punathil_cover

പുനത്തിൽ പാർത്ത ബംഗ്ലാവ്

പുനത്തിൽ എങ്ങനെ വേണമെങ്കിലും  പോസ് ചെയ്തു തരും. ഗസ്റ്റ് ഹൗസിന് മുന്നിൽ നിർത്തിയിട്ട റോഡ് റോളറിൽ കയറിയിരുന്ന്  ഡ്രൈവ് ചെയ്യുന്ന പടം അദ്ദേഹത്തിന് ഏറെ ഇഷ്ടമായെന്ന് പിന്നീട് കണ്ടപ്പോൾ പറഞ്ഞിരുന്നു. എൻ്റെ പിങ്ക് നിറമുള്ള കാലൻ കുട ചൂടിയും കുറേ ചിത്രങ്ങൾ എടുത്തിരുന്നു.
 

പുനത്തിൽ പാർത്ത
ബംഗ്ലാവ്

യു.പ്രസന്നകുമാർ

ഏകാന്തതയിൽ സ്വയം മറന്നിരിക്കാനാണ് പണ്ടൊക്കെ മാടായിക്കാർ മമ്പാലക്കുന്ന് കയറിയിരുന്നത്. പാറപ്പുത്താണ് മാടായിക്കാവിലച്ചിയുടെ ആരൂഢ സ്ഥാനം. ജൂതന്മാരുടെ ആദി കുടിയേറ്റം നടന്ന ഇടവും കേരളത്തിലെ മുസ്ലിങ്ങളുടെ ആദിമ കേന്ദ്രങ്ങളിലൊന്നുമാണ് മാടായിപ്പാറ.
വിശേഷണങ്ങൾ അവസാനിക്കുന്നില്ല. പാരിസ്ഥിതികമായ ഒരുപാട് പ്രത്യേകതകൾ. ജൈവ വൈവിദ്ധ്യം നിറഞ്ഞു നിൽക്കുന്ന വിസ്തൃതി.
ഇന്ന് പാറപ്പുറം ജനനിബിഡമാണ്. രാത്രിയിലും ആൾക്കൂട്ടമുണ്ടാവട്ടെ എന്ന ലക്ഷ്യത്തോടെ പാറപ്പുറത്തെ ദീപങ്ങളാൽ അലങ്കരിക്കാൻ പഞ്ചായത്തും ഒരുങ്ങിക്കഴിഞ്ഞു.
മാടായിക്കാർ ‘ബംഗ്ലാവ്” എന്ന് വിളിക്കുന്ന പി ഡബ്ലു ഡി ഗസ്റ്റ് ഹൗസ്  നൂറ്റാണ്ടിലധികമായി പാറയുടെ  കിഴക്ക് ഭാഗത്ത് അധിനിവേശ സ്മരണയുമായി തലയുയർത്തി നിൽക്കുന്നു..ഏകാന്തതയുടെ സുഖം നുകരാൻ  ഒരു രാത്രിയെങ്കിലും അവിടെ താമസിക്കണമെന്ന് പറഞ്ഞത് പ്രിയപ്പെട്ട കുഞ്ഞിക്കയാണ്; സാക്ഷാൽ  പുനത്തിൽ കുഞ്ഞബ്ദുള്ള.
‘സ്മാരകശില ‘യുടെ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കണ്ണൂരിലെ സമയം മാസിക സംഘടിപ്പിച്ച പരിപാടിക്കുവേണ്ടി പുനത്തിൽ വന്നപ്പോൾ പയ്യാമ്പലത്തെ ഒരു ബംഗ്ലാവിലാണ് താമസിച്ചത്. അവിടെ താമസിക്കുമ്പോൾ മാടായിപ്പാറയിലെ ബംഗ്ലാവിനെക്കുറിച്ച് കേട്ടറിഞ്ഞു.

പുനത്തിൽ മാടായി ബംഗ്ലാവിൽ / ചിത്രം: യു. പ്രസന്നകുമാർ

പിന്നീട്  കുഞ്ഞിക്ക  മാടായിയിൽ വരുമ്പോഴൊക്കെ താമസം  പാറയിലെ ബംഗ്ലാവിൽ തന്നെയായിരുന്നു.  കെ കെ ആർ വെങ്ങരയും പ്രകാശ് വാടിക്കലുമൊക്കെ കൂടെയുണ്ടെങ്കിലും കുഞ്ഞിക്കയുടെ പ്രിയതാരം ദേവസ്സിയാണ്. അത് പിന്നെ എ. അയ്യപ്പനെന്ന അയ്യപ്പേട്ടൻ വന്നാലും ദേവസ്സി തന്നെയാണ് പ്രിയപ്പെട്ടവൻ. അവനോളം എഴുത്തുകാരുടെ അഭിരുചിയറിഞ്ഞ മറ്റൊരു മാടായിക്കാരനില്ലല്ലോ.
രാത്രിയാവുമ്പോൾ മിക്കവാറും ഞാനൊഴികെ മറ്റെല്ലാവരും  ദാർശനികരാവും. എല്ലാവരും സ്വന്തം മനസ്സാക്ഷിയുടെ താക്കോൽ കുഞ്ഞിക്കയെ ഏൽപിക്കും. കുഞ്ഞിക്കയാണ് അവരുടെ ഫിലോസഫർ കിങ്.ആ വേദിയിൽ ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങളൊന്നുമില്ല. എഴുതപ്പെടാതെ പോയ കഥാസരിത് സാഗരം. അർദ്ധരാത്രിയിൽ ഓരോരുത്തരായി പിരിഞ്ഞു പോകും.പുനത്തിലും ആ പാറപ്പുറവും തനിച്ചാവും . മാടായിപ്പാറയിലെ മിന്നാമിനുങ്ങുകൾ കണ്ടുണ്ടായ അത്ഭുതകരമായ രാവുകളെക്കുറിച്ച് കുഞ്ഞിക്ക എഴുതിയിട്ടുമുണ്ട്.

പുനത്തിലും ദേവസ്സി ജോയിയും

നേരം പുലരുമ്പോൾ ഓരോരുത്തരായി വീണ്ടും ആ അതിഥിമന്ദിരത്തിൽ ഒത്തുകൂടും.പുനത്തിൽ കഥകൾ പറയും, കഴിഞ്ഞ രാത്രിയുടെയും വരാനിരിക്കുന്ന കാലങ്ങളുടെയും കഥകൾ. ഇടക്ക് ദേവസി പാട്ടു പാടി രസത്തിലങ്ങു കയറും. ലഹരിയുടെ പിരിയൻ ഗോവണികൾ.

യു. പ്രസന്നകുമാർ

കൂട്ടായ്മകളുടെ ഏകാന്ത ആഘോഷങ്ങൾ’ എന്താണെന്ന് ഞങ്ങൾ അറിഞ്ഞത് കുഞ്ഞിക്കയിലൂടെയായിരുന്നു.തുടർന്ന് ഫോട്ടോ ഷൂട്ടാണ്. പുനത്തിൽ എങ്ങനെ വേണമെങ്കിലും  പോസ് ചെയ്തു തരും. ഗസ്റ്റ് ഹൗസിന് മുന്നിൽ നിർത്തിയിട്ട റോഡ് റോളറിൽ കയറിയിരുന്ന്  ഡ്രൈവ് ചെയ്യുന്ന പടം അദ്ദേഹത്തിന് ഏറെ ഇഷ്ടമായെന്ന് പിന്നീട് കണ്ടപ്പോൾ പറഞ്ഞിരുന്നു.എൻ്റെ പിങ്ക് നിറമുള്ള കാലൻ കുട ചൂടിയും കുറേ ചിത്രങ്ങൾ എടുത്തിരുന്നു. ഫിലിം ഫൊട്ടോഗ്രാഫിയുടെ കാലമായിരുന്നു. വീട് മാറിയപ്പോൾ ആ നെഗറ്റീവുകൾ നഷ്ടപ്പെട്ടു. ചിലതൊക്കെ സമയം മാസികയുടെ പഴയ ലക്കങ്ങളിൽ കാണാം.

ഒക്ടോബർ 27 പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന പ്രിയപ്പെട്ട എഴുത്തുകാരൻ്റെ ചരമദിനമാണ്.അയ്യപ്പേട്ടനും ദേവസ്സിയും അതിനു മുമ്പേ വിട പറഞ്ഞു. ഇപ്പോഴും മാടായിപ്പാറയിൽ പഴയ പ്രതാപവുമായി ആ ഗസ്റ്റ് ഹൗസുണ്ട്. ഏകാന്തത ആഘോഷിക്കാൻ തൻ്റെ അരികിലെത്തുന്ന  ആർക്കോ വേണ്ടിയുള്ള കാത്തിരിപ്പുമായി.
ദേവസ്സി , കുഞ്ഞിക്ക എഴുതാതെ പോയ ഒരു കഥയുടെ പേരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നാടൻ തമാശകളുടെ കറക്കു പമ്പരം പോലെ ജീവിച്ച ഒരാൾ.കുഞ്ഞിക്ക ഏറ്റവും വിധേയനായി നിൽക്കുന്നത് കണ്ടത് ദേവസ്സിയുടെ മുന്നിലാണ്. ഏത് പിരിമുറുക്കമുള്ള സന്ദർഭങ്ങളെയും ചിരിയും വർത്തമാനവും കൊണ്ട് മറ്റൊന്നാക്കി തീർക്കാൻ ദേവസ്സിക്ക് സാധിച്ചിരുന്നു.
സൗഹൃദങ്ങളുടെ ‘സംഘകാല ‘മാണ് യഥാർഥത്തിൽ പുനത്തിൽ ഓർമ്മകൾ.

Add a Comment

Your email address will not be published. Required fields are marked *