biju

ഒരു പുസ്തകവില്പനക്കാരന്റെ തലശ്ശേരി ജീവിതം 4

വീടിനടുത്തുള്ള ഗോപിയേട്ടന്റെ പരിചയത്തിൽ മെരുങ്ങുന്ന ഒരു ജോലി തേടി ഞാൻ കോഴിക്കോട് ജി എസ് പബ്ലിക്കേഷനി ലെത്തി .ഗോപിയേട്ടൻ എഴുതി തയ്യാറാക്കിയ പരസ്യ വൗച്ചറിൽ സീല് പതിക്കലായിരുന്നു ഞാനവിടെ ചെയ്ത ആദ്യത്തെ ജോലി. അപ്പോൾ എനിക്കെന്റെ കുട്ടിക്കാലത്തെ മുള്ള് സീലിനെ ഓർമ വന്നു.

ദൈവമേ,
എന്റെ മുള്ളുമരമേ…

ബിജു പുതുപ്പണം

 

വെളുത്ത മുള്ളുകൾ വിടർത്തി ഉയരത്തിൽ ജ്വലിച്ചു സൂര്യന് നേരെ കറുത്തിരുണ്ട് കരുത്തിന്റെ പ്രതീകമായി മണ്ണിലുറച്ചു നിൽക്കുന്ന കരിമുരിക്ക് ,കുട്ടിയായിരുന്ന എനിക്ക് നല്ല ആത്മവിശ്വാസം നൽകിയ മരമായിരുന്നു.

മണ്ണിന്റെ നനുത്ത മേനിയിൽ സൂര്യന്റെ മൂർച്ചമുള്ളുകൾ കോറിയിട്ട മുറിവുകളിൽ നിന്നും കറുത്ത ഉറുമ്പുകൾ ചിറകു മുളച്ച് ആകാശ ത്തേക്ക് പറന്നുയരുന്നതും വരണ്ടകാറ്റ് ഉരസി പൊട്ടിച്ച കരി മുരിക്കിൻ കായയിൽ നിന്ന് വെളുത്ത പഞ്ഞിത്തു ണ്ടുകൾ കുഞ്ഞു മേഘങ്ങളെ പോലെ തെന്നി നീങ്ങുന്നതും നോക്കിനിന്ന് ആസ്വദിക്കുന്നതും വേനൽക്കാലത്തെ വിനോദമായിരുന്നു.

ഇഷ്ടംപോലെ പറന്നുനടക്കാം, അതിരില്ലാ സ്വപ്നങ്ങൾ കാണാം, പ്രത്യേക ഉത്തരവാദിത്തങ്ങളില്ല, കഷ്ടപ്പാടുകളില്ല.വിശക്കുമ്പോൾ ചക്കേം മാങ്ങയും ഇഷ്ടംപോലെ മീനും ചോറും.

കൂട്ടുകാർ ക്രിക്കറ്റ് കളിക്കാൻ കൂട്ടാത്തത്, മറ്റുള്ളവരെപ്പോലെ ഒറ്റയേറിനു മാങ്ങ എറിഞ്ഞു വീഴ്ത്താൻ പറ്റാതിരുന്നത്…. എന്നിവ വലിയ പോരായ്മകളായി തോന്നിയപ്പോഴെല്ലാം കരി മുരിക്കായിരുന്നു കൂട്ടുകാരൻ.

കാട്ടപ്പയുടെ വെളുത്ത പൂക്കളിൽ വന്നുനിൽക്കുന്ന കറുത്ത പൂമ്പാറ്റകളെ അടിച്ചു കൊല്ലുന്ന കുട്ടികളുടെ ക്രൂരതയോർത്തുമുള്ള ചെറിയ സങ്കടങ്ങളും അലട്ടിയിരുന്ന ഒരു കാലം.

കല്ലുകൊണ്ട് അടർത്തിയെടുത്ത കുഞ്ഞു മുലകളെ പോലെ തോന്നുന്ന കരിമുരിക്കിന്റെ തടിച്ച മുള്ളുകൾ ഉരസി മിനുക്കി കുപ്പിച്ചീളു കൊണ്ട് പേര് കോറി എടുത്ത് സീലുകൾ നിർമ്മിക്കും. വെളുത്ത കടലാസ് തുണ്ടുകളിൽ സ്വന്തം പേര് നിലിച്ചു കിടക്കുന്നത് നോക്കി സന്തോഷിക്കും.

ഒരുകാലത്ത് ഒരുപാട് ആനന്ദവും ആത്മവിശ്വാസവും തന്ന ആ കരുത്തൻ കരിമുരിക്ക് എപ്പഴോ ഒരിക്കൽ കഥാ വശേഷനായി.കരുണയില്ലാത്ത വെയിൽ കുറച്ചു കാലം കൊണ്ട് അവനെ തിന്നും കുടിച്ചും തീർത്തിരിക്കാം.

മാറിമാറി വന്ന ഋതുക്കൾക്കൊപ്പം ഞങ്ങൾ മുതിർന്നവരായി. ഹൃദയത്തിന്റെ ചിറകുകൾ കൊഴിഞ്ഞു തുടങ്ങി. മരങ്ങൾ വെറും മരങ്ങളായി. പൂക്കളും പക്ഷികളും ചങ്ങാതിമാരല്ലാതായി. പ്രകൃതി തുറിച്ചു നോക്കുന്ന അപരിചിതനായി മാറി. ജീവിതം മെരുങ്ങാത്ത ഒരു മൃഗം പോലെ ചുറ്റിലും മുരണ്ടു തുടങ്ങി. ജീവിക്കാൻ എന്തെങ്കിലും ഒരു ജോലി അത്യാവശ്യമായി വന്നു.

വീടിനടുത്തുള്ള ഗോപിയേട്ടന്റെ പരിചയത്തിൽ മെരുങ്ങുന്ന ഒരു ജോലി തേടി ഞാൻ കോഴിക്കോട് ജി എസ് പബ്ലിക്കേഷനി ലെത്തി .ഗോപിയേട്ടൻ എഴുതി തയ്യാറാക്കിയ പരസ്യ വൗച്ചറിൽ സീല് പതിക്കലായിരുന്നു ഞാനവിടെ ചെയ്ത ആദ്യത്തെ ജോലി. അപ്പോൾ എനിക്കെന്റെ കുട്ടിക്കാലത്തെ മുള്ള് സീലിനെ ഓർമ വന്നു. അത് വെറുമൊരു കളി സീല്. നിഷ്കളങ്കമായ വെറും സ്വപ്നങ്ങളുടെ പുറം മേനിയിൽ തുരുതുരാ പതിക്കാവുന്ന കളിപ്പാട്ടം. ഈ സീല് അങ്ങിനെയല്ലല്ലൊ. കത്തുന്ന ജീവിതത്തെ പച്ചപിടിപ്പിക്കാൻ ഞാൻ കണ്ടെത്തിയ ജോലിയുടെ ഭാഗമായുള്ള മുദ്രണം.ആധികാരികമായി അർത്ഥങ്ങളുള്ള സീല്, ആവശ്യത്തിന് മാത്രം പതിക്കാവുന്ന സീല്.

കോഴിക്കോട് മാവൂർ റോഡിലെ ദയ എന്ന് പേരുള്ള കെട്ടിടത്തിലെ ആറാം നമ്പർ മുറിയിൽ 18വർഷം മുൻപേ ഗോപിയേട്ടൻ എന്ന ഒറ്റൊരാൾ നടത്തിയിരുന്ന സ്ഥാപനമായിരുന്നു ജി എസ് പബ്ലിക്കേഷൻ.

ചെറിയ ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം പിടിച്ച് അതുവരെ സിറ്റി ഗൈഡുകൾ മാത്രം പുറത്തിറക്കിയ ഗോപി യേട്ടൻ ഒരു പുതിയ പ്രീ പബ്ലിക്കേഷൻ പണിപ്പുരയിലായിരുന്നു. അതിന് ഫീൽഡ് വർക്ക്‌ ചെയ്യാനായി ഒരാളെ അന്വേഷിക്കുന്ന ഘട്ടത്തിലാണ് ഞാനയാളുടെ മുന്നിൽ ചെന്ന് പെടുന്നത്.

500 രൂപ വിലയിട്ട പ്രശസ്തരുടെ പ്രഭാഷണങ്ങൾ എന്ന പുസ്തകത്തിന്റെ 50 ഓർഡറുകൾ എത്തിച്ചു കൊടുത്താൽ എന്റെ ജോലി സ്ഥിരപ്പെടുത്താമെന്നും 3000 രൂപ മാസത്തിൽ തരാമെന്നും ഗോപിയേട്ടൻ.

എന്നാൽ കെട്ടിയിട്ട എന്റെ തണുപ്പൻ ചിന്തകളുമായി കാഫ്കയും, ദറിദയും ഷെനെയും, ആനന്ദും മേതിലും മത്തു പിടിപ്പിച്ച പഴയ വെറുമൊരു മലയാള ബിരുദ വിദ്യാർഥിയുടെ മനസ്സുമായി
ഞാനെങ്ങനെ ഈ മാർക്കറ്റിങ് രംഗത്തേക്ക് ഇറങ്ങും. പക്ഷേ എനിക്ക് മാറിയേ മതിയാവൂ.. അല്പമെങ്കിക്കും എന്നെയൊന്നു മാറ്റിത്തീർക്കാൻ രണ്ട് മൂന്നു മോട്ടിവേഷൻ ബുക്സ് സംഘടിപ്പിച്ചു വായിച്ചു തീർത്തു.

അങ്ങിനെ ഒരിക്കലും നിരാശനാവാത്ത മുക്കുവനേയും ശുഭാപ്തി വിശ്വാസക്കാരനായ ഷൂ വില്പനക്കാരനേയും മനസ്സിൽ പ്രതിഷ്ഠി ച്ചുകൊണ്ട് മീനമാസ വെയിൽ ഉരുകിയൊഴുകുന്ന റോഡിലേക്ക് ഞാനിറങ്ങി.

വിശന്നു വയറൊട്ടിയ കറുത്ത ആട്ടിൻകുട്ടിയെപ്പോലെ നീളൻ കയറിൽ എന്റെ പഴയ ബേഗ് ഞാന്നു കിടന്നു. പാണ്ട് പിടിച്ച ബെൽറ്റ്‌ നട്ടെല്ലിന് താഴെ വരിഞ്ഞൊട്ടി.

ഒരേയൊരു ചിന്ത, ഒരു ലക്ഷ്യം.,’പ്രശസ്‌തരുടെ പ്രഭാഷണങ്ങൾ ‘ 50 എണ്ണം എത്തിക്കുക

അവിശ്വസനീയം ആദ്യ ദിവസം തന്നെ ഒരു സ്കൂളിൽ നിന്ന് കിട്ടിയത് 15ഓർഡർ. എനിക്ക് അതിയായ സന്തോഷം, ഗോപിയേട്ടന് ആശ്വാസം.

15ക്യാഷ് റെസിപ്റ്റിൽ ഞാൻ തുരുതുരാ സീല് വെച്ചു.ഒരു നിമിഷത്തേക്ക് ഞാൻ ശരിക്കും പഴയ കുട്ടിയായി. വെളുത്ത കടലാസിൽ ശംഖുപുഷ്പം പോലെ നീലിച്ചുകിടക്കുന്ന ജി എസ് പബ്ലിക്കേഷനെ നോക്കി നോക്കി ഞാൻ പുഞ്ചിരിച്ചു.

വല്ലാത്തൊരു ആത്മവിശ്വാസം എന്നെ വന്നുപൊതിഞ്ഞു.പിറ്റേ ദിവസം ഞാനുറച്ചു തീരുമാനിച്ചു. ഇന്ന് ഒരു 20 ഓർഡറുമായി തിരിച്ചുവരും. എന്റെ കണ്ണിലെ തിളക്കം കണ്ടിട്ടാവണം ഗോപിയേട്ടൻ 50രൂപ ട്രാവലിങ് എക്സ് പെൻസ് എന്ന് പറഞ്ഞ് നീട്ടി.

50 പേരിലധികം അധ്യാപകരുള്ള കുറച്ചകലെയുള്ള സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചു. എന്റെ കറുത്ത ആട്ടിൻകുഞ്ഞിന്റെ വയറിൽ ഒരു പാട് ബ്രോഷറു കളും ഓർഡർ ഫോമുകളും കുത്തി നിറച്ചു.

20 ഓർഡറുകളുടെ സ്വപ്നവുമായി ബസ് പെട്ടന്ന് നഗരം വിട്ടു. നാട്ടിൻപുറത്തെ പറമ്പുകളെ കീറിമുറിച്ച് വളഞ്ഞു ചുരുണ്ടു കിടക്കുന്ന ഇടുങ്ങിയ റോഡിലൂടെ കെട്ട പഴംചക്കകൾ പൊട്ടിപ്പൊളിഞ്ഞ് പറ്റി ക്കിടക്കുന്ന കൊള്ളിൻപള്ളകൾക്കരികിലൂടെ ….,

മൂളുകയും അലമുറയിടുകയും ചെയ്യുന്ന നാടൻ പശുക്കൾ മേഞ്ഞു നടക്കുന്ന തട്ടു തട്ടായ പറമ്പുകൾക്കിടയിലൂടെ ….ശീമക്കൊന്നയും കടലാസ്സുപൂക്കളും പിരിഞ്ഞു പുളഞ്ഞു വളർന്ന കാട്ടുപന്തലിനിടയിലൂടെ ….

ഒരുപാട് മനുഷ്യർക്കൊപ്പം അത്യാഗ്രഹിയായ എന്നെയും ശ്വാസംമുട്ടിച്ചുകൊണ്ട് സർക്കാരിന്റെ ആനബസ് ഞരങ്ങി നീങ്ങി.

എന്റെ ആന്തരികാ വയവങ്ങൾക്ക് പോലും കേട് പറ്റുന്ന വിധത്തിൽ ശരീരം മാറ്റാരുടെയൊക്കെയോ കരുത്തുറ്റ എല്ലുകൾക്കും മാംസത്തിനുമിടയിൽ ഞെരിഞ്ഞമർന്നു. ഒരുപാട് തുന്നുകളുള്ള ചെരുപ്പിനെ മറ്റ് യാത്രക്കാരുടെ കരുണകെട്ട കാലുകൾ ചവിട്ടിമെതിച്ചു.

ഇത്രയും തിരക്കുള്ള ബസ്സിൽ കയറിപ്പറ്റിയ ഈ അതിമോഹി ഇതിനപ്പുറവും അനുഭവിക്കണമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

ഒടുവിൽ കരിഞ്ഞോലപ്പുറം പഞ്ചായത്തിന്റെ പൊടിമണ്ണ് പറക്കുന്ന കയറ്റത്തിൽ ബസ്സ് കിടന്നു മുരണ്ടു.
പഞ്ചറായ എന്റെ മേനിയെ കൂടുതൽ പോറലേൽക്കാതെ വിയർപ്പു മണങ്ങൾക്കിടയിലൂടെ വളരെ വിദഗ്ദ്ധമായി ഊരിയെടുത്ത് ഞാൻ ബസ്സിറങ്ങി.

ഇനിയുമോടാൻ വയ്യാത്തതുപോലെ ഏങ്ങിക്കൊണ്ട് ആ യന്ത്രമൃഗം മുന്നോട്ട് നീങ്ങി.

വിയർപ്പ് തുടച്ച് ഞാൻ തിരിഞ്ഞ് നടക്കുമ്പോൾ വെടിയേറ്റ് പിടഞ്ഞ് ചത്ത കാട്ടുമുയലുകളെപ്പോലെ എന്റെ കണ്ണിപൊട്ടിയെ ചെരുപ്പുകൾ അകന്നുപോവുന്ന ബസ്സിൽ നിന്നും മണ്ണിലേക്ക് തെറിച്ച് വീണു. ഞാനതിന്റെ നീളൻ ചെവി പിടിച്ചുയർത്തി.ഇനി തുന്നാനാവാത്ത വിധം തകർന്ന് പോയ ചെരു പ്പിനെ തുരുമ്പിച്ച ഒരു മൊട്ടു സൂചിയാൽ പുത്തനാക്കി.എന്റെ മെലിഞ്ഞ കാലുകളിൽ അവ അടങ്ങിക്കിടന്നു.

ഉച്ചിയിൽ കത്തുന്ന ചൂട്, വല്ലാത്ത വിശപ്പും ദാഹവും…… ഞാനെന്റെ കീശ പരതി. ഇനി വിയർക്കാൻ ഇല്ലാത്ത വിധത്തിൽ ചോർന്നൊലി ച്ച എന്റെ മൂന്നു കീശയും ശൂന്യം.ഒരു സൂചികൈ ക്കുപോലും ചലിക്കാനിടമില്ലാത്ത ബസ്സിൽ പോക്കറ്റടിക്കപ്പെടാൻ സാധ്യതയില്ല.പിന്നെയെങ്ങിനെ എന്റെ ആകെയുള്ള അമ്പത് രൂപ നഷ്ടപ്പെട്ടു.പെട്ടന്ന് ആ ശബ്ദം എന്റെ ബോധത്തിലേക്ക് വന്നു.

“മോനെ ബാക്കി വാങ്ങാൻ മറക്കല്ലേ ”

സ്റ്റോപ്പെത്തിയപ്പോൾ നരച്ചമീശയുള്ള ആ കണ്ടക്ടരും മറന്നു കാണും.

സമയം ഉച്ച ഒരു മണി. ഈ ഇടവേളയിലാണ് സ്റ്റാഫ്‌ റൂമിൽ എല്ലാവരെയും ഒരുമിച്ച് കാണാനാവുക. ഞാനിവിടെ തിന്നാനും കുടിക്കാനും നിന്നാൽ എന്റെ സ്വപ്
നത്തിലെ 20 ഓർഡർ നഷ്ടമാവും.

ചാണകം മണക്കുന്ന വരണ്ട ഒരു കാറ്റ് വന്ന് വയറു നിറച്ചു.ആത്മവിശ്വാസം കൊണ്ട് വയറും തലയും മുറുക്കി സ്കൂളിലെക്കുള്ള ഇടവഴിക്കുന്ന് ഞാൻ കയറിതുടങ്ങി.

അത്ഭുതപ്പെടുത്തുന്ന വേഗതയിൽ എന്നെ ആരോ പറത്തി വിട്ടതാണ് ഈ കുന്നിൻ പുറത്തേക്ക്‌,അല്ലാതെ ഇത്ര പെട്ടന്ന് ഈ ഹൈസ്കൂളിന്റെ സ്റ്റാഫ്‌ റൂമിനു മുന്നിൽ എത്തില്ലല്ലൊ.വിശപ്പും ക്ഷീണവും അലട്ടുന്നുണ്ടെങ്കിലും ഞാൻ വളരെ ഊർജ്വസ്വലനാണെന്ന് നടിച്ചു.എന്റെ സ്ഥിരം വാചകാപ്പൊതി ഞാനാസ്റ്റാഫ്റൂമിൽ വിളമ്പിതുടങ്ങി.

പുസ്തക കാര്യമാണെന്ന് കേട്ടപ്പോൾ പലർക്കും ശ്വാസം മുട്ടിതുടങ്ങി, ചിലർ ഒക്കാനിച്ചു.മറ്റുചിലർ വരണ്ട തമാശയാൽ പ്രതിരോധിച്ചു ചിലരാവട്ടെ ഒന്നും കേൾക്കാൻ വയ്യെന്ന് പ്രാകി ഓടി മറഞ്ഞു.

നാല്പത്തിലധികം പേരുള്ള സ്റ്റാഫ് റൂമിൽ നിന്ന് വെറുമൊരു ഓർഡർ പോലും കിട്ടാതായപ്പോൾ അതുവരെയില്ലാത്തൊരു അപകർഷതാ ബോധം എന്നെ പിടികൂടി .

എന്റെ ചുറ്റിലും ഒരുപാട് അറിവും അനുഭവങ്ങളുമുള്ള ഗുരുക്കന്മാർ….പരി ഹാസത്തിന്റയും സഹതാപത്തിന്റെയും നേരിയ ഒച്ചകൾ ആദ്യമായി എന്റെ മുട്ടുകളെ വിറപ്പിച്ചു.

ചുറ്റിലും ഉയർന്നുനിൽക്കുന്ന ഗ്യാലറിക്ക് നടുവിലെ കോമാളിയെപ്പോലെ ഞാനൊരു ചെറിയ മനുഷ്യനായി മാറി.

എന്റെ വിലപ്പെട്ട അവസാന കസ്റ്റമറെ ഞാൻ നന്നായി നിർബന്ധിച്ചു. എനിക്കെന്റെ അഭിമാനമെങ്കിലും ആ മുറിയിൽ നിന്നും തിരി ച്ചെടുക്കണമായിരുന്നു. ചെറുപ്പക്കാരനായ ആ അദ്ധ്യാപകൻ കനം കുറഞ്ഞ മീശ കടിച്ചു മുറിച്ചുകൊണ്ട് പറഞ്ഞു

“ഞാൻ പെർമെനെന്റെല്ല. സാലറി കുറവാ ”

ഇൻകം ടാക്സ് അടയ്ക്കുന്ന ശമ്പളക്കാരിലൂടെ ഒന്ന് കണ്ണോടിച്ച് ഞാൻ മനസ്സിൽ പറഞ്ഞു

“അല്ലെങ്കിലും മാഷേ ആരാണീ മണ്ണിൽ പെർമെനന്റ്!!”

അപ്പോൾ എനിക്ക് നന്നായി വിശന്നു. തൊണ്ടയിൽ നിന്നും ജീവന്റെ വരണ്ടയൊരു ചുഴി ആമാശയത്തിലേക്ക് ഊളിയിട്ടു.

കറി മണക്കുന്ന ആ മുറി ചവച്ചു തുപ്പിയ ചുയിങ്ങ്ഗം പോലെ വരാന്തയിലെ തടിച്ച തൂണിലേക്ക് ഞാൻ തെറിച്ചു വീണു.

“സാരി… പാവാട… ഷർട്ട്‌”

ആ സമയം തടിച്ചുരുണ്ട ഒരു ബംഗാളി അധികാരത്തോടെ സ്റ്റാഫ് റൂമിലേക്ക് പ്രവേശിച്ചതായിരുന്നു. അയാളുടെ പരുത്ത തുണിക്കെട്ടിന്റെ ഇടിയേറ്റ് തൂണിൽ അമർന്നു നിൽക്കുന്ന എനിക്ക് നല്ല സങ്കടം വന്നു.

ഒരുപാട് നാളുകൾക്ക് ശേഷം ഗൾഫിൽനിന്നും വന്ന ഭർത്താവിനെ കണ്ടതുപോലെ ടീച്ചർമാർ സ്നേഹത്തോടെ അയാൾക്ക് ചുറ്റും കൂടി.

അയാളുടെ മലയാളം കലർന്ന തമാശ കേട്ട് മറ്റ് അധ്യാപകർ പൊട്ടിച്ചിരിച്ചു. അയാളുടെ കെട്ടിൽ നിന്ന് നിറമുള്ള പാവാടകളും സാരികളും ടീച്ചർമാരുടെ കൈകളിലൂടെ പാറി നടന്നു. വടിവൊത്ത 500 ന്റെ നോട്ടുകൾ അയാളുടെ അരയിലെ ലെതർ ബേഗിലേക്ക് ചുരുണ്ടു കൂടി.

അതേ സമയം രുചിയും മണവും വാർന്നു പോയ ഉപയോഗ ശൂന്യമായ വൃത്തികെട്ട വസ്തു പോലെ സ്കൂൾ ഗ്രൗണ്ടിലെ പൊള്ളുന്ന ചരളിലേക്ക് ഞാനടർന്നു വീണു. തോ ളിലെ കറുത്ത ബാഗിന്റെ കയറു പൊട്ടി നിലത്ത് വീണു.

അപ്പുറത്തെ ക്ലാസ്സ്‌ മുറിയിൽ നിന്ന് കുട്ടികൾ വായ പൊത്തി ചിരിച്ചു. ബാഗ് തുറന്നു കുട പരതി എടുത്തു. കഴിഞ്ഞ മഴക്കാലത്തു ഉപയോഗിച്ച് ചുരുട്ടി വെച്ചതായിരുന്നു അത്. തുറന്നയുടനെ തുരുമ്പിച്ച കമ്പികൾ തുണി തുളച്ചു ആകാശത്തിലേക്ക് ചെന്ന് തറച്ചു. കുടയുടെ പിടിയിള കി മണ്ണിലേക്ക്. ക്ലാസ്സ്‌ മുറിയിലെ ജാലകങ്ങലിലേക്ക് കുട്ടികളുടെ ചിരി പടർന്നു.

മിസ്റ്റർബീനിന്റെ ഒരു കാർട്ടൂൺ കഥാപാ ത്രമായി എന്നെ സങ്കല്പിച്ചു.ഞാനാ കോമിക് ക്യാറക്ടറിനെ ദൂരെ മാറി നിന്നു കൊണ്ട് നിരീക്ഷിച്ചു.

പൊട്ടിപ്പൊളിഞ്ഞ കുടയും കയറു പൊട്ടിയ ബാഗും തൂക്കി പിഞ്ഞുപോയ ചെരുപ്പുകളിൽ കാലുറയ്ക്കാതെ പൊള്ളുന്ന ചരലിലൂടെ കരുവാളിച്ചുപോയ മെലിഞ്ഞ രൂപം വേച്ചു വേച്ചു വരുന്നു. പിന്നണിയിൽ ചിരിയുടെ അവരോഹണം.

ഗ്രൗണ്ടിന്റെ അങ്ങേയറ്റത്ത് ആരെയും ആകർഷിക്കുന്ന വലുപ്പമുള്ള ഒരു പെട്ടിക്കടയുണ്ട്. പല നിറത്തിലുള്ള പാനീയങ്ങൾ തൂങ്ങിനിൽക്കുന്ന അവിടുത്തേക്ക് ഞാൻ പാഞ്ഞടുത്തു..

“കൊറച്ചു വെള്ളം തരുവോ ”

വരണ്ടുണങ്ങിയ എന്റെ ശബ്ദം കേട്ട് കടക്കാരൻ ഒരു കുപ്പി വെള്ളം എന്റെ നേർക്ക് നീട്ടി.

“പത്തുറുപ്യ ”

കാശില്ലന്നറിഞ്ഞിട്ടും ഞാനെന്റെ മൂന്നു കീശയിലേക്കും വൃഥാ പരതി.

വരാനിരിക്കുന്ന ഒരു മഹായുദ്ധത്തിന്റെ ശംഖൊലി വിദൂരത്തല്ലാത്ത രീതിയിൽ എനിക്കപ്പോൾ കേൾക്കാമായിരുന്നു. ഏറ്റവും വിലകൂടിയ ഈ പളുങ്കുദ്രാവകത്തിനു വേണ്ടിയുള്ള മൂന്നാംലോക മഹായുദ്ധം. അലിവിന്റെ നനവില്ലാത്ത മണ്ണിലേക്ക് നോക്കി ഞാൻ തിരിഞ്ഞു നടക്കുമ്പോൾ കടക്കാരൻ വെളുത്ത കാനിൽനിന്നും സൂക്ഷ്മതയോടെ ഒരു അലൂമിനിയം പാത്രത്തിലേക്ക് ജലം പകർന്നു. ചായഗ്ലാസ്സും ചെറിയ ഭക്ഷണപ്പാ ത്രങ്ങളും കഴുകി എന്റെ മുന്നിലെ മണ്ണിലേക്ക് നീട്ടിയൊഴിച്ചു. വരണ്ട പൊടിമണ്ണിൽ പെട്ടന്ന് കുമിളകളുള്ള ഒരു ജലകണ്ണാടി രൂപപ്പെട്ടു. അതിന്റെ മിനുത്ത പ്രതലത്തിൽ എന്റെ മെലി ഞ്ഞുനീണ്ട നിഴൽ പ്രത്യക്ഷപ്പെട്ടു. നിഴലിനു പിന്നിൽ കത്തുന്ന സൂര്യൻ. പെട്ടന്ന് എനിക്കെന്റെ കരി മുരിക്കിനെ ഓർമ വന്നു. ഞാനതിനെ ഓർത്തുനിൽക്കുമ്പോൾ അതാ എന്റെ രൂപം മണ്ണിലേക്ക് ഊർന്നു പോവുന്നു. നനവിന്റെ ഒരടയാളം പോലും ബാക്കിവെയ്ക്കാതെ ആ മരീചിക ജീവനോടെ എന്നെ മണ്ണിലടക്കം ചെയ്തു.


കരുത്തു ചോർന്നുപോയിക്കൊണ്ടിരിക്കുന്ന ഈ തടിയുമായി എങ്ങിനെ ഈ കുന്നിടവഴിയിറങ്ങി റോഡിലേക്കെത്തും…..

ഏതോ അദൃശ്യമായ ഊർജത്തിന്റെ ബലത്തിൽ ഞാൻ തിരിച്ചിറങ്ങാൻ തുടങ്ങി. ഇടവഴിക്കിരുവശവും വിജനമായ വലിയ പറമ്പുകൾ മലർന്നുറങ്ങുന്നു.

തണുത്തുറഞ്ഞതുപോലെ വെയിൽ അവിടവിടെ നീലിച്ചുകിടക്കുന്നു.. ആകാശത്തിലേക്ക് നോക്കി നീണ്ടുമെലിഞ്ഞ ചാവാലിതെങ്ങുകൾ മദ്യപിച്ചവരെപോലെ ആടിക്കുഴയുന്നു. ഉണക്കക്കൊമ്പുകളും കരിയിലകളും വാരിവിതറിക്കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു കാറ്റ് തേങ്ങോലകൾക്കിടയിക്കൂടെ മോങ്ങി നടക്കുന്നു. അപരിചിതമായ ഏതൊക്കെയോ നിറങ്ങൾ വാരിവിതറിയ ദുരൂഹമായ ഒരു ക്ലാസ്സിക്‌ ലാൻഡ്സ് കേപ്പിൽ നിന്നും പുറത്തുകടക്കാനാവാത്ത വിധം അകപ്പെട്ടുപോയ ഒരു ഇഴ ജന്തുവിനെപ്പോലെ ഞാൻ റോഡിലേക്കിറങ്ങി.

ഇനി എപ്പോഴായിരിക്കും നാട്ടിലേക്ക് ഒരു ബസ്സ് വരിക. ചുണ്ടും നാവും ശരിക്കും വരണ്ടു പോയിരിക്കുന്നു. പെട്ടന്നാണ് എന്റെ കൈത്തണ്ടയിൽ ഒരു വെളുത്ത തുള്ളി വന്നു വീണത്. കാക്ക പറ്റിച്ചതാണോ എന്ന് ചിന്തിച്ചു ഞാൻ മുകളിലേക്ക് നോക്കി. അതാ കനമുള്ള ഒരു വെളുത്ത തുള്ളികൂടി ഉയരത്തിൽ നിവർന്നു നിൽക്കുന്ന മരത്തിൽ നിന്നും എന്നിലേക്ക് വീഴുന്നു. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. അതു കരിമുരിക്ക് മരമായിരുന്നു. അതിന്റെ തടിച്ച മുലക്കണ്ണുകൾ തുറന്ന് ഒരു കുഞ്ഞു താരകം ഉദിച്ചു വരുന്നു. നോക്കി നിൽക്കെ അത് എന്നിലേക്ക്‌ തന്നെ തുളുമ്പി വീണു. യുക്തിയെ കുറിച്ചൊന്നും ആ സമയത്ത് ഞാനാലോചിച്ചില്ല. കൈത്തണ്ടയിൽ ഉരുണ്ടു കളിക്കുന്ന ആ വെളുത്ത വാത്സല്യത്തെ ആർത്തി യോടെ നാക്കുകൊണ്ട് ഒപ്പിയെടുത്തു. വരണ്ട ചുണ്ടുകൾക്ക് അത് ജീവജലമായി. ആത്മാവിന്റെ കണ്ണുകൾക്ക് അതു ദിവ്യതീർത്ഥത്തി ന്റെ കുളിരായി.
” ദൈവമേ , എന്റെ മുള്ളുമരമേ…….”

ആ നിശബ്ദതയെ കൊത്തിയടർത്തിയ ഒരു കാക്കക്കരച്ചിൽ കേട്ട് ഞാൻ മുകളിലേക്ക് നോക്കി. മുള്ളു മരത്തിന്റെ ചില്ലച്ചുമലിൽ നിന്ന് ഒരു പ്ലാസ്റ്റിക് കവർ താഴേക്ക് വീഴുന്നു.. കഷ്ടപ്പെട്ട് കൊത്തിയെടുത്ത ഭക്ഷണം നഷ്ടപ്പെട്ടതിലുള്ള സങ്കടവുമായി അതു പറന്നകന്നു. എന്റെ കാൽച്ചുവട്ടിൽ മിൽമയുടെ ഒഴിഞ്ഞ പാൽ കവർ.

മുള്ളു മരത്തിന്റെ കറുത്ത മേനിയിൽ വെളുത്ത ചാലുകൾ ആറിത്തുടങ്ങി. വെയിൽ മങ്ങിത്തുടങ്ങി. നാല് മണിക്ക് മുൻപ് ഒരു സ്കൂളിൽ കൂടിയെത്തണം. കിട്ടാതിരിക്കില്ല അവിടെ നിന്നും ഒരു പത്തു ഓർഡറെങ്കിലും. അവിടുത്തേക്കുള്ള ബസ് വരുന്നുണ്ട്.. അപ്പൊ ഓക്കേ ഇനീം കാണാം.

Add a Comment

Your email address will not be published. Required fields are marked *