kadala

‘കടല മിഠായിയുടെ മധുരം’,

പ്രിയ ചങ്ങാതിമാരെ,

എൻ്റെ മകൾ ഗൗരി ഇന്നലെ ഫുൾ A+ നേടി പത്താം ക്ലാസ്സ് പാസ്സായി.

1984 ൽ ഞാൻ പത്താം ക്ലാസ് തോറ്റിരുന്നു.എന്നു വെച്ചാൽ, പരാ”ജയനാ”യി! 6 തവണയാണ് ഞാൻ എസ്എസ്എൽസി എഴുതിയത്. ഏഴാമത്തെ തവണ ജയിക്കാനായി ജനിച്ചവനായി. സ്വന്തമായി മൂന്ന് SSLC ബുക്കുകൾ സ്വന്തമാക്കിയ അപൂർവ്വം ഇന്ത്യക്കാരിലൊരാൾ ആണ് ഞാൻ.

1973ൽ കോഴിക്കോട്ടെ കായംകുളം യൂണിവേഴ്‌സിറ്റിയിൽ ആണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്. (കായംകുളം സ്കൂൾ അഥവാ BEMUP school bilathikulam) .(ആടെ തന്നെയാണ് ഇന്റെ മോൻ കൃഷ്ണനുണ്ണിയും പഠിക്കുന്നത്).ഉന്നത പഠനത്തിന് വേണ്ടി മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ ഏഴാം ക്ലാസ്സിൽ ചേർന്നു.ചാക്കീരി അഹമ്മദ് സാഹിബ് മന്ത്രിന്റെ ചാക്കീരി പാസ്സോണ്ട് പത്താം തരം വരെ ഒരു വിധം എത്തിച്ചേർന്നു. പ്രോഗ്രസില്ലാത്തത് കൊണ്ട് പ്രോഗ്രസ്സ് കാർഡ് അച്ഛനെ കാണിക്കാറില്ലായിരുന്നു. പഠനനിലവാര തകർച്ച കാരണം അമ്മയുടെ ചേരി, ചിരട്ട, മട്ടൽ എന്നിവ കൊണ്ടുള്ള എറിൽ നിന്നും ശ്രീ.കേളുകുടിച്ചൻ ദൈവത്തിന്റെ ശക്തി കൊണ്ടും കൈച്ചിലാവലുണ്ട്(escape).

1984 സിനിമാനടൻ ജയൻ മരിച്ചിട്ട് നാല് വർഷം കഴിഞ്ഞിരുന്നു….

അന്നാണ് ഈ ‘ജയൻ’ അതിലും വലിയ ഒരു ദുരന്തത്തിൽ കുടുങ്ങി പോയത് .. എന്നെ സംബന്ധിച്ചിടത്തോളം കോളിളക്കം സൃഷ്ടിച്ച SSLC പരീക്ഷ നേരിടേണ്ടി വന്നത്, ആ വർഷമാണ്. 1984 മെയ് മാസം രണ്ട് പൊട്ടിവിടരരുതെന്ന് മ്മളെ ശിവനോട് പ്രാർഥിച്ചാ കെടന്നത്.അനേകം ഭക്തന്മാരുള്ളോണ്ട് മൂപ്പര് മൈൻഡ് ചെയ്തില്ല. പ്രഭാതം അല്ലെ, അത് കവിതയിൽ ഉള്ള പോലെ പൊട്ടി വിടർന്നു. പണ്ടാരമടങ്ങി.ചരിത്രത്തിൽ ആദ്യമായി ഞാൻ SSLC തോറ്റു…. എങ്കിലും അറുന്നൂറിൽ 133 മാർക്ക് അറിഞ്ഞോ അറിയാതയോ കിട്ടി. അത്രയും മാർക്ക് കിട്ടിയത് തന്നെ എങ്ങനെയെന്ന് ഇപ്പോഴാലോചിക്കുമ്പോഴും ഒരെത്തും പിടിയുമില്ല. ജീവിതം നായ നക്കി എന്ന് ചിലരെങ്കിലും എന്നോട് പറഞ്ഞു.അന്ന് അങ്ങനെയാണ് SSLC തോറ്റ എല്ലാവരുടെയും വിചാരം .എന്റെയും .

ജയൻ ബിലാത്തിക്കുളം രൂപകല്പനചെയ്ത വീടുകൾ

തോറ്റു തൂറിയവരുടെ കോളേജ്, അഥവാ tutorial college ആയി അടുത്ത താവളം. തകർന്നു വീഴാറായ കോണിപ്പടികൾ കയറിയെത്തുന്ന , പരാ’ജയ ‘രുടെ ആത്മ വിദ്യാലയം. ഇതിന്റെ പേരുകൾ മനോഹരമാണ്. ശാന്തിനികേതൻ,വിശ്വഭാരതി,oxford,cambridge,അങ്ങനെ വിശ്വോത്തരമായ പേരുള്ള cambridge-ൽ ആണ് ഞാൻ ഭാഷ പഠനത്തിന്(first group) പോയത്. അടുത്ത സെപ്റ്റംബറിൽ തന്നെ നൂറു മാർക്ക് language-ന് കിട്ടി. ഞാൻ ഞെട്ടി ചിതറി. SSLC ഞാൻ പകുതി പാസ്സായി.

(വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിലെ യഥാർത്ഥ cambridge യൂണിവേഴ്സിറ്റിയിൽ പോകാനുള്ള ഭാഗ്യമുണ്ടായി) അന്ന് cambridgeന്റെ മുന്നിൽ ഒഴുകുന്ന കനാലിൽ ഞാനും എന്റെ സുഹൃത്ത് ഇട്ടൂപ്പും ചിരിച്ചു മരിച്ചു). ‘ ഇനി സെക്കന്റ് ഗ്രൂപ്പ് ജയിക്കണം. എന്നാലേ ജയിക്കാനായി ജനിച്ചവൻ’ ആവുള്ളു. സെക്കന്റ് ഗ്രൂപ്പെന്നു പറഞ്ഞാൽ പ്രധാന വില്ലൻ maths. ജീവിതത്തിൽ 30 രൂപയുടെ ഒരു calculator ഉണ്ടെങ്കിൽ കണക്ക് കൂട്ടാനുള്ള കണക്കുകളേയുള്ളു, ജീവിതത്തിൽ. അതിനുപകരം ലസാഗു,ഇന്ന് വരെ ആരും തച്ചു കൊല്ലാത്ത പൈ ആർ സ്‌ക്വർ,ഗോഷ്ഠി കാണിച്ചു ചൊല്ലുന്ന ചെറുവത്തൂരിന്റെ ഗുണഗോഷ്ടം.വിദ്യാഭ്യാസ കാലത്ത് ഇതൊക്കെ imposition ആയി ശിക്ഷ ലഭിക്കുമ്പോൾ quotation കോൺട്രാക്ട് കൊടുത്ത് ശീലമേയുള്ളു.

പിന്നെ വെറുതെയൊരു biology. പരാഗണങ്ങളും പാവപ്പെട്ടട്ട തവളയുടെ ശവശരീരങ്ങളും മ്മ്ക്ക് ഒരിക്കലും കാണണ്ട ആവശ്യമില്ലാത്ത medulo oblangatta.

അതുപോട്ടെ ,
രസതന്ത്രം(chemistry) ഇത്രേ അരസികമായ ഒരു തന്ത്രം. sulphuric acid,alkali.ഒരാവശ്യവുമില്ലാത്ത pottasium permaganate. എന്നിവയുടെ ‘അറിയപ്പെടാത്ത രഹസ്യം’.

ഇനി അടുത്തത്
ഊർജ തന്ത്രം.ഏത് തന്ത്രം പഠിച്ചാലും ഊർജ തന്ത്രം പഠിക്കരുത്.ഇത് പഠിച്ച മിടുക്കന്മാർ നമ്മുക്ക് വേണ്ട ടീവിയും മൊബൈൽ ഫോണും ഫാനും വാഹനങ്ങളും ഊർജവുമായി ബന്ധപ്പെട്ട ലോകത്തെ എല്ലാ കാര്യങ്ങളും കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അത് ഓര് ചെയ്തോളും. മ്മള് വെറുതെ സ്കൂളിൽ പഠിക്കുമ്പോൾ ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻപറ്റാത്ത എല്ട്രോൺ ,ന്യൂട്രോൺ, പ്രോട്രോൺ എന്നീ സഹോദരന്മാർക്ക് പഠിക്കും. ഇതൊക്കെ മനസ്സിലാക്കേണ്ട വിഷയങ്ങൾ തന്നെയാണ്. സ്കൂളിൽ വെച്ച് അത്തരം കാര്യങ്ങൾ പ്രയോജനകരമായ രീതിയിൽ ,ദൈനം ജീവിതവുമായോ ശാസ്ത്ര യുക്തിയോടെ രസാവഹമായോ ഒരിക്കലും അവതരിപ്പിച്ചിട്ടില്ല. അതാണ് ക്ലാസ് മുറികൾ കുട്ടികൾ കോട്ടു വായിടുന്ന ‘ഇരിപ്പുമുറി’യാക്കി മാറാൻ കാരണം.

ഭൂമി ശാസ്ത്രം.മ്മള വടകരെലെ ഭൂമി വാതിൽക്കൽ വരെ നടന്നു പോയാലും ഭൂമി ശാസ്ത്രം പഠിച്ചവർ ഉണ്ടാകില്ല. മുറിച്ചു വിൽക്കാൻ പറ്റുന്ന വനങ്ങളെ പറ്റിയും ഇടിച്ചും പൊടിച്ചും മണൽ പാറ പൂഴിയുണ്ടാക്കി ഭൂമിയെ ഇടിച്ചു തകർക്കാനും ഭൂമിയുടെ ശാസ്ത്രം പഠിക്കണമെന്നില്ല. ഈ അണ്ഡകടാഹത്തിലെ മുഴുവൻ കുട്ടികളും ഭൂമി ശാസ്ത്രജ്ഞർ അല്ല. പിന്നെ എന്തിനാല്ലേ ഇത് പഠിക്കുന്നത്.അതുകൊണ്ട് ഞാൻ ശാസ്ത്രം പഠിച്ചില്ല .കൈരേഖ നമ്മുക്ക്‌ കൈയിൽ കാണാം. എന്നാൽ ഭൂമധ്യരേഖ ?

രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ഹിസ്റ്ററി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമാണ്. എത്ര വായിച്ചാലും മതി വരാത്ത ഒരു മഹാ സാഗരം .കാണാൻ പറ്റാത പോയ കാലത്തേക്ക് ഒരു തീർത്ഥ യാത്ര. തകർക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്കുള്ള ഒരു പുനർജന്മ യാത്ര. ചരിത്രം അങ്ങനെയാണ്.അത് അത് കണ്ടറിയുകായും കേട്ടറിയുകയും ചെയ്യുന്ന മനുഷ്യായനം.

സാമ്പത്തിക ശാസ്ത്രത്തിൻ്റെ കാര്യം പറയാം. മുപ്പത് വയസു വരെ ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ സാമ്പത്തിക ശാസ്ത്രം അന്നും ഇന്നും വട്ടപ്പൂജ്യം.

ഇത്രയും മഹത്തായ ശാസ്ത്രങ്ങളും തന്ത്രങ്ങളും പേടിച്ചു സെക്കന്റ് ഗ്രൂപ്പ് പരീക്ഷ എഴുതുന്ന ദിവസം ഞാൻ ഹതാശനായി. നേരെ കോഴിക്കോട് അപ്സര തീയറ്ററിലേക്ക് നടന്നു. Attenboroughയുടെ ഗാന്ധി സിനിമ TAX ഫ്രീയായി നാലാമത്തെ തവണയും കണ്ടു. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടു . തോൽവിയുടെ മാർച്ച് മാസവും എനിക്ക് നഷ്ടപ്പെട്ടു.

അങ്ങനെ ആറോളം എഴുത്തു പരീക്ഷ പോരാട്ടങ്ങളിൽ ഞാൻ പങ്കെടുത്തു.’പരാജയം വിജയത്തിലേക്കുള്ള കുറുക്കു വഴി ‘യാണെന്ന് ലോട്ടറി ടിക്കറ്റുകാരൻ വിളിച്ചു പറയുന്നത് കേൾക്കാറില്ലേ?അങ്ങനെ ചില ശാസ്ത്രങ്ങൾ ‘കോപ്പി’യടിക്കാൻ തീരുമാനിച്ചു. ചെറിയ കടലാസ്സു തുണ്ടുകളിലേക്ക് TEXTBOOKലെ മഹത്തയ സത്യങ്ങൾ ചെറുതായി എഴുതപ്പെട്ടു. പല പരീക്ഷണങ്ങളിലും എഴുതപ്പെട്ട സത്യങ്ങൾ ചോദ്യങ്ങളായില്ല.

എങ്കിലും, ഒരു നാൾ, 1987 മാർച്ചിൽ ആ മഹത്തായ ലക്‌ഷ്യം നിറവേറി. 210 മാർക്ക് മാത്രം വേണ്ട എനിക്ക് 250 മാർക്ക് ലഭിച്ചു. ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു …

ജയിച്ചപ്പോഴാണ് ജയം ഒരു പരാജയമാണെന്ന് ഈ ‘ജയൻ’ തിരിച്ചറിഞ്ഞത്. ഇരുനൂറ്റിയമ്പത് മാർക്ക് കൊണ്ട് കളക്ടറോ ഡോക്ടറോ എഞ്ചിനീയറോ ആവാൻ പറ്റില്ല എന്ന് അക്കാഡമിക് വിദഗ്ദന്മാർ പ്രവചിച്ചു . അപ്പഴേക്കും 3 SSLC ബുക്കുകൾ സ്വന്തമാക്കിയ ഞാൻ കുള്ളനായാതുകൊണ്ട് പോലീസിലും പട്ടാളത്തിലും പടിക്കു പുറത്ത്. ആകെ അറിയുന്നൊരു പണി വരയ്ക്കലാണ്.ആർട്ടിസ്റ്റുകളയായ ഹരിയേട്ടനും വിജയേട്ടനും വരയ്ക്കുന്നത് കണ്ട് അന്തം വിട്ട് നിക്കും.അങ്ങനെ എങ്ങനെയൊക്കയോ ഒരു ചിത്രകാരനായി.വീടിന്റെടുത്തുള്ള ബിലാത്തികുളത്തിന്റെ പേര് ജയനോട് ചേർത്ത് വെച്ചു. അങ്ങനെ ജയൻ ബിലാത്തികുളം ആയി.

ഒന്നും പഠിക്കാൻ ഇഷ്ടമില്ലായിരുന്നു ഡ്രൈവിംഗ് പോലും.പിന്നെ എന്ത് പഠിക്കാനാ?
അങ്ങനെ ആർക്കിടെക്ടസിന്റെയും എഞ്ചിനീയർമാരുടെയും കൂടെ ഉദര നിമിത്തം ബഹുകൃത വേഷം എന്ന ചൊല്ല് പോലെ ഇങ്ങനെ നടക്കും. അങ്ങനെ അങ്ങനെ നടന്ന് ആൾക്കാരെന്നെ ഇഞ്ചിനീർന്നും ആർക്കിടെക്ട് എന്നും ഒക്കെ വിളിക്കാൻ തൊടങ്ങി. ഞാനെന്താകാനാ..ഞാനൊരു ആര്ടിസ്റ്റ് മാത്രം… അത് ഒട്ടും ചെറിയ കാര്യമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. നിങ്ങളിൽ ഒരു കലാകാരനുണ്ടെങ്കിൽ മുന്നിലൊരു വഴിയുണ്ട്.

ഇപ്പം കെട്ടിയോളും (സവിത) കുട്ടിയോളും (ഗൗരി ,കൃഷ്ണനുണ്ണി) ആയിട്ട് ബിലാത്തിക്കുളത്തിന്റെ കരയിൽ ജീവിക്കുന്നു.

ഇത്ര വലിയ കഥ എഴുതി നിങ്ങളെ ബോറടിപ്പിച്ചതിന് നിങ്ങൾ എന്നെ തല്ലി കൊല്ലരുത്. SORRY…എഴുതാൻ കാരണം മറ്റൊന്നുമല്ല. ഈ കാലത്ത് SSLC തോറ്റ ഒരു വിദ്യാർത്ഥിയുടെ പോസ്റ്ററാണ് സോഷ്യൽ മീഡിയയിലും റോഡ് സൈഡിലും വൈറൽ ആകേണ്ടത്. കാരണം തോല്ക്കണമെങ്കിൽ കനത്ത വില നൽകേണ്ടി വരും. അതായത്, നിങ്ങൾ മനസ്സിലാക്കേണ്ടത് ഇത്രയുമാണ്:

‘ജീവിതത്തിൽ തോറ്റാലും SSLC വിജയിക്കും’
‘SSLC ജയിച്ചാലും ജീവിതത്തിൽ തോൽക്കാം!’

ജീവിതത്തെ ഭാവനയോടെ, ആത്മവിശ്വാസത്തോടെ നേരിടുക. അത് പക്ഷെ, വെറുതെയിരുന്നാൽ ആരെങ്കിലും കാൽച്ചുവട്ടിൽ വെച്ചു പോകുന്ന ഒന്നല്ല. നമ്മുടെ തലയിൽ വന്നു വീഴുന്ന ആപ്പിളുമല്ല. എങ്ങനെ ജീവിക്കുന്നു, അതിൽ തൻ്റെ ‘സർഗാത്മകമായ പ്രതിഭ’ യെ എങ്ങനെ കൂട്ടിച്ചേർക്കാം എന്നതൊക്കെ പ്രധാനമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ചൂളിപ്പോകുന്ന അവസ്ഥയാവരുത്. വളരെ ചെറിയൊരു ഉദാഹരണം പറഞ്ഞാൽ, ബേക്കറികളിൽ നിന്ന് നാം വാങ്ങുന്ന കടലമിഠായിക്കു പോലും മധുരം നിറഞ്ഞ കഥ പറയാനുണ്ടാവും ഒരുപാട് പേർ കടല മിഠായി വിറ്റു ജീവിക്കുന്നു.

കടല മിഠായിക്ക് മധുരമുണ്ട്. ചോക്ലേറ്റിനേക്കാൾ കടല മിഠായി ഇഷ്ടപ്പെടുന്ന എത്രയോ പേരില്ലേ?

ചുരുക്കമിതാണ്, ചങ്ങാതിമാരെ, നമുക്കിഷ്ടപ്പെടുന്ന സ്വാദുള്ള ഒരു ജീവിതം നാമുണ്ടാക്കുക.ആ മധുരം മറ്റുള്ളവർക്കും പകരുക.

SSLC തോറ്റ എല്ലാ കുട്ടികളെയും ഞാൻ മനസ്സ് കൊണ്ട് ചേർത്തു പിടിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *