ഖത്തറിന്റെ മണ്ണില്‍ ലോക കാല്‍പ്പന്തു കളിയുടെ മാമാങ്കത്തില്‍ ആവേശമുണരുമ്പോള്‍ കപ്പിടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ടീമുകളില്‍ ഒന്നു തന്നെയാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്. ഇത്തവണത്തെ ഫ്രാന്‍സ് ടീമിന് ലിലിയന്‍ തുറാമുമായി പ്രത്യക്ഷത്തില്‍ രണ്ട് ബന്ധങ്ങളുണ്ട്. പഴയ സഹതാരം ദിദിയര്‍ ദെഷാംപ്‌സും സ്വന്തം മകന്‍ മാര്‍ക്കസ് ലിലയന്‍ തുറാമുമാണ് ഈ രണ്ടു ബന്ധങ്ങള്‍.
ഫുട്ബോൾ
കപ്പി(ൽ)ത്താന്മാർ
എം ഷമീർ
കാല്‍പ്പന്ത് ഒരു കളിയല്ല, കാര്യമാണ്. ദേശ-കാലന്തരങ്ങളില്ലാതെ ആവേശവും ആഹ്ലാദവും ആരവവും ആര്‍പ്പോ വിളികളും അലയടിക്കുന്ന യുദ്ധസമാനമായ പോരാട്ടം.
ചതുരംഗക്കളമായ മൈതാനത്തെ കുമ്മായ വരകള്‍ക്കിടയിലെ യുദ്ധം. രക്തരൂക്ഷിതമായ യുദ്ധങ്ങളെ നാം വെറുക്കാറുണ്ട്. എന്നാല്‍ ഇത്തരം യുദ്ധങ്ങളില്‍ തോക്കും പീരങ്കിയും കഥ പറയുമ്പോള്‍ മൈതാനത്തെ ഈ യുദ്ധത്തില്‍ കഥ പറയുന്നത് ബൂട്ടുകളാണ്. മിസൈലും പീരങ്കിയുമായി മിന്നല്‍പ്പിണര്‍ തീര്‍ക്കുന്നത് ലോങ് ഷോട്ടുകളും ഫ്രീക്കിക്കുകളുമെല്ലാമായിരിക്കും.
ലോക കാല്‍പന്തുകളിയുടെ മാമാങ്കം ഖത്തറില്‍ നടക്കുമ്പോള്‍ ഇങ്ങകലെ നമ്മുടെ കൊച്ചു കേരളത്തില്‍ നാം ആര്‍ത്തലച്ചു തുടങ്ങിയത് കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് വേണ്ടിയാണ്. ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.എല്‍. ടൂര്‍ണമെന്റും ഫുട്‌ബോള്‍ ലോകകപ്പും ഒരുമിച്ച് വന്നിരിക്കുകയാണ്. ഇതുവരെ ഇന്ത്യക്കാര്‍ക്ക് ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ
ഭാഗമാവാന്‍ അവസരം നല്‍കിയിട്ടില്ലെന്നതു മാത്രമാണ് നമുക്കുള്ള സങ്കടം. ആഘോഷങ്ങള്‍ക്കിടയില്‍ സങ്കടങ്ങള്‍ക്ക് നമുക്ക് അവധി കൊടുക്കാം.
കളി മൈതാനങ്ങളിലെ മുദ്രാവാക്യം
ഏറെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയരുന്ന ഇടമാണ് ഫുട്‌ബോള്‍ മൈതാനങ്ങള്‍. കളിക്കളത്തിലും ഗാലറിയിലും വംശീയതയും വര്‍ണ-ലിംഗ-ദേശ വേര്‍തിരിവുകളുടെയും രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. കളിക്കളത്തില്‍ കാലുകള്‍ കൊണ്ട് വിസ്മയ പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന താരങ്ങളില്‍ ചിലര്‍ രാഷ്ട്രീയ ഇടപെടലുകളാലും ആക്ടിവിസ്റ്റ് ചിന്തകളാലും ജനപ്രീതി നേടാറുണ്ട്. ഇതില്‍ പ്രധാനിയായ ഒരു കളിക്കാരനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പാണിത്. ഒപ്പം ഇഷ്ട ടീമായ ഫ്രാന്‍സിനെക്കുറിച്ചും.
തുറാമെന്ന പ്രതിരോധ ഭടന്‍
ലിലിയന്‍ തുറാം അടിമുടിയൊരു പ്രതിരോധ ഭടനാണ്. കളിക്കളത്തിലും പൊതു ജീവിതത്തിലും. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടു കെട്ടിയ ലിലിയന്‍ തുറാമിനെ കുറിച്ച് ഓര്‍മിക്കാതെ ഫ്രാന്‍സിന്റെ കാല്‍പ്പന്തു ചരിതം പൂര്‍ണമാവുന്നില്ല.
ലോകകപ്പിന്റെ വേദിയില്‍ രണ്ട് കലാശപ്പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും തോല്‍വിയുടെ കയ്പ്പും വിജയത്തിന്റെ മധുരവും നുകര്‍ന്നയാളാണ് തുറാം. 1994 മുതല്‍ 2008 വരെ നീണ്ട ഒന്നര പതിറ്റാണ്ടു കാലത്തെ കളി ജീവിതത്തില്‍ രണ്ടു അന്താരാഷ്ട്ര ഗോളുകള്‍ മാത്രമേ ഈ പ്രതിരോധ ഭടന്‍ നേടിയിട്ടുള്ളൂ. അതും സ്വന്തം നാട്ടിലെ കാണികള്‍ക്കു മുമ്പില്‍ നടന്ന നിര്‍ണായകമായ സെമിഫൈനലില്‍. ഫ്രാന്‍സ് കപ്പടിച്ച 1998-ലെ സെമിഫൈനലില്‍ ക്രോയേഷ്യക്കെതിരെയായിരുന്നു ആ ഗോളുകള്‍. ആദ്യം ഗോള്‍ നേടി കളിയില്‍ മേധാവിത്വം നേടിയത് ക്രോയേഷ്യയായിരുന്നു. ഫ്രാന്‍സ് താരങ്ങള്‍ സ്വന്തം നാട്ടുകാര്‍ക്കു മുമ്പില്‍ അട്ടിമറി മണത്തു. തിരിച്ചടിക്കാനായി കിണഞ്ഞ് ശ്രമിച്ചു.
പ്രതിരോധ നിരയിലെ അബദ്ധം കാരണം പിറന്ന ഗോളിനുള്ള പ്രായശ്ചിത്തമായി പ്രതിരോധ നിരക്കാരനില്‍ പ്രസിദ്ധന്‍ തുറാം ഇരട്ട ഗോളുകള്‍ നേടി. തുറാമിന്റെ ഈ മികവില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സെമി ജയിച്ചു കയറി. കലാശപ്പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തറപറ്റിച്ച് ‘ദി ബ്ലൂസ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫ്രാന്‍സ് കപ്പുമുയര്‍ത്തി. ടൂര്‍മണെന്റിലെ മികച്ച മൂന്നാമത്തെ താരത്തിനുള്ള വെങ്കലപ്പന്തും (ബ്രോണ്‍സ് ബോള്‍) നേടി ഇരട്ട മധുരത്തോടെയാണ് തുറാം ആ ലോകകപ്പ് അവസാനിപ്പിച്ചത്. ഇത് വിജയത്തിന്റെ കഥയാണ്. അടുത്തത് തോല്‍വിയുടെ നിരാശയാണ്. ഇറ്റലിയുടെ പ്രതിരോധ നിരയിലെ മാര്‍ക്കോ മറ്റെരാസിക്കു നേരെ നടത്തിയ സിനദ്ദിന്‍ സിദാന്റെ ‘ഹെഡറും’ തുടര്‍ന്ന് കിട്ടിയ ചുവപ്പുകാര്‍ഡുമാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2006-ലെ ലോകകപ്പ് ഫൈനല്‍. കലാശപ്പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റ് നിരാശയുടെ തീരമണിഞ്ഞായിരുന്നു അന്നു തുറാമിന്റെ അവസാന ലോകകപ്പ് മത്സരത്തിന് തിരശീല വീണത്. ഇടയ്ക്ക് വച്ച് കളിക്കളത്തിനു പുറത്തായിരുന്ന തുറാമിന്റെ അന്താരാഷ്ട്ര മത്സര രംഗത്തേക്കുള്ള തിരിച്ച് വരവായിരുന്നു ഈ ടൂര്‍ണമെന്റ്. 1998 ലോകകപ്പിന് സമാനമായി സെമിഫൈനലിലെ മികച്ച താരമായും തുറാം തിരഞ്ഞെടുക്കപ്പെട്ടു. 1998-ല്‍ ഇരട്ടഗോളുകള്‍ നേടിയാണ് കളിയിലെ താരമായതെങ്കില്‍ 2006-ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പറങ്കിപ്പടയുടെ ആക്രമണങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിച്ചായിരുന്നു കളിയിലെ താരമായത്. ഫൈനലില്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടും അസൂറിപ്പടയ്ക്ക് മുമ്പില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കാലിടറി. 2008-ലെ യൂറോ കപ്പില്‍ ടീമിന്റെ കപ്പിത്താനായിട്ടാണ് തുറാമിന്റെ വരവ്. ഏറക്കുറെ തന്റെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്റായിരിക്കുമിതെന്ന സൂചന നല്‍കിയാണ് അദ്ദേഹം യൂറോകപ്പിനെത്തിയത്. എന്നാല്‍ റൊമാനിയക്കെതിരെയുള്ള മത്സരത്തില്‍ കളിച്ചതോടെ ഒരു റെക്കോര്‍ഡും തുറാം നേടി. യുവേഫ യൂറോപ്യന്‍ ടൂര്‍ണമെന്റുകളിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കളികള്‍ കളിച്ച താരമെന്ന റെക്കോര്‍ഡായിരുന്നു അത്. അദ്ദേഹത്തിന്റെ പതിനഞ്ചാമത്തെ കളിയായിരുന്നു അത്. ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന റെക്കോര്‍ഡ് പിന്നീട് ഡച്ച് താരം എഡ്വിന്‍ വാന്‍ഡേഴ്‌സര്‍ തിരുത്തി. കളിക്കളത്തിനകത്ത് എതിര്‍ ടീമുകളുടെ ആക്രമണങ്ങളെ കോട്ട കെട്ടി കാത്ത പ്രതിരോധ ഭടനായ ലിലിയന്‍ തുറാമിന്റെ കളി ജീവിതത്തെ കുറിച്ചുള്ള ചെറിയ ഒരു വിശദീകരണമാണിത്. എന്നാല്‍ മൈതാനത്തിന് വെളിയില്‍ എഴുത്തുകാരന്‍, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തി നേടിയ വ്യക്തി കൂടിയാണ് ഈ കളിക്കാരന്‍. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കളി മൈതാനത്ത് സ്‌ട്രൈക്കര്‍മാരെയും പുറത്ത് സാമൂഹ്യ അസമത്വം, വംശീയ വെറി, കുടിയേറ്റക്കാരുടെ ദുരിതങ്ങള്‍ തുടങ്ങിയ സാമൂഹ്യ തിന്മകളെയും പ്രതിരോധിച്ച കളിക്കാരന്‍. അതിലുപരി ഒരു പച്ച മനുഷ്യന്‍.
സഹതാരത്തിന്റെ പരിശീലനവും മകന്റെ വരവും
ഖത്തറിന്റെ മണ്ണില്‍ ലോക കാല്‍പ്പന്തു കളിയുടെ മാമാങ്കത്തില്‍ ആവേശമുണരുമ്പോള്‍ കപ്പിടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ടീമുകളില്‍ ഒന്നു തന്നെയാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്. ഇത്തവണത്തെ ഫ്രാന്‍സ് ടീമിന് ലിലിയന്‍ തുറാമുമായി പ്രത്യക്ഷത്തില്‍ രണ്ട് ബന്ധങ്ങളുണ്ട്. പഴയ സഹതാരം ദിദിയര്‍ ദെഷാംപ്‌സും സ്വന്തം മകന്‍ മാര്‍ക്കസ് ലിലയന്‍ തുറാമുമാണ് ഈ രണ്ടു ബന്ധങ്ങള്‍. നിലവിലെ ഫ്രാന്‍സ് ടീമിന്റെ കോച്ചാണ് ദിദിയര്‍ ദെഷാംപ്‌സ്. ഇദ്ദേഹം നയിച്ച ടീമാണ് 1998-ല്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ വച്ച് കാനറിപ്പടയെ തോല്‍പ്പിച്ച് ലോക ചാമ്പ്യന്‍മാരായത്. അന്ന് ആ ടീമില്‍ ലിലിയന്‍ തുറാമുമുണ്ടായിരുന്നു. 10 ഗോളുകളുമായി ജര്‍മന്‍ ബുന്ദസ് ലീഗയില്‍ രണ്ടാമത്തെ മികച്ച സ്‌കോററായ മാര്‍ക്കസ് സ്‌ട്രൈക്കര്‍ റോളില്‍ ഫ്രാന്‍സ് ടീമില്‍ ഇടം നേടിയിട്ടുണ്ടെന്നതാണ് രണ്ടാമത്തെ ബന്ധം. ക്ലബ് സീസണില്‍ മികച്ച ഫോമിലുള്ള ഈ കൗമാര താരം ഇരുപത്താറാമനായാണ് ദെഷാംപ്‌സിന്റെ ടീമില്‍ ഇടം നേടിയിരിക്കുന്നത്. കിലിയന്‍ എംബാപ്പെയും ബാലണ്‍ ഡീ ഓര്‍ പുരസ്‌കാര ജേതാവ് കരീം ബെന്‍സിമയും അന്റോണിയോ ഗ്രീസ്മാനുമടങ്ങുന്ന ടീം ശക്തരാണ്. എങ്കിലും, കഴിഞ്ഞ ഏതാനും ലോകകപ്പുകളിലായി നിലനില്‍ക്കുന്ന ‘ചാമ്പ്യന്‍ ശാപം’ എന്ന തിയറി മാത്രമാണ് അവര്‍ക്ക് പ്രതികൂലമായി നില്‍ക്കുന്ന ഘടകം. നിലവിലെ ചാമ്പ്യന്‍മാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്ന ഒരു തിയറിയാണ് ‘ചാമ്പ്യന്‍ ശാപം’ എന്നത്. 2010-ല്‍ ഇറ്റലിക്കും 2014-ല്‍ സ്‌പെയിനിനും 2018-ല്‍ ജര്‍മനിക്കും ഈ ശാപമേറ്റിട്ടുണ്ട്. എന്നാല്‍ അതൊക്കെ വെറും അന്ധവിശ്വാസം മാത്രമെന്നു കരുതാം. കാത്തിരിക്കാം, കാല്‍പന്തിന്റെ കേളികൊട്ടുയുരട്ടെ…
(മാതൃഭൂമി കാസറഗോഡ് ലേഖകൻ)
Add a Comment