basila

അവരവരോട് കൂടെയുള്ള നേരങ്ങൾ ബാസില ഫാത്തിമ

ഒറ്റപ്പെട്ടു പോകൽ രണ്ടു വിധമാണ്. ഒന്ന് കൂടെ ആരും ഇല്ലാതിരിക്കൽ, രണ്ട് കൂടെ ഒരുപാട് പേരുണ്ടെങ്കിലും മാനസികമായി ഒറ്റപ്പെട്ടു പോകൽ. വീട്ടുകാർ തീരുമാനിച്ച കല്യാണ ആലോചനയിൽ  നിന്ന് പുറത്തു വന്നപ്പോഴാണ് ഇതിൽ ആദ്യത്തെ ഒറ്റപ്പെടൽ അതിന്റെ ഏറ്റവും ഭീകരതയിൽ അനുഭവിച്ചിട്ടുള്ളത്.

അവരവരോട് കൂടെയുള്ള നേരങ്ങൾ

ബാസില ഫാത്തിമ

 

ചിലപ്പോൾ ചിന്തകൾക്കൊരു കുത്തൊഴുക്കുണ്ട്. വേണ്ടെന്ന മറു ചിന്ത കൊണ്ട് എത്ര തടയണ തീർത്താലും ഒതുങ്ങി നിൽക്കാതെ പതഞ്ഞു പൊങ്ങിയൊരു കുത്തൊഴുക്ക്.

ഒറ്റക്കിരിക്കുന്ന നേരങ്ങൾ പലതും ആ കുത്തൊഴുക്കിന്റെ നേരങ്ങൾ കൂടെയാണ്. ഒറ്റക്കിരുന്ന് ആലോചിച്ചു കൂട്ടുന്നത് കൊണ്ടാണ് നിനക്കിങ്ങനെ വിഷാദം എന്ന് കേൾക്കുന്നത് സാധാരണമാണ്. പക്ഷേ , ഒറ്റക്കിരിക്കാതിരിക്കുക എങ്ങനെയാണ്? ഒറ്റക്കിരിക്കാൻ കഴിഞ്ഞില്ലെങ്കിലുള്ള വിഷാദം നിയന്ത്രിക്കുക എങ്ങനെയാണ്? ജൂലി ആൻഡ് ജൂലിയ എന്ന സിനിമ കാണുകയായിരുന്നു. അടുക്കളയിൽ ഒറ്റയ്ക്ക് ഇഷ്ടപ്പെട്ട പാചകം ചെയ്യുന്ന രണ്ടു സ്ത്രീകൾ അതിനെ ആഘോഷമാക്കുന്നതാണ് കണ്ടത്‌. ഒരു തരത്തിൽ അവർ ഒറ്റക്കല്ലല്ലോ. തൊലി കളഞ്ഞ ഉരുളക്കിഴങ്ങും കറ പിടിച്ച പാനുകളും ചൂടു വെള്ളത്തിന്റെ പൊള്ളലുമെല്ലാം അവിടെ കൂട്ടിരിപ്പുണ്ട്.

എപ്പോഴും ഒറ്റപ്പെടൽ നിരാശയുടെ പര്യായമല്ല. അങ്ങനെയാകുന്ന, നിരാശയിൽ നിന്നും കടുത്ത വിഷാദങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്ന, ഒറ്റപ്പെടലുകൾ ഉണ്ടെന്നിരിക്കെ തന്നെ അങ്ങനെയല്ലാത്തവയെയും പരിഗണിക്കേണ്ടതുണ്ടല്ലോ.

അവരവരോട് കൂടെയുള്ള നേരങ്ങൾ മറ്റുള്ളവരുടെ കൂടെ എന്ന പോലെ പ്രധാനപ്പെട്ടതാണ്. കൂട്ടുകാരുടെ കൂടെ എന്നത് പോലെ ഒറ്റയ്ക്ക് സിനിമക്ക് പോകുന്നതും യാത്ര ചെയ്യുന്നതും പ്രധാനപ്പെട്ടതാകുന്നത് പോലെയാണതും. എന്തിനാണത് പറയുമ്പോൾ ബുദ്ധിമുട്ടു തോന്നുന്നത്? കണ്ട സിനിമയെ കുറിച്ചുള്ള ചിന്തകൾ വേറൊരാളോട് പങ്കു വെക്കാതെ സ്വന്തത്തിനോട്‌ മാത്രം പങ്കു വെച്ച് തീയേറ്ററിൽ നിന്ന് ഇറങ്ങി വരുന്നതിന്റെ മനോഹാരിത മനസ്സിലാക്കാൻ നമ്മൾക്കൊരു മടി തോന്നുന്നത് ഒറ്റക്കിരിക്കലിനെ ഒറ്റപ്പെടലിനോട് ചേർത്തു വായിക്കുന്നത് കൊണ്ടാകാം.

ശരിയാണ്, പങ്കു വെക്കുമ്പോഴാണ് ചിന്തകൾക്ക് വ്യക്തത കൂടുക. പക്ഷേ, പങ്കു വെക്കപ്പെടാത്ത ചിന്തകളിലുള്ള വ്യക്തതയും അവ്യക്തതയുമാണ് ചിലപ്പോഴൊക്കെ മനുഷ്യന് ആവശ്യം എന്ന് കൂടെ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

പല ദിവസങ്ങളിലും രാത്രിക്ക് വേണ്ടി കാത്തിരിക്കാറുണ്ട്. ആൾക്കൂട്ടത്തിൽ നിന്ന് മാറി എന്റെ പുസ്തകങ്ങളുടെയും ചുവരിലൊട്ടിച്ച കാമുകനോടൊപ്പമുള്ള ചിത്രങ്ങളുടെയും മങ്ങി കത്തുന്ന LED ബൾബുകളുടെയും ഇടയിലേക്ക് ചുരുങ്ങാൻ. കോഴിക്കോട് ഭംഗിയുള്ളൊരിടത്ത് ഒറ്റയ്ക്ക് താമസിച്ച് രാത്രി ഏലയ്ക്ക ഇട്ട ചായ കുടിക്കാൻ പോവുകയും രാവിലെ എഴുന്നേറ്റ് കടൽക്കരയിലിരുന്ന് പുസ്തകം വായിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലും പോകണമെന്ന ആഗ്രഹവും ചുറ്റുപാടിന്റെ പരിമിതികളും ചേർന്നപ്പോൾ വർക്കലക്ക് പോകാമെന്ന് തീരുമാനിച്ച് ഒരിക്കൽ പോയിരുന്നു. അഞ്ചര മണിക്കൂർ ട്രെയിൻ യാത്രയിൽ നാലര മണിക്കൂർ വായിച്ച് ഒറ്റയ്ക്ക് മുറിയെടുത്ത് ഒറ്റയ്ക്ക് കടൽ കാറ്റ് കൊണ്ട് രുചിയുള്ളതും ഇല്ലാത്തതുമായ ഭക്ഷണം explore ചെയ്‌ത് നടന്നപ്പോൾ വിഷാദവും സമാധാനവും കൂടെയുണ്ടായിരുന്നു. ഒന്നിനെ ഒഴിച്ച് നിർത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷേ തിരിച്ചു ചെല്ലുമെന്ന് ഞാൻ ഉറപ്പ്‌ കൊടുത്ത് വന്ന സ്ഥലമാണ് വർക്കല. എപ്പോഴും കഴിഞ്ഞെന്ന് വരില്ല. അതൊരു തെറ്റുമല്ല. പക്ഷേ , ഒറ്റക്കിരിക്കലുകൾ ചിലപ്പോഴെങ്കിലും ആഘോഷമാക്കേണ്ടതുണ്ട്.

തനിച്ചിരിക്കുമ്പോൾ കേൾക്കുന്ന ശബ്ദങ്ങൾക്ക് വിഷാദമെങ്കിലും മനോഹരമായ ചില താളങ്ങൾ ഇടക്കുണ്ട്. അതു കേൾക്കാൻ ഒറ്റയ്ക്ക് തന്നെ ഇരിക്കണം. കൂട്ടിരിക്കാൻ ആളുകളുണ്ടാകുമ്പോൾ ചെവികളും മനസ്സും അന്യരെ കേൾക്കാൻ വേണ്ടി തുറന്നിട്ടിരിക്കുകയല്ലേ. ചിലപ്പോഴെങ്കിലും തന്നെ തന്നെ കേൾക്കേണ്ടത് അത്യാവിശ്യമല്ലേ ?  സംസാരിക്കാൻ എളുപ്പമാണ് പലപ്പോഴും; മറ്റുള്ളവരോടും തന്നോടു തന്നെയും. മറ്റുല്ലവരുടെയും തന്റെയും നല്ലൊരു കേൾവിക്കാരനോ കേൾവിക്കാരിയോ ആവുക എന്നത് അത്യന്തം ദുഷ്കരവും. ചെയ്യുന്ന ജോലിയിൽ സന്തോഷമുണ്ടോ, കഴിക്കുന്ന ഭക്ഷണത്തിൽ സംതൃപ്തി ഉണ്ടോ മുതൽ സുഖമാണോ എന്ന് പോലും അവരവരോട് ചോദിച്ച് അറിയേണ്ടതുണ്ട്. ഒറ്റക്കിരിക്കുമ്പോഴല്ലാതെ എപ്പോഴാണ് നമ്മളിതു നമ്മളോട് ചോദിച്ചറിയുക.

ഇങ്ങനെയെല്ലാം ഒറ്റക്കിരിക്കൽ ആഘോഷമാക്കപ്പെടുമ്പോൾ തന്നെ ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദന കൂടെ പറയാതെ വയ്യ. പലപ്പോഴും പല കാരണങ്ങൾ കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമോ സാഹചര്യം കൊണ്ടോ, തനിച്ചാകുമ്പോൾ വേദന കയ്‌ച്ചെനിക്ക് ശ്വാസം മുട്ടാറുണ്ട്. ഒറ്റപ്പെട്ടു പോകൽ രണ്ടു വിധമാണ്. ഒന്ന് കൂടെ ആരും ഇല്ലാതിരിക്കൽ, രണ്ട് കൂടെ ഒരുപാട് പേരുണ്ടെങ്കിലും മാനസികമായി ഒറ്റപ്പെട്ടു പോകൽ. വീട്ടുകാർ തീരുമാനിച്ച കല്യാണ ആലോചനയിൽ  നിന്ന് പുറത്തു വന്നപ്പോഴാണ് ഇതിൽ ആദ്യത്തെ ഒറ്റപ്പെടൽ അതിന്റെ ഏറ്റവും ഭീകരതയിൽ അനുഭവിച്ചിട്ടുള്ളത്. whatsapp സ്റ്റാറ്റസുകളിൽ കാണുന്ന ആരും കൂടെ ഇല്ലാത്ത അവസ്ഥ. ഒറ്റക്കായി പോകുന്നതിന്റെ നോവ് അതിന്റെ എല്ലാ ഭീകരതകളോടും  കൂടെ മുന്നിൽ വന്നു നിന്നതോർക്കുമ്പോൾ ഇപ്പോഴും കഴുത്തിനാരോ പിടിച്ചത് പോലെന്റെ ശ്വാസം നിലയ്ക്കുന്നുണ്ട്. ആരെങ്കിലും കൂടെ വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സമയങ്ങളിൽ ആരും മാനസികമായി പോലും കൂടെ ഇല്ലാത്ത അവസ്ഥ എഴുതി ഫലിപ്പിക്കാനോ പറഞ്ഞു മനസ്സിലാക്കാനോ കഴിയുന്നതിന്റെ അപ്പുറമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഒന്നും മിണ്ടാനില്ലെങ്കിലും കൂടെയൊന്നിരിക്കാൻ , തിളച്ചു മറിയുന്ന ചിന്തകളിൽ ചിലത് കേൾക്കാൻ , വിറ ബാധിച്ച വിരലുകളിലൊന്ന് തൊടാൻ , ആരെങ്കിലും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന സമയങ്ങളിൽ അത് കിട്ടാതിരിക്കുമ്പോഴുള്ള വേദന മറ്റെന്തു പകരം കിട്ടിയാലും മാറ്റമില്ലാത്തതാണ്. ആളുകളുടെ ഇടയിൽ നിൽക്കുമ്പോഴും നമ്മളെ മനസ്സിലാക്കുന്ന ഒരു കുഞ്ഞു കാത് പോലും ഇല്ലാതിരിക്കുമ്പോഴുള്ള വികാരം വിവരിക്കാന് കഴിയാത്ത മറ്റൊരു കദനമാണ്.

പലപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തോന്നിക്കാൻ മറ്റൊരാളുടെ കൂട്ട് വേണ്ട ഒരു സാധാരണ ജീവിയാണ് മനുഷ്യൻ. എപ്പോഴും കഴിയില്ലെങ്കിലും കഴിയുമ്പോഴൊക്കെ നമുക്കാ കൂട്ടായിരിക്കാൻ ശ്രമിക്കാം. ഒറ്റക്കിരിക്കണമെന്ന് തോന്നുന്ന മനുഷ്യരുടെ ഇടങ്ങളിലേക്ക് കയറി ചെല്ലാതിരിക്കാനും ശ്രമിക്കാം.

 

 

 

Add a Comment

Your email address will not be published. Required fields are marked *