peetya

‘പീട്യ’

വത്സൻ പിലിക്കോട്

പീട്യ ‘ ഒരു പുതിയ വാക്കല്ല. ശരിയായ പ്രയോഗവുമല്ല (?). എന്നാലും മലയാളികളുടെ നാട്ടു ജീവി തത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വാക്കുണ്ടാവില്ല. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. ‘പീടിക ‘എന്ന വാക്കിന്റെ നാട്ടു മൊഴിയാണ് ‘പീട്യ’ ഇന്ന് നമ്മുടെ അറിവകങ്ങളിൽ അങ്ങനെയൊരു പദം പച്ച പിടിച്ചു നിൽപ്പില്ല. എന്നാലും ഗ്രാമീണ സംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ ‘പീട്യ’ വഹിച്ച പങ്ക് അധികമാരും മറന്നു പോകാനിടയില്ല. അതിനാൽത്തന്നെ ഇതു സംബന്ധിച്ച ഒരു കാര്യവിചാരം പ്രസക്തമാണ്. കച്ചവടപ്പുര, കട എന്നെല്ലാം അർത്ഥഭേദങ്ങളുണ്ട് പീടികയ്ക്ക്. ‘പീടി’ , ‘പീടിക’ എന്നിവ പഴയ കാലത്ത് ബീഡിക്കു പകരമായി ഉപയോഗിച്ച വാക്കുകളായിരുന്നത്രെ. അന്ന് ബീഡി തെറുപ്പു കേന്ദ്രങ്ങളിൽ തന്നെ അതു വാങ്ങി വലിക്കാൻ ആളുകൾ എത്തുമായിരുന്നു. ഇത്തരം ഇടങ്ങൾക്ക് പ്രത്യേകിച്ചൊരു വിളിപ്പേരും അന്ന് നൽകിയിരുന്നില്ല. അതിനാൽ പീടിയും, പീടികയും ബീഡി ലഭിക്കുന്ന സ്ഥലങ്ങളുടെ മറുപേരായി പരിണമിച്ചു. ഇടയ്ക്കെപ്പോഴോ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കേന്ദ്രങ്ങൾക്ക് പീടികയെന്നു വിളിക്കാനും തുടങ്ങി.’ മാപ്പിളയുടെ വീട് ‘ എന്നാണ് പീടികയുടെ ഇനിയൊരർത്ഥം. കേരളത്തിലെത്തിയ കാലം തൊട്ടേ മാപ്പിളമാർ കച്ചവടക്കാരായാണ് അറിയപ്പെട്ടു വന്നത്. വീടും വ്യാപാ രശാലയും ഒന്നു തന്നെയായിരുന്ന അക്കാലത്ത് അവയെ ചേർത്ത് പീടിക എന്നു വിളിച്ചിരുന്നു. കൊളോണിയൽ അധിനിവേശം ചരിത്രത്തെ തങ്ങളുടെ താക്കി മാറ്റിയ കാലത്തിനുമെത്രയോ മുൻപ് ഇവിടുത്തെ സാമൂഹ്യനിർമ്മിതി യെ സ്വാധീനിച്ചവരായിരുന്നു അറബികളും അവരെ പിൻപറ്റിയ മാപ്പിളക്കച്ചവടക്കാരും.

തുടക്കത്തിൽ ഒറ്റപ്പെട്ടാണ് ഓരോ ഗ്രാമത്തിലും പീടികകൾ നിന്നു. പോന്നത്. ഗ്രാമവാസികളുടെ ആവശ്യങ്ങൾ വർദ്ധിച്ചതോടെ സമാനതകളിൽ നിന്നും വൈവിധ്യതകളിലേക്ക് പീടിക പരിണമിച്ചു. ഗ്രാമത്തിലെ പൊതു ഇടം എന്ന നിലയ്ക്ക് ആളുകളുടെ കൂടിച്ചേരലിനും ആശയ സംവാദത്തിനും പീടിക അരങ്ങായി വർത്തിച്ചു. ഇവിടെ നിന്നുമാണ് നാടിനെ അടയാളപ്പെടുത്തുംമട്ടിൽ പൊതു നാമമായി ഇതു മാറ്റിയത്. വടക്കൻ കേരളത്തിൽ പല നാട്ടിടങ്ങൾക്കും പീടിക ചേർത്താണു പേര്. ഉണ്ണിപ്പീട്യ, പിലാലാണ്ടി പീടിക, പറമ്പിൽ പീടിക, മാക്കൂൽ പീടിക, മുളക്കൽ പീടിക, പാറേമ്മൽ പീടിക, അഞ്ചാംപീടിക, പാനൂർ പീടിക, എടയിൽ പീടിക, മീത്തലെ പീടിക, തായലെ പീടിക, മാടപ്പീടിക, തയ്യിൽ പീടിക, മൂന്നുപീടിക, വൈദ്യർ പീടിക, കോരൻ പീടിക, ബാലൻ പീടിക എന്നിങ്ങനെ നിലനിന്നിരുന്ന ഇടവും നോക്കി നടത്തിയ ആളിന്റെ പേരും ചേർത്ത് നാട്ടു പേരുകളായി പരിണമിച്ച പീടികകൾ ഏറെയുണ്ട്.

തുണി പീട്യ, അരിപീട്യ, ഉണക്ക് പീട്യ, മുറുക്കാൻ പീട്യ, കച്ചോടപീട്യ എന്നെല്ലാം ലഭ്യമാകുന്ന ഇനം നോക്കി പീടികകൾക്ക് തരംതിരിവുകൾ ഉണ്ടായിരുന്നു. മൂലയിൽ സദാ കനലെരിയുന്ന ഒരു സമോവറുള്ള ചായപ്പീട്യ ഗ്രാമീണ ഗൃഹാതുരതയു ടെ ഒളിമങ്ങാത്ത ചിത്രമാണ്. ഗ്രാമം രാഷ്ട്രീയം പറഞ്ഞതും തർക്കിച്ചതും അറിവിനെ തേച്ചുമിനുക്കിയതും ചായ പീട്യകളിലെ “ചൂടുള്ള‘ സംവാദങ്ങളിലൂടെയായിരുന്നു.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്ന കണ്ണൂരിന്റെ വിചാരധാരയെ കൊഴു പ്പിച്ചത് കയ്യൂർ സമര രക്തസാക്ഷി കൂടിയായ മഠത്തിൽ അപ്പുവിന്റെ തേജസ്വിനിക്കരയിലെ അനാദി പീടികയായിരുന്നു. പുഴക്കരയിൽ കൊത്തോല കൊണ്ട് മറച്ച ഈ പീടികയിൽ സന്ധ്യ കഴിഞ്ഞാൽ “പ്രഭാതം“ പത്രം വായിക്കുന്നതിന്നായി കൂട്ടത്തോടെ ചെറുപ്പക്കാർ എത്തുമായിരുന്നു. ഒരു പീട്യക്കപ്പുറം അന്നത്തെ രാഷ്ട്രീയ ചർച്ചകളുടെ മുഖ്യ വേദിയായി ഇതു മാറിയിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ കഴുമരമേറിയ അപ്പുവിന് തന്റെ ശരികളുടെ രാഷ്ട്രീയ പാഠശാലയായി വർത്തിച്ചതും ഈ പീട്യ തന്നെ. കയ്യൂർ സംഭവങ്ങൾക്ക് തുടക്കമാകുന്നതും അന്നത്തെ ഹോസ്ദുർഗ്ഗ് പൊലീസ് ഇൻസ്പെക്ടർ നിക്കോളാസിന്റെ പീടിക ആക്രമണവും അപ്പുവിന്റെയും വെള്ളു ങ്ങയുടെയും അറസ്റ്റുമായിരുന്നു. പ്രശ്നങ്ങൾക്ക് കാരണക്കാരനായ സുബ്ബരായൻ എന്ന പൊലീസുകാരൻ മുടവൻ അമ്പുവിന്റെ ചായപ്പീടികക്കോലായിൽ മദോന്മത്തനായിരിക്കുമ്പോഴായിരുന്നു ജാഥയുടെ വരവും തുടർന്നുള്ള സംഭവ വികാസങ്ങളും. ജാഥക്കാർക്കെതിരെ പോരാടാൻ സുബ്ബരായൻ കത്തി സംഘടിപ്പിച്ചതോ മുണ്ടൻ വളപ്പിൽ അബ്ദുള്ളയുടെ പീടികയിൽ നിന്നും.

കച്ചവടം യാത്രകളുടെ കൂടി ചരിത്രമാണ്. അങ്ങിനെ യാത്ര ചെയ്തെത്തിയ പീടികപ്പദമാണ് അങ്ങാടി. ‘അംഗഡി ‘ എന്ന കന്നഡ വാക്കിന് സാധനങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കുന്ന സ്ഥലം എന്നാണ് അർത്ഥം. കേരളത്തിന്റെ വടക്കേ അതിർത്തിയിലുള്ള കച്ചവട കേന്ദ്രത്തിന്റെ പേരു തന്നെ “ഹൊസങ്കടി” എന്നാണ്. “ ഹൊസ” യെന്നാൽ പുതിയത് എന്നാണർത്ഥം. ചുരുക്കിപ്പ റഞ്ഞാൽ ഇത് നമ്മുടെ ‘പുതിയങ്ങാടി’ തന്നെ. ഇതു പോലെ ഹളയങ്കടിയുമുണ്ട് (പഴയങ്ങാടി). അംഗഡി ചേർന്നു. വരുന്ന ഒട്ടേറെ നാട്ടു പേരുകൾ കാസർഗോട്ട് നിലവിലുണ്ട്. അംഗഡി പദവ്, ഹട്ടിയംഗഡി, അംഗഡി മൊഗർ, കട്ടദംഗഡി, കല്ലം ഗഡി എന്നിങ്ങനെ പോകുന്നു അത്. കോഴിക്കോട്-മലപ്പുറം ഭാഗങ്ങളിൽ അങ്ങാടി ചേർത്താണ് നാട്ടു പേരുകളിൽ പലതും കാണുന്നത്. വൈദ്യരങ്ങാടി, ബി.പി.അങ്ങാടി, തിരൂരങ്ങാടി, താഴത്തങ്ങാടി, വല്യങ്ങാടി, പരപ്പനങ്ങാടി, അങ്ങാടി മൂല, അങ്ങാടിക്കവല എന്നിങ്ങനെ. പത്തനംതിട്ടയിൽ അങ്ങാടിയെന്ന പേരിൽ ഒരു ഗ്രാമപഞ്ചായത്തു തന്നെ യുണ്ട്. ചരക്കുകൾ വിൽക്കാനെത്തിയ ചെട്ടിയാർ (ചാലിയപ്പെട്ടി, വാണിയച്ചെട്ടി, സ്വർണ്ണപ്പെട്ടി, പരദേശിച്ചെട്ടിമാരിലൂടെയാണത്രെ കർണ്ണാടക ദേശം വിട്ട് അങ്ങാടി കേരളത്തിലെത്തിയത്.

“ അങ്ങാടികളിലുമാൽത്തറമേലും ഭംഗ്യാ നിന്നിതു ഘോഷം കാൺമാൻ’ എന്ന് ഘോഷയാത്രാ തുള്ളലിൽ കുഞ്ചൻ നമ്പ്യാർ കുറിച്ചിട്ടിട്ടുണ്ട്. ആളുകൾ കൂടുന്ന സ്ഥലമാണ് ഇവിടെ അങ്ങാടിയായി വിവക്ഷിക്കുന്നത്. വരിയിലും നിരയിലും ഏറെ കച്ചവട സ്ഥാപനങ്ങൾ നിലനിൽക്കുന്ന സ്ഥലം എന്ന് അങ്ങാടിക്ക് അർത്ഥം കൽപ്പിച്ചിരിക്കുന്നു. തത്വത്തിൽ ഇതൊരു തെരുവാണ്. സിനിമകളിൽ വില്ലൻ നായകനെ പോരിനു വിളിക്കുന്ന രംഗങ്ങളിൽ മിക്കതും തെരുവാണ്. വില്പന സാധനങ്ങൾ വലിച്ചെറിയുന്നതും ആളുകൾ ചിതറിയോടുന്നതും സംഘട്ടനത്തിന് സ്വാഭാവികത വരുത്തുമെന്നതിനാലാണ് ഈ തിരഞെഞ്ഞെടുപ്പ്. ഒടുക്കം “അങ്ങാടി” യെന്ന പേരിൽത്തന്നെ ഒരു സിനിമയുണ്ടായി. കച്ചവടം, മാർക്കറ്റ് മുതലായ പദങ്ങളെ പ്രതിനിധീകരിക്കുന്ന പല സിനിമകളും പിന്നീട് മലയാളത്തിൽ ഉണ്ടായി.

പുതിയ തെരു, പഴയ തെരു, മിഠായിത്തെരുവ്, കുഞ്ഞിത്തെരു മുതലായ തെരുവ് ചേർന്നു വരുന്ന നാട്ടു പേരുകളും പ്രസിദ്ധമാണ്. സിറ്റി, ടൗൺ, മെട്രോ, കോസ്മോ പോളിറ്റൻ, മെഗലോപലീസ് എന്നിങ്ങ നെ ജനസംഖ്യയുടെ കണക്കിനൊപ്പിച്ച് സമൂഹശാസ്ത്രം വൻകിട നഗര ങ്ങൾക്ക് പേരു കൽപ്പിക്കുമ്പോൾ നാമറിയാതെ പോകുന്ന ഒന്നുണ്ട്. ഇവയുടെയെല്ലാം പൂർവ്വരൂപം തെരുവായിരുന്നു.

പ്രാചീന ഭാരതത്തിൽ നാലു വിധം അങ്ങാടികളുണ്ടായിരുന്നെന്ന് തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു. വിപണി, പണ്യ വീഥിക, നിഷദ്യ, ആപണി എന്നിവയത്രെ അവ. വലുപ്പമായിരുന്നു തരം തിരിവിന്റെ ഹേതു. അങ്ങാടിയിൽ നിന്നും രൂപം കൊണ്ടതാണ് അങ്ങാടിക്കട. ഇതിൽ ‘കട’ കടന്നു പോകാ നുള്ളത് എന്ന അർത്ഥത്തിൽ തന്നെ പ്രയോഗിച്ചതാവാം. വില്പനശാലയാണ് കട. ഒരു കൂട്ടം കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഒന്നിനെ മാത്രം മാറ്റി നിർത്തി സൂചിപ്പിക്കാൻ അങ്ങാടിക്കട ഉപയോഗിച്ചിരുന്നു. കാലാന്തരത്തിൽ അങ്ങാടി മാഞ്ഞു പോവുകയും കട മാത്രം ബാക്കി നിൽക്കുകയും ചെയ്തു. തെക്കൻ കേരളത്തിൽ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടയെന്ന അർത്ഥത്തിലാണ് അങ്ങാ ടിക്കട പ്രയോഗിച്ചു കാണുന്നത്.

അങ്ങാടിയും തെരുവും മലയാളത്തിൽ ഒട്ടു വളരെ വാക്കുകൾക്ക് വി ത്തിട്ടിട്ടുണ്ട്. അങ്ങാടിക്കൂലി, അങ്ങാടി നിലവാരം, അങ്ങാടി വാണിഭം, അങ്ങാടിപ്പാട്ട്, അങ്ങാടിപ്പിള്ളർ, അങ്ങാടിപ്പെണ്ണ്, അങ്ങാടി വാർത്ത, അങ്ങാടിത്തോലി, അങ്ങാടി ന്യായം, അങ്ങാടിത്തെരുവ് ഇങ്ങനെ നീളുന്നു വാക്കുകൾ. തെരുവിൽ നിന്നാകട്ടെ തെരുവു വാണിഭം, തെരുവു വിളക്ക്, തെരുവുതെണ്ടി, തെരുവുപട്ടി, തെരുവ് ന്യായം, തെരുവാധാരം, തെരുവു ജീവിതം, തെരുവിന്റെ മക്കൾ, തെരുവു ഗായിക, തെരുവുകച്ചവടം, തെരുവ് സംസ്കാരം, തെരുവു നാടകം, തെരു വുകാഴ്ച എന്നിങ്ങനെയും.

സാഹിത്യത്തിൽ കഥ, കവിത, നോവൽ, നാടകം എന്നിവയ്ക്ക് പലവുരു തെരുവ് വിഷയമായി വന്നിട്ടുണ്ട്. 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ്.കെ പൊറ്റക്കാടിന്റെ ‘ഒരു തെരുവിന്റെ കഥ’ എന്ന നോവൽ തെരുവിലെ ഒരുപറ്റം കഥാപാത്രങ്ങളുടെ സന്തോഷവും ദു:ഖവും അനാവരണം ചെയ്യുന്നു. അദ്ദേഹത്തിന്റെ ഒരു ദേശ ത്തിന്റെ കഥയിലും ഇടമായി വരുന്നത് തെരുവാണ്.

പീടികയും അങ്ങാടിയും രൂപ മാറ്റത്തിനു വിധേയമാവുന്നത് ‘ബസാറു’ കളുടെ കടന്നുവരവോടെയാണ്. ‘ബജാർ ‘ ആണ് ഇന്നത്തെ ബസാർ. വലിയ കച്ചവടകേന്ദ്രം എന്നാണിതിനർ ത്ഥം. കച്ചവടം വലുതാകുമ്പോൾ പരിചിതത്വം അപരിചിത്വത്തിനു വഴിമാറി. അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വർ പുതിയ മുതലാളിമാരായെത്തി. സ്ഥിര വിലയെന്ന രീതിയെ അവർ അസ്ഥിരപ്പെടുത്തിയും കണിശക്ക ണക്കിൽ അളന്നു തൂക്കിയും സാധനങ്ങൾ വാങ്ങുന്നതിലും വിൽക്കുന്നതിലുമുണ്ടായിരുന്ന സുതാര്യത അവർ ഇല്ലാതാക്കി. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽപ്പെട്ട ദൊരെ ചന്തയിൽ പുതിയ അധിനിവേശം തദ്ദേശീയരായ ഗോത്ര കച്ചവടക്കാരെ എവ്വിധം പാർശ്വവൽക്കരിച്ചുവെന്ന് ആൽഫ്രഡ് ഗേൽ എന്ന സമൂഹശാസ്ത്രജ്ഞൻ ഗവേഷണ വിധേയമാക്കിയിട്ടുണ്ട്.

ഒരാൾ മുറുക്കാൻ വിറ്റപ്പോൾ മറ്റൊരാൾ ചെരുപ്പു വിറ്റു. ഒരാൾ മീൻ വിറ്റപ്പോൾ മറ്റൊരാൾ അരി വിറ്റു. ഇങ്ങനെ പരസ്പര പൂരകങ്ങളായിരുന്ന അങ്ങാടികളെ ഇല്ലാതാക്കി സൂപ്പർ മാർക്കറ്റുകളും മാളുകളും രംഗ പ്രവേശം ചെയ്തു. ‘പ്രദർശിപ്പിച്ചു വിൽക്കുക‘ എന്ന തന്ത്രമാണ് ഇവരുടെത്. ആവശ്യത്തിനും അനാവശ്യത്തിനുമുള്ളത് പ്രദർശിപ്പിക്കുകയെന്നുള്ളതാണ് ഇവരുടെ രീതി. പദവിചിഹ്നമാകാൻ (status symbol) o ovole133 meio ന്നങ്ങൾ പലതും അവർ നിർമ്മിച്ചും നയെക്കൊണ്ട് വാങ്ങിപ്പിച്ചും പുതിയ വാണിജ്യ സംസ്കാരം പരുവപ്പെടുത്തിയപ്പോൾ എല്ലാ കൺനോട്ടങ്ങളും അങ്ങോട്ടായി. ഉപഭോക്താവാണ് രാജാവ് എന്ന ഗാന്ധിവാക്യം സൗകര്യപൂർവ്വം മറന്ന് വിശ്വാസമില്ലായ്മയുടെ ക്യാമറക്കണ്ണുകൾക്കുതാഴെ നിർത്തി, നമ്മെയവർ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്തു. “വാങ്ങൽ “ ഒരു മുഴുദിന ചര്യയാക്കി മാറ്റാനും അവർക്കായി. “ഇവിടെ രാഷ്ട്രീയം പറയരുത് “ , “സംഭാവന ചോദിക്കരുത് “ എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളിൽ നമ്മുടെ നാവുകളെയവർ മടക്കിക്കെട്ടുകയും ചെയ്തു. ചില്ലറ വില്പന ലാഭകരമെന്നു കണ്ടപ്പോൾ മുതലാളിത്തം അങ്ങോട്ടും കടന്നു വന്നു. ഇതോടെ ‘പീട്യ’ കൂടടങ്ങി. മാനവീകതയുടെ നേരരങ്ങുകളായിരുന്ന അങ്ങാടികളുടെയും പീട്യകളുടെയും പിൻമടക്കം അപമാനവീകരണത്തിന്റെ (de – humanisation) ശബ്ദങ്ങൾ കേൾപ്പിച്ചും തുടങ്ങി. അരിയും പലവ്യജ്ഞനവും തൂക്കിക്കെട്ടുന്നതിനിടയിലും നാട്ടുവർത്തമാനവും വീട്ടുവിശേഷവും ചോദിച്ചും പറഞ്ഞും ഓരോ വാങ്ങലിനെയും ഹൃദ്യമായ അനുഭവമാക്കി മാറ്റിയ പീട്യക്കാരൻ ഒരു ചിത്രം പോലുമവശേഷിപ്പിക്കാതെ മാഞ്ഞുപോയി. ഇവിടെയാണ് ഗ്രാമീണ മലയാളി മനസ്സിലാക്കുന്നത് പീട്യ ഒരു വെറും വാക്കല്ലെന്ന്. മറിച്ച് അതൊരു തിരിച്ചറിവായിരുന്നെന്ന്. നമ്മ രൂപപ്പെടുത്തിയ ഒരു മഹാ സംസ്കാരത്തിന്റെ പേരായിരുന്നെന്ന്.

Comments are closed.