vinitha_mazha

മലക്കപ്പാറ , മിയാവാക്കി – എൻ്റെ കാതലിയേ…

കോരിച്ചൊരിയുന്ന മഴയത്ത് താമരശ്ശേരി ചുരത്തിൽ റോഡിനിരുവശത്തുള്ള പാറകൾക്കിടയിൽ വയലറ്റ് നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഭംഗിയുള്ള ബിഗോണിയ ചെടി പറിക്കാൻ ഇറങ്ങിയപ്പോഴാണ് ഏറ്റവും അവസാനമായി മഴ നനഞ്ഞത്. പെരുമഴയത്ത്, വിശേഷിച്ചു ലോക്ക് ഡൗൺ കാലത്ത് ഒരു സ്തീ റോഡിലിറങ്ങി നിൽക്കുന്നതുകണ്ട് ആളുകൾ വണ്ടി നിറുത്തിയത് മൂലം ഉണ്ടായ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടി ആ ഉദ്യമം നിരാശയോടെ ഉപേക്ഷിക്കേണ്ടി വന്നു. മഴ നനയുന്നത് മാത്രമല്ല ഒരു സ്ത്രീ സാധാരണയിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്താലും അത് അരുതാത്തതായി മാത്രം കാണുന്ന ആൺ പെൺ വേർതിരിവ് വേണ്ടുവോളമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് .

വളരെ ചെറുപ്പകാലം മുതൽ തന്നെ കൂട്ടുകൂടുമ്പോഴും സൗഹൃദം പങ്കിടുമ്പോഴും ഒരിക്കലും ആൺ /പെൺ എന്ന വേർതിരിവ് ഒരു മാനദണ്ഡമാകാത്തത് കൊണ്ടാവും, മഴനനയുന്നതിലും അങ്ങനെ ഒരു വ്യത്യാസത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല.

മഴയെക്കുറിച്ച് ഓർക്കുമ്പോൾ ഏറെ പറയാനുണ്ടെങ്കിലും ഏറ്റവുമാദ്യം മനസ്സിലേക്ക് ഓടിയെത്തുക ,മഴ പെയ്ത് കഴിഞ്ഞ് ഇടവഴിയിലെ കുഞ്ഞു കുഞ്ഞു കുഴികളിൽ കെട്ടി നിൽക്കുന്ന തെളിഞ്ഞ വെള്ളത്തിൽ പടക്കം പൊട്ടിച്ച് കളിക്കുന്നതാണ്. ആദ്യ ഒന്നു രണ്ടു മഴയിൽ മണലിലെ
കറുത്ത പൊടിയും ചെളിയുമെല്ലാം ഒഴുകി പോയതിനു ശേഷം കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിൽ കാലുകൾ പിണച്ച് പടക്കം പൊട്ടിക്കാത്ത ആരെങ്കിലും നാട്ടിലുണ്ടാവുമോ? ഇപ്പോൾ ആരെങ്കിലും അങ്ങനെ കളിക്കുന്നുണ്ടാവുമോ?

സ്കൂളിൽ പഠിക്കുമ്പോൾ മുള്ളാ മണിയും കൂട്ടമണിയും അടിക്കുമ്പോഴുള്ള മഴ നനയാനുള്ളതാണെങ്കിൽ, കോളേജിൽ എത്തുമ്പോൾ മഴ വരാന്തയിൽ കയറി നിന്ന് എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഒന്നാവും. പ്രയാമായാൽ മഴയെ ഇത്തിരിക്കൂടി ദൂരെക്ക് മാറ്റിനിർത്തും. കുന്നിൽ മുകളിലെ മഴ നനുനനുത്തതാണെങ്കിൽ കാട്ടിലെ മഴക്ക് വലിയ ശബ്ദമാണ്.എന്നാൽ കടപ്പുറത്ത് മഴ സൂചികുത്തുന്നതുപോലെയും. അങ്ങനെയൊക്കെയാണ് മഴയനുഭവം.

മനുഷ്യ മനസ്സുപോലെ തന്നെ, അതുവരെ കണ്ണിൽ പെടാതെ ചൂടിൽ തളർന്നു കിടന്നിരുന്ന, പൊടിയിൽ കുളിച്ച് നിറംമങ്ങിയ എല്ലാം ഒരൊറ്റ മഴയിൽ ഉണർത്തെഴുന്നേൽക്കും. മഴയിലെ പച്ച വല്ലാത്ത ഒരനുഭവമാണ്. പറമ്പ് നിറയെ പല തരത്തിലുള്ള മരങ്ങൾ നിറഞ്ഞ് നിൽക്കുന്ന എന്റെ കുഞ്ഞു വീടിന്റെ ഇറയത്ത് അരമതിലിൽ ചാരി ഇരുന്ന് കാണുന്നത്ര ഭംഗിയുള്ള മഴ വേറെ എവിടേയും കാണാൻ പറ്റില്ല. അച്ഛന്റെ ചാരു കസേരയിൽ ഇരുന്നാണെങ്കിൽ ആഘോഷമായി.ഇരുന്നു കാണുന്ന മഴയ്ക്ക്, നടന്നു നനയുന്ന മഴയേക്കാൾ രുചി കൂടുതലാണ്.

ഓരോ മഴയനുഭവവും തിരിച്ചു വരാത്ത വിധം വേറിട്ടതാണ്. നെല്ലിയാമ്പതി കാടുകളിൽ കൂട്ടുകാരുമൊത്ത് മഴ നനഞ്ഞ് മല മുഴക്കി വേഴാമ്പലിനെ തേടി നടന്നതും, അടിച്ചിൽ തൊട്ടിയിൽ ആദിവാസി ഊരിൽ കൊലുസിന്റെ ഒറ്റമുറിയും കുഞ്ഞടുക്കളയും കുഞ്ഞു വരാന്തയുമുള്ള വീടിന്റെ തിണ്ണയിൽ കാല് നീട്ടി ഇരുന്ന് മഴ കണ്ടതുമെല്ലാം ഓർമ്മകളായി തന്നെ അവശേഷിക്കുമോ?

അതിരിപ്പിള്ളി മലക്കപ്പാറ കെ.എസ്.ആർ.ടി.സി ബസ് യാത്രയിൽ ഡ്രൈവറുടെ പിന്നിലെ വിൻഡോ സീറ്റിലിരുന്നു കാടിന് മുകളിലൂടെ മഴ പെയ്തിറങ്ങുന്നത് കാണുന്നത്ര ഏറെ ഇഷ്ടമുള്ളതും അതിമനോഹരവും ഒരിക്കലും മടുക്കാത്തതുമായ ഒരു യാത്രയും കാഴ്ചയും വേറില്ല തന്നെ.

തോടും കുളങ്ങളും നിറഞ്ഞിടത്താണ് ജനിച്ച് വളർന്നതെങ്കിലും നീന്താനറിയില്ല എന്നതാണ് പരമമായ യാഥാർത്ഥ്യം. പക്ഷെ എവിടെ വെള്ളം കണ്ടാലും മുന്നും പിന്നും നോക്കാതെ അതിലേക്ക് എടുത്ത് ചാടുന്നത് ഞങ്ങൾ കടപ്പുറത്തുകാരുടെ ഒരു ശീലമാണ്. അതിപ്പോൾ അഴീക്കോട് കടപ്പുറത്താണെങ്കിലും അങ്ങ് അതിരപ്പിള്ളി വെള്ളച്ചാട്ടമായാലും.

പണ്ട് നാട്ടിൽ വിശേഷിച്ചും പെൺകുട്ടികളെ കുളത്തിൽ കുളിക്കാൻ സമ്മതിക്കില്ലായിരുന്നു. അച്ഛന്റെ പെങ്ങളുടെ വീട്ടിൽ പോകുമ്പോൾ ചേട്ടൻമാരോടൊപ്പം കുളത്തിൽ തൊട്ടാപൊട്ടൻ കളിക്കാറുണ്ടായിരുന്നതും വേനലവധിക്ക് അമ്മേന്റെ വീട്ടിൽ പോവുമ്പോൾ റെയിൽവേട്രാക്കിനു താഴെ തോട്ടിൽ കുളിക്കുന്നതുമെല്ലാം ഏറെ രസകരമായിരുന്നു. തോടും പാടവും പുഴയും റെയിൽവേ ട്രാക്കും കൂടി പിണഞ്ഞ് കിടക്കുന്ന ഒരിടം. തോട്ടിൻ കരയിൽ നിറയെ കായ്ച്ചു നിൽക്കുന്ന ഒതളങ്ങ മരത്തിലെ ഒതളങ്ങകൾ മുഴുവൻ വെള്ളത്തിൽ വീണ് പൊങ്ങി കിടക്കുന്നതും വെള്ളത്തിനടിയിൽ കാൽപാദത്തിലൂടെ നീർക്കോലി ഊളിയിട്ടതും ഓർത്ത് ഉറങ്ങാൻ മറന്ന എത്രയോ രാത്രികൾ. മലയാറ്റൂരിനടുത്ത് മുളങ്കുഴിയിൽ തീരത്ത് നിറയെ മഹാഗണി മരങ്ങൾ തിങ്ങിനിൽക്കുന്ന പുഴയിൽ ഒരു കൂട്ടം സ്ത്രീകൾ ദിവസം മുഴുവൻ മുങ്ങി കിടന്ന് സ്വാത്രന്ത്ര്യ ചിന്തകൾ പങ്കുവച്ചത് ഏറെ രസകരമായ ഒരനുഭവമാണ്.

മഴക്കാല ഓർമ്മകൾ സന്തോഷത്തിന്റേത് മാത്രമല്ല സങ്കടങ്ങളുടേത് കൂടിയാണ്. ഭൂരിപക്ഷം മനുഷ്യരും കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഒരു നാട്ടിൽ മഴക്കാലം മുഴുപട്ടിണിയെ കൂടി അടയാളപ്പെടുത്തുന്നു.  കർക്കിടക മാസത്തിലെ തോരാതെ പെയ്യുന്ന വൈകുന്നേരങ്ങളിൽ റേഷൻ കടയിൽ നിന്ന് വാങ്ങുന്ന ഗോതമ്പും വേനൽക്കാലത്ത് പെറുക്കി സൂക്ഷിച്ച് വക്കുന്ന ആഞ്ഞിലി കുരുവും വറുത്തു തിന്നും. ആഞ്ഞിലിക്കുരു മൺചട്ടിയിലിട്ട് വറുത്ത് ചൂടോടെ മുറത്തിൽ ഇട്ടിട്ട് നാഴികൊണ്ട് ഉരുട്ടി തൊലി കളഞ്ഞ് കഴിക്കുന്നത് ഏറെ ശ്രമകരം തന്നെ. അടുത്തടുത്ത വീടുകളിലെ എല്ലാവരും കൂടി ആഘോഷമാക്കുന്ന ഈ വൈകുന്നേരങ്ങൾ ഇനിയും തിരിച്ച് പിടിക്കാനാവുമോ?

ശുദ്ധജലത്തിന് വേണ്ടി കുളവും ചാമ്പ് പൈപ്പും മാത്രം ആശ്രയമായിരുന്ന അക്കാലത്ത് വലിയ വട്ടകക്ക് മീതെ വെളുത്ത തോർത്ത് വിരിച്ച് മഴ വെള്ളം ശേഖരിക്കുന്നത് മനസ്സിൽ മായാതെയുള്ള ഒരോർമ്മയാണ്.

മഴക്കാലത്ത് തോടും കുളങ്ങളും എല്ലാം നിറഞ്ഞൊഴുകും. ഇരുവശങ്ങളിലും കൈത എത വിരിച്ച് നിൽക്കുന്ന തോട്ടിലെ വെള്ളത്തിൽ പളപളാ മിന്നുന്ന പരലും മഞ്ഞപ്പുള്ളിയുള്ള പള്ളത്തീം കിടന്ന് തുള്ളി ചാടും. കുട്ടികളെല്ലാം തോർത്ത് വിരിച്ച് പള്ളത്തിനെം പരലിനെം പിടിക്കും. ആൺകുട്ടികൾ രാത്രിയായാൽ മഞ്ഞ തവളയെ പിടിച്ച് ആരും കാണാതെ തവളക്കാൽ വറുത്തു തിന്നും. വൈദ്യുതി എത്തി ചേരാത്ത പ്രദേശത്ത് തവള പിടുത്തക്കാർ കൊണ്ടുവരുന്ന പെട്രോമാക്സിന്റെ വെളിച്ചം കാണുമ്പോഴത്തെ കണ്ണിലെ തിളക്കവും അത്ഭുതവുമെല്ലാം പാവം തവളകളയെല്ലാം പിടിച്ചോണ്ട് പോവുന്നതോർക്കുമ്പോൾ മങ്ങി മങ്ങി ഇല്ലാതാവും.

മഴയും പാട്ടും കട്ടൻചായയുമെല്ലാം എന്നും എപ്പോഴും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്. സ്കൂളിൽ പകുതിയിലേറെ കുട്ടികൾക്കും ചൂടാൻ സ്വന്തമായി ഒരു കുട ഇല്ലാതിരുന്ന അക്കാലങ്ങളിൽ ഒറ്റക്ക് ഒരു കുടക്കീഴിൽ മഴയത്ത് നടക്കുക എന്നത് ഒരു അഹങ്കാരമായിരുന്നു. മഴക്കാലത്ത് നനഞ്ഞൊലിച്ചല്ലാതെ സ്കൂളിൽ എത്തിയ ഓർമ്മകൾ ഇല്ലെന്ന് തന്നെ പറയാം. ഗൾഫിൽ നിന്നെത്തിയ വിവിധ വർണ്ണങ്ങളിലുള്ള കുടകൾ ചൂടി നിരനിരയായി പോകുന്ന കുട്ടികളെ നോക്കി എത്രയോ തവണ കയ്യിലുള്ള കറുത്ത് നീണ്ട കുടനിവർത്താൻ മറന്ന് മഴയിൽ നോക്കി നിന്നിട്ടുണ്ട് .

കടലോര പ്രദേശങ്ങളിൽ മഴക്കാലത്ത് മാത്രമല്ല, ഏത് സമയത്തും വീട്ടിൽ വരുന്നവരോട് ഒരു കട്ടനെടുക്കട്ടെ എന്ന ചോദ്യം സർവ്വസാധാരണമാണ്. കാപ്പി മുഖ്യവിളയായിട്ടുള്ള അടിച്ചിൽ തൊട്ടി ആദിവാസി ഊരിലെ ചേച്ചിമാരും കാണുമ്പോൾ ആദ്യം ചോദിക്കുക ചായ കുടിച്ചാ… ഇല്ലങ്കി കുടിച്ചിട്ട് പോവാം. കടപ്പുറത്തായാലും മലമുകളിലായാലും ഉപാധികളില്ലാതെ മനുഷ്യസ്നേഹം പകർന്ന് നൽകുന്നത് കട്ടനിലൂടെ തന്നെ. ആണധികാരത്തിന്റെ കോട്ടവാതിലുകൾ തകർന്നടിഞ്ഞിട്ടില്ലാത്ത കേരള സമൂഹത്തിൽ കട്ടൻചായ ഉണ്ടാക്കുന്നത് ഇപ്പോഴും സ്തീകൾ തന്നെ തീർച്ചയായും ഇപ്പോഴത്തെ തലമുറയിലെ ചെറിയ ഒരു വിഭാഗം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്നു.

തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് 120 വർഷം പഴക്കമുള്ള കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമ്മകൾ ഇനിയും അവശേഷിപ്പിക്കുന്ന അതി വിശാലമായ ഞങ്ങളുടെ ക്വാർട്ടേഴ്സിനു ചുറ്റും ഞാനുണ്ടാക്കിയ എന്റെ കുഞ്ഞു മിയാവാക്കി വനത്തിനുള്ളിൽ പെയ്യുന്ന മഴ നോക്കി ഒറ്റക്കോ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പമോ ഇരിക്കുമ്പോൾ അറിയാതെ മൂളി പോകുന്നു….

മഴയേ തൂമഴയെ….
വാനം തൂവുന്ന പൂങ്കുളിരേ
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവോ എന്റെ കാതലിയെ…

Add a Comment

Your email address will not be published. Required fields are marked *