കൊടുങ്ങല്ലൂർ രാവുകൾ
സെബാസ്റ്റ്യൻ
രാത്രി ഒന്നര
ഇടവഴിയിൽ
ഇണചേർന്നു നിൽക്കുന്ന നായ്ക്കൾ
കഴിഞ്ഞിട്ടും വിട്ടുപോവാനാതെ.
അല്പം മാറി ഇരുളിൽ
ഒരാൾരൂപം.
ഭയത്തോടെ ധൃതിയിൽ നടന്നു
ഞൊട്ടയിട്ട് ഒരു പിൻവിളി!
ഞെട്ടിത്തിരിഞ്ഞ് നോക്കി
സ്തംഭിച്ചുപോയി
മങ്ങിയ വെളിച്ചത്തിൽ
പൂർണ്ണനഗ്നൻ!
‘കണ്ടോ ഇങ്ങനെയാകണം-
ഉടലും ആത്മാവും ലയിച്ച്’
അയാളുടെ ഉദ്ധരിച്ച ശബ്ദം
ഇരുളിനെ കീറി
ഭയന്ന് വിറച്ച് ഓടി
ചന്തയിലെത്തുന്ന
ഇടവഴികളിലൂടെ്
(പൂട്ട് -സെബാസ്റ്റ്യൻ)
രാത്രിയുടെ പുത്രനായി, അതിന്റെ പാവം കൈകളിൽ ജീവിക്കുവാനായിരുന്നു കൗമാരകാലം മുതൽ വിധി. പകലിനെ എപ്പഴും ഒരു അങ്കലാപ്പും ആർത്തിയുമുണ്ട്. രാത്രി വളരെ സൗമ്യവും മാറി മാറി വരുന്ന രാവിന്റെ ക്യാൻവാസുകളിൽ ഇങ്ങനെയുള്ള ചില ചിത്രങ്ങളുമുണ്ടെന്ന് തിരിച്ചറിഞ്ഞത് രാത്രികാല യാത്രകളിലാണ്. അതിലൊരു ചിത്രമാണ് മുകളിലെ ‘പൂട്ട്’ എന്ന കവിത. പ്രേതങ്ങളെയും യക്ഷികളെയും എന്റെ യാത്രകളിൽ ഇതുവരെ കണ്ടിട്ടില്ല. കഴുത്തിലെ മാലയിൽ തൂങ്ങിയ കുരിശുരൂപം ദുഷ്ടശക്തികളെ കാണാനുള്ള കണ്ണുകൾ അടച്ചിരുന്നു. പള്ളിക്കരികിലെ സെമിത്തേരിമതിലിന് പൊക്കം കുറവായതിനാൽ ഇരുളിലെ ഏകാന്തതകളിൽ മൗനം ഭക്ഷിച്ചുകൊണ്ട് എഴുന്നുനിൽക്കുന്ന കുരിശുകൾ കാണാം. കുഴിമാടങ്ങളുടെ നിശ്ശബ്ദാരവവും കേട്ടിരുന്നു. അതെല്ലാം അനുഭവിക്കുമ്പോഴുള്ള ഒരു വിവരിക്കാൻ കഴിയാത്ത കാല്പനിക സൗന്ദര്യം നുകർന്നുകൊണ്ടായിരുന്നു രാത്രി യാത്രകൾ.
പുഴയുടെ തീരത്താണ് ചന്ത. വാല്മീകീ രാമായണത്തിലും മഹാഭാരതത്തിലും പഴയനിയമം ബൈബിളിലും രേഖപ്പെടുത്തിവച്ച പഴയ മുചിരീപത്തനം. സോളമന്റെ പായക്കപ്പലുകൾ നങ്കൂരമിട്ടിരുന്ന മുസിരീസ് തുറമുഖം. നിലാവുള്ള രാത്രികളിൽ പുഴക്കടവിലിരിക്കും. വെള്ളിയുടുത്ത പുഴയും വാനവും. രാപക്ഷികളും കുഞ്ഞോളങ്ങളും ചെറുവഞ്ചികളും…….. അസുലഭമായ കാഴ്ചകൾ ഓരോ രാത്രിയും വാരിക്കോരിത്തന്ന് ഉള്ളുനിറച്ചു കവിതകളായ്.
‘കറുത്തപൂവിൻ നനഞ്ഞ ഇതളുകൾ
പുഴയ്ക്കുമുകളിൽ വിതറുന്നു’
കൗമാരത്തിലെ ആ രാത്രികളിൽ കളിക്കൂട്ടുകാരനായ പി.എ.നാസിമുദ്ദീൻ എന്നോട് പറഞ്ഞുതന്ന ‘സിദ്ധാർത്ഥ’ പാതിരാവുകൾ കഴിയുംവരെ കേട്ടിരുന്ന് ലഹരിപിടിപ്പിച്ച ചൂർണ്ണീതീരം ഞാനെഴുതിയ കവിതകളും അവനെഴുതിയ കവിതകളും കേൾക്കാൻ ഞങ്ങൾക്കൊപ്പം നെരൂദയും ബ്രഹ്റ്റും, ബോദ്‌ലെയറും വന്നു.
അക്കാലങ്ങളിൽ എന്നും കൂടെയുണ്ടായിരുന്ന കവി എ.അയ്യപ്പന്റെ സാന്നിദ്ധ്യമായിരുന്നു വർണ്ണാഭമായ കവിതയുടെ രാത്രി ഉടുപ്പുകൾ കൂടുതലായി അണിയിച്ചുതന്നത്. ജീവിതത്തെ കാലത്തിലൂടെ ഒഴുകിപ്പോകുന്ന നദിയായി കാണുവാൻ പെരിയാറിന്റെ തീരത്തിരുന്ന് അയ്യപ്പൻ ചൊല്ലിയ പഴയ നാടകഗാനങ്ങൾ, കവിതകൾ പറഞ്ഞുതന്നു. ആ നദീതീരത്തിരുന്ന് ജിജ്ഞാസുവായ ഞാൻ രാത്രിയുടെ പുകമറകളിൽ നീന്തിത്തുടിച്ചു. ഓർമ്മകളിൽ ഒഴുകിനടക്കുന്ന ഭൂതകാലപൊങ്ങുതടികളിൽ രാത്രികുപ്പായങ്ങളായിരുന്നു കൂടുതലും.
ഇക്കലാത്ത് തന്നെയുണ്ടായിരുന്ന മറ്റൊരു വേലയാണ് കൊടുങ്ങല്ലൂർ ഭരണിനാളുകളിൽ പാതിരാത്രികളിൽ കൂട്ടുകാരുമായി അലഞ്ഞുനടന്നിരുന്ന കാലം
രാത്രിയാണ് ഭരണിക്ക് കൂടുതൽ രൗദ്രഭാവം കൈവരുന്നത്. നൂറുകണക്കിന് വെളിച്ചപ്പാടൻമാരുടെ ഓട്ടവും ചാട്ടവും തെറിപ്പാട്ടും തലവെട്ടിപ്പൊളിക്കലും മഞ്ഞൾപ്പൊടിയേറും കുരുംബഭഗവതിക്ഷേത്രത്തിലേക്ക് കോഴിയെ വലിച്ചെറിയലും. ശരിക്കും ഒരു യുദ്ധക്കളം പോലെ. പൗരാണിക കാലത്തിന്റെ എല്ലാ ചിഹ്നങ്ങളും ഭാവങ്ങളും പേറുന്ന വിവരിക്കാനാവാത്ത അപൂർവ്വമായ ഒരു ലോകക്ലാസ്സിക്കൽ ചലചിത്രം പോലെ ഇപ്പോഴും ഇങ്ങനെതന്നെയാണ് അത് തുടർന്നുപോകുന്നത് എന്നതാണ് പ്രത്യേകത. ഒരു ഓർമ്മചിത്രം ഇപ്പോഴും മങ്ങാതെ നില്ക്കുന്നു.
പ്രായമായ ഒരാൾ. ഒറ്റക്കാലൻ. അയാളുടെ കൂടെ കുറേ അനുയായികളായ കോമരങ്ങൾ. അവർ തെറിപാടിക്കൊണ്ട് അമ്പലത്തിനുചുറ്റും നടക്കുന്ന ഒരു പ്രത്യേക ചിത്രം എല്ലാവർഷങ്ങളിലെ പാതിരാവുകളിലും കണ്ടതായി ഓർക്കുന്നു. അവരിൽ ചുവന്നപട്ടെടുത്ത് ചിലമ്പണിഞ്ഞ വലിയ കണ്ണുകളുള്ള മനോഹരിയായ ഒരു സുന്ദരിയെയും ഓർക്കുന്നു. അവളുടെ കയ്യിൽ ചെറിയ മുളകൊണ്ടുണ്ടാക്കിയ ലിംഗത്തിന്റെ രൂപം കൈകളിൽ ഉയർത്തിപ്പിടിച്ച് ഉറഞ്ഞുതുള്ളിപാടിയിരുന്നത് അന്നത്തെ രാത്രികളുടെ ഓർമ്മകളിൽ നിന്നും ഇതുവരെ കുടിയിറങ്ങിയിട്ടില്ല.
‘ദേവീഭഗവതി വാണീസരസ്വതീ
താണിതാവന്ദനം ദേവീമായേ
കല്യാണമില്ലാത്ത കല്യാണിയമ്മയ്ക്ക്
കാമം പെരുത്തപ്പോൾ ഭ്രാന്തുകേറി’
അവളുടെ വായിൽ നിന്നും ഭരണിപ്പാട്ടിന്റെ ഈരടികൾ രാത്രിയിരുളിനെ കീറിയിരുന്നത് ഇപ്പോഴുമോർക്കുന്നു. പാട്ടിൽ മുഴുവൻ തെറിതന്നെയായിരുന്നു. ചുവന്നപട്ടുടുത്ത ചിലങ്കയണിഞ്ഞ് ആ മനോഹരി തെറിപ്പാട്ടുപാടുമ്പോഴുള്ള അസുലമായ ഒരു പ്രത്യേകത ഭരണിനാളുകളിൽ പ്രത്യേകിച്ച് രേവതി രാത്രികളിലെ ലഹരിയായിരുന്നു.
സ്ത്രീകളും പുരുഷന്മാരും മദ്യപിക്കുന്നു. തെറിപാടുന്നു. തെറിചെയ്യുന്നു. മദ്യപിച്ച് ഇങ്ങനെ കൂത്താടുക എന്നതാണ് ഭരണിനാളുകളിൽ എത്തുന്നവരുടെ ഒരു പ്രത്യേകത. വന്യവും പ്രാകൃതവുമായ എഴുന്നുള്ളിപ്പും മേളവും ലൈംഗികടചേഷ്ടകളുമാണ് ഭരണിരാവുകളിൽ അരങ്ങേറിയിരുന്നത്. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു വർഗ്ഗപഴമ നിലനിൽക്കുന്നുണ്ടോയെന്നറിയില്ല.
എല്ലാ നഗരങ്ങൾക്കും രാത്രിയുണ്ട്. കൊടുങ്ങല്ലൂരിന്റെ രാത്രി തുടങ്ങുന്നത് നേരത്തേ സൂചിപ്പിച്ചതുപോലെ വാല്മീകീ രാമായണത്തിനുമുൻപാണ്. അത്രയ്ക്ക് പൗരാണികമാണ് ഈ നാട്. വാണിജ്യ ആവശ്യങ്ങൾക്കായി പുരാതനകാലം മുതൽ ഈ പുഴക്കടവ് ഉറക്കമുണർന്നിരുന്നു. ഉറങ്ങാതെ നങ്കൂരമിട്ട പായ്ക്കപ്പലുകളിൽ രാത്രിയും പകലും വിദേശികൾ വന്നിറങ്ങി. ഇവിടെ വ്യാപാരങ്ങൾ നടത്തിയിരുന്നതായി ചരിത്രം പറയുന്നു. അതിന്റെ തുടർച്ചയായി ഇപ്പഴും ഉറങ്ങാത്ത രാത്രികളിൽ കോട്ടപ്പുറം ചന്ത തുടർന്നുകൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂർ കുരുംബക്കാവ് ഉറങ്ങാറില്ല. ദേവി എന്നും ഉണർന്നിരിക്കുന്നു.
Add a Comment