shukkoor_vakkeel

ഷൂക്കൂർ വക്കീലേ, നിങ്ങോം  എന്ത് പറയുന്നു?

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ ‘പ്രേക്ഷകരിൽ വലിയ സ്വീകാര്യതയാണുണ്ടാക്കുന്നത്.ആ സിനിമയുടെ ഭാഷ, കോടതി, സ്വന്തം പേര് എന്നിവയെ മുൻനിർത്തി, സിനിമയിലെ കഥാപാത്രമായ ഷുക്കൂർ വക്കീൽ സംസാരിക്കുന്നു.
റീഡ് വിഷൻ നടത്തിയ അഭിമുഖം

ഷൂക്കൂർ വക്കീലേ,
നിങ്ങോം
എന്ത് പറയുന്നു?

ഉത്തര മലബാറിൻ്റെ വടക്കൻ ശൈലിയുടെ മനോഹരമായ അവതരണം, ന്നാ താൻ കേസ് കൊട് എന്ന സിനിമയിലുണ്ട്. ആ അനുഭവത്തെ ,അതിർവരമ്പുകളില്ലാതെ ആ ശൈലിക്ക് കിട്ടിയ സ്വീകാര്യതയെ എങ്ങനെ കാണുന്നു?

‘ന്നാ താൻ കേസ് കൊട് ‘എന്ന സിനിമയുടെ ഭാഷ, പ്രത്യേകിച്ചും പയ്യന്നൂരിനും കാഞ്ഞങ്ങാടിനുമിടയിലെ ഒരു ഭാഷയാണ് അതിന് കൃത്യമായി ഉപയോഗിച്ചിട്ടുള്ളത്. ആ ഭാഷ തന്നെ വേണമെന്ന കാർക്കശ്യം സംവിധായകനുണ്ടായിരുന്നു. അത് വളരെ മനോഹരമായി സിനിമയിൽ സന്നിവേശിപ്പിക്കാൻ സംവിധായകന് സാധിച്ചു.ഓരോ വാക്കിലും സൂക്ഷ്മത പുലർത്തി. നിങ്ങൾ എന്നതിനു പകരം വടക്കേ മലബാറിലെ ‘നിങ്ങോം ‘ എന്ന വാക്ക് തന്നെ ഉപയോഗിച്ചു. കാഞ്ഞങ്ങാട്ടുകാർക്ക് മാത്രം അറിയാവുന്ന ഒരു ഭാഷയെ കേരളം സ്വീകരിക്കുമോ എന്ന ഭയം ഒരു ഘട്ടത്തിലുണ്ടായിരുന്നു.എന്നാൽ, വലിയ സ്വീകാര്യത ഈ ഭാഷയ്ക്ക് കിട്ടി. എറണാകുളത്തും തിരുവനന്തപുരത്തും മുംബൈയിലും ബാംഗ്ലൂരിലും സിനിമ വലിയതോതിൽ സ്വീകരിക്കപ്പെട്ടു. പ്രാദേശിക സംസ്കാരത്തെ മറ്റിടങ്ങളിൽ പ്രദർശിപ്പിക്കാനും അതിൻ്റെ സവിശേഷതകൾ അറിയിക്കാനുമുള്ള സന്ദർഭമായും ഇതിലൂടെ കൈവന്നു.

സ്വന്തം പേരിൽ തന്നെയാണ് താങ്കൾ കഥാപാത്രമായി വരുന്നത്. അഭിഭാഷകരുടെ പേര് അത് പോലെ ഉപയോഗിക്കുന്നതിന് സിനിമയിൽ മുൻ മാതൃകകളുണ്ടോ?

വാസ്തവത്തിൽ ഒരു പരിധി വരെ ഈ സിനിമയിൽ പ്രതിനായകൻ്റെ വേഷമാണ് എനിക്ക്. അലൻസിയർ എന്നായിരുന്നു സ്ക്രിപ്റ്റിൽ എൻ്റെ കഥാപാത്രത്തിനുണ്ടായിരുന്ന പേര്. എന്നെ ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പേര് എൻ്റേതു തന്നെയാക്കി മാറ്റുകയായിരുന്നു.എൻ്റെ മാനറിസങ്ങൾ, എൻ്റെ രീതികൾ – ആ കഥാപാത്രത്തിലേക്ക് മാറ്റുന്ന രീതിയാണ് സംവിധായകൻ കൈക്കൊണ്ടത്. അത് വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. മുമ്പ് അങ്ങനെയൊരു സിനിമാനുഭവം ഇല്ല എന്നു തന്നെയാണ് വിചാരിക്കുന്നത്. മമ്മൂട്ടി മമ്മൂട്ടിയായും മോഹൻലാൽ മോഹൻലാലായും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകന് എന്നെ വലിയ മുൻ പരിചയമൊന്നുമില്ലായിരുന്നു. ഷുക്കൂർ വക്കീൽ എന്ന പേര് തന്നെ ഫിറ്റാവുമെന്ന ധാരണയിൽ ആ പേർ തന്നെ ഉപയോഗിച്ചു. എനിക്കും അതു ഗുണകരമായി. സിനിമ പുറത്തിറങ്ങി പലരും എൻ്റെ സ്വന്തം പേര് അതു തന്നെയാണെന്നു മനസ്സിലാക്കിയപ്പോൾ എന്നോട് കുറേക്കൂടി അടുപ്പവും സ്നേഹവും കാണിക്കുന്നുണ്ട്. എൻ്റെ അഭിഭാഷക വൃത്തിയോട് നീതി പുലർത്തുന്ന വിധം തന്നെ സംവിധായകൻ കഥാപാത്രത്തെ രൂപപ്പെടുത്തി.

സിനിമയിലെ കോടതിയും റിയൽ കോടതിയും -കോടതി വ്യവഹാരങ്ങളിൽ സാധാരണ നിലയിൽ എത്രമാത്രം തമാശകൾ വരാറുണ്ട്? പൊതുവെ പിരിമുറുക്കങ്ങളുടെ ഇടമല്ലേ കോടതി മുറികൾ?

സിനിമകളിലെ കോടതി രംഗങ്ങൾ ,അമ്പതു ശതമാനം വരെ കോടതികളോട് നീതി പുലർത്താറുണ്ട്. എന്നാൽ, ഈ സിനിമയിൽ തൊണ്ണൂറ്റഞ്ച് ശതമാനം വരെ റിയൽ അനുഭവമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അഡ്വ.ഗംഗാധരൻ, അഡ്വ.നയന, ഞാൻ – ഞങ്ങൾ മൂന്നു പേരാണ് ഈ സിനിമയുമായി സഹകരിച്ച അഭിഭാഷകർ. ഞങ്ങൾ മൂന്നു പേരും സ്വന്തം പേരിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം, കോടതിയിലെ തനിമ നിലനിർത്തുന്ന വിധം ചെയ്യണമെന്നായിരുന്നു. എന്നാൽ, ഒരൽപം എക്സൻട്രിക് ലെവലിലുള്ള കഥാപാത്രമാണ് മജിസ്ട്രേറ്റ്. നിയമത്തിനുള്ളിൽ നിന്നു കൊണ്ട് ആ പരാതിക്കാരന് നീതി ലഭ്യമാക്കുക അത്ര എളുപ്പമല്ല. അതു കൊണ്ട് നിയമത്തിന് പുറത്ത് മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന ന്യായാധിപനാകാൻ വേണ്ടി അത്തരം മാനറിസം ആവശ്യമാണ്.

ആദ്യത്തെ സിനിമാനുഭവം എങ്ങനെയായിരുന്നു. നാടകത്തിലോ മറ്റോ അഭിനയിച്ച പരിചയമുണ്ടോ?

ആദ്യ സിനിമ അതിഗംഭീരമായ അനുഭവമാണ്. മുഴുനീള കഥാപാത്രമായി ഉണ്ട് എന്നത് വലിയ അനുഭവമായി. സത്യത്തിൽ ഞാനത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നു മിന്നി മറഞ്ഞു പോകുമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ. നമ്മുടെ ജോലിക്കും സമയത്തിനും സംവിധായകനും സഹപ്രവർത്തകരും വലിയ പരിഗണന തന്നിരുന്നു. വളരെ ആദരവോടെ ഞങ്ങളോട് ഇടപഴകി. കുഞ്ചാക്കോ ബോബൻ്റെ സമീപനം വളരെ എനർജി തരുന്ന ഒന്നായിരുന്നു. വളരെ പേഴ്സണൽ ഫ്രണ്ട്ലിയായ അപ്രോച്ച് എല്ലാവരുടെ ഭാഗത്തു നിന്നുമുണ്ടായി.

സിനിമയിൽ അഭിനയിക്കുന്ന ‘മുസ്ലിം നടന്മാർ ‘ഉത്തര മലബാറിൽ കുറവാണല്ലൊ. ആ അവസ്ഥയെ ബ്രെയ്ക്ക് ചെയ്യുകയാണോ?

ഉത്തരമലബാറിൽ നിന്ന് നിരവധി പേർ സിനിമയിലുണ്ട്. നമ്മളും ഒരു സിനിമയിൽ മുഖം കാണിച്ചു എന്നേ ഇപ്പോൾ പറയാൻ കഴിയൂ. അത് സന്തോഷകരമായ കാര്യമാണ്.
സിനിമ ‘ഹറാ’ മാണ് എന്ന നില മുസ്ലിം സമുദായത്തിൽ നിന്ന് മാറി എന്നാണ് ഞാൻ വിചാരിക്കുന്നത്. മുസ്ലിം സമുദായത്തിലെ സംഘടനകൾ തന്നെ നാടകങ്ങളും സിനിമകളും നിർമ്മിക്കുന്ന ഒരു ഘട്ടത്തിലാണുള്ളത്.പ്രത്യേകിച്ചു മലബാറിൽ നിന്ന്. ‘സമസ്ത ‘പോലും സ്വന്തം ചാനൽ തുടങ്ങിയിട്ടുണ്ട്.സമൂഹം മുന്നോട്ടു നടക്കുന്നതോടൊപ്പം തന്നെ മുസ്ലിം സമുദായവും മുന്നോട്ടു നടക്കുന്നുണ്ട്.

Add a Comment

Your email address will not be published. Required fields are marked *