biju-puthuppanam

ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം – ഭാഗം 3

ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം.ഭാഗം. 3

ബിജു പുതുപ്പണം

അതുവരെ ഇഷ്ടമെന്ന വാക്കിനെക്കുറിച്ച് പറയുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. അത് അനുഭവിക്കേണ്ടത് മാത്രമാണെന്ന് പഠിച്ച നിമിഷങ്ങളായിരുന്നു അത്.

അന്നത്തെ പിണക്കം അവൾ മുപ്പതിലധികം ഉമ്മകൾ നിറച്ച ടെക്സ്റ്റ്‌ മെസ്സേജുകൾ കൊണ്ട് തണുപ്പിച്ചു. (അന്ന് വാട്സ്ആപ് പ്രചാരത്തിലായിരുന്നില്ല)

 

 

 

ജീവിതം വായിച്ച
പ്രിയപ്പെട്ടവൾ

ഒന്ന്:
ഭാവനയെന്ന വിസ്മയം

ശുദ്ധമായ സ്വർണ്ണത്തിൽ ഇത്തിരി ചെമ്പും ശുദ്ധമായ പാലിൽ ഇറ്റ് വെള്ളവും ചേർന്നാലാണല്ലോ അത് കാണാനും രുചിക്കാനും കൊള്ളാവുന്നത്. എന്നിട്ട് നമ്മെളെന്തിനാണ് ശുദ്ധമായ ഈ ജീവിതം പച്ചയ്ക്ക് ഇങ്ങനെ തിന്ന് തീർക്കുന്നത്.

വിഷമയമല്ലാത്ത ഒത്തിരി സ്വപ്നങ്ങൾ നമുക്ക് ചുറ്റിലും കായ്ച്ച് നിൽക്കുന്നുണ്ടെല്ലോ! ഭാവനയും സങ്കല്പവുമില്ലാത്തവരായി നമ്മളിലാരാണുള്ളത്.

അല്ലെങ്കിലും പതിവായി 24 മണിക്കൂറുകൾ കൊണ്ട് ഇരുണ്ട് വെളുത്ത് തീർന്നു പോവുന്ന ഈ ദിവസ ജീവിതത്തിൽ സങ്കൽപവും യാഥാർത്ഥ്യവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് സൂക്ഷ്മനിരീക്ഷണത്തിലൂടെ ആർക്കും മനസ്സിലാവുന്നതാണ്. സുഷുപ്തിയിൽനിന്ന് ഉണരുന്നത് വരെ സകല സ്വപ്നങ്ങളും യാഥാർത്ഥ്യം തന്നെയാണല്ലോ.

ഉച്ചയൂണിന് ഒരു മാങ്ങാചമ്മന്തി മാത്രമാണുണ്ടായിരുന്നതെങ്കിലും വയറ് നിറച്ച് കഴിച്ചത് വിഭവസമൃദ്ധമായ സദ്യയാണെന്ന് വെറുതേ സങ്കൽപ്പിച്ചു നോക്കി. സത്യം, പാൽപായസത്തിന്റെ രുചി നാവിൽ വന്നു തൊട്ടു.
ഈ പാൽപായസം ഭീരുക്കളും, കള്ളന്മാരും, ദുർനടപ്പുകാരും മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗത്തിലൂടെ എളുപ്പത്തിൽ കട്ടുകുടിക്കുന്നു. സാധനയിലൂടെ യോഗിമാർക്കും സന്യാസിമാർക്കും ഭാവനയിലൂടെ കവിക്കും, കാമുകനും, കലാകാരനും യാഥാർത്ഥ്യമാക്കി മാറ്റാൻ കഴിയുന്നു.

പറഞ്ഞു വരുന്നത് ജീവിതമെന്ന പുസ്തകത്തിലെ ഭാവനയെന്ന വിസ്മയത്തെകുറിച്ച് അറിവ് പകർന്ന് കിട്ടിയ ഒരു ദിവസത്തെകുറിച്ചാണ്.

പുസ്തകശാലയിൽ ജോലി തുടങ്ങിയ കാലത്താണ് പരമഹംസ യോഗാനന്ദയുടെ ‘ഒരു യോഗിയുടെ ആത്മകഥ ‘ വായിച്ചത്.

അതി ഭൗതികവും അവിശ്വസനീയവും അതീന്ദ്രിയവുമായ നിരവധി സംഭവങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ ആ പുസ്തകത്തിൽ യുക്തിക്ക് നിരക്കാത്ത നിരവധി കാര്യങ്ങൾ ഉണ്ടെങ്കിലും സത്യമെന്നു തന്നെ തോന്നിക്കുന്ന ഭാവനാ സമ്പന്നമായ നിരവധി മുഹൂർത്തങ്ങൾ ആ പുസ്തകത്തെ മനോഹരമായ ഒന്നായി തോന്നിച്ചിരുന്നു.

ജീവിതത്തെ കുറിച്ചുള്ള ഉത്തരങ്ങൾ നേടാനും, തെളിച്ചമുള്ള വഴി കാട്ടിത്തരാനും ഒരു യഥാർത്ഥ ഗുരുവിനെ കിട്ടിയിരുന്നെങ്കിൽ എന്ന് നിങ്ങളിൽ പലരെയുമെന്ന പോലെ ഞാനുമാഗ്രഹിച്ചു.

വെറുമൊരു സങ്കല്പ ജീവിയായ ഞാൻ, പരമഹംസരുടെ കടുത്ത ആരാധകനായി മാറി. ആധ്യാത്മികമായ ഒരു വഴിയിലേക്ക് സഞ്ചരിക്കാൻ മനസ്സ് നിരന്തരം ആഗ്രഹിക്കുകയും പിന്നീട് സ്വാമി രാമ, ബാബാജി, രമണ മഹർഷി തുടങ്ങിയ പലരെ കുറിച്ചും കൂടുതൽ അറിയാനുള്ള അഭിനിവേശം കൂടിവരികയും ചെയ്തു.
അതിശയകരമായ ആധ്യാത്മിക ജീവിതം നയിച്ച ഇവരെയൊന്നും നേരിൽ കാണാനാവില്ലല്ലോ എന്ന നിരാശയും ഉണ്ടായി.

ആ ഇടയ്ക്കാണ് ജീവിച്ചിരിക്കുന്ന ഒരു മഹായോഗിയെ പരിചയപ്പെ ടുത്തിക്കൊണ്ട് മാതൃഭൂമി വാരാന്തപതിപ്പിൽ ഒരു ഇന്റർവ്യൂ ശ്രദ്ധയിൽ പെടുന്നത്.

മുംതാസ് അലിഖാൻ എന്ന തിരുവനന്തപുരത്തുകാരൻ. പത്തൊൻപതാമത്തെ വയസ്സിൽ ഹിമാലയത്തിലേക്ക് പോയി മഹായോഗിയായി തിരിച്ചുവന്ന കഥ. സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനും ഒരേ സമയം കുടുംബനാഥനും യോഗിയുമായിത്തീർന്ന ആ മനുഷ്യൻ എന്റെ മനസ്സിൽ മായാതെ കിടന്നു.

ചെറുതല്ലാത്തൊരു സന്തോഷം വായിച്ചു കഴിഞ്ഞപ്പോൾ എനിക്കുണ്ടായി. എന്റെയുള്ളിലെ സങ്കല്പ ജീവി പിന്നെയുമുണർന്നു. എനിക്ക് വഴികാട്ടാൻ ഒരു ഗുരുവിനെ കണ്ടു കിട്ടിയിരിക്കുന്നു. പക്ഷെ ആ യോഗിയുടെ സന്നിധിയിൽ എങ്ങിനെ എത്തിച്ചേരും?

An apprenticed to a himalayan maaster എന്ന ആത്മകഥ ആ സമയത്തു പുറത്തിറങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. അതിന്റെ മലയാളം പരിഭാഷ ഇറങ്ങുന്നതിനു ഒരു മാസം മുൻപേ അദ്ദേഹം പയ്യന്നൂരിൽ വരുന്നുണ്ടെന്നറിയുന്നു. പുസ്തകത്തിനു അവിടെ വില്പനയുണ്ടാവുമെന്നു പറഞ്ഞു ഒരു കെട്ട് പുസ്തകവുമായി തലശ്ശേരിയിൽ നിന്നും പയ്യന്നൂരിലേക്ക് ബസ്സ് കയറി.

അതൊരു വൈകുന്നേരമായിരുന്നു. ബസ്സിലെ ബോക്സിൽ നിന്നും പാക്കിസ്ഥാനി സൂഫി ഗായിക ആബിദാ പർവീണിന്റെ ” അള്ളാ..മൗല…” എന്ന ഗസൽ ഉയരുന്നു.

വെയിൽ മണ്ണിലേക്ക് ചാഞ്ഞ, കാറ്റ് വീശുന്ന പ്രദേശത്തിലൂടെ ബസ്സ് പയ്യന്നൂരിലേക്ക് കുതിക്കുന്നു. അതിനിടയിലെപ്പൊഴോ വഴിയരികിൽ നിന്ന് പാഞ്ഞ് കയറിയ പാലപ്പൂവിന്റെ ചൂര് സീറ്റിൽ തളർന്നുറങ്ങുന്നവരെപ്പോ ലുമുണർത്തി. ബസ്സിനുള്ളിലെ നേർത്ത് മങ്ങി തണുത്ത് തുsങ്ങിയ വായുവിലേക്ക് പാലപ്പൂവിന്റെ ഭാവനാമൊട്ടുകൾ വിടർന്നു പെരുകി… ഭക്തിയുടേയും ശുദ്ധിയുടേയും പ്രണയ നിർവൃതിയിലായതു പോലെ എന്റെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ ശരിക്കുമറിയുന്നു.

ഹിമാലയൻ സാനുക്കളിൽ ഒരു ജന്മത്തിന്റെ മുക്കാൽ ഭാഗവും അനുഭവിച്ച ഒരു മഹാഗുരുവിനെ നേരിൽ കാണാൻ പോകുന്നു…

എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു…

ആബിദാ പാർവീണിനോട്, ആ സംഗീതത്തിനോട്, ആ ശബ്ദത്തിനോട്, പാലപ്പൂവിനോട്, ആ സുഗന്ധത്തിനോട്, എന്റെ തൊട്ടടുത്തിരിക്കുന്ന പ്രായം ചെന്ന മനുഷ്യനോട്, മുന്നിലിരിക്കുന്ന പൂക്കാരി പെണ്ണുങ്ങളോട്, കുഞ്ഞി പ്പെരുവിരൽ വായിൽവെച്ചു പുഞ്ചിരിച്ചുറങ്ങുന്ന കുഞ്ഞിനോട്, മൊബൈലിൽ നോക്കിയിരിക്കുന്ന പെൺകുട്ടിയോട്, ബോധ മില്ലാതുറങ്ങുന്ന ചെറുപ്പകാരനോട്..
ആ ബസ്സിനോട്, തണുത്ത ആ കാറ്റിനോട് എന്തെന്നില്ലാത്ത പ്രേമം മനസ്സിൽ നിറഞ്ഞു തുളുമ്പുന്നത് അനുഭവത്തിലറിയുന്നു… എനിക്ക് കരച്ചിൽ വരുന്നു…

തൊണ്ടയിൽ വന്ന് കുത്തിനോവിക്കുന്ന ആ കണ്ണീര് സങ്കടത്തിന്റെയോ സന്തോഷത്തിന്റെയോ ആയിരുന്നില്ല… സർവ ചരാചരങ്ങളോടും മനുഷ്യന് തോന്നുന്ന പ്രേമത്തിന്റെ മൂർച്ച യാണതെന്നു തിരിച്ചറിയുന്ന വളരെ നൈമിഷികമായ ഒരു മുഹൂർത്തമായിരിക്കാമത്.

ബസ്സിറങ്ങി, പാട്ടു നിലച്ചു, പാലപ്പൂവിന്റെ മണമില്ല. സങ്കല്പലോകത്തിൽ നിന്നും പുറത്താക്കപ്പെട്ടവനെപ്പോലെ പെട്ടന്നൊരു സങ്കടക്കാറ്റ് എന്നെ വന്ന് പൊതിഞ്ഞു.

പുസ്തകക്കെട്ടുമായി പയ്യന്നൂരിൽ ടൗണിനടുത്തുള്ള ഒരു ചെറിയ ഹാളിലേക്ക് ഞാനെത്തിപ്പെട്ടു.

വെറും 25 പേർ മാത്രമുള്ള സദസ്സ്. ചിത്രത്തിൽ മാത്രം കണ്ട ഗുരു അതാ വേദിയിലെ വിരിപ്പിൽ ചമ്രം പടിഞ്ഞിരിക്കുന്നു.
പരിചയമുള്ള മറ്റൊരാൾ പുതുപ്പണം അങ്കം കളരിയിലെ ഗുരുക്കൾ എം ഇ സുരേഷ് മാഷായിരുന്നു.
അതിന്റെ സംഘാടകരുമായി മാഷിന് നല്ല ബന്ധമുണ്ടായിരുന്നതിനാൽ പുസ്തക വിൽപന എളുപ്പമായി. കൊണ്ട് പോയ പുസ്തകം പകുതിയും ചിലവായ ചെറിയൊരു സന്തോഷം മാത്രം മുനിഞ്ഞു കത്തി.

ആഗ്രഹിച്ച രീതിയിലുള്ള ഒരു ഗുരുവിനെ ജീവനോടെ മുന്നിൽ കിട്ടിയിട്ടും അതുവരെ ബസ്സിൽ ഉണ്ടായ സന്തോഷത്തിന്റെ പകുതിപോലും തോന്നാത്തതെന്തെന്ന് ഞാനത്ഭുതപ്പെട്ടു. സങ്കല്പം യാഥാർഥ്യത്തെക്കാൾ മനോഹരമാണെന്നു തിരിച്ചറിയുന്ന നിമിഷങ്ങൾ…

ഇംഗ്ളീഷും മലയാളവും കലർന്നുള്ള ഗുരു ശ്രീ എമ്മിന്റെ പ്രഭാഷണത്തിന്‌ ശേഷം സദസ്യർക്കു ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാനുള്ള അവസരമുണ്ടായിരുന്നു.

ഗുരുവിന്റെ Apprenticed to a HimaIayan Master എന്ന ആത്മകഥയിൽ സൂചിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ചില ദർശനങ്ങളെ കുറിച്ച് “ഇതൊക്കെ ഒരു കലാകാരന് സങ്കൽപ്പിക്കാനാവുന്ന വെറും ഭാവന മാത്രമല്ലേ ”

എന്ന് സംശയമുന്നയിച്ചപ്പോൾ ഗുരു ശ്രീ.എം. നൽകിയ ഉത്തരം അന്നെന്നെ നന്നായ് സന്തോഷിപ്പിച്ചു.

” കലാകാരനും കള്ളുകുടിയനും മഹായോഗിയും ചില നിമിഷങ്ങളിൽ ഒരേ അനുഭൂതികളിൽ എത്തിച്ചേരാറുണ്ട് ”

എന്റെ സംശയം ഒന്നു കൂടി

” അപ്പോൾ ഭാവന എന്ന കഴിവ് ജീവിതത്തിന്റെ മോക്ഷം തന്നെയല്ലേ ഗുരോ?

ഗുരു ഒന്നു പുഞ്ചിരിച്ചു.

“തീർച്ചയായും”

 

രണ്ട്:
കൈവെള്ളയിലെ
കണ്ണീർ രേഖ

“ഏറ്റവും സന്തോഷമുള്ളതായാലും സങ്കടമുള്ളതായാലും ഒരു സംഭവം ജീവിതത്തിലുണ്ടാവുമ്പോ നിങ്ങളാരെയാവും ആദ്യം വിളിക്കുക?
എന്ന എന്റെ ചോദ്യത്തിന്

“നിന്നെമാത്രം നിന്നെ മാത്രമെന്ന് ” ഒരു നൂറുവട്ടം അവൾ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും ഏറ്റവും പ്രധാനപ്പെട്ട ഒരു സത്യം മാത്രം അവൾ പറഞ്ഞതേയില്ല.

ജീവിതം അങ്ങിനെയാണ്. ദുരൂഹമായി പൊതിഞ്ഞു കെട്ടിയ, അലഞ്ഞുതിരിയുന്ന ഒരു പായ് കപ്പൽ പോലെ അത് നമ്മെ സംശയിപ്പിച്ചു കൊണ്ടിരിക്കും.

എത്രയേറെ അടുത്താലും ചിലപ്പോൾ നമുക്കിടയിൽ ഒരിക്കലും വെളിപ്പെടുത്താത്ത രഹസ്യങ്ങൾ ഉണ്ടാവുന്നത് എങ്ങിനെയാണ്‌!

ബോട്ടിലിരുന്ന് നമ്മൾ പുറത്ത് ജലത്തിലേക്ക് തന്നെ നോക്കിയിരിക്കുമ്പോൾ എത്ര വേഗത്തിലാണ് ചുറ്റിലും ജലം ഒഴുകിപ്പോകുന്നതെന്ന് അത്ഭുതപ്പെടും. ബോട്ട് കരയ്ക്കടുക്കാറാവുമ്പോഴാണ് അതു വരെയുണ്ടായ തെറ്റിദ്ധാരണ തിരിച്ചറിയുന്നത്.ചുറ്റിലുമുള്ള ഒഴുക്കിന്റെ വേഗത മാത്രമായിരുന്നില്ല, എന്നെയും വഹിച്ചുകൊണ്ടുള്ള ബോട്ടിന്റെ മരണപ്പാച്ചിലു കൂടിയായിരുന്നു അതെന്ന്.

പുസ്തകശാലയ്ക്കുള്ളിൽ രാവിലെ കയറിയിരുന്നാൽ രാത്രി ഏഴര വരെ മറ്റൊന്നും ഓർക്കാനുള്ള സമയമുണ്ടാവില്ല. ഓരോ രോ തിരക്കുകളിൽ പെടും. വായനക്കാർ വന്നുകൊണ്ടേയിരിക്കും, സമയവും ദിവസങ്ങളും വർഷങ്ങളും പോകുന്നതറിയാതെ അത് ഒഴുകിക്കൊണ്ടിരിക്കും. അതുവരെ കയറിയിറങ്ങിയ പലതരത്തിലുള്ള മനുഷ്യരിൽ കുറച്ചു പേർ മാത്രം ഹൃദയത്തിലേക്ക് കയറിവരും.

എല്ലാവരേയും പോലെ എന്റെ സൗഹൃദത്തിന്റെ കൊച്ചു തോണിയിലേക്കും ആണായും പെണ്ണായും പ്രായഭേദമന്യേ നിരവധി പേർ വന്നും പോയും കൊണ്ടിരുന്നു. ചിലരെ ഒരു നിമിഷം കൊണ്ടു നമ്മൾ മറക്കും, ചിലരെ രണ്ടോ മൂന്നോ ദിവസം, മറ്റു ചിലരെ മറക്കാനേ കഴിയില്ല…

ഇതിൽ കുറച്ചു വർഷം മുമ്പേ മൂന്നാമത്തെ ഗണത്തിൽ പെട്ട ഒരു പെൺകുട്ടിയുണ്ടായിരുന്നു.
നിരന്തരം ഓരോ പുസ്തകത്തിനായി അന്വേഷിച്ച് വിളിച്ചിരുന്ന അവളോട് എനിക്കും തോന്നിയിരുന്നു ഇത്തിരി ഇഷ്ടം.

“ഏട്ടൻ ചോറുണ്ടോ? ചായ കുടിച്ചോ? ”

“പനിയുണ്ടെങ്കിൽ ഇന്നു കുളിക്കല്ലേ, ”

” ശ്രദ്ധിച്ച് പോവണേ. ”

എന്നിങ്ങനെയുള്ള സ്നേഹം പൊതിഞ്ഞ കരുതലുകൾ കേൾക്കുമ്പോൾ ഏറ്റവും വേണ്ടപ്പെട്ട ഒന്നിനെ ഹൃദയത്തോട് ചേർത്ത് നിർത്തി നടക്കുന്ന അവളെ മറക്കാനേ കഴിയാത്ത വിധം ഞാനും മാറുകയായിരുന്നു.

പിന്നീട് ചെറിയ, ചെറിയ മാനസിക പിരിമുറുക്കങ്ങലുണ്ടാവുമ്പോൾ ഞാനാദ്യം അവളെയായിരുന്നു വിളിക്കാറ്. അവളെന്നെയും…

അത്ഭുതപ്പെടുത്തുന്ന രീതിയിൽ എന്റെ പ്രശ്നങ്ങൾ ഞാൻ പറയാതെ തന്നെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു അവൾക്ക്.

“പ്രാർത്ഥിച്ചോളൂ… ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ചോളൂ… എല്ലാം നല്ലതായി വരും”

ഒരിക്കലവൾ പറഞ്ഞപ്പോൾ

“അങ്ങിനെയെങ്കിൽ നിന്നെ തന്നെയല്ലേ പ്രാർത്ഥിക്കേണ്ടത്”

എന്ന് ഒട്ടും കാപട്യമില്ലാത പറയാൻ തോന്നിയപ്പോൾ ഫോണിന്റെ അങ്ങേതലയ്ക്കൽ ഒരു വലിയ നിശ്ശബ്‌ദത തുളുമ്പി നിൽക്കുന്നത് ഞാൻ അനുഭവിക്കുകയായിരുന്നു.

അൽപ നിമിഷങ്ങൾക്കു ശേഷം
അവൾ,

“സത്യം പറ, നിങ്ങൾക്കെന്നോട് ഇഷ്ടമുണ്ടോ? പറ”

അതിന്റെ ഉത്തരം പിന്നെ പറയാം ഇവിടെ നല്ല തിരക്കാണെന്ന് പറഞ്ഞു ഞാൻ മൊബൈൽ കട്ട് ചെയ്തു.

അന്ന് വൈകുന്നേരം അവളെ തിരിച്ചു വിളിച്ചു.

“എന്നെ നീ എത്രയാഴത്തിൽ ഇഷ്ടപ്പെടുന്നോ അത്രയും എനിക്കു മിഷ്ടമാണ് നിന്നെ”

എന്റെ സംസാരത്തിൽ അവൾക്കെന്തോ അത്ര ആത്മാർഥത തോന്നിക്കാണില്ല.

“അതിനു നിങ്ങളെ എനിക്കിഷ്ടമാണെന്ന് പറഞ്ഞില്ലല്ലോ”

എന്ന അവളുടെ മറുപടി എന്നെ ചൊടിപ്പിച്ചു.

അതുവരെ ഇഷ്ടമെന്ന വാക്കിനെക്കുറിച്ച് പറയുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. അത് അനുഭവിക്കേണ്ടത് മാത്രമാണെന്ന് പഠിച്ച നിമിഷങ്ങളായിരുന്നു അത്.

അന്നത്തെ പിണക്കം അവൾ മുപ്പതിലധികം ഉമ്മകൾ നിറച്ച ടെക്സ്റ്റ്‌ മെസ്സേജുകൾ കൊണ്ട് തണുപ്പിച്ചു. (അന്ന് വാട്സ്ആപ് പ്രചാരത്തിലായിരുന്നില്ല)

നേരിട്ട് കാണണമെന്ന എന്റെ ആഗ്രഹത്തെ അവൾ പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലും ഒരു ശനിയാഴ്ച കാണാമെന്ന് സമ്മതിക്കുന്നു. ഒരു കൗമാരക്കാരന്റെ സന്തോഷത്താൽ ശനിയാഴ്ച്ച ഞാൻ കാത്തിരുന്നു.

പറഞ്ഞ സമയം കഴിഞ്ഞിട്ടും വരാതായപ്പോൾ എന്റെ ക്ഷമ കെട്ടു, അവളെ വിളിച്ചു നോക്കി
പരിധിക്ക് പുറത്തെന്ന മറുപടി എന്നെ അസ്വസ്ഥനാക്കി. (ഇതിപ്പോൾ വരുമെന്ന് പറഞ്ഞു വരാതിരുന്നത് രണ്ടാം തവണയാണ്. ഒരിക്കൽ തലശ്ശേരി ബിഷപ്പ് ഹൌസിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്ക് വരുമെന്ന് പറഞ്ഞായിരുന്നു കബളിക്കപ്പെട്ടത്)

ഞാൻ ദിവസങ്ങളോളം വിളിച്ചു. ഒരിക്കലും നേരിൽ കാണാതിരുന്ന എന്റെ ഇഷ്ട ദൈവം വിരഹത്തിന്റെ വിഷചുഴിയിൽ പെടുത്തി മാസങ്ങളോളം എന്നെ ശ്വാസം മുട്ടിച്ചു.

ഇഷ്ടപ്പെട്ടവരുടെ തിരിച്ചു വിളിക്കായുള്ള കാത്തിരിപ്പിനോളം അക്ഷമയും അസ്വസ്ഥതയും മറ്റൊന്നിനുമില്ലെന്നു തോന്നിപ്പോയ നിമിഷങ്ങൾ.

പിന്നെ പിന്നെ ഞാനും പലതരം തിരക്കുകളിലും സമ്മർദ്ദങ്ങളിലും പെട്ട് എന്റെ സ്നേഹ നൗക ഹൃദയത്തിൽ കാണാനാവാത്ത വിധം അകലുന്നതു പോലെ തോന്നി.

എങ്കിലും ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ നെഞ്ചിന്റെ ഇടതുഭാഗത്തു നിന്ന് വിള്ളലു വീണ ഒരു ഭൂഖണ്ഡം കടലിലേക്ക് തെന്നി നീങ്ങുന്നതു പോലെയൊക്കെ തോന്നിയെങ്കിലും മറവിയുടെ ഒഴുക്കിൽ അതെല്ലാം മാഞ്ഞു പോയിരുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷം ബുക്സ്റ്റാളിലെ ലാന്റ് ഫോണിൽ ഒരു വിളി വന്നു .

എന്റെ ശബ്ദം മനസ്സിലായിട്ടാവണം മുഖവുരയൊന്നുമില്ലാതെ അവൾ തുടങ്ങി:

” ഞാനാ ,രേഖയാണ്. ഏട്ടന് സുഖം തന്നെയല്ലേ?

ഞാനന്റെ ദേഷ്യവും അത്ഭുതവും മറച്ച് വെച്ചു. ആ സമയമാവുമ്പോഴേക്കും ഞാനവളെ മറന്നു തുടങ്ങിയതിനാൽ പ്രത്യേകിച്ച് മറ്റൊന്നും തോന്നിയില്ല.

“ഓ,ഇപ്പഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ. ഞാൻ കരുതി നീയൊക്കെ നാട് വിട്ടിട്ടുണ്ടാവുമെന്നു”

ഫോണിന്റെ അങ്ങേ തലയ്ക്കൽ ഒരു അമർത്തിച്ചിരി.

” ഏട്ടൻ കരുതിയതിൽ തെറ്റില്ല, കുറച്ചുകാലം ഞാൻ നാടിന് പുറത്തായിരുന്നു. ഇപ്പൊ നാട്ടിലുണ്ട്. ഞാൻ വിളിച്ചത് മറ്റൊരു കാര്യത്തിനാണ്.

“പഠന വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏത് തരം പുസ്തകങ്ങളാണ്
അവിടെയുള്ളത്? കൂടാതെ 4 വയസ്സുള്ള കുട്ടിക്കുള്ളതും. എന്റെ രതീഷേട്ടനും മക്കളും അങ്ങോട്ടേക്ക് വരും. വേണ്ടത് ചെയ്ത് കൊടുക്കുമെല്ലോ.”

ഒരു നിമിഷം ഞാൻ നിശ്ചലമായി.

‘നിന്റെ കാര്യം തന്നെയാണോ ഈ പറഞ്ഞതൊക്കെ? കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളായ നിന്റെ വിളിയും കാത്താണോ ഞാനിരുന്നത്
എന്റെ രേഖേ? ഇതൊക്കെ എപ്പൊ സംഭവിച്ചു?

എന്നൊക്കെ എനിക്ക് ചോദിക്കണമെന്ന് തോന്നിയെങ്കിലും, തൊണ്ടയിൽ ഒരു കടല് വന്ന് വാക്കിനെ വിഴുങ്ങിയത് പോലെ തോന്നി.

‘എന്റെ മൂന്ന് മക്കളെ പെറ്റ നീയോ നാരായണീ’
എന്ന നിർമാല്യം സിനിമയിലെ ഡയലോഗാണു ആ സമയം ഓർമയിലേക്ക് വന്നത്.

മറ്റൊന്നും ചോദിച്ചില്ലെങ്കിലും ഇത്രയും മാത്രം എനിക്ക് ചോദിക്കാൻ പറ്റി.

“ഏറ്റവും ഒടുവിൽ നമ്മെളെന്തായിരുന്നു സംസാരിച്ചതെന്ന് നിനക്ക് ഓർമയുണ്ടോ?

ഉടനെ അവളുടെ ശബ്ദമിടറി,

“ഒരു ശനിയാഴ്ച്ച വന്ന് കാണാമെന്ന് പറഞ്ഞു മുങ്ങിയതല്ലേ… ഒന്നുമറിഞ്ഞുകൊണ്ടല്ല.. എന്നോട് ക്ഷമിക്കൂ”

“ഇപ്പോൾ രതീഷേട്ടൻ അങ്ങോട്ട് വരും. പറ്റുമെങ്കിൽ അദ്ദേഹത്തിനും നല്ല രണ്ട് പുസ്തകം സെലക്ട്‌ ചെയ്ത് കൊടുക്കൂ. ബി എസ് എഫിലാണ്. കുറച്ചു കാലം നാട്ടിലുണ്ടാവും”

പെട്ടെന്നു ഒരു തോക്ക്‌ എനിക്ക് നേരെ ചൂണ്ടപ്പെട്ടത് പോലെ തോന്നി.

അവൾ തുടർന്നു

“പിന്നെ ഒന്നു ഞാൻ ചോദിക്കാൻ മറന്നു.
മക്കളൊക്കെ ഏത് ക്ലാസ്സിലെത്തി?

എന്റെ ഉത്തരത്തിന് കാത്തു നിൽക്കാതെ ഫോൺ കട്ടായി.

അതുവരെ തോന്നാതിരുന്ന ഒരു സങ്കട ജലരേഖ എന്റെയുള്ളിൽ പിടഞ്ഞു.

ചിലപ്പൊഴൊക്കെ നമുക്ക് തോന്നിപ്പോവും നമുക്ക് ചുറ്റിലും കുത്തിയൊഴുകിപ്പോകുന്നത് നദിയല്ല, നമ്മൾ തന്നെയാണെന്ന്‌.

ഒരു മാരുതി ആൾട്ടോ കടയുടെ മുന്നിൽവന്നു നിന്നത് പെട്ടെന്നായിരുന്നു. അതിൽ നിന്നും നല്ല ഉയരവും തടിയുമുള്ള ഒരാളും ഒരു ചെറിയ പെൺകുട്ടിയും ബുക്സ്റ്റാളിലേക്ക് ഇറങ്ങി വന്നു.

“രേഖ ഇപ്പൊ വിളിച്ചിട്ടുണ്ടാവുമല്ലോ?
ഞങ്ങൾക്ക് രണ്ടാൾക്കും പറ്റിയ കുറച്ച് ബുക്ക്സ് വേണം. പിന്നെ കാറിനുള്ളിൽ ഒരാളുണ്ട്. ‘ദ്രുപത്’ നടക്കാനാവില്ല”

ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് കൈവീശി കാണിച്ചു.

എന്റെ രേഖയെ ഇതുവരെ കണ്ടില്ലെങ്കിലും, അവളുടെ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളുടെ അച്ഛനേയും കാണാനായല്ലോ എന്ന സന്തോഷം വലിയൊരു പിണക്കത്തിന്റെ ശക്തി കുറച്ചു. എന്റെ കൂടെയില്ലെങ്കിലും നീ സുഖമായി ജീവിക്കുന്നുണ്ടെല്ലോ എന്ന ആശ്വാസം അത്ര ചെറുതല്ലായിരുന്നു.

അവളുടെ രതീഷേട്ടൻ ഒരു പുസ്തകത്തിന്റെ പേര് ഓർമയിൽ കിട്ടാതെ വിഷമിക്കുന്നത് കണ്ടപ്പോൾ എന്റെ സഹപ്രവർത്തകനായ രാഗേഷ് അദ്ദേഹത്തിന്റെ സഹായത്തിനെത്തി.
“ആരുടെ ബുക്കാണെന്ന് ഓർക്കുന്നുണ്ടോ”

പെട്ടെന്ന് അയാളുടെ ശ്രദ്ധ ഓർമ കുറിപ്പ് വെക്കുന്ന സെക്ഷനിലേക്ക്‌ പാഞ്ഞു.
ഡോ. വി പി ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകം കൈയിലെടുത്തു.

“ഇത് തന്നെ”

“ഇത് തന്നെ. രേഖയുടെ ഡോക്ടറായിരുന്നു. നല്ല മനുഷ്യനാണ്. തലശ്ശേരി ബിഷപ് ഹൌസിൽ വെച്ച് മൂപ്പർക്കൊരു അവാർഡ് ദാനമുണ്ടായിരുന്നു. അന്നവിടെ വന്ന് കാണണമെന്ന് വിചാരിച്ചതാണ്. അപ്പോഴത്തേക്ക് അവൾക്ക് വേദന വീണ്ടും കൂടി. നട്ടെല്ലിനായിരുന്നു കാൻസർ. വരാൻ പറ്റാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ടായിരുന്നു. അവളുടെ നിർബന്ധം കൊണ്ട് അന്നവിടെ ഞാനും ഭാര്യയും വന്ന് അവൾ വരച്ച ചിത്രം ഡോക്ടർക്ക് കൊടുത്തിരുന്നു”

അത്രയും കേട്ടപ്പോൾ രാഗേഷ് എന്നെ നോക്കി, ഞാൻ രാഗേഷിനെയും.
ഞങ്ങൾ അന്നവിടെ ഉണ്ടായിരുന്നു വെന്ന് രണ്ടുപേർക്കും പറയണമെന്ന് തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.

“ആരുടെ കാര്യമാണ് നിങ്ങൾ ഈ പറയുന്നത്”

ഞാനാകെ ആശങ്കയിലായി

അയാൾ തുടർന്നു

“നിങ്ങളുടെ സുഹൃത്തായ എന്റെ പെങ്ങൾ രേഖ. നിങ്ങളെപ്പറ്റി അവൾ പറഞ്ഞിട്ടുണ്ട്.”

അതുവരെയുണ്ടായ എന്റെ ധാരണകളെയെല്ലാം തകിടം മറിച്ചുകളഞ്ഞ ഈ രതീഷേട്ടന്റെ മുൻപിൽ സങ്കടവും സന്തോഷവും കലർന്ന ഒരു ശബ്ദം ചങ്കിൽ വന്ന് കുറുകി.

അയാൾ പുസ്തകങ്ങൾ അലസമായി നോക്കിക്കൊണ്ട് നടന്നു. ഞാനും രാഗേഷും അയാളെ അനുഗമിച്ചു.

“പെങ്ങൾക്ക് ഒരുപാട് കല്യാണാലോചനകൾ വന്നിരുന്നു. ആ സമയത്തൊന്നും രോഗത്തെപ്പറ്റി അറിയില്ലായിരുന്നു. വരുന്നവരെ എല്ലാം ഇഷ്ടമായില്ലെന്നു പറഞ്ഞു അവൾ ഒഴിഞ്ഞു മാറി. നിന്റെ മനസ്സിൽ ഇഷ്ടപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ നമുക്ക്‌ ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ അന്ന് അവൾ ഒന്നും പറഞ്ഞില്ലെങ്കിലും, ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയത്താണ് നിങ്ങളുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയത്. ഇങ്ങിനെയൊരു സുഹൃത്ത് ഉണ്ടെന്ന് പറയുന്നത്.

രണ്ട് കീമോ കഴിഞ്ഞു. പക്ഷേ, അവളിപ്പോൾ പഴയതുപോലെ എനർജറ്റിക് ആയെങ്കിലും ഞങ്ങൾ നല്ല സങ്കടത്തിലാണ്. ഡോക്ടർ വീട്ടിലേക്കു പോവാനാണ് പറഞ്ഞത്. എത്ര നാളത്തേക്കെന്നു ദൈവത്തിനേ അറിയൂ. ഞങ്ങളിപ്പോൾ ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു വരുന്നു”

ഞാനാകെ വല്ലാതായി..

“എനിക്കവളെ ഒന്നു കാണാൻ പറ്റുമോ?

“തീർച്ചയായും, എനിക്ക് കോഴിക്കോട് വരെ ഒന്നു പോകണം. വൈകീട്ട് തിരിച് ഇതുവഴി വരാം”

രതീഷേട്ടന്റെ കാർ അകന്നു പോവുമ്പോൾ അവളോടുള്ള ഇഷ്ടത്തിന്റെ ഒരു കടൽ എന്നെ വളയുമ്പോലെ തോന്നി. എനിക്ക് എത്രയും പെട്ടന്ന് അവളെ കണ്ടേ മതിയാവൂ. എന്റെ മറ്റെല്ലാ ജോലികളും നിശ്ചലമായി. രതീഷേട്ടന്റെ വണ്ടി തിരിച്ചുവരുന്നതിനായി മാത്രം എന്റെ കണ്ണുകൾ തുറന്നു പിടിച്ചു.

സമയം പറഞ്ഞതിലും കുറച്ചു വൈകിയാണ് അദ്ദേഹം എത്തിയത്
ഞാൻ കാറിൽ കയറി.

യാത്രയ്ക്കിടയിൽ അദ്ദേഹം പറഞ്ഞു
“അവളെ കണ്ടാൽ ഇപ്പൊ നിങ്ങൾക്ക് മനസ്സിലാവില്ല”

ഞാൻ പറഞ്ഞു,

“ഞാനവളെ ഇതുവരെ കണ്ടിട്ടില്ല”

“ഓ, അത്‌ ഞാൻ മറന്നു..”

അയാൾ കാറ് ഒരു ചെമ്മൺ പാതയിലേക്ക് തിരിച്ചു.
“മുടി മുഴുവനായും പോയി, നന്നായി മെലിഞ്ഞു. ഇപ്പൊ കണ്ടാൽ മനസ്സിലാവില്ല. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും സുന്ദരിയായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടെന്തുകാര്യം”

കാറ് ഓടിച്ചു കൊണ്ടിരിക്കെ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

റോഡരികിൽ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്ന മരത്തിന്റെ ഇതളുകൾക്കിടയിലൂടെ സൂര്യൻ തീപിടിച്ച പോലെ ഞങ്ങൾക്ക് പിന്നാലെ ഓടുന്നത് കാണാനാവുന്നുണ്ട്.

വീടിന്റെ മുൻവശത്തെ വരാന്തയിലെ കസേരയിൽ പുസ്തകം വായിച്ചിരിക്കുന്ന പെൺകുട്ടിയെ കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

നേരിട്ട് ഇതുവരെ കാണാത്ത അവൾക്കും എനിക്കുമിടയിൽ യാതൊരു അപരിചിതത്വവും തോന്നാതിരുന്നത് എനിക്കത്ഭുതമായി. എന്നാൽ
ഞങ്ങൾ മുറ്റത്തു എത്തിയ ഉടൻ രതീഷേട്ടനോടുള്ള അവളുടെ ചോദ്യം എന്റെ പ്രതീക്ഷകളെ തെറ്റിച്ചു

“ഏട്ടാ ഇത് ആരാ..”

അവൾ കസേരയിൽ നിന്നും എഴുന്നേറ്റു.

“ശബ്ദം കേട്ടാൽ മനസ്സിലാവേണ്ടതാണ്”

അവളുടെ ചോദ്യത്തിന് ഞാനാണ് ഉത്തരം പറഞ്ഞത്.
പെട്ടന്ന് എന്തോ അത്യാഹിതം സംഭവിച്ചതുപോലെ അവൾ അകത്തേക്ക് ഓടി.
എന്തു പറ്റിയെന്നു ചോദിച്ചു ഞാനും രതീഷേട്ടനും അകത്തേക്ക് ഓടി.
അവൾ മുറിയിൽ കയറി വാതിലടച്ചു. പിന്നെയൊരു പൊട്ടിക്കരച്ചിലാണ് പുറത്തു വന്നത്.
“മാപ്പ്, മാപ്പ്‌ പറയുന്നു. ഏട്ടാ”

എന്ന് വിതുമ്പിക്കൊണ്ട് അവൾ ഉടൻ തന്നെ വാതിൽ തുറന്നു.

അവൾ എന്റെ കൈ ചേർത്തു പിടിച്ചു,
“ക്ഷമിക്കണം .. നിങ്ങളെ കൂടി എന്തിന് വേദനിപ്പിക്കണം എന്നു കരുതി. ഞാൻ മനപൂർവം ഒളിച്ചു വെച്ചതാണ് ”

തലയിൽ കെട്ടിയ കറുത്ത തുണി അഴിച്ചു മൊട്ട തലയിൽ കൈവെച്ചു കൊണ്ട് അവൾ പരിതപിച്ചു.

“.ഒരുപാട് മുടിയുണ്ടായിരുന്നു. എല്ലാം പോയി”

നിങ്ങൾ സംസാരിക്കൂ. ഞാൻ പെട്ടെന്ന് വരാം എന്ന് പറഞ്ഞ് ഗിരീഷേട്ടനും കുട്ടികളും അകത്തേക്ക് പോയി.

അവൾ എന്റെ കൈകൾ അവളുടെ കണ്ണിനോട് ചേർത്തു പിടിച്ചു. എന്റെ കൈവിരലുകൾക്കിടയിലൂടെ കണ്ണീര് ഒലിച്ചിറങ്ങി.

“കരയല്ലേ , എല്ലാം പെട്ടെന്ന് സുഖാവും”

ചുമരിൽ ഘടിപ്പിച്ച അക്വേറിയത്തിൽ ഒറ്റയ്ക്കൊരു മൽസ്യം രേഖയെത്തന്നെ നോക്കി നിൽക്കുന്നു. നീന്തി കൊണ്ടിരിക്കെ അത് ഇടയ്ക്ക് മലർന്നു പോകുന്നുണ്ട്.

“രണ്ടു ദിവസമായി ഇവൻ തീറ്റ എടുക്കുന്നേയില്ല. എന്നെപ്പോലെ എന്തോ കാര്യമായ പ്രശ്നം ഇവനുമുണ്ട് ”

അവൾ ചില്ലിനു പുറത്തു കൂടെ മീനിനെ തൊട്ട് ആരോടെന്നില്ലാതെ പറഞ്ഞു.

“ഇപ്പൊ മിണ്ടീ പറഞ്ഞുമിരിക്കാൻ ഇവനെങ്കിലുമുണ്ട്. ഇവൻകൂടി പോയാൽ എനിക്കാകെ പേടിയാകും”

ഞാൻ അവളുടെ കണ്ണു തുടച്ചു. “എന്തിന് പേടിക്കണം ഞങ്ങളക്കെ ഇവിടെ ഇല്ലേ രേഖാ. ”

അവളത് ശ്രദ്ധിക്കാതെ അക്വേറിയത്തിൽ തന്നെ നോക്കി നിന്നു.

“ഈ ജല രേഖ ഒന്ന് നോക്ക്. ഇത് ഒരു മരണ രേഖയല്ലേ .ഇതിനുള്ളിൽ നിന്നും ഇവൻ നമ്മളിലേക്ക് വന്നാലും നമ്മൾ അവനിലേക്ക് പോയാലും മരണമല്ലേ.”

തല തുവർത്തിക്കൊണ്ടു രതീഷേട്ടൻ പെട്ടന്ന് ദേഷ്യത്തോടെ പുറത്തേക്ക് വന്നു.

“മരണം, മരണം, എപ്പോ നോക്കിയാലും ഇതു തന്നെ പറഞ്ഞോണ്ടിരിക്കും….

രതീഷേട്ടന്റെ ഭാര്യ ചായയുമായി വന്നു. “ഈ അടുത്ത കാലത്ത് തുടങ്ങിയതാ ഇവളിങ്ങനെ.. ഇവളെന്തൊരു സ്മാർടായിരുന്നെന്നോ”

നേരം നന്നായി ഇരുട്ടി തുടങ്ങി. പിന്നെയും എന്തൊക്കെയോ കുറച്ചുകാര്യങ്ങൾ ഞങ്ങളെല്ലാരും കൂടി സംസാരിച്ചു.

ഞാൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ എന്റെ മൊബൈൽ നമ്പർ പഴയത് തന്നെയല്ലെന്ന് ഉറപ്പു വരുത്തി.

” നിങ്ങൾ എന്നെ ഇങ്ങോട്ട് വിളിക്കരുത്. എനിക്ക് സംസാരിക്കണമെന്ന് തോന്നുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാം.”

ഞാൻ ബസ്റ്റോപ്പിലേക്കു നടന്നു. ഇരുട്ടിൽ എന്റെ കൈവെള്ളയിൽ ഒരു കണ്ണീർ രേഖ ഉണങ്ങാതെ തിളങ്ങി. അപ്പോൾ അവളോടെനിക്ക് വല്ലാത്തൊരിഷ്ടം തോന്നി. തിരിച്ചുപോയി ഒന്നുകൂടി അവളെ കണ്ടാലോ എന്ന് വിചാരിച്ചു നിൽക്കുമ്പോഴേക്കും നാട്ടിലേക്കുള്ള ഒടുവിലത്തെ ബസ് എന്റെ മുന്നിൽ വന്നു നിൽക്കുന്നു.

നാളെ കാലത്തു വിളിക്കാം എന്ന് തീരുമാനിച്ചു ബസ്സിൽ കയറിയിരുന്നു.
പിറ്റേന്നു വിളിച്ചപ്പോൾ പഴയത് പോലെ തന്നെ പരിധിക്ക് പുറത്തായിരുന്നു അവൾ.

അവളുടെ വിളി വരുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു, വർഷങ്ങളോളം.

പിന്നീട് മായാജീവിതം എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ ജീവിത തിരക്കിൽ ലയിച്ചു.

ഇന്നലെ സ്കൂളിലേക്ക് പുസ്തകം പൊതിഞ്ഞ പത്രത്തിൽ അവളുടെ അതേ മുഖമുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോ നാലാം ചരമ വാർഷികം എന്ന് എഴുതിയ കോളത്തിൽ കണ്ടപ്പോൾ ഞാനെന്റെ കൈവെള്ളയിലേക്ക് നോക്കി. ഒരു കണ്ണീരിന്റെ തണുപ്പ് എന്റെ ഹൃദയത്തെ മരവിപ്പിക്കുന്നത് പോലെ തോന്നി .

ആ പടം അവളുടേത് ആയിരിക്കരുതേ എന്ന് പ്രാർത്ഥിച്ച് ഞാൻ ഇന്നും കാത്തിരിക്കുന്നു…

Add a Comment

Your email address will not be published. Required fields are marked *