pannian

ജീവിതത്തെ ചുവപ്പിച്ച ബാല്യം

പ്രായപൂർത്തിയാവാത്ത ഞാൻ 18 വയസായെന്ന് നുണ പറഞ്ഞു. നേതാക്കളുടെ കൂടെ ജയിലിലെത്തി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ വ്യവസായ മന്ത്രിയായിരുന്ന കെ പിഗോപാലൻ, കാന്തലോട്ട് കുഞ്ഞമ്പു തുടങ്ങിയ വലിയ നേതാക്കന്മാരുടെ കൂടെ രണ്ടാഴ്ചത്തെ ജയിൽവാസം വലിയ അനുഭവമായിരുന്നു. അവരോടൊപ്പമുള്ള ജയിൽ വാസം എൻ്റെ പിൽക്കാല ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചു.

ജീവിതത്തെ ചുവപ്പിച്ച
ബാല്യം

പന്ന്യൻ രവീന്ദ്രൻ

സ്കൂൾ കാലം തൊട്ടു പറഞ്ഞു തുടങ്ങാം. ഓർമകളുടെ ആദ്യത്തെ ഇടനാഴി അതാണ്. ജീവിതം , സ്കൂളിലേക്ക് നടന്നു പോയ ആ വഴിയിൽ നിന്നു തുടങ്ങുന്നു.

കക്കാട് കോർജാൻ യു പി സ്കൂളിലാണ് പഠിച്ചിരുന്നത്. കാലത്ത് ഒൻപതരക്ക് സ്കൂളിലേക്ക് പുറപ്പെടും . സ്കൂളിലേക്ക് പത്തു മിനുട്ട് നടക്കാനുള്ള ദൂരമേയുള്ളൂ.

ഒരു ദിവസം കാലത്ത് സ്കൂൾ യാത്രയിൽ റോഡരികിലുള്ള നെയ്ത്ത് കമ്പനിയുടെ മുന്നിൽ ഒത്തിരി ആളുകൾ കൂടിയിരിക്കുന്നത് കണ്ടു. അടുത്തു തന്നെ ഒരു വലിയ പോലീസ് വണ്ടിയും പോലീസുകാരും ഉണ്ട്. കമ്പനിയിൽ കൂലി കൂടുതലിന് വേണ്ടി തൊഴിലാളികൾ സമരത്തിലാണ്. മുതലാളി കമ്പനിയിലുള്ള തുണി  ലോറിയിൽ കയറ്റി പുറത്തേക്ക് കൊണ്ട് പോകുന്നത് തൊഴിലാളികൾ കമിഴ്ന്നു കിടന്നു തടഞ്ഞു.തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവശ്വാസം കൊണ്ടു നെയ്തതാണ് ആ തുണിത്തരങ്ങൾ. തൊഴിലാളികൾ ന്യായമായ കൂലി വർദ്ധന ആവശ്യപ്പെട്ടപ്പോൾ, മുതലാളി അത് മറ്റൊരിടത്തേക്ക് കടത്തുന്നത് തടയേണ്ടത് അവരുടെ ജീവന്മരണ പ്രശ്നവും.

പോലീസ് ഭീകരമായി അവരെ ലാത്തിച്ചാർജ് ചെയ്തു. ലാത്തിയടി ശബ്ദം കേട്ടു ഞങൾ സ്കൂൾ കുട്ടികൾ നോക്കിയപ്പോൾ കണ്ടത് അടി കൊണ്ട് ചോരയിൽ കുളിച്ചു നിൽക്കുന്ന ധീരരായ തൊഴിലാളി സഖാക്കളെയാണ്.

ശരീരത്തിൽ ലാത്തിയടിയേൽക്കുമ്പോഴും ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘എന്നുച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു, അവർ .ഏറ്റ അടികളുടെ വേദനകൾ അവരെ തളർത്തിയില്ല. ശബ്ദം തളർന്നുവെങ്കിലും, അവർ കഴിയുന്നത്ര ഉറക്കെ വിളിച്ചുകൊണ്ടിരിന്നു: ‘ഇങ്ക്വിലാബ് സിന്ദാബാദ്! ”

കുട്ടികളായ ഞങ്ങളും അതേറ്റുവിളിച്ചു. അന്നു അടികൊണ്ട ധീരരായ തൊഴിലാളി സഖാക്കൾ ഞങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു. വടക്കൻ പാട്ടിലെ പടയാളികളായ ചേകവന്മാരെപ്പോലെ മനസ്സിന്റെ അകത്തളത്തിൽ ഈ സഖാക്കളും ഇടം നേടി.

ആ സംഭവം  എൻ്റെ ബാലമനസ്സിൽ മുതലാളിമാരോട് കടുത്ത വിരോധത്തിന് കാരണമായി.  അതിന് മുൻപ്തന്നെ കമ്മ്യൂണിസത്തിന്റെ ചുവന്നരേഖകൾ എന്നിലെത്തിയിരുന്നു. അമ്മയാണ് അതിന്റെ കാരണക്കാരി.

എനിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ആ  സംഭവം.

എന്റെ നാടായ കണ്ണൂരിലെ കക്കാട്  ഒരു യോഗത്തിൽ എ കെ ജി പ്രസംഗിക്കുവാൻ വന്നു.

എ. കെ. ജി.

എന്റെ അമ്മ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു.  എ കെ ജി യെ കാണുവാൻ പോകുമ്പോൾ മൂന്ന് വയസ്സുകാരനായ എന്നെയും കൊണ്ടാണ് പോയത്. വലിയ തിരക്കിനിടയിൽ ഒരു ചുവന്ന മാല എന്നെക്കൊണ്ട് എ കെ ജിയുടെ കഴുത്തിലണിച്ചെന്നും  എ കെ ജി എന്റെ കവിളിൽ മുത്തം വെച്ചുവെന്നും അമ്മ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു.

എന്റെ വളർച്ചയിൽ എന്നും പാവപ്പെട്ടവന്റെ പടത്തലവനായ എകെജിയെ കുറിച്ചുള്ള ചിന്ത  മനസ്സിൽ നിറഞ്ഞു നിന്നു.

മൂന്ന് വയസ്സിൽ തന്നെ ആറു വയസ്സെന്ന് പറഞ്ഞു എന്നെ സ്കൂളിൽ ചേർത്തു. അമ്മക്ക് എന്നെ വലിയ ആളാക്കണമെന്ന മോഹമുണ്ടെന്ന് പലപ്പോഴും  എന്നോട് പങ്ക് വെക്കാറുണ്ടായിരുന്നു. ആ കാലത്ത് എൻ്റെ ഭാവിയെക്കുറിച്ച് അമ്മ മനോഹരമായ സ്വപ്നങ്ങൾ നെയ്തു കൊണ്ടിരുന്നു.

സംസ്കൃതം ഭാഷപഠിച്ച അമ്മക്ക് പുരാണകഥകളെല്ലാം നന്നായി അറിയാം. വളരെ ചെറുപ്പത്തിൽ എന്നെ വായിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. രാമായണവും മഹാഭാരതവും പുരാണകഥകളുമെല്ലാം അമ്മ എന്നെ പഠിപ്പിച്ചു.ഒപ്പം തന്നെ നോവലുകളും, കഥകളും എല്ലാം കക്കാട് ‘ദേശാഭിവർദ്ധിനി’ വായനശാലയിൽ നിന്നു കൊണ്ടു വന്നാണ് അമ്മ വലിയ ശബ്ദത്തിൽ വായിക്കുക.അതുകൊണ്ട് ചെറുപ്പത്തിൽ തന്നെ വായനയിൽ വലിയ താൽപര്യം വളർത്തിയത് അമ്മയാണ്.

നാലാം തരത്തിൽ പഠിക്കുന്ന സമയത്താണ് അച്ഛന്റെ വേർപാട്. അതൊരു വലിയൊരു നഷ്ടമായിരുന്നു. ജീവിതത്തിൽ ഒരു തണൽ മരം പെട്ടെന്ന് കടപുഴകിയതു പോലെയുള്ള അവസ്ഥ. അതോടെ വീട്ടിലെ വരുമാനം നിന്നു.ജീവിതത്തിന്റെ താളം തെറ്റി.

അമ്മ ആടിന്റെ പാൽ വിറ്റും അവിൽ ചുമന്നു കൊണ്ട് പോയി വിറ്റും ജീവിതം കഷ്ടിച്ചു മുന്നോട്ടു പോയി. അമ്മയുടെ പേര് യശോദ, ഞങ്ങൾ മൂന്ന് മക്കളും. ചേച്ചി കനകവല്ലി,അനുജൻ രാജേന്ദ്രൻ, ഞാനും അമ്മൂമ്മയും ചേർന്നതാണ് കുടുംബം.ചില ദിവസങളിൽ ഒരു നേരത്ത ആഹാരം മാത്രമാകും
ഭക്ഷണം. കഴിച്ചില്ലെങ്കിലും എല്ലാം സഹിക്കുവാൻ അമ്മ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു.

ഒരു ദിവസം രാത്രി ഭക്ഷണം മധുരക്കിഴങ് വേവിച്ചതായിരുന്നു . എല്ലാവർക്കും അതിന്റെ പങ്ക് നൽകി. അമ്മ പറഞ്ഞു പിന്നെ കഴിക്കാമെന്ന്. .

ഞാൻ കുറച്ചു കഴിഞ്ഞ് അകത്തു ചെന്നു നോക്കിയപ്പോൾ പാത്രത്തിൽ ഒന്നും ശേഷിക്കുന്നില്ലായിരുന്നു. എനിക്ക് വല്ലാത്ത വിഷമമായി അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല. അമ്മയുടെ കൂടെയാണ് കിടപ്പ് .അന്ന് രാത്രി അമ്മയും ഉറങ്ങിയില്ല. അന്നത്തെ രാത്രിയിൽ എന്റെ മനസ്സിൽ ചില തീരുമാനങ്ങൾ ഉണ്ടായി.

അടുത്ത ദിവസം നാട്ടിലെമുതിർന്ന പാർട്ടി സഖാക്കളുമായി ആലോചിച്ച് ഒരു തീരുമാനമെടുത്തു. ഇങ്ക്വിലാബ് വിളിയിൽ അണി ചേർന്നു നിന്ന, മർദ്ദനമേറ്റിട്ടും സമരപാതയിൽ നിന്ന് പിൻമാറാത്ത ആ സഖാക്കളുമായി അതിനകം ഞാൻ പരിചയത്തിലായിരുന്നു.അങ്ങനെ ജീവിതത്തിൽ നിവർന്നു നിൽക്കാൻ പഠിത്തത്തോടൊപ്പം ബീഡി തിരക്കാനും പോയി.

കാലത്ത് ബീഡി കമ്പനിയിൽ ചെന്ന് സഹായിക്കും. വൈകുന്നേരം വരെ വീണ്ടും ജോലി. അങ്ങനെ ആദ്യത്തെ വേതനം കിട്ടിയത് എട്ടണയായിരുന്നു.
അത് അമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ എന്നെ ചേർത്ത് പിടിച്ചു അമ്മ ഒരുപാട് കരഞ്ഞു.

കൊച്ചുന്നാളിൽ വിശപ്പിന്റെ രുചി അറിഞ്ഞത്  കൊണ്ട് പിന്നീടുള്ള പൊതു പ്രവർത്തനത്തിന് അത് വലിയ സഹായമായി.

ഭിന്നിപ്പ് പാർട്ടിയെ കണ്ണൂരിൽ വളരെ ദുർബലമാക്കിയിരുന്നു..കണ്ണൂരിൽ  നാമമാത്രമായ ആളുകൾമാത്രമാണ് സി പി ഐയിൽ ഉണ്ടായിരുന്നത്. 1965ൽ കൊററാളിയിൽ പുഴാതി പഞ്ചായത്തിലെ പാർട്ടി ജനറൽ ബോഡി ചേർന്നു സഖാവ് വെളിയം ഭാർഗ്ഗവനാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധിയായി എത്തിയത്. മനസ്സിന് തൃപ്തിയാകുന്ന വിശദീകരണം . രാഷ്ട്രീയത്തോടൊപ്പം വേദങ്ങളും  പുരാണങ്ങളും ചേർത്താണ് പ്രസംഗം. പ്രസംഗത്തിനു ശേഷം സദസ്യരുടെ സംശയം ചോദിക്കുവാനുള്ള സമയമനുവദിച്ചിരുന്നു.

വെളിയം ഭാർഗവൻ

എനിക്ക് ഒരു സംശയമുണ്ടായി. ചൈനയെ കുറിച്ചായിരുന്നു ,ചോദ്യം. വിശദമായി കാര്യങ്ങൾ പറയാൻ  അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചു മിനുട്ടു നേരം ഞാൻ സംസാരിച്ചു . അതു കേട്ട് സഖാക്കൾ കയ്യടിച്ചു. സഖാവ് വെളിയം എന്നെ അഭിനന്ദിച്ചു. അത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി. മാത്രമല്ല, എനിക്ക് ആ സംഭവത്തോടെ ഏത് വേദിയിലും ആരുടെ മുൻപിലും സംസാരിക്കാനുള്ള തന്റേടമായി.

പാർട്ടിയുടെ വലിയനേതാവും എംഎൽഎയുമായ വെളിയത്തിന്റെ മുന്നിൽ പ്രസംഗിച്ച എനിക്കു ആരുടെ മുന്നിലും തന്റേടത്തോടെ പ്രസംഗി ക്കാനുള്ള ഉൾക്കരുത്തായി മാറി ആ സംഭവം.

അന്നത്തെ ജീവിതം ഏറെ പ്രയാസങൾ നിറഞ്ഞതായിരുന്നു. ജീവിതം സ്കൂൾ പാത വിട്ട് സമര പാതയിലേക്ക് മാറി. പാർട്ടിയുടെ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടരിയായി പിന്നീട് പ്രമോഷനായി.

പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ഭക്ഷ്യ ധാന്യ വ്യാപാരം സർക്കാർ ഏറ്റെടുക്കണമെന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണുരിലെ സമരം കോട്ടച്ചേരിയുടെ വ്യാപാരകേന്ദ്രത്തിന് മുന്നിലായിരുന്നു.

ഞാൻ സമര വളണ്ടിയറല്ല.മുദ്രാവാക്യം വിളിക്കാനാണ് എന്നെ നിശ്ചയിച്ചത്.  പോലീസ് എന്നെയും അറസ്റ്റുചെയ്തു. അത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു.

പ്രായപൂർത്തിയാവാത്ത ഞാൻ 18 വയസായെന്ന് നുണ പറഞ്ഞു. നേതാക്കളുടെ കൂടെ ജയിലിലെത്തി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ വ്യവസായ മന്ത്രിയായിരുന്ന കെ പിഗോപാലൻ, കാന്തലോട്ട് കുഞ്ഞമ്പു തുടങ്ങിയ വലിയ നേതാക്കന്മാരുടെ കൂടെ രണ്ടാഴ്ചത്തെ ജയിൽവാസം വലിയ അനുഭവമായിരുന്നു. അവരോടൊപ്പമുള്ള ജയിൽ വാസം എൻ്റെ പിൽക്കാല ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചു. രാഷ്ട്രീയ പ്രവർത്തകരായത് കൊണ്ട് ഞങ്ങൾക്ക് ജയിലിൽ ഡ്യൂട്ടി  ഒന്നും ഇല്ലായിരുന്നു. അതു കൊണ്ട് ആ സന്ദർഭം പൂർണ്ണമായും പാർട്ടി ക്ളാസിന് വേണ്ടിയാണ് ഉപയോഗിച്ചത്.

ആ ദിവസങ്ങളിൽ കമ്മ്യൂണിസത്തിന്റെ ആധികാരികമായ ക്ലാസ് കിട്ടിയത് കൊണ്ടു പിന്നീടുള്ള കാലത്ത് ഏറെ പ്രയോജനപ്പെട്ടു.

ഇതിനിടയിൽ ഒരു സംഭവമുണ്ടായി. ഞാൻ ജയിലിലാണെന്ന വിവം പറയാൻ പാർട്ടി നേതാക്കൾ വീട്ടിൽ ചെന്നു. തീരെ പ്രായം കുറഞ്ഞ എന്നെ സമരത്തിൽ ഉൾപ്പെടുത്തിയതാണെന്ന സംശയം മനസ്സിൽ വെച്ചും അമ്മ വഴക്ക് പറയുമോയെന്ന  ആശങ്കയുമായാണ് അവർചെന്നത്.

എല്ലാം കേട്ടു അമ്മ പറഞ്ഞു: “അവൻ മോഷണത്തിനോ, മറ്റെന്തെങ്കിലും അനാശാസ്യത്തിനോ പോയതല്ലല്ലോ, ജനങ്ങൾക്ക് വേണ്ടി സമരം ചെയ്തിട്ടല്ലെ.ജയിലിൽ പോയത് ‘.
അതാണ് എന്റെ അമ്മ,

“ചുവപ്പിന്റെ വഴിയിൽ മനസ്സിനെ നയിക്കുന്ന നാട്ടും പുറത്തുകാരിയായ, പന്ന്യൻ യശോദ.”

Add a Comment

Your email address will not be published. Required fields are marked *