ലോകത്തിന് ലോകകപ്പ് എന്ന പോലെയാണ് ചെത്ത്ലാത്തിന് ചെവാർഡ്. ആറ് വാർഡുകളിലെ ആളുകൾ മൊത്തം ആറ് ചേരിയായി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പോരാട്ടമായിരിക്കും. കൊച്ചു കുട്ടികൾ മുതൽ വല്യുമ്മമാർ വരെ ഇതിന്റെ കണ്ണിയിൽപെടും. കളിയോടൊപ്പം ട്രോളുകളും സജീവമാവും. ലക്ഷദ്വീപിലെ തന്നെ പേരുകേട്ട ടൂർണ്ണമെന്റാണ് ചെവാർഡ്.
ലക്ഷദ്വീപിലെ
പന്താരവങ്ങൾ
ഹർമത്ത് ഖാൻ
ഓരോ ലോകകപ്പും കടന്നു വരുന്നത് കൊട്ട നിറച്ചും ആരവങ്ങളുമായാണ്. ലോകത്തിന്റെ ഓരോ മൂലയിലും ലോകകപ്പിന്റെ അലയൊലികൾ കെങ്കേമമായി കൊണ്ടാടുന്ന വേളയിൽ ലക്ഷദ്വീപും ലോകകപ്പിനായി ഒരുങ്ങുകയാണ്.
ഒരു വർഷത്തിലെ 365 ദിവസവും ഫുട്ബാളിനെ സ്നേഹിക്കുന്ന ഒട്ടനേകം ആൾക്കാർ പത്ത് ദ്വീപുകളിലായി ചിതറി കിടക്കുന്ന ഒരു കുഞ്ഞു ദ്വീപു സമൂഹം ആണെന്റെ നാട്. അവിടത്തെ കുഞ്ഞൻ ദ്വീപുകളിൽ ഒന്നായ രണ്ടേ രണ്ട് കിലോമീറ്റർ മാത്രം നീണ്ട് കിടക്കുന്ന ചെത്ലത്ത് ദ്വീപാണ് എന്റെ നാട്. തെങ്ങിൽ തിങ്ങി നിറഞ്ഞ, ഇരുപത്തി രണ്ട് കളിക്കാർക്കൊപ്പം പതിനഞ്ചിലധികം തെങ്ങുകളാൽ അലങ്കരിച്ച ‘ബാളേലി’ ആയിരുന്നു 2010 ലോകകപ്പിന്റെ അന്നുള്ള നാട്ടിലെ മേജർ സ്റ്റേഡിയം. കളി തുടങ്ങും മുമ്പും കളി കഴിഞ്ഞ് സ്റ്റഡ് മാറ്റി കൊണ്ടിരിക്കുമ്പോഴും ചർച്ചകൾ മൊത്തം ഓരോ കളികളെ കുറിച്ചായിരിക്കും. അർജന്റീന-ബ്രസീൽ ആരാധകർ ആണ് കൂടുതൽ എങ്കിലും പോർച്ചുഗൽ, സ്പെയിൻ, ഇംഗ്ലണ്ട് , ഫ്രാൻസ്, ജർമനി, ഹോളണ്ട് എന്നിവർക്കും അവരുടേതായ ആരാധക കൂട്ടമുണ്ട്.
ഒരുപാട് പരിണാമങ്ങൾ ഞങ്ങൾ വളർന്നതിനൊപ്പം നാട്ടിലെ ഫുട്ബാളിനും സംഭവിച്ചിരുന്നു. 2011-ൽ നാട്ടിൽ ലക്ഷദ്വീപ് സ്ക്കൂൾ ഗെയിംഗ് ആഥിതേയത്വം വഹിക്കുന്നത് കൊണ്ട് പുതിയ ഗ്രൗണ്ട് രൂപം കൊണ്ടു. മുമ്പത്തെ കളിയെ അപേക്ഷിച്ച് മികച്ച കോച്ചിംഗ് ക്യാമ്പുകൾ നടന്നു, പുത്തൻ കളിക്കാരും വളർന്നുവന്നു. ഡ്രിബ്ലിങ്ങും മിഡ്ഫീൽഡ് സെന്റേർഡ് ഗെയിമുകളും മികച്ച പന്തടക്കവും എല്ലാം ഗ്രൗണ്ടിന്റെ വരവോടെ മെച്ചപ്പെട്ടു. നാട്ടിലെ ക്ലബ്ബുകൾ ഇതര ടൂർണമെന്റുകൾ നടത്തി ഫുട്ബാൾ ലഹരിക്ക് മാറ്റ് കൂട്ടിക്കൊണ്ടിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ഇന്റർ ദ്വീപ് മത്സരങ്ങളും നടന്നു. പതിനൊന്ന് വർഷങ്ങൾക്കിപ്പുറം എ.പി.ജെ. അബ്ദുൾകലാം മെമ്മോറിയൽ ഗവൺമെൻ്റ് സീനിയർ സെക്കൻഡറി സ്കൂൾ [APJAKMGSSS] ഗ്രൗണ്ട് എന്ന നാമത്തിൽ ചേത്ലാത്ത് ദ്വീപിൻ്റെ വടക്കേ അറ്റത്തായി പടിഞ്ഞാറെ ലഗൂണും ഗാന്ധിദ്വീപ് എന്ന കൊച്ച് തുരുത്തും കാണും വിധം ജ്വലിച്ച് നിൽക്കുന്നു.
കഴിഞ്ഞു പോയ ലോകകപ്പിൽ എല്ലാം തന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഫാൻ ഫൈറ്റും ഫ്ലക്സ് വെക്കലും കട്ട് ഔട്ട് സ്ഥാപിക്കലും എല്ലാമായി ദ്വീപുകാരും ആഘോഷിച്ചു. മെസ്സിയും റൊണാൾഡോയും നെയ്മറുമാണ് ഇവിടെയും ഇഷ്ട താരങ്ങൾ. ക്ലബ്ബ് ഫുട്ബാളിനാണ് ചർച്ചകൾ കൂടുതൽ. അതാണല്ലോ ദേശിയ കളികളെക്കാൾ കൂടുതൽ നടക്കുന്നത്. ടിവിയിൽ കളിയുള്ള ദിവസങ്ങളിൽ ഏതാണ്ട് വൈകുന്നേരം നാല് മണിമുതൽ നാട്ടിലെ പിള്ളേർ മൊത്തം കളിയുടെ വിശേഷങ്ങൾ പറയും. അന്ന് വാട്ട്സ്ആപ് ഗ്രൂപ്പുകളും നിറയെ ഫുട്ബാൾ ചർച്ചകൾ ആയിരിക്കും. അതിനുമുമ്പേ പഞ്ഞിക്കിട്ട കഥകളും സ്റ്റാറ്റസും വാരി വിതറി നാടൻ പണ്ഡിറ്റുകൾ ചർച്ചകൾക്ക് ചുക്കാൻ പിടിക്കും. നാട്ടിലെ വാർഡ് തോറുമുള്ള ‘ചെവാർഡ്’ ആണ് ഏറ്റവും വാശിയേറിയ പോരാട്ടം. ലോകത്തിന് ലോകകപ്പ് എന്ന പോലെയാണ് ചെത്ത്ലാത്തിന് ചെവാർഡ്. ആറ് വാർഡുകളിലെ ആളുകൾ മൊത്തം ആറ് ചേരിയായി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പോരാട്ടമായിരിക്കും. കൊച്ചു കുട്ടികൾ മുതൽ വല്യുമ്മമാർ വരെ ഇതിന്റെ കണ്ണിയിൽപെടും. കളിയോടൊപ്പം ട്രോളുകളും സജീവമാവും. ലക്ഷദ്വീപിലെ തന്നെ പേരുകേട്ട ടൂർണ്ണമെന്റാണ് ചെവാർഡ്. ലക്ഷദ്വീപ് ഫുട്ബാൾ ടൂർണ്ണമെന്റ് നവീകരണത്തത്തിന് പ്രധാന പങ്കു വഹിച്ചത് ചെവാർഡ് ആണ്.
എന്റെ ക്ലബ്ബായ ഫിനിക്സ് ആർട്ട്സ് & സ്പോർട്സ് അസോസിയേഷൻ ആദ്യമായി നടത്തിയ സെവൻസ് ടൂർണ്ണമെന്റ് കഴിഞ്ഞിട്ട് ചൂടാറുന്നതേയുള്ളൂ. ലക്ഷദ്വീപിലെ ആദ്യത്തെ ഫ്ലഡ്ലൈറ്റ് ടൂർണ്ണമെന്റ് കൂടിയാണ് CSL-2022 എന്ന പേരിൽ അരങ്ങേറിയ ചെത്ത്ലത്ത് സോക്കർ ലീഗ് ടൂർണ്ണമെന്റ്. പല ദ്വീപുകളിലും ടർഫുകൾ ഉണ്ടെങ്കിലും സെവന്സ് ടൂർണ്ണമെന്റിന്റെ ഹരം അറിഞ്ഞ നാളുകൾ ആയിരുന്നു ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ. വൈകിട്ട് ഏഴ് മണിക്ക് കളി തുടങ്ങിയാൽ രാത്രി പന്ത്രണ്ട് വരെ നീളും. കളി കാണാനായി നാട് മൊത്തം വരും. ഗ്രൗണ്ടിന്റെ തെക്ക് പടിഞ്ഞാറേ സൈഡിൽ ആണുങ്ങൾക്ക് സ്ഥാനമില്ല. അവിടെ കളിക്കാരുടെ ഉമ്മമാർ, ഭാര്യമാർ, കുട്ടികൾ, അനിയത്തിമാർ, മൂത്തവർ ഒക്കെ കാണും. ഇളയ കളിക്കാരുടെ കാമുകിമാരും ഉണ്ടാവും എന്ന കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ. കിഴക്കേമൂല അധികവും ബാപ്പമാരുടെ ഇടമാണ്. നാട്ടിലെ പ്രമുഖ ഡയലോഗടിക്കാർ കമ്മിറ്റി സ്റ്റേജിനെ ചുറ്റിപ്പറ്റി കാണും. പടിഞ്ഞാറെ വശം നടുഭാഗം പിള്ളേരുടേതാണ്. ആഘോഷം അധികവും അവിടെയാണ്. വടക്കുവശത്ത് അങ്ങിങ്ങായി ഇരുട്ടത്തും ആൾകാരുണ്ട്. ആദ്യത്തെ CSL തന്നെ ലക്ഷദ്വീപിലാകെ അറിയപ്പെട്ടതോടെ ഇനിയും വൈകാതെ വീണ്ടും നടത്തിക്കൊണ്ട് പോവണം. ഒരുപാട് ഇതര ദ്വീപിലെ അറിയപ്പെട്ട കളിക്കാർ അടുത്ത CSL-ൽ പങ്കെടുക്കാൻ ചെത്ത്ലാത്തിൽ എത്തും എന്ന് വിശ്വസിക്കുന്നു.
ഈ ചൂട് തീരും മുമ്പേ നാട്ടിലെ ബ്രസീൽ അർജന്റീന ഫാൻസ് എങ്ങനെ ലോകകപ്പ് ആഘോഷിക്കാം എന്ന ചിന്തയിലായിരുന്നു. നാട്ടിലെത്തുന്ന കപ്പലുകളിലും വെസലുകളിലും ഇഷ്ട ടീമിന്റെ ജെഴ്സികൾ നാട്ടിലെത്തിക്കൊണ്ടിരിക്കുന്നു. ഫ്ലക്സുകൾ ഉയരുന്നു. കട്ടയ്ക്ക് നിൽക്കാൻ പോർച്ചുഗൽ ഫാൻസും ഒരുങ്ങുന്നു. വേറെ ടീമുകളുടെ ഫാൻസ് ആൾബലം കുറവായതിനാൽ ആഘോഷം സോഷ്യൽ മീഡിയകളിലായി നടത്തുന്നു.
മെസ്സി ഫാനായ ഞാൻ എന്നത്തേക്കാളും കുറച്ചധികം ആവേശത്തോടെ അർജന്റീനയുടെ മികച്ച സാധ്യതകളും പറഞ്ഞ് ‘സ്പോർട്സ് മാൾ’ എന്ന ഞങ്ങടെ ഗ്രൂപ്പിലും ബാക്കി ഗ്രൂപ്പുകളിലും ഫാൻ ഫൈറ്റുകളിൽ മുഴുകി ലോകകപ്പും കാത്തിരിക്കുന്നു. വേറെ ഒരു ദ്വീപിൽ ജോലി ചെയ്യുന്നത് കൊണ്ട് ഇത്തവണ ചെത്ത്ലാത്തിലെ ലോകകപ്പ് ആരവങ്ങൾ നേരെ കാണാൻ സാധിക്കാത്തതിന്റെ സങ്കടമുണ്ടെങ്കിലും ഉള്ളയിടത്തു ആഘോഷങ്ങളുടെ കൂട്ടത്തിൽ ഞാനും ഉണ്ടാവും, അർജന്റീന ലോകകപ്പ് നേടും എന്ന പ്രതീക്ഷയോടെയാണ് ആൽബസെലെസ്റ്റെ ലക്ഷദ്വീപ്.
ലോകകപ്പ് കഴിഞ്ഞാലും റിയൽ, ബാഴ്സ, യുണൈറ്റഡ്, ലിവർപൂൾ, സിറ്റി, പി.എസ്.ജി, ബയേൺ എന്നീ ടീമുകളുടെ പേരും പറഞ്ഞ് ഞങ്ങളും അടുത്ത ലോകകപ്പ് വരെ മല്ലിടിച്ചോണ്ടിരിക്കും…
Add a Comment