറപ്പിച്ചു പറയാം. കോട്ടയ്ക്കടുത്ത് കർപ്പൂരേശ്വരന്റെ ക്ഷേത്രം കാണാം. ബേക്കൽ കോട്ടയും ആദ്യം മൺകോട്ടയായിരുന്നിരിക്കണം. ബേക്കൽ കോട്ടയുടെ പ്രവേശന കവാടത്തിൽ ഒരു ഹനുമാൻ ക്ഷേത്രം കാണാം. വിഷ്ണുവിന്റെ മോഹിനിവേഷം കണ്ട് കാമോത്സുകനായ ശിവനുണ്ടായ സ്ഖലനത്തെ അഞ്ജന എന്ന കുരങ്ങിന്റെ ഗർഭപാത്രത്തിലേക്ക് തിരിച്ചുവിട്ടപ്പോഴാണല്ലോ ഹനുമാൻ ഉണ്ടായത്. കുറച്ചുദൂരെ മാറി തൃക്കണ്ണാട് ശിവക്ഷേത്രമുണ്ട്. കോട്ട കാവൽക്കാരനായ പട്ടാളക്കാരുടെ വിശ്രമകേന്ദ്രവും ധാന്യക്കലവറയുമാണത്രേ ആ മതിലകം. മതിലകമാണ് മോലോം ആയത്. അമ്പലം എന്ന വാക്ക് പ്രചാരത്തിൽ വന്നിട്ട് പത്തറുപത് വർഷമേ ആയിട്ടുള്ളൂ. ഞങ്ങൾ മോലോം എന്ന വാക്കാണുപയോഗിച്ചിരുന്നത്. സൈനികർ ആരാധനയ്ക്കായി ശിവലിംഗം പ്രതിഷ്ഠിച്ചെന്നും അത് പിൽക്കാലത്ത് ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശിവ ക്ഷേത്രമായി മാറിയെന്നും ചരിത്രകാരന്മാർ എഴുതിയിരിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘സിങ്കപ്പൂർ’ എന്ന കഥയിൽ ഈ ക്ഷേത്രമുണ്ട്. കുണ്ടംകുഴി കോട്ടയിലും ഇതുപോലെ സൈനികർ ആരാധനയ്ക്കായി ശിവലിംഗം പ്രതിഷ്ഠിക്കുകയും പിൽക്കാലത്ത് മഹാക്ഷേത്രമായി മാറുകയും ചെയ്തിട്ടുണ്ട്. ആദി ഭൈരവന്റെ ആൾക്കാരായിരുന്നു. കാഞ്ഞങ്ങാടും പരിസരവും അധികാ രത്തിലുണ്ടായിരുന്നതെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പുലയന്മാർ അവർ ഉല്പാദിപ്പിച്ചിരുന്ന ധാന്യങ്ങൾ സൂക്ഷിക്കാനും കടലിൽ നിന്നുവരുന്ന ശത്രുക്കളെ നേരിടാനുമായിരിക്കണം മൺകോട്ടകൾ നിർമ്മിച്ചത്. അധിനിവേശശക്തികളാണ് മൺകോട്ടകൾ ചെങ്കല്ലുകൊണ്ടുള്ള കോട്ടകളാക്കിയിത്. തുളു തെയ്യങ്ങളുടെ തോറ്റങ്ങളിൽ (പാഡ്ണ) കോട്ട പുതുക്കിപ്പണിത ഇക്കേരിനായ്ക്കന്മാർ എന്ന പ്രയോ ഗമുണ്ട്. ചരിത്രസത്യങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ് പാഡ്ദണകൾ. അധിനിവേശ ശക്തികൾ ആദിതൈരവന്മാരെ അടിച്ചമർത്തി പുനങ്ങൾക്കുമപ്പുറത്തേക്ക് ഓടിച്ചെങ്കിലും അവരുടെ ദൈവങ്ങളെ വെറു തെവിട്ടു. കാഞ്ഞനെയും അവന്റെ നിർമാണ വൈദഗ്ദ്ധ്യത്തെയും ഇല്ലാതാക്കിയെങ്കിലും പുതിയോട്ടക്കകത്ത് കർപ്പൂരേശ്വരൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. തങ്ങളുടെ ദൈവത്തെ കാണാൻ തോൽവാദ്യം കൊണ്ട് ലോകത്തെ ഉണർത്തുന്നവർ ക്ക് പിന്നീട് പ്രവേശനം ലഭിക്കാതായി. ഇതിനെതിരായി നടന്ന ഉജ്ജ്വലമായ സമരങ്ങൾക്ക് കാഞ്ഞങ്ങാട് സാക്ഷ്യം വഹിച്ചു. ആനന്ദതീർത്ഥന്റെ കർമ്മ മണ്ഡലമായി കാഞ്ഞങ്ങാട് മാറി. വിദ്വാൻ പി. കേളുനായർ ‘പാക്കനാർ നാടകമെഴുതി. കുട്ടമത്ത് ‘ബാലഗോപാലൻ’ നാടകമെഴുതി. മലബാർ വി. രാമൻ നായർ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. രസികശിരോമണി കോമൻനായർ ഏകപാത്ര നാടകങ്ങൾ ചെയ്തു. എ.സി. കണ്ണൻനായരും ടി.എസ്. തിരുമുമ്പും കെ. മാധവനും എൻ.ജി. കമ്മത്തും കരുത്തുറ്റ രാഷ്ട്രീയ നേതൃ ത്വമായി മുന്നിൽ നിന്നു നയിച്ചു.

പുതിയോട്ട ചന്തയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട് എന്ന പേര് ആദ്യമായി മനസ്സിലേക്ക് വരുന്നത്. കൂടുതൽ സാധനങ്ങൾ വാങ്ങിക്കാനുണ്ടെങ്കിൽ ഞങ്ങൾ പോയിരുന്നത് പുതിയോട്ട ചന്തയിലേക്കായിരുന്നു. കായക്കുളക്കാരും നാർക്കുളക്കാരും കോട്ടപ്പാറക്കാരും പുതിയോട്ട ചന്തയി ലേക്ക് പോകും. ആട്ടക്കാരൻ കണ്ണൻ പുതിയോട്ട ചന്തയുടെ ഹരമായിരുന്നു. കാളവണ്ടികളിലാണ് ആളുകളുടെ യാത്ര. സാധനങ്ങൾ ആദ്യം വണ്ടിയിൽ കുത്തിനിറയ്ക്കും. സ്ഥലമുണ്ടെങ്കിൽ ആളുകൾ ഏതെങ്കിലും മൂലയിൽ പതുങ്ങും. ഇല്ലെങ്കിൽ വണ്ടിയുടെ പിന്നാലെ നടക്കും. ചോയ്യമ്പുവിന്റെ വണ്ടിക്കാളകൾക്ക് ചന്തയിലേക്കുള്ള വഴി സുപരിചിതമാണ്.

പുതിയോട്ട ചന്തയിലേക്ക് മലയോര പ്രദേശങ്ങളിൽ നിന്ന് ധാരാളം കാർഷികോല്പന്നങ്ങൾ വരും. വാളൻപുളി കുരു കളഞ്ഞ് വലിയ ഉണ്ടകളാക്കി വില്പനയ്ക്ക് വെച്ചിരി ക്കും. മഞ്ഞ നിറമുള്ള കുന്നുപോലെ പഴുത്ത വാഴക്കുലകൾ കൂട്ടിയിട്ടിരിക്കും. കണ്യാളംകര ചന്തയ്ക്ക് മീൻമണമാണെങ്കിൽ പുതിയോട്ട ചന്തയ്ക്ക് കുരുമുളകിന്റെ ഗന്ധമാണ്. ആനമയിലൊട്ടകക്കാരന്റെ അലർച്ച ഒരു ഭാഗത്ത്. ഞാണിന്മേൽ കളിയിലേർപ്പെട്ടിരിക്കുന്ന നാടൻ സർക്കസ്സുകാരുടെ കണക്ഷോഭം മറുഭാഗത്ത്. സർബത്ത് വില്പനക്കാരന്റെ നിലവിളി ക്ലാസ്സിൽ സ്പൂൺ കൊണ്ടിളക്കിക്കൊണ്ടാണ്. ഇതിനിടയിൽ കച്ചവടം തകൃതിയായി നടക്കും.

ചന്തയുടെ തൊട്ടടുത്താണ് മാരിയ മ്മൻ ക്ഷേത്രം. മാരിയമ്മ കോപിച്ചാൽ നാട്ടിൽ മാരിക്കുറിപ്പ് വിതയ്ക്കും. മാരിക്കുരുപ്പുണങ്ങാൻ മാരിയമ്മയ്ക്ക് നേർച്ച നേരും. ചില കാലങ്ങളിൽ മാരിയമ്മ നാട്ടിലിറങ്ങും. ചെറിയൊരു പെട്ടിക്കുള്ളിൽ മാരിയമ്മയുടെ വിഗ്രഹം തലയിലേറ്റി പട്ടുടുത്ത ഒരാൾ മുമ്പിൽ. പിന്നാലെ ഒരു തോൽവാദ്യക്കാരൻ. വീടെത്തുമ്പോൾ പെട്ടിയുടെ വാതിൽ പതുക്കെ തുറക്കും. മാരിയമ്മയുടെ ദർശനം നൽകും. ചെണ്ടുമല്ലിക പൂക്കളുടെ മാല ചാർത്തിയ മഞ്ഞ ക്കുറിയിട്ട മാരിയമ്മ. വാദ്യക്കാരൻ ഒരു പ്രത്യേക താളത്തിൽ ചെണ്ടയടിച്ച് ഉറക്കെ പറയും: പുതിയോട്ടേന്ന്.. മാരിയമ്മ മക്കളെ കാണാൻ വരുന്നുണ്ട്. ഡും ഡും ഡും. മാരിയമ്മ കോപിച്ചാല് മാരിക്കുറുപ്പ് വിതറും.. ഡും ഡും ഡും… മാരിയമ്മക്കൊരു ‘വയിപാട് (വഴിപാട്) കൊട്. ഡും ഡും ഡും…

വീട്ടമ്മ മാരിയമ്മയുടെ പെട്ടിയിൽ ‘കയ്യാൽ വകഞ്ഞത് ഇടും. നെല്ലോ അരിയോ ഉണ്ടെങ്കിൽ മുറത്തിലെടുത്ത് ചെണ്ടക്കാരനു നേർക്ക് നീക്കി വെക്കും. അയാളത് തോളിലുള്ള സഞ്ചിയിൽ ചൊരിയും. ഇലക്കീറിൽ മഞ്ഞക്കുറി പ്രസാദമായിത്തരും. വീട്ടിലുള്ളവരെല്ലാം മാരിയമ്മയുടെ പ്രസാദം നെറ്റിയിൽ തൊട്ട് പ്രാർത്ഥിക്കും.

മാരിക്കുറിപ്പ് നാട്ടിൽ വിതറാതിരിക്കണേ… മാരിയമ്മേ…
തോൽവാദ്യത്തിന്റെ അകമ്പടി യോടെ മാരിയമ്മ അടുത്ത വീട്ടിലേക്ക്. ഞങ്ങൾ കുട്ടികൾ പിന്നാലെ പോകും. നായ്ക്കളുടെ കുര എല്ലാ വീടുകളിൽ നിന്നും ഉയരും. ആകെ ബഹളമായിരിക്കും. മൂന്നു ദശകങ്ങളെങ്കിലുമായിക്കാണും മാരിയമ്മ നാട്ടിലിറങ്ങിയിട്ട്. പക്ഷേ, ഇന്നും കാഞ്ഞങ്ങാടിന്റെ ഭൂവിതാനത്തിൽ കാതുചേർത്തുനിന്നാൽ മാരിയമ്മയുടെ ദ്രുതതാളത്തിലുള്ള തോൽവാദ്യത്തിന്റെ ഒഴുക്ക്
കേൾക്കാം. ‘മാരിയമ്മയ്ക്കൊരു ബയിപാട് കൊട്’ എന്ന വാക്കുരിയാട്ട് മുഴങ്ങുന്നതു കേൾക്കാം. അതിനുമ പ്പുറത്തുനിന്ന് ‘അലാമിക്കളി’യുടെ ഭ്രമാത്മക നൃത്തത്തിന്റെയും വായ്ത്താരിയുടെയും കൗതുകമുണർത്തുന്ന ശബ്ദം കേൾക്കാം. കാഞ്ഞങ്ങാട് മനസ്സിൽ ഇടം നേടുന്നത് കാഞ്ഞന്റെ കഥയിലൂടെയല്ല, അലാമിക്കളിയിലൂടെ യാണ്.

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര് അലാമിപ്പള്ളി എന്നാണ്. ബസ് സ്റ്റാന്റിന്റെ മുമ്പിലൂടെ പോകുന്ന കാസർകോട്ടേക്കുള്ള തീരദേശറോഡിനപ്പുറം അലാമിപ്പള്ളി കാണാം. പുതുതായി നിർമിച്ച പള്ളിയുടെ സ്ഥാനത്ത് പണ്ട് പഴയപള്ളിയുണ്ടായിരുന്നു. മുസ്ലീങ്ങൾ ളിലെ ഹനഫി വിഭാഗത്തിൽപെടുന്നവരുടെ ആരാധനാലയം. തുർക്കന്മാർ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. തുർക്കിയിൽ നിന്ന് കുടിയേറി യവരാണത്രേ. ഉറുദു ആണ് ഇവരുടെ മാതൃഭാഷ. പള്ളിയോട് തൊട്ടുരുമ്മി യുള്ള തറ അലാമികളുടെ അനുഷ്ഠാനനൃത്തവുമായി ബന്ധപ്പെട്ടതാണ്. ദേഹമാകെ കരിപുരട്ടി, കണ്ണുകൾക്കു ചുറ്റും വെള്ള നിറത്തിൽ വൃത്തം വരച്ച് മുട്ടിറക്കമുള്ള തോർത്തുടുത്ത് പൂക്കൾ തിരുകിയ കൂർമ്പൻ തൊപ്പി ധരിച്ച് ചെണ്ടുമല്ലികപ്പൂമാലയണിഞ്ഞ് നൃത്തം ചെയ്യുന്ന അലാമി വേഷക്കാർ ഹിന്ദുമതവിശ്വാസികളാണ്. പക്ഷേ, പള്ളി ഉത്സവനാളിൽ അരങ്ങേറുന്ന നൃത്തം അനാവരണം ചെയ്യുന്നത് ഇസ്ലാമിക ചരിത്രത്തിലെ ചില സംഭവങ്ങളെയും. പള്ളിയോടു ചേർന്നുള്ള തറയിൽ നിന്ന് അലാമികൾ നാടുചുറ്റാനിറങ്ങുന്നു. ദൂരെ മടിക്കൈ വരെയുള്ള വീടുകളിൽ അലാമികൾ സന്ദർശനം നടത്തി പറമ്പുകളിൽ നിന്ന് പള്ളിയിലേക്കാവശ്യമായ കാർഷികോല്പന്നങ്ങൾ ശേഖരിക്കും. അതിന് പറമ്പിന്റെ ഉടമസ്ഥന്റെ അനുവാദം ആവശ്യമില്ല. മതങ്ങൾ തമ്മിൽ പുലർത്തിയിരുന്ന സൗഹൃദത്തിന്റെ ഉത്തമ നിദർശനമാണ് അലാമിപ്പള്ളിയിൽ തെളിഞ്ഞുനിന്നത്. രാത്രിയാ വുന്നാടെ അലാമികൾ തിരിച്ചുപോകും. നൃത്തം ചെയ്തുകൊണ്ടാണ് പോക്ക്. വഴികളിലെല്ലാം അലാമിക്കളി കാണാൻ ജനങ്ങൾ കൂടി നിൽക്കും. പള്ളിപ്പരിസരത്ത് എത്തുമ്പോഴേയ്ക്കും തറയ്ക്കരികിലെ അഗ്നികുണ്ഡം അമർന്നുകത്തുന്നുണ്ടാവും. തുടർന്ന് അലാമികളുടെ അഗ്നിപ്രവേശം. വെള്ളാട്ടിൽ തീർത്ത ഒരു മുഖവും ഉത്സവത്തിന്റെ ഭാഗമായി എഴുന്നെള്ളിക്കാറുണ്ട്. പള്ളിപ്പരിസരത്ത ഏതോ വീട്ടിൽ ഇന്നും ആ ‘മുഖം’ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. പുലരും വരെ നീളുന്ന അനുഷ്ഠാനം കഴിയുമ്പോഴേയ്ക്കും അഗ്നികുണ്ഠം ചാരം മൂടിക്കിടക്കും. അതിൽ നിന്ന് ഒരു കനലെടുത്ത് തറയിലെ രഹസ്യ അറയിൽ വയ്ക്കുമെന്നും അടുത്ത വർഷത്തെ ഉത്സവകാലത്ത് ഈ കനൽ ഊതിയൂതി ജീവൻ വെല്പിച്ച് അടുക്കിവെച്ച മരക്കഷണങ്ങളിലേക്ക് തീ പകരുമെന്നും അലാമികൾക്ക് പ്രവേശിക്കാനുള്ള അഗ്നി നാളമുയർത്തുമെന്നുമുള്ളത് ഒരു കെട്ടുകഥയാണെങ്കിലും ആത്മാവിൽ ജ്വലിക്കുന്ന പ്രതീക്ഷയുടെ സ്ഫുലിംഗമായി അതിപ്പോഴും ഓരോ കാഞ്ഞങ്ങാട്ടുകാരന്റെയും നെഞ്ചിനകത്ത് ഭദ്രമായിരിപ്പുണ്ട്. ഈ അനുഷ്ഠാനത്തിനു പിന്നിലെ ഐതിഹ്യത്തേക്കുറിച്ച് ആർക്കും ഏറെയൊന്നും അറിയില്ലതാനും. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ അരങ്ങേറിയിരുന്ന ഈ ഹിന്ദു-മുസ്ലീം ഐകോത്സവം എങ്ങനെ ഇല്ലാതായി എന്ന് അറിയില്ല. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് വന്നതോടെ വ്യാപാരലക്ഷ്യം വെച്ച് അലാമിപ്പള്ളി പരിസരത്ത് ധാരാളം പുതിയ കെട്ടിടങ്ങൾ വന്നു. മൂന്നുവർഷത്തിനിടയിൽ വന്ന ഈ മാറ്റത്തിനിടയിൽ അപ്രത്യക്ഷമായിരിക്കുന്നത് അലാമിക്കളിയുടെ തറയാണ്. ഏതെങ്കിലും കെട്ടിടത്തിന്റെ അടിയിൽ ഈ തറ വിശ്രമം കൊള്ളുന്നുണ്ടാവും. തറയുടെ രഹസ്യ അറയിൽ ഉത്സവം കാത്തുനിൽക്കുന്ന ഒരു കനൽ ഇപ്പോഴും കെടാതെ നിൽക്കുന്നുണ്ടാവും. കെട്ടിടങ്ങൾക്കത്തെ കച്ചവടവൽ ക്കരിക്കപ്പെട്ട മനസ്സുകളെ ഈ കനൽ ചുട്ടുപൊള്ളിച്ചുകൊണ്ടേയിരിക്കും. പുത്രനെ ബലി നൽകാൻ മിനാ പർവ്വതത്തിലേക്ക് കൊണ്ടുപോകുന്ന ഇബ്രാഹിം നബിയെ പിന്തിരിപ്പിക്കാൻ പിശാചുക്കൾ വൃദ്ധവേഷത്തിൽ പേടിപ്പെടുത്തുന്ന വായ്ത്താരിയുമായി വരുന്നതിനെ അനുസ്മരിക്കുന്ന ഒന്നായിരിക്കുമോ അലാമിക്കളി? ഇബ്രാഹി മിന്റെ പിതാവ് (ആസർ) ദൈവ പ്രതിമ വിൽക്കുന്ന ആളായിരുന്നല്ലോ. നബ്രുദ് രാജാവ് ഇബ്രാഹിമിനെ തീക്കുണ്ഡത്തിലെറിഞ്ഞതിനെ അനുസ്മരിക്കു ന്ന ചടങ്ങാണോ അലാമിപ്പള്ളിയിൽ നടന്നിരുന്നത്? ഗവേഷണം ആവശ്യപ്പെടുന്ന വിഷയമാണിത്.

കുട്ടിക്കാലത്ത് എന്നെ അമ്പരപ്പിച്ച പട്ടണമാണ് കാഞ്ഞങ്ങാട്. ഒരു ബസ്സു മാത്രമേ കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് ഓടുന്നുണ്ടായിരുന്നുള്ളൂ. മൂക്കുള്ള ഒരു ബസ്സ്. പകുതിദൂരം ഓടിയാൽ ചൂടാവും. ബസ്സ് നിർത്തും. അടുത്ത കടയിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരും. ബസ്സിന്റെ മുൻവശം ഉയർത്തി വെള്ളം എഞ്ചിനുള്ളിലേക്ക് ഒഴിക്കും. ചിലപ്പോൾ ഒരു ഇരുമ്പുദണ്ഡിട്ട് കറക്കും. എഞ്ചിനുള്ളിൽ എന്തു സംഭവിക്കുന്നുവെന്നറിയാൻ ആകാംക്ഷയോടെ നോക്കിനിൽക്കുകയായിരിക്കും യാത്രികർ.

പെട്ടെന്നായിരിക്കും ബസ്സിന് ജീവൻ വയ്ക്കുക. ആളുകൾ ബസ്സിനകത്തയക്കോടി സീറ്റിൽ അമർന്നിരി ക്കും. കോട്ടച്ചേരിയിലാണ് അന്നത്തെ ഏറ്റവും വലിയ കെട്ടിടമായ അശോക് മഹൾ! ബസ്സിൽ നിന്ന് തലപുറത്തേക്കിട്ട് ഞാൻ ആ കെട്ടിടത്തെ അത്ഭുതത്തോടെ നോക്കും. കെട്ടിടത്തിന്റെ നെറ്റിയിൽ വലിയൊരു ക്ലോക്കുണ്ടായിരുന്നു. അതിന്റെ വലിയ സൂചിക്ക് എന്നെക്കാൾ വലിപ്പമുണ്ടെന്ന് അന്നെ നിക്ക് തോന്നിയിരുന്നു. നേത്രഗോളം തുരന്നെടുത്ത കണ്ണുപോലെയുണ്ട് ഇന്ന് അശോക് മഹളിലെ ക്ലോക്കിരുന്ന സ്ഥലം. ആരാണതിന്റെ സൂചികളും അക്കങ്ങളും തുരന്നെടുത്തുകൊണ്ടു പോയത്?

ദുർഗ ഹൈസ്കൂൾ റോഡ് തുടങ്ങുന്നിടത്ത് കൈലാസ് തീയേറ്റർ ഉണ്ടായിരുന്നു. 1964ൽ ആയിരിക്കണം, സ്കൂൾ യുവജനോത്സവത്തിൽ പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനത്തായതിന്റെ നിരാശയിൽ പെട്ടുഴലു ന്ന സമയം. ദുർഗാ ഹൈസ്കൂളിൽ നട ക്കുന്ന ജില്ലാ യുവജനോത്സവത്തിൽ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന ദുഃഖം, ഞങ്ങളുടെ ഹൈസ്കൂൾ – പെരിയ ഗവ. ഹൈസ്ക്കൂൾ പ്രദേശത്ത് കൃസ്ത്യൻ കുടിയേറ്റം നടക്കുന്ന കാലം. സെബാസ്റ്റ്യൻ എന്നൊരു കുട്ടി കോട്ടയത്തുനിന്ന് സ്ഥലംമാറി എന്റെ ക്ലാസ്സിലെത്തി. കോട്ടയം ഭാഷയുടെ സൗന്ദര്യവും അദ്ധ്യാപകരെ മുഴുവൻ അമ്പരപ്പിച്ചുകളഞ്ഞു. ഹൊ! എന്തൊരു മലയാളം! കാസർകോടൻ മലയാളം പടിക്ക് പുറത്ത്. ഉള്ളടക്കം പരിതാപകരമായിട്ടും കോട്ടയം ശൈലിയുടെ പിൻബലത്തിൽ സെബാസ്റ്റ്യന് ദുർഗ ഹൈസ്കൂളിലേക്കുള്ള വഴിതെളിഞ്ഞു. അവന്റെ പ്രകടനം കാണാൻ മാത്രമായി ഞാനും ദുർഗ ഹൈസ്കൂളിലെത്തി. കോട്ടയം ഭാഷയ്ക്ക് സെബാസ്റ്റ്യനെ രക്ഷിക്കാനായില്ല. കൈലാസിൽ നിന്ന് ഒരു സിനിമ കണ്ടാലോ എന്നായി എന്റെ ചിന്ത. തിരിച്ച് വീട്ടിലേക്ക് പോകാനുള്ള അൻപത് പൈസ എന്റെ ട്രൗസറിന്റെ കീശയിലുണ്ട്. തറ ടിക്കറ്റെടുത്തു. ‘ഹരിയാലി ഔർ രാസ്ത’ എന്ന ഹിന്ദി സിനിമയായിരുന്നു. കണ്ടു. പന്ത്രണ്ട് കിലോമീറ്റർ നടന്ന് സന്ധ്യയോടെ വീട്ടിലെത്തി. കൈലാസ് തീയേറ്റർ പൊളിച്ചുമാറ്റിയത് അടുത്ത കാലത്താണ്. പുതിയ ബഹുനില കെട്ടിടം ഉയർന്നുകൊണ്ടിരിക്കുന്ന ആ സ്ഥലത്തേക്ക് നോക്കുമ്പോൾ ഹരിയാലി ഔർ രാസ്തയിലെ പാട്ടുകേൾക്കാൻ കഴിയുന്നുണ്ട്.

കാഞ്ഞങ്ങാടൻ കാഴ്ചകളും കഥകളും കെട്ടുകഥകളുമായി കുട്ടിക്കാലം കടന്നുപോയി. കാഞ്ഞങ്ങാടിന്റെ രാഷ്ട്രീയ കഥകൾ ഓർമയിലേക്കു വരികയായി. രക്തസാക്ഷി ചിരുകണ്ടനെ (കയ്യൂർ സമരം) പോലീസ് പിടികൂടുന്നത് പുതിയോട്ടയിലെ ഒരു ചായ ഹോട്ടലിൽ വെച്ചാണ്. പുലർ ച്ചെ അഞ്ചു മണിക്ക്. ജവഹർലാൽ നെഹ്റു കാഞ്ഞങ്ങാട് പുതിയോട്ടയിൽ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗിച്ച പ്ലാറ്റ്ഫോം ഇന്നും മാന്തോപ്പ് മൈതാനിയിൽ കാണാം. മൈതാനത്തിലെ മാവുകളെല്ലാം അപ്രത്യക്ഷമായി. ധാരാളം കെട്ടിടങ്ങൾ വന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ മൈതാനത്ത് യു വാക്കളുടെ കായിക പരിശീലനം നടത്തിയിട്ടുണ്ട്. കയ്യൂർ കേസിലെ ഒന്നാം പ്രതി രക്തസാക്ഷി മഠത്തിൽ അപ്പു പരിശീലനസമയത്ത് ഒരു ദിവസം തളർന്നുവീണ കാര്യം കെ. മാധവേട്ടൻ ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ പറയുകയുണ്ടായി. തേസജ്വിനിയിലെ മീത്തലെ മാടിൽ പൊങ്ങിയ സുബ്രായൻ പോലീസിന്റെ ജഡം കെട്ടിപ്പൊതി ഞെഞ്ഞെടുത്ത് ഈ മൈതാനത്തിലൂടെ കൊണ്ടുവന്നിട്ടുണ്ട്. അത്യുത്തരകേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്ര ത്തിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളായ ടി.എസ്. തിരുമുമ്പ്, കേരളീയൻ, എ.സി. കണ്ണൻനായർ, കെ. മാധവൻ, വിദ്വാൻ പി. കേളുനായർ, ഗാന്ധി കൃഷ്ണൻ നായർ തുടങ്ങി എത്രയോ മഹാരഥന്മാരുടെ കർമ്മമണ്ഡലമാണ് ഈ മൈതാനവും പുതിയോട്ടയിൽ നിന്ന് കോട്ടച്ചേരി വരെയുള്ള പൊളിച്ചുനീക്കപ്പെട്ട കെട്ടിടങ്ങളും. കമ്പോ ളമാത്സര്യങ്ങളുടെ കാട്ടുനീതികൾ ചുറ്റും കൊടികുത്തി വാഴുമ്പോഴും കാഞ്ഞങ്ങാടിനെ വ്യത്യസ്തമാക്കുന്ന ത് കാഞ്ഞന്റെ ആദിവാസി കരുത്തിൽ നിന്ന് വിദ്വാൻ പി. കേളുനായർ വിതച്ച നവോത്ഥാന ആശയക്കരുത്തിലേക്ക് വളർന്നു പന്തലിച്ച ഒരു കാലത്തിന്റെ നൈരന്തര്യം ചൊരിഞ്ഞ തെളിച്ചം തന്നെയാണ്. കഥകളും കെട്ടുകഥകളും ജീവിതയാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന സാം സ്കാരികാന്തരീക്ഷമാണ് ഇവിടത്തെ എഴുത്തുകാരുടെ പ്രാണവായു.

Comments are closed.